നമ്മുടെ കാലത്ത് എറ്റവും പ്രാമുഖ്യം വന്നിരിക്കുന്നത് മൂന്ന് മൂല്യങ്ങൾക്കാണ്; സ്വാതന്ത്ര്യം, സമത്വം, നീതി എന്നീ മൂല്യങ്ങൾക്ക്. ദേശീയമോ രാഷ്ട്രാന്തരീയമോ ആയ മേഖലകളിലൊന്നും നീതിയും ന്യായവും കാണാനേയില്ല. ഒട്ടനവധി ജനവിഭാഗങ്ങൾ കടുത്ത വിവേചനങ്ങൾ നേരിടുന്നു. എല്ലാവരെയും തുല്യാവകാശങ്ങളുള്ള മനുഷ്യരായി കാണുന്ന സമത്വ ദർശനം എങ്ങുമില്ല. ഇതിന്റെ സ്വാഭാവിക ഫലമെന്നോണം ധാരാളമാളുകൾക്ക് സ്വാതന്ത്ര്യം തന്നെ നിഷേധിക്കപ്പെടുന്നു. അധികാരമുള്ളവരുടെ അടിമകളായി ജനസഞ്ചയങ്ങൾ മാറ്റപ്പെടുന്നു. ഇതിനെതിരെ വമ്പിച്ച ജനകീയ പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ടെന്നതും സ്വാതന്ത്ര്യം, സമത്വം, നീതി എന്നീ മൂല്യങ്ങളെ കുറിച്ച് ജനം ഇന്ന് മുമ്പത്തെക്കാളേറെ ബോധവാൻമാരാണെന്നതും ഇതിന്റെ മറുവശമാണ്. പക്ഷേ, മറ്റുള്ള മൂല്യങ്ങൾക്ക് സംഭവിക്കുന്നത് തന്നെ ഇവയ്ക്കും സംഭവിക്കുന്നു. ഒന്നുകിൽ അതിതീവ്ര സ്വാതന്ത്ര്യ - സമത്വബോധം; അല്ലെങ്കിൽ ഇക്കാര്യങ്ങളിലൊക്കെ വളരെ അലസമായ നിലപാട്. ഈ ആത്യന്തിക നിലപാട് ഏറ്റവും പ്രകടമായി കാണാനാവുക സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലാണ്. സ്വാതന്ത്ര്യമെന്നാൽ പരിധികളില്ലാത്ത സർവതന്ത്ര സ്വാതന്ത്ര്യം എന്നാണ് കോർപറേറ്റ് മൂലധന ശക്തികളുടെ പിൻബലത്തോടെ ഇന്ന് വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒരു വ്യക്തി എന്താണോ ആഗ്രഹിക്കുന്നത് അത് അയാൾക്ക് / അവൾക്ക് ചെയ്യാം. മറ്റുള്ള മനുഷ്യരുടെ അവകാശങ്ങളോ സ്വാതന്ത്ര്യമോ മത ധാർമികതയോ രാജ്യനിയമമോ ഒന്നും അതിന് തടസ്സമായിക്കൂടാ. വ്യക്തിബന്ധങ്ങളിലാണ് ഈ ആശയം കൂടുതലായി അടിച്ചേൽപ്പിക്കപ്പെടുന്നത്. ഉദാഹരണമായി, പുരുഷന്റെ ലൈംഗിക അഭിലാഷങ്ങൾ അവൻ ഇഷ്ടപ്പെടുന്ന രീതിയിലാണ് നിർവഹിക്കപ്പെടേണ്ടത്; സ്ത്രീയുടെ ലൈംഗിക വികാരങ്ങൾ അവൾക്കിഷ്ടപ്പെടുന്ന രീതിയിലും. അതിന് വിവാഹമോ കുടുംബമെന്ന സ്ഥാപനമോ ഒന്നും ആവശ്യമില്ല. 'ലിവ് ഇൻ റിലേഷൻഷിപ്പ്' എന്നൊക്കെ പേരിൽ ഇന്നത് വ്യാപകമായി പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ലൈംഗികാവശ്യങ്ങളുടെ പൂർത്തീകരണത്തിന് സ്ത്രീ - പുരുഷ ബന്ധം തന്നെ വേണമെന്നുമില്ല. പുരുഷന് പുരുഷനെ വേൾക്കാനാണ് തോന്നുന്നതെങ്കിൽ അങ്ങനെ ചെയ്യാം. ശാരീരിക വേഴ്ച സ്ത്രീയും സ്ത്രീയും തമ്മിലായാലും ആ ആത്യന്തിക സ്വാതന്ത്ര്യവാദികൾക്ക് പ്രശ്നമൊന്നുമില്ല. ഭാര്യക്ക് പുറമെ കാമുകിമാരെയും വേണമെന്ന് തോന്നിയാൽ പുരുഷന് അങ്ങനെയാകാം. ഭർത്താവിന് പുറമെ കാമുകൻമാരെ സ്വീകരിക്കാനും ഭാര്യ സർവതന്ത്ര സ്വതന്ത്ര. ഇതൊക്കെ നേരത്തെ തന്നെ പറഞ്ഞുറപ്പിക്കാം. പിരിയണമെന്നു തോന്നുമ്പോൾ ഇരുവർക്കും പിരിഞ്ഞു പോവുകയും ചെയ്യാം. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ശസ്ത്രക്രിയയിലൂടെ ആണിന് പെണ്ണാകുന്നതിനോ പെണ്ണിന് ആണാകുന്നതിനോ തടസ്സവുമില്ല.
ഏതാനും വർഷങ്ങൾക്ക് മുമ്പ് പോലും ഇങ്ങനെയൊരു സാമൂഹികാവസ്ഥ നമുക്ക് സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ല. പാശ്ചാത്യ നാടുകളിലെ അന്നത്തെ ലൈംഗികാരാജകത്വത്തെക്കുറിച്ച് നമുക്ക് ചില കേട്ടറിവുകൾ ഉണ്ടായിരുന്നെങ്കിലും അതിത്രത്തോളം വഷളായിരുന്നില്ല. പക്ഷേ, ഇന്ന് പാശ്ചാത്യ, പൗരസ്ത്യ വ്യത്യാസമില്ലാതെ ഇത്തരം ഭയാനകമായ അരാജക ചിന്തകൾ പുതു തലമുറയെ സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ ശരീരം, എന്റെ തെരഞ്ഞെടുപ്പ് എന്ന് പറയുന്നവരെ നമ്മുടെ ക്യാമ്പസുകളിൽ തന്നെ എത്രയോ കാണാം. എല്ലാ മതങ്ങളും ഇത്തരം അരാജക ചിന്തകളെ തള്ളിക്കളയുന്നുണ്ടെങ്കിലും ആ ചിന്തകൾക്ക് പ്രചാരം കൂടിക്കൊണ്ടിരിക്കുക തന്നെയാണ്. ഈയൊരു പശ്ചാത്തലത്തിലാണ് ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ വനിതാ വിഭാഗം 'ധാർമികതയാണ് സ്വാതന്ത്ര്യം' എന്ന പേരിൽ ഈ സെപ്റ്റംബർ ഒന്നു മുതൽ മുപ്പത് വരെ ഒരു കാമ്പയിൻ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതൊരു സംഘടന മാത്രമായി ചെയ്യേണ്ടതല്ല. ഓരോ സംഘടനയും, അത് ഏത് രാഷ്ട്രീയ- മതവിഭാഗത്തിൽ പെടുന്നതാവട്ടെ, അവരുടെതായ രീതിയിൽ എത്രയും പെട്ടെന്ന് രംഗത്തിറങ്ങണം. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം മൂന്ന് തലത്തിലാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. പൊതു സമൂഹത്തെ ബോധവൽക്കരിക്കുക എന്നതാണ് ഒന്നാമത്തെ തലം. മുസ്ലിം സമൂഹത്തെ ബോധവൽക്കരിക്കലാണ് രണ്ടാമത്തെ തലം. സ്വന്തം സംഘടനക്കകത്തെ പ്രവർത്തകരിൽ ഈ അവബോധമുണ്ടാക്കുക എന്നതാണ് മൂന്നാമത്തെ തലം. ധാർമികതയും മൂല്യങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഒത്തുചേരേണ്ട സന്ദർഭമാണിത്. l
1999-ല്‍ ഇരുപത്തിയഞ്ചു കൊല്ലം മുമ്പ് കേരള മുസ്ലിം സമൂഹം ചെറിയ പെരുന്നാള്‍ മൂന്ന് വ്യത്യസ്ത ദിവസങ്ങളില്‍ ആഘോഷിക്കേണ്ടിവന്നു. നിസ്സാര പ്രശ്‌നങ്ങളില്‍ വിഘടിച്ച് പരസ്പര സഹകരണവും ബഹുമാനവും ഇല്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മുസ്ലിം സംഘടനാ നേതാക്കളുടെയും മറ്റും ഈഗോയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമാണ് ദൗര്‍ഭാഗ്യവശാല്‍ സമുദായത്തെ ഈ ദുരിതത്തില്‍ എത്തിച്ചത്.
ഇതിന് അറുതിവരുത്തി സംഘടനകള്‍ തമ്മില്‍ മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള വഴികള്‍ ആരായാന്‍, കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന FORUM FOR FAITH AND FRATERNITY (3F) എന്ന കൂട്ടായ്മ മുന്‍കൈയെടുത്തു. അതിനായി അവര്‍ വ്യത്യസ്ത സംഘടനാ നേതാക്കളെയും പൗരമുഖ്യരെയും നേരില്‍ കണ്ട് സംസാരിച്ചു. വളരെ പ്രോത്സാഹജനകമായ പ്രതികരണമാണ് എല്ലാവരില്‍നിന്നും ലഭിച്ചത്. ബന്ധപ്പെട്ടവരെല്ലാം നിർദേശിച്ചതനുസരിച്ച് സംഘടനാ പ്രതിനിധികളുടെയും പൗരമുഖ്യരുടെയും ഒരു യോഗം വിളിക്കാന്‍ തീരുമാനിച്ചു. പക്ഷേ യോഗം വിളിച്ചുചേര്‍ക്കുന്നത് ഒരു സംഘടനയിലും പെടാത്ത, അതേസമയം എല്ലാവര്‍ക്കും സ്വീകാര്യനായ വ്യക്തിയായിരിക്കണം എന്നും നിർദേശം വന്നു. ഫോറം ഭാരവാഹികള്‍ ഈ ആവശ്യത്തിനായി പ്രവാസി വ്യവസായ പ്രമുഖനായ മുഹമ്മദലി ഗള്‍ഫാറിനെ സമീപിക്കുകയും അദ്ദേഹം സന്തോഷത്തോടെ അതിന് സമ്മതിക്കുകയും ചെയ്തു. അങ്ങനെയാണ് 1999 ഒക്ടോബര്‍ 21-ന് കോഴിക്കോട് ഹൈസണ്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, നദ്്്വത്തുല്‍ മുജാഹിദീന്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, എം.ഇ.എസ്, എംഎസ്.എസ് എന്നീ സംഘടനകളുടെ ഉന്നതരായ നേതാക്കളും ഒരു ഡസനോളം പൗരപ്രമുഖരും ഫോറം ഭാരവാഹികളും ഒത്തുചേര്‍ന്നത്. 'മുസ്ലിം സൗഹൃദവേദി'യുടെ രൂപവത്കരണത്തിലാണ് ആ യോഗം അവസാനിച്ചത്. ഗള്‍ഫാര്‍ മുഹമ്മദലി സാഹിബിനെ സൗഹൃദവേദിയുടെ കണ്‍വീനറായും 3F-ന്റെ സെക്രട്ടറിയായിരുന്ന സി.എച്ച് അബ്ദുര്‍റഹീമിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
സംഘടനകള്‍ തമ്മിലുള്ള ആദര്‍ശപരമായ ഭിന്നതകള്‍ നിലനില്‍ക്കെ തന്നെ പൊതു കാര്യങ്ങളില്‍ ഒന്നിച്ച് സമുദായത്തിന്റെ വിദ്യാഭ്യാസപരവും സാമ്പത്തികവും മറ്റുമായ പുരോഗതിക്കായി യോജിച്ചു പ്രവര്‍ത്തിക്കാനുള്ള ഉറച്ച തീരുമാനത്തോടെയാണ് അന്ന് ആ യോഗം അവസാനിച്ചത്. ആറേഴ് വര്‍ഷം വളരെ സക്രിയമായി പ്രവര്‍ത്തിച്ച സൗഹൃദവേദിക്ക് വിപ്ലവകരമായ മാറ്റങ്ങള്‍ ഒന്നും സമുദായത്തില്‍ വരുത്താന്‍ സാധിച്ചില്ലെങ്കിലും പല കാര്യങ്ങളിലും തുടക്കം കുറിക്കാനും ചിലതൊക്കെ ചെയ്യാനും സാധിച്ചു. താഴെ പറയുന്ന കാര്യങ്ങള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.
നോമ്പ്- പെരുന്നാളുകളുടെ ഏകീകരണം: മാസപ്പിറവി പ്രഖ്യാപിക്കുന്ന വിവിധ സംഘടനാ നേതാക്കള്‍, തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ഖാദിമാര്‍- ഇവര്‍ തമ്മില്‍ ആശയവിനിമയ സംവിധാനം ഉണ്ടാക്കി. പ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് മുമ്പ് പരസ്പരം കൂടിയാലോചിക്കാനുള്ള സന്മനസ്സ് അവരില്‍ ഉണ്ടാക്കിയെടുത്തു. ഈ സംവിധാനം അനൗപചാരികമായെങ്കിലും ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും തുടരുന്നു.
പിന്നാക്ക സമുദായ ഉന്നമനം ഉദ്ദേശിച്ച് നിയോഗിക്കപ്പെട്ട ജസ്റ്റിസ് നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാന്‍ അന്നത്തെ സര്‍ക്കാരില്‍ കൂട്ടായ സമ്മർദം ചെലുത്തി.
പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സഹായകമാകുന്ന പെരുമാറ്റ ചട്ടത്തിന്റെ രൂപരേഖയുണ്ടാക്കി സംഘടനകള്‍ക്ക് സമര്‍പ്പിച്ചു. ഔദ്യോഗികമായി പെരുമാറ്റ ചട്ടം സംഘടനകള്‍ അംഗീകരിച്ചില്ലെങ്കിലും അതിലെ നിർദേശങ്ങളുടെ ചൈതന്യം ഉള്‍ക്കൊള്ളാന്‍ സംഘടനകള്‍ തയാറായി. പ്രസിദ്ധീകരണങ്ങളിലും പ്രഭാഷണങ്ങളിലും വന്നിരുന്ന പ്രതിപക്ഷ ബഹുമാനമില്ലാത്ത വിമര്‍ശനങ്ങള്‍ സൗഹൃദവേദിക്ക് മുമ്പുള്ളതിനെക്കാള്‍ നന്നേ കുറഞ്ഞു.
മദ്യപാനം, ചൂതാട്ടം തുടങ്ങിയ തിന്മകള്‍ക്കെതിരെ ഒരു സംഘടിത പ്രവര്‍ത്തന രൂപരേഖ ഉണ്ടാക്കാന്‍ മുസ്ലിം യുവജന വിദ്യാര്‍ഥി സംഘടനാ നേതാക്കളുടെ ഒരു മുഴുദിവസ സെമിനാര്‍ സംഘടിപ്പിച്ചു. മുഖ്യധാരാ യുവജന സംഘടനകളുടെ സാരഥികള്‍ അതില്‍ സംബന്ധിച്ചു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പൊതുവേദി ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും സെമിനാറില്‍ ഉരുത്തിരിഞ്ഞുവന്ന നിർദേശങ്ങള്‍ പലതും സംഘടനകള്‍ സ്വന്തം നിലയില്‍ ഏറ്റെടുത്തു നടത്തി. *സൗഹൃദവേദിയുടെ ഏറ്റവും ശ്രദ്ധേയമായ നീക്കം സമുദായത്തിന്റെ സമഗ്രമായ പുരോഗതിക്ക് ഒരു രൂപരേഖ ഉണ്ടാക്കി സമര്‍പ്പിച്ചതായിരുന്നു. ധാർമികം, മതപരം, സാമുദായികം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം എന്നീ മേഖലകളില്‍ ഫലപ്രദമായ പ്രായോഗിക കർമപരിപാടി ഉള്‍ക്കൊള്ളുന്നതായിരുന്നു ഈ രൂപരേഖ. 2003 ജനുവരി 4-ന് കോഴിക്കോട് ഹോട്ടല്‍ ഹൈസണില്‍ അന്നത്തെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, സംഘടനാ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഈ രൂപരേഖ അംഗീകരിച്ചു. സൗഹൃദത്തിന്റെ സന്ദേശം ഓരോ സംഘടനയുടെയും പ്രാദേശിക തലങ്ങളില്‍ എത്തിക്കാനും, സംയോജിത പ്രവര്‍ത്തനങ്ങള്‍ പ്രാദേശികാടിസ്ഥാനത്തില്‍ തുടങ്ങാനും തീരുമാനമായി. സൗഹൃദവേദിയുടെ പ്രവര്‍ത്തനം അധിക നാള്‍ തുടരാന്‍ സാധിക്കാത്തതിനാല്‍, ഈ രൂപരേഖ പ്രവര്‍ത്തന പഥത്തില്‍ കൊണ്ടുവരാന്‍ സാധിച്ചില്ല.
നാലഞ്ച് വര്‍ഷം റമദാന്‍ മാസങ്ങളില്‍ സൗഹൃദവേദി ഔദ്യോഗികമായി സംഘടിപ്പിച്ച ഇഫ്ത്വാര്‍ സംഗമങ്ങള്‍ സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും വേദിയായി മാറി. കോഴിക്കോട്ടും എറണാകുളത്തും മാറിമാറി സംഘടിപ്പിക്കപ്പെട്ട ഈ ഇഫ്ത്വാര്‍ വിരുന്നുകളില്‍ സംഘടനാ നേതാക്കള്‍ക്ക് പുറമേ പൗരപ്രമുഖരും, വ്യവസായ, വാണിജ്യ, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖരും പങ്കെടുത്തിരുന്നു.
പിന്നാക്ക സമുദായങ്ങളുടെ, പ്രത്യേകിച്ച് മുസ് ലിംകളുടെ ഉയര്‍ന്ന വിദ്യാഭ്യാസത്തിനും ഗവേഷണപരമായ ഉപരിപഠനത്തിനും, സര്‍വോപരി സമുദായത്തെ നയിക്കാന്‍ കെല്പുള്ള നേതൃനിരയെ വാര്‍ത്തെടുക്കാനും വേണ്ടി നിലവില്‍വന്ന Social Advancement Foundation of India (SAFI) എന്ന സംരംഭം സൗഹൃദവേദിയുടെ സംഭാവനയാണെന്ന് പറയുന്നതില്‍ തെറ്റില്ല. നിര്‍ഭാഗ്യവശാല്‍ സൗഹൃദവേദിയുടെ പ്രവര്‍ത്തനം അഞ്ചാറ് വര്‍ഷംകൊണ്ട് നിലച്ചുപോയി. കാരണം പലതുണ്ടെങ്കിലും സൗഹൃദവേദി നിശ്ചലമായപ്പോഴാണ് അതിന്റെ ആവശ്യകതയെ കുറിച്ച ബോധം സമുദായത്തില്‍ വളരെ ശക്തമാണെന്ന് മനസ്സിലായത്. കേരളത്തില്‍ പൊതു കൂട്ടായ്മ എന്ന നിലക്ക് പ്രവര്‍ത്തനം നിലച്ചെങ്കിലും സൗഹൃദവേദിയുടെ മാതൃകയില്‍ കേരളത്തില്‍ പല സ്ഥലങ്ങളില്‍ പ്രാദേശികമായും ഗള്‍ഫിലും ഇത്തരം കൂട്ടായ്മകള്‍ നിലവില്‍ വരികയുണ്ടായി. മാറിവരുന്ന സാഹചര്യങ്ങളില്‍ സമുദായം കൂടുതല്‍ വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോള്‍ സൗഹൃദവേദിയുടെ പുനരുജ്ജീവനത്തിന്റെ പ്രസക്തി കൂടുകയാണ്. സൗഹൃദവേദി രൂപവത്കരിക്കപ്പെട്ട പശ്ചാത്തലത്തില്‍നിന്ന് വ്യത്യസ്തമാണ് ഇന്നത്തെ സമുദായത്തിന്റെ അവസ്ഥ. അതിനനുസരിച്ച് കൂട്ടായ്മയുടെ പ്രവര്‍ത്തന മണ്ഡലങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടിവരും. മുന്‍ഗണനാക്രമങ്ങളിലും മാറ്റമുണ്ടാകും.
പരിഗണിക്കപ്പെടേണ്ട ചില പുതിയ കാര്യങ്ങള്‍: ഒന്ന്: ഇല്ലാത്ത പ്രീണനത്തിന്റെ പേരില്‍ എന്നും പഴി കേള്‍ക്കേണ്ടി വരുന്നുണ്ട് മുസ് ലിംകള്‍. ഇതിനെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം സമുദായത്തിന്റെ ശരിയായ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ അവസ്ഥയെ കുറിച്ചു സമഗ്രമായ ഒരു സ്ഥിതിവിവരക്കണക്ക് കൂട്ടായി തയാറാക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്യുക എന്നതാണ്. സര്‍ക്കാര്‍ ജോലി, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രാതിനിധ്യം തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ ആധികാരികമായ സ്ഥിതിവിവരക്കണക്ക് ഉണ്ടെങ്കില്‍ എല്ലാത്തരം ആരോപണങ്ങളെയും വസ്തുനിഷ്ഠമായി പ്രതിരോധിക്കാന്‍ കഴിയും. സമുദായ പുരോഗതിക്ക് സമഗ്രമായ ഒരു പ്രവര്‍ത്തന രൂപരേഖ ഉണ്ടാക്കാന്‍ ആ പഠനം നന്നേ ഉപകരിക്കും. വിവിധ സംഘടനകളില്‍നിന്നുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി ഇതിനൊരു സമിതി ഉണ്ടാക്കിയാല്‍ സർവേക്ക് രൂപ കല്പന ചെയ്യാനും സമഗ്രമായ റിപ്പോര്‍ട്ട് തയാറാക്കാനും കഴിയും.
