Prabodhanam Weekly

Pages

Search

2018 ജൂലൈ 06

3058

1439 ശവ്വാല്‍ 21

മാറ്റിയെഴുതേണ്ട മാര്‍ക്‌സിസം

എ.കെ അബ്ദുല്‍ മജീദ്

ജീവിച്ചിരിപ്പില്ലാത്ത മാര്‍ക്‌സിന്റെ ഇരുനൂറാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ അദ്ദേഹത്തിന്റെ പല പ്രതിഫലനങ്ങളാണ് ചരിത്രത്തിന്റെ കണ്ണാടിയില്‍ തെളിയുക. ഓരോ കാലഘട്ടത്തിനും ഓരോ നീതിശാസ്ത്രത്തിനും അതിന്റേതായ ശരികളും തെറ്റുകളും ഉണ്ടാവാം എന്നതിനാല്‍ മാര്‍ക്‌സ് ശരിയായിരുന്നോ, തെറ്റായിരുന്നോ എന്നിങ്ങനെയുള്ള സാമ്പ്രദായിക ചോദ്യങ്ങള്‍ക്ക് പ്രത്യയശാസ്ത്ര ശാഠ്യങ്ങളുടെ ഏതെങ്കിലും ഒരു വന്‍കരയില്‍ നിന്നുകൊണ്ടല്ലാതെ ഒറ്റ വീര്‍പ്പില്‍ ഉത്തരം പറയാനാവില്ല. മാര്‍ക്‌സിസം ആശയ പ്രപഞ്ചം എന്ന നിലയില്‍ മാര്‍ക്‌സിനെയും കവിഞ്ഞ് ബഹുമുഖമായി വളരുകയും രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്ന നിലയില്‍ അതിന്റെ ഭൂമിക ശുഷ്‌കമായിത്തീരുകയും ചെയ്തതിനാല്‍ ഇത്തരം ചോദ്യങ്ങള്‍ പ്രസക്തംപോലും അല്ലാതിരിക്കാം.

മനുഷ്യവംശം ചരിത്രത്തിന്റെ ഒരു പ്രത്യേക സന്ധിയില്‍ അനുഭവിച്ചുകൊണ്ടിരുന്ന സങ്കടകരമായ സ്ഥിതിവിശേഷങ്ങളില്‍നിന്ന്, ആത്മാര്‍ഥമായി തന്നെ, പുറത്തേക്കുള്ള വഴി അന്വേഷിക്കുകയാണ് കാള്‍ മാര്‍ക്‌സ് (1818-1883) ചെയ്തത്. ആ അന്വേഷണങ്ങളും കണ്ടെത്തലുകളും അവയുടെ ശരിതെറ്റുകള്‍ ഉള്‍പ്പെടെ ഇപ്പോഴും എപ്പോഴും പ്രസക്തമാണ്. മാര്‍ക്‌സിസത്തെ ആ പേരില്‍ വിളിക്കുന്നത് എംഗല്‍സിനു സമ്മതമായിരുന്നില്ല. മാര്‍ക്‌സാവട്ടെ താനൊരു മാര്‍ക്‌സിസ്റ്റല്ല എന്നു പ്രസ്താവിക്കുകയും ചെയ്തിരുന്നു. മാര്‍ക്‌സില്‍ തുടങ്ങുകയോ ഒടുങ്ങുകയോ ചെയ്യുന്നില്ല മാര്‍ക്‌സിസം എന്നാണിതില്‍നിന്ന് മനസ്സിലാക്കേണ്ടത്. ഹെഗല്‍ വരെയുള്ള തന്റെ പൂര്‍വികരില്‍നിന്നെല്ലാം ചിന്തയുടെ നീരൊഴുക്കുകള്‍ മാര്‍ക്‌സ് കടം കൊള്ളുന്നുണ്ട്. ഹെഗലിനെ പിന്തുടര്‍ന്ന് ഒടുവില്‍ തലകുത്തിയാണ് അദ്ദേഹത്തിന്റെ നില്‍പെന്നു കണ്ട് നേരെ നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. മാര്‍ക്‌സ് ഹെഗലിനോടു ചെയ്തതു മാര്‍ക്‌സിന്റെ പിന്‍ഗാമികള്‍ മാര്‍ക്‌സിനോടും ചെയ്യുന്നു. ഹെഗലിന്റെ തടവുകാരനായാണ് അല്‍ത്തൂസര്‍ മാര്‍ക്‌സിനെ കാണുന്നത്. മാര്‍ക്‌സിസത്തെ അതിന്റെ പ്രയോക്താക്കള്‍ അണിയിച്ച യാന്ത്രികതയുടെ കവചത്തില്‍നിന്ന് മോചിപ്പിക്കാനാണ് പോസ്റ്റ് മാര്‍ക്‌സിസ്റ്റ് ചിന്തകര്‍ പ്രധാനമായും ശ്രമിച്ചത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മാര്‍ക്‌സ് പല രീതിയില്‍ പൂരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഇനിയും അതിനുള്ള സാധ്യതകളുണ്ട് എന്നതാണ് ഇങ്ങനെയുള്ള ചര്‍ച്ചയുടെ പ്രസക്തി.

 

ലഘു ജീവചരിത്രം

പ്രഷ്യയിലെ ട്രയര്‍ എന്ന സ്ഥലത്ത് 1818 മെയ് അഞ്ചിന് ഒരു യഹൂദ പുരോഹിത കുടുംബത്തിലെ ഒമ്പതു മക്കളില്‍ ഒരാളായാണ് കാള്‍ ഹെയ്ന്റിച് മാര്‍ക്‌സ് ജനിക്കുന്നത്. പ്രഷ്യയും ഓസ്ട്രിയയും ഉള്‍പ്പെടുന്ന ജര്‍മനിയും ഇതര യൂറോപ്യന്‍ രാജ്യങ്ങളും പരമ്പരാഗത രാജാധിപത്യത്തില്‍നിന്നും ജനാധിപത്യത്തിലേക്ക് ഉണരുന്നതിന്റെ നോവുകള്‍ അനുഭവിച്ചുതുടങ്ങിയ കാലം. തൊഴില്‍ കൊണ്ട് വക്കീല്‍ ആയിരുന്ന മാര്‍ക്‌സിന്റെ പിതാവ് ഫ്രഞ്ച് വിപ്ലവത്തിന്റെ ആശയങ്ങളാല്‍ പ്രചോദിതനായിരുന്നു. നല്ല വായനക്കാരന്‍ കൂടിയായിരുന്ന അദ്ദേഹം മകനില്‍ നീതിബോധവും ദീനാനുകമ്പയും ത്യാഗമനഃസ്ഥിതിയും വളര്‍ത്താന്‍ പ്രത്യേകം ശ്രമിച്ചു. വീട്ടില്‍ വെച്ചായിരുന്നു മാര്‍ക്‌സിന്റെ പ്രാഥമിക വിദ്യാഭ്യാസം.

