Prabodhanam Weekly

Pages

Search

2018 ആഗസ്റ്റ് 03

3062

1439 ദുല്‍ഖഅദ് 20

ബഹുസ്വരതയില്‍ ജീവിക്കുന്ന മുസ്‌ലിം ഇസ്‌ലാമിനെ അടയാളപ്പെടുത്തേണ്ടത്

സയ്യിദ് സആദത്തുല്ല ഹുസൈനി

ഏതാനും സാംസ്‌കാരിക വിഭാഗങ്ങള്‍ ഒരു ഭൂപ്രദേശത്ത് ഒന്നിച്ചു താമസിക്കുന്നുണ്ടെങ്കില്‍ ആ സമൂഹത്തെ നമുക്ക് ബഹുസ്വരം എന്ന് വിശേഷിപ്പിക്കാം. സംസ്‌കാരം എന്നു പറയുമ്പോള്‍ വര്‍ണം, വംശം, ഭാഷ, മതം എന്നിവയൊക്കെ അതിനെ നിര്‍ണയിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ഘടകങ്ങളാണ്. അതിനാല്‍ ഈ ഘടകങ്ങളുടെയൊക്കെ അടിസ്ഥാനത്തില്‍ സാംസ്‌കാരിക വിഭാഗങ്ങള്‍ ഉണ്ടായിത്തീരാം. ഓരോ സാംസ്‌കാരിക വിഭാഗത്തിനും വേറിട്ട സ്വത്വം ഉണ്ടായിരിക്കും. ഓരോന്നിന്റെയും ഭക്ഷണ-വസ്ത്രധാരണ രീതികള്‍, വിശ്വാസാചാരങ്ങള്‍, സമ്പ്രദായങ്ങള്‍, പാരമ്പര്യങ്ങള്‍ എല്ലാം വ്യത്യസ്തമായിരിക്കും. ഈ ഭിന്നതയും വ്യത്യസ്തതയും കാരണമായി ഈ സാംസ്‌കാരിക വിഭാഗങ്ങള്‍ തമ്മില്‍ പലപ്പോഴും സംഘര്‍ഷങ്ങള്‍ ഉണ്ടാകാറു്. അതിനാല്‍ നവനാഗരികതയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പലതരം കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. ലോക മുസ്‌ലിം ജനസംഖ്യയില്‍ മൂന്നിലൊന്നും താമസിക്കുന്നത് മുസ്‌ലിംകളല്ലാത്തവര്‍ ഭൂരിപക്ഷമായ രാഷ്ട്രങ്ങളിലാണ്. മുസ്‌ലിംകള്‍ ഭൂരിപക്ഷമായ മിക്ക രാഷ്ട്രങ്ങളിലും ഗണ്യമായ തോതില്‍ അമുസ്‌ലിം ന്യൂനപക്ഷങ്ങളും താമസിക്കുന്നുണ്ട്. അതിനാല്‍ പലയിടങ്ങളില്‍നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യമാണ്, ബഹുസ്വര സമൂഹങ്ങളെക്കുറിച്ച് മുസ്‌ലിംകളുടെ കാഴ്ചപ്പാട് എന്താണ്, അത്തരം സാമൂഹിക സാഹചര്യങ്ങളില്‍ അവര്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നത്.

 

ഇസ്‌ലാമിക ചരിത്രത്തില്‍

ഇസ്‌ലാമിക ചരിത്രത്തിന്റെ തുടക്കത്തില്‍ തന്നെ ബഹുസ്വരതയെക്കുറിച്ച് കൃത്യമായ നിലപാടുകള്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. അവയുടെ പ്രായോഗിക മാതൃകകളും കണ്ടെത്താന്‍ പ്രയാസമില്ല. മിക്ക പ്രവാചകന്മാരും അവരുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് ബഹുദൈവാരാധകരായ സമൂഹങ്ങളിലായിരുന്നു. പ്രവാചകന്മാരുടെ പ്രബോധനം സ്വീകരിച്ച ആളുകള്‍ പൊതു ധാരയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ വിഭാഗമായി മാറുകയാണുണ്ടായത്. ഈ പ്രവാചകന്മാരുടെ ചരിത്രത്തില്‍നിന്നെല്ലാം ബഹുസ്വരതയോട് സ്വീകരിക്കേണ്ട നിലപാട് എന്താണെന്നതിനെക്കുറിച്ച് ചില അടിസ്ഥാന മാര്‍ഗനിര്‍ദേശങ്ങള്‍ നമുക്ക് ലഭിക്കുകയും ചെയ്യും. മൂസാ നബിയുടെ പ്രബോധന ജീവിതത്തില്‍നിന്ന് ഇന്ത്യന്‍ മുസ്‌ലിംകളെപ്പോലെ ബഹുസ്വര സമൂഹത്തില്‍ താമസിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് പലതും പകര്‍ത്താനുണ്ട്. മൂസാ നബി ജനിച്ചത് മറ്റൊരു വിഭാഗത്തിന്റെ അധീശത്വത്തില്‍ കഴിഞ്ഞിരുന്ന ബനൂ ഇസ്രാഈല്‍ എന്ന ന്യൂനപക്ഷ സമൂഹത്തിലായിരുന്നു. ഭൂരിപക്ഷം വരുന്ന ഖിബ്ത്വികളുമായി അവര്‍ സംഘര്‍ഷത്തിലായിരുന്നു.

