വിനയാന്വിതനായ പണ്ഡിതനും അധ്യാപകനും പ്രഭാഷകനും ബഹുഭാഷാ പരിജ്ഞാനിയും തബ്്ലീഗ് ജമാഅത്തിന്റെ സമുന്നത നേതാവുമായിരുന്നു സി.കെ അഹമ്മദ് എന്ന അബുൽ ഖൈർ മൗലവി. കോഴിക്കോട് ജില്ലയിലെ മാവൂരിനടുത്ത് ചെറൂപ്പയിൽ 1943 ജൂലൈ ഒന്നിന് ജനനം. പിതാവ് ഹസൻ ഹാജി വ്യാപാരിയും കർഷകനും പണ്ഡിതനും സ്വാതന്ത്ര്യസമര സേനാനിയും ആയിരുന്നു. 1921-ലെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ അദ്ദേഹത്തെ ബെല്ലാരി ജയിലിൽ അടക്കുകയും അവിടെ നിന്ന് അന്തമാനിലേക്ക് നാടുകടത്തുകയും ചെയ്തു. 18 വർഷങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷമാണ് മോചിതനായത്. സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള പെൻഷൻ ലഭിച്ചിരുന്നു. 1978 ജൂൺ എട്ടിന് മരണപ്പെട്ടു. മാതാവ് ചെറുവാടി സ്വദേശിനി ഖദീജ, പണ്ഡിതയും ധാരാളം ശിഷ്യ സമ്പത്തുള്ള ഇസ്ലാമിക അധ്യാപികയുമായിരുന്നു. 1981 ആഗസ്റ്റിലാണ് അവർ അല്ലാഹുവിലേക്ക് യാത്രയായത്.
ചാത്തോത്ത് ഹസൻ ഹാജി-ഖദീജ ദമ്പതികളുടെ ഏഴ് മക്കളിൽ നാലാമനും ആറ് സഹോദരിമാരുടെ ഏക സഹോദരനുമായ അബുൽ ഖൈർ മൗലവി, കക്കോവ് ദാറുൽ ഹികം, വാഴക്കാട് ദാറുൽ ഉലൂം, ശാന്തപുരം ഇസ്ലാമിയാ കോളേജ്, ദയൂബന്ദ് ദാറുൽ ഉലൂം എന്നിവിടങ്ങളിൽ പഠിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് അഫ്ദലുൽ ഉലമയും അദീബെ ഫാസിലും പാസായി. എ.പി അഹ്മദ് കുട്ടി മുസ്ലിയാർ, കണ്ണിയത്ത് അഹ്മദ് മുസ്ലിയാർ എന്നിവരാണ് ആദ്യകാല ഗുരുനാഥൻമാർ. പിന്നീട്, ദയൂബന്ദ് ദാറുൽ ഉലൂമിൽനിന്ന് ഖുർആൻ വ്യാഖ്യാനം, ഹദീസ് എന്നിവയിൽ സവിശേഷ പഠനം നടത്തി. ശൈഖുൽ ഹദീസ് മൗലാനാ സകരിയ്യ, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് പ്രസിഡന്റായിരുന്ന ശൈഖുൽ ഹദീസ് മൗലാനാ ഫഖ്റുദ്ദീൻ അഹ്മദ്, അല്ലാമാ മുഹമ്മദ് ഇബ്റാഹീം ബൽയാവീ, മൗലാനാ ഖാരീ മുഹമ്മദ് ത്വയ്യിബ്, അൻവർ ഷാഹ് കശ്മീരി, നസീർ അഹ്മദ് തുടങ്ങിയവരിൽ നിന്നൊക്കെ ദീനീവിജ്ഞാനീയങ്ങൾ കരസ്ഥമാക്കി. അറബി - ഉർദു ഭാഷകളിൽ നല്ല പരിജ്ഞാനമുണ്ടായിരുന്ന അദ്ദേഹം കവിതകൾ എഴുതുമായിരുന്നു. കക്കോവ് ദാറുൽ ഹികം, കൊടിയത്തൂർ ദാറുൽ ഹുദാ, ചെറൂപ്പ മണക്കാട് യു.