Prabodhanam Weekly

Pages

Search

2018 ജൂണ്‍ 29

3057

1439 ശവ്വാല്‍ 14

അഅ്‌സംഗഢ് ചരിത്രത്തില്‍ കണ്ടതല്ല വര്‍ത്തമാനത്തില്‍ കേള്‍ക്കുന്നത്

സബാഹ് ആലുവ

തന്നിലൂടെ തന്റെ നാടും അറിയപ്പെടണമെന്ന് ആഗ്രഹിക്കാത്തവര്‍ കുറവാണ്. അതൊരു വികാരമായി കൊണ്ടുനടക്കുന്നതില്‍ അവരനുഭവിക്കുന്ന നിര്‍വൃതി ഒന്നു വേറെത്തന്നെ. പക്ഷേ ഇന്ന് ഉത്തരേന്ത്യയിലെ ചില സ്ഥലപ്പേരുകള്‍ ഉരുവിടുന്നതുപോലും സൂക്ഷിച്ചുവേണം. സ്വന്തം നാടിന്റെ പേര് മറച്ചു വെച്ച് ഞാന്‍ ആ നാട്ടുകാരനല്ല എന്ന് പറയുന്ന എത്രയോ അനുഭവങ്ങള്‍! ഭീകരതയുടെ മുദ്ര പലപ്പോഴും ഒരു പ്രദേശത്തിനു മേല്‍ മൊത്തമായി പതിപ്പിക്കാറു് ഇന്ത്യയില്‍ണ്ടണ്ടണ്ട. മുസ്‌ലിംകളും ഹിന്ദു മതസ്ഥരും തിങ്ങിപ്പാര്‍ക്കുന്ന ഉത്തര്‍പ്രദേശിലെ  അഅ്‌സംഗഢ് അത്തരം പ്രദേശങ്ങളിലൊന്നാണ്. ഉര്‍ദു ഭാഷയില്‍ ആ പേര് അര്‍ഥസമ്പന്നമാണെങ്കിലും മാറിമാറി വരുന്ന ഇന്ത്യയിലെ ഭരണവര്‍ഗങ്ങള്‍ അതിനെ 'ഭീകരതയുടെ വളര്‍ത്തു കേന്ദ്ര' (Terror Nursery) മായി ചിത്രീകരിക്കുന്നു. ഉത്തര്‍പ്രദേശിലെ എണ്‍പത്തിയാറ് ശതമാനം ജനങ്ങളും താമസിക്കുന്നത് ഗ്രാമങ്ങളിലാണ്. കൃഷിയും ചെറുകിട വ്യവസായവും ഉപജീവനമാക്കിയ അവരില്‍ നല്ലൊരു വിഭാഗം നിരക്ഷരരും ചെയ്യുന്ന തൊഴിലിനനുസരിച്ചുള്ള വേതനം ലഭിക്കാത്തവരുമാണ്.   

2010-11 കാലയളവില്‍ ശാന്തപുരത്ത് പഠിക്കുന്ന സന്ദര്‍ഭത്തിലാണ് ഇന്ത്യയുടെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയത്. ശക്തമായ ചൂടിനെ അതിജീവിച്ചുള്ള ആ യാത്രയുടെ മാധുര്യം ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷവും ദല്‍ഹിയില്‍ നില്‍ക്കുമ്പോള്‍ കുറേയൊക്കെ അയവിറക്കാന്‍ കഴിയുന്നുണ്ട്. ആറു പ്രധാന സ്ഥലങ്ങള്‍ അന്ന് സന്ദര്‍ശിച്ചിരുന്നു. അതിലൊന്നാണ് അഅ്‌സംഗഢ്. ഭരണവര്‍ഗത്തിന്റെ  വികസന മാതൃകകളാല്‍ 'കളങ്കപ്പെ'ടാത്ത ഇന്ത്യയിലെ എണ്ണമറ്റ പ്രദേശങ്ങളിലൊന്ന്.