രണ്ട്: വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. എണ്ണത്തില്‍ ഉണ്ടെങ്കിലും, അതില്‍ പലതിനും വേണ്ടത്ര ഗുണനിലവാരമില്ല. പല പ്രദേശങ്ങളിലും ഒരേതരം സ്ഥാപനങ്ങള്‍ ആവര്‍ത്തിക്കുന്നതു (Duplication) കൊണ്ട് പല സ്ഥാപനങ്ങളിലും വേണ്ടത്ര വിദ്യാര്‍ഥികളെയോ യോഗ്യരായ അധ്യാപകരെയോ കിട്ടാനില്ല. ഇത് സമുദായത്തിന്റെ സമ്പത്ത് അശാസ്ത്രീയമായി ഉപയോഗിച്ച് നഷ്ടപ്പെടുത്തലാണ്. സിവില്‍ സര്‍വീസിലേക്കും മറ്റുമുള്ള പരിശീലനത്തിന് നല്ല സാങ്കേതിക പരിജ്ഞാനവും പരിചയ സമ്പന്നരായ അധ്യാപകരും വേണം. ചെലവ് സ്വാഭാവികമായും കൂടും. ഇത്തരം പരിശീലന കേന്ദ്രങ്ങള്‍ മഹല്ല് തോറും നടത്തേണ്ടതല്ല. സംസ്ഥാനത്ത് മൊത്തം മൂന്നോ നാലോ മികച്ച സെന്ററുകളില്‍ നടത്തിയാല്‍ നല്ല പരിശീലകരെ വെച്ച് ഫലപ്രദമായി ചെയ്യാന്‍ കഴിയും. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമുദായം നടത്തിക്കൊണ്ടിരിക്കുന്ന പല കോഴ്‌സുകള്‍ക്കും ഇത്തരം ഒരു consolidation അനിവാര്യമായിരിക്കുന്നു. വിദ്യാഭ്യാസ രംഗത്തെ നൂതന രീതികളെക്കുറിച്ചും കാലികമായ കോഴ്‌സുകളെക്കുറിച്ചും ഗഹനമായ പഠനം നടക്കേണ്ടതുമുണ്ട്. അതിനാല്‍, സ്ഥാപനങ്ങളുടെ മൊത്തം നിലവാരം ഉയര്‍ത്താന്‍ (Quality improvement) വേണ്ടിയും സ്ഥാപനങ്ങളുടെയും കോഴ്‌സുകളുടെയും ശാസ്ത്രീയമായ പുനര്‍വിന്യാസത്തിനും, ആധുനിക വിദ്യാഭ്യാസ പ്രവണതകളെ പരിചയപെടുത്താനുമെല്ലാം വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപവത്കരിക്കാന്‍ സമുദായ കൂട്ടായ്മക്ക് കഴിയണം..
മൂന്ന്: ഇന്ന് പല സംഘടനാ നേതാക്കളും പ്രസംഗങ്ങള്‍ നടത്തുന്നതും ഉപദേശങ്ങള്‍ നല്‍കുന്നതും സമൂഹ മാധ്യമങ്ങളില്‍ കൂടിയാണ്. അത് പലപ്പോഴും വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാനും ഇതര സമുദായങ്ങളെ അകറ്റാനും ചിലപ്പോള്‍ കാരണമാകുന്നു. ഈ ഇടപെടലുകള്‍ക്ക് ഒരു പെരുമാറ്റച്ചട്ടം ഉണ്ടാക്കാനായാല്‍ സമുദായത്തിന്റെ ഒരുപാട് സമയവും ഊർജവും ലാഭിക്കാം. ഒപ്പം, സമുദായം നേരിടുന്ന സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പണ്ഡിതന്മാരും ഉള്‍ക്കൊള്ളുന്ന ഒരു വിദഗ്ധ ടീമിനെ ഒരുക്കിനിര്‍ത്തുകയും വേണം.
നാല്: ഉത്തരേന്ത്യന്‍ മുസ്ലിം നേതാക്കളുമായും സംഘടനകളുമായും പ്രവര്‍ത്തനങ്ങളില്‍ കോര്‍ഡിനേഷന്‍ ഉണ്ടാക്കാന്‍ ദക്ഷിണേന്ത്യന്‍ സംഘടനകള്‍ക്ക് ഇതു വരെ സാധിച്ചിട്ടില്ല. ഉത്തരേന്ത്യന്‍ മുസ്ലിംകളെക്കാള്‍ മുന്തിയവരാണ് എന്നൊരു തോന്നല്‍ നമ്മിലെങ്ങനെയോ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ അവര്‍ നമ്മളെക്കാള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതായും നാം കണ്ടു. അവിടെ നിലനിന്നിരുന്ന ബറേല്‍വി-ദയൂബന്ദി ഭിന്നിപ്പുകള്‍ ഒരതിരുവരെ അവര്‍ക്ക് തീര്‍ക്കാനായി. ജംഇയ്യത്തുല്‍ ഉലമ ഏ ഹിന്ദ് കുറച്ചു കാലമായി രണ്ടു വിഭാഗമായി പ്രവര്‍ത്തിച്ചിരുന്നത്, തെരഞ്ഞെടുപ്പ് കാലത്ത് ഒന്നായി. ആഭ്യന്തര തര്‍ക്കങ്ങള്‍ മൂലം കുറച്ചു കാലങ്ങളായി വിഘടിച്ചു നിന്നിരുന്ന ദയൂബന്ദിലെ തന്നെ രണ്ട് വിഭാഗങ്ങള്‍ ഒന്നിച്ചു. ഇത്തരം വളരെ ക്രിയാത്മകമായ കാര്യങ്ങള്‍ക്ക് വടക്കേ ഇന്ത്യന്‍ മുസ്ലിംകളും സംഘടനകളും തുടക്കം കുറിച്ചിരിക്കുന്നു. സ്വയം പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന നമ്മള്‍ ഒരു തെക്ക്-വടക്ക് സഹകരണത്തിന് മുന്‍കൈയെടുക്കണം. മുസ്ലിം സൗഹൃദവേദി ആയിരിക്കാം ഇതിന് മുന്‍കൈയെടുക്കാന്‍ കഴിയുന്ന സ്വാഭാവിക പ്രസ്ഥാനം. സൗഹൃദവേദിയെ പുനരുജ്ജീവിപ്പിച്ചാല്‍ ഇത്തരം പദ്ധതികള്‍ അതിന് ഏറ്റെടുക്കാനാവും. അത് സമുദായത്തിന് പുതിയ ഊർജവും ഉണര്‍വും നല്‍കും. നേരത്തെ ഇതില്‍ മുന്‍കൈയെടുത്ത ഗള്‍ഫാര്‍ മുഹമ്മദലി സാഹിബിനെ പോലുള്ളവര്‍ രംഗത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നു. l
1992 എന്നെ സംബന്ധിച്ച് നിർണായക വർഷമാണ്. എനിക്കന്ന് 22 വയസ്സ്. ആ വർഷം ഏപ്രിൽ മാസത്തിൽ കെ.കെ ഇബ്റാഹീം മാഞ്ഞാലി പൊന്നാനിയിൽ വരുന്നു. ഞാനന്ന് പൊന്നാനി ഐ.എസ് എസ് കോളേജിൽ അധ്യാപകനാണ്. പ്രഫ. കെ.എ സിദ്ദീഖ് ഹസന്റെ നിർദേശപ്രകാരം രൂപവത്കരിക്കാൻ പോകുന്ന ഒരു വളന്റിയർ കൂട്ടായ്മയെ കുറിച്ച വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചു. അതിൽ അംഗമാക്കാൻ ഉദ്ദേശിക്കുന്നവരെ നേരിൽ കണ്ട് സംസാരിക്കുകയാണ് തന്റെ വരവിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഞാനതിൽ ചേരാൻ തയാറാണെന്ന് അറിയിച്ചു. 1992 മെയ് 20, 21 ദിവസങ്ങളിൽ ഇങ്ങനെ സ്വയം സന്നദ്ധരായ ആളുകളെ വിളിച്ചുചേർത്ത് ശാന്തപുരത്ത് ഒരു ക്യാമ്പ് നടത്തുന്നുണ്ടെന്നും അതിൽ പങ്കെടുക്കണമെന്നുമുള്ള നിർദേശമാണ് പിന്നീട് ലഭിക്കുന്നത്.
ശാന്തപുരത്തെ ദ്വിദിന ക്യാമ്പിലാണ് കൂട്ടായ്മക്ക് ഐഡിയൽ റിലീഫ് വിംഗ് അഥവാ ഐ.ആർ. ഡബ്ല്യു എന്ന പേര് പ്രഖ്യാപിക്കുന്നത്. ക്യാമ്പിൽ സിദ്ദീഖ് ഹസൻ സാഹിബിന്റെ ആമുഖ പ്രഭാഷണത്തിൽ കൂട്ടായ്മയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വ്യക്തമാക്കുകയുണ്ടായി. "നേതൃത്വം എപ്പോൾ ആവശ്യപ്പെട്ടാലും ഒരു തടസ്സവർത്തമാനങ്ങളുമില്ലാതെ സേവന സന്നദ്ധരായി വരാൻ തയാറുള്ള വളന്റിയർമാരുടെ കൂട്ടായ്മയാണിത്. അങ്ങനെ എത്തിച്ചേരാൻ സാധിക്കാത്തവർക്ക് ഇപ്പോൾ തന്നെ പിരിഞ്ഞുപോകാനുള്ള സ്വാതന്ത്ര്യമുണ്ട്." വളന്റിയർ സംഘത്തിന്റെ ജനറൽ ക്യാപ്റ്റനായി പ്രഫ. കെ.എ സിദ്ദീഖ് ഹസൻ സാഹിബിനെയും ജനറൽ കൺവീനറായി അല്ലാ ബക്്ഷ് ഹാജിയെയും ക്യാമ്പ് തെരഞ്ഞെടുത്തു. പ്രാദേശികമായി നടക്കുന്ന മുഴുവൻ സേവന പ്രവർത്തനങ്ങളിലും വളന്റിയർമാർ ഈ ദിവസം മുതൽ സജീവമാകണമെന്ന ജനറൽ ക്യാപ്റ്റന്റെ ആഹ്വാനത്തോടെയാണ് രൂപവത്കരണ ക്യാമ്പ് സമാപിച്ചത്. വിവിധ ജില്ലകളിൽ നിന്നായി നൂറിനടുത്താളുകൾ ക്യാമ്പിൽ പങ്കെടുത്തിരുന്നു.
ശാന്തപുരം ക്യാമ്പ് കഴിഞ്ഞ് മൂന്നു മാസം പിന്നിട്ടപ്പോൾ തെക്കന്‍ ജില്ലകളില്‍ കനത്ത നാശനഷ്ടം വിതച്ച ഉരുള്‍പൊട്ടലുണ്ടായി. 1992 സെപ്റ്റംബര്‍ തുടക്കത്തിലായിരുന്നു ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളെ ബാധിച്ച ഈ ദുരന്തം. സംഭവമറിഞ്ഞ ഉടനെ ജനറല്‍ ക്യാപ്റ്റന്‍ സിദ്ദീഖ് ഹസന്‍ സാഹിബ് ദുരന്ത മേഖലകളില്‍ സാധ്യമാകുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ വളന്റിയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കേരളത്തിന്റെ പല ഭാഗങ്ങളില്‍നിന്നായി എൺപതംഗ ഐ. ആർ.ഡബ്ല്യു വളന്റിയര്‍ സംഘം ദുരിതപ്രദേശങ്ങളില്‍ മൂന്ന് ദിവസം തമ്പടിച്ച് രക്ഷാ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. വെള്ളമിറങ്ങി അപകടാവസ്ഥ നീങ്ങിയ ശേഷമാണ് അവര്‍ അവിടം വിട്ടത്.
തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ ഇടിഞ്ഞാര്‍ ഗ്രാമത്തില്‍ ഈ സന്ദര്‍ഭത്തില്‍ ഐ.ആര്‍.ഡബ്ല്യു നടത്തിയ രക്ഷാപ്രവര്‍ത്തനം മാത്രം മതിയാകും ഈ സംഘത്തിന്റെ അന്നത്തെ സാഹസികതയും സമര്‍പ്പണവും അടയാളപ്പെടുത്താന്‍. ചുറ്റും വെള്ളം കയറി തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഇടിഞ്ഞാര്‍ ഗ്രാമം. അവരുടെ വീടുകളും വസ്ത്രവും ഭക്ഷണവുമടക്കം സര്‍വവും വെള്ളം കയറി നശിച്ചിരുന്നു. ഒഴുക്കിനെതിരെ നീന്താന്‍ ശേഷിയുള്ള യുവാക്കള്‍ നീന്തി രക്ഷപ്പെട്ടു. അവശേഷിച്ച വൃദ്ധരും സ്ത്രീകളും കുട്ടികളും പ്രദേശത്തെ ഉയര്‍ന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളില്‍ അഭയം തേടി. അവര്‍ക്കവിടെ ഭക്ഷണമോ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യമോ ഉണ്ടായിരുന്നില്ല. നീന്തി രക്ഷപ്പെട്ട യുവാക്കളിലൊരാളാണ് അവിടെ ഇങ്ങനെ കുറച്ചാളുകൾ കുടുങ്ങിക്കിടക്കുന്ന വിവരം ഇക്കരെയുള്ളവരെ അറിയിച്ചത്. രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട പട്ടാളക്കാര്‍ അങ്ങോട്ട് ഗതാഗത സൗകര്യം ഇല്ലാത്തതിനാല്‍ പോകാന്‍ സാധിക്കില്ലെന്ന് പറഞ്ഞു പിന്തിരിഞ്ഞു. ഈ സന്ദര്‍ഭത്തിലാണ് എത്ര സാഹസപ്പെട്ടും അവര്‍ക്ക് സഹായമെത്തിക്കണമെന്ന് കെ.കെ ഇബ്‌റാഹീമിന്റെ നേതൃത്വത്തിലുള്ള ഐ.ആര്‍.ഡബ്ല്യു സംഘം തീരുമാനിക്കുന്നത്. ചുറ്റുമുള്ള വാഴത്തടികള്‍ ചേര്‍ത്ത് സംഘം ഒരു ചങ്ങാടമുണ്ടാക്കി. കുത്തിയൊലിക്കുന്ന വെള്ളത്തിനെതിരെ ആ ചങ്ങാടം തുഴഞ്ഞ് അക്കരെ കടക്കാന്‍ ഏഴംഗ ഐ.ആര്‍.ഡബ്ല്യു സംഘം തയാറായി. അവര്‍ അക്കരെ കടന്ന് സ്‌കൂളിലെത്തി. അവിടെ കണ്ട കാഴ്ച ദാരുണമായിരുന്നു. തണുത്ത് വിറച്ച് വിശപ്പടക്കാന്‍ ഒന്നുമില്ലാതെ നിസ്സഹായരായി ഒരു പറ്റം മനുഷ്യര്‍ ആര്‍ത്തലച്ചു കരയുന്നു. സംഘം അവരെ ആശ്വസിപ്പിച്ചു. 'വെള്ളം ഇറങ്ങി സ്ഥിതി ശാന്തമാകുന്നതുവരെ ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ടാവു'മെന്ന് ഉറപ്പുനല്‍കി. അവിടെ നിന്ന് ഒരുപാട് വാഴകള്‍ വെട്ടി വലിയൊരു ചങ്ങാടമുണ്ടാക്കി ഏഴില്‍ നാലുപേര്‍ വീണ്ടും ഇക്കരെ വന്നു. അവര്‍ മാര്‍ക്കറ്റില്‍ ചെന്ന് ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും മറ്റു അടിസ്ഥാന സാമഗ്രികളും സംഭരിച്ച് ചങ്ങാടത്തില്‍ കയറ്റി സ്‌കൂളിലെത്തിച്ചു. മൂന്ന് ദിവസം അവര്‍ക്കൊപ്പം ആ ഏഴംഗ സംഘം താമസിച്ചു. വെള്ളമിറങ്ങി അപകടാവസ്ഥ തരണം ചെയ്ത ശേഷമാണ് ഇടിഞ്ഞാര്‍ ഗ്രാമത്തില്‍നിന്ന് ഐ.ആര്‍.ഡബ്ല്യു സംഘം യാത്ര തിരിച്ചത്. കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പാണ് സംഘത്തിന് ഇടിഞ്ഞാര്‍ നിവാസികള്‍ അന്ന് നല്‍കിയത്. കരുത്തും കായിക ശേഷിയുമുള്ള അവരുടെ ആണ്‍മക്കളില്‍ പലരും സ്വന്തം കാര്യം മാത്രം നോക്കി രക്ഷപ്പെട്ടപ്പോള്‍ തങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ഈ ചെറുപ്പക്കാര്‍ ജീവന്‍ പണയം വെച്ച് ഇക്കരെ കടന്ന് തങ്ങളെ സംരക്ഷിച്ചതിലുള്ള സന്തോഷമായിരുന്നു ആ യാത്രയയപ്പില്‍ വികാരാധീനരായി അവര്‍ പങ്കുവെച്ചത്.
ഇതായിരുന്നു ഐ.ആര്‍.ഡബ്ല്യുവിന്റെ രക്ഷാ-സേവന പ്രവര്‍ത്തനങ്ങളിലെ ആദ്യ അധ്യായം. പ്രത്യേകിച്ച് പരിശീലനമോ മുന്‍പരിചയമോ ഇല്ലാതെയായിരുന്നു ഈ വളന്റിയര്‍ സംഘം അന്ന് ആ ദുരന്ത മേഖലയിലെത്തിയത്. എന്നാല്‍, സ്വയം സമര്‍പ്പിതരായ ആ ചെറു സംഘത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കടന്നുചെല്ലാന്‍ സാധിക്കാത്ത ഇടങ്ങളില്‍ വരെ ചെന്നെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചുവെന്നത് ചരിത്രം. ആ റെസ്ക്യൂ ഓപറേഷന്റെ നേതൃത്വത്തിലടക്കം ഉണ്ടായിരുന്ന ചിലർ പിന്നീട് മരണപ്പെട്ടു. മറ്റു ചിലരിന്ന് വാർധക്യ സഹജമായ അവശതയിലുമാണ്. അവരന്ന് തുടങ്ങിവെച്ച സേവന പ്രവർത്തനം പുതിയ വഴിയിലൂടെ മുന്നോട്ട് കൊണ്ടുപോകാൻ ധാരാളം പേർ പുതുതായി വന്നു. ഇതിന്റെയെല്ലാം പ്രതിഫലം അവർക്ക് കൂടി പടച്ചവൻ നൽകട്ടെയെന്ന് പ്രാർഥിക്കുന്നു. രൂപവത്കരണ വര്‍ഷം തന്നെ ദുരന്ത മേഖലകളില്‍ തങ്ങളുടെ ഇടവും ദൗത്യവും അടയാളപ്പെടുത്തിയ സംഘം തുടര്‍ന്ന് ഇന്ത്യയിലുടനീളം ദുരന്ത ഭൂമികളിലെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയുണ്ടായി.
മഹാരാഷ്ട്രയിലെ ലാത്തൂരിലുണ്ടായ ഭൂകമ്പം (1993), അസം - ബോഡോ കലാപം (1944), ഒഡീഷ ചുഴലിക്കാറ്റ് (1997), ഗുജറാത്ത് ഭൂകമ്പം (2001), സുനാമി (2004), ബിഹാർ വെള്ളപ്പൊക്കം (2008), തട്ടേക്കാട് ബോട്ടു ദുരന്തം (2008), തമിഴ്നാട്ടിലെ താനേ കൊടുങ്കാറ്റ് (2011), രണ്ടാം അസം ബോഡോ കലാപം (2012), മുസഫർ നഗർ കലാപം (2013), കശ്മീർ പ്രളയം (2014), നേപ്പാൾ ഭൂകമ്പം (2015), ചെന്നൈ വെള്ളപ്പൊക്കം (2015), തമിഴ്നാട് വർദൈ ചുഴലിക്കാറ്റ് (2016), ബിഹാർ വെള്ളപ്പൊക്കം (2017), ഇന്തോനേഷ്യൻ സുനാമി (2018), കോഴിക്കോട് കട്ടിപ്പാറ ദുരന്തം (2018), കേരളത്തിലെ വെള്ളപ്പൊക്കം (2018), കേരളത്തിലെ ഖജാ ചുഴലിക്കാറ്റ് (2018), കേരളത്തിലെ രണ്ടാം വെള്ളപ്പൊക്കം (2019), പുത്തുമല ഉരുൾപൊട്ടൽ (2019), കവളപ്പാറ ഉരുൾപൊട്ടൽ (2019), കോവിഡ് മരണങ്ങൾ (2020), പെട്ടിമുടി ഉരുൾപൊട്ടൽ (2020), കോട്ടയം മുണ്ടക്കയം ഉരുൾപൊട്ടൽ (2021), വയനാട് ചൂരൽമല ഉരുൾപൊട്ടൽ (2024) എന്നീ ദുരന്തഭൂമികളിലെല്ലാം IRW വിന്റെ നേതൃത്വത്തിലുള്ള വളന്റിയർ സംഘം കുതിച്ചെത്തുകയും രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ഈ ദുരന്ത ഭൂമികളിലെല്ലാം നടന്ന പുനരധിവാസ - ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സംഘം സജീവമായി പങ്കുകൊണ്ടു.
