Prabodhanam Weekly

Pages

Search

2018 ജൂലൈ 06

3058

1439 ശവ്വാല്‍ 21

സന്തോഷം വരുന്ന വഴികള്‍

അസ്‌ലം വാണിമേല്‍

എല്ലാ വര്‍ഷവും മാര്‍ച്ച് ഇരുപത് സന്തോഷ ദിനമായി ഐക്യരാഷ്ട്രസഭ ആചരിച്ചുവരുന്നു. 2012-ലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ആദ്യമായി ലോക സന്തോഷദിനം ആഘോഷിച്ചത് 2013-ലാണ്. മനുഷ്യരാശിക്ക് മുഴുവന്‍ സന്തോഷം നല്‍കുക എന്നതാണ് ഈ ദിനാഘോഷം കൊണ്ട് ലക്ഷ്യം വെക്കുന്നത്. നമ്മുടെ ശ്രമങ്ങളെല്ലാം ഈ ലോകത്ത് സന്തോഷം നിറക്കുന്നതാകണം.

സന്തോഷം പങ്കുവെക്കുക എന്നതാണ് ലോക സന്തോഷ ദിനത്തിന്റെ മുദ്രാവാക്യം. സമ്മര്‍ദങ്ങളുടെയും സന്താപത്തിന്റെയും ദുര്‍ഘട പാതയിലൂടെ കടന്നുപോകുന്ന സമകാലിക ലോകത്തിന് ഏറ്റവും ആശ്വാസമേകുന്ന മുദ്രാവാക്യം തന്നെയാണിത്. വ്യക്തി, കുടുംബ, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെല്ലാം തന്നെ സന്തോഷം കെടുത്തിക്കളയുന്ന പ്രവണതകളും സംഭവങ്ങളും ദിനേന ഉണ്ടായിക്കൊണ്ടിരിക്കുന്നു. ആനന്ദത്തിമിര്‍പ്പില്‍ ആര്‍ത്തുല്ലസിക്കേണ്ട നിഷ്‌കളങ്ക ബാല്യവും കൗമാരവും ഇന്ന് സിറിയ പോലെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ദുഃഖത്തിലും ദുരിതത്തിലും കഴിഞ്ഞുകൂടുകയാണ്. ഈയൊരു സാഹചര്യത്തില്‍ യഥാര്‍ഥ സന്തോഷമെന്താണെന്നും അത് എങ്ങനെ നേടിയെടുക്കാമെന്നും കൈമാറ്റം ചെയ്യപ്പെടാമെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.

ചിരിക്കുന്ന മുഖവും കളിതമാശയുള്ള സംസാരവും സന്തോഷത്തിന്റെ അടയാളമായി പലപ്പോഴും വിലയിരുത്താറുണ്ട്. അത് ശരിയാവണമെന്നില്ല. കാരണം, ലഹരിക്കടിമപ്പെട്ടവരും ഇത്തരം സ്വഭാവങ്ങള്‍ കാണിക്കാറുണ്ട്. ലഹരി മാറിക്കഴിയുമ്പോള്‍ അവര്‍ കൂടുതല്‍ ദുഃഖിതരായി മാറുന്നു. പണവും ജീവിത സൗകര്യങ്ങളുമാണ് സന്തോഷത്തിന്റെ ഉറവിടമെന്ന് കരുതുന്നു മറ്റു ചിലര്‍. എന്നാല്‍ ഉയര്‍ന്ന ജീവിത നിലവാരമുള്ള പല ധനികന്മാരും വിഷാദ രോഗം ബാധിച്ചും ഉറക്കം കിട്ടാതെയും പ്രയാസപ്പെടുന്നത് നാം കാണുന്നു. അപ്പോള്‍ യഥാര്‍ഥ സന്തോഷം എന്താണെന്നും അതിന്റെ ഉറവിടം എവിടെയാണെന്നും ഇനിയും നാം കണ്ടെത്തേണ്ടിയിരിക്കുന്നു.