അഅ്‌സംഗഢ് ഇപ്പോഴും പഴയതുപോലെ തന്നെ. ദല്‍ഹിയില്‍നിന്ന് അഅ്‌സംഗഢിനെ വായിക്കാന്‍ ശ്രമിച്ചാല്‍ ചിലതെല്ലാം മറ നീക്കി പുറത്തു വരും. ഇന്ന് ദല്‍ഹിക്കോ മറ്റു സ്ഥലങ്ങളിലേക്കോ പഠനാവശ്യാര്‍ഥമോ ജോലി സംബന്ധമായോ വണ്ടി കയറുന്നവര്‍ക്ക് വാടകക്ക് പോലും താമസ സൗകര്യം ലഭിക്കാത്തത് പണത്തിന്റെ കുറവുകൊണ്ടല്ല എന്നത് നമ്മെ ചെറുതായൊന്നുമല്ല ഭയപ്പെടുത്തുന്നത്. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിക്കുന്നത് അഅ്‌സംഗഢില്‍നിന്നുള്ള വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരുമാണ്. ഇത്രയേറെ മാറ്റി നിര്‍ത്തി  വിചാരണ ചെയ്യാന്‍ മാത്രം അഅ്‌സംഗഢ് എന്തു പിഴച്ചു! 

'അസ്മി' എന്ന വിശേഷണം സ്വന്തം പേരിനൊപ്പം പറഞ്ഞു പഠിച്ച അഅ്‌സംഗഢ് നിവാസികള്‍ക്ക്  സ്വന്തം പേര് പോലും പറയാന്‍ ഇന്ന് ഭയമാണ്. പ്രശസ്ത അഭിനേത്രി ശബ്‌നാ അസ്മി, ഉര്‍ദു കവികളിലെ ഭീഷ്മാചാര്യനായി അറിയപ്പെടുന്ന കൈഫി അസ്മി... അങ്ങനെ ഒട്ടനവധി പ്രമുഖര്‍  പേരിനൊപ്പം ചേര്‍ത്ത ആ നാടിനെ ഹാജി മസ്താന്‍, ദാവൂദ് ഇബ്‌റാഹീം, അബു സലീം തുടങ്ങിയവരിലേക്ക് ചേര്‍ത്തുവെച്ച് വായിക്കാനാണ് ഭരണകൂടങ്ങള്‍ക്ക് താല്‍പര്യം. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയാണ്: ''യു.പിയെ ഗുജറാത്താക്കി മാറ്റും. അതിന്റെ  തുടക്കം അഅ്‌സംഗഢില്‍നിന്നായിരിക്കും'' (യുപി ഭി ഗുജറാത്ത് ബനേഗാ, അഅ്‌സംഗഢ് സെ ശുറുവാത്ത് കരേഗാ).

ദല്‍ഹിയിലെ ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ ജോലിയായിരുന്നു ഓഖ്‌ലയിലെ അബുല്‍ ഫസല്‍ എന്‍ക്ലേവില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന ഷാരിക് അസ്മിക്ക്. കമ്പനി അദ്ദേഹത്തിനു ചണ്ഡീഗഢിലേക്ക് സ്ഥലംമാറ്റം നല്‍കിയപ്പോള്‍ ഇത്രയൊന്നും അദ്ദേഹവും കുടുംബവും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. തനിക്കും കുടുംബത്തിനും ചണ്ഡീഗഢില്‍  വാടകക്ക് സ്ഥലം ലഭിക്കാതെ വന്നപ്പോള്‍ ജോലി ഉപേക്ഷിച്ച് പഴയ സ്ഥലത്തേക്ക് തിരിച്ചു വന്ന ഷാരിക് ഇന്ന് സ്വന്തമായി ബിസിനസ് നടത്തുന്നു. തന്റെ പേരിനൊപ്പമുള്ള 'അസ്മി' പട്ടം ആരെയൊക്കെയോ അലോസരപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം നിറകണ്ണുകളോടെ  പറഞ്ഞു. സര്‍ക്കാര്‍ ജോലിയാണെങ്കിലും പാസ്‌പോര്‍ട്ട് അപേക്ഷകളാണെങ്കിലും വലിയ വെല്ലുവിളികളാണ് ഈ പ്രദേശത്തുകാര്‍ക്ക് അനുഭവിക്കേണ്ടിവരുന്നത്. 

