Prabodhanam Weekly

Pages

Search

2018 ജനുവരി 26

3036

1439 ജമാദുല്‍ അവ്വല്‍ 08

ഇടപഴക്കങ്ങള്‍, ബൈസാന്റിയന്‍ സാമ്രാജ്യവുമായി

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ്-41

മൂന്നു വന്‍കരകള്‍ സന്ധിക്കുന്നേടത്താണ് അറേബ്യന്‍ ഉപദ്വീപിന്റെ കിടപ്പ്. അതിനാല്‍ തന്നെ പ്രാചീന ലോക സമ്പദ്ഘടനയില്‍ അതിന് വലിയ പ്രാധാന്യം കല്‍പിക്കപ്പെട്ടിരുന്നു. യൂറോപ്പിനും വിദൂര കിഴക്കിനുമിടയില്‍ ഗുഡ്‌ഹോപ് മുനമ്പ് വഴി കപ്പല്‍പാത കണ്ടെത്തുന്നതിനു മുമ്പ്, അറേബ്യ വഴിക്കായിരുന്നു അന്താരാഷ്ട്ര ചരക്കു ഗതാഗതം നടന്നിരുന്നത്.1 ഇബ്‌നു ഹബീബിന്റെ2 വാക്കുകളില്‍, പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ തീരത്തുള്ള ദബാ തുറമുഖം അറേബ്യയിലെ വന്‍ പാണ്ടികശാലകളില്‍ (Warehouses) ഒന്നായിരുന്നു. എത്രത്തോളമെന്നാല്‍, 'സിന്ധിലെയും ഹിന്ദിലെയും ചൈനയിലെയും കിഴക്കിലെയും പടിഞ്ഞാറിലെയും ജനങ്ങള്‍ ഒരുപോലെ' ഇവിടെ നടക്കുന്ന വാര്‍ഷിക ചന്തയില്‍ പങ്കുകൊണ്ടിരുന്നു. വിദൂര നാടുകളിലേക്ക് അറബികള്‍ യാത്രചെയ്യാറുമുണ്ടായിരുന്നു. വ്യാപാരം അവരെ ഇന്ത്യയിലും ചൈനയിലും അബ്‌സീനിയയിലും ഈജിപ്തിലും, എന്തിന് അങ്കിറില്‍3 (Ancyre - ഇന്നത്തെ അങ്കാറ, തുര്‍ക്കി) വരെ കൊണ്ടെത്തിച്ചു.

മാത്രമല്ല മരുഭൂമികളിലെ ദുസ്സഹമായ കാലാവസ്ഥ പൗരാണിക കാലങ്ങളില്‍ പല അറബ് ജനവിഭാഗങ്ങളെയും ഫലഭൂയിഷ്ഠമായ മറ്റു നാടുകളിലേക്ക് കുടിയേറി അവ തങ്ങളുടെ കോളനികളാക്കി മാറ്റാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ഉദാഹരണം ത്വയ്യ് ഗോത്രം (ഇവര്‍ തെക്കന്‍ അറേബ്യയില്‍നിന്ന് വന്നവരാകണം). ഇറാനികള്‍ക്ക് അവരെക്കുറിച്ച് അറിയാമായിരുന്നു. ഇറാനികള്‍ അവരെ താസി(ത്വയ്യ് വംശത്തില്‍പെടുന്നവര്‍ എന്നര്‍ഥം) എന്നാണ് വിളിച്ചിരുന്നത്. മൊത്തം അറബ് ജനതയെ കുറിക്കാന്‍ പോലും അവര്‍ ഈ വാക്ക് പ്രയോഗിച്ചിരുന്നു. ആ വാക്ക് പിന്നെയും സഞ്ചരിച്ച് ചൈനയിലെത്തുകയും അത് താച്ചി (Ta-chi)  ആയി രൂപം മാറുകയും ചെയ്തു. അറേബ്യന്‍ നിവാസി എന്നായിരുന്നു ചൈനീസ് ഭാഷയില്‍ ആ വാക്കിന്റെ അര്‍ഥം.4 തിബത്തിലെ താച്ചിലാമ (Ta-chi lama) തന്റെ പദവിയെക്കുറിക്കുന്ന ഈ വാക്ക് സ്വീകരിച്ചിരിക്കുന്നത് ഒരു മലയുടെ പേരില്‍നിന്നാണ്. ചിലപ്പോള്‍ ത്വയ്യ് ഗോത്രവുമായി ഇതിന് ഏതോ തരത്തിലുള്ള ബന്ധമുണ്ടായിരിക്കണം.

അറേബ്യന്‍ ഉപദ്വീപിന്റെ പടിഞ്ഞാറന്‍ മേഖലയെക്കുറിച്ച് പറയുകയാണെങ്കില്‍, ക്രിസ്താബ്ദം ഒന്നാം നൂറ്റാണ്ടില്‍ സെന്റ് പോള്‍5 അയച്ച ഒരു കത്ത് നമുക്ക് ഇങ്ങനെ വായിക്കാം: 'ദമസ്‌കസില്‍, രാജാവായ അരിതസിന്റെ (Aretas) കീഴിലുള്ള ഗവര്‍ണര്‍ കോട്ടകെട്ടി ഈ നഗരം സംരക്ഷിച്ചുപോരുന്നു. അയാള്‍ക്ക് എന്നെ പിടികൂടണമെന്നുണ്ട്.' സെന്റ് പോള്‍ പറയുന്ന അരിതസ് എന്ന ഈ രാജാവ് അറബ് വംശജനായ ഹാരിസ് അല്ലാതെ മറ്റാരുമല്ല. സിറിയയിലെ അറബികളില്‍ ഹാരിസിനെപ്പോലുള്ള നിരവധി രാജാക്കന്മാരുണ്ടായിരുന്നു. റോമന്‍ സാമ്രാജ്യത്തിന്റെ ആശ്രിതനും റോമന്‍ ചക്രവര്‍ത്തിയുമായി കരാറിലൊപ്പിട്ടവനുമായ അറബ് ഗോത്രത്തലവന് പൊതുവായിപ്പറയുന്ന പേരായിപ്പോലും അരിതസ് മാറിക്കഴിഞ്ഞിരുന്നു.6 ഈ അറബികള്‍ക്ക് വടക്ക് അലപ്പോ7 വരെ സ്വന്തമായി ഭരണം കൈയാളുന്ന രാജവംശങ്ങള്‍ ഉണ്ടായിരുന്നു. ജൂത അധിനിവേശത്തെ നിരന്തരം ചെറുത്തുവന്ന അമാലിക്കുകളെ  (Amalecites) ഉന്മൂലനം ചെയ്യാന്‍ ജൂതന്മാര്‍ ഇറങ്ങിപ്പുറപ്പെട്ടതൊക്കെ ബൈബിള്‍ പഴയ നിയമത്തില്‍ പറയുന്നുണ്ടല്ലോ. ഈ അറബ് ഭരണ പ്രദേശങ്ങളെ ബൈസാന്റിയന്‍ സാമ്രാജ്യം പിടിച്ചെടുക്കുമായിരുന്നു; തങ്ങള്‍ക്ക് വിധേയപ്പെട്ട് ആശ്രിതരായി അവര്‍ കഴിഞ്ഞില്ലെങ്കില്‍.