സന്തോഷമാണ് ജീവിതത്തിന്റെ അര്‍ഥവും ഉദ്ദേശ്യവും, അതാണ് മനുഷ്യ നിലനില്‍പിന്റെ ലക്ഷ്യവും എന്ന് അരിസ്റ്റോട്ടില്‍ പറയുകയുണ്ടായി. നമ്മുടെ സന്തോഷം നമ്മെ തന്നെ ആശ്രയിച്ചിരിക്കുന്നു എന്നുകൂടി അരിസ്റ്റോട്ടില്‍ പറഞ്ഞുവെച്ചു. സന്തോഷം ഓരോരുത്തരുടെയും ഹൃദയത്തില്‍നിന്ന് ഉത്ഭവിക്കുന്ന നന്മയുടെ ഉറവയാണ്. അത് പ്രതീക്ഷയാണ്, പ്രത്യാശയാണ്.

സന്തോഷത്തെ ഒറ്റവാക്കില്‍ നിര്‍വചിക്കാന്‍ കഴിയാത്തതിനാല്‍ പലരും പല തരത്തില്‍ വിശദീകരിക്കുന്നു. സന്തോഷമെന്നത് ആഹ്ലാദവും ക്ഷേമവും സംതൃപ്തിയും പ്രതീക്ഷയും സുരക്ഷിതത്വവുമാണ്; പോസിറ്റീവ് വികാരങ്ങള്‍ ഉള്‍ക്കൊണ്ട് ഉന്മേഷത്തോടെ ജോലി ചെയ്യാന്‍ നമ്മെ പ്രാപ്തമാക്കുന്ന ഒരു മാനസികാവസ്ഥയാണ്-ഇങ്ങനെയാണ് പൊതുവെ മനസ്സിലാക്കപ്പെടുന്നത്. മനസ്സിലുണ്ടാകുന്ന നെഗറ്റീവ് ചിന്തകളെ പോസിറ്റീവാക്കി മാറ്റുക എന്നതാണ് സന്തോഷം നിലനിര്‍ത്താന്‍ ആദ്യമായി ചെയ്യേണ്ടത്. സന്തോഷത്തോടെ ജീവിക്കുന്നവരെല്ലാം എല്ലാ കാര്യങ്ങളും ഏറ്റവും നല്ല രീതിയില്‍ ലഭിച്ചവരല്ല. മറിച്ച്, ലഭിച്ചതെല്ലാം ഏറ്റവും നന്നാക്കിത്തീര്‍ക്കുകയാണ് അവര്‍ ചെയ്യുന്നത്. സന്തോഷവാന്മാര്‍ ലഭിച്ചതിനെകുറിച്ച് ചിന്തിച്ച് ആഹ്ലാദിക്കുമ്പോള്‍, സന്താപമുള്ളവര്‍ കിട്ടാതെ പോയതിനെ കുറിച്ച് ചിന്തിച്ച് ദുഃഖിക്കുന്നു.

സന്തോഷത്തിന്റെ ഉറവിടങ്ങള്‍ പൊതുവെ നാലായി തരംതിരിക്കാം: ഒന്ന്, ഭൗതിക നേട്ടങ്ങളും സുഖസൗകര്യങ്ങളും ലഭിക്കുമ്പോഴുണ്ടാകുന്ന സന്തോഷം. രണ്ടാമത്തേത്, സ്വന്തം നില മറ്റുള്ളവരേക്കാള്‍  മെച്ചമാണ് എന്ന തോന്നലില്‍ നിന്നുണ്ടാവുന്ന സന്തോഷം. മൂന്നാമത്തേത് മറ്റുള്ളവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യുമ്പോഴുണ്ടാകുന്ന സന്തോഷമാണ്. നാലാമത്തേത് മതത്തിനോ മറ്റു ആദര്‍ശങ്ങള്‍ക്കോ വേണ്ടി ജീവിതം സമര്‍പ്പിക്കപ്പെടുമ്പോള്‍ ലഭിക്കുന്ന ആത്മീയ സന്തോഷം.