മുഹമ്മദ് നബി(സ) മക്കയില്‍നിന്ന് പലായനം ചെയ്ത് മദീനയിലെത്തിയപ്പോള്‍ മൂന്നോ നാലോ സാംസ്‌കാരിക വിഭാഗങ്ങള്‍ അവിടെ നിലവിലുണ്ടായിരുന്നു. മദീനയിലും പ്രാന്തങ്ങളിലും ബഹുദൈവാരാധകരായ ഗോത്ര വിഭാഗങ്ങള്‍. പിന്നെ ജൂതഗോത്രങ്ങള്‍. അവരുടെ മതവിശ്വാസവും ആചാരങ്ങളും ജീവിത രീതിയുമെല്ലാം മറ്റു അറബികളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു. മുസ്‌ലിംകളില്‍ തന്നെ അഭയം തേടിവന്ന മുഹാജിറുകളും തദ്ദേശീയരായ അന്‍സ്വാറുകളും തമ്മില്‍ ജീവിതരീതികളില്‍ പല വ്യത്യാസങ്ങളും ഉണ്ടായിരുന്നു. ഖുലഫാഉര്‍റാശിദുകളുടെ കാലത്ത് പേര്‍ഷ്യന്‍-റോമന്‍ അധീനതയിലുള്ള പല പ്രദേശങ്ങളും മുസ്‌ലിംകളുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞിരുന്നുവല്ലോ. ഉമവികളുടെയും അബ്ബാസികളുടെയും കാലമാകുമ്പോഴേക്ക് സാംസ്‌കാരിക വൈജാത്യവും വ്യത്യസ്തതയും (Cultural Diversity) മുസ്‌ലിം ഭരണപ്രദേശങ്ങളുടെ മുഖമുദ്രയായി കഴിഞ്ഞിരുന്നു. മതപരമായി നോക്കിയാല്‍ മുസ്‌ലിംകള്‍ക്കു പുറമെ ജൂതന്മാര്‍, ക്രിസ്ത്യാനികള്‍, സൗരാഷ്ട്ര മതക്കാര്‍, ഹിന്ദുക്കള്‍, ബഹുദൈവാരാധകര്‍, ആഫ്രിക്കയിലെയും ഏഷ്യയിലെയും തദ്ദേശീയ പ്രാദേശിക മതാചാരങ്ങള്‍ കൊണ്ടുനടക്കുന്ന പലതരം വിഭാഗങ്ങള്‍ ഇവരെല്ലാം ഈ രാഷ്ട്രത്തില്‍ താമസിക്കുന്നുണ്ടായിരുന്നു. വംശീയമായി നോക്കിയാല്‍ അവരില്‍ അറബികളുണ്ട്, ഇറാനികളുണ്ട്, തുര്‍ക്കികളുണ്ട്, ബര്‍ബറുകളുണ്ട്, പഠാണികളുണ്ട്, മുഗളന്മാരുണ്ട്. പിന്നെ തനതായ വംശീയ സ്വത്വങ്ങള്‍ (Ethnic Identities) നിലനിര്‍ത്തുന്ന നിരവധി ഗോത്ര വിഭാഗങ്ങള്‍. ഇവരെല്ലാം തന്നെ ഇസ്‌ലാമിക രാഷ്ട്രാതിര്‍ത്തിക്കുള്ളില്‍ തങ്ങളുടെ തനിമ സംരക്ഷിച്ചുകൊണ്ട് ജീവിക്കുന്ന സ്വതന്ത്ര ജനവിഭാഗങ്ങളായിരുന്നു. ചുരുക്കത്തില്‍, ബഹുസ്വരതയുടെ പലതരം മാതൃകകളാല്‍ സമ്പന്നമാണ് ഇസ്‌ലാമിക ചരിത്രം. ഇത്തരം മാതൃകകള്‍ വളരെ കമ്മിയായ മധ്യ നൂറ്റാണ്ടുകളില്‍ പോലും ഇസ്‌ലാമിക ലോകത്ത് ബഹുസ്വര മാതൃകകള്‍ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.

മധ്യകാലഘട്ടത്തില്‍ മറ്റിടങ്ങളില്‍ പൊതുവെ ബഹുസ്വരത ദൃശ്യമാകാതിരുന്നപ്പോള്‍, ഇസ്‌ലാമിക ലോകത്ത് വിവിധ ന്യൂനപക്ഷങ്ങള്‍ വളരെ സമാധാനത്തോടെ കഴിഞ്ഞുകൂടിയെന്ന് മാത്രമല്ല, അവരുടെ മതവിശ്വാസങ്ങള്‍ക്ക് പരിപൂര്‍ണ സംരക്ഷണവും ലഭിച്ചിരുന്നു. ഈ ബഹുസ്വര സംവിധനം ഇസ്‌ലാമിക ചരിത്രത്തിലുടനീളം, പ്രത്യേകിച്ച് ഉസ്മാനി ഭരണകാലത്ത് സുശക്തമായ അടിത്തറകളോടെ തന്നെയാണ് നിലനിന്നത്. അതൊരു അന്യാദൃശമായ ഭരണസംവിധാനം തന്നെയായിരുന്നു. മുസ്‌ലിമേതര വിഭാഗങ്ങള്‍ക്ക് അവരുടെ മതനിയമങ്ങളും വ്യക്തിനിയമങ്ങളും അംഗീകരിച്ചുകൊടുക്കുക മാത്രമല്ല, സമാന്തരമായി ഒരു നീതിന്യായ സംവിധാനം നടത്തിക്കൊണ്ടുപോകാന്‍ വരെ അവര്‍ക്ക് അനുവാദം നല്‍കിയിരുന്നു. മതകാര്യങ്ങളില്‍ സ്വയംഭരണാവകാശം തന്നെയായിരുന്നു മതന്യൂനപക്ഷങ്ങള്‍ക്ക് ലഭിച്ചിരുന്നത്.  ന്യൂനപക്ഷ സമൂഹങ്ങളുടെ അവകാശങ്ങളുടെ കാര്യത്തില്‍ നമ്മുടെ കാലത്തെ ലിബറല്‍ ഭരണകൂടങ്ങള്‍ക്കു വരെ ഇത്രത്തോളം ഉയരാന്‍ കഴിഞ്ഞിട്ടില്ല. ചരിത്രത്തിലുടനീളം ജൂത ന്യൂനപക്ഷത്തിന് ഏറ്റവും മികച്ച രീതിയില്‍ സംരക്ഷണം ലഭിച്ചത് മുസ്‌ലിം ഭരണത്തിലായിരുന്നുവെന്നത് തര്‍ക്കമറ്റ സംഗതിയാണ്. ക്രൈസ്തവ ഭരണകൂടങ്ങളില്‍നിന്നല്ല, മുസ്‌ലിം ഭരണകൂടങ്ങളില്‍നിന്നാണ് അവര്‍ക്ക് കൂടുതല്‍ സുരക്ഷയും സംരക്ഷണവും ലഭിച്ചിരുന്നത്. ജൂത ചരിത്രമെഴുതിയ ബര്‍ണാഡ് ലുയിസ്,1 മാര്‍ക് ആര്‍. കൊഹിന്‍2 തുടങ്ങിയ പ്രമുഖരൊക്കെ അക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

പുതിയ കാലവും ബഹുസ്വരതയും

ആധുനിക കാലത്ത് ബഹുസ്വര പഠനങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെടുന്നത് പാശ്ചാത്യ കൊളോണിയല്‍ ഭരണം നിലനിന്നിരുന്നപ്പോഴാണ്. ഇന്ത്യയിലെയും തെക്കു പടിഞ്ഞാറന്‍ ഏഷ്യയിലെയും മറ്റു പൗരസ്ത്യ നാടുകളിലെയും തങ്ങളുടെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ചില പാശ്ചാത്യ ഗ്രന്ഥകാരന്മാര്‍ അതേക്കുറിച്ച് അഭിപ്രായം പറഞ്ഞു തുടങ്ങുന്നത്. കൊളോണിയല്‍ ഗ്രന്ഥകാരന്മാരെ സംബന്ധിച്ചേടത്തോളം അവര്‍ക്കിത് പുതിയ അനുഭവമാണ്. അവരുടെ വീക്ഷണത്തില്‍, ഒരു ബഹുസ്വര സമൂഹത്തിലെ വിവിധ മത, ഭാഷാ ഗ്രൂപ്പുകളെ തമ്മില്‍ യോജിപ്പിക്കുന്ന പൊതു തത്ത്വങ്ങളോ മൂല്യങ്ങളോ ഒന്നും തന്നെയില്ല. അതിനാല്‍ അവരെ ഒരൊറ്റ യൂനിറ്റായി മാറ്റുന്നതിന് ഒരു വിദേശ ശക്തി/ ഭരണകൂടം ഇടപെട്ടേ മതിയാവൂ. ഇങ്ങനെ കോളനിവത്കരണത്തിന് ന്യായം ചമക്കുന്ന വിധത്തിലാണ് ജെ.എസ് ഫര്‍നിവല്‍ ബഹുസ്വരതയെ നിര്‍വചിച്ചിട്ടുള്ളത്. അദ്ദേഹം എഴുതുന്നു: ''ബഹുസ്വരതയെന്നാല്‍ ഒന്നോ അതിലധികമോ ഘടകങ്ങള്‍ ചേര്‍ന്ന ഒരു സമൂഹമോ സമൂഹഘടനയോ ആണ്. അവ ഒന്നിച്ചാണ് കഴിയുന്നതെങ്കിലും ഒരു രാഷ്ട്രീയ യൂനിറ്റായി അത് ഇഴുകിച്ചേരുന്നില്ല.''3