ബൈസാന്റിയക്കാരും പേര്‍ഷ്യക്കാരും പരസ്പരം പോരടിക്കുന്ന സന്ദര്‍ഭമായിരുന്നു. എന്നാല്‍ ഇരു കൂട്ടരും, ഉപദ്വീപിന്റെ വടക്കേ അറ്റത്തുള്ള മേച്ചില്‍പുറങ്ങളിലേക്കും തടാകങ്ങളിലേക്കും വരുന്ന ബദവി ജനവിഭാഗങ്ങളെ തടയാന്‍ ശ്രമിക്കുമായിരുന്നു. ഈ നാടോടി വിഭാഗങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന കലാപങ്ങള്‍ തടയുന്നതിന് ഇടക്ക് മറ്റൊരു രാഷ്ട്രം സ്ഥാപിക്കുക  (Buffer State) എന്നതായിരുന്നു ഇരു സാമ്രാജ്യങ്ങളും സ്വീകരിച്ച തന്ത്രം. ബൈസാന്റികളുടെയും സാസാനികളുടെയും തെക്കന്‍ അതിര്‍ത്തികള്‍ മുഴുക്കെ ഇത്തരം ബഫര്‍ സ്റ്റേറ്റുകള്‍ ഉണ്ടായിരുന്നു. അറബ് സാമന്ത രാജാക്കന്മാരാണ് അവ ഭരിച്ചിരുന്നത്. ഇവരില്‍ ഹീറയിലെ8 ലഖ്മികളുടെ (മുന്‍ദിരികള്‍) സ്വയംഭരണാവകാശം ഇറാനികള്‍ അംഗീകരിച്ചിരുന്നു (ഇബ്‌റാഹീം നബിയുടെ ജന്മദേശമാണ് ഉര്‍. അന്ന് ഹീറ; ഇസ്‌ലാമിക കാലഘട്ടത്തില്‍ ഇത് കൂഫ എന്ന് അറിയപ്പെട്ടു). ദമസ്‌കസിലെ ഗസ്സാനികളുമായിട്ടാണ് ബൈസാന്റിയക്കാര്‍ക്ക് ഇത്തരത്തിലുള്ള ബന്ധങ്ങള്‍ ഉണ്ടായിരുന്നത്. ഗസ്സാനികള്‍ ക്രിസ്തുമതം സ്വീകരിക്കുകയും റോമക്കാരുമായി ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നെങ്കിലും ഒരു അര്‍ധ നാടോടി ഗോത്രം തന്നെയായി അവര്‍ നിലനിന്നു. എന്നാല്‍ ഇറാനിയന്‍ നിയന്ത്രണത്തിലുള്ള ലഖ്മികളുടെ അവസ്ഥ വ്യത്യസ്തമായിരുന്നു. ഇരു സാമ്രാജ്യങ്ങളുടെയും കൊളോണിയല്‍ നയങ്ങള്‍ വ്യത്യസ്തമായതുകൊണ്ടാവുമോ ഇങ്ങനെ സംഭവിച്ചത്? ഇരു സാമ്രാജ്യങ്ങളും, അഥവാ ഇറാനികളും റോമക്കാരും, തമ്മില്‍ യുദ്ധമുണ്ടാകുമ്പോള്‍ കൂലിപ്പട്ടാളക്കാരെ നല്‍കും ഈ രണ്ട് ആശ്രിത അറബ് രാജഭരണകൂടങ്ങളും. സാമ്രാജ്യ താല്‍പര്യങ്ങള്‍ക്കു വേണ്ടി നടക്കുന്ന യുദ്ധങ്ങളില്‍ ചത്തൊടുങ്ങാനായിരുന്നു ഇവരുടെ വിധി എന്നര്‍ഥം. ഇറാനിയന്‍ ചരിത്രം പറയുമ്പോള്‍ നാം ലഖ്മികളെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കും. ഈ അധ്യായത്തില്‍ ഗസ്സാനികളെക്കുറിച്ചാണ് വിശദീകരിക്കുന്നത്.

 