രക്ഷാപ്രവർത്തന മേഖലയിൽ പ്രവർത്തിക്കുന്ന വളന്റിയർമാർക്ക് സേവനത്യാഗ മനസ്കത മാത്രം ഉണ്ടായിട്ട് കാര്യമില്ല. വിദഗ്ധ പരിശീലനം ലഭിച്ചാലേ ദുരന്ത ഭൂമികളിൽ ഫലപ്രദമായ ഇടപെടലുകൾ സാധ്യമാവൂ. 1992 രൂപവത്കരണ വർഷത്തിൽ തെക്കൻ ജില്ലകളിലെ ഉരുൾപൊട്ടിയ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ സന്ദർഭത്തിൽ തന്നെ IRW ഇത് തിരിച്ചറിഞ്ഞിരുന്നു. ആ വർഷം മുതൽ തന്നെ പരിശീലനവും ട്രെയ്നിംഗുകളും വളന്റിയര്‍മാര്‍ക്ക് നല്‍കാനാരംഭിച്ചു. ഇതിനായി ആദ്യവർഷങ്ങളിൽ കോഴിക്കോട്ടെ ഖലാസിയായ മുഹമ്മദ്, ഐ.ആര്‍.ഡബ്ല്യു വളന്റിയര്‍ പി.ഇ ശംസുദ്ദീന്‍ എടയാര്‍ എന്നിവരെയും ഫയര്‍ഫോഴ്‌സ് സംവിധാനത്തെയും ടീം ഉപയോഗപ്പെടുത്തി. പ്രഫഷണല്‍ ട്രെയ്‌നർമാരെ കൊണ്ടുവന്ന് ഏറ്റവും പുതിയ ടെക്നോളജിയും ടൂളുകളും ഉപയോഗപ്പെടുത്തി വളന്റിയർമാർക്ക് പരിശീലനം നൽകാനും തുടങ്ങി. ഇപ്പോൾ IRW വിന് സ്വന്തമായി തന്നെ ഓരോ മേഖലയിലും വിദഗ്ധരായ ട്രെയ്നർമാരുണ്ട്.
നിലവിൽ ഇൻറർവ്യൂ വഴി കായിക പരിശോധനയടക്കം നടത്തിയാണ് IRW അതിന്റെ വളന്റിയർമാരെ സെലക്ട് ചെയ്യുന്നത്. ആദ്യ ഒരു വർഷം റെസ്ക്യു വർക്കുമായി ബന്ധപ്പെട്ട താഴെ പറയുന്ന വ്യത്യസ്ത ട്രെയിനിംഗുകൾ തെരഞ്ഞെടുക്കപ്പെട്ടവർക്ക് നൽകും. ഇത് വിജയകരമായി പൂർത്തിയാക്കുന്നവരെയാണ് മെമ്പർമാരായി നിലനിർത്തുക.
വാട്ടർ റെസ്ക്യു ശക്തമായ ഒഴുക്കുള്ള വെള്ളത്തിലടക്കം നീന്താനും മുങ്ങാനുമുള്ള പരിശീലനം. തോണി തുഴയാനും ബോട്ട് ഓടിക്കാനുമുള്ള ട്രെയ്നിംഗും, വെള്ളത്തിൽ വീണവരെ രക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വാട്ടർ റെസ്ക്യുവിന്റെ ഭാഗമാണ്. നേവിയിൽ നിന്നടക്കം വിദഗ്ധ പരിശീലനം ലഭിച്ചവരാണ് ഈ ട്രെയിനിംഗിന് നേതൃത്വം നൽകുന്നത്. പ്രളയമിപ്പോൾ കേരളത്തിൽ എല്ലാ വർഷവും സംഭവിക്കാൻ സാധ്യതയുള്ള ദുരന്തമായി മാറിയിട്ടുണ്ട്. അതിനാൽ, ഓരോ ഗ്രാമത്തിലും വാട്ടർ റസ്ക്യുവിന്റെ പ്രാഥമിക പാഠങ്ങൾ ജനകീയമായി പഠിപ്പിക്കാനുള്ള പദ്ധതി ഈ വർഷം മുതൽ IRW ആരംഭിച്ചിട്ടുണ്ട്. ലോക മുങ്ങിമരണ ലഘൂകരണ ദിനത്തിന്റെ ഭാഗമായി ഇത്തരം ക്യാമ്പുകൾ വ്യാപകമായി ടീം ചെയ്തിരുന്നു.
ഫയർ ഫൈറ്റിംഗ് വേനൽക്കാലത്ത് ഇന്ത്യയുടെ പല ഭാഗത്തും തീപിടിത്തം ഉണ്ടാകാറുണ്ട്. കലാപങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ വീടുകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും വ്യാപകമായി തീവെക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നടത്തേണ്ട രക്ഷാപ്രവർത്തന രീതികളാണ് ഫയർ ഫൈറ്റിംഗിൽ പഠിപ്പിക്കുക. തീ കെടുത്തുന്ന രീതികളും അത്തരം സന്ദർഭങ്ങളിലെ ഡ്രസ്സിംഗുമെല്ലാം വളന്റിയർമാർക്ക് പരിചയപ്പെടുത്തും. ഫയർഫോഴ്സിന്റെ സഹായവും പല ഘട്ടങ്ങളിലും ഇത്തരം ട്രെയ്നിംഗിന് ലഭിക്കാറുണ്ട്.
എർത്ത് വർക്ക് ഭൂകമ്പം, ഉരുൾപൊട്ടൽ പോലത്തെ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ മണ്ണിനും കെട്ടിടത്തിനുമകത്ത് ആയിരങ്ങൾ കുടുങ്ങും. ചിലപ്പോൾ മരണപ്പെട്ടവർ മണ്ണിൽ പൂണ്ടുകിടക്കുകയായിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ വളരെ ജാഗ്രതയോടെ പലയിനം ടൂളുകൾ ഉപയോഗിച്ച് മണ്ണ് മാറ്റാനുള്ള പരിശീലനമാണ് എർത്ത് വർക്കിൽ നൽകുക. പിക്കാസും കൈക്കോട്ടും മുതൽ ജെ.സി.ബി വരെ ഉപയോഗിച്ച് മണ്ണ് നീക്കാനുള്ള പരിശീലനം ഇതിന്റെ ഭാഗമാണ്.
കട്ടിംഗ് മിക്ക ദുരന്തമേഖലകളിലും പലതും മുറിച്ചു നീക്കിയാൽ മാത്രമേ രക്ഷാപ്രവർത്തനം സാധ്യമാവൂ. മരങ്ങൾ, ഇരുമ്പടങ്ങിയ കോൺക്രീറ്റ് സ്ലാബുകൾ, ഇലക്ട്രിക് പോസ്റ്റുകൾ ഇവയെല്ലാം രക്ഷാപ്രവർത്തനത്തിന് വിലങ്ങുതടിയായി നിൽക്കുന്നുണ്ടാവും. ഇതെല്ലാം പെട്ടെന്നു മുറിച്ചു നീക്കണമെങ്കിൽ വിദഗ്ധ പരിശീലനം അത്യാവശ്യമാണ്. ഓരോന്നിനും ഓരോരോ ടൂളുകൾ ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള കട്ടിംഗുകളാണ് പഠിക്കേണ്ടത്. മരം മുറിക്കുന്ന ടൂളും കട്ടിംഗ് രീതിയുമല്ല കോൺക്രീറ്റ് സ്ലാബുകൾ മുറിക്കാനാവശ്യം. അതിനാൽ, ഓരോന്നിലും പരിശീലനം നൽകും. എല്ലാവിധ കട്ടിംഗ് ടൂളുകളുമുൾക്കൊള്ളുന്ന കിറ്റുമായാണ് IRW ടീം ദുരന്ത പ്രദേശങ്ങളിലേക്ക് കുതിക്കാറുള്ളത്. എല്ലാ ദുരന്തഭൂമികളിലും സ്വയംസന്നദ്ധരായി രക്ഷാപ്രവർത്തനത്തിന് നന്മനിറഞ്ഞ ധാരാളമാളുകൾ എത്തിയിട്ടുണ്ടാകും. പക്ഷേ, മുന്നിലുള്ള ധാരാളം തടസ്സങ്ങൾക്ക് മുന്നിൽ അവർ പകച്ചു നിൽക്കുകയായിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ പരിശീലനം നേടിയ IRW ടീം തങ്ങളുടെ കൈവശമുള്ള ടൂളുകൾ ഉപയോഗിച്ച് ഇതെല്ലാം അനായാസമായി മുറിച്ചുമാറ്റി എല്ലാവർക്കും മുന്നോട്ടുള്ള വഴിയൊരുക്കും. ഏറ്റവുമൊടുവിലെ വയനാട് ചൂരൽമലയിലെ ഇത്തരം തടസ്സങ്ങൾ മുറിച്ചു നീക്കം ചെയ്യാൻ IRW വളന്റിയർമാരാണ് നേതൃത്വം നൽകിയിരുന്നത്.
ഇലക്ട്രിക്ക് ആന്റ് പ്ലംബിംഗ് ദുരന്ത മേഖലയിൽ ആദ്യം വിച്ഛേദിക്കപ്പെടുക മിക്കപ്പോഴും വൈദ്യുതിയായിരിക്കും. രക്ഷാപ്രവർത്തനം എളുപ്പമാക്കാൻ വെളിച്ചം ആവശ്യമായി വരും. അപ്പോൾ അവിടത്തെ കറന്റ് കണക്്ഷൻ ശരിയാക്കൽ അനിവാര്യമാവും. മറ്റു ചിലപ്പോൾ ദുരന്തഭൂമിയിൽ കറന്റ് ഉണ്ടെങ്കിൽ വെള്ളത്തിലൂടെയടക്കം ഷോക്കിംഗ് സാധ്യത നിലനിൽക്കുന്നുണ്ടാവും. അപ്പോൾ ആദ്യമായി വേണ്ടത് കറന്റ് വിച്ഛേദിക്കലായിരിക്കും. രണ്ടായാലും ഇതിനാവശ്യമായ ഇലക്ട്രിക് വർക്കിലെ പ്രാഥമിക പരിശീലനമെങ്കിലും രക്ഷാപ്രവർത്തകർക്ക് ലഭിക്കേണ്ടതുണ്ട്. അതിനാവശ്യമായ ഇലക്ട്രിക് വിവരങ്ങളും ജനറേറ്റർ ഓപ്പറേഷനുമടക്കമുള്ള ട്രെയ്നിംഗും വളന്റിയർമാർക്ക് നൽകുന്നു. കുടിവെള്ളത്തിന്റെ പൈപ്പ് കണക്്ഷനുകളും മിക്ക ദുരന്തഭൂമികളിലും തകർന്നിട്ടുണ്ടാവും. ഇവ പുനഃസ്ഥാപിക്കാനാവശ്യമായ പ്ലംബിംഗ് വർക്കുകളും ഈ പരിശീലനത്തിന്റെ ഭാഗമായി നൽകുന്നു. ഇരകളെ പുനരധിവസിപ്പിക്കുന്ന താൽക്കാലിക ക്യാമ്പുകളിലും ഇത്തരം വർക്കുകൾ അടിയന്തരമായി നിർവഹിക്കേണ്ട സാഹചര്യവും ഉണ്ടാകാറുണ്ട്.
കൗൺസലിംഗ് പലരെയും ദുരന്തത്തിൽനിന്ന് രക്ഷിക്കുമ്പോൾ അത് വരുത്തിവെച്ച കടുത്ത മാനസിക ആഘാത (മെന്റൽ ട്രോമ)ത്തിലായിരിക്കും അവരുണ്ടാവുക. അതിൽനിന്നവർ മുക്തരാവാൻ സമയമെടുക്കും. അടുത്ത ബന്ധുക്കളടക്കം കൺമുന്നിൽ വെച്ച് മരിച്ചതിനു സാക്ഷികളായവരാണെങ്കിൽ പലതരം മാനസിക ആഘാതങ്ങളിലൂടെ അവർ കടന്നുപോകും. ഇത്തരം സന്ദർഭങ്ങളിലുണ്ടാവുന്ന ട്രോമകളിൽ നിന്നവരെ തിരിച്ചു കൊണ്ടുവരണമെങ്കിൽ നിരന്തരം കൗൺസലിംഗ് നിർബന്ധമാണ്. പല ദുരന്തഭൂമികളിലും രക്ഷാപ്രവർത്തനം നടത്തിയ അനുഭവത്തിലൂടെ IRWന് ബോധ്യമായ വസ്തുത കൂടിയാണിത്. അങ്ങനെയാണ് റസ്ക്യു ഓപറേഷനൊപ്പം തന്നെ നിർവഹിക്കേണ്ടതാണ് രക്ഷപ്പെടുന്നവർക്ക് നൽകേണ്ട കൗൺസലിംഗും എന്ന തിരിച്ചറിവുണ്ടായത്. അതിനാൽ, മുഴുവൻ വളന്റിയർമാർക്കും കൗൺസലിംഗിൽ പരിശീലനം നൽകുന്നു. വനിതകൾ ഉൾപ്പെടെ വിദഗ്ധരായ കൗൺസലിംഗ് ടീമിനെ പ്രത്യേകം സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.
ഫസ്റ്റ് എയ്ഡ് വളന്റിയർമാർക്ക് നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട പരിശീലനമാണ് എല്ലാ തരത്തിലുള്ള ഫസ്റ്റ് എയ്ഡ് ട്രെയ്നിംഗ്. ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ആധുനിക മെത്തേഡ് ഉപയോഗിച്ചാണ് ഈ പരിശീലനം നൽകുക. വിവിധ തരം ബാൻഡേജുകൾ, ധമനികളും സിരകളും പരിശോധിക്കൽ, കൃത്രിമ ശ്വാസം നൽകുന്ന രീതികൾ, മുറിവുകൾ ഡ്രസ്സ് ചെയ്യുന്ന വിധം, ദുരന്ത ഭൂമിയിൽ വെച്ചുതന്നെ ഡോക്ടർമാർ നടത്തുന്ന അടിയന്തര സർജറികളിൽ വരെ സഹായിയായി നിൽക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്നിവ ഫസ്റ്റ് എയ്ഡ് പരിശീലനത്തിന്റെ ഭാഗമാണ്.
ലാസ്റ്റ് എയ്ഡ് ദുരന്തഭൂമിയിൽ നിന്ന് ഒരു മൃതദേഹം ലഭിച്ചാൽ നൽകേണ്ട പരിചരണങ്ങളും സേവനങ്ങളുമാണ് ലാസ്റ്റ് എയ്ഡ് . മൃതദേഹം ശ്രദ്ധയോടെ ദുരന്തഭൂമിയിൽ നിന്ന് പുറത്തെടുക്കുന്നത് മുതൽ ഇതാരംഭിക്കുന്നു. കഫൻ ചെയ്യൽ, വ്യത്യസ്ത രീതിയിലെ മറമാടൽ തുടങ്ങിയവ ഇതിൽ പരിശീലിപ്പിക്കുന്നു. സാധാരണഗതിയിൽ ഒരാളെ മറമാടാനുള്ള കുഴിവെട്ടാൻ അറിയുന്നവർ ധാരാളമുണ്ട്. പക്ഷേ, ആയിരക്കണക്കിന് ആളുകൾ മരിക്കുന്ന ദുരന്ത ഭൂമിയിൽ മൃതദേഹങ്ങൾ കൂട്ടമായി മറവ് ചെയ്യാനാവശ്യമായ കുഴികൾ വെട്ടണമെങ്കിൽ പ്രത്യേകം പരിശീലനം അത്യാവശ്യമാണ്. എർത്ത് വർക്കിന്റെ കൂടെ ഒരുപാടാളുകളെ ഒരുമിച്ചു മറമാടാനുള്ള കുഴി ഒരുക്കുന്ന രീതിയും പരിശീലിപ്പിക്കുന്നു.
ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് കോവിഡ് കാലത്ത് പ്രോട്ടോകോൾ പ്രകാരം കേരളത്തിൽ ആദ്യമായി കുഴികൾ ഒരുക്കിയതും മൃതദേഹങ്ങൾ സംസ്കരിച്ചതും IRW വളന്റിയർമാരായിരുന്നു. കോവിഡ് മരണം വർധിച്ചപ്പോൾ എല്ലാ ജില്ലയിലുമുള്ള വളന്റിയർമാർക്ക് ഇത്തരം പരിശീലനങ്ങൾ നൽകുകയുണ്ടായി. ഇങ്ങനെ അറുന്നൂറിലധികം മൃതദേഹങ്ങളാണ് കോവിഡ് കാലത്ത് പ്രോട്ടോകോൾ പ്രകാരം IRW വളന്റിയർമാർ സംസ്കരിച്ചത്. എത്ര ദുർഗന്ധം വമിക്കുന്ന മൃതദേഹമാണ് ദുരന്തഭൂമിയിൽനിന്ന് ലഭിക്കുന്നതെങ്കിലും ശ്രദ്ധയോടെ പരിചരിക്കേണ്ട വിധവും ഈ പരിശീലനത്തിന്റെ ഭാഗമാണ്. വനിതകൾക്കടക്കം ഇത്തരം പരിശീലനം ലഭിച്ചതുകൊണ്ട് കൂടിയാണ് വയനാട് ദുരന്തവേളയിൽ പോത്തുകല്ല് ഹോസ്പിറ്റൽ മോർച്ചറിയിൽ മാതൃകാസേവനം ചെയ്യാൻ അവർക്ക് സാധിച്ചത്.
മൃഗങ്ങളെ രക്ഷപ്പെടുത്താൻ (അനിമൽ റെസ്ക്യു) കൂടി പരിശീലനം നൽകേണ്ടതാണെന്ന് കവളപ്പാറയിലും ചൂരൽ മലയിലും രക്ഷാപ്രവർത്തനം നടത്തിയപ്പോൾ IRW ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഓരോ ദുരന്തത്തിലും പരിക്കുപറ്റിയതും ഒറ്റപ്പെട്ടതുമായ വളർത്തുമൃഗങ്ങൾ ധാരാളം ഉണ്ടാവാറുണ്ട്. ഇവയെ മാത്രം പരിചരിക്കാൻ പരിശീലനം ലഭിച്ച ടീമുകൾ അപൂർവമാണെങ്കിലും രാജ്യത്തുണ്ട്. അവരുടെ കൂടി സഹായത്താൽ അത്തരം കാര്യങ്ങൾ പഠിച്ചെടുക്കേണ്ടതുണ്ട്. l തയാറാക്കിയത്: ബഷീർ തൃപ്പനച്ചി 94973 48196
'മധ്യപ്രദേശില്‍ ഒമ്പത് വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി കൗമാരക്കാരനായ സഹോദരനാണെന്ന് കണ്ടെത്തി. മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോകള്‍ കണ്ടതാണ് 13 കാരനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പിതാവിനോട് പറയുമെന്ന് പെണ്‍കുട്ടി ഭീഷണിപ്പെടുത്തിയതോടെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു' (സുപ്രഭാതം 28-7-2024).
കേരളത്തിലും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. സ്ത്രീ പീഡന കേസുകളില്‍ പ്രതികളായ 1092 പേരില്‍ 416 പേര്‍ 18 വയസ്സിന് താഴെയുള്ളവരാണ്. നാലു വയസ്സുകാരി ശ്രീജ എന്ന കൊച്ചു പെണ്‍കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി ശവം മരപ്പൊത്തില്‍ ഒളിപ്പിച്ച പരാക്രമം, 13 വയസ്സുകാരന്റേതായിരുന്നുവല്ലോ. പീഡിപ്പിക്കാനുള്ള ശ്രമം എതിര്‍ത്ത യു.കെ.ജി വിദ്യാര്‍ഥിയെ കുളത്തിലേക്ക് തള്ളിയിട്ടായിരുന്നു കൊലപ്പെടുത്തിയത്. കൊല്ലത്തുനിന്ന് അഞ്ചു വയസ്സുകാരിയും തൃശൂരില്‍നിന്ന് ഏഴു വയസ്സുകാരിയും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈംഗിക പീഡനത്തിനിടയില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടതിന് പിന്നില്‍ കൗമാര പ്രായക്കാരായിരുന്നു പ്രതികള്‍.