മാര്‍ക്‌സ് ജനിക്കുന്നതിനു ഒന്നോ രണ്ടോ വര്‍ഷം മുമ്പ് അഛന്‍ ജൂതമതം ഉപേക്ഷിച്ച് ക്രൈസ്തവ മതം സ്വീകരിച്ചു. ആറാം വയസ്സില്‍ മാര്‍ക്‌സിന്റെയും മറ്റു മക്കളുടെയും ജ്ഞാന സ്‌നാനം നടന്നു. പിന്നീട് മതം ഉപേക്ഷിച്ചെങ്കിലും ക്രിസ്തു മതത്തിലെ ആതുരസ്‌നേഹം മാര്‍ക്‌സിനെ സ്വാധീനിക്കുകയുണ്ടായി. 1830 മുതല്‍ 1835 വരെ ട്രയറിലെ ഗ്രാമര്‍ സ്‌കൂളിലാണ് മാര്‍ക്‌സ് പഠിച്ചത്. മാനവിക വിഷയങ്ങള്‍, റോമന്‍ പുരാവൃത്തം, കലാ ചരിത്രം, ഭാഷകള്‍, ചരിത്രം എന്നിവയില്‍ മികച്ച ശിക്ഷണമാണ് മാര്‍ക്‌സിനു ലഭിച്ചത്. സ്‌കൂള്‍ പഠനം പൂര്‍ത്തിയായതോടെ പിതാവിന്റെ താല്‍പര്യപ്രകാരം മാര്‍ക്‌സ് ബോണ്‍ സര്‍വകലാശാലയില്‍ നിയമ പഠനത്തിന് ചേര്‍ന്നു. നാടിന്റെ രാഷ്ട്രീയ മാറ്റങ്ങള്‍ക്കു വേണ്ടി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരായിരുന്നു ബോണിലെ വിദ്യാര്‍ഥികള്‍. മാര്‍ക്‌സിനു ഹിതകരമായിരുന്നു ഈ വിദ്യാലയാന്തരീക്ഷം. കാമ്പസിലെ വിവിധ ക്ലബ്ബുകളില്‍ അംഗമായിരുന്ന മാര്‍ക്‌സ് വളരെ സജീവമായ വിദ്യാര്‍ഥി ജീവിതമാണ് നയിച്ചത്.

1836-ല്‍ മാര്‍ക്‌സ് ബോണ്‍ വിട്ടു ബര്‍ലിന്‍ യൂനിവേഴ്‌സിറ്റിയില്‍ നിയമവും തത്ത്വചിന്തയും ഐഛിക വിഷയമായെടുത്ത് പഠനം ആരംഭിച്ചു. 1831-ല്‍ മരിക്കുന്നതുവരെ അവിടെ അധ്യാപകനായിരുന്ന ഹെഗലിന്റെ ആശയങ്ങളുമായി മാര്‍ക്‌സ് ചങ്ങാത്തത്തിലായി. ബര്‍ലിനില്‍ ഒരു യുവ ഹെഗലിയന്‍ സംഘം (ഥീൗിഴ ഒലഴലഹശമി)െ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അക്കാലത്തെ മത, രാഷ്ട്രീയ വ്യവസ്ഥകള്‍ക്കെതിരെ കലഹിച്ച ബര്‍ണോ ബോവര്‍, ലുഡ് വിഗ് ഫോയര്‍ ബക്ക് എന്നിവര്‍ ഈ സംഘത്തിലെ അംഗങ്ങളായിരുന്നു. സര്‍ക്കാറിന്റെ കണ്ണിലെ കരടായിരുന്ന ആ സംഘം മാര്‍ക്‌സിന്റെ ചിന്തകള്‍ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 1841-ല്‍ ജിനാ യൂനിവേഴ്‌സിറ്റിയില്‍നിന്ന് മാര്‍ക്‌സ് ഡോക്ടറേറ്റ് നേടി. ഒരു യൂനിവേഴ്‌സിറ്റിയില്‍ പഠിച്ചുകൊണ്ടിരിക്കെ മറ്റൊരു യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് നേടുക എന്നത് അപൂര്‍വ സംഭവമാണ്. ഡോക്ടറേറ്റ് ലഭിച്ചെങ്കിലും ആശിച്ചതുപോലെ അധ്യാപക ജോലി മാര്‍ക്‌സിനു ലഭിച്ചില്ല. തന്റെ വിപ്ലവകരമായ കാഴ്ചപ്പാടുകളാണ് തടസ്സമായത്.

പത്രപ്രവര്‍ത്തനം തൊഴിലായി സ്വീകരിച്ച മാര്‍ക്‌സ് 'റീനിഷ് സെയ്തൂങ്ങ്' എന്ന സ്വതന്ത്ര ദിനപത്രത്തിന്റെ പത്രാധിപരായി. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വിഷയങ്ങളെ അധികരിച്ച് ദിവസവും പത്രത്തിന് എഡിറ്റോറിയല്‍ എഴുതേണ്ടതുണ്ടായിരുന്നു. സമൂഹത്തിലെ ജീവല്‍ പ്രശ്‌നങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കുന്നതിന് ഇത് അദ്ദേഹത്തെ സഹായിച്ചു. ഹെഗലിന്റെ ആശയവാദം കൊണ്ട് പരിഹരിക്കാവുന്നതല്ല സമൂര്‍ത്തമായ സാമൂഹിക പ്രശ്‌നങ്ങള്‍ എന്ന് ഈ ഘട്ടത്തില്‍ മാര്‍ക്‌സ് തിരിച്ചറിയുന്നുണ്ട്. അധികൃതര്‍ പത്രം നിരോധിച്ചതോടെ പാരീസിലേക്ക് തിരിച്ചു. ഇതിനിടെ ബാല്യകാല സുഹൃത്തായ ജെന്നിയുമായി മാര്‍ക്‌സ് വിവാഹിതനായിരുന്നു. പ്രഭു കുമാരിയായ ജെന്നി ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് മാര്‍ക്‌സിന്റെ സഹധര്‍മിണി പദം അലങ്കരിച്ചത്. പാരീസിലേക്ക് ജെന്നിയും മാര്‍ക്‌സിനെ അനുഗമിച്ചു. ചിന്തയിലും പ്രവര്‍ത്തനങ്ങളിലും എഴുത്തിലും മാര്‍ക്‌സിനു നല്ല കൂട്ടും സഹായവുമായിരുന്നു ജെന്നി.

