Prabodhanam Weekly

Pages

Search

2018 സെപ്റ്റംബര്‍ 28

3069

1440 മുഹര്‍റം 17

സ്ത്രീപീഡകര്‍ക്ക് സുരക്ഷാ കവചമൊരുക്കുന്നവര്‍

പി. റുക്‌സാന

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും ലൈംഗിക പീഡനങ്ങള്‍ക്കുമെതിരെ കേരളത്തില്‍ സമരങ്ങളും സ്ത്രീ മുന്നേറ്റ പ്രക്ഷോഭങ്ങളും അരങ്ങേറുന്നത് ഇതാദ്യമല്ല. പക്ഷേ, ഒരു സന്യാസിനി സമൂഹം തങ്ങളുടെ ബിഷപ്പിനെതിരെ സമരവുമായി പൊതുനിരത്തിലിറങ്ങുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ്. ഏറ്റവും കെട്ടുറപ്പുള്ള മതാധികാരത്തെ മറയാക്കി ചില പുരോഹിതര്‍ നടത്തുന്ന സ്ത്രീവിരുദ്ധ പ്രവര്‍ത്തനങ്ങളെ സഭാവസ്ത്രം അണിഞ്ഞുകൊുതന്നെ പരസ്യമായി ചോദ്യം ചെയ്യാന്‍ കന്യാസ്ത്രീകള്‍ രംഗത്തുവന്നതും മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും മുന്നില്‍ ദിവസങ്ങളോളം സമരം തുടരുന്നതും ദീര്‍ഘകാല പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്ന ചരിത്ര സംഭവമായി രേഖപ്പെടുത്തപ്പെടുമെന്ന് ഉറപ്പാണ്.

അഭയ കേസ് മുതല്‍ കൊട്ടിയൂര്‍ പീഡനം വരെ, പുരോഹിതര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ട കുറ്റകൃത്യങ്ങളുടെ തുടര്‍ച്ചയില്‍, കത്തോലിക്കാ സഭയിലെ  ഉന്നത സ്ഥാനീയനായ പുരോഹിതന്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട ഇരയുടെ വെളിപ്പെടുത്തല്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

വീടും കുടുംബവും നാടുമെല്ലാം ഉപേക്ഷിച്ച് ക്രിസ്തുവിന്റെ മണവാട്ടിമാരായി ജീവിതം സമര്‍പ്പിച്ചവരാണ് കന്യാസ്ത്രീകള്‍. ഇത്തരമൊരു ആശ്രമജീവിതം തെരഞ്ഞെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം അംഗീകരിക്കുമ്പോള്‍ തന്നെ, അത് മതത്തിന്റെ ശാസനയാണോ, മനുഷ്യപ്രകൃതിക്ക് നിരക്കുന്നതാണോ, ശാരീരികമായും മാനസികമായും ഇത് നിഷേധാത്മക പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുമോ തുടങ്ങിയ ചോദ്യങ്ങളും ചില കോണുകളില്‍നിന്ന് ഉയര്‍ത്തപ്പെടുന്നു്. അതേസമയം കന്യാസ്ത്രീകളുടെ സാമൂഹിക സേവനം തുല്യതയില്ലാത്തതും ആദരവര്‍ഹിക്കുന്നതുമാണ്. ക്രിസ്തീയ സമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും വിദ്യാഭ്യാസപരവും സാമൂഹികവുമായ വളര്‍ച്ചയില്‍ ഈ കന്യാസ്ത്രീ സമൂഹത്തിന് നിസ്തുലമായ പങ്കുണ്ട് എന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല.

എന്നാല്‍ തങ്ങള്‍ വിശ്വാസമര്‍പ്പിച്ച് സേവനം ചെയ്യുന്ന പവിത്രമായ ഇടങ്ങളില്‍നിന്നു തന്നെ ശാരീരികവും മാനസികവുമായ അതിക്രമങ്ങള്‍ നേരിടേി വരുന്നത് വലിയ ദുരന്തമാണ്. കന്യാ

സ്ത്രീകളുടെ ആശ്രമ ജീവിതം പലഘട്ടങ്ങളില്‍ ചര്‍ച്ചയും വിവാദവുമായിട്ടുണ്ട്. പൗരോഹിത്യ പീഡനമുള്‍പ്പെടെ മഠങ്ങള്‍ക്കകത്ത് അവരനുഭവിക്കുന്ന ദുരിതങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും സിസ്റ്റര്‍ ജസ്മിയെപ്പോലുള്ളവര്‍ തുറന്നെഴുതിയത് നാം വായിച്ചതാണ്. അത്തരം വെളിപ്പെടുത്തലുകള്‍ ഒറ്റപ്പെട്ട സംഭവങ്ങളായി എഴുതിത്തള്ളാനാവില്ലെന്ന് നേരത്തേ നിരീക്ഷിക്കപ്പെട്ടിരുന്നെങ്കിലും, ഒരുകൂട്ടം കന്യാസ്ത്രീകളുടെ പ്രത്യക്ഷ സമരങ്ങളും ക്രൈസ്തവ പുരോഹിത സമൂഹം തന്നെ അതിന് പരസ്യ പിന്തുണ നല്‍കിയതും കാര്യങ്ങള്‍ കുറേക്കൂടി പച്ചയായി ബോധ്യപ്പെടുത്തുന്നുണ്ട്.