ദല്‍ഹിയിലോ പരിസര പ്രദേശങ്ങളിലോ പഠിക്കുന്ന അഅ്‌സംഗഢ് വിദ്യാര്‍ഥികള്‍ തങ്ങളുടെ നാട്ടില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജോലിയാവശ്യാര്‍ഥം മറ്റിടങ്ങളില്‍ കാണിക്കുന്നതിന് മടി കാണിക്കുന്നു. കേരളത്തെ പോലെ ഗള്‍ഫ് പ്രവാസത്തിന്റെ പച്ചപ്പ് പ്രകടമാണ്് അഅ്‌സംഗഢില്‍. മുസ്‌ലിം കുടുംബങ്ങളില്‍ നല്ലൊരു വിഭാഗം ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത് കൊണ്ട് തന്നെ അവരുടെ സാമ്പത്തിക സ്രോതസ്സ് തകര്‍ക്കുക എന്നത് കൂടി ഭരണകൂടത്തിന്റെ  ലക്ഷ്യമാണ്.

ഒരു കൂട്ടം ഇസ്‌ലാമിക പണ്ഡിതന്മാരെ സംഭാവന ചെയ്ത അഅ്‌സംഗഢ് ഇന്ത്യയിലെ വൈജ്ഞാനിക മേഖലക്ക് നല്‍കിയ സംഭാവനകള്‍ തിട്ടപ്പെടുത്താന്‍ കഴിയുന്നതല്ല. യഥാര്‍ഥത്തില്‍ അസ്മി എന്നത് ഒരു നാടിന്റെ കേവല നാമമല്ല. ഇന്ത്യയില്‍ അറിയപ്പെട്ട പണ്ഡിതന്മാര്‍, കവികള്‍, സ്വാതന്ത്ര്യ സമര സേനാനികള്‍, പ്രശസ്തമായ മത സ്ഥപനങ്ങള്‍ തുടങ്ങിയ പലതും അഅ്‌സംഗഢിനെ  മറ്റു പ്രദേശങ്ങളില്‍നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്നു.

അഅ്‌സംഗഢ് എന്ന ചെറിയ പ്രദേശത്തെ വൈജ്ഞാനിക മേഖലയിലേക്ക് കൈപ്പിടിച്ചുയര്‍ത്തിയ ഇന്ത്യയിലെ മുസ്‌ലിം ചിന്തകരില്‍ മുന്‍പന്തിയിലായിരിക്കും അല്ലാമാ ശിബ്‌ലി നുഅ്മാനി. 1857-ലെ കലാപ കാലത്താണ് ശിബ്‌ലിയുടെ ജനനം. ഇന്ത്യയിലെ മുസ്‌ലിംകള്‍ സ്വാതന്ത്ര്യ സമരത്തിന് എന്ത് നല്‍കി എന്ന ചോദ്യത്തിനുള്ള ഉത്തരം അല്ലാമാ ശിബ്‌ലി നുഅ്മാനിയുടെ ജീവിതം പഠിച്ചാല്‍ ഏതൊരാള്‍ക്കും മനസ്സിലാക്കാം. സര്‍ സയ്യിദ് അഹ്മദ് ഖാനുമായുള്ള അടുപ്പം ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ശിബ്‌ലിയുടെ പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുന്നു. 1913-ല്‍ കാണ്‍പൂരിലെ പള്ളി കത്തിച്ച ബ്രിട്ടീഷ് സാമ്രാജ്യത്തെ തന്റെ തൂലികയിലൂടെ കടുത്ത ഭാഷയിലാണ് ശിബ്‌ലി വിമര്‍ശിച്ചത്. 1883-ല്‍ അഅ്‌സംഗഢില്‍ സ്ഥാപിക്കപ്പെട്ട ശിബ്‌ലി നാഷ്‌നല്‍ കോളേജ്, ഒപ്പം ആരംഭിച്ച ദാറുല്‍ മുസന്നിഫീന്‍ (House of Writers) തുടങ്ങിയവ ശിബ്‌ലി നുഅ്മാനിയുടെ നിത്യ സ്മരണകളാണ്. അറബി, പേര്‍ഷ്യന്‍, തുര്‍കിഷ്, ഉര്‍ദു ഭാഷകളിലുണ്ടായ പ്രാവീണ്യം തന്റെ തൂലികയിലൂടെ തലമുറക്ക് കൈമാറുന്നതില്‍ അദ്ദേഹം വിജയിച്ചു. അലീഗഢില്‍ അധ്യാപനം ആരംഭിച്ച ശിബ്‌ലി, സര്‍ സയ്യിദ് അഹ്മദ് ഖാന്റെ സ്‌നേഹിതനും ബ്രിട്ടീഷ് അക്കാദമീഷ്യനുമായ തോമസ് ആര്‍നോള്‍ഡുമായി സൗഹൃദത്തിലായി. 1892-ല്‍ സിറിയ, ഈജിപ്ത്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ അദ്ദേഹത്തോടൊപ്പം ചെയ്ത യാത്രകള്‍ ശിബ്‌ലി നുഅ്മാനിയുടെ ആശയങ്ങളെ വലിയൊരളവോളം സ്വാധീനിച്ചു. പിന്നീട് അദ്ദേഹംSafarnamah-e- Rum-o Misr-o Sham (1893) എന്ന യാത്രാ വിവരണ ഗ്രന്ഥം രചിക്കുകയും ചെയ്തു. 1914 നവംബറില്‍ ശിബ്‌ലി ഈ ലോകത്തോട് വിട പറഞ്ഞു.  