ഫര്‍നിവല്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്, സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ സ്വായത്തമാക്കിയിട്ടുള്ള മൂല്യങ്ങള്‍ പരസ്പരം തീര്‍ത്തും വ്യത്യസ്തമാണ് എന്നാണ്. അവയെ ഏതെങ്കിലും നിലക്ക് ബന്ധിപ്പിക്കാന്‍ യാതൊരു മാര്‍ഗവും അവശേഷിക്കുന്നില്ല. എല്ലാവരും പങ്കുവെക്കുന്ന ഒരു 'പൊതു സാമൂഹിക ആവശ്യ'(Common Social Demand)വും നിലനില്‍ക്കുന്നില്ല. അതിനാല്‍ തീവ്രതയും സംഘര്‍ഷവുമൊക്കെ ഇത്തരം സമൂഹങ്ങളുടെ കൂടപ്പിറപ്പായിരിക്കും. ഇത്തരം നാടുകളില്‍ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ ഒരു വിദേശ ശക്തിയുടെ (കൊളോണിയല്‍ ശക്തിയുടെ എന്ന് വായിക്കുക) സാന്നിധ്യം അത്യാവശ്യമായി വരുന്നു.4 പിന്നീട് വന്ന ഗ്രന്ഥകാരന്മാരും വിവിധ ജനവിഭാഗങ്ങളുടെ സമാധാനപരമായ സഹവര്‍ത്തിത്വത്തിനുള്ള കണ്ണികള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ഇത്തരം സമൂഹങ്ങളില്‍ ഏതെങ്കിലുമൊരു സാംസ്‌കാരിക വിഭാഗത്തിന്റെ ഭരണകുത്തക (Monopoly) അനിവാര്യമാകുമെന്നുവരെ എം.ജി സ്മിത്ത്5 പറഞ്ഞുവെക്കുന്നുണ്ട്. ഇത്തരം ചിന്തകള്‍ക്ക് അറുതിയായത് ര് കാരണങ്ങളാലാണ്. ഒന്ന്, ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ കൊളോണിയല്‍ വാഴ്ചക്ക് അന്ത്യം കുറിക്കപ്പെട്ടതോടെ (വിദേശ ശക്തികള്‍ ഇല്ലാതെ തന്നെ ഏഷ്യയിലെ ബഹുസ്വര സമൂഹങ്ങള്‍ പിന്നീടും സമാധാനത്തോടെ സഹവര്‍ത്തിച്ചു!). രണ്ട്, അമേരിക്കയിലേക്കും മറ്റും വന്‍തോതില്‍ കുടിയേറ്റങ്ങള്‍ ആരംഭിച്ചതോടെ.

സാമൂഹിക ശാസ്ത്രത്തില്‍ ബഹുസ്വര സമൂഹങ്ങളെക്കുറിച്ച് രണ്ടു തരം വീക്ഷണങ്ങള്‍ കാണാം. ഒന്നാമത്തേത് ഇഴുകിച്ചേരല്‍ തിയറി (Melting Pot Theory) ആണ്. ഇവിടെ സമൂഹത്തിലെ വ്യത്യസ്ത സ്വത്വങ്ങളെ ഒരു പാത്രത്തിലെ പാനീയത്തോട് ഉപമിച്ചിരിക്കുന്നു. പല വസ്തുക്കളും ചേര്‍ന്നാണ് പാനീയമുണ്ടാക്കിയിരിക്കുന്നതെങ്കിലും, അവ പരസ്പരം ഇഴുകിച്ചേര്‍ന്ന് ഒറ്റ പാനീയമായി മാറിയിരിക്കുന്നു. ഇതില്‍ ചേര്‍ന്ന വസ്തുക്കള്‍ക്കുണ്ടായിരുന്ന വ്യത്യസ്ത നിറങ്ങളും രുചികളും അപ്രത്യക്ഷമായിരിക്കുന്നു. അവയെല്ലാം ചേര്‍ന്ന് പുതിയൊരു നിറവും രുചിയും ഉണ്ടാവുകയാണ് ചെയ്തിരിക്കുന്നത്. പാനീയത്തില്‍ ഏത് വസ്തുവാണോ കൂടുതല്‍ ചേര്‍ത്തിരിക്കുന്നത് അതിന്റെ നിറവും രുചിയും അതില്‍ മുന്തിനില്‍ക്കുകയും ചെയ്യും. വളരെ കുറഞ്ഞ തോതില്‍ ചേര്‍ന്ന വസ്തുക്കളുടെ രുചിയും നിറവുമൊക്കെ പാനീയത്തിന്റെ ഘടനയെ സ്വാധീനിക്കുമെങ്കിലും, അവക്ക് വേറിട്ട അസ്തിത്വമോ നിലനില്‍പോ ഉണ്ടാവുകയില്ല. ഇതെല്ലാം ചേര്‍ന്ന് പുതിയൊരു നിറവും രുചിയും രൂപപ്പെടുകയാണ് ചെയ്യുന്നത്.6

മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും, പ്രത്യേകിച്ച് ഫ്രാന്‍സില്‍ ഈയൊരു വീക്ഷണത്തിനാണ് പൊതു സ്വീകാര്യതയുള്ളത്. ഫ്രാന്‍സില്‍ വ്യത്യസ്ത സംസ്‌കാരങ്ങളെ വ്യക്തികള്‍ വാഴ്ത്തിപ്പറയുന്നതിനെ അവിടത്തെ അധിക ബുദ്ധിജീവികളും എതിര്‍ക്കാറില്ല. എന്നാല്‍ മുഖ്യധാരാ ഫ്രഞ്ച് സംസ്‌കാരം ഓരോരുത്തരും ഉള്‍ക്കൊള്ളണമെന്നും മറ്റു സ്വത്വ വാദങ്ങളുമായി വരരുതെന്നുമാണ് അവര്‍ ആഗ്രഹിക്കുന്നത്. ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ മൂന്ന് അടിത്തറകളായ ഫ്രഞ്ച് ജനതയെ ഒന്നിപ്പിക്കുക, അവരെ ഭിന്നിപ്പിക്കാതിരിക്കുക; രാഷ്ട്രം സെക്യുലര്‍ ആയിരിക്കുക, ഫ്രാന്‍സിന്റെ ദേശീയ സ്വത്വം അംഗീകരിക്കുക എന്നിവ തന്നെ ഒരൊറ്റ നിറത്തിലുള്ള സംസ്‌കാരമേ അവര്‍ക്ക് സ്വീകാര്യമാവൂ എന്ന് ദ്യോതിപ്പിക്കുന്നുണ്ട്. കുടിയേറ്റക്കാര്‍ക്കെതിരെ തദ്ദേശവാസികളെ സംരക്ഷിക്കുന്ന നയ(ചമശേ്ശാെ)മാണ് വളരെ കാലമായി അമേരിക്ക പിന്തുടരുന്നത്. ഇംഗ്ലീഷല്ലാതെ മറ്റൊരു ഭാഷയെയും വളര്‍ന്നു വികസിക്കാന്‍ അത് സമ്മതിക്കുകയില്ല. പുതിയ ലോക സാഹചര്യത്തില്‍ ഈ നയത്തിന് കൂടുതല്‍ കരുത്ത് ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഹിന്ദുത്വ പുനരുദ്ധാരണവാദികളാണ് ഈ ആശയത്തിന്റെ വക്താക്കള്‍. ഒരു ന്യൂനപക്ഷ വിഭാഗവും സ്വന്തം സാംസ്‌കാരിക തനിമയില്‍ ഉറച്ചുനില്‍ക്കരുത് എന്നാണവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. പൊതുധാരയില്‍ അലിഞ്ഞുചേര്‍ന്ന് ആ പൊതു നിറം സ്വീകരിക്കാനും ആഹ്വാനം ചെയ്യുന്നു.

രണ്ടാമത്തെ വീക്ഷണം, 'സാലഡ് പാത്രം' (Salad Bowl)  എന്ന പേരിലാണ് അറിയപ്പെടുന്നത്. ജനസമൂഹങ്ങളുടെ വിന്യാസത്തെ പാത്രത്തില്‍ വെച്ച സാലഡിനോട് ഉപമിച്ചിരിക്കുകയാണ്. സാലഡില്‍ പലതും ഒന്നിച്ചിട്ടിരിക്കും. പക്ഷേ, അവയൊന്നും കൂടിച്ചേര്‍ന്ന് ഒന്നാവുന്നില്ല. ഓരോന്നും അതതിന്റെ രുചിയോടെയും നിറത്തോടെയും വേറെ വേറെത്തന്നെ ഇരിക്കും. ഒന്നിന്റെ സ്വത്വമോ അസ്തിത്വമോ ഇല്ലാതാകുന്നില്ല. സാലഡ് പാത്രം നോക്കിയാല്‍ ഇത് കാരക്കയാണ്, ഇത് കക്കരിയാണ്, ഇത് സൈത്തൂന്‍ കായയാണ് എന്ന് നമുക്ക് വേര്‍തിരിഞ്ഞു തന്നെ കാണാം. ഓരോന്നും സ്വന്തമായി അസ്തിത്വം നിലനിര്‍ത്തുമ്പോഴും അവ പരസ്പരം ചേര്‍ന്നാണിരിക്കുന്നത്. അങ്ങനെ സാമൂഹികതയുടെ ഒരു വിശാല പ്രതലം സൃഷ്ടിക്കപ്പെടുന്നു.7 ഇന്നത്തെ പോസ്റ്റ് മോഡേണ്‍ ചിന്തകര്‍ ദേശീയതയുടെ ഏതെങ്കിലുമൊരു വര്‍ണം ശരി എന്ന നിലപാട് അംഗീകരിക്കുന്നവരല്ല. വിവിധ തരം വീക്ഷണങ്ങള്‍ അവതരിപ്പിക്കപ്പെടട്ടെ എന്നും അവയില്‍നിന്ന് മികച്ചത് സ്വീകരിക്കപ്പെടട്ടെ എന്നുമാണ് അവരുടെ നിലപാട്.

 

ഇസ്‌ലാമിന്റെ നിലപാട്

ബഹുസ്വരതയെക്കുറിച്ച ചര്‍ച്ചയില്‍, അടിസ്ഥാന തത്ത്വങ്ങളെയും ഭാഷ, വര്‍ണം പോലുള്ള ജീവിതാവസ്ഥകളെയും രണ്ടായിട്ടു തന്നെയാണ് ഇസ്‌ലാം കാണുന്നത്. അടിസ്ഥാന തത്ത്വങ്ങളുടെ പരിധികള്‍ക്കകത്ത് വരുന്ന ജീവിത വൈവിധ്യങ്ങളുടെ (Diversty) കാര്യത്തില്‍ സാലഡ് ബൗള്‍ ബഹുസ്വരതയാണ് ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്നത് എന്നു പറയാം. ഇതില്‍ മികച്ചതേതെന്ന് ഓരോരുത്തര്‍ക്കു തെരഞ്ഞെടുക്കാം. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ഈ വൈവിധ്യം നിലനില്‍ക്കണമെന്നാണ് ഇസ്‌ലാം താല്‍പര്യപ്പെടുന്നത്. വൈവിധ്യം നിലനില്‍ക്കുമ്പോഴാണ് മനുഷ്യന് കൂടുതല്‍ പ്രയോജനം ലഭിക്കുക. വൈവിധ്യമെന്നത് ഒരു ദൈവിക ദൃഷ്ടാന്തമായി പോലും ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നു: ''അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതു തന്നെയാണ് ആകാശഭൂമികളുടെ സൃഷ്ടിപ്പ്, നിങ്ങളുടെ ഭാഷകളും നിറങ്ങളും വ്യത്യസ്തമായത്. വിവരമുള്ളവര്‍ക്ക് ഇതില്‍ ദൃഷ്ടാന്തങ്ങളുണ്ടല്ലോ'' (30:22). ''മനുഷ്യരേ, ഒരേ പുരുഷനില്‍നിന്നും സ്ത്രീയില്‍നിന്നും നിങ്ങളെ നാം സൃഷ്ടിച്ചു. നിങ്ങളെ നാം ശാഖകളും ഗോത്രങ്ങളുമാക്കിയത് നിങ്ങള്‍ അന്യോന്യം അറിയുന്നതിനു വേണ്ടി. നിങ്ങളില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ജീവിത സൂക്ഷ്മതയുള്ളവനത്രെ'' (49:13). ശാഖകള്‍, ഗോത്രങ്ങള്‍ തുടങ്ങിയ ഇനംതിരിവുകളെയൊക്കെ തിരിച്ചറിയാനുള്ള ഉപാധികളായിട്ടാണ് ഈ സൂക്തങ്ങളില്‍ എണ്ണിയിട്ടുള്ളത്. തിരിച്ചറിയല്‍ തന്നെയാണ് സ്വത്വം (Identity) എന്ന് പറയുന്നത്. അത്തരം സ്വത്വങ്ങള്‍ ഇസ്‌ലാമില്‍ നിരാകരിക്കപ്പെടുകയില്ല എന്നര്‍ഥം. എന്നല്ല അവയെ നാഗരിക അനിവാര്യതകളായും കണക്കാക്കുന്നു. നബി(സ) അറബികളുടെ ഗോത്ര സ്വത്വങ്ങളെ ഉന്മൂലനം ചെയ്തിട്ടില്ല. പക്ഷേ, ആ സ്വത്വങ്ങളുടെ പേരില്‍ ഉണ്ടായിത്തീര്‍ന്നിട്ടുള്ള വിഭജനങ്ങളെയും ഉച്ചനീചത്വങ്ങളെയുമാണ് ഉന്മൂലനം ചെയ്തിട്ടുള്ളത്.