പാരീസില്‍ മാര്‍ക്‌സ് 'ജര്‍മന്‍ ഫ്രഞ്ച് അന്നല്‍സ്' എന്ന രാഷ്ട്രീയ ജേണലിനു തുടക്കം കുറിച്ചെങ്കിലും ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം കാരണം ഒരു ലക്കത്തിലധികം മുന്നോട്ടു പോയില്ല. എന്നാല്‍ ഈ പ്രസിദ്ധീകരണം മാര്‍ക്‌സിനു തന്റെ ജീവിതത്തിലെ ഏറ്റവും മികച്ചതും നിര്‍ണായകവുമായ ബൗദ്ധിക സൗഹൃദത്തിന് വഴിയൊരുക്കി. പില്‍ക്കാലത്ത് തന്റെ സന്തത സഹചാരിയും ദുരിതങ്ങളില്‍ ആലംബവുമായിത്തീര്‍ന്ന ഫ്രെഡറിക് എംഗല്‍സുമായി ബന്ധം സ്ഥാപിക്കാനായി എന്നതാണത്. ബര്‍ലിനിലെ മാര്‍ക്‌സിന്റെ സുഹൃത്തും വഴികാട്ടിയുമായിരുന്ന ബര്‍ണോ ബൗവറുടെ ചിന്തകളെ ഇരുവരും ചേര്‍ന്നു വിമര്‍ശവിധേയമാക്കി. 1845-ല്‍ എംഗല്‍സും മാര്‍ക്‌സും ചേര്‍ന്ന് 'വിശുദ്ധ കുടുംബം' എന്ന പുസ്തകമെഴുതി. ഫ്രാന്‍സില്‍നിന്നു പുറത്താക്കപ്പെട്ട മാര്‍ക്‌സ് ബെല്‍ജിയത്തിലേക്ക് പോയി. കമ്യൂണിസ്റ്റ് ലീഗുമായി ബന്ധമുള്ള പത്രത്തിന്റെ ചുമതല അദ്ദേഹം ഏറ്റെടുത്തു. സമകാലിക രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഒന്നും എഴുതുകയില്ല എന്ന ഉപാധി അംഗീകരിക്കേണ്ടിയിരുന്നു മാര്‍ക്‌സിനു ബെല്‍ജിയത്തില്‍ തുടരാന്‍. ബെല്‍ജിയത്തിലെ ബ്രസ്സല്‍സില്‍ വെച്ച് മാര്‍ക്‌സ് യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പുറത്താക്കപ്പെട്ട് അവിടെ വന്നുകൂടിയ സോഷ്യലിസ്റ്റുകളുമായി ബന്ധം സ്ഥാപിച്ചു. എംഗല്‍സും ബ്രസ്സല്‍സിലെത്തി മാര്‍ക്‌സുമായി സന്ധിച്ചു.

മാര്‍ക്‌സും എംഗല്‍സും ബ്രസ്സല്‍സില്‍നിന്ന് ലണ്ടനിലേക്ക് പോയി അവിടത്തെ സോഷ്യലിസ്റ്റ് വിഭാഗമായ ചാര്‍ട്ടിസ്റ്റ് നേതാക്കളുമായി ബന്ധപ്പെട്ടു. ഇംഗ്ലീഷ് വശമുണ്ടായിരുന്ന എംഗല്‍സ് നേരത്തേ തന്നെ അവരുടെ പത്രങ്ങളില്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിരുന്നു. മാര്‍ക്‌സ് ലണ്ടനിലെയും മാഞ്ചസ്റ്ററിലെയും ലൈബ്രറികളില്‍ പഠനഗവേഷണങ്ങളില്‍ മുഴുകി. യൂറോപ്പിലെ സോഷ്യലിസ്റ്റ് പ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്നതിനു വേണ്ടി 1846-ല്‍ മാര്‍ക്‌സ് രൂപം നല്‍കിയ കമ്യൂണിസ്റ്റ് കറസ്‌പോണ്ടന്‍സ് കമ്മിറ്റിയുടെ ആശയങ്ങളാല്‍ പ്രചോദിതരായി 1847-ല്‍ ലണ്ടനില്‍ ഒരു നേതൃയോഗം നടന്നു. 'കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ' തയാറാക്കാന്‍ മാര്‍ക്‌സിനെയും എംഗല്‍സിനെയും ഈ യോഗം ചുമതലപ്പെടുത്തി. 1848-ല്‍ മാനിഫെസ്റ്റോ പ്രസിദ്ധപ്പെടുത്തി. പിറ്റേ വര്‍ഷം മാര്‍ക്‌സ് ബെല്‍ജിയത്തില്‍നിന്നും പുറത്താക്കപ്പെട്ടു.

സോഷ്യലിസ്റ്റ് വിപ്ലവം പ്രതീക്ഷിച്ചു മാര്‍ക്‌സ് പാരീസിലേക്കു മടങ്ങിയെങ്കിലും അവിടെ നില്‍ക്കാനാവാതെ ലണ്ടനിലേക്ക് തിരിച്ചു. ലണ്ടനിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനമായ ചാര്‍ട്ടിസ്റ്റ് മൂവ്‌മെന്റിന്റെ നേതാക്കളുമായി ബന്ധപ്പെട്ടു. ലണ്ടനിലെയും മാഞ്ചസ്റ്ററിലെയും ലൈബ്രറികളില്‍ ഗവേഷണ പഠനങ്ങളില്‍ മുഴുകിയ മാര്‍ക്‌സ് 1852 മുതല്‍ 1862 വരെ പത്തുവര്‍ഷക്കാലം ന്യൂയോര്‍ക്ക് ഡെയ്‌ലി ട്രൈബ്യൂണിന്റെ ലേഖകനായും പ്രവര്‍ത്തിച്ചു. ലണ്ടനിലെ തൊഴിലാളികളുടെ ജീവിതം പഠിച്ച മാര്‍ക്‌സ് 1867-ല്‍ തന്റെ പ്രസിദ്ധമായ 'ദാസ് കാപ്പിറ്റലി'ന്റെ പ്രഥമ വാല്യം പുറത്തിറക്കി. ഇതിന്റെ തുടര്‍ വാല്യങ്ങള്‍ തയാറാക്കുന്നതിനാണ് ജീവിതത്തിന്റെ ബാക്കി കാലം കാള്‍ മാര്‍ക്‌സ് ചെലവഴിച്ചത്. എന്നാല്‍ രണ്ടും മൂന്നും വാല്യങ്ങള്‍ വെളിച്ചം കണ്ടത് അദ്ദേഹത്തിന്റെ മരണശേഷമാണ്. 1883 മാര്‍ച്ച് 14-ന് ലണ്ടനില്‍ വെച്ചായിരുന്നു അന്ത്യം.