12 വയസ്സ് മാത്രം പ്രായമുള്ള ഒരു ആണ്‍കുട്ടി മൂന്നു വയസ്സുകാരിയായ അയലത്തെ പെണ്‍കുഞ്ഞുമായി പ്രകൃതി വിരുദ്ധം നടത്തിയ ഒരു കേസ് തനിക്ക് കൈകാര്യം ചെയ്യേണ്ടിവന്ന സംഭവം, ഐ.പി.എസ്സുകാരിയായ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥ തന്റെ ഔദ്യോഗിക ജീവിതത്തില്‍നിന്ന് ഉദ്ധരിച്ചത് വായിച്ചതോര്‍ക്കുന്നു. കൊച്ചു കുട്ടികളെ പോലും ലൈംഗിക കുറ്റവാളികളാക്കുന്ന സാമൂഹിക സാഹചര്യമാണ് ഇവിടെ നിലവിലുള്ളത്. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളാണ് ഇതിലെ മുഖ്യ വില്ലന്‍. ഇന്റര്‍നെറ്റ് ദൃശ്യങ്ങളും ബ്ലൂ ഫിലിം കാഴ്ചകളും അവരെ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നു. കുട്ടികള്‍ക്കിടയില്‍ നീല ചിത്രങ്ങളോടുള്ള അഭിനിവേശം വര്‍ധിച്ചുവരികയാണ്. ഇന്റര്‍നെറ്റ് വ്യാപകമായ നമ്മുടെ കാലത്ത് അതിലൂടെ ലഭ്യമാവുന്ന അശ്ലീല ചിത്രങ്ങളാണ് വലിയ അപകടകാരികള്‍. കുട്ടികളെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയതിന് ശിക്ഷിക്കപ്പെട്ടവരില്‍ നടത്തിയ ഒരു പഠനത്തില്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ചതിന് പിടിയിലായവരില്‍ 87 ശതമാനവും, പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ടവരില്‍ 77 ശതമാനവും സ്ഥിരമായി നീല ചിത്രങ്ങള്‍ കാണാറുണ്ടെന്നാണ് കണ്ടെത്തിയത്.
ടെലിവിഷന്‍ കാണുന്ന കൗമാര പ്രായക്കാര്‍ ലൈംഗികാഭാസങ്ങള്‍ കാണിക്കുന്നുവെന്ന് അമേരിക്കയിലെ നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. കുട്ടികള്‍ ഏറെ അനുകരണ ശീലക്കാരാണ്. അക്കാരണത്താല്‍ അശ്ലീല ചിത്രങ്ങളില്‍ തങ്ങള്‍ കാണുന്ന കാര്യങ്ങള്‍ പരീക്ഷിച്ചുനോക്കാന്‍ അവര്‍ ശ്രമിച്ചേക്കാം. നീല ചിത്രങ്ങള്‍ കാണുന്ന കുട്ടികളില്‍ 66 ശതമാനം ആണ്‍ കുട്ടികളും 40 ശതമാനം പെണ്‍കുട്ടികളും തങ്ങള്‍ കണ്ട സീനുകള്‍ പരീക്ഷിച്ചുനോക്കാന്‍ താല്‍പര്യമുള്ളവരാണെന്ന് ഒരു സര്‍വേയില്‍ സമ്മതിക്കുകയുണ്ടായി. വളര്‍ച്ചയുടെ ഒരു സുപ്രധാന ഘട്ടത്തില്‍ കുട്ടികളുടെ മനസ്സില്‍ പതിയുന്ന ലൈംഗിക വൈകൃതങ്ങളുടെ ചിത്രങ്ങള്‍, വളര്‍ന്ന് വലുതായാലും അവരുടെ മനസ്സില്‍ നിന്നും മാഞ്ഞു പോവുകയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ടി.വി, സിനിമ, ഇന്റര്‍നെറ്റ്, മൊബൈല്‍ തുടങ്ങിയവയുടെ ദുരുപയോഗത്തില്‍നിന്ന് നമ്മുടെ കുട്ടികളെ പിന്തിരിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നത് മാത്രമാണ് കരണീയം.
കുട്ടികളുടെ മാനസികാവസ്ഥയും കൗമാരത്തിന്റെ സവിശേഷതകളും കണ്ടറിഞ്ഞ് കരുക്കള്‍ നീക്കാനുള്ള വിവേകം മുതിര്‍ന്നവര്‍ക്കുണ്ടാവണം. കുട്ടികളോട് ഗുണകാംക്ഷികളായ കൂട്ടുകാരെ പോലെ പെരുമാറാനാണ് പുതിയ കാലം നമ്മോടാവശ്യപ്പെടുന്നത്. ആഹ്ലാദകരമായ ഗൃഹാന്തരീക്ഷവും സ്‌നേഹ വാത്സല്യപൂര്‍ണമായ സമീപനവുമായിരിക്കണം വഴിതെറ്റുന്ന കുട്ടികള്‍ക്ക് വഴി കാട്ടേണ്ടത്. റഹ്മാന്‍ മധുരക്കുഴി
1989 ഡിസംബർ ഇരുപത്തിയൊന്ന്. കേരള മുസ്ലിം ചരിത്രത്തിലെ അതിവിശിഷ്ടമായൊരു സംഭവത്തിന് കുവൈത്ത് വേദിയായ ദിവസം. വ്യത്യസ്ത ധാരകളിൽ പെട്ടവരും വിഭിന്ന കാഴ്ചപ്പാടുകളുള്ളവരും വെവ്വേറെ സംഘടനകളിൽ പ്രവർത്തിക്കുന്നവരുമാണെങ്കിലും, ഒരുമിച്ചിരിക്കാനും ചർച്ചകൾ നടത്താനും പരസ്പര സഹകരണത്തിന്റെ വാതിലുകൾ തുറക്കാനും കഴിയുമെന്ന് പ്രയോഗത്തിൽ തെളിയിച്ച ദിനമായിരുന്നു അത്. കേരളത്തിലെ മുസ്ലിം സംഘടനകളുടെ ചരിത്രത്തിൽ തുല്യതയില്ലാത്തൊരു ഐക്യ വിളംബരം.
കേരളത്തിലെ പ്രധാന മുസ്ലിം സംഘടനകളുടെ ചില നേതാക്കളും പ്രവർത്തകരും കുവൈത്തിൽ ഉണ്ടായിരുന്ന സന്ദർഭമാണത്. കുവൈത്ത് ഔഖാഫിലെ ഇസ്ലാമിക് അഫയേഴ്സിന്റെ ഡയറക്ടറായ ശൈഖ് നാദിർ അബ്ദുൽ അസീസ് അന്നൂരിക്ക് ഈ നേതാക്കളുമായെല്ലാം അടുപ്പവുമുണ്ടായിരുന്നു. ലോക ഇസ്ലാമിക പ്രസ്ഥാനമായ ഇഖ്്വാനുൽ മുസ്ലിമൂന്റെ സമുന്നതനായ നേതാവായിരുന്നു നാദിർ നൂരി. കുവൈത്തിലെ ഭരണ രംഗത്ത് നല്ല സ്വാധീനമുണ്ടായിരുന്ന നാദിർ നൂരിയുടെ പിന്തുണയും സഹായവും മുസ്ലിം സംഘടനകൾക്കും സ്ഥാപനങ്ങൾക്കും അനിവാര്യവുമായിരുന്നു. ഈ സാഹചര്യമാണ് ചരിത്രപരമായ ഒരു ഐക്യകരാറിലേക്ക് മുസ്ലിം സംഘടനകളെ നയിച്ചത്.
ഹ്രസ്വ സന്ദർശനത്തിനായി കുവൈത്തിൽ എത്തിയ ഒ.പി അബ്ദുസ്സലാം മൗലവിയും ഞാനും ഒരു ദിവസം, കേരള ഇസ്ലാമിക് ഗ്രൂപ്പ് ജനറൽ സെക്രട്ടറി പി.കെ ജമാൽ സാഹിബിനോടൊപ്പം ശൈഖ് നാദിർ നൂരിയുടെ ഓഫീസിൽ ചെന്നു. മുമ്പ് പലപ്പോഴും കണ്ടിട്ടുള്ളതുകൊണ്ട് ഞങ്ങൾക്കിടയിൽ നല്ല പരിചയവും ബന്ധവും ഉണ്ടായിരുന്നു. കേരളത്തിലെ മുസ്ലിം സമൂഹത്തെയും ഇസ്ലാമിക പ്രവർത്തനങ്ങളെയും സംബന്ധിച്ച വളരെ പ്രസക്തമായൊരു ചോദ്യം സംസാരമധ്യേ നാദിർ നൂരി ഞങ്ങളുടെ മുന്നിൽ ഉന്നയിച്ചു: 'കേരളത്തിൽനിന്നുള്ള പല നേതാക്കളും ഇപ്പോൾ കുവൈത്തിലുണ്ടല്ലോ. നമുക്ക് ഇന്നോ നാളെയോ ഒരുമിച്ച് ഇരുന്നാലെന്താ? കാര്യങ്ങളൊക്കെ ചർച്ച ചെയ്ത് ധാരണയിൽ എത്താനായാൽ നന്നായിരിക്കുമല്ലോ'! കേരളത്തിലെ നേതാക്കളുമായി നല്ല ബന്ധമുണ്ടായിരുന്ന ശൈഖ് നാദിർ നൂരി, പലരുടെയും സന്ദർശനവേളകളിൽ ഇവിടത്തെ സാമൂഹികാവസ്ഥകളും മുസ്ലിം വിശേഷങ്ങളും അന്വേഷിച്ച് മനസ്സിലാക്കുമായിരുന്നു. പലതവണ കേരളം സന്ദർശിച്ച അദ്ദേഹത്തിന് ജമാഅത്തെ ഇസ്ലാമി, മുജാഹിദ്, സമസ്ത തുടങ്ങിയ നമ്മുടെ നാട്ടിലെ വ്യത്യസ്ത ധാരകളെ കുറിച്ചും അവയ്ക്കിടയിലെ പ്രശ്നങ്ങളെ കുറിച്ചും ധാരണകൾ ഉണ്ടായിരുന്നു താനും. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഒരു സൗഹൃദ സംഭാഷണത്തെയും ഐക്യകരാറിനെയും കുറിച്ച ആശയം അദ്ദേഹം മുന്നോട്ടു വെച്ചത്.
ഈ ആശയം ഞങ്ങൾക്ക് നന്നായി ഇഷ്ടപ്പെട്ടു. കാരണം, ഒന്നാമതായി 1980-കളിലൊക്കെ കേരള മുസ്ലിംകൾക്കിടയിൽ സംഘടനാ തർക്കങ്ങളും ഖണ്ഡന -മണ്ഡന പ്രസംഗങ്ങളും തർക്ക വിതർക്കങ്ങളും സജീവമായ കാലമാണ്. അതുകൊണ്ട്, പരസ്പര സഹകരണത്തിന് അനുഗുണമായ സാഹചര്യം ഏതു രീതിയിൽ ഒരുങ്ങിയാലും അത് മുസ്ലിം സമുദായത്തിന് അനുഗുണമായിരിക്കും. രണ്ട്, ജമാഅത്തെ ഇസ്ലാമി മുസ്ലിം സമുദായത്തിന്റെ ഒരുമക്കും നന്മക്കും സംഘടനകൾക്കിടയിലെ സഹകരണത്തിനും മുന്തിയ പരിഗണന നൽകുകയും അത് പ്രായോഗികമായിത്തീരാൻ വേണ്ടി വിട്ടുവീഴ്ചാപൂർണമായ സമീപനങ്ങൾ സ്വീകരിക്കാൻ എന്നും മുന്നിൽ നിൽക്കുകയും ചെയ്തിരുന്നു. അതുകൊണ്ട്, ഇത്തരമൊരു ചർച്ചക്ക് അവസരമൊരുങ്ങുന്നത് ജമാഅത്തെ ഇസ്ലാമിയുടെ നയപരിപാടിയുടെ ഭാഗം തന്നെയായിരുന്നു. വിഷയം, അന്നത്തെ കേരള അമീർ കെ.സി അബ്ദുല്ല മൗലവിയുമായി ഫോണിൽ സംസാരിച്ചു. അദ്ദേഹം അതിനെ സ്വാഗതം ചെയ്തു.
1989 ഡിസംബർ 21-ന് കാലത്ത് 11 മണിക്ക് ഔഖാഫ് മന്ത്രാലയത്തിൽ ഇസ്ലാമിക് അഫയേഴ്സ് ഡയറക്ടർ ശൈഖ് നാദിർ അബ്ദുൽ അസീസ് നൂരിയുടെ ഓഫീസിൽ എല്ലാവരും ഒരുമിച്ചിരിക്കാൻ ധാരണയായി. അവിഭക്ത മുജാഹിദ് പ്രസ്ഥാനത്തിന്റെ പണ്ഡിത നേതാവായിരുന്ന മുഹമ്മദ് മുഹ് യിദ്ദീൻ അബ്ദുസ്സമദ് അൽകാതിബിനെയും സുന്നി വിഭാഗം നേതാവായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെയും നാദിർ നൂരി തന്നെ ഈ ചർച്ചയിലേക്ക് ക്ഷണിച്ചു. ഇരുവരും താൽപര്യമറിയിച്ചതോടെ ആ ചരിത്ര സംഭവത്തിന് വഴിയൊരുങ്ങി.
ബഹുമാന്യനായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് ശൈഖ് നാദിർ നൂരിയുമായി നല്ല ബന്ധമുണ്ടായിരുന്നു. കുവൈത്തിലെ പ്രമുഖ വ്യക്തികളുമായും ഗവൺമെന്റ് സംവിധാനങ്ങളുമായും കാന്തപുരം ബന്ധപ്പെട്ടിരുന്നത് ശൈഖ് നാദിർ നൂരി വഴിയായിരുന്നു. സ്ഥാപനങ്ങൾക്ക് സഹായം നൽകുന്ന കുവൈത്തിലെ പ്രമുഖനായ അബ്ദുല്ലാ അലി അൽ മുത്വവ്വയെ (അബൂ ബദ്‌ർ) കാണണമെങ്കിലും സഹായം ലഭിക്കണമെങ്കിലും നാദിർ നൂരിയുടെ ശിപാർശ നിർബന്ധമായിരുന്നു. നാദിർ നൂരി വിളിച്ചുപറഞ്ഞാൽ മാത്രമേ അബൂ ബദ്റിനെ കാണാൻ തന്നെ സാധിക്കുമായിരുന്നുള്ളൂ. അതിനു വേണ്ടിയാണ് കാന്തപുരം അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നത്. ശൈഖ് നാദിർ നൂരിയുടെ ഇഖ്്വാനുൽ മുസ്ലിമൂൻ ആശയവും പ്രവർത്തനവുമൊന്നും ഇത്തരമൊരു സൗഹൃദത്തിന് കാന്തപുരത്തിന്റെ മുന്നിൽ തടസ്സമായിരുന്നില്ല. നാദിർ നൂരിയുടെ ക്ഷണം നിരസിക്കാൻ കഴിയാത്ത വിധത്തിലായിരുന്നു ആ ബന്ധം. അദ്ദേഹം വഴി, അബൂ ബദ്റുമായും കാന്തപുരത്തിന് നല്ല ബന്ധമുണ്ടായിരുന്നു. കാന്തപുരത്തിന്റെ വേഷവും പെരുമാറ്റവും സംസാരവുമൊക്കെ പലരെയും ആകർഷിക്കുന്നതായിരുന്നു. അബൂ ബദ്റിന് തന്നെയും അദ്ദേഹത്തെ കുറിച്ച് നല്ല മതിപ്പായിരുന്നു. ഇത് അബൂ ബദ്ർ എന്നോട് പറയുകയും ചെയ്തിട്ടുണ്ട്. ആളുകളെ മുൻകൂട്ടി മനസ്സിലാക്കി പെരുമാറുന്നതിൽ അദ്ദേഹം ഏറെ മുന്നിലാണ്. അങ്ങനെ രൂപപ്പെടുത്തിയെടുത്ത ബന്ധങ്ങൾ ഏറെയാണ്!. ഓമശ്ശേരിയിലും മറ്റും യാത്രക്കിടയിൽ ഞാൻ കാന്തപുരത്തെ കാണാറുണ്ട്. നാട്ടിൽ വെച്ച് സംസാരിക്കാറുണ്ടെങ്കിലും ഉറ്റ സൗഹൃദം അദ്ദേഹം പുലർത്താറുണ്ടായിരുന്നില്ല. എന്നാൽ, കുവൈത്തിൽ വെച്ച് കണ്ടപ്പോൾ കാന്തപുരം വലിയ സ്നേഹം പ്രകടിപ്പിച്ചിരുന്നു. ഒരിക്കൽ ഒരു കെട്ടിടത്തിൽ ലിഫ്റ്റിൽ കയറുമ്പോൾ കാന്തപുരം എന്നെ കാണുകയും, 'ഇത് ശൈഖ് തറുവായ് ആണ്' എന്ന് കൂടെയുള്ളയാൾക്ക് പരിചയപ്പെടുത്തുകയും എന്നെ ആലിംഗനം ചെയ്യുകയുമൊക്കെയുണ്ടായി.
ഞങ്ങൾ ശൈഖ് നാദിർ നൂരിയുടെ ഓഫീസിൽ എത്തിച്ചേർന്നു. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, അദ്ദേഹത്തിന്റെ സുഹൃത്ത് ആർ.കെ അബ്ദുർറഹ്മാൻ ഹാജി, മുജാഹിദ് പണ്ഡിതൻ അബ്ദുസ്സമദ് മുഹമ്മദ് മുഹ്്യിദ്ദീൻ അൽകാതിബ്, ജമാഅത്തിനെ പ്രതിനിധാനം ചെയ്ത് ഒ.പി അബ്ദുസ്സലാം മൗലവി, എം.വി സലീം മൗലവി, പി.കെ ജമാൽ സാഹിബ്, കേരള ഇസ്ലാഹി പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി, എം.വി അബ്ദുർ റഹ്മാൻ മൗലവി, കെ.എം അബ്ദുർറഹീം എന്നിവരും ഞാനുമാണ് യോഗത്തിൽ പങ്കെടുത്തത്.
മുസ്ലിം നേതാക്കളുടെ ഈ സംഗമത്തിന്റെ പശ്ചാത്തലവും അനിവാര്യതയും ലക്ഷ്യങ്ങളും മറ്റും വിശദീകരിച്ചുകൊണ്ട് ശൈഖ് നാദിർ നൂരി ആമുഖ ഭാഷണം നടത്തി. ശേഷം സംസാരിക്കാനായി അബ്ദുസ്സമദ് അൽകാതിബിനെ ക്ഷണിച്ചു. അദ്ദേഹം തന്റെ സംസാരത്തിൽ, വളരെ പോസിറ്റീവായ സമീപനമാണ് സ്വീകരിച്ചത്. കടുത്ത ആശയ ഭിന്നത ഉണ്ടായിരിക്കെത്തന്നെ കാന്തപുരം അബൂബക്കർ മുസ്ലിയാരെ കുറിച്ച അദ്ദേഹത്തിന്റെ വാക്കുകൾ ക്രിയാത്മകവും ആ യോഗത്തിന്റെ ലക്ഷ്യത്തിന് ഏറെ ഗുണകരവും ആയിരുന്നു. 'കേരള മുസ്ലിം സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ നേതാവാണ് കാന്തപുരം. അദ്ദേഹത്തിന്റെ വാക്കുകൾക്ക് വിലയുണ്ട്. അദ്ദേഹം താൽപ്പര്യമെടുത്താൽ ഈ വിഷയത്തിൽ പലതും ചെയ്യാനാകും. 'ഐക്യപ്പെട്ട്, ഒത്തൊരുമിച്ച്, ഏക മനസ്സായി മുന്നോട്ടു പോകലാണ് മുസ്ലിംകൾക്ക് ഉത്തമം' എന്നൊക്കെ അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് പരാമർശിച്ചു പോയതല്ലാതെ, വിശദമായൊന്നും പറഞ്ഞില്ല. അദ്ദേഹത്തിന്റെ സംസാരം കഴിഞ്ഞപ്പോൾ, 'താങ്കൾക്ക് എന്താണ് പറയാനുള്ളത്' എന്ന് നാദിർ നൂരി കാന്തപുരത്തോട് ചോദിച്ചു.
സംസാരം തുടങ്ങിയപ്പോൾ തന്നെ, 'ജമാഅത്തെ ഇസ്ലാമിക്കാർ ഞങ്ങളെ കാഫിറാക്കിയിട്ടുണ്ട്. അങ്ങനെ അവർ ഫത് വകൾ നൽകിയിട്ടുണ്ട്.' എന്ന ആരോപണം ഉന്നയിക്കുകയാണ് കാന്തപുരം ചെയ്തത്. ഞങ്ങൾ അത് തീർത്തും നിഷേധിച്ചു; 'ജമാഅത്തെ ഇസ്ലാമി, സമസ്തയെയോ സുന്നികളെയോ കാഫിറാക്കിയിട്ടില്ല. അങ്ങനെയൊരു സംഭവമേ ഇല്ല. എന്നല്ല, മുസ്ലിംകൾ പരസ്പരം കാഫിറാക്കുന്നത് ജമാഅത്തിന്റെ നയനിലപാടുകൾക്ക് എതിരാണ്. അങ്ങനെയൊരു പണി ജമാഅത്ത് ഒരിക്കലും എടുക്കില്ല. ഏത് ജമാഅത്ത് പണ്ഡിതൻ, എവിടെയാണ് അത്തരമൊരു ഫത് വ നൽകിയത്? അതിന് എന്തെങ്കിലും തെളിവുണ്ടോ?' എന്ന് വളരെ സൗമ്യമായി ഞങ്ങൾ ചോദിച്ചു. അതിന് മറുപടി പറയാൻ കഴിയാതിരുന്നതോടെ കാന്തപുരം ആ ആരോപണം പിൻവലിച്ചു.