ജെയിംസ് മോണ്‍ടിയര്‍ എന്ന പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ 'സന്തോഷത്തിന്റെ മനഃശാസ്ത്രം' എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണ റിപ്പോര്‍ട്ടില്‍ സന്തോഷത്തിന്റെ മൂന്ന് ഘടകങ്ങളെക്കുറിച്ച് പറയുന്നുണ്ട്. നമ്മുടെ സന്തോഷത്തിന്റെ 50 ശതമാനം പാരമ്പര്യ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ആകൃതി, വലുപ്പം, നിറം, ബുദ്ധി, ശാരീരിക-മാനസിക കഴിവുകള്‍, കഴിവുകേടുകള്‍ എല്ലാം തന്നെ ഒരു പരിധിയോളം ഈ പാരമ്പര്യ ഘടകങ്ങളാണ് നിശ്ചയിക്കുന്നത്. അടുത്ത 10 ശതമാനം നമ്മുടെ ചുറ്റുപാടുകളെ ആശ്രയിച്ചിരിക്കുന്നു. ജീവിത നിലവാരം, തൊഴില്‍, വിദ്യാഭ്യാസം, ഭക്ഷണം മുതലായവ ഈ ഗണത്തില്‍ വരുന്നു. പാരമ്പര്യ ഘടകങ്ങളെയും ചുറ്റുപാടുകളെയും നമുക്ക് നിയന്ത്രിക്കാന്‍ സാധ്യമല്ല. ബാക്കി വരുന്ന 40 ശതമാനം സന്തോഷം മാത്രമേ നമ്മുടെ പരിശ്രമം കൊണ്ടും തെരഞ്ഞെടുപ്പു കൊണ്ടും നേടാന്‍ സാധിക്കൂ. എന്നാല്‍ ആധുനിക മനശ്ശാസ്ത്രം വിട്ടുകളഞ്ഞ ബാക്കി 60 ശതമാനം സന്തോഷവും ഇസ്‌ലാം അതിന്റെ അനുയായികള്‍ക്ക് തിരിച്ചു നല്‍കുന്നുണ്ടെന്നു കാണാം. അതിനെ പണ്ഡിതന്മാര്‍ വിശേഷിപ്പിച്ചത് 'രിദാ ബില്‍ ഖദാ' (അല്ലാഹു വിധിച്ചതില്‍ തൃപ്തിപ്പെടുക) എന്നാണ്. അതിനാല്‍ സൃഷ്ടികള്‍ക്ക് നിയന്ത്രണമില്ലാത്ത പാരമ്പര്യം, ചുറ്റുപാട് എന്നീ കാരണങ്ങളാല്‍ ഉണ്ടാകുന്ന എന്തും അല്ലാഹുവിന്റെ വിധി എന്ന നിലയില്‍ സന്തോഷപൂര്‍വം അവര്‍ സ്വീകരിക്കുന്നു. നമുക്ക് ഇഷ്ടമില്ലാത്തത് ചിലപ്പോള്‍ ഗുണകരമായേക്കും എന്ന തുറന്ന സന്ദേശവും നല്‍കുന്നു.

നബി(സ) പഠിപ്പിച്ച ഒരു പ്രാര്‍ഥനയിലും ഇതു തന്നെയാണ് നാം ഉരുവിടുന്നത്: 'അല്ലാഹുവേ, നീ നല്‍കിയതില്‍ എനിക്ക് സംതൃപ്തി നല്‍കേണമേ, അതില്‍ എനിക്ക് അനുഗ്രഹം ചൊരിയേണമേ, എനിക്ക് ലഭിക്കാത്തതിനേക്കാള്‍ കൂടുതല്‍ നല്ലതിനെ പകരം നല്‍കേണമേ' (ബുഖാരി).

