തർബിയത്ത്

മനുഷ്യന്റെ അനുസ്യൂതവും ഊർജസ്വലവുമായ പ്രവർത്തനങ്ങളാണ് ദൈവാനുഗ്രഹങ്ങൾ പെയ്തിറങ്ങാനുള്ള മാർഗം. കർമപഥത്തിലുള്ള ഉത്സാഹക്കുറവും മടിയും അതിന് തടയിടും. അതോടെ ജീവിത താഴ്‌വര തരിശാവും. അവിടെ പൊന്തിവന്ന പുതുനാമ്പുകൾ പിൻവലിയും. മനുഷ്യന്റെ വിമുഖതയാൽ പൂത്തുനിന്ന മരങ്ങൾ നിലതെറ്റും. തഴച്ചുവളർന്ന വൃക്ഷങ്ങളുടെ ബലം ക്ഷയിക്കും. ഫലങ്ങൾ ഞെട്ടറ്റ് വീഴും. ആകാശത്തേക്ക് കണ്ണുനട്ടവയെല്ലാം മുതുകൊടിഞ്ഞ് ചുട്ടുപൊള്ളുന്ന മണ്ണിലേക്ക് കൂപ്പുകുത്തും. അവിടെക്കിടന്ന് ആർക്കെന്നില്ലാതെ സ്വയം എരിഞ്ഞ് തീരും. എന്നാൽ, അല്ലാഹുവിന്റെ അതിരില്ലാത്ത അനുഗ്രഹങ്ങൾ അവന്റെ കാരുണ്യത്താൽ മാനവ കുലത്തിന് മുഴുവൻ നിർബാധം നൽകപ്പെട്ടുകൊണ്ടിരിക്കുന്നു. അവനൊരുക്കിയ സൗകര്യങ്ങളെ നീതിയുക്തമായി നിരന്തരം പ്രയോജനപ്പെടുത്തുമ്പോൾ വന്നു ചേരുന്നതാണ് അനുഗ്രഹം അഥവാ ബറകത്ത്.
സ്ഥിരത, വർധനവ്, ഉയർച്ച എന്നീ അർഥങ്ങൾ ബറകത്ത് എന്ന പദം ഉൾവഹിക്കുന്നു. 'ഒരു കാര്യത്തിൽ ദൈവികമായ നന്മ ഭവിക്കലാണ് ബറകത്ത്' എന്ന് ഇമാം റാഗിബ് അൽ അസ്വ്്ഫഹാനി നിർവചിക്കുന്നു. സ്ഥിരത, ശരിയായ രീതിയിൽ നിലനിൽക്കുക എന്നിവയാണ് ബറകത്തിന്റെ യഥാർഥ അർഥം. ഒട്ടകം അതിന്റെ സ്ഥാനത്ത് ഉറച്ചുനിൽക്കുന്നതിനും വെള്ളം ഒരു സ്ഥാനത്ത് നിലനിൽക്കുന്നതിനും ബറക, ബറകത്ത് എന്ന പദം പ്രയോഗിക്കാറുണ്ട് - ഇബ്നുൽ ഖയ്യിം നിരീക്ഷിക്കുന്നു. ഏതൊരു കാര്യവും സ്ഥിരമായി നിലനിൽക്കുക എന്നതാണ് ബറകത്ത് എന്ന് ഇസ്മാഈലുബ്നു ഹമ്മാദ് അൽ ജൗഹരി പറയുന്നു. പരിശുദ്ധ ഖുർആനിൽ മുപ്പത്തി രണ്ടിടത്ത് ഈ പദം വിവിധ രൂപത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. അവയിൽ സ്ഥലങ്ങളും സമയങ്ങളും വസ്തുക്കളും വ്യക്തികളും ഉൾപ്പെട്ടിരിക്കുന്നു.