മാര്‍ക്‌സിനെ സംബന്ധിച്ചേടത്തോളം പത്രപ്രവര്‍ത്തനം രാഷ്ട്രീയ സമരത്തിന്റെ ഭാഗമായിരുന്നു. മാര്‍ക്‌സിന്റെ തുഛ വരുമാനം കുടുംബം പോറ്റാന്‍ തികയുമായിരുന്നില്ല. എംഗല്‍സാണ് ആ നിര്‍ധന കുടുംബത്തെ പട്ടിണിയില്‍നിന്ന് രക്ഷിച്ചിരുന്നത്. മാര്‍ക്‌സ് മരിക്കുന്നതിനു രണ്ടു വര്‍ഷം മുമ്പായിരുന്നു ഭാര്യ ജെന്നിയുടെ വിയോഗം. കാന്‍സര്‍ ബാധിതയായാണ് അവര്‍ മരിച്ചത്. ആറു മക്കളില്‍ മൂന്നു പേര്‍ പോഷകാഹാരക്കുറവു മൂലം ചെറുപ്പത്തിലേ മരിച്ചു. ഒരു മകള്‍ മരിച്ചപ്പോള്‍ (1852) ശവപ്പെട്ടി വാങ്ങാന്‍ പണമില്ലാതെ ഒരു ദിവസം മുഴുവന്‍ ശവവുമായി കാത്തിരിക്കേണ്ടി വന്നിട്ടുണ്ട് മാര്‍ക്‌സിനും ഭാര്യക്കും.

 

ചിന്തയുടെ ഭൂപടം

തത്ത്വശാസ്ത്രത്തില്‍നിന്നാരംഭിച്ച് ചരിത്രപരമായ ഭൗതിക വാദത്തിലേക്കും രാഷ്ട്രീയ ധനതത്ത്വ വിചാരത്തിലേക്കും വര്‍ഗരഹിത സാമൂഹിക സാങ്കല്‍പത്തിലേക്കും വികസിക്കുന്നതാണ് മാര്‍ക്‌സ് അവശേഷിപ്പിച്ച ചിന്തയുടെ ഭൂപടം. ദാര്‍ശനികനും ചരിത്രവിശാരദനും ധനതത്ത്വ ശാസ്ത്രകാരനും സാമൂഹിക ശാസ്ത്രജ്ഞനും രാഷട്രതന്ത്രജ്ഞാനിയും വിപ്ലവകാരിയും നിയമജ്ഞനും പത്രപ്രവര്‍ത്തകനുമെല്ലാം സമ്മേളിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം. അദ്ദേഹം ഒരേ സമയം കിനാവു കാണുകയും ജീവിതത്തിന്റെ വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങളെ തൊട്ടറിയുകയും ചെയ്തു. കാല്‍പനികതയില്‍നിന്ന് യാഥാര്‍ഥ്യത്തിലേക്കും തിരിച്ചും അദ്ദേഹം സഞ്ചരിച്ചു. തന്റെയും തന്റെ ചുറ്റുമുള്ളവരുടെയും പൊള്ളുന്ന അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് ഇന്ധനമായി. വേദനിക്കുന്നവരുടെ വേദനയുടെ പൊരുളാണ് അദ്ദേഹം അന്വേഷിച്ചത്. ചരിത്രത്തിന്റെ ചിറകുകളില്‍ അതിന്റെ ശമനം ഒളിഞ്ഞിരിക്കുന്നതായി അദ്ദേഹം സങ്കല്‍പിച്ചു. പല ഘട്ടങ്ങള്‍ തരണം ചെയ്തു വേണം മനുഷ്യവംശം സ്വന്തം വിമോചനത്തിലേക്ക് നടന്നടുക്കാന്‍ എന്ന് അദ്ദേഹം ഭാവന ചെയ്തു. വിമോചനം ചരിത്രപരമായ അനിവാര്യതയായിരുന്നു അദ്ദേഹത്തിന്. അതു പൂവണിയാതിരിക്കുന്നതിന് ഒരു ന്യായവും അദ്ദേഹം കണ്ടില്ല. ചരിത്രം അദ്ദേഹം കാണിച്ചുകൊടുത്ത അതിരുകളെ മാനിക്കാതെ ഒഴുകുകയായിരുന്നു, പക്ഷേ. ആ വിപര്യയം കാണാന്‍ അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. തത്ത്വചിന്തയില്‍നിന്നും ചരിത്രത്തില്‍നിന്നും താന്‍ കണ്ടെടുത്ത ബൗദ്ധികമായ സമരായുധം തനിക്കു ശേഷം പ്രതാപം കൈവരിച്ച സര്‍വാധിപതികളാല്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് കാണാതിരിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ദ്വിതീയാര്‍ധത്തില്‍ അന്റോണിയാ ഗ്രാംഷി മാര്‍ക്‌സിന്റെ ചിന്തകളെ പുനര്‍വായിച്ചു. അല്‍ത്തൂസര്‍, ഹെബര്‍മാസ്, മിഷേല്‍ ഫൂക്കോ തുടങ്ങിയവര്‍ നവ മാര്‍ക്‌സിസത്തിനു ജന്മം നല്‍കി. ഇ.പി തോംസണ്‍, റെയ്മണ്ട് വില്യംസ്, ടെറി ഈഗിള്‍ടണ്‍ മുതലായവര്‍ മാര്‍ക്‌സിന്റെ ബൗദ്ധികായുധങ്ങളെ കാലാനുകൂലമായി മൂര്‍ച്ചപ്പെടുത്തിക്കൊണ്ടിരുന്നു. ആഗോള മൂലധന ശക്തികള്‍ ആസുരമായി ശക്തിയാര്‍ജിക്കുമ്പോള്‍ മാര്‍ക്‌സിലേക്ക് പ്രതീക്ഷാപൂര്‍വം തിരിഞ്ഞുനോക്കുന്നു നവ ഇടതുപക്ഷം.

വൈരുധ്യാധിഷ്ഠിത ഭൗതിക വാദം, ചരിത്രത്തിന്റെ ഭൗതിക വ്യാഖ്യാനം, വര്‍ഗസമരം, അന്യവത്കരണം, മിച്ചമൂല്യ സിദ്ധാന്തം എന്നിവയാണ് മാര്‍ക്‌സിന്റെ പ്രധാനപ്പെട്ട ആശയപരമായ സംഭാവനകള്‍. ഹെഗലിന്റെ തത്ത്വശാസ്ത്രത്തിന്റെ ഖണ്ഡനം (1843), ധനശാസ്ത്ര-തത്ത്വശാസ്ത്ര കൈയെഴുത്തുകള്‍ (1844), വിശുദ്ധ കുടുംബം (1845), ജര്‍മന്‍ പ്രത്യയശാസ്ത്രം (1845), തത്ത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം (1847), കൂലി-അധ്വാനം-മൂലധനം (1847), കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ (1848), മിച്ചമൂല്യ സിദ്ധാന്തങ്ങള്‍ (1862), മൂല്യം-വില-ലാഭം (1865), മൂലധനം (വാല്യം 1, 1867), മൂലധനം രണ്ടും മൂന്നും വാല്യങ്ങള്‍ (മരണാനന്തരം) എന്നീ പ്രധാനപ്പെട്ട കൃതികളിലും ഇവിടെ പരാമര്‍ശിച്ചിട്ടില്ലാത്ത മറ്റു രചനകളിലുമായി വ്യാപിച്ചുകിടക്കുന്നതാണ് തത്ത്വചിന്തയിലും ധനശാസ്ത്രത്തിലും സാമൂഹിക ശാസ്ത്രത്തിലും രാഷ്ട്രതന്ത്രത്തിലും മുന്നോട്ടുവെച്ച ആശയങ്ങള്‍.