ഏതു മണ്ഡലത്തിലാണെങ്കിലും സ്ത്രീ സമൂഹം നേരിടുന്ന പീഡന പര്‍വങ്ങളെക്കുറിച്ച് ആഴത്തിലുള്ള തുറന്ന ചര്‍ച്ചകള്‍ ഇനിയും ഗൗരവത്തില്‍ നടക്കേണ്ടതുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ലിബറല്‍ ഇടങ്ങളില്‍ സഹപ്രവര്‍ത്തകരായ സ്ത്രീകളിലേക്ക് നീണ്ട 'പോരാളികളായ' പുരുഷന്മാരുടെ പീഡനക്കൈകളെക്കുറിച്ച് നേരത്തേ എഴുതിയിരുന്നു. അതിന്റെ മറ്റൊരു മുഖമാണ്, ഒരര്‍ഥത്തില്‍ സഹപ്രവര്‍ത്തകര്‍ എന്ന് വിളിക്കാവുന്ന കന്യാസ്ത്രീകള്‍ക്ക് നേരെ ഈ പുരോഹിതനില്‍നിന്നുണ്ടായിരിക്കുന്നത്.  പീഡനമേറ്റപ്പോഴും അതിനുശേഷവും ആരോടും പങ്കുവെക്കാനാ കാതെ ആത്മസംഘര്‍ഷത്തിലായപ്പോഴും ഈ സ്ത്രീകള്‍ അനുഭവിച്ച മാനസിക പ്രയാസങ്ങള്‍ കടുത്തതായിരുന്നു. കേസുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ നേരിടേണ്ടി വന്നതാകട്ടെ കൊടിയ ദുരിതങ്ങളും. നിലവില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രീ തൊണ്ണൂറു ദിവസത്തിലധികമായി നേരിട്ടുകൊണ്ടിരിക്കുന്നത് അതികഠിനമായ മാനസിക പീഡകളാണ്.

കന്യാസ്ത്രീ സമരത്തിന് പിന്തുണ നല്‍കി സമരപ്പന്തല്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ടായി. പലരും ഇപ്പോള്‍ പിന്തുണയുമായി വരുന്നുണ്ട്. പതിയെപ്പതിയെ ആണെങ്കിലും കന്യാസ്ത്രീകള്‍ക്ക് സമൂഹത്തില്‍നിന്ന് പി

ന്തുണ ലഭിക്കുന്നുവെന്നത് ശുഭകരമാണ്. എന്തുകൊണ്ടാണ് കേരളീയ പൊതുമണ്ഡലം ഒരു ഘട്ടത്തില്‍ ഈ പ്രശ്‌നത്തില്‍ പ്രതികരിക്കാന്‍ അറച്ചുനിന്നു  എന്ന ചോദ്യവും പ്രസക്തമാണ്.

ഇത്രയേറെ ശബ്ദകോലാഹലങ്ങളുയര്‍ത്തിയിട്ടും, ആരോപിതര്‍ നിയമ നടപടിക്ക് വിധേയരാകാതെ സുരക്ഷിതരായിരിക്കുന്നത് മതാധികാരം തീര്‍ത്ത സംരക്ഷണ വലയമുള്ളതുകൊാണ്. രാഷ്ട്രീയാധികാരത്തിന്റെ മറ്റൊരു സംരക്ഷണ കവചവും അവര്‍ക്ക് ചുറ്റും ഒരുക്കിനിര്‍ത്തിയിട്ടുണ്ട്. നമ്മുടെ ഇതുവരെയുള്ള അനുഭവങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഈയൊരു നിഗമനത്തിലെത്തിച്ചേരാനേ കഴിയൂ.

കേരളത്തില്‍ തന്നെ പ്രമാദമായ പല സ്ത്രീപീഡന കേസുകള്‍ക്കും എന്താണ് സംഭവിച്ചത് എന്നതും ഈ സന്ദര്‍ഭത്തില്‍ അവലോകനവിധേയമാക്കേണ്ടതാണ്. പ്രതികള്‍ സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായി ഉന്നത പദവിയും സ്വാധീനവുമുള്ളവരാകുമ്പോള്‍ പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നത് അപൂര്‍വമാണ്. പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളുടെ മൗനവും ഒരു രാഷ്ട്രീയ നേതാവിന്റെ ഈ വിഷയത്തിലുള്ള നിലവാരംകെട്ട പരാമര്‍ശവും ഇത്തരം കേസുകളില്‍ മുഖ്യധാര പുലര്‍ത്തുന്ന മനോഭാവത്തെയാണ് അടയാളപ്പെടുത്തുന്നത്. വ്യക്തികളാല്‍ പീഡിതരായ സ്ത്രീകള്‍ സാമൂഹികമായ മാനഭംഗങ്ങള്‍ക്കുകൂടി ഇരകളായിത്തീരുന്നതാണ് പലപ്പോഴും ഇത്തരം കേസുകളുടെ പരിണതി.

