Prabodhanam Weekly

Pages

Search

2018 ജൂലൈ 06

3058

1439 ശവ്വാല്‍ 21

അര്‍ധ സത്യത്തെ പൂര്‍ണ സത്യമാക്കി അവതരിപ്പിച്ച മാര്‍ക്‌സിസം

ടി. മുഹമ്മദ് വേളം

ഇസ്ലാമല്ലാത്ത എല്ലാ ദര്‍ശനങ്ങളുടെയും പൊതു സ്വഭാവം അവ അര്‍ധ സത്യങ്ങളെ പൂര്‍ണ സത്യങ്ങളായി അവതരിപ്പിക്കുന്നു എന്നതാണ്. മാര്‍ക്സിസം തെറ്റും പരാജയവുമായത് അത് സിദ്ധാന്തിച്ചത് മുച്ചൂടും തെറ്റായ കാര്യങ്ങള്‍ ആയതുകൊണ്ടല്ല. അപൂര്‍ണ സത്യങ്ങളെ പൂര്‍ണ സത്യങ്ങളായി അവതരിപ്പിച്ചതുകൊണ്ടാണ്. ശകലത്തെ സകലമാക്കിയ പ്രത്യയശാസ്ത്രമാണ് മാര്‍ക്സിസം. അതിന്റെ മറ്റൊരര്‍ഥം മാര്‍ക്സിസം പറഞ്ഞതില്‍ ഭാഗികമായ ധാരാളം ശരികളുണ്ടായിരുന്നു എന്നു കൂടിയാണ്. ഈ ഭാഗിക ശരികളെ ഭാഗിക ശരികളായി കാണാനുള്ള കഴിവ് മാര്‍ക്സിസത്തിന് ഇല്ലായിരുന്നു. അതുകൊണ്ട് അത് സ്വര്‍ഗവഴി എന്ന പേരില്‍ ഒരുപാട് നരകങ്ങള്‍ സൃഷ്ടിച്ചു. അപ്പോഴും അത് ചൂഷണരഹിതമായ ലോകത്തെക്കുറിച്ച് കിനാവുകള്‍ ഉയര്‍ത്തിപ്പിടിക്കുകയും ഒരുപാട് പേരെ പ്രത്യക്ഷമായും പരോക്ഷമായും അതിലേക്ക് ഉത്തേജിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. 

കാള്‍ മാര്‍ക്സിന്റെയും ഫെഡ്രറിക് എംഗല്‍സിന്റെയും മനുഷ്യ ചരിത്രത്തിലെ മൗലിക സംഭാവനയായി മാര്‍ക്സിസ്റ്റുകള്‍ മനസ്സിലാക്കുന്നത് ചരിത്രപരമായ ഭൗതികവാദത്തെ കണ്ടെത്തി എന്നതാണ്. സാമൂഹിക വികാസ പ്രക്രിയയില്‍ വൈരുധ്യാത്മക ഭൗതികവാദം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ വിശദീകരണമാണിത്. മാനവ ചരിത്രത്തിന്റെ ചലനത്തിന് ഒരു നിശ്ചിത നിയമമുണ്ടെന്ന് അവര്‍ പ്രഖ്യാപിച്ചു. എഴുതപ്പെട്ട മനുഷ്യ ചരിത്രം വര്‍ഗസമരത്തിന്റെ ചരിത്രമാണെന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ വാക്യമാണ് ഈ മൗലികാശയത്തിന്റെ താക്കോല്‍ വാക്യം. ഇതുതന്നെ ഒരര്‍ധ സത്യത്തെ പൂര്‍ണ സത്യമായി അവതരിപ്പിച്ചതാണ്. സമൂഹത്തില്‍ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത വര്‍ഗങ്ങള്‍ ഉണ്ട്. ഉള്ളവരും ഇല്ലാത്തവരും തമ്മില്‍ ചരിത്രത്തില്‍ സംഘട്ടനങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷേ, ചരിത്രത്തില്‍ നടന്ന സംഘട്ടനങ്ങളെല്ലാം ഉള്ളവരും ഇല്ലാത്തവരും തമ്മിലല്ല. ചരിത്രത്തില്‍ നടന്ന അധിക സംഘട്ടനങ്ങളും ഉള്ളവരും ഉള്ളവരും തമ്മിലാണ്. ഇല്ലാത്തവര്‍ പലപ്പോഴും ഇരുപക്ഷത്തുമുള്ള ഉള്ളവരുടെ ഉപകരണങ്ങളായിരുന്നു. വര്‍ഗപരമായ അഥവാ, സാമ്പത്തികമായ പ്രചോദനങ്ങളാല്‍ അല്ലാത്ത എത്രയോ സംഘട്ടനങ്ങള്‍ ചരിത്രത്തില്‍ ഉടനീളം കാണാന്‍ കഴിയും. 11-ാം നൂറ്റാണ്ടു മുതല്‍ 15-ാം നൂറ്റാണ്ടുവരെ നീണ്ടുനിന്ന കുരിശു യുദ്ധങ്ങളുടെ പ്രചോദനം കേവലം സാമ്പത്തികമായിരുന്നില്ല. ഇന്നും സാമ്രാജ്യത്വം മൂന്നാം ലോകത്തിനു നേരെ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കു പിന്നിലുള്ളത് സാമ്പത്തിക പ്രചോദനങ്ങള്‍ മാത്രമല്ല. മുസ്ലിം സമൂഹം നടത്തുന്ന ചെറുത്തുനില്‍പ്പുകളുടെ പ്രചോദനവും വര്‍ഗപരം മാത്രമല്ല. ഈ അക്രമത്തിലും പ്രതിരോധത്തിലും മതവും വംശവും സുപ്രധാനമായ ഘടകമാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ ചരിത്രത്തിലുടനീളം നടന്നത് സംഘര്‍ഷം മാത്രമാണെന്നതും ചരിത്രപരമായി വാസ്തവികമല്ല. ഉള്ളവരും ഇല്ലാത്തവരും തമ്മില്‍ സംഘര്‍ഷവും സഹകരണവും ചരിത്രത്തില്‍ കാണാന്‍ കഴിയും. അതേസമയം വര്‍ഗസംഘട്ടനങ്ങളും ചരിത്രത്തില്‍ കാണാന്‍ സാധിക്കും. റോമാ സാമ്രാജ്യത്തില്‍ സ്പാര്‍ട്ടക്കസിന്റെ നേതൃത്വത്തില്‍ ഉടമകള്‍ക്കെതിരെ അടിമകളുടെ കലാപം നടക്കുന്നു്. അത് ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടു. 6000 കലാപകാരികള്‍ കുരിശിലേറ്റപ്പെട്ടു. ഇത് സമ്പദ്ഘടനയുടെ തകര്‍ച്ചക്ക് കാരണമാവുകയും ചെയ്തു.

ചരിത്രത്തെക്കുറിച്ച ഭൗതിക കാഴ്ചപ്പാട് പോലെ സമൂഹത്തെക്കുറിച്ച് മാര്‍ക്സിസം മുന്നോട്ടുവെച്ച സിദ്ധാന്തമാണ് മേല്‍പ്പുര-അടിത്തട്ട് സിദ്ധാന്തം. ഉല്‍പാദന ബന്ധങ്ങളാണ് ഉപരിഘടന. മതം, ആശയം, കല, സംസ്‌കാരം എന്നിവയെല്ലാം ആ ഉപരിഘടനയില്‍നിന്ന് രൂപം കൊള്ളുന്ന അന്തര്‍ ഘടനയാണ്. ഒരു ഉല്‍പ്പാദന വ്യവസ്ഥയിലെ (പ്രാകൃത കമ്യൂണിസം, അടിമ വ്യവസ്ഥ, ഫ്യൂഡലിസം, മുതലാളിത്തം, സോഷ്യലിസം, കമ്യൂണിസം എന്നിവയാണ് മാര്‍ക്സിസം പറയുന്ന ഉല്‍പ്പാദന വ്യവസ്ഥകള്‍) മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളാണ് ഉല്‍പ്പാദന ബന്ധങ്ങള്‍. ഈ ആത്യന്തികവാദവും തെറ്റാണെന്ന് ചരിത്രപരമായി തെളിയിക്കാന്‍ കഴിയും. എല്ലാ മതവിശ്വാസങ്ങള്‍ക്കും ഉല്‍പ്പാദന വ്യവസ്ഥയിലെ മാറ്റങ്ങള്‍ക്കനുസൃതമായി മൗലിക മാറ്റങ്ങള്‍ സംഭവിക്കുന്നില്ല. ഇസ്ലാം അതിന്റെ പുരോഗമനപരമായ ഉദാഹരണമാണ്. ഇന്ത്യയിലെ ജാതിവ്യവസ്ഥ ഇതിന്റെ പ്രതിലോമപരമായ ഉദാഹരണമാണ്. കൊളോണിയലിസത്തിനും ജനാധിപത്യത്തിനുമെല്ലാം ശേഷവും ജാതി രൂപവ്യത്യാസത്തോടെ തുടരുക തന്നെയാണ്. കാരണം ജാതിബോധം ഉല്‍പ്പാദന ബന്ധമാകുന്ന ഉപരിഘടനയുടെ മാത്രം സൃഷ്ടിയല്ല. ഉപരിഘടനയുടെ ഫലം എന്ന് മാര്‍ക്‌സ് കരുതിയ കീഴ്ത്തട്ടിന്റെ സൃഷ്ടിയാണ്. സവര്‍ണ ഹൈന്ദവ മതത്തിന്റെ സൃഷ്ടിയാണ്. ഭൗതിക സാഹചര്യവുമായല്ല, ആശയ ലോകവുമായാണ് അതിന് അടിസ്ഥാനപരമായ ബന്ധം. 