നമ്മുടെ പ്രയത്‌നം കൊണ്ട് നേടാന്‍ സാധിക്കുന്ന 40 ശതമാനം സന്തോഷമുണ്ടല്ലോ, അത് പരമാവധി നേടാനായി നിരവധി സംവിധാനങ്ങള്‍ ഇന്ന് ലോകത്തുണ്ട്. ആയിരക്കണക്കിന് അമ്യൂസ്‌മെന്റ് പാര്‍ക്കുകളും റിക്രിയേഷന്‍ സെന്ററുകളും മറ്റ് വിനോദോപാധികളും ദിനേന ഉണ്ടായിക്കൊണ്ടിരിക്കുന്നു. എന്നിട്ടും വിഷാദ രോഗികളുടെ എണ്ണം കൂടിവരികയും ആത്മഹത്യകള്‍ പെരുകുകയും ചെയ്യുന്നു. ഇന്ത്യയില്‍ 5 കോടിയോളം പേര്‍ വിഷാദ രോഗത്തിന് അടിപ്പെട്ടിരിക്കുന്നുവെന്നും 65 ശതമാനത്തോളം യുവസമൂഹം വിഷാദ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയിട്ടുണ്ടെന്നും ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നു. ഇതില്‍നിന്ന് രക്ഷ നേടാന്‍ പലരും ലഹരിയില്‍ അഭയം തേടുന്നു. ഇത് ക്ഷണിക നേരത്തെ സന്തോഷം മാത്രമേ തരൂ; ഒടുവിലത് തീരാ ദുഃഖത്തിലേക്കും ദുരിതത്തിലേക്കുമാണ് എത്തിക്കുക.

 

പ്രാര്‍ഥനയുടെ പ്രസക്തി

സന്തോഷത്തിന്റെ ഉറവിടം മനസ്സാണെന്നതില്‍ തന്നെ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മനസ്സിന്റെ കഴിവുകൊണ്ട് അനുകൂലമാക്കി മാറ്റാന്‍ കഴിയും. നമ്മുടെ സന്തോഷം മറ്റുള്ളവരെ ആശ്രയിച്ചോ അവരുടെ അംഗീകാരത്തിലോ അല്ല കുടികൊള്ളുന്നത്. നാം സ്വയം തന്നെ അത് ഉണ്ടാക്കിയെടുക്കേണ്ടതാണ്. നിത്യ ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ നാം അഭിമുഖീകരിക്കേണ്ടി വരും. ഇവയെ നാം എങ്ങനെ സമീപിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ ജീവിതം സന്തോഷപ്രദമോ ദുഃഖസാന്ദ്രമോ ആയിത്തീരുക. ക്യാപ്റ്റന്‍ ജാക്ക് സ്പാരോ ഒരിക്കല്‍ പറഞ്ഞു: 'പ്രശ്‌നങ്ങളൊന്നും തന്നെ പ്രശ്‌നങ്ങളല്ല. പ്രശ്‌നങ്ങളോടുള്ള നമ്മുടെ മനോഭാവമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.' അപ്പോള്‍ ദുഃഖവും ഭയവുമില്ലാത്തതും ഏതു പ്രശ്‌നത്തെയും ശാന്തമായി നേരിടാന്‍ കഴിയുന്നതുമായ ഒരു മനസ്സ് ലഭിക്കാന്‍ നാം എപ്പോഴും അല്ലാഹുവോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക. നബി(സ) പഠിപ്പിച്ച ഒരു പ്രാര്‍ഥന കാണുക: 'അല്ലാഹുവേ, വിഷമങ്ങളില്‍നിന്നും ദുഃഖങ്ങളില്‍നിന്നും ഭയം, ലുബ്ധ്, ദുര്‍ബലത, ആലസ്യം, കടബാധ്യത, ആളുകളുടെ ആക്രമണം എന്നിവയില്‍നിന്നും ഞാന്‍ നിന്നോട് കാവല്‍ തേടുന്നു.'