പതിമൂന്നു തവണ പീഡിപ്പിക്കപ്പെട്ടിട്ടും എന്തിന് ഇത്ര കാലം സഹിച്ചുനിന്നു, തുറന്നു പറയാനുള്ള ഈ ആര്‍ജവം എന്തുകൊണ്ട് കുറച്ചുമുമ്പേ കാണിച്ചില്ല എന്നൊക്കെ വളരെ നിസ്സാരമായി ചോദിക്കുന്ന ആളുകള്‍ പീഡിപ്പിക്കപ്പെട്ടവരുടെ വേദനയറിയാത്തവരാണ്. അറിഞ്ഞിരുന്നെങ്കില്‍ കുത്തിമുറിപ്പെടുത്തുന്ന ഇത്തരം പരിഹാസോക്തികള്‍ അവരില്‍നിന്ന് ഉാകുമായിരുന്നില്ല. പാരതന്ത്ര്യത്തില്‍ കഴിയുന്നവര്‍ ഏറെ കാലമെടുത്ത് ആര്‍ജിച്ചെടുക്കുന്ന ഈ ധീരതയെയും പ്രതികരണശേഷിയെയും സംശയദൃഷ്ടിയോടെ കാണുന്ന ഇത്തരം ചോദ്യങ്ങള്‍ ഏറെ അപകടം നിറഞ്ഞതാണ്. പ്രതികരിക്കുക, നീതി നേടുക എന്നത് ആലോചിക്കാന്‍ പോലും കഴിയാത്തവിധം ഇത്തരം പരാമര്‍ശങ്ങള്‍ സ്ത്രീ സമൂഹത്തെ മരവിപ്പില്‍ കൊണ്ടെത്തിക്കും. പി.കെ ശശി എം.എല്‍.എക്കെതിരെയുള്ള ലൈംഗികാരോപണവും അതിനോടുള്ള പാര്‍ട്ടി നിലപാടുമെല്ലാം ആണധികാര സമൂഹത്തിന്റെ മനോനിലപാടുകളെയാണ് തുറന്ന് കാണിക്കുന്നത്.

ഈ രണ്ടു സംഭവങ്ങളിലും കുറ്റമാരോപിച്ചവരും ആരോപിക്കപ്പെട്ടവരും നിസ്സാരക്കാരല്ല. സാധാരണക്കാരായ സ്ത്രീ സമൂഹം ഉറ്റുനോക്കുന്നത് ഇത്തരം കേസുകളില്‍ എന്തു നിലപാടാണ് ഭരണകൂടവും നീതിപീഠവും സ്വീകരിക്കുക എന്ന് തന്നെയാണ്. പതിനാല് സെക്കന്റ് ഒരു സ്ത്രീയെ അശ്ലീലച്ചുവയോടെ തുടര്‍ച്ചയായി നോക്കിയാല്‍ അയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാം എന്ന ഓര്‍ഡിനന്‍സുകള്‍ക്കും വാഗ്‌ധോരണികള്‍ക്കുമപ്പുറം കണ്‍മുമ്പില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കേസുകളുടെ പരിണതി എന്താണ് എന്നാണ് സ്ത്രീ സമൂഹം ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ഇടതും വലതുമെന്ന വകഭേദമില്ലാതെ സ്ത്രീ സുരക്ഷ മുദ്രാവാക്യമാക്കി രംഗം കൈയടക്കുന്നവരും, വംശവും വര്‍ഗവും ലിംഗവും നോക്കി വിധി പറയുന്നവരും ഒളിച്ചിരിക്കുന്നത് ഒരേ വാത്മീകത്തില്‍ തന്നെ.

''അതുകൊണ്ട് നീ ഇടറിവീഴാന്‍ നിന്റെ വലതുകണ്ണ് ഇടയാക്കുന്നെങ്കില്‍ അത് ചൂഴ്‌ന്നെടുത്ത് എറിഞ്ഞുകളയുക. മുഴുശരീരവും ഗീഹെന്നയിലേക്ക് എറിയപ്പെടുന്നതിനേക്കാള്‍ അവയവങ്ങളില്‍ ഒന്നു നഷ്ടമാകുന്നതാണ് നിനക്ക് നല്ലത്. നീ ഇടറിവീഴാന്‍ നിന്റെ വലതുകൈ ഇടയാക്കുന്നുവെങ്കില്‍ അത് വെട്ടിക്കളയുക. മുഴു ശരീരവും ഗീഹെന്നയില്‍ വീഴുന്നതിനെക്കാള്‍ അവയവങ്ങളില്‍ ഒന്നു നഷ്ടമാകുന്നതാണ് നിനക്ക് നല്ലത്'' (മത്തായി 5:29,30).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (36 - 40)
എ.വൈ.ആര്‍

ഹദീസ്‌

കര്‍മഭൂമിയില്‍ തളരാതെ മുന്നോട്ട്
കെ.സി ജലീല്‍ പുളിക്കല്‍