ഇസ്‌ലാം അതിന്റെ അനുയായികള്‍ക്കോ മറ്റുള്ളവര്‍ക്കോ 'മെല്‍റ്റിംഗ് പോട്ട്' തിയറി സ്വീകാര്യമായ ഒന്നായി കാണുന്നില്ല. ഇസ്‌ലാമിന്റെ വക്താക്കള്‍ മറ്റേതെങ്കിലും സംസ്‌കാരത്തില്‍ അലിഞ്ഞ് സ്വയം ഇല്ലാതാവരുതെന്ന് മാത്രമല്ല, മറ്റു സാംസ്‌കാരിക വിഭാഗങ്ങള്‍ അവരുടെ തനിമകള്‍ കൈയൊഴിഞ്ഞ് ഇസ്‌ലാമിന്റെ വര്‍ണം അണിഞ്ഞു നില്‍ക്കേണ്ടതുമില്ല.

ഇസ്‌ലാം അതിന്റെ അനുയായികളില്‍നിന്ന് സമ്പൂര്‍ണ സമര്‍പ്പണം ആവശ്യപ്പെടുന്നുണ്ടെങ്കിലും, മറ്റെല്ലാ വിഭാഗങ്ങള്‍ക്കും ഏത് തെരഞ്ഞെടുക്കാനും സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്. ''മതത്തില്‍ യാതൊരു തരത്തിലുള്ള ബലാല്‍ക്കാരവുമില്ല. സത്യം അസത്യത്തില്‍നിന്ന് വേര്‍തിരിഞ്ഞുനില്‍പ്പുണ്ടല്ലോ'' (2:256). ''പറയുക, ഇത് നിങ്ങളുടെ നാഥനില്‍നിന്നുള്ള സത്യദര്‍ശനമാണ്. വിശ്വസിക്കുന്നവര്‍ വിശ്വസിക്കട്ടെ, അവിശ്വസിക്കുന്നവര്‍ അവിശ്വസിക്കട്ടെ'' (18:29). മുസ്‌ലിംകളല്ലാത്തവര്‍ക്ക് അവരുടെ സാംസ്‌കാരികത്തനിമകള്‍ നിലനിര്‍ത്തി ജീവിക്കാന്‍ സ്വാതന്ത്ര്യമുണ്ടാവുക എന്നത് ഒരു അംഗീകൃത തത്ത്വം തന്നെയായിരുന്നു. ഒരു നബിവചനത്തില്‍ വന്നിരിക്കുന്നു: ''സാക്ഷ്യങ്ങളിലും വിവാഹ ഇടപാടുകളിലും അനന്തരാവകാശ വ്യവഹാരങ്ങളിലും അവരുമായി ബന്ധപ്പെട്ട മുഴുവന്‍ നിയമങ്ങളിലും അവര്‍ സ്വതന്ത്രരാണ്.''8 അമുസ്‌ലിം പ്രജകളെക്കുറിച്ച്, 'അവര്‍ എന്താണോ ധരിക്കുന്നത് അതുതന്നെ ധരിക്കട്ടെ' എന്ന് രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബ് പ്രത്യേകം നിഷ്‌കര്‍ഷിച്ചിരുന്നു.9 മുസ്‌ലിമേതര വിഭാഗങ്ങളുമായി ഉമര്‍ ഉണ്ടാക്കിയ കരാറുകളിലെ പ്രയോഗങ്ങള്‍ ശിബ്‌ലി നുഅ്മാനി തന്റെ 'അല്‍ ഫാറൂഖ്' എന്ന ജീവചരിത്ര കൃതിയില്‍ ഉദ്ധരിക്കുന്നുണ്ട്. സ്വഹാബിയായ ഹുദൈഫതുബ്‌നുല്‍ യമാനി മാഹ്ദീനാര്‍ നിവാസികള്‍ക്കെഴുതിക്കൊടുത്ത കരാറില്‍ ഇങ്ങനെയുണ്ട്: ''അവരുടെ മതാചരണങ്ങളില്‍ ഒരു മാറ്റവും ഉണ്ടാവുകയില്ല. അവര്‍ക്കും അവരുടെ നിയമസംഹിതകള്‍ക്കുമിടയില്‍ മറയിടുകയുമില്ല.'' ജുര്‍ജാന്‍ ജയിച്ചടക്കിയപ്പോള്‍ അവിടത്തുകാര്‍ക്ക് എഴുതി നല്‍കിയ കരാറില്‍ ഇങ്ങനെയുണ്ട്: ''തങ്ങളുടെ ജീവന്‍, സ്വത്ത്, മതനിയമങ്ങള്‍ ഇതിലൊക്കെ അവര്‍ക്ക് പൂര്‍ണ സുരക്ഷയുണ്ട്. അതില്‍നിന്ന് ഒന്നും തന്നെ മാറ്റത്തിന് വിധേയമാവുകയില്ല.''

ഇസ്‌ലാം വിശ്വസിച്ചിട്ടില്ലാത്തവര്‍ക്ക് നല്‍കുന്ന ഈ സ്വാതന്ത്ര്യം ഒരു ഇസ്‌ലാമിക തത്ത്വം മാത്രമായി കണ്ടാല്‍ പോരാ, അത് ഇസ്‌ലാമിക ചിന്തയുടെ തന്നെ ആധാരശിലകളിലൊന്നാണ്. ഈ സ്വാതന്ത്ര്യം ദൈവേഛയാണെന്നു കൂടി മനസ്സിലാക്കണം: ''താങ്കളുടെ നാഥന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എല്ലാ മനുഷ്യരെയും അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷേ, അവര്‍ ഭിന്നിച്ചവരായിത്തന്നെയിരിക്കും; തന്റെ നാഥന്‍ അനുഗ്രഹിച്ചവരൊഴികെ. അതിനു വേണ്ടിയാണ് (തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്) അവരെ സൃഷ്ടിച്ചിട്ടുള്ളത്'' (11:118,119). ''നിങ്ങളുടെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ള എല്ലാവരും വിശ്വാസികളാവുമായിരുന്നു (ബലാല്‍ക്കാരം ആരെയും അവന്‍ വിശ്വാസികളാക്കുന്നില്ലെന്നിരിക്കെ) ജനങ്ങളെ വിശ്വാസികളാകാന്‍ നിങ്ങള്‍ നിര്‍ബന്ധിക്കുകയാണോ?''