പിന്നീട് ഉള്ളുതുറന്ന ചർച്ചയാണ് നടന്നത്. ആദർശപരമായ സംവാദത്തിനപ്പുറം സാമൂഹിക ഇടപഴക്കങ്ങളെ സംബന്ധിച്ച് ചില വിഷയങ്ങൾ ചർച്ചയിൽ കടന്നുവന്നു. കേരളത്തിലെ ചില മുസ്ലിം നേതാക്കൾ മരണം, വിവാഹം തുടങ്ങിയവയിൽ പോലും പരസ്പരം പങ്കാളികളാകാറില്ല. അവർ തമ്മിൽ വിവാഹബന്ധങ്ങൾ കുറവാണ്. നേതാക്കൾ മരണപ്പെട്ടാൽ സന്ദർശിക്കാത്ത അത്രയും അകൽച്ച ചിലർ പാലിക്കുന്നുണ്ട്…..' എന്നൊക്കെ നാദിർ നൂരി വളരെ പ്രയാസത്തോടെ പറയുകയുണ്ടായി. 'ഇതിനൊക്കെ മാറ്റം വരണം, എത്ര കാലമാണ് നമ്മളിങ്ങനെ അകന്നും വഴക്കിട്ടും ജീവിക്കുക? കുവൈത്തിൽ പല ധാരകളിൽ പെട്ട മുസ്ലിം വേദികളുണ്ട്. ചിലർ ഇഖ്്വാനുൽ മുസ്ലിമൂൻ ആശയക്കാരാണ്. ജംഇയ്യത്തുൽ ഇസ്ലാഹ്, ഇഹ് യാഉത്തുറാസിൽ ഇസ്ലാമി എന്നീ സംഘടനകളും സലഫികൾക്കിടയിലെ വ്യത്യസ്ത വിഭാഗങ്ങളുമുണ്ട്. പക്ഷേ, ഞങ്ങൾ പിണങ്ങി മാറി അകന്ന് നിൽക്കുന്നവരോ, കണ്ടാൽ മിണ്ടാത്തവരോ അല്ല. ഞങ്ങൾ പരസ്പരം ബന്ധപ്പെടാറുണ്ട്, പലതിലും സഹകരിക്കാറുണ്ട്, മരണാനന്തര ചടങ്ങിലും വിവാഹത്തിലും പങ്കാളികളാകാറുണ്ട്. കേരള മുസ്ലിംകൾക്കും ഇങ്ങനെയൊന്ന് മാറിച്ചിന്തിച്ചാൽ എന്താണ്? ' എന്നൊക്കെ നാദിർ നൂരി ചോദിച്ചു.
കാന്തപുരം അബൂബക്കർ മുസ്ലിയാരും മറ്റെല്ലാവരും അതിനോട് അനുകൂലമായി പ്രതികരിച്ചു. അത് നല്ലതാണ് എന്നതായിരുന്നു യോഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടത്. 'എങ്കിൽ, ഞാനൊരു കരാർ പത്രം എഴുതട്ടെയോ' എന്ന് നാദിർ നൂരി ചോദിച്ചു. അതെല്ലാവരും അംഗീകരിച്ചു. അങ്ങനെ കേരളത്തിലെ മുസ്ലിം സംഘടനകൾക്കിടയിൽ പാലിക്കേണ്ട പൊതുവായ പെരുമാറ്റച്ചട്ടം ശൈഖ് നാദിർ നൂരി എഴുതിത്തയാറാക്കി. അത് യോഗത്തിൽ അദ്ദേഹം തന്നെ വായിച്ചു; 'ഈ വ്യവസ്ഥകളിൽ എന്തെങ്കിലും അഭിപ്രായ ഭിന്നതയുണ്ടോ, തിരുത്തൽ ആവശ്യമാണോ?' എന്നും നാദിർ നൂരി ചോദിച്ചു. എല്ലാവരും അത് അംഗീകരിച്ചു, ഒപ്പ് വെക്കുകയും ചെയ്തു. ജമാഅത്തെ ഇസ്ലാമിയെ പ്രതിനിധാനം ചെയ്ത് കരാറിൽ ഒപ്പിട്ടത് ഞാനായിരുന്നു. 'കുവൈത്ത് ഐക്യ കരാർ' എന്ന പേരിൽ ചരിത്രത്തിൽ അറിയപ്പെട്ട ആ സുപ്രധാന രേഖയിലെ വ്യവസ്ഥകൾ ഇതായിരുന്നു:
അല്ലാഹുവിന് സ്തുതി, അല്ലാഹുവിന്റെ പ്രവാചകന് എപ്പോഴും അവന്റെ കാരുണ്യവും രക്ഷയും ഉണ്ടാകുമാറാകട്ടെ. അല്ലാഹുവിന്റെ പേരിൽ സഹോദരന്മാരായ നിങ്ങൾക്കറിയാം, "അല്ലാഹു മുസ്ലിംകളെ ഒരു ഏക സമുദായമാക്കിയിരിക്കുന്നു. സഹോദരന്മാരും പരസ്പരം സ്നേഹിക്കുന്നവരും ഭക്തിയിലും പുണ്യത്തിലും സഹകരിച്ച് പ്രവർത്തിക്കുന്നവരും ആക്കിയിരിക്കുന്നു. സത്യവിശ്വാസികൾ സഹോദരന്മാരാണ്. നിങ്ങളുടെ രണ്ട് സഹോദരന്മാർക്കിടയിൽ രഞ്ജിപ്പ് ഉണ്ടാക്കുക, അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങൾ അനുഗൃഹീതരായേക്കും. അല്ലാഹു നമ്മോട് ഇണങ്ങാൻ കൽപ്പിച്ചു. പിണങ്ങുന്നതും ഭിന്നിക്കുന്നതും നിരോധിച്ചു''.
അതിനാൽ താഴെ പറയുന്ന കാര്യങ്ങൾ ഒന്നാമതായി യോജിച്ച് അംഗീകരിക്കാൻ നിങ്ങളുടെ മുന്നിൽ വെക്കുന്നു.
ഒന്ന്: നമുക്കിടയിൽ ആദർശപരമായി ഏതെങ്കിലും പ്രശ്നത്തിൽ ഭിന്നാഭിപ്രായം ഉണ്ടായാൽ അഭിപ്രായ ഭിന്നത അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കേണ്ടത് നിർബന്ധമാണ്.
രണ്ട്: പരിശുദ്ധ ഖുർആനിനും തിരുസുന്നത്തിനുമല്ലാതെ ആർക്കും അപ്രമാദിത്വം ഇല്ലെന്നാണ് സത്യത്തിൽ നിലകൊള്ളുന്നവരുടെ അഭിപ്രായം. പാപസുരക്ഷിതത്വമുള്ള റസൂലിന്റെതല്ലാത്ത ഏത് ഇമാമിന്റെയും അഭിപ്രായം തള്ളുകയോ കൊള്ളുകയോ ചെയ്യാം. ഖുർആനിനും സുന്നത്തിനും യോജിച്ച് വരുന്ന ഏതൊരാളുടെ അഭിപ്രായവും നാം സ്വീകരിക്കും. യോജിച്ചു വരുന്നില്ലെങ്കിൽ അല്ലാഹുവിന്റെ ഗ്രന്ഥവും റസൂലിന്റെ (സ) ചര്യയുമാണ് പിൻപറ്റാനും അനുസരിക്കാനും കൂടുതൽ അർഹം.
മൂന്ന്: ജനങ്ങൾക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ അധിക്ഷേപവും ആരോപണവും മുഖേന നേരിടുകയല്ല നാം ചെയ്യുക. അവരുടെ ഉദ്ദേശ്യത്തിന് വിട്ടുകൊടുക്കുകയാണ്.
നാല്: ഗവേഷണ പടുക്കളായ പണ്ഡിതന്മാരും സമുദായത്തിലെ ചിന്തകരും ഏകോപിച്ച് പറഞ്ഞ അഭിപ്രായങ്ങൾ മുറുകെ പിടിക്കണം. എന്നാൽ, പൂർവിക ഗവേഷകരുടെ വീക്ഷണങ്ങൾ വ്യത്യസ്തമാകുമ്പോൾ തന്റെ നിരീക്ഷണത്തിൽ ഖുർആനിനോടും സുന്നത്തിനോടും ഏറ്റവും അടുത്ത അഭിപ്രായം സ്വീകരിക്കണം. അഭിപ്രായം പറഞ്ഞ വ്യക്തിയെ വാഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്യേണ്ടതില്ല.
അഞ്ച്: യാഥാർഥ്യം കണ്ടെത്താനും സത്യം പ്രാപിക്കാനും ഉതകുന്ന രീതിയാണ് നാം സ്വീകരിക്കേണ്ടത്. ഒരു അഭിപ്രായത്തെ ഉയർത്തിക്കാണിക്കുന്നതോ, ഒരു പ്രത്യേക വാദം സത്യമാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നതോ ശരിയല്ല. സത്യം പ്രാപിക്കുകയാണ് ഉദ്ദേശ്യം, എന്റെ നാവിലൂടെയാവട്ടെ, അല്ലെങ്കിൽ പ്രതിയോഗിയുടെ നാവിലൂടെയാവട്ടെ.
ആറ്: ഭിന്നിപ്പിന്റെ കാര്യങ്ങളിൽ അല്ലാഹുവിന്റെ പേരിൽ സ്നേഹിക്കുക. സത്യം പ്രാപിക്കാൻ സഹകരിക്കുക എന്ന അടിസ്ഥാനത്തിൽ യോജിക്കാവുന്നതാകുന്നു.
ഏഴ്: അപരന്റെ ന്യൂനത പരതി നടക്കുന്നതാവരുത് നമ്മുടെ രീതി. വിശ്വാസ വൈകല്യത്തിൽ നിന്ന് ഉടലെടുക്കുന്ന അനാരോഗ്യകരമായ പ്രവണതയാണിത്. നമ്മുടെ സഹോദരന്മാരുടെ രക്ഷയിലും മാർഗദർശനത്തിലും ഗുണകാംക്ഷയിലും നാം അതീവ തൽപരരായിരിക്കണം.
എട്ട്: അഭിപ്രായ ഭിന്നതയുള്ള പ്രശ്നങ്ങൾ പൂർണമായും എല്ലാ വശങ്ങളും വിശദീകരിച്ചുകൊണ്ട് അവതരിപ്പിക്കണം. ഏതെങ്കിലും ഒരു വശം പരാമർശിച്ചാൽ പോരാ. പ്രതിയോഗിയുടെ അഭിപ്രായവും വിശദീകരണങ്ങളും ശ്രദ്ധിച്ചു കേൾക്കണം.
ഒമ്പത്: അടിസ്ഥാന തത്ത്വങ്ങളിൽ യോജിക്കുക എന്നതിന്റെ അനിവാര്യമായ അർഥം വിശദീകരണങ്ങളും അംഗീകരിക്കുക എന്നതാകുന്നു. ശാഖാപരമായ ചില കാര്യങ്ങളിൽ ഭിന്നാഭിപ്രായമുണ്ട് എന്നത് ഒരാളുടെ മാർഗം അബദ്ധമാണ് എന്നതിന്റെ തെളിവല്ല. ആദർശ പ്രശ്നങ്ങളിലെ ശാഖകളുടെ വിശദീകരണങ്ങളിൽ പൂർവികർ ഭിന്നാഭിപ്രായക്കാർ ആയിരുന്നിട്ടുണ്ടല്ലോ.
പത്ത്: പൊതുവായ അടിസ്ഥാന തത്ത്വങ്ങളിൽ അധികവും യോജിക്കുന്ന ഒരു വിഭാഗം സത്യമാർഗത്തിൽനിന്ന് വ്യതിചലിച്ചിരിക്കുന്നുവെന്ന് പറയാൻ, ഒരു ശാഖാപരമായ അഭിപ്രായാന്തരത്തെ അടിസ്ഥാനമാക്കരുത്. മുൻതൂക്കവും പ്രാമുഖ്യവും നോക്കിയാണ് വിധിയെഴുതേണ്ടത്.
പതിനൊന്ന്: എത്ര രൂക്ഷമായ ശത്രുതയും ഭിന്നതയും ഉണ്ടെങ്കിലും മിതത്വം പാലിക്കണം; സമന്വയത്തിന്റെ രീതി സ്വീകരിക്കണം. നമ്മോട് യോജിക്കുന്നവരെ പ്രീതിയുടെ കണ്ണുകൊണ്ടും വിയോജിക്കുന്നവരെ വിദ്വേഷത്തിന്റെ ദൃഷ്ടികൊണ്ടും നോക്കാൻ പാടില്ല.
പന്ത്രണ്ട്: അബദ്ധം പറ്റിയവരെ അപ്പാടെ അകറ്റി നിർത്തുകയും, അവരുടെ സൽഗുണങ്ങൾ ത്യജിക്കപ്പെടുകയും ചെയ്താൽ മുസ്ലിം ചരിത്രത്തിൽ സ്വീകാര്യനായ ഒരു പണ്ഡിതനും ഉണ്ടാവില്ല.
പതിമൂന്ന്: ചില പ്രശ്നങ്ങളുടെ പേരിലോ, അഭിപ്രായത്തിലും ധാരണയിലും പ്രത്യേക രീതി സ്വീകരിച്ചതിന്റെ പേരിലോ ഒരു വിഭാഗത്തെ അനഭിമതരും കൊള്ളരുതാത്തവരുമായി മുദ്രകുത്താവതല്ല. പരസ്പരം കാഫിറാക്കുന്നതും മതഭ്രഷ്ട് കല്പിക്കുന്നതും വളരെ ഗൗരവതരമാണ്. അതൊരിക്കലും ചെയ്യാൻ പാടില്ല.
പതിനാല്: ദീനിൽ നേതൃത്വവും ജ്ഞാനത്തിൽ സ്ഥിരപ്രതിഷ്ഠയും ജീവിതത്തിൽ സൽഗുണ സ്വഭാവവും ഉള്ളവരെന്ന് അംഗീകരിക്കപ്പെട്ട മഹാത്മാക്കളിൽനിന്ന് സംഭവിക്കുന്ന അപാകതകൾ കാരണം അവരെ അധിക്ഷേപിക്കരുത്. അവരുടെ സുകൃതങ്ങളുടെയും ശ്രേഷ്ഠതകളുടെയും കടലിൽ മുങ്ങിപ്പോകാൻ മാത്രമേ ആ തിന്മകൾ ഉള്ളൂ.
പതിനഞ്ച്: ഏതൊരാളുടെയും സംസാരത്തിലെ വാചകങ്ങൾ വിലയിരുത്തുമ്പോൾ, അന്തിമ വിധി എഴുതും മുമ്പ് ആഴത്തിൽ പരിശോധന നടത്തേണ്ടതും, പ്രകടവും വ്യക്തവും വിശദവുമായ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ പരോക്ഷവും അവ്യക്തവും സംക്ഷിപ്തവുമായ വാക്യങ്ങളെ വിശദീകരിക്കേണ്ടതുമാണ്. ഒരു വിഷയത്തിൽ ഒരാൾ അന്തിമമായി എത്തിച്ചേർന്ന അഭിപ്രായമാണ് പരിഗണിക്കേണ്ടത്.
പതിനാറ്: സാധ്യമാകുന്നിടത്തോളം ഒരാളുടെ സംസാരം ഏറ്റവും നല്ല അർഥത്തിലാണ് എടുക്കേണ്ടത്. ശരിയായ ആശയവും അബദ്ധ ജടിലമായ അർഥവും ഉണ്ടാവാൻ സാധ്യത കണ്ടാൽ സദുദ്ദേശ്യത്തോടെ നാം അതിന്റെ ശരിയായ അർഥത്തിലാണ് അതിനെ എടുക്കുക.
പതിനേഴ്: ഇസ്ലാമിന്റെ പ്രതിയോഗികളുടെ പ്രയത്നങ്ങളെ പ്രതിരോധിക്കാൻ സംഘടിപ്പിക്കുന്ന സംയുക്ത സംരംഭങ്ങളിൽ സഹകരിക്കുക.
അമുസ്ലിംകൾക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുക. ഇസ്ലാമിന്റെ പ്രതിയോഗികൾക്ക് മറുപടി പറയുക.
ഓരോ വിഭാഗത്തിന്റെയും നേതാക്കളോടും അനുയായികളോടും മറുവിഭാഗം സ്നേഹവും മമതയും പ്രചരിപ്പിക്കുക.
ഓരോ വിഭാഗവും സംഘടിപ്പിക്കുന്ന പരിപാടികളിൽ സംബന്ധിക്കാനും സംസാരിക്കാനും മറ്റുള്ളവർക്ക് അവസരം നൽകുക.
പത്ര പേജുകളിലും പുസ്തകങ്ങളിലും പ്രസിദ്ധീകരണങ്ങളിലും മിമ്പറുകളിലും പരസ്പരം വിമർശിക്കുന്നത് അവസാനിപ്പിക്കുക.
അബൂബക്ർ ഇബ്നു അഹ്മദ് കാന്തപുരം (ജനറൽ സെക്രട്ടറി, മർക്കസു സഖാഫത്തി സുന്നിയ്യ, ഒപ്പ്)
അബ്ദുസ്സമദ് ബ്നു മുഹമ്മദ് മുഹ് യിദ്ദീൻ (ഒപ്പ്)
അബ്ദുർറഹ്മാൻ തറുവായ് (ജമാഅത്തെ ഇസ്ലാമി പ്രതിനിധി, ഒപ്പ്).
ഈ കരാർ കുവൈത്ത് മതകാര്യ വകുപ്പിന്റെ ഡയറക്ടർ അബ്ദുൽ അസീസ് നൂരിയുടെ സാന്നിധ്യത്തിൽ 1410 ജമാദുൽ ഊലാ, ഡിസംബർ 21, 1989 വ്യാഴാഴ്ച അംഗീകരിച്ച് ഒപ്പുവെച്ചു.
നാദിർ നൂരി (ഒപ്പ്)
എല്ലാവരും ഒപ്പുവെക്കുകയും കൈകൊടുത്ത് ആലിംഗനം ചെയ്യുകയും ചെയ്തു. കരാറിന്റെ മലയാള പരിഭാഷ എം.വി മുഹമ്മദ് സലീം മൗലവിയും പി.കെ ജമാൽ സാഹിബുമാണ് തയാറാക്കിയത്.
യോഗം കഴിഞ്ഞ ഉടൻ തന്നെ, പി.കെ ജമാൽ സാഹിബ്, മാധ്യമം എഡിറ്റർ ഒ. അബ്ദുർറഹ്മാൻ സാഹിബിനെ വിളിച്ചു, ഐക്യകരാറിനെ കുറിച്ച് പറഞ്ഞു. അതിന്റെ വിശദമായ റിപ്പോർട്ട് മാധ്യമത്തിൽ പ്രസിദ്ധീകരിക്കാമെന്ന് ധാരണയായി. യോഗത്തിന്റെ ഫോട്ടോയും റിപ്പോർട്ടും കരാർ പത്രത്തിന്റെ സമ്പൂർണ വിവർത്തനവും അടുത്ത ദിവസം മാധ്യമത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഇത് കേരള മുസ്ലിംകൾക്കിടയിൽ വലിയ ചർച്ചയാവുകയും അനുരണനങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ദൗർഭാഗ്യകരമായ നിഷേധവും പിൻമാറ്റവുമൊക്കെ പിന്നീട് ഈ കരാറിനെ പറ്റി ഉണ്ടായി. ചിലർ ഇതിനെ എതിർത്തും രംഗത്തുവന്നു. ലേഖനങ്ങളും പ്രതികരണങ്ങളും പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരുന്നു. കരാറിൽ നേരിട്ട് പങ്കാളികളായവർ എന്ന നിലക്ക് പല സ്ഥലങ്ങളിലും ഇതു സംബന്ധിച്ച വിശദീകരണ യോഗങ്ങളിൽ പ്രസംഗിക്കാൻ ഞാനും ഒ.പിയും എം.വി സലീം മൗലവിയും മറ്റും പോയിരുന്നു. പെട്ടെന്നുണ്ടായ ഒരു സംഭവത്തെക്കുറിച്ച താൽക്കാലിക പ്രതികരണങ്ങളായിരുന്നു എതിർപ്പുകളും നിഷേധങ്ങളുമെല്ലാം എന്നാണ് ഞാൻ മനസ്സിലാക്കിയത്. ഇത്തരം നിഷേധാത്മക സമീപനങ്ങൾ ചില കോണുകളിൽനിന്ന് ഉണ്ടായെങ്കിലും, ഈ കരാർ കേരളീയ മുസ്ലിം പൊതുസമൂഹത്തിൽ പിന്നീടുള്ള പല മഞ്ഞുരുക്കങ്ങൾക്കും പുനർവിചിന്തനങ്ങൾക്കും പശ്ചാത്തലമായി വർത്തിച്ചിട്ടുണ്ട് എന്നാണ് എന്റെ വിലയിരുത്തൽ. മുസ്ലിം സൗഹൃദവേദി ഉൾപ്പെടെയുള്ളവ പിൽക്കാലത്ത് രൂപപ്പെടുമ്പോൾ, ഒരുമിച്ചിരിക്കാവുന്ന ഒരു പ്രതലത്തെക്കുറിച്ച ബോധ്യം, കുവൈത്ത് ഐക്യകരാർ മുസ്ലിം മനസ്സിൽ രൂപപ്പെടുത്തുകയുണ്ടായി.
