ജോര്‍ദാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 138 സീറ്റുകളില്‍ 31-ലും വിജയിച്ച് മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഇസ്‌ലാമിക് ആക് ഷന്‍ ഫ്രണ്ട് (ഐ.എ.എഫ്) ഏറ്റവും വലിയ ഒറ്റ കക്ഷിയായി. 1989-ല്‍ നേടിയ 22 സീറ്റുകളായിരുന്നു ഇതിനു മുമ്പ് പാര്‍ട്ടിയുടെ ഏറ്റവും വലിയ നേട്ടം. അന്ന് 80 സീറ്റുകളായിരുന്നു പാര്‍ലമെന്റിലുണ്ടായിരുന്നത്. കഴിഞ്ഞ പാര്‍ലമെന്റില്‍ ഐ.എ.എഫിന് 10 സീറ്റാണ് കിട്ടിയിരുന്നത്.
പോള്‍ ചെയ്ത വോട്ടുകളില്‍ 22 ശതമാനവും നേടിയാണ് ഇസ്‌ലാമിസ്റ്റുകള്‍ വന്‍ കുതിപ്പ് നടത്തിയത്. രണ്ടാം സ്ഥാനത്തുള്ള മീസാഖ് പാര്‍ട്ടിക്ക് 21 സീറ്റ് കിട്ടി. ഇറാദ പാര്‍ട്ടിക്ക് 19-ഉം തഖദ്ദും പാര്‍ട്ടിക്ക് എട്ടും സീറ്റുകള്‍ ലഭിച്ചു. നിരവധി ഗവര്‍ണറേറ്റുകളിലും തലസ്ഥാനമായ അമ്മാനിലെ ജില്ലകളിലും ഇസ്‌ലാമിസ്റ്റുകളുടെ മുന്നേറ്റമാണ് കണ്ടത്. ജനറല്‍ സീറ്റുകളില്‍ നാലു വനിതകളെ വിജയിപ്പിച്ചതിനു പുറമെ വനിതാ സംവരണ സീറ്റുകളില്‍ മല്‍സരിച്ച നാലിലും പാര്‍ട്ടി വിജയം കൊയ്തു. ക്രിസ്ത്യാനികള്‍ക്ക് സംവരണം ചെയ്യപ്പെട്ട അമ്മാനിലെ ഏക സീറ്റിലും ഇസ്ലാമിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയാണ് ജയിച്ചത്. സിര്‍കാസിയന്‍, ചെചനുകള്‍ എന്നിവര്‍ക്ക് സംവരണ ചെയ്യപ്പെട്ട രണ്ടു സീറ്റുകളിലും പാര്‍ട്ടി വിജയം നേടി. പുതിയ പാര്‍ലമെന്റില്‍ 27 വനിതകളുണ്ടാകും.
ഫലസ്ത്വീന്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നിസ്സംഗവും നിഷേധാത്മകവുമായ നിലപാട് സ്വീകരിച്ചപ്പോള്‍ സയണിസ്റ്റ് ഭീകരതക്കെതിരെ ഇസ്‌ലാമിസ്റ്റ് പാര്‍ട്ടി ശക്തമായി രംഗത്തുവരികയുണ്ടായി. ഇത് വോട്ടാക്കി മാറ്റുന്നതില്‍ പാര്‍ട്ടി വിജയിച്ചു. ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളോട് മുഖംതിരിഞ്ഞുനിന്ന് സര്‍ക്കാറിന്റെ നിലപാടും വോട്ടര്‍മാരെ മാറിച്ചിന്തിപ്പിക്കാന്‍ കാരണമായി.