പി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 1967- 69 കാലത്ത് കൊടിയത്തൂർ ജുമുഅത്ത് പള്ളിയിൽ മുദർരിസായി സേവനം ചെയ്തു. കൊടിയത്തൂരിൽ ഖാദിയാനി വിഭാഗവുമായി നടന്ന വാദപ്രതിവാദങ്ങളിൽ നിർണായക പങ്കുവഹിച്ചു. മികവുറ്റ പ്രസംഗശൈലിയുമായി മതപ്രഭാഷണ വേദികളിൽ സജീവമായിരുന്നു. പ്രസംഗങ്ങളിൽ കവിതകൾ ധാരാളമായി ഉദ്ധരിക്കുമായിരുന്നു. മൗലാനാ അബുൽ ഹസൻ അലി നദ് വി, മൗലാനാ മുജാഹിദുൽ ഇസ്ലാം ഖാസിമി തുടങ്ങിയ ഉത്തരേന്ത്യൻ പണ്ഡിതൻമാരുടെ പ്രഭാഷണങ്ങൾ ശരീഅത്ത് വിവാദ കാലത്ത് അദ്ദേഹമാണ് മിക്കവാറും പരിഭാഷപ്പെടുത്തിയിരുന്നത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നെങ്കിലും, പിൽക്കാലത്ത് തബ് ലീഗ് ജമാഅത്തിന്റെ പ്രവർത്തകനായി, സംഘടനക്ക് പണ്ഡിതോചിതമായി നേതൃത്വം നൽകുകയും ചെയ്തു.
1961-ൽ പിതാവ് ഹസൻ ഹാജിയോടും ഭാര്യാപിതാവിനോടുമൊപ്പം ആദ്യ ഹജ്ജ് നിർവഹിച്ചതിനു ശേഷം, പല തവണ ഹജ്ജ് യാത്രകൾ നടത്തി. 2005- ൽ, എട്ടാമത്തെ ഹജ്ജ് നിർവഹിക്കാൻ എത്തിയപ്പോൾ മലയാളം ന്യൂസിന് അബുൽ ഖൈർ മൗലവി നൽകിയ അഭിമുഖത്തിൽ, അമ്പത് വർഷം മുമ്പുള്ള മക്കയുടെ കാഴ്ചകളും അനുഭവങ്ങളും അന്നത്തെ സുഊദികളുടെ ജീവിതവും അദ്ദേഹം വിശദീകരിച്ചത് ഏറെ ഹൃദ്യവും വിസ്മയകരവുമാണ്.
അപൂർവ ഗ്രന്ഥങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി മൗലവിക്ക് സ്വന്തമായിരുന്നു. ഞങ്ങളുടെ അഭിമുഖ സംഭാഷണത്തിനിടയിൽ പലപ്പോഴും കിതാബുകൾ പരതിയെടുത്ത് എനിക്ക് കാണിച്ചുതരാൻ അദ്ദേഹം ഉത്സാഹം കാണിച്ചു. ഭാര്യ: ആമിന. മക്കൾ; ഖൈറുന്നിസ, മഹ്ദീ ഹസൻ, മുസ്തഫ അമീൻ, സഈദ് സൽമാൻ, അൻവർ സാദിഖ്, അർഷദ് ഫാറൂഖ്, അസ്ലം സിദ്ദീഖ്, നൂറുന്നീസ. 2024 ഏപ്രിൽ 23-ന് മൗലവി മരണപ്പെട്ടു.