മനുഷ്യന്റെ തെരഞ്ഞെടുപ്പിന് പ്രസക്തിയില്ലാത്ത വിധിവാദം പോലെയാണ് ഉല്‍പ്പാദന ബന്ധങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്ന സമൂഹത്തെക്കുറിച്ച മാര്‍ക്സിയന്‍ കാഴ്ചപ്പാട്; പ്രത്യേകിച്ച് മുതലാളിത്തത്തിന്റെ ആവിര്‍ഭാവം വരെയുള്ള ചരിത്ര ഘട്ടത്തില്‍. മാര്‍ക്സിനെ സംബന്ധിച്ചേടത്തോളം ചരിത്രത്തിലെ മുഴുവന്‍ അനീതികളും അതത് കാലത്തെ ഉല്‍പാദന ബന്ധങ്ങളുടെ സ്വാഭാവിക ഫലമാണ്; അനിവാര്യതയാണ്. ആ കാലഘട്ടത്തിലാവട്ടെ ആ ഉല്‍പാദന ബന്ധങ്ങള്‍ മാത്രമേ സാധ്യമാവുകയുള്ളൂ. അടിമ-ഉടമ വ്യവസ്ഥയില്‍ ഉടമ അടിമയെ ചൂഷണം ചെയ്യുക, മര്‍ദിക്കുക എന്നത് സ്വാഭാവികമാണ്. ആ ചരിത്ര കാലഘട്ടത്തിലാവട്ടെ അടിമ ഉടമ ബന്ധം മാത്രമേ സാധ്യമാവുകയുമുള്ളൂ. ഉടമകള്‍ അടിമകളോട് ചെയ്ത അന്യായങ്ങളൊന്നും അന്യായങ്ങളാണെന്നു പറയാനാവില്ല. അവയെല്ലാം ചരിത്രപരമായ അനിവാര്യതകളായിരുന്നു. മാര്‍ക്സിസത്തിന്റെ ഈ പ്രതിസന്ധി അലി ശരീഅത്തി ഇങ്ങനെ വിശദീകരിക്കുന്നു: ''ആദ്യകാലത്തെ ഉല്‍പ്പാദനം കായികവും വൈയക്തികവുമായിരുന്നു. ആ ഉല്‍പ്പാദന രീതിക്കനുസൃതമായ ഉപരി ഘടനയാണ് സ്വകാര്യ ഉടമസ്ഥത. യന്ത്രങ്ങള്‍ വന്നതോടെ ഉല്‍പ്പാദന രീതി സാമൂഹികമായി മാറി. തുടര്‍ന്ന് അന്തര്‍ഘടനയും. എന്നാല്‍ ഉപരിഘടനയിലെ സ്വകാര്യ ഉടമസ്ഥതക്ക് ഒരു മാറ്റവും വന്നില്ല. അങ്ങനെ മാറിയ അന്തര്‍ഘടനയും മാറാത്ത സ്വകാര്യ ഉടമസ്ഥതയും പരസ്പരം ഏറ്റുമുട്ടുന്നു. ഈ വൈരുധ്യം അനിവാര്യമായും ഒരു വിപ്ലവത്തില്‍ കലാശിക്കുന്നു. അന്തര്‍ഘടന അതിനനുരൂപമായ ഒരു ഉപരിഘടനയെ തേടുന്നു. ഇതാണ് വ്യാവസായിക മുതലാളിത്തത്തില്‍ നടക്കുന്നത്. സോഷ്യലിസമെന്നത്, യാന്ത്രികതയുടെ അന്തര്‍ ഘടനക്കനുസൃതമായ ഉപരിഘടനയുടെ സാക്ഷാത്കാരമാണ്. ഇത്തരത്തിലുള്ള വിശകലനം വ്യവസായ യുഗത്തിന് മുമ്പുണ്ടായിരുന്ന എല്ലാ സാമൂഹിക വ്യവസ്ഥകളെയും വര്‍ഗബന്ധങ്ങളെയും, മതപരവും ധാര്‍മികവും നിയമപരവുമായ സര്‍വ രൂപങ്ങളെയും ഒന്നടങ്കം ന്യായീകരിക്കാനുള്ള സൗകര്യം നല്‍കുന്നു. ചരിത്രത്തിന്റെ വൈരുധ്യാത്മക ഭൗതിക വ്യാഖ്യാനം അടിമ സമ്പ്രദായത്തെപ്പോലും ന്യായീകരിക്കുന്നു. കാര്‍ഷിക ഉല്‍പാദന രീതിയുടെ സവിശേഷമായ സാമൂഹിക ഉപരിഘടനയാണ് അടിമത്തം. പ്രാകൃത സാമൂഹികാവസ്ഥ(പ്രാകൃത കമ്യൂണിസം)യുടെ ഉല്‍പ്പാദനരീതി വേട്ടയില്‍നിന്ന് കൃഷിയിലേക്ക് മാറിയപ്പോള്‍ പുതിയ ഉല്‍പ്പാദന ശക്തികളുടെ ആവശ്യം നേരിട്ടു. കൂടുതല്‍ മൃഗങ്ങളെയും മനുഷ്യരെയും നിയോഗിക്കേണ്ടി വന്നു. അങ്ങനെ മൃഗ പരിപാലനവും അടിമ സമ്പ്രദായവും നിലവില്‍ വന്നു. ഇത് ചരിത്രപരമായ ഒരനിവാര്യതയായിരുന്നു.'' 

സപാര്‍ട്ടക്കസല്ല റോമിലെ ഉടമകളായിരുന്നു ചരിത്രപരമായ ശരി, ബിലാലല്ല മര്‍ദകനായ ഉടമ ഉമയ്യത്തായിരുന്നു ശരി എന്നര്‍ഥം. മാര്‍ക്സിയന്‍ വിഭാവനയനുസരിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ മിശിഹ യന്ത്രമാണ്. പ്രാകൃത സമൂഹത്തിന് ശേഷം സാമൂഹികമായ ഉല്‍പ്പാദന രീതി ഏറ്റവും ശക്തമായി കൊണ്ടുവന്നത് യന്ത്രങ്ങളാണ്, വ്യവസായ വിപ്ലവമാണ്. വര്‍ഗ വൈരുധ്യവും വര്‍ഗ ബോധവും വര്‍ഗ സംഘട്ടനവും വിപ്ലവവും വ്യവസായ വിപ്ലവത്തിന്റെ അനിവാര്യ ഫലമാണ്. 'മുതലാളിത്തം അതിന്റെ ശവക്കുഴി തോണ്ടുന്ന വര്‍ഗത്തെയും കൊണ്ടാണ് ഭൂമുഖത്ത് പിറവിയെടുത്തത്' എന്ന മാര്‍ക്സ് വചനം ഈ ആശയത്തിന്റെ കാവ്യാനുഭൂതി നല്‍കുന്ന പ്രഖ്യാപനമാണ്. 

എല്ലാ ചരിത്ര ഘട്ടങ്ങളിലും സമൂഹങ്ങളിലും എല്ലാ വ്യക്തികളിലും നന്മ സ്ഥാപിച്ചെടുക്കാനാണ് ഇസ്ലാം ശ്രമിക്കുന്നത്. കാരണം, മനുഷ്യന്‍ അതത് കാലത്തെ ഉല്‍പ്പാദന രീതികളാല്‍ മാത്രം നിര്‍ണയിക്കപ്പെടുന്നവരാണെന്ന് ഇസ്ലാം കരുതുന്നില്ല. 'ഈ നന്മകളുടെ സാക്ഷാത്കാരത്തിന് ഇസ്ലാമിന് ആവിയന്ത്രത്തിന്റെ വരവ് കാത്തിരിക്കേണ്ടതില്ല'- അലി ശരീഅത്തി.