ഗസ്സാന്‍

ദുജ്ഉം ഗോത്രം ക്രി. ഒന്നാം നൂറ്റാണ്ടില്‍ സിറിയയില്‍ പാര്‍പ്പുറപ്പിച്ചപ്പോള്‍, ഗസ്സാനികള്‍ യമനിലായിരുന്നു. സബാ രാജഭരണം നിലനില്‍ക്കുന്ന മഅ്‌രിബ് ഭൂപ്രദേശത്ത്. മഅ്‌രിബിലെ പ്രശസ്തമായ അണക്കെട്ട് തകര്‍ന്നപ്പോള്‍ ചില ഗോത്രങ്ങള്‍ അവിടം വിട്ടു. അവരിലൊരു ഗോത്രം ഗസ്സാനികളുടേതായിരുന്നു. വളരെ നീണ്ട അലച്ചിലിനു ശേഷം അവര്‍ ഒടുവില്‍ എത്തിപ്പെട്ടത് സിറിയയില്‍. അവിടത്തെ പച്ചപ്പും ജലധാരകളുമെല്ലാം അവര്‍ക്ക് നന്നായി ഇഷ്ടമായി. എന്ത് വിലകൊടുത്തും അവിടെത്തന്നെ തങ്ങാന്‍ അവര്‍ തീരുമാനമെടുക്കുകയും ചെയ്തു. ഈ വിഷയകമായി ഇബ്‌നു ഹബീബ്9 നമുക്ക് ഒരുപാട് വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്നുണ്ട്. ദുജ്ഉം ഗോത്രക്കാരാണ് ഇവിടെ താമസിച്ചിരുന്നത് എന്ന് സൂചിപ്പിച്ചുവല്ലോ. ദുജ്ഉം ഗോത്രത്തലവന്മാര്‍ പുതുതായെത്തിയ ഗസ്സാനികളില്‍ ഓരോരുത്തരില്‍നിന്നും വര്‍ഷംതോറും ഒന്നോ ഒന്നരയോ രണ്ടോ ദീനാര്‍ (ഓരോരുത്തരുടെ കഴിവനുസരിച്ച്) ബൈസാന്റിയന്‍ ചക്രവര്‍ത്തിയുടെ പേരില്‍ ഈടാക്കിയിരുന്നു. കുറച്ച് കാലം ബൈസാന്റിയക്കാര്‍ ആ കരം കൊടുത്തുകൊണ്ടിരുന്നു. പിന്നെ തരില്ലെന്ന് പറഞ്ഞു. ഇരു വിഭാഗങ്ങളും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ആ യുദ്ധത്തില്‍ മുന്‍ മേലാളന്മാരായ ദുജ്ഉമുകള്‍ പൂര്‍ണമായി ഉന്മൂലനം ചെയ്യപ്പെട്ടു. ബൈസാന്റിയന്‍ ചക്രവര്‍ത്തി ദൈഖിയുസ് (ദസിയുസ്, Decius മരണം ക്രി. 251) വിവരമറിഞ്ഞപ്പോള്‍ അതുമായി പൊരുത്തപ്പെടുകയും ഈ സന്ദര്‍ഭം പുതിയ സഖ്യങ്ങള്‍ ഉണ്ടാക്കാനുള്ള അവസരമായി പ്രയോജനപ്പെടുത്തുകയും ചെയ്തു. ധീരശൂരരായ ഏറ്റവും വലിയ അറബി ഗോത്രത്തെ വളരെ എളുപ്പത്തില്‍ തകര്‍ത്തെറിഞ്ഞ യുദ്ധ വിജയത്തില്‍ ദൈഖിയുസ് ഗസ്സാനികളെ അഭിനന്ദിച്ചു. സഖ്യത്തിന് ക്ഷണിച്ചുകൊണ്ട് രാജാവ് ഇങ്ങനെ പറഞ്ഞു: 'ദുജ്ഉമുകളുടെ സ്ഥാനത്ത് ഞാന്‍ നിങ്ങളെ വെക്കുകയാണ്. ഏതെങ്കിലും അറബി ഗോത്രം നിങ്ങളെ ആക്രമിക്കാന്‍ വന്നാല്‍ 40,000 റോമന്‍ സൈന്യം നിങ്ങളെ സഹായിക്കാനെത്തുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളെ ഒരു അറബ് ഗോത്രം ആക്രമിച്ചാല്‍ 20,000 സൈനികരെ അയച്ച് നിങ്ങളും ഞങ്ങളെ സഹായിക്കണം. ഒരു ഉപാധിയുണ്ട്. ഇറാനികളുമായുള്ള ഞങ്ങളുടെ ഇടപാടുകളില്‍ നിങ്ങള്‍ നിഷ്പക്ഷത പുലര്‍ത്തണം.' ഗസ്സാന്‍ നേതാവ് സഅ്‌ലബ ഇത് അംഗീകരിച്ചു. ദൈഖിയുസ് അദ്ദേഹത്തിന് ഒരു രാജകിരീടം സമ്മാനിക്കുകയും ചെയ്തു.

ദി ഇസ്‌ലാമിക് എന്‍സൈക്ലോപീഡിയയുടെ വിവരണമനുസരിച്ച് (ഗസ്സാന്‍, മഅ്‌രിബ് ശീര്‍ഷകങ്ങള്‍), മഅ്‌രിബിലെ അണക്കെട്ട് തകര്‍ന്നത് അനസ്‌തേസിന്റെ (Anastase,, മരണം ക്രി. 518) ഭരണകാലത്താണെന്ന് കാണുന്നു. പക്ഷേ, അറബി സ്രോതസ്സുകള്‍ ദൈഖിയുസിനെ പരാമര്‍ശിക്കവെ ചൂണ്ടിക്കാട്ടുന്നത്, അണക്കെട്ടിന്റെ തകര്‍ച്ച ക്രി. ആറാം നൂറ്റാണ്ടില്‍ ആയിരുന്നില്ലെന്നും ക്രി. മൂന്നാം നൂറ്റാണ്ടില്‍ ആയിരുന്നുവെന്നുമാണ്. അതല്ലെങ്കില്‍ മൂന്നാം നൂറ്റാണ്ടില്‍ തകര്‍ന്ന ശേഷം കേടുപാടുകള്‍ തീര്‍ത്ത അണക്കെട്ട് ആറാം നൂറ്റാണ്ടില്‍ അനസ്‌തേസിന്റെ ഭരണകാലത്തും പൊളിഞ്ഞിട്ടുണ്ടാവണം.

ഗസ്സാനികള്‍, പക്ഷേ, ബൈസാന്റിയക്കാരുമായുള്ള കരാറനുസരിച്ച് യുദ്ധത്തില്‍ നിഷ്പക്ഷരായി നില്‍ക്കുകയല്ല ചെയ്തത്. മറിച്ച്, ഇറാനികളുമായുള്ള ഓരോ യുദ്ധത്തിലും അവര്‍ ബൈസാന്റിയക്കാര്‍ക്കൊപ്പം ചേര്‍ന്ന് പടപൊരുതി. ബൈസാന്റിയന്‍-ഇറാനിയന്‍ യുദ്ധങ്ങളില്‍ ജൂതന്മാരുടെ നീക്കങ്ങള്‍ പലപ്പോഴും രാജ്യദ്രോഹമായി സംശയിക്കപ്പെട്ടിരുന്നെങ്കിലും, വളരെ പ്രതികൂല കാലഘട്ടങ്ങളില്‍ പോലും ഗസ്സാനികളുടെ കൂറ് ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. ഗസ്സാനികളില്‍ പലരും ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു. ബൈസാന്റിയന്‍ സ്വാധീനം ഫലസ്ത്വീനിലും പരിസരങ്ങളിലും ഒതുങ്ങിനിന്നില്ല. വടക്കന്‍ അറേബ്യവരെ അവരുടെ മേധാവിത്വം അംഗീകരിച്ചു. മആന്‍, അദുറുഹ്, ജര്‍ബാഅ്, ഐലഃ, മഖ്‌ന, ദൂമതുല്‍ ജന്‍ദല്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ബൈസാന്റിയന്‍ സ്വാധീനം വ്യാപിച്ചു. അതുപോലെ കല്‍ബ്, തഗ്‌ലിബ്, ലഖം, ജുദാം, ഖൈന്‍, ബാലി, ബഹ്‌റ, ഖുദാഅ തുടങ്ങിയ ഗോത്രങ്ങളിലേക്കും. ഈ ഗോത്രങ്ങളെല്ലാം മുഅ്തഃ യുദ്ധത്തില്‍ ബൈസാന്റിയന്‍ സൈന്യത്തോടൊപ്പം പ്രവാചകനെതിരെ അണിചേര്‍ന്നവരാണ്. ഇതേക്കുറിച്ച് നാം പിന്നീട് പറയുന്നുണ്ട്. നൈസ്‌ഫോറസ് (Nicephorus)10 രേഖപ്പെടുത്തുന്നത്, ഈ ഗോത്രങ്ങളുടെ പിന്തുണ നേടാന്‍ ചക്രവര്‍ത്തി അവര്‍ക്ക് ഓരോ വര്‍ഷവും 30 പവന്‍ സ്വര്‍ണം നല്‍കിയിരുന്നുവെന്നാണ്. തിയോഡോറിറ്റസ് (Theodoritas)11 നമ്മോട് പറയുന്നത്, ബൈസാന്റിയന്‍ സാമ്രാജ്യത്തിന്റെ അങ്ങേയറ്റങ്ങളില്‍ റോമിന് വിധേയപ്പെട്ടിരുന്ന, എന്നാല്‍ റോമന്‍ നിയമങ്ങള്‍ ബാധകമല്ലാതിരുന്ന ജനവിഭാഗങ്ങള്‍ ഉണ്ടായിരുന്നുവെന്നും അത്തരം ജനവിഭാഗങ്ങളില്‍ നിരവധി ഇസ്മാഈലീ ഗോത്രങ്ങളും അഥവാ അറബികള്‍, ഉള്‍പ്പെട്ടിരുന്നു എന്നുമാണ്.