രണ്ട് തവണകളായി അബുൽ ഖൈർ മൗലവിയുടെ വീട്ടിൽ ദീർഘ സംഭാഷണം നടത്തുകയുണ്ടായെങ്കിലും കൃത്യാന്തര ബാഹുല്യം കാരണം അന്നത് എഴുതി പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല. മൗലവിയുടെ മരണവാർത്ത കേട്ടപ്പോഴാണ്, ഭദ്രമായി സൂക്ഷിച്ചിരുന്ന ആ സംഭാഷണങ്ങളുടെ റെക്കോർഡ് പരതിയെടുത്ത് ഈ അഭിമുഖം എഴുതിത്തയാറാക്കിയത്. അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിന് വേണ്ടി പ്രാർഥിച്ചുകൊണ്ട്, ആ ദീർഘ സംഭാഷണത്തിലെ ഏതാനും ഭാഗങ്ങൾ പ്രസിദ്ധീകരിക്കുന്നു.
അറിവനുഭവങ്ങളുടെ വിവിധ കാലഘട്ടങ്ങൾ കടന്നുവന്നിട്ടുള്ള വ്യക്തിത്വമാണ് താങ്കളുടേത്. 1950-കളിലെ വിദ്യാർഥി ജീവിതവും അന്നത്തെ ഉസ്താദുമാരും, പിന്നീട് അധ്യാപന ജീവിതത്തിന്റെ ആരംഭ കാലവും അന്നത്തെ സഹപ്രവർത്തകരും വിദ്യാർഥികളും, വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ സംഭവിച്ച പുതിയ കാലത്തെ വിദ്യാർഥികളും അധ്യാപകരും ഇൽമിനോടുള്ള അവരുടെ സമീപനവും…. ഈ വ്യത്യസ്ത കാലങ്ങളെ താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത്?
പുതിയ കാലത്ത് ജീവിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും പഴയ കാലത്തെ അനുഭവങ്ങളാണ് എനിക്ക് കൂടുതൽ ഉള്ളത്. വിശിഷ്ട വ്യക്തികളെ വീടുകളിൽ സൽക്കരിക്കുന്നതായിരുന്നു എന്റെ അക്കാലത്തെ പതിവ്. മൂന്നുദിവസം വരെ ഒരു അതിഥിയെ സൽക്കരിക്കണം എന്ന നബിവചനമൊക്കെ പലരും ഗൗരവത്തിൽ എടുത്ത് പ്രാവർത്തികമാക്കിയിരുന്നു, വിശേഷിച്ചും എന്റെ ഉപ്പാപ്പ അഹ്മദ്. ഇന്നത്തെ മാവൂരിനടുത്ത് തെങ്ങിലക്കടവ് പ്രദേശം വരെ അന്ന് കോഴിക്കോട്ടു നിന്ന് ബസ് യാത്രാസൗകര്യം ഉണ്ടായിരുന്നു. ഇവിടെ നിന്ന് പുഴ കടന്നു വേണം മുന്നോട്ടു പോകാൻ. കിഴക്കൻ പ്രദേശങ്ങൾ പൊതുവിൽ മുസ്ലിം ഭൂരിപക്ഷം ആയിരുന്നു. അതിൽ ഉൾപ്പെട്ട വാഴക്കാട് സാമ്പത്തിക ശേഷിയും വൈജ്ഞാനിക