അതിനര്‍ഥം സകല മതവിശ്വാസങ്ങളും ശരിയാണെന്ന് ഇസ്‌ലാം ഉദ്‌ഘോഷിക്കുന്നു എന്നല്ല. നിലനില്‍ക്കേണ്ടത് അത്തരം മതവിശ്വാസങ്ങളാണെന്ന് വാദിക്കുന്നുമില്ല. ഏതു മതക്കാര്‍ക്കും അവരുടെ വിശ്വാസാചാരങ്ങള്‍ക്കൊത്ത് ജീവിക്കാനുള്ള സ്വാതന്ത്ര്യം തീര്‍ച്ചയായും നല്‍കിയിരിക്കും എന്നാണ് ഉദ്ദേശിക്കുന്നത്. വിവിധ മതങ്ങളെയും സംസ്‌കാരങ്ങളെയുമൊക്കെ വിലയിരുത്തേണ്ടത് സത്യമാണോ, ശരിയാണോ എന്ന് നോക്കിയാണ്. അതില്‍ ഏത് സ്വീകരിക്കാനും മനുഷ്യന് സ്വാതന്ത്ര്യമുണ്ടെങ്കില്‍, ഇസ്‌ലാം ആഗ്രഹിക്കുന്നത് അവന്‍ സത്യപാത തെരഞ്ഞെടുക്കട്ടെ എന്നാണ്. വിവിധ മതവിശ്വാസികള്‍ തമ്മിലുള്ള ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയുമാണ് അത്തരം ആശയങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുക. സത്യാന്വേഷണത്തിലാണ് മനുഷ്യന്‍ എത്തിച്ചേരേണ്ടത്. പക്ഷേ, ഒരിടത്തും ഒരു തരത്തിലുള്ള സമ്മര്‍ദമോ നിര്‍ബന്ധമോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. ബലാല്‍ക്കാരം പാടില്ലെന്നതോടൊപ്പം തന്നെ, ഡയലോഗുകളുടെ ശൈലിയും ഭാഷയും ഒരിക്കലും മാന്യതയുടെയും കുലീനതയുടെയും പരിധി വിടാനും പാടില്ല: ''ഏറ്റവും മികച്ച രീതിയിലല്ലാതെ വേദക്കാരുമായി സംവാദം നടത്തരുത്'' (29:46). ''അല്ലാഹുവിനെയല്ലാതെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെ നിങ്ങള്‍ ശകാരിക്കരുത്. അങ്ങനെ ചെയ്താല്‍ തങ്ങളുടെ അറിവില്ലായ്മയില്‍ അവര്‍ അല്ലാഹുവെയും അന്യായമായി ശകാരിക്കും'' (6:108).

ചരിത്രം പരിശോധിച്ചാല്‍ മുസ്‌ലിംകളല്ലാത്ത ജനവിഭാഗങ്ങളുമായുള്ള മുസ്‌ലിംകളുടെ ബന്ധം കരുത്തുള്ള ഈയൊരു ആശയപ്രതലത്തിലാണ് രൂപപ്പെട്ടത് എന്നു കാണാം. യാതൊരു സാമുദായിക സങ്കുചിതത്വവുമില്ലാതെയായിരുന്നു അവര്‍ തമ്മിലെ കൊടുക്കല്‍ വാങ്ങലുകള്‍. മറ്റുള്ളവരുടെ മതത്തെ പഠിക്കാനും മനസ്സിലാക്കാനും ആരോഗ്യകരമായ ആശയസംവാദങ്ങള്‍ വികസിപ്പിക്കാനുമാണ് ശ്രമങ്ങളുണ്ടായത്. ഇന്ത്യന്‍, ചൈനീസ്, യവന, റോമന്‍ സംസ്‌കാരങ്ങളില്‍നിന്ന് ധാരാളം അറിവുകള്‍ സ്വന്തമാക്കിയിട്ടുണ്ട് മുസ്‌ലിംകള്‍. ആ അറിവുകളെ അവര്‍ സ്വന്തമായി പരിപോഷിപ്പിക്കുകയും ചെയ്തു. അബൂറൈഹാന്‍ അല്‍ബിറൂനിയാണ് ആദ്യമായി ഏത് മതത്തെയും വിശദമായും ശാസ്ത്രീയമായും പഠിക്കാന്‍ തുടങ്ങിയത്. അദ്ദേഹത്തിന്റെ കിതാബുല്‍ ഹിന്ദ് എന്ന കൃതി ഈ ആ വിഷയത്തില്‍ പ്രാമാണികം തന്നെ. 

ചുരുക്കത്തില്‍, ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ബഹുസ്വരതക്ക് താഴെ പറയുന്ന പ്രത്യേകതകള്‍ ഉണ്ടായിരിക്കും: ഒന്ന്, ഇസ്‌ലാമിന്റെ വക്താക്കള്‍ക്ക് ഇസ്‌ലാമിനു വേണ്ടി പ്രവര്‍ത്തിക്കാനും ഇസ്‌ലാമിക സ്വത്വം ഉയര്‍ത്തിപ്പിടിക്കാനുമുള്ള പൂര്‍ണ സ്വാതന്ത്ര്യം. രണ്ട്, മറ്റു മതക്കാര്‍ക്കും അവരുടെ മതകീയ സ്വത്വം സംരക്ഷിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം. മൂന്ന്, വിവിധ മതക്കാര്‍ തമ്മില്‍ ആരോഗ്യകരമായ സംവാദങ്ങള്‍. അതുവഴി എത്തിച്ചേരുന്ന സത്യത്തെ പുല്‍കാനുള്ള സ്വാതന്ത്ര്യം.

ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ നിര്‍വഹിക്കേണ്ട ദൗത്യം ഇസ്‌ലാമിന്റെ പ്രതിനിധാനമാണ്. ആ പ്രതിനിധാനം പൊതുസമൂഹത്തെ സ്വാധീനിക്കുന്ന വിധത്തിലുമാകണം. ജനം അവരുടെ ഇഷ്ടത്തിനനുസരിച്ച് മതവും സംസ്‌കാരവുമൊക്കെ തെരഞ്ഞെടുക്കുമ്പോഴും, മുസ്‌ലിംകള്‍ സ്വതന്ത്രമായ സംവാദങ്ങളിലൂടെയും ആശയവിനിമയങ്ങളിലൂടെയും തങ്ങളുടെ നിലപാടുകള്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയും അതുവഴി സത്യപാത യാതൊരു സമ്മര്‍ദവുമില്ലാതെ സ്വയം കത്തൊന്‍ ജനങ്ങള്‍ക്ക് കഴിയുംവിധമുള്ള ഒരു സാഹചര്യം സൃഷ്ടിക്കപ്പെടുകയും വേണം. ഈ വിധമുള്ള ഇസ്‌ലാമിന്റെ പ്രതിനിധാനമാണ് മുസ്‌ലിംകളുടെ യഥാര്‍ഥ ദൗത്യം. ആ ദൗത്യത്തിന് സത്യസാക്ഷ്യം (ശഹാദത്തുല്‍ ഹഖ്) എന്നോ ദീനിന്റെ സംസ്ഥാപനം (ഇഖാമത്തുദ്ദീന്‍) എന്നോ നമുക്ക് പേരു വിളിക്കാം.

ഇഖാമത്തുദ്ദീന്‍ എന്ന ഈ ദൗത്യത്തില്‍ രണ്ട് പ്രധാന ജോലികള്‍ നിര്‍വഹിക്കപ്പെടേണ്ടതുണ്ട്; ദീനിനെ സംരക്ഷിക്കലും ദീനിനെ സഹായിക്കലും. ബഹുസ്വര സമൂഹത്തില്‍ ദീനിന്റേതായി അവശേഷിച്ചത് എന്തെല്ലാമുണ്ടോ അവ മുഴുവന്‍ സംരക്ഷിക്കപ്പെടണം. മസ്ജിദുകളുടെ സംരക്ഷണം, ബഹുസ്വര സമൂഹത്തില്‍ ഇപ്പോഴും ബാക്കിനില്‍ക്കുന്ന നിയമങ്ങള്‍ (ഇന്ത്യയിലെ മുസ്‌ലിം വ്യക്തിനിയമം പോലുള്ളവ) തുടങ്ങിയവയുടെ സംരക്ഷണവും ഇതില്‍ പെടുന്നു. ദീനനുസരിച്ച് ജീവിക്കാനും അത് പഠിപ്പിക്കാനും പ്രബോധനം ചെയ്യാനുമുള്ള സ്വാതന്ത്ര്യം നിലനിര്‍ത്തപ്പെടണം. ദീനിന്റെ വക്താക്കളായ മുസ്‌ലിം സമൂഹത്തിന്റെ സംരക്ഷണവും അതില്‍ ഉള്‍പ്പെടും. ദീന്‍ വിഭാവനം ചെയ്യുന്ന ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കും ധാര്‍മികതക്കും സഹായകമായ നിയമങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇതൊന്നും ഇസ്‌ലാമിക പ്രബോധന(ദഅ്‌വത്ത്)ത്തിന് അന്യമായ കാര്യങ്ങളല്ല. ബഹുസ്വര സമൂഹത്തില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ദീന്‍ സംരക്ഷണ യത്‌നങ്ങള്‍ കൂടിയാണ്. ഉള്ള കാര്യങ്ങളെ കൈവിട്ട് ഇല്ലാത്ത കാര്യങ്ങളുടെ പിന്നാലെ പായുന്നത് ബുദ്ധിയല്ലെന്നും നാം മനസ്സിലാക്കണം. പ്രവര്‍ത്തനങ്ങള്‍ നീതിയും ന്യായവും ഉറപ്പു വരുത്തി ആസൂത്രണം ചെയ്താല്‍ അനാവശ്യ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാം. സംഘര്‍ഷമുണ്ടാവുമെന്ന് പേടിച്ച് ദൗത്യത്തില്‍നിന്ന് പിന്‍വാങ്ങുന്നതും ശരിയായ നിലപാടല്ല.

രണ്ടാമത്തെ ജോലി ദീനിനെ സഹായിക്കുക എന്നതാണ്. അതായത് ദീനിന്റെ ഏതെല്ലാം ഭാഗങ്ങള്‍ ഇല്ലാതായിട്ടുണ്ടോ അതൊക്കെ പുനഃസ്ഥാപിക്കുക. രാജ്യനിവാസികള്‍ക്ക് ഇസ്‌ലാമിന്റെ സന്ദേശമെത്തിക്കാനുള്ള ആസൂത്രണങ്ങള്‍ നടത്തുക, സാമൂഹിക ജീവിതത്തില്‍നിന്ന് ഇല്ലാതായിപ്പോയ ഇസ്‌ലാമിന്റെ അംശങ്ങളെ തിരികെ കൊണ്ടു വരിക എന്നതൊക്കെ ദീനിനെ സഹായിക്കലാണ്. ഒരു ബഹുസ്വര സമൂഹത്തില്‍ ഈ ലക്ഷ്യസാക്ഷാത്കാരത്തിനായി മൂന്ന് തലങ്ങളില്‍ പ്രവര്‍ത്തനം സജീവമാക്കേണ്ടത് അനിവാര്യമാണ്:

ഒന്ന്: ഇസ്‌ലാമിലേക്ക് പ്രബോധനം, ഡയലോഗ്, ചര്‍ച്ചകള്‍ തുടങ്ങിയവ (ദഅ്‌വത്ത്).

രണ്ട്: ഇസ്‌ലാമിന്റെ കര്‍മസാക്ഷ്യം (അമലീ ശഹാദത്ത്).

മൂന്ന്: മുസ്‌ലിംകളെ സംസ്‌കരിക്കുകയും (ഇസ്‌ലാഹ്) അങ്ങനെ ഇസ്‌ലാമികമായി അവരെ ശാക്തീകരിക്കുകയും ചെയ്യല്‍.

ബഹുസ്വര സമൂഹത്തിലെ മുസ്‌ലിംകളുടെ കാര്യപരിപാടികളില്‍ ഏറ്റവും പ്രാധാന്യത്തോടെ ഇടം പിടിക്കേണ്ട ഒന്നാണ് ദഅ്‌വത്ത്. പ്രബോധക സംഘം എന്നുള്ളതാണ് മുസ്‌ലിംകളുടെ യഥാര്‍ഥ നില. ഇസ്‌ലാം യഥാര്‍ഥത്തില്‍ എന്താണെന്ന് ബഹുഭൂരിപക്ഷത്തിനും മനസ്സിലായിട്ടില്ലാത്ത ഒരു സമൂഹത്തില്‍ ഈ ബാധ്യത ഒരിക്കലും അവഗണിക്കപ്പെട്ടുകൂടാത്തതാണ്. ഈ ബാധ്യത നിര്‍വഹിക്കുന്ന മുസ്‌ലിംകള്‍ക്കേ ഒരു ബഹുസ്വര സമൂഹത്തിലേക്ക് കുടിയേറ്റം നടത്താന്‍ അനുവാദമുള്ളൂ എന്ന് പറഞ്ഞ പണ്ഡിതന്മാര്‍ വരെയുണ്ട്. മൗലാനാ തഖി ഉസ്മാനിയുടെയും12 ഇബ്‌നുബാസിന്റെയും13 ഖുര്‍റം മുറാദിന്റെയും14 അഭിപ്രായങ്ങള്‍ കാണുക.