ഹെഗലിന്റെ ആശയ വാദത്തിനെതിരായ വിമര്‍ശന പദ്ധതിയായാണ് മാര്‍ക്‌സിന്റെ ചിന്ത രൂപപ്പെടുന്നത്. മനുഷ്യപ്രകൃതി, ജ്ഞാനം, പദാര്‍ഥം തുടങ്ങിയ ആശയപരമായ സംഗതികളെക്കുറിച്ചല്ല തത്ത്വചിന്ത അന്വേഷിക്കേണ്ടതെന്ന് മാര്‍ക്‌സ് സമര്‍ഥിച്ചു. പ്രായോഗിക ജീവിതവുമായി നേര്‍ക്കു നേരെ ബന്ധമുള്ള സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രശ്‌നങ്ങളാണ് തത്ത്വചിന്ത കൈകാര്യം ചെയ്യേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിമതം. വ്യക്തിയുടെ അസ്തിത്വം തീരുമാനിക്കുന്നത്  വ്യക്തിയുടെ പ്രജ്ഞയോ ആത്മാര്‍ഥതയോ അല്ല, പ്രത്യുത സാമൂഹികാസ്തിത്വമാണ്. ഇത് ചരിത്രപരമായ ഒരു നിയമമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ഡാര്‍വിന്‍ പരിണാമ സിദ്ധാന്തം കണ്ടുപിടിച്ചതുപോലെയുള്ള ഒരു ശാസ്ത്രീയ കണ്ടെത്തലായാണ് ചരിത്ര വികാസത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ സിദ്ധാന്തത്തെ എംഗല്‍സ് വിശേഷിപ്പിച്ചത്. ആശയവാദപരമായ പ്രപഞ്ച വീക്ഷണത്തെ നിരാകരിച്ചാണ് മാര്‍ക്‌സ് വൈരുധ്യാത്മക ഭൗതിക വാദം മുന്നോട്ടു വെച്ചത്. വൈരുധ്യങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തില്‍നിന്ന് പുതിയ ഒരു സാമൂഹിക വ്യവസ്ഥ ഉദയം ചെയ്യുന്നത് മാര്‍ക്‌സ് സ്വപ്‌നം കണ്ടു. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വര്‍ഗ സമരമാണ് ചരിത്രത്തെ ചലിപ്പിച്ചത് എന്നാണ് മാര്‍ക്‌സ് നിരീക്ഷിച്ചത്.

ഭൗതിക ജീവിതത്തിലെ ഉല്‍പാദന രീതിയാണ് സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ബന്ധങ്ങളെ നിര്‍ണയിക്കുന്നത്. സാമൂഹികമായ ഉല്‍പാദന പ്രക്രിയയില്‍ പങ്കാളിയാവുന്ന വ്യക്തി സ്വന്തം തീരുമാനപ്രകാരമല്ലാതെ തന്നെ അനിവാര്യമായ സാമൂഹിക ബന്ധത്തില്‍ കണ്ണിയാവുന്നു. സാമ്പത്തിക ബന്ധമാണ് സമൂഹത്തിന്റെ അടിസ്ഥാനം. തൊഴിലും തൊഴിലുപകരണവും ഉല്‍പാദനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ആവശ്യമാണ് മനുഷ്യനെ സക്രിയനാക്കുന്നത്. 'ഓരോരുത്തനില്‍നിന്നും അവനവന്റെ കഴിവിനനുസരിച്ച്, ഓരോരുത്തര്‍ക്കും അവരവരുടെ ആവശ്യമനുസരിച്ച്' എന്നതായിരിക്കണം അംഗീകരിക്കപ്പെടേണ്ട തത്ത്വം. മനുഷ്യന്‍ അടിസ്ഥാനപരമായി ഉല്‍പാദന ജീവി (Productive being) ആണെന്നത്രെ മാര്‍ക്‌സ് പറയുന്നത്. എല്ലാ സാമ്പത്തിക മൂല്യങ്ങളും മനുഷ്യാധ്വാനത്തോട് കടപ്പെട്ടിരിക്കുന്നു. ഉല്‍പാദനോപകരണങ്ങളുടെ ഉടമയായ ബൂര്‍ഷ്വാസിയും ഉല്‍പാദകരായ തൊഴിലാളികളും തമ്മിലുള്ള സമരം ചരിത്രപരമായ അനിവാര്യതയാണ്. അധ്വാനിക്കുന്നവരുടെ അധ്വാനത്തിന്റെ ഫലം അവര്‍ക്ക് അന്യമാക്കുകയാണ് ചൂഷകരായ ഉടമസ്ഥന്മാര്‍ ചെയ്യുന്നത്. ഈ അന്യവല്‍ക്കരണത്തിനെതിരെയാണ് തൊഴിലാളികള്‍ സമരം ചെയ്യേണ്ടത്. തങ്ങള്‍ അന്യവല്‍ക്കരിക്കപ്പെടുകയാണ് എന്ന് ബോധ്യപ്പെടുമ്പോള്‍ തൊഴിലാളി വര്‍ഗം വിപ്ലവത്തിനു സന്നദ്ധമാവും. ബൂര്‍ഷ്വാസിയും തൊഴിലാളിയും തമ്മിലുള്ള സംഘര്‍ഷം മൂര്‍ഛിച്ച് സ്വാഭാവികമായി വിപ്ലവം നടക്കാം. ബൂര്‍ഷ്വാസിക്കെതിരെ കലാപത്തിനിറങ്ങുന്ന പെറ്റി ബൂര്‍ഷ്വാസികളുമായി തൊഴിലാളികള്‍ സഹകരിച്ചും വിപ്ലവം നടക്കാം.

ഒടുവില്‍ ചരിത്രപരമായ അനിവാര്യത എന്ന നിലയില്‍ തൊഴിലാളിവര്‍ഗ സര്‍വാധിപത്യം നിലവില്‍ വരുമെന്ന് മാര്‍ക്‌സ് പ്രത്യാശിച്ചു. അതിനാലാണ് 'സര്‍വലോക തൊഴിലാളികളേ സംഘടിക്കുവിന്‍. നിങ്ങള്‍ക്കു നഷ്ടപ്പെടാനൊന്നുമില്ല, ചങ്ങലകളല്ലാതെ' എന്ന് ആവേശപൂര്‍വം അദ്ദേഹം മാനിഫെസ്റ്റോയുടെ അവസാനം ആഹ്വാനം ചെയ്തത്.