ഈ ഗോത്രങ്ങളില്‍ ഗസ്സാനികള്‍ക്ക് തന്നെയായിരുന്നു കൂടുതല്‍ ശക്തി. അറേബ്യ മുഴുക്കെ അവരുടെ ശക്തിയെ ഭയന്നിരുന്നു. ഗസ്സാനികള്‍ യുദ്ധത്തിനൊരുക്കങ്ങള്‍ -മദീനയെ ആക്രമിക്കാന്‍ കുതിരകളെ ലാടം തറച്ച് ഒരുക്കിനിര്‍ത്തല്‍- നടത്തുന്നുണ്ടെന്ന അഭ്യൂഹം പരന്നപ്പോഴേക്കും, പ്രവാചകന്റെ കാലത്തെ മുസ്‌ലിം സമൂഹത്തെപ്പോലും അത് വല്ലാതെ വേവലാതിപ്പെടുത്തിയിരുന്നു എന്ന ഇബ്‌നു സഅ്ദിന്റെ വിവരണം12 വായിക്കുമ്പോള്‍, അതിനാല്‍തന്നെ നമുക്ക് അമ്പരപ്പ് തോന്നുകയില്ല. മദീനയിലെ ഹസ്സാനുബ്‌നു സാബിത്, കഅ്ബുബ്‌നു മാലിക് തുടങ്ങിയ അറേബ്യന്‍ കവികള്‍ ഗസ്സാനി കൊട്ടാരങ്ങളിലെ സന്ദര്‍ശകരായിരുന്നു എന്ന വസ്തുതയും നമുക്ക് ആനുഷംഗികമായി ഓര്‍ക്കാം.

ക്രി. ഏഴാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ സിറിയ ഇറാനിയന്‍ അധിനിവേശത്തിന്റെ പിടിയിലമര്‍ന്നപ്പോള്‍ ഗസ്സാനികള്‍ക്ക് അവരുടെ മുഴുവന്‍ രാഷ്ട്രീയാധികാരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടാവണം. കാരണം അവരുടെ സ്വന്തം രാജഭരണത്തെയും ഇറാനികള്‍ തകര്‍ത്തിട്ടുണ്ടാവുമല്ലോ. അപ്പോഴും ഗസ്സാനികള്‍ ബൈസാന്റിയന്‍ ചക്രവര്‍ത്തി ഹെറാക്ലിയസിനു പിന്നില്‍ വളരെ വിശ്വസ്തതയോടെ ഉറച്ചുനിന്നു. അപ്പോഴദ്ദേഹം ഇറാനികള്‍ക്കെതിരെ പ്രത്യാക്രമണത്തിന് കോപ്പു കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ ക്രി. 627 ഡിസംബറില്‍ ബൈസാന്റിയക്കാര്‍ ഇറാനികളെ തോല്‍പ്പിച്ചു. ഇറാനികള്‍ക്ക് സിറിയയില്‍നിന്ന് പിന്‍വാങ്ങേണ്ടിവന്നു. തുടര്‍ന്ന് ഗസ്സാനികള്‍ തങ്ങളുടെ ദേശത്ത് തിരിച്ചെത്തുകയും നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കുകയും ചെയ്തു. കെയ്റ്റാനി13 പറയുന്നത്, ക്രി. 629-ല്‍ ബൈസാന്റിയന്‍ ചക്രവര്‍ത്തി ഗസ്സാനി തലവന് രാജപദവി തിരിച്ചുനല്‍കി എന്നാണ്. ഈ കിരീടധാരണം കേലവമൊരു ചടങ്ങ് മാത്രമായിരുന്നു. നേരത്തേ അവര്‍ തമ്മിലുണ്ടായിരുന്ന കരാര്‍ ഒന്നുകൂടി ഊട്ടിയുറപ്പിക്കുക മാത്രമാണത് ചെയ്തത്.

നിനിവയില്‍വെച്ച് ഇറാനികള്‍ തോല്‍പ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രവാചകന്‍ അയല്‍നാടുകളിലെ രാജാക്കന്മാരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് നിരവധി കത്തുകള്‍ അയക്കുകയുണ്ടായി. അവരില്‍ ഗസ്സാനി ഗോത്രനേതാവ് ഹാരിസു ബ്‌നു അബീശമിറും ഉള്‍പ്പെട്ടിരുന്നു. അദ്ദേഹത്തിന് അയച്ച കത്ത് ഇങ്ങനെ:

'കാരുണ്യവാനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍. അല്ലാഹുവിന്റെ പ്രവാചകന്‍ മുഹമ്മദില്‍നിന്ന് ഹാരിസുബ്‌നു അബീശമിറിന്.

സത്യമാര്‍ഗത്തില്‍ ചരിക്കുന്നവര്‍ക്കും ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്കും അത് തുറന്ന് പ്രഖ്യാപിക്കുന്നവര്‍ക്കും സമാധാനമുണ്ടാവട്ടെ. ഏകദൈവത്തിലേക്ക് ഞാന്‍ താങ്കളെ ക്ഷണിക്കുന്നു. ആ ദൈവത്തിന് ഒരു പങ്കാളിയും ഇല്ല. ഇത് സ്വീകരിക്കുന്ന പക്ഷം താങ്കളുടെ ഭരണം താങ്കളുടേതു തന്നെയായിരിക്കും.