മുസ്‌ലിംകള്‍ തങ്ങളുടെ വ്യക്തിപരവും സാമൂഹികവുമായ നിലപാടുകള്‍ ഇസ്‌ലാമിന് അനുസൃകതമാക്കുക എന്നതാണ് കര്‍മസാക്ഷ്യം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ നിലപാടുകളില്‍നിന്നാവണം ജനം ഇസ്‌ലാമിനെ മനസ്സിലാക്കേണ്ടത്. 'നിങ്ങള്‍ നീതി നടത്തി അല്ലാഹുവിനു വേണ്ടി സാക്ഷ്യം വഹിക്കുന്നവരാവുക' (4:135) എന്ന് ഖുര്‍ആന്‍ പറയുന്നത് അതിനെക്കുറിച്ചാണ്. നീതിക്കു വേണ്ടി നിങ്ങള്‍ ജാഗ്രത്തായി നിലകൊള്ളുമ്പോള്‍, അത് സമൂഹത്തിന് മുന്നില്‍ ഇസ്‌ലാമിക ലക്ഷ്യങ്ങളുടെയും താല്‍പര്യങ്ങളുടെയും പ്രകാശനമായിത്തീരുകയാണ്. അത് സാധ്യമാവണമെങ്കില്‍ ജീവിതത്തിന്റെ നാനാ രംഗങ്ങളിലും സക്രിയവും സമഗ്രവുമായ പങ്കു വഹിക്കാന്‍ മുസ്‌ലിംകള്‍ തയാറാകണം. അവരൊരിക്കലും ബഹുസ്വര സമൂഹത്തില്‍ ബന്ധങ്ങള്‍ അറുത്തുമാറ്റി ഒറ്റപ്പെട്ട് കഴിഞ്ഞുകൂടാ. അവര്‍ സ്വയം ഗെറ്റോകളില്‍ തളച്ചിടാനും പാടില്ല. വ്യക്തിപരവും സാമൂഹികവുമായ എല്ലാ തലങ്ങളിലും അവര്‍ നല്‍കിക്കൊണ്ടേയിരിക്കണം. ഈ സംഭാവനകളിലൂടെയാണ് ജനസമൂഹം ഇസ്‌ലാമിന്റെ പ്രകൃതത്തെയും അധ്യാപനങ്ങളെയും തിരിച്ചറിയേണ്ടത്.

മൂന്നാമത്തെ ജോലി മുസ്‌ലിം സമൂഹത്തെ സമുദ്ധരിക്കുക എന്നുള്ളതാണ്. എങ്കിലേ ആ സമൂഹത്തെ ശാക്തീകരിക്കാനാവൂ. ബഹുസ്വര സമൂഹത്തിലെ മുസ്‌ലിംകള്‍ ഇസ്‌ലാമിന്റെ അടയാളമാണ്. എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും, മുസ്‌ലിംകളില്‍നിന്നാണ് ഇസ്‌ലാം ശക്തി സംഭരിക്കുന്നത്. അതിനാല്‍ മുസ്‌ലിംകളുടെ ദൗര്‍ബല്യം ഇസ്‌ലാമിന്റെ ദൗര്‍ബല്യമായിത്തീരും. മുസ്‌ലിംകളില്‍ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയും അങ്ങനെ അതിന്റെ ശക്തി പടിപടിയായി വളര്‍ത്തിക്കൊണ്ടു വരികയുമാണ് ചെയ്യേണ്ടത്. എങ്കിലേ പൊതുസമൂഹത്തെ സ്വാധീനിക്കാന്‍ അതിന് കഴിയൂ. 

 

 

കുറിപ്പുകള്‍

1. Bernard Leuis-Jews of Islam (New Jersey, Princeton University Press, 1987).

2. Mark. R. Cohen- Under Crescent and Cross, the Jews in the Middle East (New Jersey, Princeton University Press, 1998).

3. J.S Furnivall- Netherlands India: A Study of Plural Economy (London, 1939, p 447).

4. J.S Furnivall-Colonial Policy and Practice (Cambridge, Cambridge University Press, 1948).

5. M.G Smith, 'Institution and Political Conditions of Pluralism', in Pluralism in Africa, Ed. by L. Kuper and M.G Smith, University of California Press, 1965 p. 32, 33)

6. Encyclopaedia Britannica, Chapter on Multiculturalism

7. Philip. Q. Yang- Ethnic Studies, Issues and Approaches (State University of New York Press, New York, p 87).

8. 'ഫഹും അഹ്‌റാറുന്‍ ഫീ ശഹാദാതിഹിം വ മുനാകഹാതിഹിം വ മവാരീസിഹിം വ ജമീഇ അഹ്കാമിഹിം' ഇബ്‌നു സന്‍ജൂയ- കിതാബുല്‍ അംവാല്‍, ഹദീസ് നമ്പര്‍ 447.

9. ശിബ്‌ലി നുഅ്മാനി- അല്‍ ഫാറൂഖ്, പേജ് 271, 

10. 'ലാ യുഗയ്യറൂന അന്‍ മില്ലത്തിന്‍, വലാ യുഹാലു ബൈനഹും വബൈന ശറാഇഹിം', കന്‍സുല്‍ അഅ്മാല്‍ ഉദ്ധരിച്ചത്. അതേ കൃതി, പേജ് 267, ത്വബ്‌രിയെ (പേജ് 2623) ഉദ്ധരിച്ചത്.

11. 'ലഹുമുല്‍ അമാനു അലാ അന്‍ഫുസിഹിം വ അംവാലിഹിം വ ശറാഇഹിം, ലാ യുഗയ്യറു ബിശൈഇന്‍ മിന്‍ ദാലിക' - അതേ പുസ്തകം, പേജ് 267, ത്വബ്‌രിയെ (പേജ് 2662) ഉദ്ധരിച്ച്.

12. മുഫ്തി തഖി ഉസ്മാനി- ഫിഖ്ഹി മഖാലാത്ത്, ഒന്നാം വാള്യം, മൈമന്‍ ഇസ്‌ലാമിക് പബ്ലിഷേഴ്‌സ്, കറാച്ചി, പേജ് 233-237 (2011).

13. ഇബ്‌നുബാസിന്റെയും മറ്റും ദാറുല്‍ ഇഫ്താ ഫത്‌വകള്‍, രണ്ടാം വാള്യം, ദാറുസ്സലാം പബ്ലിഷേഴ്‌സ്, രിയാദ്. പേജ് 74,75)

14. Khurram Murad- Dawa Among Non-Muslims in West, Islamic Foundation, Leicester (2007)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (1 - 2)
എ.വൈ.ആര്‍

ഹദീസ്‌

ഇബ്‌ലീസിന്റെ സന്തതികള്‍
അര്‍ശദ് കാരക്കാട്‌