എടുത്തു പറയേണ്ട ഇസ്‌ലാമിക വ്യക്തിത്വങ്ങളില്‍ മറ്റൊരാളാണ് ഹമീദുദ്ദീന്‍ ഫറാഹി. 1886-ല്‍ അഅ്‌സംഗഢില്‍ ജനിച്ച ഹമീദുദ്ദീന്‍ തന്റെ ധിഷണ കൊണ്ട് ഏവരെയും അതിശയിപ്പിച്ചു. ഖുര്‍ആനിന്റെ ആത്മാവിലേക്കിറങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. അറബി, ഉര്‍ദു, പേര്‍ഷ്യന്‍, ഹീബ്രു, ഇംഗ്ലീഷ് ഭാഷകളില്‍ അദ്ദേഹം എഴുതിയ ഗ്രന്ഥങ്ങള്‍ ഇന്ത്യയിലെ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയെ ചെറുതായൊന്നുമല്ല സ്വാധീനിച്ചത്. ഗവേഷണങ്ങള്‍ അധികവും ഖുര്‍ആനിക വിഷയങ്ങളിലായതുകൊണ്ട് ഫറാഹിയുടെ ഗ്രന്ഥ ശേഖരങ്ങള്‍ക്ക് എല്ലാ കാലത്തും വന്‍ സ്വീകാര്യത ലഭിച്ചു. മുഫ്‌റദാതുല്‍ ഖുര്‍ആന്‍, നിസാമുല്‍ ഖുര്‍ആന്‍, അസാലീബുല്‍ ഖുര്‍ആന്‍, ജംഹറത്തുല്‍ ബലാഗ, ഇംആന്‍ ഫി അഖ്സാമില്‍ ഖുര്‍ആന്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന ഖുര്‍ആനിക പഠനങ്ങളാണ്.