ഉൽബുദ്ധതയുമുള്ള നാടായിരുന്നു. വാഴക്കാട്ടുകാരൊക്കെ അക്കാലത്ത് പൊതുവെ യാത്ര ചെയ്തിരുന്നത് തെങ്ങിലക്കടവ് വഴിയായിരുന്നു. യാത്രയ്ക്കിടയിൽ ഭക്ഷണം കഴിക്കാൻ നല്ല ഹോട്ടലുകൾ ഒന്നും ഇവിടെ ഉണ്ടായിരുന്നില്ല. ഉള്ള ഹോട്ടലുകളിൽ വിശിഷ്ട വ്യക്തിത്വങ്ങൾ ഭക്ഷണം കഴിക്കാൻ കയറുകയും ചെയ്യുമായിരുന്നില്ല. അവരിൽ പലരും എന്റെ ഉപ്പാപ്പയുടെ അതിഥികളായി ഞങ്ങളുടെ വീട്ടിലെത്തിയിരുന്നു എന്നതാണ് ഇതിന്റെ ഗുണഫലം. അതുകൊണ്ട് എന്റെ കുട്ടിക്കാലത്തു തന്നെ പലരെയും കാണാൻ എനിക്ക് അവസരമുണ്ടായി. പഴയകാലത്ത് നന്നായി അറിവ് നേടിയിരുന്ന ഉപ്പാപ്പക്ക് മറ്റു പലർക്കും ഇല്ലാത്ത ചില കഴിവുകൾ കൂടി ഉണ്ടായിരുന്നു. വീട്ടിൽ പലതരം ആളുകൾ വരും. പ്രമുഖരായ വ്യക്തിത്വങ്ങൾ, ഉപ്പാപ്പയും അവരും തമ്മിൽ വലിയ വൈജ്ഞാനിക ചർച്ചകൾ നടക്കും. ഇത് ഏറ്റവും അധികം പ്രയോജനപ്പെട്ടത് എനിക്കായിരുന്നു. ഉദാഹരണമായി, എന്റെ പിതൃസഹോദരൻ നിമിഷക്കവിയും വലിയ പണ്ഡിതനുമായിരുന്ന ജമാഅത്തെ ഇസ്ലാമി നേതാവ് യു.കെ ഇബ്റാഹീം മൗലവി ഒരിക്കൽ എന്നോട് പറയുകയുണ്ടായി; ഉത്പതിഷ്ണു പണ്ഡിതന്മാരിൽ ഏറ്റവും അറിവുള്ളയാൾ ശൈഖ് മുഹമ്മദ് മൗലവിയാണ് എന്ന്. ഒരിക്കൽ മുഹമ്മദ് മൗലവി വീട്ടിൽ വന്നു, ഉപ്പാപ്പയുമായി സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
താങ്കളുടെ ഗുരുനാഥൻമാർ ആരൊക്കെയാണ്?
എന്റെ ആദ്യത്തെ ഉസ്താദ് എന്റെ ഉമ്മ തന്നെയാണ്, രണ്ടാമത്തേത് ഉപ്പാപ്പയും. അഹ്മദ് എന്നാണ് ഉപ്പാപ്പയുടെ പേര്. ചെറുവാടി സ്വദേശിനിയായ ഉമ്മ, സിദ്ദീഖി കുടുംബാംഗവും അന്നത്തെ വലിയ പണ്ഡിതന്റെ മകളുമാണ്. പല വിഷയങ്ങളിലും ആഴത്തിൽ അറിവുള്ള പണ്ഡിതയായിരുന്നു ഉമ്മ. ദീനീ കിതാബുകൾക്ക് പുറമെ, പ്രധാനപ്പെട്ട പൊതുവിജ്ഞാനീയങ്ങൾ, കവിതകൾ, പണ്ഡിതന്മാരുടെ പ്രസംഗങ്ങൾ തുടങ്ങിയവയൊക്കെ ഉമ്മയിൽനിന്ന് എനിക്ക് പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. വലിയ കിതാബുകളിൽ ഉള്ള കവിതകൾ ഉമ്മ ചൊല്ലിത്തരുമായിരുന്നു. ഒരു കണ്ണാടിയിൽ കാണുന്നതുപോലെയാണ് ഉമ്മയിൽനിന്ന് അതെല്ലാം എന്റെ മുമ്പിൽ തെളിഞ്ഞുവന്നത്. വീട്ടിൽ വെച്ചു തന്നെ നേടിയ അറിവാണ് ഉമ്മയുടെ മുതൽക്കൂട്ട്. അന്ന് മദ്റസകളില്ല, മദ്റസാ പ്രസ്ഥാനവും വളർന്നിട്ടില്ല. പക്ഷേ, ഉമ്മ കിതാബുകൾ പഠിച്ചിരുന്നു. മുതിർന്ന പല പണ്ഡിതന്മാരെക്കാളും അറിവ് ഉമ്മാക്ക് ഉണ്ടായിരുന്നു. എനിക്ക് ആദ്യത്തെ കിതാബ് ഓതിത്തന്നത് ഉമ്മതന്നെ. ദീനീ വൈജ്ഞാനിക രംഗത്ത് പ്രഗൽഭയായിരുന്ന അവർ, ഒഴിവുസമയങ്ങളെല്ലാം കിതാബുകളുമായി ചെലവഴിക്കുമായിരുന്നു. വിവിധ മദ്ഹബുകളിലെ വീക്ഷണങ്ങളെ ആദരിച്ചുകൊണ്ടായിരുന്നു ഉമ്മ ഫിഖ്ഹ് പഠിപ്പിച്ചിരുന്നത്. ഹനഫീ മദ്ഹബിൽ വുദു മുറിയുന്ന കാര്യങ്ങൾ പഠിപ്പിക്കുമ്പോൾ, ശാഫിഈ മദ്ഹബിലെ വീക്ഷണങ്ങളും പറഞ്ഞുതരും. ഇന്നാണെങ്കിൽ പരിഹാസത്തോടു കൂടിയായിരിക്കും മറു വീക്ഷണങ്ങളെ അവതരിപ്പിക്കുക. പക്ഷേ, ഉമ്മയുടെ നിലപാട് മറ്റൊന്നായിരുന്നു. ആ വഴിയിൽ തന്നെയാണ് ഞാനും.
ഇന്ന് പണ്ഡിതന്മാരുടെ അവസ്ഥ വലിയ തോതിൽ മാറിപ്പോയിട്ടുണ്ട്. ആത്മാർഥതയായിരുന്നു അന്നത്തെ പണ്ഡിതൻമാരുടെ പ്രത്യേകത. എന്നാൽ, ആർക്കോ വേണ്ടി നിൽക്കുന്നതുപോലെയാണ് ഇന്നത്തെ പണ്ഡിതന്മാർ. പലതരത്തിലുള്ള താൽപര്യങ്ങളുടെയും പിറകെയാണ് അവർ പോകുന്നത്. ഇന്ന് ആത്മാർഥത ഇല്ലാതായിരിക്കുന്നു. വൈജ്ഞാനികമായ അധ്വാനവും കുറവാണ്. അന്നത്തെ പണ്ഡിതന്മാർ നന്നായി അധ്വാനിക്കുകയും പഠിച്ചത് പ്രാവർത്തികമാക്കുകയും ചെയ്യുമായിരുന്നു. ഒരു കറാഹത്ത് ചെയ്യാനോ, ഒരു സുന്നത്ത് നഷ്ടപ്പെടുത്താനോ അവർ ഇഷ്ടപ്പെടുമായിരുന്നില്ല. അതുകൊണ്ട് അവരുടെ പ്രവർത്തനങ്ങൾക്ക് വലിയ ഫലം ഉണ്ടായിരുന്നു. ജനങ്ങൾക്ക് പണ്ഡിതന്മാരിൽ ഉത്തമ വിശ്വാസവും ഉണ്ടായിരുന്നു.
നിങ്ങളുടെ വായന, പഠനരീതികൾ എങ്ങനെയാണ്?