ചരിത്രത്തെ ആറ് ഘട്ടങ്ങളായി തിരിച്ചുള്ള രേഖീയമായ മാര്‍ക്സിയന്‍ വ്യാഖ്യാനം ചരിത്രത്തെക്കുറിച്ച കാവ്യഭാവന മാത്രമാണ്. ഇങ്ങനെ വ്യവസ്ഥാപിത ക്രമത്തിലല്ല മനുഷ്യ സമൂഹം സഞ്ചരിച്ചത്. ഫ്യൂഡല്‍ കാര്‍ഷിക ബന്ധങ്ങള്‍ വളര്‍ന്നു വന്നതോടെ അടിമത്തം ഇല്ലാതായില്ല. അടിമത്തം ഏറ്റക്കുറച്ചിലോടെയാണെങ്കിലും 20-ാം നൂറ്റാണ്ടുവരെ നിലനിന്നു. അടിമ സമൂഹങ്ങളെ ഏറ്റവും ക്രൂരമായി അടിച്ചമര്‍ത്തുകയും ചൂഷണം ചെയ്യുകയും ഏറ്റവും വിപുലമായി ആഗോളതലത്തില്‍ കച്ചവടം നടത്തുകയും ചെയ്തത് മുതലാളിത്ത കാലഘട്ടത്തിലാണെന്നു കാണാം. 

ചരിത്രത്തെക്കുറിച്ച ഈ കവിഭാവന കമ്യൂണിസത്തിന്റെ കാര്യത്തില്‍ പോലും ശരിയായി പുലര്‍ന്നില്ല. വ്യവസായ വിപ്ലവത്തിന്റെ സൃഷ്ടിയായ ഫാക്ടറി തൊഴിലാളികളാണ് സ്വയം തിരിച്ചറിഞ്ഞ ചരിത്രത്തിലെ ആദ്യത്തെ വര്‍ഗം. മുതലാളിത്തം അതിന്റെ ശവക്കുഴി തോണ്ടുന്ന വര്‍ഗത്തെയും കൊണ്ടാണ് ഭൂമുഖത്ത് പിറന്നു വീണത് എന്ന മാര്‍കസ് വചനം വീണ്ടും ഓര്‍മിക്കുക. ആ വര്‍ഗം ഫാക്ടറി തൊഴിലാളികളുടെ വര്‍ഗമാണ്. മാര്‍ക്‌സ് മുന്നോട്ടുവെച്ച ചരിത്രത്തെക്കുറിച്ച രണ്ട് ചലന നിയമങ്ങളും തെറ്റിച്ചുകൊണ്ടാണ് 1917-ല്‍ റഷ്യയില്‍ വിപ്ലവം നടന്നത്. മുതലാളിത്തത്തിലെ വര്‍ഗവൈരുധ്യം മൂര്‍ഛിച്ച് സ്വാഭാവികമായി നടന്ന വിപ്ലവമായിരുന്നില്ല അത്. ഫ്യൂഡല്‍ ഘടനയില്‍നിന്ന് സോഷ്യലിസത്തിലേക്കുള്ള ചാട്ടമായിരുന്നു. വിപ്ലവം നടത്തിയത് ഫാക്ടറി തൊഴിലാളികളല്ല, ബോള്‍ഷെവിക് പാര്‍ട്ടിയാണ്. ഇതിനെ ന്യായീകരിച്ചുകൊണ്ട് ലെനിന്‍ രണ്ട് പുതിയ സിദ്ധാന്തങ്ങള്‍ മുന്നോട്ടുവെച്ചു. ഒന്ന്, മുതലാളിത്തം ഇപ്പോള്‍ ആഗോള സാമ്രാജ്യത്വമായി മാറിയിരിക്കുന്നു. അതുകൊണ്ട് അതിലെ ദുര്‍ബല കണ്ണിയാണ് പൊട്ടിക്കാന്‍ എളുപ്പം. രണ്ട്, പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയായ ബോള്‍ഷെവിക് പാര്‍ട്ടി അത് ഫാക്ടറി തൊഴിലാളികളുടെ സൃഷ്ടിയല്ലെങ്കിലും അവര്‍ തൊഴിലാളി വര്‍ഗത്തിന്റെ മുന്നണിപ്പടയാണ്. മാര്‍ക്സ് അവകാശപ്പെട്ടത് വിപ്ലവ സിദ്ധാന്തം ശാസ്ത്രമാണെന്നാണ്. ചരിത്രത്തെ വിലയിരുത്തുകയും ഭാവിയെ പ്രവചിക്കുകയും ചെയ്ത ശാസ്ത്രം. ചരിത്രത്തിന്റെ ചലന നിയമത്തിന്റെ കണ്ടുപിടിത്തം, മനുഷ്യന്റെ പൊതുവായ ഭൂതത്തിന്റെ കാര്യത്തില്‍ മാത്രമല്ല സ്വയം സൃഷ്ടിച്ച ഭാവിയുടെ കാര്യത്തിലും അത് തെറ്റാണെന്ന് മാര്‍ക്സിസം തന്നെ തെളിയിച്ചു. മാര്‍ക്സിസം ശാസ്ത്രീയമല്ലെന്ന് അഥവാ വസ്തുനിഷ്ഠമല്ലെന്ന് മറ്റൊരര്‍ഥത്തില്‍ കൂടി സോവിയറ്റ് യൂനിയന്‍ തെളിയിക്കുകയുമുണ്ടായി. ഉല്‍പ്പാദനോപാധികള്‍ പൊതു ഉടമസ്ഥതയില്‍ കൊണ്ടുവന്നാല്‍ ജനങ്ങളുടെ മനോഭാവം ഉപരിഘടനക്കനുസൃതമായി സ്വാഭാവികമായും പരിവര്‍ത്തിതമാകും എന്ന ശാസ്ത്രവും തെറ്റാണെന്ന് സോവിയറ്റ് യൂനിയന്‍ തെളിയിച്ചു. സോഷ്യലിസത്തില്‍നിന്ന് കമ്യൂണിസമുണ്ടാകുന്നതിനു പകരം സോഷ്യലിസത്തില്‍നിന്ന് മുതലാളിത്തമുണ്ടായി. 