മുജാഹിദ് - ജമാഅത്ത് നേതാക്കൾ തമ്മിൽ, സുഊദി പണ്ഡിതനും മദീന യൂനിവേഴ്സിറ്റിയുടെ സെക്രട്ടറി ജനറലുമായ ഉമർ ഫുല്ലാത്തയുടെയും, സുഊദിയിലെ ദഅ്വാ വിഭാഗം അധ്യക്ഷൻ അബ്ദുല്ല ഇബ്റാഹീം അൽഫൻദൂഖിന്റെയും സാന്നിധ്യത്തിൽ, 1979-ൽ കോഴിക്കോട്ട് വെച്ച് ഒപ്പിട്ട മറ്റൊരു കരാറും, ശൈഖ് ഇബ്നു ബാസുമായി നടത്തിയ എഴുത്തുകുത്തുകളും എന്റെ അനുഭവത്തിലുണ്ട്. അതേക്കുറിച്ചും വഴിയെ വരാനിരിക്കുന്ന അനുഭവക്കുറിപ്പുകളിൽ പറയാം. l
തൊണ്ണൂറ്റി നാലാം വയസ്സില്‍ ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്‍കി മടങ്ങുമ്പോഴും എ.ജി നൂറാനി പോരാട്ടത്തിലായിരുന്നു. ഹിന്ദുത്വ ശക്തികള്‍ക്ക് കീഴടങ്ങി ബാബരി മസ്ജിദിന്റെ ഭൂമി രാമക്ഷേത്രം പണിയാന്‍ വിട്ടുകൊടുത്ത സുപ്രീം കോടതി വിധിയെപ്പറ്റി പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലുള്ളപ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. 2003-ല്‍ രണ്ട് വാള്യങ്ങളിലായി പ്രസിദ്ധീകരിച്ച 'ദ ബാബരി മസ്ജിദ് ക്വസ്റ്റ്യന്‍ 1528 - 2003' എന്ന ഗ്രന്ഥത്തിന്റെ രചയിതാവായിരുന്ന നൂറാനിയെ സംബന്ധിച്ചേടത്തോളം ഇന്ത്യന്‍ മതേതരത്വത്തിന് ഗുരുതരമായി പരിക്കേല്‍പിച്ച വിധിയായിരുന്നു പരമോന്നത കോടതിയുടേത്.
നിയമജ്ഞന്‍, പണ്ഡിതന്‍, ചരിത്രകാരന്‍, രാഷ്ട്രീയ നിരീക്ഷകന്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ നൈപുണ്യം തെളിയിച്ച പ്രതിഭാശാലിയായിരുന്നു അബ്ദുല്‍ ഗഫൂര്‍ മജീദ് നൂറാനി എന്ന എ.ജി നൂറാനി. പരിചിത വൃത്തങ്ങളില്‍ ഗഫൂര്‍ ഭായ് എന്നു വിളിക്കപ്പെട്ട നൂറാനി ഇന്ത്യ കണ്ട മികച്ച അഭിഭാഷകരിലൊരാളും ഭരണഘടനാ വിദഗ്ധനുമായിരുന്നു. ചരിത്രകാരനായിരുന്നില്ലെങ്കിലും അദ്ദേഹം പുറത്തു കൊണ്ടുവന്ന ചരിത്ര സത്യങ്ങള്‍ ഗവേഷകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മികച്ച റഫറന്‍സുകളായിരുന്നു.
മുംബൈ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മുതിര്‍ന്ന അഭിഭാഷകനായി പ്രവര്‍ത്തിച്ച നൂറാനി ശ്രദ്ധേയനാകുന്നത് നിയമവും രാഷ്ട്രീയവുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളിലൂടെയാണ്. ഹിന്ദുസ്ഥാന്‍ ടൈംസ്, ദ ഹിന്ദു, ഫ്രണ്ട് ലൈന്‍, ഇക്കോണമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലി എന്നിവയില്‍ അദ്ദേഹം എഴുതാറുള്ള ലേഖനങ്ങള്‍ വിഷയത്തെ സമഗ്രമായി സമീപിക്കുന്നവയും ഗവേഷണ സ്വഭാവത്തിലുള്ളതുമായിരുന്നു. എണ്‍പതുകളില്‍ 'ഫ്രണ്ട് ലൈനി'ല്‍ കോളം കൈകാര്യം ചെയ്തതു മുതലാണ് നൂറാനിയെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഭരണഘടനയുമായി ബന്ധപ്പെട്ട് 'സ്റ്റേറ്റ്‌സ്മാന്‍', 'ഫ്രണ്ട്‌ലൈന്‍' ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ എഴുതിയ കോളങ്ങള്‍ സമാഹരിച്ച് Constitutional Questions In India എന്ന പേരില്‍ 2002-ല്‍ പുസ്തകം പുറത്തിറങ്ങിയിട്ടുണ്ട്. ഭരണഘടനയുമായി ബന്ധപ്പെട്ട മേഖലയില്‍ അഗ്രഗണ്യനായ നൂറാനിയുടെ ചില വിശകലനങ്ങള്‍ വിധിന്യായങ്ങളില്‍ പോലും പരാമര്‍ശിക്കപ്പെട്ടു.
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട സൂചകങ്ങളും രേഖകളും നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ടെത്താനുള്ള നൂറാനിയുടെ കഴിവിനെ 'ദ ഹിന്ദു'വിന്റെ മുഖ്യ പത്രാധിപരായിരുന്ന എന്‍. റാം ന്യൂ ദല്‍ഹിയില്‍ പുസ്തക പ്രകാശന ചടങ്ങില്‍ പരാമര്‍ശിച്ചത് മാധ്യമ പ്രവര്‍ത്തകന്‍ ഇഫ്തിഖാര്‍ ഗീലാനി ഓര്‍ത്തെടുക്കുന്നു. ചെന്നൈയിലെ സർവസജ്ജമായ തന്റെ എഡിറ്റോറിയല്‍ ഓഫീസിനു പോലും അപ്രാപ്യമായ രേഖകളാണ് നിമിഷങ്ങള്‍ക്കുള്ളില്‍ നൂറാനി പുറത്തെടുക്കുകയെന്നാണ് റാമിന്റെ വിലയിരുത്തല്‍. അബ്ദുല്‍ ഗഫൂര്‍ നൂറാനിയെ എന്‍. റാം അനുസ്മരിക്കുന്നത് ഇങ്ങനെ: 'ജേര്‍ണലിസ്റ്റുകളുടെ ജേര്‍ണലിസ്റ്റും ബഹുമുഖ പ്രതിഭയും ധൈര്യശാലിയും കാര്യങ്ങള്‍ തുറന്നെഴുതുന്നയാളുമായിരുന്നു നൂറാനി. പൗരന്റെ അവകാശങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്യത്തിനുമായി എന്നും അദ്ദേഹം നിലയുറപ്പിച്ചു. ഞാന്‍ 'ഫ്രണ്ട്‌ലൈന്‍' എഡിറ്ററായിരുന്നപ്പോള്‍ സ്ഥിരമായി അദ്ദേഹം എഴുതുമായിരുന്നു. തന്റെ കോളം ഒരിക്കല്‍ പോലും വൈകിച്ചിരുന്നില്ല. ഏതെങ്കിലും ഒരു വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കഴിയാതിരുന്നാല്‍ അത് വ്യക്തിപരമായ പരാജയമായാണ് അദ്ദേഹം കണ്ടിരുന്നത്.'
നൂറാനിയുടെ പ്രത്യേക ശ്രദ്ധ പതിഞ്ഞ വിഷയമാണ് ജമ്മു-കശ്മീര്‍. കേന്ദ്രം ഭരിച്ച സര്‍ക്കാറുകള്‍ കശ്മീരികളോട് നീതി ചെയ്തിട്ടില്ലെന്ന് തുറന്നുപറയാന്‍ അദ്ദേഹം മടിച്ചില്ല. കശ്മീരിനെക്കുറിച്ച അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ചരിത്രത്തിലേക്ക് വായനക്കാരന്റെ കൈപിടിച്ച് കൊണ്ടുപോകുന്നതായിരുന്നു. തന്റെ വാദങ്ങള്‍ സമര്‍ഥിക്കുന്നതിന് ഉപോല്‍ബലകമായ തെളിവുകളും നൂറാനി നിരത്തും. 'ദ കശ്മീര്‍ ഡിസ്പ്യൂട്ട് 1947 - 2012' എന്ന രണ്ട് വാള്യങ്ങളുടെ സമാഹാരം അതിന്റെ മികച്ച ഉദാഹരണമാണ്. ഇന്ത്യാ വിഭജനത്തെ മനുഷ്യ ചരിത്രത്തിലെ പത്ത് വലിയ ദുരന്തങ്ങളിലൊന്നായാണ് അദ്ദേഹം വിശേഷിപ്പിക്കാറുള്ളത്. വിഭജനത്തിലേക്ക് നയിച്ച കാരണങ്ങളെയും, അത് എങ്ങനെ യാഥാര്‍ഥ്യമായി എന്നതിനെയും സംബന്ധിച്ച് നൂറാനിയെപ്പോലെ പഠിച്ചയാളുകള്‍ അപൂർവമാണ്. ജമ്മു-കശ്മീര്‍, ഇന്ത്യ-പാകിസ്താന്‍ പ്രശ്‌നങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകളും പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
തനിക്ക് പതിനേഴു വയസ്സുള്ളപ്പോള്‍ നടന്ന വിഭജനത്തെക്കുറിച്ച് പറയുമ്പോള്‍ കോണ്‍ഗ്രസിനെയും ഹിന്ദു മഹാസഭയെയും സര്‍വേന്ത്യാ മുസ്‌ലിം ലീഗിനെയുമെല്ലാം അദ്ദേഹം പ്രതിക്കൂട്ടില്‍ നിര്‍ത്തുകയുണ്ടായി. മുസ്‌ലിംകള്‍ ഇന്ത്യയില്‍ പിന്തള്ളപ്പെടാന്‍ കാരണം ചില നേതാക്കളുടെ നിലപാടുകളാണെന്നും നൂറാനി തുറന്നുപറഞ്ഞിട്ടുണ്ട്. 2018-ല്‍ ഡോ. അസ്ഗര്‍ അലി എഞ്ചിനീയര്‍ സ്മാരക പ്രഭാഷണം നിർവഹിച്ച് ദല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ അദ്ദേഹം ചെയ്ത പ്രസംഗം ശ്രദ്ധേയമാണ്. ' 1857-ലെയും 1947-ലെയും അവസ്ഥയെക്കാള്‍ മോശമാണ് മുസ്‌ലിംകളുടെ സ്ഥിതി. 1952-ല്‍ വിദ്യാര്‍ഥിയായിരിക്കെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഞാന്‍ പങ്കെടുക്കാറുണ്ടായിരുന്നു. നെഹ്‌റുവിന്റെ കരങ്ങള്‍ക്ക് ശക്തി പകരുക എന്നായിരുന്നു മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ അന്ന് മുഴങ്ങിയ മുദ്രാവാക്യം. കോണ്‍ഗ്രസിലെ ഹിന്ദുത്വവാദികള്‍ക്ക്് മുന്നില്‍ നെഹ്‌റു ഒറ്റപ്പെട്ട കാലമായിരുന്നു അത്. പട്ടേലും രാജേന്ദ്ര പ്രസാദുമൊക്കെ നെഹ്‌റു വിരുദ്ധ ക്യാമ്പിലായിരുന്നു. ഗോവിന്ദ് വല്ലഭ് പന്ത് ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാര്‍ മുസ്‌ലിംകളോട് പകയോടെ പെരുമാറുന്ന കാലഘട്ടം. ബാബരി മസ്ജിദ് ദുരന്തത്തിന്റെ പിതാവായിരുന്നല്ലോ പന്ത്. എനിക്ക് യു.പിയില്‍ പ്രവേശിക്കാന്‍ കഴിയാതെ വന്നിരിക്കുന്നു, ഞാനൊരു അപരിചിതനായി മാറിയിരിക്കുന്നു എന്നാണ് പണ്ഡിറ്റ് നെഹ്‌റു വല്ലഭ് പന്തിന് എഴുതിയത്. ഇന്ന് പാര്‍ലമെന്റില്‍ മുസ്‌ലിംകളുടെ പ്രാതിനിധ്യം കുറഞ്ഞുവരുന്നു. പ്രധാനമന്ത്രി (മോദി) സത്യപ്രതിജ്ഞക്കു ശേഷം നടത്തിയ പ്രഥമ പ്രസംഗത്തില്‍ 'ആയിരം വര്‍ഷത്തെ അടിമത്ത'ത്തെക്കുറിച്ചാണ് പറഞ്ഞത്, 200 കൊല്ലം ഇന്ത്യയെ കൊള്ളയടിച്ച് രാജ്യത്തെ ജനങ്ങളെ അടിമകളാക്കിയ ബ്രിട്ടീഷുകാരെക്കുറിച്ച് ഒരക്ഷരം പറയുന്നില്ല…'
ജമ്മു-കശ്മീരിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ശൈഖ് അബ്ദുല്ലയെ 11 വര്‍ഷം ജയിലിലടച്ച കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടിയെ നിശിതമായി അദ്ദേഹം വിമര്‍ശിച്ചു. ശൈഖ് അബ്ദുല്ലയോട് ജവഹര്‍ലാല്‍ നെഹ്‌റു അനുവര്‍ത്തിച്ച നയങ്ങളെ വിമര്‍ശിക്കുന്ന ലേഖനം 'The Sheikh versus the Pandit: The Roots of the Kashmir Dispute' 2016-ല്‍ കശ്മീർ കണക്റ്റഡ് എന്ന വെബ്‌സൈറ്റില്‍ നൂറാനി എഴുതിയിരുന്നു. 2019-ല്‍ ബി.ജെ.പി സര്‍ക്കാര്‍ 370-ാം വകുപ്പ് റദ്ദാക്കിയ നടപടിയെ ചതിയെന്നും ഭരണഘടനാ വിരുദ്ധമെന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇതു സംബന്ധിച്ച് നിരവധി ലേഖനങ്ങള്‍ നൂറാനി എഴുതിയിട്ടുണ്ട്.
കശ്മീരുമായി ബന്ധപ്പെട്ട നൂറാനിയുടെ ആദ്യ ഇടപെടലിനെക്കുറിച്ച് ഇന്ത്യയുടെ അഭിമാനമായ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടെ സഹോദരിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന മൃദുല സാരാഭായി രേഖപ്പെടുത്തിയിട്ടുണ്ട്. കശ്മീരിന്റെ പ്രഥമ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ലയോടുള്ള കോണ്‍ഗ്രസിന്റെ നിലപാടുകളോട് ശക്തിയായി വിയോജിച്ചയാളായിരുന്നു പില്‍ക്കാലത്ത് പാര്‍ട്ടി റിബലായി മാറിയ മൃദുല. കശ്മീര്‍ ഗൂഢാലോചന കേസില്‍ 1958-ല്‍ ശൈഖ് അബ്ദുല്ല വീണ്ടും അറസ്റ്റിലായപ്പോള്‍ അദ്ദേഹത്തിനു വേണ്ടി വാദിക്കാനെത്തിയത് ബ്രിട്ടീഷ് അഭിഭാഷകനായിരുന്നു. എന്നാല്‍, ഇന്ത്യന്‍ കോടതിയില്‍ ഹാജരാവാന്‍ വിദേശ അഭിഭാഷകനെ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചപ്പോള്‍ നൂറാനിയെയാണ് അഭിഭാഷക സംഘത്തില്‍ ഒരാളായി സാരാഭായി കണ്ടെത്തിയത്. 1962-ലായിരുന്നു അത്. മുപ്പത്തിരണ്ടു വയസ്സു മാത്രമായിരുന്നു അന്ന് നൂറാനിയുടെ പ്രായം.
ഭരണഘടനയെപ്പോലെ, കശ്മീരിനെപ്പോലെ നൂറാനിയുടെ പഠന ഗവേഷണം പതിഞ്ഞ മറ്റൊരു മേഖല ഇന്ത്യക്ക് ഭീഷണിയായ ഹിന്ദുത്വ രാഷ്ട്രീയമാണ്. ഹിന്ദു മഹാസഭയും സവര്‍ക്കറും ആര്‍.എസ്.എസും അദ്ദേഹത്തിന്റെ എഴുത്തുകളിലൂടെ അതിനിശിതമായി വിചാരണ ചെയ്യപ്പെട്ടു. Savarkar and Hindutva: The Godse Connection (2002), The RSS and the BJP: A Division of Labour (2003), The RSS: A Menace to India (2019) തുടങ്ങിയ ഗ്രന്ഥങ്ങള്‍ അതിന്റെ ഫലമായി രൂപപ്പെട്ടതാണ്. ചരിത്ര സത്യങ്ങള്‍ ഉദ്ധരിച്ചുള്ള അദ്ദേഹത്തിന്റെ വാദങ്ങള്‍ സംഘ് പരിവാരത്തിന് വലിയ തലവേദനയാണ് ഉണ്ടാക്കിയത്. ഹിന്ദുത്വ ഭീഷണിക്കെതിരെ നിരന്തരം എഴുതുകയും ആര്‍.എസ്.എസ് ഇന്ത്യക്ക് ഭീഷണിയാണെന്ന് പുസ്തകം എഴുതുകയും ചെയ്ത നൂറാനി അവര്‍ക്ക് കണ്ണിലെ കരടായതില്‍ അല്‍ഭുതമില്ല. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരാന്‍ പരിശ്രമിച്ച ധീരരുടെ ഛായാചിത്രങ്ങള്‍ പതിച്ച പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സവര്‍ക്കറെ കുടിയിരുത്തിയ നടപടിയെ അദ്ദേഹം ചോദ്യം ചെയ്തു. ഹീറോ പരിവേഷം നല്‍കാന്‍ മാത്രം 83 വര്‍ഷത്തെ ജീവിതത്തില്‍ സവര്‍ക്കറുടെ സംഭാവന എന്താണെന്ന് നൂറാനി ചോദിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത ആറ് മാപ്പപേക്ഷകള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് എഴുതിക്കൊടുത്തതോ? ഗാന്ധിജി ഉള്‍പ്പെടെ നാലു നേതാക്കള്‍ക്കെതിരെ 1909-നും 1948-നുമിടയില്‍ വധ ഗൂഢാലോചന നടത്തിയതോ?
ഏക സിവില്‍ കോഡിനെതിരെ തൂലിക ചലിപ്പിച്ച നിയമജ്ഞനായിരുന്നു നൂറാനി. മൗലികാവകാശങ്ങളെപ്പോലെ മാര്‍ഗനിര്‍ദേശക തത്ത്വങ്ങള്‍ നിര്‍ബന്ധിച്ച് നടപ്പാക്കാന്‍ ഒരു കോടതിക്കും അവകാശമില്ലെന്നും ഏക സിവില്‍ കോഡ് വിഷയത്തില്‍ സുപ്രീം കോടതി നടത്തുന്ന ഇടപെടലുകള്‍ ദുരൂഹമാണെന്നും അദ്ദേഹം തുറന്നുപറഞ്ഞു. മുസ്‌ലിം പുരുഷന്മാരെ ശിക്ഷിക്കാനായി മാത്രം മുത്തലാഖിനെതിരെ നിയമം കൊണ്ടുവന്ന മോദി സര്‍ക്കാരിന്റെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്ത നൂറാനി, ഈ വിഷയത്തില്‍ സയ്യിദ് മൗദൂദി 1943-ല്‍ എഴുതിയത് ഉദ്ധരിക്കുകയുണ്ടായി. 'മുത്തലാഖ് മതവിരുദ്ധവും പാപവുമാണ്. ബന്ധം വേര്‍പെടുത്താന്‍ പുരുഷന് ആദ്യ ത്വലാഖ് മതിയാകുമ്പോള്‍ തന്നെ മൂന്നു മാസത്തിനിടയില്‍ ഇണയെ തിരിച്ചെടുക്കാന്‍ അവസരം നല്‍കുന്നതാണ് ഇസ്‌ലാമിലെ വിവാഹമോചന രീതി. ഇത് ശരിയായി നടപ്പാക്കപ്പെട്ടിരുന്നെങ്കില്‍ എത്രയോ കുടുംബങ്ങള്‍ രക്ഷപ്പെടുമായിരുന്നു.' ഇവ്വിഷയകമായി 1961-ല്‍ പാകിസ്താന്‍ പാസ്സാക്കിയ മുസ്‌ലിം കുടുംബ നിയമ ഓര്‍ഡിനന്‍സ് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് സ്വീകരിക്കാന്‍ പറ്റിയതാണെന്നും നൂറാനി പറയുന്നു. ആര്‍ബിട്രേഷന്‍ കൗണ്‍സില്‍ ചെയര്‍മാന് രേഖാമൂലമായിരിക്കണം ത്വലാഖ് സമര്‍പ്പിക്കേണ്ടത്. തുടര്‍ന്ന്, ദമ്പതിമാര്‍ക്കിടയില്‍ 90 ദിവസത്തിനിടയില്‍ കൗണ്‍സില്‍ രഞ്ജിപ്പിനുള്ള വഴി കണ്ടെത്തും. സ്ത്രീകളെ സംബന്ധിച്ചേടത്തോളം വിവാഹ മോചനത്തിന് ഖുല്‍അ് നിലനില്‍ക്കെ തന്നെ നികാഹ്‌നാമയില്‍ ഇക്കാര്യം രേഖപ്പെടുത്താനും അവകാശം നല്‍കുന്നുണ്ട് പ്രസ്തുത ഓര്‍ഡിനന്‍സ്. യഥാര്‍ഥ ശരീഅത്തിനെ വികലമാക്കിയത് ബ്രിട്ടീഷുകാരാണെന്നും വ്യക്തിനിയമത്തെ ശരീഅത്തിന് അനുസൃതമായി പരിഷ്‌കരിക്കുകയാണ് വേണ്ടതെന്നും നൂറാനി പറഞ്ഞു.
