കവര്‍സ്‌റ്റോറി

സമഗ്രമായ മാറ്റമുണ്ടാകുമെന്ന് വാഗ്ദാനം നൽകിയാണ് പതിനേഴാം ലോക്സഭയിൽ എൻ.ഡി.എ ഗവൺമെന്റ് പുതിയ ക്രിമിനൽ നിയമങ്ങൾ പാസ്സാക്കിയത്. INDIAN PENAL CODE (IPC)1860, CRIMINAL PROCEDURE CODE (CRPC) 1973, INDIAN EVIDENCE ACT (IEA) 1872 എന്നിവ യഥാക്രമം Bharatiya Nyaya Sanhita (BNS), Bharatiya Nagarik Suraksha Sanhita (BNSS), Bharatiya Sakshya Adhiniyam (BSA) 2023 എന്നിങ്ങനെ പേര് മാറ്റുകയുണ്ടായി. 2023 ഡിസംബർ 25-ന് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമു ഈ നിയമങ്ങൾക്ക് അനുമതി നൽകി ഒപ്പിടുകയും ചെയ്തു. പുതിയ നിയമമായ BNSS- ലെ സെക് ഷൻ 1(3)ൽ 2024 ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും എന്ന് വ്യക്തമാക്കുന്നുണ്ട്. 1834-ൽ ഇന്ത്യയിൽ വരികയും പിന്നീട് ബ്രിട്ടീഷ് ലോ കമീഷനിൽ അംഗമാവുകയും ചെയ്ത തോമസ് ബബിങ്ടൺ മെക്കാളയുടെ സംഭാവനയാണ് IPC, CRPC എന്നീ ക്രിമിനൽ നിയമങ്ങൾ. ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യ സമര പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന 1857-ലെ 'ശിപായി ലഹള'ക്കു ശേഷം അതു പോലൊരു പ്രക്ഷോഭം തങ്ങൾക്കെതിരിൽ ഉണ്ടാവരുത് എന്ന നിർബന്ധ ബുദ്ധിയോടെ ബ്രിട്ടീഷ് ഗവൺമെന്റ് ഡ്രാഫ്റ്റ് ചെയ്തതാണ് മേൽ സൂചിപ്പിച്ച ക്രിമിനൽ നിയമങ്ങൾ. James Fitzjames Stephen എന്ന ബ്രിട്ടീഷ് നിയമജ്ഞന്റെ സംഭാവനയാണ് IEA എന്ന നിയമം. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ചെറിയ മാറ്റങ്ങൾ വരുത്തി ആ നിയമങ്ങൾ തന്നെയാണ് നാം നിലനിർത്തിപ്പോന്നത്.