മാര്‍ക്സിസത്തിന്റെ പിഴവുകളുടെ തുടക്കം മനുഷ്യനെ മനസ്സിലാക്കുന്നതിലുള്ള പിഴവിലാണ്. ഈ പിഴവിനെ മുന്‍നിര്‍ത്തി ഇസ്ലാമും മാര്‍ക്സിസവും തമ്മിലുള്ള മൗലിക വ്യത്യാസം അലി ശരീഅത്തി പ്രസ്താവിക്കുന്നുണ്ട്. ''ഇസ്ലാമിന്റെ ദൃഷ്ടിയില്‍ മനുഷ്യന്‍ ആദമിന്റെ സന്തതികളാണ്; മാര്‍ക്സിസത്തില്‍ ഉപകരണങ്ങളുടെയും.'' മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടില്‍ മനുഷ്യന്‍ ഉപകരണത്തിന്റെ ഉപയോഗത്തിന്റെ സൃഷ്ടിയാണ്. മനുഷ്യനെ വ്യത്യസ്തനാക്കിയത് ഉപകരണങ്ങളുടെ ഉപയോഗമാണെന്ന് മാര്‍ക്സിസം സിദ്ധാന്തിച്ചു. ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ മനുഷ്യന്‍ ദൈവത്തിന്റെ സൃഷ്ടിയാണ്. ദൈവത്താല്‍ നാമങ്ങള്‍ പഠിപ്പിക്കപ്പെട്ടവനാണ്. മനുഷ്യന്റെ ബോധവികാസത്തില്‍ ഉല്‍പാദന ഉപകരണങ്ങളേക്കാള്‍ പങ്കുവഹിച്ചത് ഭാഷയാണ്. അതുകൊണ്ടാണ് സൃഷ്ടിപ്പിന്റെ സന്ദര്‍ഭത്തില്‍ ദൈവം മനുഷ്യനെ നാമങ്ങള്‍ പഠിപ്പിച്ചു എന്ന് ഖുര്‍ആന്‍ പറയുന്നത്. മനുഷ്യന്റെ ബോധം വികസിക്കുന്നത് ഭാഷയിലൂടെയാണ്, ഉല്‍പാദന ഉപകരണങ്ങളുടെ വികാസം എന്നതിനേക്കാള്‍ ഭാഷയുടെ വികാസമാണ് മനുഷ്യന്റെ വളര്‍ച്ചയുടെയും പുരോഗതിയുടെയും അടിത്തറ. ഉപകരണങ്ങള്‍ ബോധവികാസത്തില്‍ ഒരു പങ്കു വഹിച്ചിട്ടുണ്ട്. ബോധം പ്രവൃത്തിയെ മാത്രമല്ല, പ്രവൃത്തി ബോധത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് ഇമാം ഗസാലി വിശദീകരിക്കുന്നുണ്ട്. ദേഹീദേഹ ബന്ധം എന്നാണ് ഗസാലി ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ ഭാഗിക സത്യത്തെ പൂര്‍ണ സത്യമാക്കി അതിനു മുകളില്‍ പടുത്തുയര്‍ത്തിയ അര്‍ധ വസ്തുതകളുടെ പ്രത്യയശാസ്ത്രമാണ് മാര്‍ക്സിസം.

 

മനുഷ്യനെ പ്രചോദിപ്പിച്ച കവിത

സമൂഹത്തിലെ അധികാരബന്ധങ്ങള്‍ പ്രകൃതി പ്രതിഭാസമല്ല, മനുഷ്യസൃഷ്ടിയാണ് എന്ന് തെളിമയോടെ കാണിച്ചുതന്നു എന്നതാണ് മാര്‍ക്‌സിസത്തിന്റെ സംഭാവന. മൂലധന നിയമങ്ങളും വര്‍ഗനിയമങ്ങളും പുരുഷാധിപത്യ സാമൂഹിക വഴക്കങ്ങളുമെല്ലാം സമൂഹത്തിന്റെ സ്വാഭാവികതകളായാണ് മനസ്സിലാക്കപ്പെടാറുള്ളത്. പണത്തിന് വളരാനുള്ള ത്വരയുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യനോടും പ്രകൃതിയോടും ചൂഷണ സ്വഭാവമുണ്ട്. ഭരണകൂടമെന്നത് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമിടയിലെ, സവര്‍ണനും അവര്‍ണനുമിടയിലെ, സ്ത്രീക്കും പുരുഷനുമിടയിലെ നിഷ്പക്ഷ സ്ഥാപനമല്ല. അതിന്  വര്‍ഗ, ജാതി, വംശ, ലിംഗ പക്ഷപാതിത്വങ്ങള്‍ ഉണ്ട്.