(സീല്‍)14

മുഹമ്മദ് റസൂലുല്ലാഹ്

ഈ കത്തയച്ച തീയതി ഹിജ്‌റ വര്‍ഷം ആറ് (ക്രി. 628 തുടക്കത്തില്‍) എന്നാണ് ഇബ്‌നു സഅ്ദ്15 രേഖപ്പെടുത്തിയിരിക്കുന്നത്. ഇതൊരു വ്യക്തിപരമായ എഴുത്താണ്. അതിനാലാവണം ആര്‍ക്കാണോ കത്തെഴുതിയത്, അയാളുടെ പദവികളൊന്നും ചേര്‍ക്കാതിരുന്നത്. ബൈസാന്റിയന്‍ ചക്രവര്‍ത്തി ഗസ്സാനി തലവന്‍ കൂറുമാറുമോ എന്ന് സംശയിച്ച ഘട്ടത്തിലാവണം ഈ എഴുത്ത് വരുന്നത്. അയാളെ സ്വന്തം പക്ഷത്ത് ഉറപ്പിച്ചു നിര്‍ത്താന്‍ ചക്രവര്‍ത്തി പലതും വാഗ്ദാനം ചെയ്തിട്ടുമുണ്ടാവും. ക്രൈസ്തവ വിശ്വാസിയായ തന്നെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചത് ഗസ്സാനി തലവന് ഒട്ടും ഇഷ്ടമായില്ല. മദീന ആക്രമിക്കുമെന്നു വരെ അയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഒരു പക്ഷേ, ഈ പടയോട്ടത്തിനു വേണ്ട സഹായങ്ങളൊന്നും ചക്രവര്‍ത്തി ചെയ്തുകാണില്ല. മറ്റൊരു ഗസ്സാനി തലവനായ ശുറഹ്ബീലുബ്‌നു അംറ്16, പ്രവാചകന്റെ ദൂതനെ, ആ ദൂതന്‍ തന്റെ ഭരണപ്രദേശത്തുകൂടി കടന്നുപോകുമ്പോള്‍, കൊന്നുകളയുകയാണ് ചെയ്തത്. ബുസ്വ്‌റ (ഫലസ്ത്വീന്‍) ഗവര്‍ണര്‍ക്ക് ഒരു കത്തുമായി പോവുകയായിരുന്നു ആ ദൂതന്‍. അന്താരാഷ്ട്ര മര്യാദകളുടെ നഗ്നമായ ഈ ലംഘനം ഒരിക്കലും പൊറുപ്പിക്കാന്‍ കഴിയുമായിരുന്നില്ല. പ്രതികാരം ചോദിക്കാനായി പ്രവാചകന്‍ 3000 പടയാളികളടങ്ങുന്ന ഒരു സൈന്യത്തെ അയച്ചു. ശുറഹ്ബീലിന് കനത്ത സൈനിക സഹായം ചക്രവര്‍ത്തി എത്തിച്ചുകൊടുത്തില്ലായിരുന്നെങ്കില്‍ ഇതൊരു പ്രാദേശിക സംഭവമായി ചുരുങ്ങിയേനെ. ഇരു സൈന്യവും ഏറ്റുമുട്ടിയത് മുഅ്തയില്‍ വെച്ച് (അതെക്കുറിച്ച വിവരണം ഉടന്‍ വരുന്നുണ്ട്).

മറ്റൊരു ഗസ്സാനി പ്രമുഖനായ ജബലതുബ്‌നു ഐഹമിനും17 പ്രവാചകന്‍ കത്തെഴുതുകയുണ്ടായി. അതിന്റെ ഉള്ളടക്കം നമ്മുടെ ചരിത്ര സ്രോതസ്സുകളിലൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇബ്‌നു സഅ്‌ദോ യഅ്ഖൂബിയോ കത്തിന്റെ തീയതിയും കൊടുത്തുകാണുന്നില്ല. മറ്റു കത്തുകള്‍ അയച്ച സമയത്തു തന്നെയാകും അതും അയച്ചിട്ടുണ്ടാവുക. എന്തായിരുന്നാലും മറ്റു ഗസ്സാനി തലവന്മാര്‍ക്ക് അയച്ച കത്ത് പോലെത്തന്നെയായി ഇതിന്റെ ഗതിയും. ക്രിയാത്മക പ്രതികരണം എങ്ങുനിന്നുമുണ്ടായില്ല. ബുസ്വ്‌റ ഗവര്‍ണറെക്കുറിച്ചും നമുക്കൊന്നുമറിഞ്ഞുകൂടാ. ശുറഹ്ബീല്‍ വധിച്ചുകളഞ്ഞ ഹതഭാഗ്യനായ ഹാരിസുബ്‌നു ഉമൈര്‍ എന്ന പ്രവാചകദൂതന്റെ കൈവശമുണ്ടായിരുന്ന സന്ദേശമെന്തായിരുന്നു എന്നും വ്യക്തമല്ല. ഈ ബുസ്വ്‌റ ഗവര്‍ണര്‍ ഗസ്സാനിയായിരുന്നോ അതോ ഗ്രീക്ക് റോമനോ?

ഈ കത്തുകള്‍ സൂക്ഷ്മ പരിശോധന നടത്തിയാല്‍ ഗസ്സാനി തലവന്മാരായി പലരുണ്ടായിരുന്നുവെന്നും അവര്‍ തമ്മില്‍ ഐക്യമുണ്ടായിരുന്നില്ലെന്നും വ്യക്തമാവുന്നുണ്ട്. രാഷ്ട്രീയമായും ഭിന്നത നിലനിന്നിരുന്നു. മുഅ്ത പടയൊരുക്കം നടക്കുന്നത് ഹിജ്‌റ എട്ടാം വര്‍ഷമാണ്; തബൂക്ക് പടനീക്കം അടുത്ത വര്‍ഷവും. വിളവെടുപ്പു കാലമായതിനാല്‍ തബൂക്ക് പടനീക്കത്തില്‍ പങ്കെടുക്കാതെ മാറിനിന്ന ഏതാനും പേരെ- അവരില്‍ കവി കഅ്ബുബ്‌നു മാലികും ഉണ്ട്- നബി ശാസിക്കുകയും അവര്‍ക്ക് താല്‍ക്കാലിക ഭ്രഷ്ട് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നുവല്ലോ. ബൈസാന്റിയക്കാരേക്കാളേറെ ബൈസാന്റിയന്‍ സംസ്‌കാരം ആവാഹിച്ചവരായിരുന്നു ഗസ്സാനികള്‍. അവരുടെ നേതാവ് ഹാരിസ് പ്രവാചകന്റെ ഈ അച്ചടക്ക നടപടിയെക്കുറിച്ച് കേട്ടപ്പോള്‍, ആ വഴി പോകുന്ന ഒരു കച്ചവടക്കാരന്റെ കൈവശം കഅ്ബിന് കൊടുക്കാനായി ഒരു രഹസ്യ കത്ത് കൊടുത്തയച്ചു. 'നിങ്ങള്‍ സിറിയയിലേക്ക് വരൂ, നിങ്ങളെ അപമാനിക്കുകയും സമൂഹത്തില്‍നിന്ന് പുറത്താക്കുകയും ചെയ്ത മുഹമ്മദിനെതിരെ നമുക്ക് ഒന്നിച്ചു പോരാടാം' എന്നായിരുന്നു കത്തിലെ സന്ദേശം. കത്ത് കിട്ടിയ പാടെ കഅ്ബ് അത് തീയിലെറിഞ്ഞു.18