2023 ആഗസ്റ്റ് പതിനൊന്നിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ മൂന്ന് നിയമങ്ങളുടെയും ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു. 146 ലോക് സഭാ അംഗങ്ങളെ നിയമവിരുദ്ധമായി സസ്‌പെന്റ് ചെയ്തും യാതൊരു ചർച്ചക്കും വിശദീകരണങ്ങൾക്കും ഇട നൽകാതെയും അതിവേഗത്തിലാണ് ഈ പുതിയ നിയമങ്ങൾ പാർലമെൻറിൽ എൻ.ഡി.എ ഗവൺമെന്റ് പാസ്സാക്കിയത്. പുതിയ നിയമങ്ങളുടെ ഡ്രാഫ്റ്റ് പരിശോധിച്ചാൽ, പഴയ നിയമത്തിൽനിന്ന് സെക് ഷനുകളിൽ വന്ന നമ്പറിംഗ് മാറ്റവും നിയമത്തിന്റെ പേരു മാറ്റവും ഒഴിച്ചുനിർത്തിയാൽ, മറ്റു സുപ്രധാനമായ മാറ്റങ്ങളൊന്നും ഇതിൽ വരുത്തിയിട്ടില്ല എന്ന് നമുക്ക് ബോധ്യമാവും. ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ പ്രതിപാദിച്ചിട്ടുള്ള CONCURRENT LIST-ൽ ആണ് ഈ വിഷയം ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രസ്തുത ലിസ്റ്റിൽ 01,02,12 എന്ന ക്രമത്തിൽ ക്രിമിനൽ നിയമങ്ങളും അവയുടെ അനുബന്ധ വിഷയങ്ങളും വിശദാംശങ്ങളോടെ ഉൾപ്പെടുത്തിയിട്ടുണ്ട്. 'കൺകറന്റ് ലിസ്റ്റ്' എന്നാൽ, ഈ വിഷയത്തിൽ സെൻട്രൽ ഗവൺമെന്റിനും സ്റ്റേറ്റ് ഗവൺമെന്റിനും നിയമ നിർമാണത്തിനുള്ള അവകാശം ഉണ്ട് എന്നാണ് അർഥം. രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളെയും ബാധിക്കുന്ന വിഷയം എന്ന നിലക്കാണ് ഈ വിഷയം പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ, ഇന്ത്യൻ ഫെഡറലിസത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലാണ് ഈ വിഷയം ഭരണകൂടം കൈകാര്യം ചെയ്തിരിക്കുന്നത്. പാർലമെന്ററി കമ്മിറ്റികളിൽ ചർച്ചയ്ക്ക് വെക്കാതെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ജനപ്രതിനിധികൾക്ക് പറയാനുള്ള വിയോജിപ്പുകളും ഭേദഗതികളും കൂട്ടിച്ചേർക്കലുകളും കേൾക്കാതെ തീർത്തും ഏകപക്ഷീയമായി, ജനവിരുദ്ധമായി മുൻ ഗവൺമെന്റ് ഈ നിയമങ്ങൾ സഭയിൽ പാസ്സാക്കിയെടുക്കുകയായിരുന്നു. മാറ്റങ്ങൾ വരുത്തി എന്ന് വാചാലമാകുമ്പോഴും, നിയമങ്ങളുടെ കാതലായ ഭാഗത്ത് യാതൊരു വിധ മാറ്റങ്ങളും വരുത്തിയിട്ടുമില്ല. രാജ്യത്തിന്റെ ക്രിമിനൽ നിയമങ്ങൾ ജാതി, മത, വർഗ ഭേദമന്യേ എല്ലാ പൗരന്മാരെയും അല്ലാത്തവരെയും ഒരുപോലെ ബാധിക്കുന്നവയാണ്.

ജൂലൈ ഒന്നു മുതൽ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥക്ക് കീഴിലെ കോടതികളിലും പോലീസ് സ്റ്റേഷനുകളിലും ഇതര ഭരണ വകുപ്പുകളിലും ഒരുപോലെ ഈ നിയമങ്ങളാണ് പ്രാബല്യത്തിൽ. നിയമസംവിധാനം തന്നെ മാറുമ്പോൾ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളെ മറികടക്കാനുള്ള യാതൊരു വിധ മുന്നൊരുക്കങ്ങളും കേന്ദ്ര സർക്കാർ നടത്തിയിട്ടുമില്ല. ട്രെയിനിങ് പ്രോഗ്രാമുകളോ വിഷയാവതരണ യോഗങ്ങളോ മതിയായ രീതിയിൽ സർക്കാർ സംവിധാനങ്ങളിൽ പോലും നടന്നിട്ടില്ല. ഏതു തരത്തിൽ ഇതിനെ സമീപിക്കണം എന്ന ആശയക്കുഴപ്പം ഞാനടങ്ങുന്ന അഭിഭാഷക സമൂഹത്തിനും നിയമം നടപ്പാക്കുന്ന പോലീസിനുമുണ്ട്. ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യേണ്ട ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്. ആൾക്കൂട്ട കൊലപാതകം എന്ന പൈശാചിക പ്രവൃത്തി പുതിയ നിയമമായ BNS സെക് ഷൻ 103(2) പ്രകാരം വധശിക്ഷ വരെ നല്കാൻ വകുപ്പുള്ള കുറ്റമാണ്. എന്നാൽ, ഈ നിയമത്തിന് അംഗീകാരം നൽകിയതിന് ശേഷവും ഒന്നിലധികം പേർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. നിയമം കർക്കശമാക്കിയെങ്കിലും അതനുസരിച്ചുള്ള ഒരു നടപടിയും കാണുന്നില്ല. ഒരു നിയമം പൂർണമാകുന്നത് അത് കടലാസിൽ ഒതുങ്ങാതെ ശരിയായ രീതിയിൽ നടപ്പാക്കപ്പെടുമ്പോഴാണ്. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. നിലവിലെ കണക്കനുസരിച്ചു 141 കോടി ജനങ്ങൾ ഇന്ത്യയിലുണ്ട്. ഇത്രയും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയം യാതൊരു വിധ ചർച്ചയും നടത്താതെ, ഒരു മുന്നൊരുക്കവുമില്ലാതെ, ഏകപക്ഷീയമായി, പ്രതിപക്ഷത്തിന്റെ ആശങ്കകൾ മുഖവിലക്കെടുക്കാതെ തീരുമാനിക്കുകയാണ്. ഇത് ജനാധിപത്യ സംസ്കാരത്തിന് ചേർന്നതല്ല. ജി.എസ്.ടി(GST) യും നോട്ടു നിരോധനവു(DEMONITISATION)മൊക്കെ ഈ രീതിയിൽ നടപ്പാക്കിയപ്പോൾ അവ എത്രമാത്രം ജനദ്രോഹപരമായി എന്ന് നാം കണ്ടതാണ്.

വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി എന്ന് അവകാശപ്പെടുന്ന സർക്കാർ വിശകലനം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. പഴയ നിയമമായ ഐ.പി.സിയിൽ ഉണ്ടായിരുന്നത് 511 സെക് ഷനുകൾ ആണ്. അതിൽ 24 സെക് ഷനുകൾ നീക്കം ചെയ്തു; പുതുതായി 23 സെക് ഷനുകൾ കൂട്ടിച്ചേർത്തു. ബാക്കിയുള്ളത് റീ നമ്പർ ചെയ്യുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ എവിഡൻസ് ആക്ടിലെ (IEA) നൂറ്റിഎഴുപതു സെക് ഷനുകളും പുതിയ നിയമമായ BSAയിൽ നിലനിർത്തുകയാണ് ചെയ്തിരിക്കുന്നത്. ക്രിമിനൽ കോഡിന്റെ (CRPC) ഏകദേശം 95% സെക് ഷനുകളും പുതിയ BNSSൽ നിലനിർത്തിയിട്ടുണ്ട്. നൂറ്റാണ്ടുകൾക്കിപ്പുറവും, നമ്മുടെ സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമസംഹിതയുടെ എൺപതു ശതമാനത്തോളം ഇപ്പോഴും ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ നമ്മൾ നിലനിർത്തിക്കൊണ്ടിരിക്കുന്നു എന്നർഥം. ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളുടെ പേര് മാറ്റി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതു പോലെ, ഇവിടെയും നിയമത്തിന്റെ പേര് മാത്രമാണ് മാറ്റിയിരിക്കുന്നത്; ഉള്ളടക്കം ഏറക്കുറെ പഴയതു തന്നെ. 1908-ൽ നിലവിൽ വന്ന CIVIL PROCEDURE CODE (CPC)യും കൊളോണിയൽ ഭരണകാലത്തെ നിർമിതിയാണ്. എന്നാൽ, അതിൽ മാറ്റം വരുത്തണമെന്ന ആലോചന പോലും സർക്കാറിനില്ല.