മനുഷ്യൻ ഒരു കാര്യം നിരന്തരം ചെയ്തുകൊണ്ടിരിക്കുമ്പോൾ അതിൽ സ്ഥിരത കൈവരിക്കും. അതിലൂടെ വർധനവും ഉയർച്ചയും വന്നുഭവിക്കും. വൈജ്ഞാനികം, വ്യാപാരം എന്നിങ്ങനെ മനുഷ്യനുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഏത് മേഖലയിലും പിച്ചവെച്ചു തുടങ്ങുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് ആദ്യ നാളുകൾ വളരെ ക്ലേശകരമായിരിക്കും. പതിയെ പ്രയാസങ്ങളൊഴിഞ്ഞ് എളുപ്പം വന്നണയും. അതുവഴി, നാം ആദ്യ നാളുകളിൽ പിരിമുറുക്കത്തോടെയും വളരെയധികം സമയം ചെലവഴിച്ചും ചെയ്ത കാര്യങ്ങൾ വളരെ പെട്ടെന്ന് പൂർത്തിയാക്കാനാവും. ഓരോ സംഗതിയും മനുഷ്യന് ചിരപരിചിതമാവുമ്പോൾ അവ പെട്ടെന്നു ചെയ്തു തീർക്കാൻ സാധിക്കുന്നതല്ലേ, അതും ബറകത്തുമായി എന്തു ബന്ധം എന്ന് ഒരാൾക്ക് ചോദിക്കാം. വിശ്വാസികൾക്കും അവിശ്വാസികൾക്കും അല്ലാഹുവിന്റെ അനുഗ്രഹങ്ങളിറങ്ങും എന്ന് നാം മനസ്സിലാക്കണം. കാരണം, ഇഹലോകത്ത് അല്ലാഹുവിന്റെ കാരുണ്യം ഇരു കൂട്ടർക്കുമുള്ളതാണ്. എന്നാൽ, അവിശ്വാസികൾക്കുള്ള അനുഗ്രഹങ്ങൾ അൽപായുസ്സുള്ളതും ഇഹലോക ബന്ധിതവുമാണ്. മനുഷ്യ പ്രയത്നങ്ങൾക്കപ്പുറം അവയുടെ പരിണതികളെ തീരുമാനിക്കുന്നതിൽ മുഖ്യ പങ്ക് അല്ലാഹുവിനാണ് എന്ന ബോധ്യം ഓരോ വിശ്വാസിക്കുമുണ്ടാവണം. നിലനിൽക്കുന്ന എല്ലാ കാര്യ-കാരണ ബന്ധങ്ങൾക്കും അപ്പുറം വിശ്വാസിയുടെ ഭൗതിക വിമുക്തിയും ആത്മീയതയുടെ ആശ്ലേഷവുമാണത്. തദ്വാരാ പരലോക മോക്ഷത്തെ മാത്രം അവൻ അന്തർവഹിക്കും. അതിലൂടെ അവന് പെയ്തിറങ്ങുന്ന അനുഗ്രഹങ്ങൾ അല്ലാഹുവിന്റെ അടുക്കൽ അവന്റെ പദവി ഉയർത്തും.

ഉദാഹരണമായി, നാം ഖുർആൻ മനഃപാഠമാക്കാൻ അതിയായി ആഗ്രഹിക്കുന്നവരാണ്. പല തവണ ശ്രമിച്ചിട്ടും പാതിവഴിയിൽ അത് മുറിഞ്ഞുപോകാറുണ്ട്. അങ്ങനെ ആ ഉദ്യമത്തിൽനിന്ന് നാം സ്വയം പിൻവലിയും. അതിനു കാരണം, നമ്മുടെ മേലുള്ള ശൈത്വാന്റെ ദുർബോധനമാണ്. അതിലകപ്പെടാതെ സ്വയം അല്ലാഹുവിൽ അഭയം തേടുമ്പോൾ അതിൽ സ്ഥിരതയും വർധനവും വഴിയെ വന്നുചേരും. ആ ഉദ്യമം വിജയകരമായി ലക്ഷ്യം കാണും. ഇത് അല്ലാഹു നമുക്ക് കനിഞ്ഞു നൽകിയ നൈപുണ്യങ്ങൾ നിലനിർത്തുന്നതിനും ബാധകമാണ്. മനുഷ്യനിൽ നൈസർഗികം, ആർജിതം എന്നിങ്ങനെ രണ്ട് തരം കഴിവുകളുണ്ട്. ഒരാൾക്ക് ജന്മസിദ്ധമായി ലഭിച്ച കഴിവുകൾ മറ്റൊരാൾക്ക് ആർജിതമായിരിക്കും. ഇവ രണ്ടും നിലനിർത്തിപ്പോരുന്നതിന് അതീവ പരിശ്രമം പരമ പ്രധാനമാണ്. അവ നിലനിർത്തേണ്ടത് അല്ലാഹുവിനോടുള്ള നമ്മുടെ ബാധ്യതയാണ്. അല്ലാഹു നൽകിയ കഴിവുകളോട് മുഖം തിരിക്കുന്നത് അവൻ കനിഞ്ഞുനൽകിയ അനുഗ്രഹത്തോടുള്ള അവഗണനയാണ്. അതിനാൽ, അവ നിലനിർത്താനുള്ള ശ്രമങ്ങൾ വിശ്വാസികൾ നിർബാധം നടത്തണം. ഈ സമീപനത്തിലൂടെ നമ്മുടെ കഴിവുകളിൽ അല്ലാഹു ബറകത്ത് ചൊരിയും.