ഹമീദുദ്ദീന്‍ ഫറാഹിയുടെ ശിഷ്യഗണങ്ങളില്‍ പ്രഗത്ഭനായിരുന്നു അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി. ഇസ്‌ലാമിക വൈജ്ഞാനിക മേഖലയുടെ വളര്‍ച്ചക്ക് ഇസ്‌ലാഹി തന്നെ മുന്‍കൈയെടുത്ത് ആരംഭിച്ച ദായിറെ ഹമീദിയ്യ എന്ന സ്ഥാപനം ഇരുവരുടെയും ബന്ധത്തിന്റെ ഏറ്റവും വലിയ തെളിവുകളിലൊന്നാണ്.   നവോത്ഥാന പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയുടെ   സ്ഥാപകരില്‍ മുന്‍പന്തിയിലാണ് ഇസ്‌ലാഹിയുടെ സ്ഥാനം. 1961 ല്‍ 'ഹല്‍കാ യെ തദബ്ബുറയെ ഖുര്‍ആന്‍' എന്ന പേരില്‍ ഇസ്‌ലാഹി സ്ഥാപിച്ച പഠന കേന്ദ്രം നിരവധി ഇസ്‌ലാമിക ഗവേഷകരെ രാജ്യത്തിനു സംഭാവന ചെയ്തു. ഇവരെക്കൂടാതെ  കൗസര്‍ യസ്ദാനി, ഷമിം ജൈറാജ്പൂരി, അസ്‌ലം ജൈറാജ്പൂരി തുടങ്ങിയ പ്രമുഖരും ഇന്ത്യയിലെ ഇസ്‌ലാമിക വൈജ്ഞാനിക മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ അര്‍പ്പിച്ച്  അഅ്‌സംഗഢിന്റെ യശസ്സ് ഉയര്‍ത്തിയവരാണ്.

നിരവധി കലാകാരന്മാര്‍ക്ക് ജന്മം നല്‍കിയ സ്ഥലം കൂടിയാണ് അഅ്‌സംഗഢ്. 1919-ല്‍ അഅ്‌സംഗഢിലെ സുല്‍ത്താന്‍പൂരില്‍ ജനിച്ച മജുറൂഹ് സുല്‍ത്താന്‍പൂരി ഇന്ത്യയിലെ ഉര്‍ദു പണ്ഡിറ്റുകളില്‍ പ്രമുഖനാണ്. 1950-'60കളില്‍ ഹിന്ദി സിനിമാ സംഗീത ലോകത്ത് തിളങ്ങിനിന്ന പ്രതിഭയായിരുന്നു മജുറൂഹ്. ഗസലിന് തന്റേതായ ഭാവവും ഭാഷയും നല്‍കി സംഗീത ലോകത്തെ  മജുറൂഹ് വിസ്മയിപ്പിച്ചു. ധ്വനി എന്ന മലയാള സിനിമയിലെ ഗാനങ്ങളിലൂടെ മാത്രം  കേരളക്കരയുടെ മനം കവര്‍ന്ന്  മറഞ്ഞു പോയ നൗഷാദ് അലി മുതല്‍ എ.ആര്‍ റഹ്മാന്‍ വരെയുള്ള സംഗീത സാമ്രാട്ടുകളുമായി ഒരുമിച്ച് പ്രവര്‍ത്തിച്ച മജു

റൂഹിനെത്തേടി ഒട്ടനവധി പുരസ്‌കാരങ്ങളെത്തി.  1993-ല്‍ ഇന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമായ ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2000 മെയ് മാസം അദ്ദേഹം കാലയവനികക്കുള്ളില്‍ മറഞ്ഞു. 