ഗസ്സാനികളെക്കുറിച്ച് ഏറ്റവും ഒടുവിലായി പറയാനുള്ളത്, ഹിജ്‌റ ഒമ്പതാം വര്‍ഷം അവരുടെ ഒരു മൂന്നംഗ പ്രതിനിധി സംഘം മദീനയില്‍ വന്ന് തങ്ങളുടെ ഇസ്‌ലാം സ്വീകരണം പ്രഖ്യാപിച്ചതാണ്. നമ്മുടെ ആധികാരിക ചരിത്രരേഖയായ ഇബ്‌നു സഅ്ദിന്റെ19 കൃതിയില്‍ ഇതില്‍ കൂടുതലൊന്നും ഗസ്സാനികളെക്കുറിച്ച് പറയുന്നില്ല.

 

ബൈസാന്റിയന്‍ ബന്ധങ്ങള്‍

വടക്കന്‍ അറേബ്യയില്‍ ബൈസാന്റിയക്കാര്‍ നേരിട്ട് ഭരണം നടത്തിയിരുന്നു. അബ്‌സീനിയ വഴി യമനില്‍ അവരുടെ പരോക്ഷ സ്വാധീനവുമുണ്ടായിരുന്നു. എന്നു മാത്രമല്ല മക്കക്ക് നേരിട്ടു തന്നെ ബൈസാന്റിയയുമായി ബന്ധങ്ങള്‍ ഉണ്ടായിരുന്നു. ലമന്‍സ് (ഘമാാലി)െ20 പറയുന്നത്, ഏലിയസ് ഗലസ് മുതല്‍ നിറോണ്‍ വരെയുള്ള ബൈസാന്റിയന്‍ ചക്രവര്‍ത്തിമാര്‍ മക്കയിലേക്ക് തങ്ങളുടെ അധികാരം വ്യാപിപ്പിക്കാനായി ശ്രമം നടത്തിയിരുന്നു എന്നാണ്. അറബ് സ്രോതസ്സുകളിലും അതേക്കുറിച്ച് സൂചനകളുണ്ട്. പ്രവാചകന്റെ പൂര്‍വികരിലൊരാളായ ഖുസ്വയ്യിന് മക്കയില്‍ അധികാരം പിടിക്കാന്‍ സഹായം നല്‍കിയത് റോമന്‍ ചക്രവര്‍ത്തി (തിയോഡോഷ്യസ് ഒന്നാമന്‍ - ക്രി. 379-395 ആയിരിക്കാനാണ് സാധ്യത)യായിരുന്നുവെന്ന് ഇബ്‌നു ഖുതൈബ21 എഴുതുന്നുണ്ട്. ഖുസ്വയ്യിന്റെ ബന്ധങ്ങള്‍ വടക്കന്‍ അറേബ്യയിലെ ഖുളാഅ ഗോത്രവുമായാണ്. ഈ ഗോത്രം ബൈസാന്റിയന്‍ ഭരണത്തിലാണ് ജീവിച്ചിരുന്നത്. ഇതുവഴി മക്കയെ തന്റെ സാമ്രാജ്യത്തോട് കൂട്ടിച്ചേര്‍ക്കാമെന്ന് ചക്രവര്‍ത്തി ആശിച്ചിട്ടുണ്ടാവും. ബൈസാന്റിയ-മക്ക ബന്ധങ്ങള്‍ പിന്നീട് കുറച്ചു കാലത്തേക്ക് സമാധാനപരമായിരുന്നു എന്ന് മനസ്സിലാക്കാം. കാരണം, അപ്പോഴേക്കും ഖുസ്വയ്യിന്റെ പൗത്രനായ ഹാശിം ഏകദേശം ക്രി. 467-ല്‍ ലിയോണ്‍ ദ ഗ്രേറ്റ് എന്ന ബൈസാന്റിയന്‍ ചക്രവര്‍ത്തിയില്‍നിന്ന് സിറിയന്‍-ഫലസ്ത്വീന്‍ പ്രദേശങ്ങളിലൂടെ തങ്ങളുടെ കച്ചവട സംഘങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള അനുമതിപത്രം സമ്പാദിച്ചിരുന്നു. ഹാശിമിനെ പരിചയപ്പെടുത്തിക്കൊണ്ട് അബ്‌സീനിയയിലെ നേഗസിനും ബൈസാന്റിയന്‍ ചക്രവര്‍ത്തി ഒരു കത്ത് നല്‍കിയിരുന്നു. മക്കന്‍ വ്യാപാര സംഘത്തിന് അബ്‌സീനിയ വഴി കടന്നുപോകുന്നതിനുള്ള അനുമതിപത്രത്തിനു വേണ്ടിയായിരുന്നു അത്.22