ഉല്‍പാദന ബന്ധങ്ങളെയും സാമൂഹിക ഘടനയെയും കുറിച്ചുളള മാര്‍ക്‌സിന്റെ ചിന്തകള്‍ പ്രധാനമായും പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇംഗ്ലണ്ടില്‍ നിലനിന്ന സാമൂഹികാവസ്ഥയെ മുന്‍നിര്‍ത്തിയുള്ളതായിരുന്നു. ഫ്രഞ്ച് സോഷ്യലിസത്തിന്റെയും 1789-ലെ ഫ്രഞ്ച് വിപ്ലവത്തിന്റെയും ഇംഗ്ലീഷ് ക്ലാസിക്കല്‍ ധനശാസ്ത്രത്തിന്റെയും ഉട്ടോപ്യന്‍ സോഷ്യലിസത്തിന്റെയും ആശയങ്ങളാണ് മാര്‍ക്‌സ് തന്റെ ചിന്തകള്‍ക്ക് അടിസ്ഥാനമാക്കിയത്. ജനദ്രോഹികളായ രാജാക്കന്മാരോടും ചൂഷകരായ പ്രമാണിമാരോടും തോള്‍ ചേര്‍ന്നുനിന്ന പുരോഹിത വര്‍ഗം പ്രബോധനം ചെയ്ത മതത്തെ അദ്ദേഹം പാടേ നിരാകരിക്കുകയും ചെയ്തു. മതത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ പ്രസ്താവന പ്രസിദ്ധമാണ്. അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: 'മതപരമായ ക്ലേശം ഒരേ സമയം യഥാര്‍ഥ ക്ലേശത്തിന്റെ പ്രകാശനവും യഥാര്‍ഥ ക്ലേശത്തിനെതിരായ പ്രതിഷേധവുമാണ്. മതം അടിച്ചമര്‍ത്തപ്പെട്ട ജീവിയുടെ നിശ്വാസവും ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയവും ആത്മാവില്ലാത്ത അവസ്ഥകളുടെ ആത്മാവുമാകുന്നു. ജനങ്ങളെ മയക്കുന്ന കറുപ്പാണത്. ജനങ്ങള്‍ക്ക് വ്യാജമായ സംതൃപ്തി പകരുന്ന മതത്തെ ഗളഹസ്തം ചെയ്യേണ്ടത് അവര്‍ക്ക് യഥാര്‍ഥ സംതൃപ്തി നല്‍കുന്നതിന് ആവശ്യമാണ്' ('ക്രിട്ടിക്ക് ഓഫ് ഹെഗല്‍സ് ഫിലോസഫി ഓഫ് റൈറ്റ്' എന്ന പുസ്തകത്തില്‍). മാര്‍ക്‌സ് മതത്തെ നിഷേധാത്മകമായാണ് കണ്ടതെന്നും അതല്ല ധനാത്മകമായാണ് കണ്ടതെന്നും ഭിന്നധ്രുവങ്ങളിലുള്ള നിഗമനങ്ങള്‍ ഈ പ്രസ്താവത്തെ മുന്‍ നിര്‍ത്തി നിരൂപകര്‍ മുന്നോട്ടു വച്ചിട്ടുണ്ട്. ലെനിനും സ്റ്റാലിനും സോവിയറ്റ് റഷ്യയില്‍ നിരീശ്വരവാദത്തെ രാഷ്ട്ര നയമായി സ്വീകരിച്ചത് മാര്‍ക്‌സിനെ പിന്തുര്‍ന്നാണെന്നത് വാസ്തവമാണ്.

 

മാര്‍ക്‌സിസം വിമര്‍ശിക്കപ്പെടുന്നു

മാര്‍ക്‌സിയന്‍ ചിന്തകള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ മാര്‍ക്‌സിസത്തിനു പുറത്തുനിന്നും അകത്തുനിന്നും ധാരാളമുണ്ടായിട്ടുണ്ട്. തന്റേത് അവസാന വാക്കല്ല എന്നു വിശ്വസിച്ച മാര്‍ക്‌സ് താന്‍ വിതച്ച ആശയത്തിന്റെ വിത്തുകള്‍ താന്‍ ആശിച്ച ഫലം നല്‍കിയില്ല എന്നു നിരാശപ്പെടുകയും ചെയ്തു. എങ്കിലും എല്ലാ വിമര്‍ശനങ്ങളെയും നിരാശകളെയും മുന്തി നില്‍ക്കുന്നതാണ് മര്‍ദിതരോടുള്ള അദ്ദേഹത്തിന്റെ ഗുണകാംക്ഷയും നീതിക്കുവേണ്ടിയുള്ള അടങ്ങാത്ത ദാഹവും എന്ന വസ്തുതക്ക് മുന്‍കൂര്‍ അടിവരയിടണം.

സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളില്‍ മാര്‍ക്‌സ് വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യനെ അപ്പം കൊണ്ട് മാത്രം ജീവിക്കുന്ന ജീവിയായി മാര്‍ക്‌സ് ചുരുക്കുന്നതായാണ് ഒരാക്ഷേപം. വ്യക്തി, സാമൂഹിക ബന്ധങ്ങളുടെ അടിസ്ഥാനം സാമ്പത്തികമാണെന്ന് സിദ്ധാന്തിക്കുന്ന മാര്‍ക്‌സ് ഉല്‍പാദനോപകരണങ്ങള്‍ അധീനപ്പെടുത്തുകയാണ് സ്വാതന്ത്ര്യത്തിനുള്ള വഴി എന്നു വിശ്വസിക്കുന്നു. എന്നാല്‍ അമിതമായ ലളിതവല്‍ക്കരണമായാണ് പില്‍ക്കാല സാമൂഹിക ശാസ്ത്രകാരന്മാര്‍ ഈ വാദത്തെ കണ്ടത്. ശാസ്ത്രീയം എന്നവകാശപ്പെട്ട മേല്‍ ആശയം ശാസ്ത്രീയമായി തെളിയിക്കാനോ നിരാകരിക്കാനോ സാധിക്കാത്ത ഒരഭ്യൂഹം മാത്രമാണ്. സാമൂഹിക ഉപരിഘടനയെ നിര്‍ണയിക്കുന്നത് സാമ്പത്തിക ഘടകങ്ങള്‍ മാത്രമല്ല. മതം, സംസ്‌കാരം, കുലം, രാഷ്ട്രീയം തുടങ്ങി മറ്റനേകം ഘടകങ്ങള്‍ കൂടി അതില്‍ പങ്കു വഹിക്കുന്നുണ്ട്. ഏതെങ്കിലും ഒരു ഘടകത്തെ മാത്രം അടര്‍ത്തിയെടുത്ത് സാമൂഹിക ബന്ധങ്ങളെക്കുറിച്ചുള്ള പൊതുതത്ത്വം ആവിഷ്‌കരിക്കാനാവില്ല.

മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തിന്റെ കാതല്‍ എന്നു വിശേഷിപ്പിക്കാവുന്ന വൈരുധ്യാധിഷ്ഠിത ഭൗതിക വാദവും ചരിത്രപരമായ ഭൗതിക വാദവും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. വര്‍ഗസമരം അനിവാര്യമാണെന്നും സ്വാഭാവികമായ ചരിത്ര വളര്‍ച്ചയുടെ ഫലമായി ഫ്യൂഡലിസവും മുതലാളിത്തവും കാലക്രമത്തില്‍ തിരോഭവിച്ച് സോഷ്യലിസവും ഒടുവില്‍ കമ്യൂണിസവും നിലവില്‍ വരുമെന്നുമുള്ള മാര്‍ക്‌സിയന്‍ സിദ്ധാന്തം ചരിത്രപരമായ നിര്‍ണയ വാദ (Historical determinism) മാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. 'നിരീശ്വരവാദിയെന്നു സ്വയം പ്രഖ്യാപിച്ച മാര്‍ക്‌സ് ദൈവവിശ്വാസം കൊണ്ട് മാത്രം നീതീകരിക്കാവുന്ന പ്രാപഞ്ചികമായ ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്തുകയാണ് ചെയ്തത്' എന്ന് ബര്‍ട്രന്റ് റസ്സല്‍ ഇതേക്കുറിച്ചു പറഞ്ഞു. മനുഷ്യ വംശത്തിന്റെ ചരിത്രം മുഴുവന്‍ മാര്‍ക്‌സ് ഉപദര്‍ശിച്ചതുപോലെ, ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സംഘട്ടനങ്ങളുടേതായിരുന്നുമില്ല.

സാമൂഹിക മാറ്റങ്ങളുടെ അടിസ്ഥാനം സാമ്പത്തികമല്ലെന്നും സാര്‍വദേശീയ പ്രതിഭാസങ്ങളല്ല പ്രാദേശിക ഘടകങ്ങളാണ് മാറ്റങ്ങളുടെ ചാലകശക്തിയെന്നും അവ ഒന്നല്ല അനേകമാണെന്നും മിഷേല്‍ ഫൂക്കോ അഭിപ്രായപ്പെടുന്നുണ്ട്.

മൂല്യത്തെയും ലാഭത്തെയും കുറിച്ചുള്ള മാര്‍ക്‌സിന്റെ പരികല്‍പനകളും വിമര്‍ശനം നേരിട്ടു. വേല (Labour) ആണ് മൂല്യം നിശ്ചയിക്കുന്നതെന്ന മാര്‍ക്‌സിന്റെ തത്ത്വം ശരിയല്ലെന്നു കാല്‍ മെന്‍ഗര്‍ ചൂണ്ടിക്കാണിക്കുന്നു. വ്യവസായ ശാലയില്‍ ഒരു വസ്തു ഉല്‍പാദിപ്പിക്കപ്പെടുമ്പോള്‍ തൊഴിലാളിയുടെ അധ്വാനം മാത്രമല്ല ആ വസ്തുവിന്റെ മൂല്യം തീരുമാനിക്കുന്നത്. അസംസ്‌കൃത വസ്തുവിന്റെ ലഭ്യത, ഉടമയുടെ മൂലധനം, മാനേജര്‍മാരുടെ സേവനം എന്നിവയെല്ലാം മൂല്യനിര്‍ണയത്തില്‍ ഭാഗഭാക്കാവുന്നുണ്ട്. മുതലാളിയുടെ ലാഭം തൊഴിലാളിയുടെ അധ്വാനം കൊള്ളചെയ്തുണ്ടാവുന്നതാണെന്ന വാദത്തിനും നിലനില്‍പില്ല. ലഭ്യതSupply)യും ചോദന(Demand)വും മൂല്യം അഥവാ വില തീരുമാനിക്കുന്നതില്‍ പ്രധാന ഘടകമായി വര്‍ത്തിക്കുന്നുവെന്ന ധനതത്ത്വചിന്തകനായ മാര്‍ഷലിന്റെ നിരീക്ഷണം കൂടി ഇതോട് ചേര്‍ത്തു വായിക്കണം. ചൂഷണം മാത്രമല്ല ലാഭത്തിന്റെ ഉറവിടം. ലാഭം ഒരു ചീത്ത സംഗതിയായി കാണാനാവില്ല. ചൂഷണത്തെ വേറിട്ടു കാണുകയും കൈകാര്യം ചെയ്യുകയുമാണ് വേണ്ടത് തൊഴിലുടമ എപ്പോഴും ചൂഷകനാവണമെന്നുമില്ല. തൊഴിലാളിയും മുതലാളിയും തമ്മിലുള്ള ബന്ധം സംഘട്ടനത്തിന്റേതു മാത്രമല്ല, സഹകരണത്തിന്റേതു കൂടിയാവാം. ഈ വസ്തുതയെ അവഗണിക്കുന്നത് കണ്ണടച്ച് ഇരുട്ട് സൃഷ്ടിക്കലാണ്. സാമൂഹിക, സാമ്പത്തിക ബന്ധങ്ങളില്‍ സാങ്കേതിക വിദ്യ വരുത്തുന്ന മാറ്റങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും വിമര്‍ശകര്‍ കരുതുന്നു.

സാമൂഹിക സമത്വത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ കാഴ്ചപ്പാട് അപ്രായോഗികമായ ഉട്ടോപ്യന്‍ സോഷ്യലിസത്തിന്റെ പുനരവതരണമാണെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. വ്യക്തി അപ്രധാനവും രാഷ്ട്രം സര്‍വപ്രധാനവുമാവുമ്പോള്‍ വ്യക്തിയുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. 'ഓരോരുത്തനില്‍നിന്നും അവനവന്റെ കഴിവിനനുസരിച്ച്, ഓരോരുത്തര്‍ക്കും അവരവര്‍ക്ക് ആവശ്യമുള്ളത്' എന്ന തത്ത്വം പറയാന്‍ സുഖമുള്ളതാണെങ്കിലും പ്രായോഗികമല്ല. മാത്രമല്ല വ്യക്തിയെ ഉദാസീനനാക്കാനാണ് അതു നിമിത്തമാവുക. പ്രതിഫലം ആണ് വ്യക്തിക്ക് പ്രചോദനം. വിതരണത്തിലെ കൃത്രിമമായ തുല്യത ഉല്‍പാദന പ്രക്രിയയിലെ പങ്കാളികളുടെ കാര്യക്ഷമതയെ കെടുത്തുകയാണ് ചെയ്യുക.