വ്യക്തിയുടെ കഴിവുകള്‍, നേട്ടങ്ങള്‍ എന്നിവ കേവലം വ്യക്തികളുടെ കഴിവോ നേട്ടമോ അല്ല. അവര്‍ക്ക്, അവരുടെ കുടുംബത്തിന് ലഭിച്ച നിരവധി അവസരങ്ങളുടെ കൂടി ഫലമാണ്. വ്യക്തികള്‍ എന്നാല്‍ പലപ്പോഴും അനീതിപൂര്‍വകമായ സാമൂഹിക ബന്ധങ്ങളുടെ സൃഷ്ടികള്‍ കൂടിയാണ്. ഓരോ വ്യക്തിയും ചരിത്രപരവും സാമൂഹികവുമായ നിരവധി ബന്ധ വ്യവസ്ഥക്കകത്താണ് ജനിക്കുന്നതും വളരുന്നതും. ദലിതുകള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും യോഗ്യതയില്ല, മുന്നാക്കക്കാരാണ് യോഗ്യതയുള്ളവര്‍ എന്നു വരുമ്പോള്‍ അത് രണ്ട് സമൂഹത്തിലെയും വ്യക്തികളുടെ കേവല വ്യക്തിപരമായ കഴിവിന്റെയും കഴിവുകേടിന്റെയും പ്രശ്‌നമല്ല. മേല്‍പറഞ്ഞ ചരിത്രപരവും സാമൂഹികവുമായ ബന്ധവ്യവസ്ഥയുടെ പ്രശ്‌നം കൂടിയാണ്.

ഇവിടെ വ്യക്തികള്‍ക്ക് ഒരു സാധ്യതയുമില്ല എന്നല്ല. വ്യക്തിയുടെ സാധ്യതകള്‍ അംഗീകരിച്ചുകൊണ്ടുതന്നെ സമൂഹനിയമങ്ങള്‍ എങ്ങനെയാണ് വ്യക്തികളില്‍ ചിലരെ ഗുണകരമായും ചിലരെ ദോഷകരമായും ബാധിക്കുന്നത് എന്നു മനസ്സിലാക്കാന്‍ മാര്‍ക്‌സിസ്റ്റ് രീതിശാസ്ത്രം സഹായിക്കും (സമൂഹത്തിലെ മേലാള-കീഴാള ബന്ധത്തെക്കുറിച്ച് ആദ്യം പറഞ്ഞത് മാര്‍ക്‌സ് അല്ലെങ്കിലും അതിനെ ഇത്ര ജനകീയമായ ഒരാശയമാക്കി മാറ്റുന്നതില്‍ മാര്‍ക്‌സിസത്തിനുള്ള പങ്ക് ഒരു ചരിത്ര യാഥാര്‍ഥ്യമാണ്).

മാര്‍ക്‌സിസത്തെ അതിന്റെ പല ആത്യന്തികതകളില്‍നിന്നും മോചിപ്പിച്ച് വികസിപ്പിക്കാന്‍ ശ്രമിച്ചത് കീഴാള രാഷ്ട്രീയമാണ്. വര്‍ഗ വിശകലന രീതിശാസ്ത്രത്തെ അവര്‍ ജാതിയിലേക്കും വംശത്തിലേക്കും ലിംഗത്തിലേക്കും പരിസ്ഥിതിയിലേക്കുമൊക്കെ വികസിപ്പിച്ചു. കീഴാള രാഷ്ട്രീയത്തിന്റെ അപകടകരമായ സവര്‍ണ മേലാള വംശീയവിരോധം ഒരര്‍ഥത്തില്‍ മാര്‍ക്‌സിസത്തിന്റെ സംഭാവനയുമാണ്. നന്നാവാനാവാത്ത മുതലാളി എന്നതിന്റെ നീള്‍ച്ച (Extention)യാണ് നന്നാവാനാവാത്ത മേലാളന്‍/സവര്‍ണന്‍ എന്ന സങ്കല്‍പം.

സമൂഹത്തെ, അതിന്റെ ചലന നിയമങ്ങളെ മനസ്സിലാക്കാനുള്ള ഒരു ഉപകരണമാണ് ആത്യന്തികതകളില്‍നിന്ന് മോചിപ്പിക്കപ്പെട്ട മാര്‍ക്‌സിസം. മനുഷ്യശരീരത്തിന് ചില നിയമങ്ങള്‍ ഉള്ളതുപോലെ സമൂഹശരീരത്തിനും ചില നിയമങ്ങളുണ്ട്. അത് മനസ്സിലാക്കിയാല്‍ അതില്‍ ഇടപെടാനും ഗുണപരമായ മാറ്റങ്ങള്‍ വരുത്താനും സാധിക്കും. ഇത് ഇസ്‌ലാമിനും മാര്‍ക്‌സിസത്തിനും ഇടയില്‍ പരസ്പര യോജിപ്പുള്ള സത്യമാണ്. മാര്‍ക്‌സിസം അതിന്റെ ആത്യന്തികതകള്‍ കിഴിച്ചാല്‍ ഒരു സാമൂഹിക ശാസ്ത്രമാണ്, സമൂഹ വിശകലന രീതിയാണ്. ആത്യന്തികതകള്‍ ഒഴിവാക്കുകയും മാര്‍ക്‌സ് കാണാതെ പോയ പല യാഥാര്‍ഥ്യങ്ങളും കൂട്ടിച്ചേര്‍ക്കുകയും ചെയ്താല്‍ അതൊരു മികച്ച സമൂഹ വിശകലന ഉപകരണമാണ്. ഇങ്ങനെ ഒഴിവാക്കുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്താല്‍ അതിനെ മാര്‍ക്‌സിസമെന്നു വിളിക്കാമോ, വിളിക്കേണ്ടതുണ്ടോ? ഇത് വേറെയൊരു ചര്‍ച്ചയാണ്. അതിന്റെ ഉത്തരം എന്തുതന്നെയാണെങ്കിലും മാര്‍ക്‌സ് മനുഷ്യരാശിയെ സംബന്ധിച്ചേടത്തോളം പ്രസക്തനായ ഒരു മനീഷിയാണ്.