മുത്വാലഅയുടെ ആദ്യകാല രീതി, അന്വേഷിച്ചു പഠിക്കുക എന്നതാണ്. 'ഉത്വുലുബ്- നീ അന്വേഷിച്ചു പഠിക്കുക, അതിൽ വീഴ്ച വരുത്തരുത്' എന്ന് ഉപ്പാപ്പ എന്നോട് പറയാറുണ്ടായിരുന്നു. മടി കാണിക്കുക എന്നതാണ് ഒരു വിദ്യാർഥിയുടെ നാശം. വിദ്യയോട് ആർത്തിയുള്ളവനാണ് ത്വാലിബ്. വീട്ടിലെ അന്തരീക്ഷവും ഈ ഉപദേശങ്ങളുമെല്ലാം കാരണം വായന എനിക്ക് വലിയ താല്പര്യമായിരുന്നു. ഒഴിവു കിട്ടുമ്പോഴെല്ലാം ഞാൻ വായിക്കും. ശാന്തപുരത്ത് പഠിക്കുമ്പോഴും നാട്ടിൽ വന്നാൽ ഒഴിഞ്ഞ സ്ഥലത്ത് പോയിരുന്നും വായിക്കുക പതിവായിരുന്നു. സുഭിക്ഷമായ തറവാട്ടിലാണ് ഞാൻ ജനിച്ചുവളർന്നത്. ധാരാളം ഭൂസ്വത്തുക്കളും പാരമ്പര്യമായി കിട്ടിയിരുന്നു. എന്റെ വൈജ്ഞാനിക ദാഹം തീർക്കാൻ വേണ്ടിയാണ് ഞാൻ പഠിച്ചത്, പുസ്തകങ്ങൾ വായിച്ചത്.
ചെറുപ്പത്തിൽ തന്നെ ഇഹ് യാ ഉലൂമിദ്ദീൻ വായിക്കാൻ എനിക്ക് അവസരം ലഭിച്ചു. അതിൽനിന്ന് എനിക്ക് ഒരു ഊർജം കിട്ടി. കൊടിയത്തൂർകാരൻ എം.കെ അബ്ദുല്ല മൗലവി കക്കോവിൽ എന്റെ സഹപാഠിയായിരുന്നു. ജമാഅത്തിൽ പ്രവർത്തിച്ചിരുന്നു അദ്ദേഹം. ഞങ്ങൾ രണ്ടു പേരും കൂടിയാണ് ഉസ്താദ് എ.പി അഹ്മദ് കുട്ടി മുസ്ല്യാരുടെ അടുത്തുനിന്ന് ഇഹ് യ ഓതുന്നത്. ഒരു ഘട്ടത്തിൽ, നാടുവിട്ട് കാടുകയറാൻ വരെ ഞങ്ങൾ തയാറായിരുന്നു. ഇഹ് യയുടെ മുന്നിൽ ഇരുന്നാൽ മനസ്സിൽ വരുന്ന മാറ്റമാണത്. നമ്മുടെ മനസ്സിന്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ധാരണകളെ പുറത്തിട്ട് ഇഹ് യ പിച്ചിച്ചീന്തും. നമ്മൾ ചെയ്ത തെറ്റ് ഒരാൾ എടുത്തുപറയുമ്പോൾ നമുക്ക് കേട്ടു നിൽക്കാൻ കഴിയാത്തതുപോലെ, ഇഹ് യ ചിലപ്പോൾ കേട്ടു നിൽക്കാനാവില്ല. നമ്മുടെ കിബ്റും ഹസദുമെല്ലാം പോകും.