മനുഷ്യരെ രണ്ടു വര്‍ഗങ്ങളായി ചുവപ്പും വെളുപ്പും കള്ളികളില്‍ വേലികെട്ടി നിര്‍ത്താനാവുമോ എന്നതും പ്രസക്തമായ ചോദ്യമാണ്. വര്‍ഗം ഏകാത്മകമായ അസ്തിത്വമല്ല എന്ന് സാര്‍ത്ര് പറയുന്നത് തികച്ചും ശരിയാണ്. സാമ്പത്തികമായി സമാന താല്‍പര്യങ്ങള്‍ പങ്കുവെക്കുന്ന സംഘടിത വിഭാഗത്തെയാണ് മാര്‍ക്‌സ് വര്‍ഗം (Class) എന്നതു കൊണ്ടര്‍ഥമാക്കുന്നത്. ഉല്‍പാദന ഘടനയാണ് വര്‍ഗരൂപീകരണത്തെ നിയന്ത്രിക്കുന്നത്. തൊഴിലാളികള്‍ സദാ കൂലി വര്‍ധിപ്പിക്കാനും മുതലാളിമാര്‍ സദാ ലാഭം വര്‍ധിപ്പിക്കാനുമുള്ള ശ്രമത്തിലുമായിരിക്കുമെന്ന് മാര്‍ക്‌സ് പറയുന്നു. ഇതാണ് താല്‍പര്യങ്ങളുടെ ഏറ്റുമുട്ടല്‍. എന്നാല്‍ ഇത് ഇങ്ങനെ തന്നെയാവണമെന്നില്ല എന്നാണ് വിമര്‍ശക പക്ഷം.

മാര്‍ക്‌സിന്റെ പ്രവചനങ്ങള്‍ പാഴായത് മാര്‍ക്‌സിസ്റ്റ് ചിന്തയുടെ പരാജയമായി വിമര്‍ശകര്‍ വിലയിരുത്തുന്നു. ആഭ്യന്തര പ്രതിസന്ധികള്‍ മൂര്‍ഛിച്ച് മുതലാളിത്തം തകരും എന്നതായിരുന്നു മാര്‍ക്‌സിന്റെ ഒരു പ്രവചനം. എന്നാല്‍ ഈ പ്രവചനത്തിനു നേരെ വിപരീതമായി സോഷ്യലിസ്റ്റ് ചേരി മുതലാളിത്ത ചേരിയിലേക്ക് ചേക്കേറുന്നതിനാണ് ചരിത്രം സാക്ഷ്യം വഹിച്ചത്. തൊഴിലാളി വര്‍ഗം അധികാരം ആദ്യം പിടിച്ചെടുക്കുക വികസിത മുതലാളിത്ത രാജ്യങ്ങളിലായിരിക്കുമെന്ന പ്രവചനവും പുലര്‍ന്നില്ല. ഇംഗ്ലണ്ടിലോ അമേരിക്കയിലോ ആയിരുന്നു മാര്‍ക്‌സിന്റെ പ്രവചനമനുസരിച്ച് സോഷ്യലിസ്റ്റ് വിപ്ലവം ആദ്യം നടക്കേണ്ടിയിരുന്നത്. അതുണ്ടായില്ല. കമ്യൂണിസം പുലരുന്നതോടെ 'ഭരണകൂടങ്ങള്‍ കൊഴിഞ്ഞുവീഴു'മെന്ന പ്രവചനവും പാളുകയാണുണ്ടായത്. ഭരണകൂടങ്ങള്‍ ഇല്ലാതാവുന്നതിനു പകരം ഏകാധിപത്യം തഴച്ചുവളരുന്നതിനാണ് എല്ലാ കമ്യൂണിസ്റ്റ് നാടുകളും സാക്ഷ്യം വഹിച്ചത്.

ഏകാധിപത്യം, മര്‍ദക വാഴ്ച, മനുഷ്യാവകാശ ലംഘനങ്ങള്‍, സാമ്പത്തിക പിന്നാക്കാവസ്ഥ, സ്വാതന്ത്ര്യനിഷേധം, സെന്‍സര്‍ഷിപ്പ്, സാമ്രാജ്യത്വാധിനിവേശം ഇവയാണ് സോവിയറ്റ് റഷ്യ, ചൈന, കംബോഡിയ, കൊറിയ, അല്‍ബേനിയ, ചെക്കോസ്ലോവാക്യ, ഹംഗറി, ക്യൂബ മുതല്‍ കമ്യൂണിസ്റ്റ് നാടുകളുടെ നീക്കിയിരിപ്പ്. ലെനിനും സ്റ്റാലിനും മാവോയും പോള്‍പോട്ടും ചെഷസ്‌ക്യൂവും എന്‍വര്‍ ഓജയും മറ്റും കൊന്നുതള്ളിയ മനുഷ്യരുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. സോവിയറ്റ് യൂനിയന്റെ തകര്‍ച്ച ആഹ്ലാദത്തോടെയാണ് ആ നാട്ടിലെ ജനത സ്വീകരിച്ചത്. ചുവപ്പു ഭീകരത (Red Terror) ഭീതിപ്പെടുത്തുന്ന ഓര്‍മയായിരുന്നു അവര്‍ക്ക്. കൊല്ലപ്പെടേണ്ട വര്‍ഗശത്രുക്കളായാണ് രാഷ്ട്രീയ എതിരാളികളെ കമ്യൂണിസം എന്നും കണ്ടിരുന്നത്. ഇവിടെ വിസ്തരിക്കേണ്ടതില്ലാത്ത വിധം പ്രചാരം നേടിയവയാണ് ഞെട്ടിക്കുന്ന ആ സ്ഥിതിവിവരങ്ങള്‍.

മാര്‍ക്‌സ് ആഗ്രഹിച്ച വിധമല്ല അദ്ദേഹത്തിന്റെ ആശയങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടത് എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. മാര്‍ക്‌സിസത്തില്‍നിന്ന് മാര്‍ക്‌സിന്റെ വിമര്‍ശകര്‍ ഉയര്‍ന്നു വന്ന പശ്ചാത്തലം ഇതാവാം. മാര്‍ക്‌സ് ഇനിയും തിരുത്തപ്പെടാനും പൂരിപ്പിക്കപ്പെടാനുമിരിക്കുന്നു എന്നു വിചാരിക്കാനാണ് ന്യായം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (76-77)
എ.വൈ.ആര്‍

ഹദീസ്‌

മധുരതരമാകട്ടെ പ്രതികാരങ്ങള്‍
ഹാഫിസ് ബശീര്‍ ഈരാറ്റുപേട്ട