ഇക്കാര്യം തുനീഷ്യയിലെ ഇസ്‌ലാമിക പ്രസ്ഥാന നായകനായ റാശിദുല്‍ ഗന്നൂശി തന്റെ ആത്മകഥയില്‍ ഇങ്ങനെ വിശദീകരിക്കുന്നുണ്ട്: ''ഈ സിദ്ധാന്തങ്ങള്‍ പൂര്‍ണ സത്യങ്ങളെന്ന നിലയില്‍ തള്ളിക്കളഞ്ഞതില്‍ പിന്നെ സത്യത്തിന്റെ ഭാഗിക സിദ്ധാന്തങ്ങളും വസ്തുതാപഗ്രഥനത്തിനു ഫലപ്രദമായ ഉപകരണവുമെന്ന നിലയില്‍ പരിഗണിക്കപ്പെട്ടു. നിരീശ്വരത്വം പോലുള്ള കൊള്ളരുതാത്ത ആശയങ്ങളില്‍ അധിഷ്ഠിതമാണെന്നതിനാല്‍ മാത്രം അല്ലെങ്കില്‍ ഉപജ്ഞാതാവിന്റെ തീവ്രതയും തദനുബന്ധമായ ശിഥിലതയും കാരണത്താല്‍ മാത്രം ഒരു ചിന്തയും തള്ളിക്കളയാന്‍ പാടില്ല. പ്രത്യുത കാര്യങ്ങള്‍ ത്രാസില്‍ വെച്ചു തൂക്കിനോക്കുകയാണ് വേണ്ടത്.... മാര്‍ക്‌സിസത്തിന്റെ അടിത്തറ വിമര്‍ശനത്തിലൂടെ തകര്‍ന്നുവെങ്കിലും നിരപേക്ഷ മൂല്യമോ ഡോഗ്മയോ അല്ലാത്ത വിശകലന ഉപകരണങ്ങളില്‍ ഒന്ന് എന്ന നിലയിലുള്ള അതിന്റെ സ്ഥാനം ഞങ്ങള്‍ വീണ്ടെടുക്കുകയുണ്ടായി... മനുഷ്യ പെരുമാറ്റത്തില്‍ സാമ്പത്തിക ചിന്തയുടെ ഘടകത്തിനുള്ള സ്വാധീനം പിന്നീട് ഞങ്ങള്‍ നിരാകരിക്കാന്‍ പോയില്ല. അവിടെ നിന്നാണ് സാമൂഹികനീതി സ്ഥാപിക്കാന്‍ ദാരിദ്ര്യത്തിനെതിരെയുള്ള ഇസ്‌ലാമിന്റെ പോരാട്ടത്തിനും 20-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിപ്ലവകാരിയായ ഇമാം ഖുമൈനി കത്തെിയ 'മുസ്തള്അഫീന്‍' (ദുര്‍ബലര്‍) നോടുള്ള പക്ഷപാതിത്വത്തിനും ഊന്നല്‍ നല്‍കിത്തുടങ്ങിയത്...''

സാമൂഹിക ശാസ്ത്രമെന്ന നിലക്കുള്ള പരിമിത പ്രസക്തി കഴിഞ്ഞാല്‍ മാര്‍ക്‌സിസം മനോഹരമായ ഒരു കവിതയാണ്. മാര്‍ക്‌സ് മികച്ച കവിയായിരുന്നു. മനുഷ്യനെക്കുറിച്ച ഭാവനയും അതിനു ജീവന്‍ നല്‍കുന്ന ഉജ്ജ്വലമായ ഭാഷയുമാണ് മാര്‍ക്‌സിസത്തിന്റെ ഒരു മാസ്മരികത.

അരിവാള്‍ ചുറ്റിക നക്ഷത്രം ഒരു പാര്‍ട്ടി ചിഹ്നമല്ല, കാവ്യബിംബമാണ്. മാര്‍ക്‌സിന്റെ ഓരോ വാചകവും വലിയ കാവ്യശക്തിയുള്ളവയാണ്. മാനിഫെസ്റ്റോയുടെ അന്ത്യവാചകത്തേക്കാള്‍ കഴിഞ്ഞ നൂറ്റാണ്ടിനെ സ്വാധീനിച്ച മറ്റേത് കവിതാശകലമുണ്ട്! 'സര്‍വരാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍, നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല, ചങ്ങലകളല്ലാതെ, നേടാനുള്ളതോ പുതിയൊരു ലോകം.' മനുഷ്യനെ ഇരിക്കുന്നേടത്തുനിന്ന് പോര്‍നിലങ്ങളിലേക്ക് എടുത്തുചാടിച്ച മാര്‍ക്‌സിന്റെ കാവ്യശക്തിയുള്ള എത്രയോ വരികള്‍ ഉദ്ധരിക്കാന്‍ കഴിയും. വേദവാക്യങ്ങള്‍ പോലെ അവ ലോകത്തുടനീളം ഉദ്ധരിക്കപ്പെട്ടു. വിമോചന സ്വപ്‌നവും ഭാഷയും ചേര്‍ന്നു നടത്തിയ ഇന്ദ്രജാലമാണ് മാര്‍ക്‌സിസം.