ബി.എൻ. എസ്. എസ് സെക് ഷൻ 173(3) പ്രകാരം, മൂന്ന് വർഷത്തിനും ഏഴു വർഷത്തിനും ഇടയിൽ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾക്ക് എഫ്.ഐ.ആർ രജിസ്‌ട്രേഷൻ അധികാരിയുടെ വിവേചനാധികാരത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. പരാതി പോലും നല്കാൻ കഴിയാത്തവിധം നീതി നിഷേധിക്കപ്പെടുന്ന അനേകായിരം പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുള്ള നമ്മുടെ നാട്ടിൽ ഇങ്ങനെയൊരു വിവേചനാധികാരം പോലീസിന് നൽകുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ നാം മുഖവിലക്കെടുക്കണം. Sunil Batra vs Delhi Administration കേസിലും Prem Shukla കേസിലും കൈവിലങ്ങ് ഉപയോഗിക്കാൻ പാടില്ല എന്ന നിർദേശം മുന്നോട്ട് വെച്ചിരുന്നു. എന്നാൽ, SEC 43(3) BNSSൽ കൈവിലങ്ങ് ഉപയോഗിക്കാനുള്ള അധികാരം തിരികെ കൊണ്ടുവന്നിരിക്കുകയാണ്. ഇതുവരെയുള്ള കോടതി വിധികൾ കീഴ് വഴക്കങ്ങൾ (PRECEDENTS) കൂടി പരിഗണിച്ചുള്ളതാണ്. പുതിയ നിയമങ്ങൾ ഇതുവരെയുള്ള കോടതി വിധികൾക്ക് അനുസൃതമായ രീതിയിലാണോ ഡ്രാഫ്റ്റ് ചെയ്തിരിക്കുന്നത്? സർക്കാർ തലത്തിലും അതിന് പുറത്തും ഉള്ള നിയമ വിദഗ്ധരുടെ ഒരു പാനൽ പരിശോധിക്കേണ്ട സുപ്രധാന വിഷയങ്ങളിലൊന്നാണിത്.

രാജ്യദ്രോഹ കുറ്റകൃത്യങ്ങൾക്ക് പുതിയ നിർവചനങ്ങൾ നൽകുന്നതാണ് സെക് ഷൻ 152 BNS (Subversive activities, secession, separatist activity endangering the sovereignty, unity and integrity of India, and armed rebellion). ഇതിൽ പറയുന്ന വാക്കുകൾക്കും പ്രയോഗങ്ങൾക്കും കൃത്യമായ വ്യാഖ്യാനങ്ങളോ വിശദീകരണങ്ങളോ നൽകിയിട്ടില്ല. അത് നിയമം ദുരുപയോഗം ചെയ്യാനുള്ള അവസരങ്ങൾ തുറന്നിടും. National Judicial Data Grid ന്റെ കണക്ക് പ്രകാരം, ഇന്ത്യൻ ക്രിമിനൽ നീതി ന്യായ വ്യവസ്ഥയിൽ 3.7 കോടി കേസുകളാണ് തീർച്ചപ്പെടാത്തതായിട്ടുള്ളത്. ഇതിന്റെ കൂടെ വ്യവസ്ഥാപിതത്വവും കൃത്യതയുമില്ലാത്ത പുതിയ നിയമങ്ങൾ കൂടി വരുമ്പോൾ, സമയ നഷ്ടവും സങ്കീർണതകളും കൂട്ടാനേ അത് സഹായിക്കൂ എന്ന് നമ്മൾ തിരിച്ചറിയണം.

നിർമിത ബുദ്ധിയുടെ കാലത്ത്‌ ക്രിമിനൽ നിയമങ്ങളുടെ പരിഷ്കരണം അനിവാര്യം തന്നെയാണ്. പക്ഷേ, അത് കേവലം രാഷ്ട്രീയ പ്രഹസനമായി ഒതുങ്ങരുത്. ജനഹിതം മനസ്സിലാക്കി കൃത്യമായ പഠനങ്ങൾ നടത്തി, പാർലമെന്റിനകത്തും പുറത്തും വിപുലമായ ചർച്ചകൾ നടത്തി, പോരായ്മകൾ തിരുത്തി, മികച്ച ആസൂത്രണത്തോടു കൂടി നിയമങ്ങൾ നിർമിക്കാനും നടപ്പാക്കാനും സർക്കാരിന് കഴിയണം. l