താരതമ്യം ഒഴിവാക്കുക

സ്റ്റാന്‍ഫോര്‍ഡിലെ പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ ടീിഷമ ഘ്യൗയീാശൃസ്യെ സന്തോഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി വിവരിച്ചത്, സ്വന്തം നേട്ടത്തിലും ഉന്നമനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും മറ്റുള്ളവരുടെ ജീവിത സൗകര്യങ്ങളുമായി സ്വന്തം ജീവിതത്തെ താരതമ്യപ്പെടുത്താതിരിക്കുകയും ചെയ്യുക എന്നതാണ്. എങ്കില്‍ വലിയ സംതൃപ്തിയും സന്തോഷവും ലഭിക്കും. ഇതേ ആശയം പ്രവാചകന്‍ ഇങ്ങനെ പഠിപ്പിക്കുന്നു: 'നിങ്ങള്‍ നിങ്ങളെക്കാള്‍ താഴ്ന്നവരിലേക്ക് നോക്കുക, ഉയര്‍ന്നവരിലേക്ക് നോക്കരുത്.' ഇങ്ങനെ നമുക്ക് അല്ലാഹു നല്‍കിയ ഏതനുഗ്രഹവും വലുതായി കാണാന്‍ പറ്റും. അപ്പോള്‍ മനസ്സില്‍ സന്തോഷവും നന്ദിയും നിറയും. ''മനുഷ്യരില്‍ വിവിധ വിഭാഗങ്ങള്‍ക്കു നാം നല്‍കിയ ഐഹിക സുഖാഡംബരങ്ങളില്‍ നീ കണ്ണുവെക്കരുത്. അതിലൂടെ നാമവരെ പരീക്ഷിക്കുകയാണ്. നിന്റെ നാഥന്റെ ഉപജീവനമാണ് ഉത്കൃഷ്ടം. നിലനില്‍ക്കുന്നതും അതുതന്നെ'' (ഖുര്‍ആന്‍ 20:131).

 

പുഞ്ചിരിക്കുക, നിങ്ങള്‍ ഇഷ്ടപ്പെടാത്തപ്പോഴും

മനസ്സില്‍ സന്തോഷം നിറക്കാനും ആരോഗ്യകരമായി ജീവിക്കാനും അനിവാര്യമായ ഒന്നാണ് പുഞ്ചിരി. നമ്മുടെ മൂഡ് മോശമാണെങ്കിലും പുഞ്ചിരിക്കുമ്പോള്‍ മനസ്സില്‍ സന്തോഷം നിറയും എന്നാണ് ശാസ്ത്രമതം. പുഞ്ചിരി നമ്മെ കൂടുതല്‍ ആകര്‍ഷണീയതയുള്ള, ബുദ്ധിയും വിശ്വസ്തതയുമുള്ള ഒരു വ്യക്തിയാക്കി മാറ്റുന്നു. പുഞ്ചിരി സമ്മാനിക്കുന്ന ഗുണങ്ങള്‍ ഒരുപാടുണ്ടെന്ന് പുതിയ പഠനങ്ങള്‍. മാനസിക സമ്മര്‍ദം, രക്തസമ്മര്‍ദം, ചെറിയ വേദനകള്‍ എന്നിവ കുറക്കാനും രോഗപ്രതിരോധശേഷി, സാമൂഹിക ബന്ധങ്ങള്‍ എന്നിവ വര്‍ധിപ്പിക്കാനും പുഞ്ചിരി സഹായിക്കും. പുഞ്ചിരിയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രവാചകന്‍ ഉണര്‍ത്തിയിട്ടുണ്ട്. പുഞ്ചിരി ചെറിയ കാര്യമാണെങ്കിലും അതിന് വലിയ പ്രതിഫലമുള്ളതായും അതൊരു ദാനധര്‍മം തന്നെയായും നബി വിശേഷിപ്പിച്ചിട്ടുണ്ട്.