ബൈസാന്റിയന്‍ നിയമപ്രകാരം ആയുധങ്ങള്‍, സ്വര്‍ണം, വീഞ്ഞ്, എണ്ണ, ഇതുപോലുള്ള മറ്റു ചില വസ്തുക്കള്‍ ഇതൊന്നും അറേബ്യയിലേക്ക് കയറ്റിയയക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അറബ് കച്ചവടക്കാര്‍ വന്നാല്‍ തന്നെ ചില നിര്‍ണിത സ്ഥലങ്ങളില്‍ പോകാനേ അവര്‍ക്ക് അനുവാദമുള്ളൂ. മാത്രവുമല്ല അതിര്‍ത്തികളില്‍ കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയരാവുകയും വേണം.23 ജസ്റ്റീനിയന്‍ നിയമ24 പ്രകാരമുള്ള ഈ നിബന്ധനകള്‍ മുന്‍ ചക്രവര്‍ത്തിമാരും അനുവര്‍ത്തിച്ചിരുന്നു. ഇതിന് ചരിത്രപരമായ ചില കാരണങ്ങളും കണ്ടെത്താനാവും. ജസ്റ്റീനിയന്‍ അധികാരത്തില്‍ വരുന്നതിന് കുറച്ച് മുമ്പ്, തെക്കന്‍ അറേബ്യയിലെ കന്‍ദയിലുള്ള രാജാവിന്റെ നേതൃത്വത്തിലുള്ള അറബികളുമായി ഒരു സമാധാനക്കരാറിലേര്‍പ്പെടാന്‍ ബൈസാന്റിയന്‍ ചക്രവര്‍ത്തി അനസ്തസെ നിര്‍ബന്ധിതനാവുകയുണ്ടായി. ഈ 'കലാപകാരികളുടെ നേതാവി'നെ ഫിനീഷ്യയും ഫലസ്ത്വീനും മറ്റും ഭരിക്കുന്ന 'സിറിയന്‍ അരിത്താസ്' (വൈസ്രോയി) ആയി നിയോഗിക്കേണ്ടതായും വന്നു.25

മക്കയില്‍ ആഢ്യ കുടുംബത്തില്‍ പിറന്ന ഉസ്മാനുബ്‌നു ഹുവൈരിസ്26 എന്നൊരാളുമായി ബന്ധപ്പെട്ട ഒരു സംഭവം നമുക്കിവിടെ ഓര്‍ക്കാം. മക്കക്കാരനായ ഈ സാഹസികന്‍ ദമസ്‌കസില്‍ ചെന്ന് ഗസ്സാനി രാജാവിനെ സന്ദര്‍ശിക്കുകയും ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന്, മക്കയിലെ രാജാവായി തന്നെ വാഴിക്കണമെന്ന് അഭ്യര്‍ഥിച്ചു. ഗസ്സാനി രാജാവ് ആദ്യം സമ്മതിച്ചെങ്കിലും മക്കക്കാര്‍ പ്രതിഷേധവുമായി ഇറങ്ങിയപ്പോള്‍ തീരുമാനം മാറ്റി. അങ്ങനെ ഉസ്മാന്‍ നേരെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് പോവുകയും ബൈസാന്റിയന്‍ ചക്രവര്‍ത്തിയുടെ സമ്മതം തരപ്പെടുത്തുകയും ചെയ്തു. പക്ഷേ, ദമസ്‌കസില്‍ വെച്ച് ഉസ്മാന്‍ മരണപ്പെടുകയായിരുന്നു. അസൂയ മൂത്ത് ഗസ്സാനി രാജാവ് ഉസ്മാന് വിഷം കൊടുത്തതാണെന്നും റിപ്പോര്‍ട്ടുണ്ട്. ഉസ്മാന്‍ നല്‍കിയ വിവരണത്തില്‍, കോണ്‍സ്റ്റാന്റിനോപ്പിളില്‍ ഔദ്യോഗികമായി തന്നെ അറബി പരിഭാഷകരെ ഏര്‍പ്പെടുത്തിയിരുന്നുവെന്നും ഗ്രീക്ക് കുട്ടികളെ പഠിപ്പിക്കുന്ന അറബി അധ്യാപകര്‍ അവിടെ ഉണ്ടായിരുന്നുവെന്നും രേഖപ്പെടുത്തുന്നു (കൂടുതല്‍ വിവരങ്ങള്‍ക്ക് 'ജേണല്‍ ഓഫ് പാകിസ്താന്‍ ഹിസ്റ്റോറിക്കല്‍ സൊസൈറ്റി'യില്‍ പ്രസിദ്ധീകരിച്ച എന്റെ Two Christians of Pre-Islamic Mecca എന്ന പ്രബന്ധം -1985, VI/2, പേ: 97-103- കാണുക).

തന്റെ ചെറുപ്പകാലത്ത് മുഹമ്മദ് നബിയും സിറിയയില്‍ പോയിട്ടുണ്ട്. പ്രവാചകനിലേക്ക് ചേര്‍ക്കപ്പെടുന്ന ഒരു വചനത്തില്‍, അദ്ദേഹം അവിടത്തെ മുഷ്‌കന്മാരായ നികുതിപ്പിരിവുകാര്‍ നരകത്തിന്റെ അടിത്തട്ടിലായിരിക്കുമെന്ന് അധിക്ഷേപിച്ചിട്ടുണ്ട്.27 ബൈസാന്റിയന്‍ അതിര്‍ത്തിയില്‍ തനിക്കുണ്ടായ അനുഭവങ്ങളാകാം അദ്ദേഹം അയവിറക്കിയിട്ടുണ്ടാവുക. എങ്കിലും പ്രവാചകന് ബൈസാന്റിയയോട് മൃദുസമീപനമായിരുന്നു. ഖുര്‍ആന്‍ റോമിനോട് കാണിക്കുന്ന അനുകമ്പയില്‍നിന്ന് അത് വ്യക്തവുമാണ്.28 പേര്‍ഷ്യക്കാരാല്‍ തോല്‍പ്പിക്കപ്പെട്ട റോമക്കാര്‍ 'പത്തു വര്‍ഷത്തിനകം' തിരിച്ചുവരുമെന്നായിരുന്നു ഖുര്‍ആന്റെ പ്രവചനം. നിനിവ യുദ്ധത്തിലാണ് റോമക്കാരുടെ തിരിച്ചുവരവ് നാം കാണുന്നത്. ഈ യുദ്ധവിജയത്തിന് ഒരു മാസം കഴിഞ്ഞ്, അഥവാ ഹുദൈബിയ സന്ധിയുടെ തൊട്ടുടനെ പ്രവാചകന്‍ ഒരുപാട് കത്തുകള്‍ എഴുതുന്നുണ്ട്. അവയിലൊരെണ്ണം ഹെറാക്ലിയസിനുള്ളതായിരുന്നു. അത് ഇപ്രകാരമായിരുന്നു:

'കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.

ദൈവദൂതനും അവന്റെ അടിമയുമായ മുഹമ്മദ് റോമക്കാരുടെ തലവന്‍ ഹെറാക്ലിയസിന് എഴുതുന്നത്-

സത്യപാതയില്‍ ചരിക്കുന്നവര്‍ക്ക് സമാധാനമുണ്ടാവട്ടെ. ഞാന്‍ താങ്കളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നു. ഇസ്‌ലാമിന് വഴിപ്പെടുന്ന പക്ഷം താങ്കള്‍ക്കത് രക്ഷയായിത്തീരും. ദൈവത്തിന് വഴിപ്പെടൂ, ഇരട്ട നേട്ടങ്ങള്‍ കൈവരിക്കാം. താങ്കള്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം, താങ്കളുടെ പ്രജകളുടെ പാപഭാരം താങ്കളാണ് വഹിക്കേണ്ടി വരിക.