ഉര്‍ദു കവികളിലെ മറ്റൊരു പേരായിരുന്നു, കൈഫി അസ്മി. ഉര്‍ദു സാഹിത്യം ഇന്ത്യയുടെ സാംസ്‌കാരിക സാമൂഹിക മേഖലയെ സ്വാധീനിക്കാന്‍ ഇടവന്നത് ഇദ്ദേഹത്തെ പോലുള്ളവരുടെ പ്രവര്‍ത്തന ഫലമായിട്ടാണ്. ഇന്ത്യന്‍ സിനിമാ മേഖലയില്‍ അറിയപ്പെടുന്ന രണ്ടു പ്രഗത്ഭരുടെ പിതാവെന്ന നിലയിലും ഇദ്ദേഹം പ്രശസ്തനാണ്. പ്രസിദ്ധ അഭിനേത്രി ശബ്‌നാ അസ്മിയും, മികച്ച ഛായാഗ്രാഹകനായി അറിയപ്പെടുന്ന ബാബാ അസ്മിയും. ഗസല്‍ എഴുത്തിലൂടെ അറിയപ്പെട്ട കൈഫി അസ്മി കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമെന്ന നിലയില്‍ രാഷ്ട്രീയത്തിലും സജീവമായി. Anjuman Tarraqi Pasand Mussanafin-e-Hind  (Progressive Writers' Movement)  എന്ന സംഘടനയിലും അംഗമായിരുന്നു. ഇന്ത്യയിലെ നാലാമത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. ഉര്‍ദു ഭാഷയിലെ ഏറ്റവും മികച്ച കവിതാ സമാഹാരങ്ങളിലൊന്നായ കൈഫിയുടെ Awaara Sajde  (ആവാരെ സജദ)ക്ക് ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിന്റെ ഉര്‍ദു അക്കാദമി അവാര്‍ഡും, ഉര്‍ദു ഭാഷക്കുള്ള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിക്കുകയുായി.

രാഹുല്‍ രാഹുല്‍ സന്‍കൃത്‌യായന്‍, ശ്യാം നാരായണ്‍ ദാസ്, ലക്ഷ്മി നാരായണ്‍ മിശ്ര, അയോധ്യ പ്രസാദ് തുടങ്ങി ഹിന്ദി ഭാഷാ സാഹിത്യത്തില്‍ മികച്ച സംഭാവനകള്‍ നല്‍കിയ വേറെയും പലരും അഅ്‌സംഗഢ് നിവാസികളാണ്.

2008-ലെ ദല്‍ഹി ബട്‌ലാ ഹൗസ് വെടിവെപ്പില്‍ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത നാല് പേരും അഅ്‌സംഗഢിലെ സന്‍ജര്‍പൂരില്‍ നിന്നുള്ളവരാണെന്ന ഭരണകൂട ഭാഷ്യത്തോടെയാണ് അഅ്‌സംഗഢ് ഇന്ത്യയിലെ ഭീകരരെ സൃഷ്ടിക്കുന്ന നഴ്‌സറി ആയി മുദ്ര കുത്തപ്പെട്ടത്.  തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സന്ദര്‍ശന വേളയില്‍ സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന  നേതാക്കളായ മുലായം സിംഗ് യാദവ്, ശിവ്പാല്‍ യാദവ് തുടങ്ങിയവര്‍ പ്രദേശം സന്ദര്‍ശിക്കുകയും അറസ്റ്റ് ചെയ്യപ്പെട്ടവരെ ഉടന്‍  മോചിപ്പിക്കുമെന്നു പറഞ്ഞുവെങ്കിലും തുടര്‍ നടപടികള്‍ കൈക്കൊള്ളുന്നതില്‍ പരാജയപ്പെട്ടു. 

ഇന്ത്യന്‍ ജനതക്ക് എന്നും അഭിമാനിക്കാനും പ്രചോദനം ഉള്‍ക്കൊള്ളാനും കഴിയുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും സമ്മാനിച്ച പ്രദേശമാണ് അഅ്‌സംഗഢ്. ഇന്ന് ഇവിടെയുാവുന്ന ചെറിയ പ്രശ്‌നങ്ങളെ പോലും പര്‍വതീകരിച്ച് അവക്ക് വര്‍ഗീയ പരിവേഷം നല്‍കുകയാണ്  സംഘ് പരിവാര്‍. ബട്ട്‌ലാ ഹൗസിലും മുസഫര്‍  നഗറിലും ആളിയ കലാപത്തീ അഅ്‌സംഗഢിലേക്ക് പടരാന്‍ അധികം സമയമൊന്നും വേണ്ടെന്ന മുന്നറിയിപ്പും ഇതിനോടൊപ്പം ചേര്‍ത്തു വെക്കാം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (71-75)
എ.വൈ.ആര്‍

ഹദീസ്‌

ആശ്വാസദായകമാകണം രോഗിസന്ദര്‍ശനം
അബ്ദുസ്സമദ് രണ്ടത്താണി