ഈ വിമോചനാശയം മാര്‍ക്‌സിനെ ആവേശിക്കുന്നത് സെമിറ്റിക് പാരമ്പര്യത്തില്‍നിന്നാണ്; വിമോചകരായ പ്രവാചകന്മാരുടെ ജൂത പാരമ്പര്യത്തില്‍നിന്ന്. യഹൂദ മതത്തില്‍നിന്ന് പ്രൊട്ടസ്റ്റന്റ് ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തയാളായിരുന്നു മാര്‍ക്‌സിന്റെ അഛന്‍. ബര്‍ട്രന്റ് റസ്സല്‍ എഴുതുന്നു: ''ചരിത്രത്തിന്റെ ഭൂത ഭാവികളെക്കുറിച്ച യഹൂദ ഘടന (ഖലംശവെ ജമേേലൃി)െ എല്ലാ കാലത്തെയും ഭാഗ്യഹീനര്‍ക്കും മര്‍ദിതര്‍ക്കും അത്യധികം ആവേശകരമായി അനുഭവപ്പെടുന്നു. യഹൂദ ഘടന ക്രിസ്തുമതത്തിന് പാകമാക്കിയത് സെന്റ് അഗസ്റ്റനും സോഷ്യലിസത്തിന് പാകമാക്കിയത് മാര്‍ക്‌സുമാണ്. മാര്‍ക്‌സിസത്തിന്റെ ക്രിയാത്മക ഘടകമെന്ന നിലയില്‍ ദരിദ എടുത്തുപറയുന്ന മാനവ മോചനം അതിന്റെ മൂലരൂപത്തില്‍ പ്രത്യക്ഷപ്പെട്ടത് യഹൂദ-ക്രൈസ്തവ സംസ്‌കാരത്തിലായിരുന്നു. ഹിന്ദുമതത്തിലെ മോക്ഷത്തില്‍നിന്നും ബുദ്ധമതത്തിലെ നിര്‍വാണത്തില്‍നിന്നും വ്യത്യസ്തമാണ് സെമിറ്റിക് മതങ്ങളിലെയും മാര്‍ക്‌സിസത്തിലെയും മോചന സങ്കല്‍പം'' (പ്രതിവാദങ്ങള്‍, വി.സി ശ്രീജന്‍).

വിമോചക മതത്തിന്റെ ആത്മാവിന് കടുത്ത ഭൗതിക ശരീരം നല്‍കുകയാണ് മാര്‍ക്‌സ് ചെയ്തത്. അതുകൊണ്ടുതന്നെയാണ് അത് നിരവധി വൈരുധ്യങ്ങളില്‍ ചെന്നുപെട്ടത്; ഒരു സാമൂഹിക പദ്ധതി എന്ന നിലക്ക് തകര്‍ന്നുപോയതും. അപ്പോഴും അതിന്റെ ആത്മാവിന്റെ ഇസ്‌ലാമികാംശത്തെ നാം കാണാതിരിക്കരുത്. ഇസ്‌ലാമിന്റെ വിമോചനപരതയെ സമകാലിക ലോകത്ത് കൂടുതല്‍ രൂപപ്പെടുത്താനും മൂര്‍ത്തമാക്കാനും മാര്‍ക്‌സിസം സഹായിക്കും, സഹായിച്ചിട്ടുണ്ട് എന്നത് ഒരു ചരിത്ര യാഥാര്‍ഥ്യമാണ്.

അതിവാദങ്ങളും അസ്പൃശ്യതകളും ഉപേക്ഷിച്ചാല്‍ മാര്‍ക്‌സിസത്തിനും കീഴാള പ്രസ്ഥാനങ്ങള്‍ക്കും മറ്റു ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും ഒരുമിച്ചുനില്‍ക്കാവുന്ന ഒരുപാടിടങ്ങള്‍ നമുക്ക് മുന്നിലുണ്ട്. തുനീഷ്യയില്‍ ഇസ്‌ലാമിക പ്രസ്ഥാനം മേല്‍പറഞ്ഞ സമീപനം സ്വീകരിച്ചതോടെ പൊതുവായ ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പരിശ്രമങ്ങളില്‍ ഇസ്‌ലാമിസ്റ്റുകളും ഇടതുപക്ഷവും ലിബറലുകളും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങി എന്ന് ഗന്നൂശി പറയുന്നുണ്ട്. ഇവിടെ ആരാണ് തടസ്സമെന്ന് ഇടതുപക്ഷം ഉള്‍പ്പെടെ ആലോചിക്കേണ്ടതാണ്. മാര്‍ക്‌സിസത്തെ ജനാധിപത്യപരമായും സര്‍ഗാത്മകമായും മനസ്സിലാക്കുന്നതില്‍ മിക്ക മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനങ്ങളും പരാജയപ്പെടുകയായിരുന്നു. അവര്‍ അതിനെ വെളിപാടുപോലെ മനസ്സിലാക്കി. എന്നാല്‍ വെളിപാടിന്റെ ആഴമോ തുറസ്സോ അതിനില്ലായിരുന്നു താനും.

മര്‍ദിതന്റെ വിമോചനമെന്നത് ലോകത്ത് ജനകോടികളെ പ്രലോഭിപ്പിക്കുന്ന ആശയമാണെന്നതാണ് മാര്‍ക്‌സിസത്തിന്റെ ചരിത്രാനുഭവം പഠിപ്പിക്കുന്ന ഏറ്റവും സുപ്രധാനമായ പാഠം. മോക്ഷത്തിന്റെയും വിമോചനത്തിന്റെയും (Salvation and Liberation) സാധ്യതകള്‍ ഒരേസമയം ഉള്‍ക്കൊള്ളുന്ന ഇസ്‌ലാം ആ രണ്ട് സാധ്യതകളും ലോകത്തിനു മുന്നില്‍ ശരിയായ രീതിയില്‍ തുറന്നുവെച്ചാല്‍ അതിന്റെ സാധ്യതകള്‍ അപാരമാണെന്നാണ് ഇത് തെളിയിക്കുന്നത്. ഇസ്‌ലാമിനു ശേഷം ലോകത്തെ ഇത്രമേല്‍ കീഴടക്കിയ മറ്റൊരാശയവും കാണാന്‍ കഴിയില്ല. 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (76-77)
എ.വൈ.ആര്‍

ഹദീസ്‌

മധുരതരമാകട്ടെ പ്രതികാരങ്ങള്‍
ഹാഫിസ് ബശീര്‍ ഈരാറ്റുപേട്ട