അടിയന്തരാവസ്ഥയെ വിമര്‍ശിക്കുമ്പോള്‍ ഇന്ദിരാ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളെ ഹിറ്റ്‌ലറുടേതുമായി തുലനം ചെയ്തതുപോലെ സയണിസത്തിന് സ്തുതി പാടുന്ന നരേന്ദ്ര മോദിയെയും അദ്ദേഹം വെറുതെ വിട്ടില്ല. ഹിന്ദുത്വയും സയണിസവും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണെന്ന് നൂറാനി തുറന്നടിച്ചു. സയണിസ്റ്റ് സ്ഥാപകന്‍ തിയോഡോര്‍ ഹെര്‍സലിനെ പ്രകീര്‍ത്തിച്ച് മോദി നടത്തിയ പ്രസ്താവനയെ പരാമര്‍ശിച്ച് ഫ്രണ്ട്‌ലൈനിലെ തന്റെ കോളത്തില്‍ (Modi & Zionism, 2017 July 19) നൂറാനി എഴുതി: 'ജൂതായിസം പുരാതന മതമാണ്. സയണിസമാകട്ടെ, 1895-ല്‍ ഹെര്‍സല്‍ വിഭാവനം ചെയ്ത വിഷലിപ്തമായ ആശയവും. ഹിന്ദു മതം പുരാതന ധര്‍മമാണെങ്കില്‍, ഹിന്ദുത്വ 1923-ല്‍ വി.ഡി സവര്‍ക്കര്‍ കുത്തിവെച്ച വിഷം പുരട്ടിയ രാഷ്ട്രീയ ആദര്‍ശമാണ്. ഭക്തരായ ഹിന്ദുക്കള്‍ ഹിന്ദുത്വയെ വെറുക്കുന്നതുപോലെ ഭക്തിയുള്ള ജൂതന്മാര്‍ സയണിസത്തെയും വെറുക്കുന്നു.'
നോട്ട് നിരോധം ഉള്‍പ്പെടെ നരേന്ദ്ര മോദിയുടെ പല നടപടികളെയും നിശിതമായി വിമര്‍ശിച്ചിരുന്ന നൂറാനി, പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ പേരില്‍ മോദിയെ തുഗ്ലക്കെന്ന് വിളിക്കാനും ധൈര്യം കാട്ടി. രാഷ്ട്രീയം, ചരിത്രം, ഭരണഘടന എന്നീ കോണുകളിലൂടെയാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയെ വിലയിരുത്തേണ്ടതെന്ന് പറഞ്ഞ നൂറാനി, ഇത്തരം പദ്ധതികളും, കോടികളുടെ നികുതിപ്പണം ധൂര്‍ത്തടിച്ച് കരയിലും കടലിലും നിര്‍മിക്കുന്ന പ്രതിമകളുംകൊണ്ട് നാട്ടിനെന്താണ് നേട്ടമെന്ന ചോദ്യവും ഉന്നയിക്കുകയുണ്ടായി. പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ഭരണകക്ഷിയുടെ ഉപകരണമായി പ്രവര്‍ത്തിക്കുന്ന സാഹചര്യമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നും അതിന്റെ ദുരന്തഫലം ഏറ്റവുമധികം അനുഭവിക്കുന്നത് കെട്ടിച്ചമക്കപ്പെട്ട കേസുകളില്‍ പ്രതികളാക്കപ്പെട്ട് ദീര്‍ഘകാലം ജയിലില്‍ കിടക്കേണ്ടിവരുന്ന മുസ്‌ലിംകളാണെന്നും 2021 നവംബറിലെ 'ഫ്രണ്ട്‌ലൈനി'ലെ കോളത്തില്‍ നൂറാനി ചൂണ്ടിക്കാട്ടുന്നുണ്ട്.
1962-ല്‍ ഇന്ത്യ-ചൈന യുദ്ധകാലത്ത് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥയുടെ ഭാഗമായി നാലു മാസത്തോളം യര്‍വാദ ജയിലില്‍ കരുതല്‍ തടങ്കലില്‍ കഴിയുകയുണ്ടായി നൂറാനി. അവിവാഹിതനായിരുന്ന അദ്ദേഹം മുംബൈയിലെ നാപിയന്‍ സീ റോഡിലെ ഫ്‌ളാറ്റില്‍ തനിച്ചാണ് കഴിഞ്ഞിരുന്നത്. അതേ സമുച്ചയത്തില്‍ താമസിച്ചിരുന്ന ഉമ്മയെ സന്ദര്‍ശിച്ച് അവരുടെ വിവരങ്ങള്‍ അന്വേഷിക്കല്‍ അദ്ദേഹത്തിന്റെ ദിനചര്യയില്‍ പെട്ടതായിരുന്നു. ചിട്ടയുള്ള ജീവിതമായിരുന്നു നൂറാനിയുടേത്. ആരാധനാ കര്‍മങ്ങളില്‍ നിഷ്ഠയുണ്ടായിരുന്ന അദ്ദേഹം, പ്രാര്‍ഥനാ സമയങ്ങളില്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. l
രണ്ടു പതിറ്റാണ്ട് മുമ്പ് കുവൈത്തിലെ ജംഇയ്യത്തുല്‍ ഇസ്വ് ലാഹ് ഗ്രൗണ്ടില്‍ നടന്ന അന്താരാഷ്ട്ര ഇസ്ലാമിക് ബുക്ക് എക്‌സിബിഷനിലാണ് പണ്ഡിതനും ചിന്തകനും ഗ്രന്ഥകാരനുമായ മുഹമ്മദ് അഹ്്മദ് അല്‍ റാശിദിനെ കാണുന്നതും പരിചയപ്പെടുന്നതും. പ്രവാസിയായിരിക്കെ മലേഷ്യയില്‍ അവസാനിച്ച സംഭവബഹുലമായ ആ ജീവിതയാത്രയില്‍ പിന്നിട്ട നാഴികക്കല്ലുകള്‍ ഇസ്ലാമിക നവോത്ഥാന ചരിത്രത്തില്‍ അടയാളക്കുറികളായി രേഖപ്പെടുത്തപ്പെടും. പ്രബോധന രീതിശാസ്ത്രത്തില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ വിരചിതമായ നിരവധി ഗ്രന്ഥങ്ങൾ മുഹമ്മദ് അഹ്്മദ് അല്‍ റാശിദിന്റെതാണ്. പ്രബോധനം ജീവവായുവായി കൊണ്ടുനടന്ന നൂറ്റാണ്ടിന്റെ മഹാരഥന്‍ തന്റെ ജീവിതാനുഭവങ്ങളില്‍ നിന്നാണ് മുപ്പതില്‍ പരം ഗ്രന്ഥങ്ങള്‍ക്ക് ഉള്ളടക്കം കണ്ടെത്തിയത്.
ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് വൈജ്ഞാനിക തലത്തില്‍ ദിശാബോധം ഉണ്ടാക്കുന്നതില്‍ മികച്ച സംഭാവനകളാണ് മുഹമ്മദ് അഹ്്മദ് അൽ റാശിദ് നല്‍കിയത്. അനേകം ലോകഭാഷകളില്‍ മൊഴിമാറ്റം നടത്തപ്പെട്ട അദ്ദേഹത്തിന്റെ വേറിട്ട കൃതികള്‍ക്ക് വ്യാപകമായ അംഗീകാരം ലഭിച്ചു. വായനാ കുതുകിയായ മര്‍ഹൂം ജമാല്‍ മലപ്പുറം മുഹമ്മദ് അഹ്മദുര്‍റാശിദിന്റെ 'അല്‍ മുന്‍ത്വലഖ്' എന്ന കൃതി സാകൂതം വായിക്കുന്നത് കണ്ട് ഈ ലേഖകനും അദ്ദേഹത്തിന്റെ ചിന്താ ലോകത്ത് പ്രവേശിക്കണമെന്ന ആഗ്രഹം ജനിച്ചു. കവിത തുളുമ്പുന്ന ഭാഷയില്‍ രചിക്കപ്പെട്ട ഗ്രന്ഥങ്ങളുടെ കര്‍ത്താവിനെ നേരില്‍ കാണണമെന്ന ആഗ്രഹമാണ് 2005-ല്‍ കുവൈത്തിലെ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ സാക്ഷാത്കരിക്കപ്പെട്ടത്. അര മണിക്കൂര്‍ നടന്ന കൂടിക്കാഴ്ചയില്‍ നൂറ്റാണ്ടിന്റെ സ്പന്ദനങ്ങളോട് സചേതനമായി പ്രതികരിക്കുന്ന പ്രബോധന രീതിശാസ്ത്രം വളര്‍ന്നു വികസിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരിച്ചുവരുമ്പോള്‍ കൂടെയുണ്ടായിരുന്ന മര്‍ഹൂം കെ.എം അബ്ദുർറഹീം സാഹിബിന്റെ നിരീക്ഷണം ഇന്നും ഞാന്‍ ഓര്‍ക്കുന്നു: 'അദ്ദേഹത്തിന്റെ ഹൃദയത്തില്‍ വളരുകയും അനുഭവങ്ങളിലൂടെ വികസിക്കുകയും ചെയ്തതാണ് അദ്ദേഹത്തിന്റെ കൃതികളെല്ലാം എന്ന് ഓരോ വാക്കും വിളിച്ചുപറയുന്നു. ഈ നൂറ്റാണ്ടിലും വരാനിരിക്കുന്ന നൂറ്റാണ്ടുകളിലും പ്രബോധകരുടെ പ്രകാശഗോപുരമായിരിക്കും ഇദ്ദേഹവും ഇദ്ദേഹത്തിന്റെ കൃതികളും.' ആ നിരീക്ഷണം സത്യമാണെന്ന് പിൽക്കാല അനുഭവങ്ങള്‍ തെളിയിച്ചു.
ഇസ്ലാമിക പ്രബോധകനും ചിന്തകനുമായ മുഹമ്മദ് അഹ്മദ് അല്‍ റാശിദ് ഇറാഖ് പൗരനാണ്. ഇഖ് വാനുല്‍ മുസ്ലിമൂന്‍ പ്രസ്ഥാനത്തിലെ പ്രമുഖ സൈദ്ധാന്തികനും, കാലഘട്ടത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് വഴികാട്ടിയുമാണ്. അനേക വര്‍ഷങ്ങള്‍ പ്രവാസിയായി ജീവിക്കേണ്ടിവന്ന അദ്ദേഹത്തിന് നിരവധി കാലം ജയിലറകളില്‍ കഴിയേണ്ടിവന്നു. ഇറാഖില്‍ 'മജ്ലിസ് ശൂറാ അഹ്്ലുസ്സുന്നത്തി വല്‍ജമാഅഃ' സ്ഥാപിച്ച അദ്ദേഹം ലോകത്തുടനീളം ഇസ്ലാമിക പ്രബോധകനായി സഞ്ചരിച്ചു. പന്ത്രണ്ടാമത്തെ വയസ്സില്‍ സെക്കന്ററി സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ക്കേ രാഷ്ട്രീയ ബോധം ഉള്ളിൽ പേറിയ ബാലന്റെ ചിന്തയില്‍ ഫലസ്ത്വീന്‍ പ്രശ്‌നം കെടാതെ കനലായി കത്തിനിന്നു. പതിമൂന്നാം വയസ്സാകുമ്പോള്‍ തന്നെ ഇഖ് വാനുല്‍ മുസ് ലിമൂന്‍ പ്രസ്ഥാനത്തോടുള്ള ആകര്‍ഷണമായി അത് വളര്‍ന്നു. ഇറാഖിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ അപ്ലൈഡ് ടീച്ചേഴ്‌സ് സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. 1962-ല്‍ ബഗ്ദാദ് യൂനിവേഴ്‌സിറ്റി ലോ കോളേജില്‍ നിന്ന് ബിരുദം നേടി. ഇറാഖിലെ സലഫി പണ്ഡിതന്മാരായ അബ്ദുല്‍ കരീം ശൈഖ് അലി, തഖിയുദ്ദീന്‍ ഹിലാലി, മുഹമ്മദുല്‍ ഖസ്ലജി തുടങ്ങിയവരാണ് ഗുരുവര്യന്മാര്‍. മുഹമ്മദ് മഹ്മൂദുസ്സ്വവ്വാഫിന്റെ ചിന്തകളില്‍ ആകൃഷ്ടനായ മുഹമ്മദുര്‍റാശിദ് പ്രശസ്ത കവിയായ വലീദുല്‍ അഅ്ദമിയുടെ കവിതകൾ ഇഷ്ടപ്പെട്ടിരുന്നു. ഇറാഖി രാഷ്ട്രീയത്തില്‍ ഗുണാത്മക പരിവർത്തനമുണ്ടാക്കാന്‍ സുന്നി വിചാരധാരകളെ ഏകോപിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് വിശ്വസിച്ച അദ്ദേഹം, രാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയും ഭദ്രമാക്കാന്‍ വിവിധ രാഷ്ട്രീയ കക്ഷികളുമായി സംവദിച്ചുകൊണ്ടേയിരുന്നു. ഇറാനോട് പടവെട്ടുന്നതിന് ബ്രിട്ടീഷ് സേനയ്ക്ക് ഇറാഖില്‍ താവളം സ്ഥാപിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ആംഗ്ലോ- ഇറാഖ് ഉടമ്പടിക്കെതിരെ ഇറാഖ് തെരുവുകളില്‍ പ്രക്ഷോഭം നടക്കുന്ന കാലമായിരുന്നു അത്. അതിനോട് അനുഭാവം പ്രകടിപ്പിച്ചപ്പോഴും അദ്ദേഹത്തിന്റെ മുഖ്യ ചിന്ത ഫലസ്ത്വീന്‍ പ്രശ്‌നമായിരുന്നു.
അബ്ബാസിയ കാലത്തെ സാഹിത്യകാരന്മാര്‍ രചിച്ച കൃതികളുടെ പരന്ന വായന അദ്ദേഹത്തിന്റെ അറിവിന്റെ ചക്രവാളം വികസിപ്പിച്ചു. മുസ്തഫ സാദിഖുർറാഫിഇയുടെ കൃതികളോടൊപ്പം പുരാതന ഗ്രന്ഥശേഖരങ്ങളിലും വ്യാപരിച്ചു ആ ധിഷണ. ഗ്രന്ഥരചനയിലാണ് ജീവിതത്തില്‍ ഏറിയ പങ്കും ചെലവഴിച്ചത്. ദേശാന്തര സഞ്ചാരങ്ങളിലൂടെ ആര്‍ജിച്ചെടുത്ത അനുഭവങ്ങള്‍ ഗ്രന്ഥ രചനയ്ക്ക് മുതല്‍ക്കൂട്ടായി. 1953-ല്‍ ഇഖ്്വാനുല്‍ മുസ് ലിമൂന്‍ പ്രസ്ഥാനത്തില്‍ ചേര്‍ന്ന അദ്ദേഹം പ്രസ്ഥാനത്തെ നയിച്ച ശൈഖ് മഹ്്മൂദ് സ്വവ്വാഫിന്റെ അനുയായിയായി. 1958-ലെ വിപ്ലവത്തെ തുടര്‍ന്ന് ഇറാഖിൽ ആഭ്യന്തര സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുകയും സംഘടനാ പ്രവര്‍ത്തനം ഭീഷണികള്‍ നേരിടുകയും ചെയ്തപ്പോള്‍ അദ്ദേഹം പഠനരംഗത്തേക്ക് തിരിച്ചുപോയി. 1971-ല്‍ എട്ടു മാസം അദ്ദേഹത്തിന് ഇറാഖില്‍ തന്നെ ഒളിച്ചു കഴിയേണ്ടി വന്നു. 1987-ല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടു; സദ്ദാമിന്റെ കാലത്ത്. 1971-ല്‍ ഇഖ് വാന്‍ പ്രസ്ഥാനം കടന്നുപോന്ന പീഡന പര്‍വം അഹ്മദു മുഹമ്മദുര്‍റാശിദിന്റെ വരികളില്‍: "1971 ഏപ്രില്‍ മാസത്തിലാണ് ഞങ്ങളുടെ സംഘടന കഠിന പരീക്ഷണങ്ങള്‍ക്ക് വിധേയമായത്. മിക്ക നേതാക്കളും അറസ്റ്റിലായി. മിക്ക പ്രബോധകരും പ്രവര്‍ത്തകരും കഠിന ഭേദ്യങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാക്കപ്പെട്ടു. ഇറാഖി പ്രസിഡന്റ് അഹ് മദ് ഹസനുല്‍ ബകറിന്റെ ഇടപെടലോടെയാണ് അതിന് വിരാമമായത്.''
പ്രവാസ കാലം
ജീവിതം ദുസ്സഹമായതിനെ തുടര്‍ന്ന് മുഹമ്മദ് അഹ് മദുര്‍റാശിദ് ഇറാഖ് വിട്ട് കുവൈത്തിലെത്തി. 1972-ൽ ജംഇയ്യത്തുല്‍ ഇസ്വ് ലാഹില്‍ ഇജ്തിമാഇയുടെ മുഖപത്രമായ 'അല്‍ മുജ്തമഇ'ന്റെ ചീഫ് എഡിറ്ററായി. 'ഇഹ് യാഉ ഫിഖ്ഹിദ്ദഅ്‌വ' എന്ന ലേഖന പരമ്പര എഴുതിത്തുടങ്ങിയത് ആ കാലയളവിലാണ്. അബ്ദുല്‍ മുന്‍ഇം സ്വാലിഹുല്‍ അലിയാണ് പിന്നീട് അഹ് മദ് മുഹമ്മദ് അല്‍ റാശിദ് എന്ന പേരില്‍ അറിയപ്പെട്ടത്. പുതിയ തലമുറയെ ഇസ് ലാമിക നവജാഗരണത്തിന്റെ ഭാഗമാക്കിത്തീര്‍ത്ത എഴുത്തുകാരൻ എന്ന നിലയിലാണ് കുവൈത്തില്‍ അദ്ദേഹം ശ്രദ്ധനേടിയത്. പ്രശസ്ത ചിന്തകനും നവോത്ഥാന നായകനുമായ ഡോ. താരിഖ് സുവൈദാനെ കണ്ടെത്തിയതും വളര്‍ത്തിയതും അദ്ദേഹമാണ്. താരിഖ് സുവൈദാന്‍, അഹ് മദ് മുഹമ്മദുര്‍റാശിദിനെ കുറിച്ച ഓര്‍മ പങ്കുവെക്കുന്നു: "കുവൈത്തില്‍, മര്‍കസുശ്ശബാബില്‍ സായാഹ്നങ്ങളില്‍ ഞങ്ങള്‍ പല മത്സരങ്ങളിലും ഏര്‍പ്പെടും. കഥാകഥനം, അക്ഷരശ്ലോക മത്സരം, പ്രസംഗ മത്സരം തുടങ്ങിയ പലതുമുണ്ടാകും. തീക്ഷ്ണ നിരൂപണങ്ങളും വിമര്‍ശനങ്ങളും ഉണ്ടാകും. അവയെല്ലാം ഞങ്ങളുടെ വളര്‍ച്ചയില്‍ പങ്ക് വഹിച്ച ഘടകങ്ങളാണ്. ഒരു പ്രഭാഷണ മത്സരം ഞാനോർക്കുന്നു. ഞാനുള്‍പ്പെടെ പല പ്രഭാഷകരുമുണ്ട്. അഹ് മദ് മുഹമ്മദ് അര്‍റാശിദും മത്സരത്തിനുണ്ട്. എന്നാല്‍, അദ്ദേഹത്തിന്റെ പ്രസംഗം മത്സരത്തില്‍ വേറിട്ടുനിന്നു. അറബിയിലെ 28 അക്ഷരങ്ങളില്‍ കുത്തും പുള്ളിയുമില്ലാത്ത അക്ഷരങ്ങള്‍ മാത്രമുള്ള വാക്കുകൾ ഉപയോഗിച്ചായിരുന്നു ആ വിസ്മയാവഹമായ പ്രസംഗം. അദ്ദേഹത്തിന്റെ ഭാഷാപ്രാവീണ്യം വിളംബരം ചെയ്ത മത്സരമായിരുന്നു അത്. അദ്ദേഹം ഒന്നാം സ്ഥാനം നേടി എന്ന് പറയേണ്ടതില്ലല്ലോ. മോട്ടോര്‍ ബൈക്ക് സഞ്ചാര കുതുകിയായ അദ്ദേഹം നല്ലൊരു ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. ഇറാഖിലായിരുന്നപ്പോള്‍ 8-ാമത്തെ വയസ്സില്‍ പരസഹായമില്ലാതെ ദിജ്‌ല നദി (ടൈഗ്രീസ്) നീന്തിക്കടന്ന റിക്കാര്‍ഡും അദ്ദേഹത്തിന്റേതായുണ്ട്.'' കുവൈത്തില്‍ 'ഇഖ് വാനുല്‍ മുസ് ലിമൂന്‍' പ്രസ്ഥാനത്തിലെ യുവജനങ്ങളെ വൈജ്ഞാനികമായും സാംസ്‌കാരികമായും ശാക്തീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളിൽ പലരും പിന്നീട് അമേരിക്കയിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും ഇസ് ലാമിക നവോത്ഥാന യത്നങ്ങൾക്ക് ചുക്കാൻ പിടിച്ചു. കുവൈത്തില്‍ സജീവമായി പ്രവര്‍ത്തിച്ച അദ്ദേഹത്തെ ഇറാഖി ചാരക്കണ്ണുകള്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇറാഖി പ്രതിപക്ഷ നേതാക്കളില്‍ പലരും അഭയാര്‍ഥികളായി കുവൈത്തില്‍ വസിക്കുന്ന കാലമായിരുന്നു അത്. സര്‍വരെയും ദ്രോഹിച്ച കൂട്ടത്തില്‍ അഹ് മദ് മുഹമ്മദുര്‍റാശിദും സദ്ദാമിന്റെ ദ്രോഹത്തിനിരയായി. ഇറാഖ് വിട്ട അദ്ദേഹം വിദേശങ്ങളില്‍ വന്‍ സ്വീകാര്യത നേടി. കുവൈത്തില്‍നിന്ന് യു.എ.ഇയിലേക്കായിരുന്നു പിന്നെ ജീവിതം പറിച്ചു നട്ടത്. തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ അവിടെയും അവിരാമം തുടര്‍ന്നു. ക്ലാസുകളും പ്രഭാഷണങ്ങളും പരിശീലന ശിബിരങ്ങളും നടത്തി നിരവധി പ്രബോധകരെ വാര്‍ത്തെടുത്തു. ഇതിനിടക്ക് ബഗ്ദാദിലേക്ക് വീണ്ടും മടങ്ങിയ അല്‍റാശിദ് 'മജ്‌ലിസ് ശൂറാ അഹ് ലിസ്സുന്നത്തി വല്‍ ജമാഅത്തി ഫില്‍ ഇറാഖ്' എന്ന സംഘടനക്ക് രൂപം നല്‍കി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ അനുരഞ്ജനമുണ്ടാക്കാന്‍ യത്‌നിച്ചിരുന്നു. 'ഹിസ്ബുല്‍ ഇസ് ലാമിൽ ഇറാഖി' എന്ന സംഘടനയുടെ കൂടെയായി പിന്നീടുള്ള രാഷ്ട്രീയ പ്രവര്‍ത്തനം.