സമയമില്ല എന്ന് ആവലാതിപ്പെടുന്നവരാണ് നമ്മിൽ ഏറെപ്പേരും. സമയത്തിൽ അനുഗ്രഹം ലഭിക്കണമെങ്കിൽ അതിനെ കണിശമായി ഉപയോഗപ്പെടുത്തണം. അതിൽ സൂക്ഷ്മതയും കാർക്കശ്യവും പുലർത്തുമ്പോൾ അവിടെ അല്ലാഹുവിന്റെ ഇടപെടലുണ്ടാവും. അനാവശ്യ കാര്യങ്ങളിലേർപ്പെടുകയും സമയം പാഴാക്കുകയുമാണെങ്കിൽ "സമയമില്ലാ" എന്ന ആവലാതിപറച്ചിലിന് അർഥമില്ല. വിശ്വാസിയെ സംബന്ധിച്ച്, ഐഹിക ജീവിതം സമയ നിർണിതമാണെന്നും പ്രസ്തുത സമയത്തെപ്പറ്റി നാളെ അല്ലാഹുവിന് മുമ്പിൽ മറുപടി പറയേണ്ടിവരുമെന്നുമുള്ള ബോധ്യം എപ്പോഴുമുണ്ടാവണം. നിരന്തരം സത്കർമങ്ങളിലേർപ്പെടണം. ഒന്ന് പൂർത്തിയാവുമ്പോഴേക്കും അടുത്തത് ആരംഭിക്കുകയും മറ്റൊന്നിനെക്കുറിച്ച ചിന്ത മനസ്സിനെ അലട്ടിത്തുടങ്ങുകയും വേണം. നല്ല നിയ്യത്തുകളിൽനിന്ന് ജന്മമെടുക്കുന്ന സത്കർമങ്ങൾ അധികരിക്കുമ്പോൾ ആ വ്യക്തിയോടുള്ള അല്ലാഹുവിന്റെ ഇഷ്ടത്തിന്റെ അളവ് വർധിക്കും. അങ്ങനെ, കൂടുതൽ സുകൃതങ്ങൾ ചെയ്യാനുള്ള ഉതവിയും സമയവും അല്ലാഹു അവന് നൽകും.

മനുഷ്യനേർപ്പെടുന്ന മറ്റു വ്യവഹാരങ്ങളിലും ബറകത്ത് പെയ്തിറങ്ങാനുള്ള ആദ്യപടി അവയോരോന്നിനോടും നീതി കാണിക്കലാണ്. ഉദാഹരണത്തിന്, ബിസിനസ് രംഗത്ത് ബറകത്ത് ലഭിക്കണമെങ്കിൽ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന മൂല്യ സങ്കൽപ്പത്തെ മുറുകെപ്പിടിക്കണം. സത്യസന്ധതയും നീതിയും മുഖമുദ്രയാവണം. യൂട്ടിലിറ്റേറിയൻ മൂല്യ സങ്കൽപ്പത്തെ കേന്ദ്രമായി കാണുന്ന ആധുനിക ലോകക്രമത്തിൽ വ്യക്തിയുടെ ലാഭവും സന്തോഷവുമാണ് ധാർമികതയുടെ ആണിക്കല്ല്. ഇതിന് വിപരീതമായി, വൈയക്തിക ലാഭവും സന്തോഷവും ദിവ്യദീപ്തിയിൽ സ്വാംശീകരിക്കപ്പെടുക കൂടി ചെയ്യുമ്പോഴാണ് ഇസ്‌ലാമികമായി വിപണന യത്നങ്ങൾ അർഥവത്താവുന്നത്. അതുവഴി, മറ്റു ലൗകിക പ്രലോഭനങ്ങളെ അകറ്റിനിർത്താനും അങ്ങനെ, അല്ലാഹുവിന്റെ ബറകത്തിന് പാത്രമാവാനും സാധിക്കും.