 

വ്യായാമം ചെയ്യല്‍

വിഷാദം അകറ്റാനും സന്തോഷം വര്‍ധിപ്പിക്കാനും വ്യായാമം ഒരു നല്ല മാര്‍ഗമാണെന്ന് ആരോഗ്യ ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. വ്യായാമം ശാരീരിക ആരോഗ്യം വര്‍ധിപ്പിക്കുന്നതോടൊപ്പം എന്‍ഡോര്‍ഫിന്‍ എന്ന രാസവസ്തു ഉല്‍പാദിപ്പിക്കുകയും ഇത് നമ്മുടെ തലച്ചോറിലെ സന്തോഷം നല്‍കുന്ന ഭാഗത്തെ ഉത്തേജിപ്പിച്ച് മാനസിക സുഖവും സന്തോഷവും നല്‍കുകയും ചെയ്യുന്നു. 'ദുര്‍ബലനായ വിശ്വാസിയേക്കാള്‍ കൂടുതല്‍ അല്ലാഹുവിനിഷ്ടം ശക്തനായ വിശ്വാസിയെയാണ്' എന്ന് പ്രവാചകന്‍.

 

സൗഹൃദവും കുടുംബബന്ധവും നിലനിര്‍ത്തുക

ഒറ്റപ്പെടലും ഉള്‍വലിയലും ദുഃഖവും വിഷാദവും വളര്‍ത്തും; സന്തോഷം ഇല്ലാതാക്കും. പ്രയാസങ്ങളും പ്രശ്‌നങ്ങളും പങ്കുവെക്കുന്നത് പ്രശ്‌നങ്ങള്‍ ലഘൂകരിക്കാനും പരിഹാരം കാണാനും സഹായിക്കുന്നു. കുടുംബ-അയല്‍പക്ക ബന്ധങ്ങള്‍ നിലനിര്‍ത്തുന്നത് വലിയ പുണ്യമായി ഇസ്‌ലാം കാണുന്നു. സോഷ്യല്‍ മീഡിയയും മറ്റു ആധുനിക സൗകര്യങ്ങളും ഏറ്റവും അടുത്തയാളെ അകറ്റാനും അകലത്തിലുള്ള ആളെ അടുപ്പിക്കാനുമാണിന്ന് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.

''നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനില്‍ ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക. മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കുക. ബന്ധുക്കള്‍, അനാഥകള്‍, അഗതികള്‍, കുടുംബക്കാരായ അയല്‍ക്കാര്‍, അന്യരായ അയല്‍ക്കാര്‍, സഹവാസികള്‍, വഴിപോക്കര്‍, നിങ്ങളുടെ അധീനതയിലുളള അടിമകള്‍ എല്ലാവരോടും നല്ല നിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചവും ദുരഹങ്കാരവുമുള്ള ആരെയും അല്ലാഹു ഒട്ടും ഇഷ്ടപ്പെടുന്നില്ല'' (ഖുര്‍ആന്‍ 4:36).

നബി(സ): 'ഒരു വിശ്വാസിക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങളില്‍ പെട്ടതാണ് നല്ല അയല്‍ക്കാരനും വിശാലമായ വീടും നല്ല വാഹനവും.'

നന്ദി പ്രകാശിപ്പിക്കുക

പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഒരുപോലെ സന്തോഷം പകരുന്നതാണ് നന്ദിവാക്കുകളും നന്ദിപ്രകടനങ്ങളും. നിര്‍ഭാഗ്യവശാല്‍ നന്ദി പ്രകടിപ്പിക്കുന്നതില്‍ പലപ്പോഴും മലയാളികള്‍ വല്ലാതെ പിശുക്ക് കാണിക്കുന്നു. നാം നന്ദി പ്രകടിപ്പിക്കുമ്പോള്‍ നമ്മളറിയാതെ ഒരു പോസിറ്റീവ് എനര്‍ജിയും സന്തോഷവും മനസ്സില്‍ ഉണ്ടാകുന്നു. നാം ആത്മാര്‍ഥമായി നന്ദി പ്രകടിപ്പിച്ച സന്ദര്‍ഭങ്ങളെ കുറിച്ച് ഓര്‍ത്തുനോക്കിയാല്‍ അത് ബോധ്യപ്പെടും.