ഓ വേദക്കാരേ, നിങ്ങള്‍ക്കും നമുക്കുമിടയിലെ ഒരു പൊതുവാക്യത്തിലേക്ക് വരിക. ദൈവത്തെ മാത്രം ആരാധിക്കലും അവന് ഒരാളെയും പങ്കുകാരനാക്കാതിരിക്കലുമാണത്. യഥാര്‍ഥ ദൈവത്തെയല്ലാതെ മറ്റൊരാളെയും നാം നാഥനായി സ്വീകരിക്കരുത്. ഇനിയവര്‍ പിന്തിരിയുന്ന പക്ഷം അവരോട് പറഞ്ഞേക്കുക. ഞാന്‍ ദൈവത്തിന് വഴിപ്പെട്ടിരിക്കുന്നു എന്നതിന് നിങ്ങള്‍ സാക്ഷികളാവുക.'

(സീല്‍)29

മുഹമ്മദ് റസൂലുല്ലാഹ്

നബിയുടെ ഈ കത്തുമായി പോയത് ദിയാഅ് കല്‍ബി എന്നൊരാളാണ്. കത്ത് ബുസ്വ്‌റ (ഫലസ്ത്വീന്‍)യിലെ ഗവര്‍ണര്‍ക്ക് കൈമാറാനാണ് നിര്‍ദേശിച്ചിരുന്നത്. അദ്ദേഹമാണ് ജറൂസലമിലേക്ക് പോകുന്ന ചക്രവര്‍ത്തിക്ക് കത്ത് എത്തിക്കുക. പ്രവാചകന്റെ സന്ദേശ വാഹകനെ ചക്രവര്‍ത്തി നന്നായി സ്വീകരിച്ചെങ്കിലും കത്ത് കൊണ്ട് മറ്റു പ്രയോജനങ്ങളൊന്നുമുണ്ടായില്ല. സൊനാറസ് ഒഴികെയുള്ള ബൈസാന്റിയന്‍ ചരിത്രകാരന്മാരൊന്നും തന്നെ ഇതൊരു പരാമര്‍ശിക്കേണ്ട സംഭവമായിപ്പോലും കാണുകയുണ്ടായില്ല. ഇബ്‌നുല്‍ ജൗസിയുടെ വിവരണത്തില്‍ (വഫാഅ് പേ: 226-7), ഏലായ(ജറൂസലം)യില്‍ വെച്ച് ഹെറാക്ലിയസ് പ്രവാചകന്റെ പ്രതിനിധിയെ നേരിട്ട് സ്വീകരിച്ചുവെന്ന് പറയുന്നുണ്ട്. ചക്രവര്‍ത്തിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: 'ഞാന്‍ ക്രിസ്തുമതം വിട്ടുപോകുന്നത് ഇത്ര കടുപ്പത്തില്‍ എന്റെ സമൂഹം എതിര്‍ത്തില്ലായിരുന്നില്ലെങ്കില്‍ ഞാന്‍ ഇസ്‌ലാം സ്വീകരിച്ചേനെ.'

(തുടരും)

 

കുറിപ്പുകള്‍

1. Heyd, Histoire du Commerce du Levant 1,25

2. മുഹബ്ബര്‍, പേ: 265

3. ഇബ്‌നു സഅ്ദ് 1/i പേ: 43

4. Bretschneider - Knowledge possessed by th Ancient Chinese of tha Arabsപേ: 6

5. ബൈബിള്‍, പുതിയ നിയമം,  II Cor. XI, 32

6. Desvegers - Arabie, പേ: 88

7. Encyclopaedia of Islam, S.V Sha'in

8. മസ്ഊദി - തന്‍ബീഹ് പേ- 186, Noldeke- La perse ancienne, പേ: 160

9. മുഹബ്ബര്‍ പേ: 370-72

10. De rebus post Mauricium gestis പേ: 27

11. Quoted by Nellino, Raccolta di seritti, IV  88

12. ഇബ്‌നു സഅ്ദ്, VIII, 132

13. Caetani, Annali  7:80

14. എന്റെ വസാഇഖ് - No: 37

15. ഇബ്‌നു സഅ്ദ് I/ii പേ: 17

16. ഇബ്‌നു അബ്ദില്‍ ബര്‍റ് - ഇസ്തീആബ് No: 457

17. എന്റെ വസാഇഖ് No: 3839, സുെഹെലി II, 3578

18. ഇബ്‌നു ഹിശാം പേ: 911, ത്വബരി - തഫ്‌സീര്‍, XI, 38 (9/118 സൂക്തത്തെക്കുറിച്ച്)

19. ഇബ്‌നു സഅ്ദ് I/ii പേ: 71-2

20. Lammens, La Mecque a la Veille de L' Hegire, പേ: 239,243

21. ഇബ്‌നു ഖുതൈബ - മആരിഫ് പേ: 313

22. അതേ പുസ്തകം, അബ്‌സീനിയ എന്ന അധ്യായം

23. Gcilerbock quoted by Lammens, La Mecque a la veille de L' Hegire പേ: 129-30

24. Justinien, Code, IV: 41

25. Olinder, Kings of Kinda of the Family of Akil al-Murar, പേ: 52-3

26. സുഹൈലി ക, 145, ഇബ്‌നു ഹബീബ് - മുഹമ്മഖ്, പേ: 178-185, മുസ്വ്അബ് - നസബു ഖുറൈശ്, പേ: 209-10

27. അബൂഉബൈദ് - അംവാല്‍, പേ: 1624-32

28. ഖുര്‍ആന്‍ 30/2-6. ഇബ്‌നു കസീര്‍ ഈ സൂക്തങ്ങള്‍ക്ക് നല്‍കിയ വ്യാഖ്യാനം കാണുക. ഈ പ്രവചനത്തെക്കുറിച്ച് അബൂബക്ര്‍ സിദ്ദീഖ് മക്കയിലെ തന്റെ ആദര്‍ശ പ്രതിയോഗികളുമായി പന്തയം വെച്ചിരുന്നുവെന്നും പത്ത് വര്‍ഷമാകുന്നതിനു മുമ്പ് പ്രവചനം പുലര്‍ന്നുവെന്നും അദ്ദേഹം എഴുതുന്നുണ്ട്.

29. എന്റെ വസാഇഖ് No: 26

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (67-75)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ!
കെ.സി ജലീല്‍ പുളിക്കല്‍