ബറകത്തിറങ്ങാനുള്ള മറ്റൊരു സംഗതി ലൗകികതയോടുള്ള വിമുഖതയാണ്. മനുഷ്യനിൽനിന്ന് രൂപപ്പെടുന്ന കർമങ്ങൾക്ക് വ്യത്യസ്ത മാനദണ്ഡങ്ങളുണ്ട്. പ്രകടനപരത, അസൂയ, വൈയക്തിക സന്തോഷം എന്നിവ അവയിൽ ചിലതാണ്. അവയെല്ലാം ലൗകികതയുടെ പരിധിയിൽ വരുന്നതാണ്. അതിൽനിന്ന് ഹൃദയത്തിന് മോക്ഷം ലഭിക്കുക അത്ര എളുപ്പമല്ല. എങ്കിലും, ഹൃദയത്തെ നിരന്തര സംസ്കരണത്തിന് വിധേയമാക്കി അല്ലാഹുവിനോടുള്ള അർപ്പണബോധത്തിന്റെയും ആത്മാർഥതയുടെയും അടിസ്ഥാനത്തിൽ കർമങ്ങൾക്ക് പുനർജന്മം നൽകണം. ഒപ്പം മനസ്സ് പ്രാർഥനാ നിർഭരമാവണം. ജീവിതത്തിലെ ഓരോ നിമിഷത്തെയും അല്ലാഹുവിന്റെ വർണം ചാർത്തുന്നതിൽ പ്രാർഥനകൾക്ക് പ്രാധാന്യമേറെയാണ്. 'ഭക്ഷണം ബിസ്മി ചൊല്ലി കഴിക്കുക, അതിൽ നിങ്ങൾക്ക് ബറകത്തുണ്ട്' എന്ന പ്രവാചകകൽപന മുതൽ ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും സുന്നത്തായ പ്രാർഥനകൾ ശീലിക്കുന്നത് ബറകത്തുകളുടെ ആക്കം കൂട്ടും. പ്രഭാത-പ്രദോഷങ്ങളിലെ പ്രാർഥനകൾ ശീലമാക്കുന്നൊരാളെ സംബന്ധിച്ച് ആ ദിവസം അയാളിൽ വല്ലാത്ത അനുഭൂതി നിറക്കും.

അല്ലാഹുവിന്റെ ബറകത്ത് ദൃഷ്ടിഗോചരമല്ല. അത് പരോക്ഷമായിട്ടാവും അനുഭവിക്കാനാവുക.
തദ്ഫലമായി, നമ്മുടെ ജീവിതത്തിൽ ചില അടയാളങ്ങൾ ദൃശ്യമാവും. ചെറിയ ശ്രമങ്ങളിലൂടെ ഓരോ പ്രവർത്തനങ്ങളും സഫലമാവും. അല്ലാഹു നമുക്കൊരുക്കിവെച്ച നിരവധി സൗകര്യങ്ങളും അനുഗ്രഹങ്ങളും പ്രതി നാം സംതൃപ്തിയടയും. നമ്മുടെ കണ്ണും ഖൽബും സദാ അതിനെ സ്മരിച്ച് സജലമാവും. ജീവിത വഴിയിൽ വന്നുചേരുന്ന ചേറുപുരളുന്ന തിന്മകളിൽനിന്ന് അവൻ സദാ നമ്മളെ കാത്തുസംരക്ഷിക്കും. അങ്ങനെ, ധാരാളം ബറകത്തുകൾക്ക് നിദാനമാവുന്ന കാര്യങ്ങളിലേക്ക് നമ്മളെത്തും. അത് അല്ലാഹുവിനോടുള്ള നമ്മുടെ ആത്മാർഥതയും അടുപ്പവും ആസ്പദിച്ചായിരിക്കും. അങ്ങനെ, അല്ലാഹു നമ്മെ ഇഷ്ടപ്പെടും. പിന്നെ നാം കാണുന്നത് അല്ലാഹു കാണുന്നത് പോലെയാവും. നാം കേൾക്കുന്നത് അല്ലാഹു കേൾക്കുന്നതു പോലെയാവും. നാം പറയുന്നത് അല്ലാഹു പറയുന്നതു പോലെയാവും. നാം പിടിക്കുന്നത് അല്ലാഹു പിടിക്കുന്നതു പോലെയാവും. അതുവഴി, മലക്കുകളും മനുഷ്യരും സകല സൃഷ്ടികളും നമ്മെ സ്നേഹിക്കും. പതിയെ, നമ്മിൽനിന്ന് സംഭവിച്ച തെറ്റുകളോരോന്നും നമ്മുടെ മനസ്സിലേക്ക് തികട്ടി വരും. ഇനിയുള്ള ജീവിതത്തിൽ അല്ലാഹുവിന്റെ പരിധികൾ പാലിക്കാൻ അതീവ ശ്രദ്ധ പുലർത്തും. തനിക്കുള്ളതെല്ലാം അല്ലാഹു കനിഞ്ഞ് നൽകിയതാണെന്ന് ബോധ്യപ്പെടും. അവക്കെല്ലാം നന്ദി കാണിക്കാൻ വീണ്ടും നാം അല്ലാഹുവിന് മുമ്പിലിരിക്കും. l