നിത്യജീവിതത്തില്‍ മറ്റുള്ളവരോട് നന്ദി പ്രകടിപ്പിക്കുന്നവര്‍ക്ക് നന്ദി പ്രകടിപ്പിക്കാത്തവരേക്കാള്‍ ഉയര്‍ന്ന മാനസിക നില കൈവരും. അവര്‍ സന്തോഷത്തെ ഇല്ലാതാക്കുന്ന മാനസിക സമ്മര്‍ദങ്ങള്‍ കുറഞ്ഞവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ജോലിസ്ഥലങ്ങളില്‍ തൊഴിലാളികളോട് തൊഴിലുടമസ്ഥര്‍ പറയുന്ന നന്ദിവാക്കുകള്‍ തൊഴിലാളികളില്‍ സന്തോഷവും ആത്മാഭിമാനവും വളര്‍ത്തും. എത്ര ചെറിയ ഉപകാരമായാലും നന്ദി പറയുന്നതിലൂടെ സന്തോഷമാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ചീ ടാീസശിഴ എന്ന ബോര്‍ഡും ഠവമിസ ്യീൗ ളീൃ ിീ ോെീസശിഴ എന്ന ബോര്‍ഡും തമ്മില്‍ വലിയ വ്യത്യാസമുണ്ടല്ലോ.

സൃഷ്ടികളോട് നന്ദി പ്രകടിപ്പിക്കുന്നത് കേവലം നന്ദിവാക്കുകളായല്ല ഇസ്‌ലാം കാണുന്നത്. അത് ആത്മാര്‍ഥമായ പ്രാര്‍ഥന തന്നെയാണ്. 'ജസാകല്ലാഹു ഖൈര്‍' എന്ന പ്രാര്‍ഥനയിലൂടെ 'എന്താണോ താങ്കള്‍ക്ക് ലഭിക്കേണ്ട നന്മ അതെല്ലാം അല്ലാഹു നല്‍കട്ടെ' എന്ന പ്രാര്‍ഥനയാണ് നിര്‍വഹിക്കുന്നത്. കേവലം നന്ദിവാക്കിന് അപ്പുറത്താണിത്. മനുഷ്യരോടുള്ള നന്ദി, ലഭിച്ച ഉപകാരത്തെ പരിഗണിക്കലും അറിയിക്കലുമാണെങ്കില്‍, അല്ലാഹുവിനോടുള്ള നന്ദി വലിയ അംഗീകാരം നമുക്ക് നേടിത്തരുന്നു.

''നിങ്ങളുടെ നാഥനിങ്ങനെ വിളംബരം ചെയ്ത സന്ദര്‍ഭം: നിങ്ങള്‍ നന്ദി കാണിക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ ധാരാളമായി നല്‍കും; അഥവാ, നന്ദികേടു കാണിക്കുകയാണെങ്കില്‍ എന്റെ ശിക്ഷ കടുത്തതായിരിക്കുകയും ചെയ്യും'' (ഖുര്‍ആന്‍ 14:7). ജീവിതത്തിലെ ഏതു പ്രതിസന്ധിയെയും സന്തോഷത്തോടെ, ശാന്തമായി നേരിടാന്‍ പ്രവാചകന്മാര്‍ക്ക് സാധിച്ചത് അവരുടെ നന്ദിബോധം കാരണമായിരുന്നു. അല്ലാഹുവോട് നന്ദി കാണിച്ച പ്രവാചകന്മാരെ പേരെടുത്തു തന്നെ വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. നൂഹ് (17:3), ഇബ്‌റാഹീം (16:121), ദാവൂദ് (34:13) എന്നിവരെക്കുറിച്ച പരാമര്‍ശങ്ങള്‍ ഉദാഹരണം. നബി(സ)യുടെ ജീവിതം അതിനു മാതൃകയാണ്. ഉറക്കമുണര്‍ന്നതു മുതല്‍ ഉറങ്ങുന്നതുവരെ ഓരോ ഘട്ടത്തിലും ഹംദും ശുക്‌റും പ്രകടിപ്പിച്ചുകൊണ്ടായിരുന്നു പ്രവാചകന്‍ കഴിച്ചുകൂട്ടിയത്. ജീവിതത്തില്‍ സന്തോഷം ലഭിക്കാന്‍ നന്ദിയുള്ളവരാവുക. പ്രഥമമായി അല്ലാഹുവോടും ശേഷം സൃഷ്ടികളോടും.