പ്രബോധന രീതിശാസ്ത്രത്തില്‍ ആധികാരിക ഗ്രന്ഥങ്ങള്‍ രചിക്കുന്നതിലായിരുന്നു മുഴു ശ്രദ്ധയും. 1975-ല്‍ പുറത്തുവന്ന 'അല്‍ മുന്‍ത്വലഖ്' എന്ന കൃതി വര്‍ത്തമാന കാല സമസ്യകളും, പൂര്‍വ സൂരികളായ പണ്ഡിതന്മാരുടെയും പ്രബോധകന്മാരുടെയും അനുഭവങ്ങളും ചാലിച്ചെഴുതിയതാണ്. ഭാഷയുടെ സൗന്ദര്യം ഇസ് ലാമിക സാഹിത്യ കൃതികളില്‍ 'മുന്‍ത്വലഖി'നെ വേറിട്ടുനിര്‍ത്തി. അല്‍ അവാഇഖ്, അര്‍റഖാഇഖ്, മന്‍ഹജിയ്യത്തുത്തര്‍ബിയത്തിദ്ദഅവിയ്യ, അല്‍ മസാര്‍, സ്വിനാഅത്തുല്‍ ഹയാത്ത്, ദിഫാഉന്‍ അൻ അബീ ഹുറയ്റ, അല്‍ ഫിഖ്ഹുല്ലാഹിബ്, ഉസ്വൂലുല്‍ ഇഫ്താഇ വല്‍ ഇജ്തിഹാദിത്തത്ബീഖീ തുടങ്ങി മുപ്പതില്‍ പരം മഹത്തായ കൃതികള്‍ മുസ് ലിം ലോകത്തിന് സമ്മാനിച്ച അഹ് മദ് മുഹമ്മദുര്‍റാശിദിന്റെ അന്ത്യം മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലമ്പൂരില്‍ 2024 ആഗസ്റ്റ് 27-നായിരുന്നു. 86 വയസ്സായിരുന്നു. l
വടക്കാങ്ങരയിൽ നിന്ന് മൊയ്തീനാണ് ആ ദുഃഖവാർത്ത എന്നെ ആദ്യം അറിയിച്ചത്. 'അറിഞ്ഞോ, ഒരു വാർത്തയുണ്ട്….. നമ്മുടെ ശുക്കൂർ സാഹിബ്….' മൊയ്തീന് വാചകം പൂർത്തിയാക്കാനായില്ല.
യാത്രയിലായിരുന്ന ഞാൻ വാഹനം റോഡരികിലേക്ക് മാറ്റിനിർത്തി, ശുക്കൂർ സാഹിബിന്റെ അനുജൻ ലത്വീഫിനെ വിളിച്ചു. വാർത്ത ശരിയാണ്. പ്രിയ സുഹൃത്ത്, എല്ലാവരും ശൂക്കൂർ ഭായ് എന്ന് സ്നേഹപൂർവം വിളിക്കുന്ന വി.വി.എ ശുക്കൂർ തിടുക്കത്തിൽ യാത്രയായിരിക്കുന്നു. അറിവും ധിഷണയും മൂർച്ച കൂട്ടിയ വാദ കോലാഹലങ്ങൾ നിലച്ചിരിക്കുന്നു. ബൗദ്ധിക വ്യായാമങ്ങളിലെ സൂപ്പർ താരകം ഇനി പ്രചോദിപ്പിക്കുന്ന ഓർമ മാത്രം!
1980 മുതലുള്ള സൗഹൃദമാണ്…. വാടാനപ്പള്ളി ഇസ്ലാമിയാ കോളേജിൽ എന്റെ ഒരു വർഷം സീനിയറായി പ്രഥമ ബാച്ചിൽ ശുക്കൂർ സാഹിബ് ഉണ്ടായിരുന്നു, സകല കലാ വല്ലഭനായി. കൈയെഴുത്ത്, ചിത്രമെഴുത്ത്, രചന, പ്രസംഗം തുടങ്ങി എല്ലാ സർഗവേദികളിലും അദ്ദേഹം ജ്വലിച്ചു നിന്നു. പക്വതയും പൂർണതയും വിവേകവും വിചാരവും അദ്ദേഹത്തിന്റെ ചിന്തകളെയും വീക്ഷണങ്ങളെയും വ്യത്യസ്തമാക്കി. നടപ്പിലും ഇരിപ്പിലും വർത്തമാനത്തിലും പ്രവർത്തനങ്ങളിലും ആ പെർഫെക്്ഷൻ ദൃശ്യമായിരുന്നു. അടുക്കും ചിട്ടയും വെടിപ്പും വൃത്തിയും ആ വ്യക്തിത്വത്തിന്റെ തിരിച്ചറിയൽ രേഖകളായി. അങ്ങനെയും ഇങ്ങനെയുമൊന്നും സംസാരിക്കാനോ എഴുതാനോ ശുക്കൂർ സന്നദ്ധനായിരുന്നില്ല. നല്ലവണ്ണം ഗൃഹപാഠം ചെയ്ത് വിഷയം ആഴത്തിൽ പഠിച്ച്, വാക്കുകൾ ചിട്ടപ്പെടുത്തി കുറ്റമറ്റ രീതിയിലാണ് അദ്ദേഹം വിഷയങ്ങൾ അവതരിപ്പിച്ചിരുന്നത്.
സമയക്കുരുക്കിൽ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ പലതും ആമുഖത്തിലേ മുറിഞ്ഞുപോയി. എഴുത്തിലാണ് ശുക്കൂറിന്റെ ധിഷണ നിറഞ്ഞാടിയത്. അവിടെ സമയത്തിന് അദ്ദേഹത്തെ തോല്പിക്കാൻ കഴിഞ്ഞില്ല. വടിവൊത്ത അക്ഷരങ്ങളിൽ അദ്ദേഹത്തിന്റെ ചിന്തകൾ ചിറക് വിടർത്തി. അവിടെയും സമയം നിശ്ചയിച്ചുള്ള പ്രബന്ധാവതരണ വേളകളിൽ അവസാന പേജുകൾ അരങ്ങു കണ്ടില്ല. 'നിങ്ങൾക്ക് വേണ്ടെങ്കിൽ വേണ്ട ' എന്ന ആത്മഗതത്തോടെ അദ്ദേഹം, വായിക്കാത്ത പേപ്പറുകൾ ചുരുട്ടിക്കെട്ടി വേദികളിൽ നിന്നിറങ്ങി. എന്നിട്ടും ആ പൂർണതാവാദി ആർക്കും തോറ്റു കൊടുത്തില്ല.
ചെറുപ്പത്തിലേ ശുക്കൂർ ഇരുത്തം വന്നവനെപ്പോലെ എഴുതി. സ്കൂളിലെയും കോളേജിലെയും കൈയെഴുത്തു മാഗസിനുകളിൽ ആ കലാകാരന്റെ കൈയൊപ്പും നിറച്ചാർത്തുകളുമുണ്ട്. പ്രിന്റ് സാധാരണമല്ലാത്ത അക്കാലത്ത് അച്ചുകൂടങ്ങളെ വെല്ലുന്ന അക്ഷര വിസ്മയങ്ങൾകൊണ്ട്, ശുക്കൂർ തീർത്ത മാഗസിനുകൾ അവിസ്മരണീയമായി. ഈ കൊച്ചു പത്രാധിപർ പിൽക്കാലത്ത് പേരെടുത്ത എഴുത്തുകാരനായി; എഡിറ്ററും ഗ്രന്ഥകാരനുമായി.
ഇന്നും ഞങ്ങൾ സഹപാഠികൾ ഓർക്കുന്നു, തൃശൂരിൽ നിന്നിറങ്ങിയിരുന്ന 'ടിറ്റ് ഫോർ ടാറ്റ്' മാഗസിനിൽ ശുക്കൂർ എഴുതിയിരുന്ന ലേഖനങ്ങളുടെ തലക്കെട്ടുകളുടെ മൂർച്ച ! 1982-ൽ ഏഷ്യാഡിനു വേണ്ടി ദൽഹിയിൽ കോടികൾ പൊടിച്ചപ്പോൾ കാസ് കൊടുവള്ളി എഴുതി-- 'കഞ്ഞി വേണം…. കഞ്ഞി!' കൊടുവള്ളിക്കാരനായ അബ്ദുശ്ശുക്കൂറിന്റെ തൂലികാ നാമമായിരുന്നു 'കാസ് കൊടുവള്ളി'. ഞങ്ങൾ കൂട്ടുകാർക്ക് ആ നാമം സുപരിചിതമായിരുന്നു. യുവസരണി മാസികയെ ശുക്കൂറിലെ പത്രാധിപർ ജനകീയവും സർഗ സമ്പന്നവുമാക്കി.
അതിനിടെ മാധ്യമം ദിനപത്രത്തിന്റെ ഡസ്കിൽ ശുക്കൂർ വഴിതെറ്റിയെത്തി. ഒരു ദിനപത്രത്തിന്റെ സമയബന്ധിത വാർത്താകുറിപ്പുകൾ ശുക്കൂറിന്റെ പ്രകൃതത്തിനു ചേരുന്നതായിരുന്നില്ല. പത്രം സമയം തെറ്റി ഇറക്കാനാവില്ലല്ലോ. ശുക്കൂർ വന്ന വഴി തിരിച്ചുനടന്നു! അത് ഒരു നല്ല തീരുമാനമായിരുന്നു. ഒരു വർത്തമാന പത്രവും ശുക്കൂറും തമ്മിൽ ഒത്തുപോകില്ലായിരുന്നു. ഒന്നുകിൽ പത്രത്തെ ശുക്കൂർ, അല്ലെങ്കിൽ ശുക്കൂറിനെ പത്രം കൊല്ലുമായിരുന്നു. ഭാഗ്യത്തിന് രണ്ടും സംഭവിച്ചില്ല! ഇസ്ലാമിക പ്രസ്ഥാനത്തിന്റെ വിദ്യാർഥി - യുവജന നേതൃനിരയിലാണ് ശുക്കൂറിന്റെ ധിഷണ പുഷ്കലമായത്. എസ്.ഐ.ഒവിന്റെ സംസ്ഥാന, ദേശീയ കൂടിയാലോചനാ വേദികളിൽ അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചു. ആശയതലത്തിൽ അദ്ദേഹം വലിയ സംഭാവനകൾ നല്കി. സംഘടനയുടെ മുഖപത്രത്തെ പൊതുധാരയിലേക്ക് കൊണ്ടുവന്നു. തന്റെ തൂലികയിലൂടെ സംഘടനയുടെ ആശയാദർശങ്ങൾ ശക്തമായ ഭാഷയിൽ പ്രകാശിപ്പിച്ചു. അക്കാലത്തെ എസ്.ഐ.ഒ കോളങ്ങൾ ശുക്കൂറിന്റെ വാക്കുകൾ നെഞ്ചിലേറ്റി; തെരുവുകൾ അദ്ദേഹത്തിന്റെ മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചു. പ്രസംഗവേദികളിൽ അദ്ദേഹത്തിന്റെ കുറിപ്പുകൾ പ്രതിധ്വനിച്ചു.
ശുക്കൂർ ഒരിടത്തും നേതാവായില്ല. നേതാവാകാൻ അദ്ദേഹത്തെ പറ്റുമായിരുന്നില്ല. ഒരു പ്രതിനായകൻ ആ പ്രകൃതത്തിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു. അടിസ്ഥാനപരമായി അദ്ദേഹം അച്ചടക്കമുള്ള ഒരു റിബൽ ആയിരുന്നു. ആയതിനാൽ എവിടെയും അദ്ദേഹം നേതാവായില്ല; പകരം നേതാക്കളുടെ മെന്ററും വൈദ്യനുമായി. ശുക്കൂർ ഒരു ധിഷണാശാലിയായിരുന്നു. എപ്പോഴും ഒരു റിബൽ അദ്ദേഹത്തെ നിഴൽ പോലെ പിന്തുടർന്നിരുന്നു. ഒരു വലിയ മെന്ററുടെ കരുതൽ അദ്ദേഹത്തിന് ആവശ്യമായിരുന്നു. ഒന്നിച്ചുള്ള യാത്രയിൽ അദ്ദേഹം സുരക്ഷിതനായിരുന്നു. കൂട്ടം തെറ്റിയുള്ള യാത്രയിൽ അദ്ദേഹത്തിന് മിക്കപ്പോഴും പരിക്കുകൾ പറ്റി. ബോധപൂർവം അദ്ദേഹം തെറ്റുകളൊന്നും ചെയ്തില്ല. എങ്കിലും പുതിയ വഴികളിൽ വലിയ പരീക്ഷണങ്ങൾ നടത്താനുള്ള അദ്ദേഹത്തിന്റെ സാഹസിക തീരുമാനങ്ങൾ പലപ്പോഴും പരാജയപ്പെട്ടു. എന്നാൽ, അദ്ദേഹം ചെയ്ത വലിയ കാര്യങ്ങൾക്കു മുമ്പിൽ ഈ പരാജയങ്ങൾ ചെറുത് മാത്രം. l (തുടരും)
നിരന്തരമായ ദൈവസ്മരണയും നാമജപവും അല്ലാഹു എപ്പോഴും കൂടെയുണ്ട് എന്ന ബോധത്തിന്റെ ചിഹ്നമാണ്. ആ ബോധം വിശ്വാസിയെ ഭയങ്ങളില്‍നിന്നും ഉത്കണ്ഠകളില്‍നിന്നും മുക്തനാക്കുകയും അല്ലാഹുവിനു വേണ്ടി എന്തും സഹിക്കാനും ത്യജിക്കാനുമുള്ള കരുത്തുപകരുകയും ചെയ്യുന്നു.
അബൂ സഈദില്‍ ഖുദ് രിയ്യി(റ)ല്‍നിന്ന്. നബി (സ) പറഞ്ഞു: തീര്‍ച്ചയായും ദുനിയാവ് മാധുര്യവും ഹരിതാഭവുമാണ്. അതില്‍ അല്ലാഹു നിങ്ങളെ പ്രതിനിധികളാക്കിയിരിക്കുന്നു. നിങ്ങള്‍ എങ്ങനെ വര്‍ത്തിക്കുന്നുവെന്ന് അവന് വീക്ഷിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ ദുനിയാവിനെ സൂക്ഷിക്കുക, സ്ത്രീകളുടെ കാര്യത്തില്‍ സൂക്ഷ്മത പുലര്‍ത്തുക. കാരണം, ഇസ്രാഈല്‍ സമുദായത്തിലെ ഒന്നാമത്തെ നാശം സ്ത്രീകള്‍ കാരണമായിരുന്നു'' (മുസ് ലിം).
രുചികളില്‍ മധുരവും കാഴ്ചയില്‍ ഹരിത ഭംഗിയും ഭൗതിക ലോകത്ത് ആസ്വാദ്യകരമായ പ്രതിഭാസങ്ങളാണ്. ഇവ രണ്ടിന്റെയും സമ്മേളിത വേദിയായാണ് ദുനിയാവിനെ ഹദീസ് പരിചയപ്പെടുത്തുന്നത്. അതായത്, കണ്ണഞ്ചിപ്പിക്കുന്നതും മധുരമനോജ്ഞവുമായ വസ്തുക്കളാല്‍ നിര്‍ഭരമായ വിസ്മയ ലോകത്താണ് മനുഷ്യ ജീവിതമാകുന്ന നൗക പായിക്കേണ്ടത്.
പിശാചിന്റെ പ്രലോഭനങ്ങളില്‍ വഞ്ചിതരായി, കാറ്റിലും കോളിലും അകപ്പെടാതെ ജീവിത നൗകയെ മുന്നോട്ടു നയിക്കുകയാണെങ്കില്‍ അതൊരു വല്ലാത്ത അനുഗ്രഹം തന്നെയാണ്; അതല്ലെങ്കില്‍ നാശഹേതുവും. നമ്മുടെ മുന്‍ഗാമികളില്‍നിന്ന് അനന്തരമായി നാം ആര്‍ജിച്ചെടുത്ത അതിന്റെ അന്തസ്സത്ത കെട്ടുപോകാതെ, നമുക്കു ശേഷം വരാനിരിക്കുന്ന തലമുറക്കുവേണ്ടി കരുതിവെക്കേണ്ടതുണ്ട്. 'ഭൂമിയുടെ സംസ്‌കരണം നടന്നുകഴിഞ്ഞിരിക്കെ, ഇനി അതില്‍ നാശം കുത്തിപ്പൊക്കരുത്'' (ഖുര്‍ആന്‍ 7:56).
സ്ത്രീകളെ സംബന്ധിച്ച കാര്യങ്ങളും സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ അത് നാശത്തില്‍ കൊണ്ടെത്തിക്കും എന്നാണ് ഹദീസ് നല്‍കുന്ന രണ്ടാമത്തെ പാഠം. 'കാമിനി മൂലം ദുഃഖം' എന്നത് കേവലം ചലച്ചിത്ര ഗാനശകലം മാത്രമല്ലെന്ന് 'നാല്‍പതാം ദിവസം ഉമ്മറപ്പടിയും വിളിച്ചു പറയും' എന്നത് യാഥാര്‍ഥ്യമായി പുലര്‍ന്ന സാമൂഹിക പരിസരത്താണ് നാമുള്ളത്. മാന്യതയും ചാരിത്ര്യവും കാത്തു സൂക്ഷിക്കുക, വരുമാനത്തിനും സാധ്യതക്കും ഉള്ളില്‍ ഒതുങ്ങിനിന്നുകൊണ്ട് ജീവിതം ചിട്ടപ്പെടുത്തുക തുടങ്ങിയ അവസ്ഥ സംജാതമാകുമ്പോള്‍ മാത്രമേ ഒരു സമൂഹം സാംസ്‌കാരികമായി ഉന്നതി പ്രാപിക്കുകയുള്ളൂ. മറിച്ച്, ചാരിത്രഭ്രംശവും പൊങ്ങച്ചവും പ്രകടനപരതയുമാണ് രംഗം വാഴുന്നതെങ്കില്‍ സമൂഹം എല്ലാ നിലക്കും സാംസ്‌കാരിക അധഃപതനത്തിലേക്ക് കൂപ്പുകുത്തും.
ഇസ്രാഈല്‍ സമൂഹത്തിന്റെ ധാര്‍മികാധഃപതനത്തിന് കാരണക്കാരിയായ ഒരു സ്ത്രീയെക്കുറിച്ചാണ് ഹദീസില്‍ പരാമര്‍ശം. ഇത് അന്നും എന്നും എല്ലാ സമൂഹങ്ങള്‍ക്കും ബാധകമാണ്. മനുഷ്യ സൃഷ്ടിയുടെ രഹസ്യങ്ങളറിയുന്ന സ്രഷ്ടാവായ ദൈവം സ്ത്രീ-പുരുഷന്മാരുടെ ഇടപഴക്കങ്ങളുടെ അതിര്‍വരമ്പുകള്‍ നിര്‍ണയിച്ചു തന്നിട്ടുണ്ട്. വിശ്വാസികളെയും വിശ്വാസിനികളെയും പ്രത്യേകം പ്രത്യേകം അഭിസംബോധന ചെയ്തുകൊണ്ട് ദൃഷ്ടികള്‍ നിയന്ത്രിക്കാനും ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളാനും, സ്ത്രീകള്‍ സ്വയം വെളിവായത് (മുഖവും മുന്‍കൈയും) ഒഴികെ, തങ്ങളുടെ അലങ്കാരങ്ങള്‍ പ്രദര്‍ശിപ്പിക്കാതിരിക്കാനും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. (അന്നൂര്‍ 30,31).
അന്യ സ്ത്രീയും പുരുഷനും മാത്രമുള്ളിടത്ത് മൂന്നാമനായി പിശാചിനെ കരുതിയിരിക്കണമെന്ന് നബി (സ) മുന്നറിയിപ്പ് നല്‍കുകയുണ്ടായി. l