 

പകരം പ്രതീക്ഷിക്കാതെ നല്‍കുക

ഒരിക്കലും മങ്ങാത്ത സന്തോഷത്തിന്റെ വഴിയാണ് പകരമൊന്നും പ്രതീക്ഷിക്കാതെ അല്ലാഹുവിന്റെ പ്രതിഫലം മാത്രം ലക്ഷ്യം വെച്ച് അത്യാവശ്യക്കാര്‍ക്കായി നാം നല്‍കുന്ന അധ്വാനം, സമയം, പണം എന്നിവ. അങ്ങനെയാകുമ്പോള്‍ നല്‍കുന്നയാള്‍ക്കും ലഭിക്കുന്നയാള്‍ക്കും ഒരുപോലെ സന്തോഷം ലഭിക്കുന്നു.

സന്തോഷമുള്ള ജീവിതം നാമെല്ലാം ആഗ്രഹിക്കുന്നു. തിരക്കും സമ്മര്‍ദവുമുള്ള ജീവിതം സന്തോഷത്തെ കെടുത്തിക്കളയും. ഓരോരുത്തരുടെയും കഴിവും സമയവുമനുസരിച്ച് ഓരോ ദിവസത്തെയും ജീവിതം ചിട്ടപ്പെടുത്തുക. ആവശ്യമായ വിശ്രമവും ഉറക്കവും മാനസിക ഉല്ലാസവും വ്യായാമവുമെല്ലാം നമ്മുടെ സന്തോഷ ജീവിതത്തിന് അത്യാവശ്യമാണ്. കുറേ കാര്യങ്ങള്‍ മുഷിപ്പോടെയും വെപ്രാളപ്പെട്ടും ഭംഗിയില്ലാതെയും ചെയ്യുന്നതിനേക്കാള്‍ നല്ലത് കുറച്ച് കാര്യങ്ങള്‍ സന്തോഷത്തൊടെയും ഭംഗിയോടെയും ചെയ്യുന്നതാണ്. നബി(സ) തന്റെ ഒരു ദിവസത്തെ ജീവിതം വളരെ കൃത്യമായി വിഭജിച്ച് ആസൂത്രണം ചെയ്തിരുന്നു. അതില്‍ ആരാധനാ കാര്യങ്ങള്‍, പൊതു കാര്യങ്ങള്‍, വ്യക്തിപരമായ കാര്യങ്ങള്‍ എന്നിവക്കെല്ലാം വേണ്ട വിധം പ്രാധാന്യം കൊടുത്തിരുന്നു. വിശ്വാസികള്‍ പ്രാര്‍ഥിക്കേണ്ട ഏറ്റവും പ്രധാന പ്രാര്‍ഥനയും അതാണ്; 'ഞങ്ങളുടെ നാഥാ, ഇഹലോകത്തും പരലോകത്തും നന്മ നല്‍കേണമേ, നരകശിക്ഷയില്‍നിന്ന് രക്ഷിക്കുകയും ചെയ്യേണമേ.' ഇവിടെ പറഞ്ഞ നന്മ സന്തോഷകരമായ ജീവിതമല്ലാതെ മറ്റെന്താണ്!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (76-77)
എ.വൈ.ആര്‍

ഹദീസ്‌

മധുരതരമാകട്ടെ പ്രതികാരങ്ങള്‍
ഹാഫിസ് ബശീര്‍ ഈരാറ്റുപേട്ട