വാഴക്കാട്ടെ കണ്ണിയത്ത് അഹ്മദ് മുസ്ലിയാരുടെ അടുത്ത് ഞാൻ പഠിച്ചിട്ടുണ്ട്. അതുകൊണ്ട്, ഞാൻ കണ്ണിയത്തിന്റെ ശിഷ്യനാണ് എന്നാണ് പൊതുവിൽ എല്ലാവരും പറയാറുള്ളത്. കക്കോവിലെ മുദർരിസായിരുന്ന എ.പി അഹ്മദ് കുട്ടി നിസാമിയാണ് എന്റെ വളർച്ചയിൽ വളരെ ശ്രദ്ധ പുലർത്തിയിരുന്ന അധ്യാപകൻ. കൂളിമാടിനടുത്ത മുന്നൂര് സ്വദേശിയായിരുന്ന അദ്ദേഹം സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ അംഗമായിരുന്നു. ഹൈദരാബാദ് നൈസാമിയയിലാണ് അദ്ദേഹം പഠിച്ചത്. ഭാഷയുടെ വളർച്ചക്ക് സുഭിക്ഷത ആവശ്യമാണ്. അതുകൊണ്ടാണ്, രാജക്കാൻമാർ ഭരിച്ച സ്ഥലങ്ങളിൽ ഭാഷയും അറിവുമൊക്കെ വളരുന്നത്. പ്രശ്നങ്ങളിൽ പ്രയാസപ്പെടുന്നവർക്ക് ഭാഷ പഠിക്കാൻ കഴിയില്ല. കവിത ആസ്വദിക്കൻ വയറ് പട്ടിണിയുള്ളയാൾക്ക് കഴിയില്ല. പ്രശ്നങ്ങൾ ഇല്ലാത്തയാൾക്കേ ആസ്വദിക്കാൻ കഴിയൂ. സമാധാനവും ഉണ്ടാകണം. അല്ലെങ്കിൽ, ത്യാഗം ചെയ്യാനുള്ള മനസ്സുണ്ടാകണം. എല്ലാം ത്യജിച്ച് പോകാൻ കഴിയുന്നവർക്ക് കിട്ടും, സ്വഹാബികളും താബിഉകളും ഉദാഹരണം. ഹിജ്റയാണ് ഏറ്റവും വലിയ ത്യാഗം. സുഭിക്ഷമായ മക്കയിൽനിന്നാണ് സ്വഹാബികൾ മദീനയിലേക്ക് പോയത്! 1960-കളിൽ ഹജ്ജിന് പോയപ്പോൾ ഞാൻ കണ്ട മക്കയും, പിൽക്കാലത്ത് വികസിച്ച മക്കയും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
അറിവിന് വേണ്ടി ത്യാഗം ചെയ്ത പണ്ഡിതൻമാർ പലരുമുണ്ട്. ഇമാം അഹ്മദുബ്നു ഹമ്പൽ ഒരു ഹദീസ് ശേഖരിക്കാനായി മദീനയിൽനിന്ന് മാവറാഅന്നഹ്റിൽ പോയിട്ടുണ്ട്. മൂന്നു പേർ മാത്രമടങ്ങിയ സനദ് ഉള്ള ഹദീസ് ഉണ്ടെന്നറിഞ്ഞായിരുന്നു അദ്ദഹത്തിന്റെ യാത്ര. എത്രയോ മൈലുകൾ പ്രയാസപ്പെട്ട് യാത്ര ചെയ്ത് ഇമാം അഹ്മദ് (റ) അവിടെ എത്തിയപ്പോൾ, ആ മുഹദ്ദിസ് ഒരു നായക്ക് ഭക്ഷണം കൊടുക്കുകയാണ്. ഇമാം അഹ്മദിനെ കണ്ടിട്ടും അദ്ദേഹം നായക്ക് ഭക്ഷണം നൽകുന്നത് നിർത്തിയില്ല. അതിന്റെ കാരണം അദ്ദേഹം വിശദീകരിച്ചു: ഈ നാട്ടിൽ നായയില്ല. ഇവൻ എവിടെനിന്നോ വന്നതാണ്, എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ച്. അപ്പോൾ എനിക്ക് ഒരു നബിവചനം ഓർമ വന്നു; അബൂ ഹുറയ്റയിൽനിന്ന് അഅ്റജ്, അദ്ദേഹത്തിൽനിന്ന് അബുസ്സനാദ് ഉദ്ധരിച്ച ഹദീസാണത്: 'ആഗ്രഹിച്ച് വരുന്ന ഒരാളുടെ ആഗ്രഹം മുറിച്ചുകളഞ്ഞാൽ, നാളെ അല്ലാഹു തന്നെ രക്ഷിക്കും എന്ന് വിചാരിച്ച് വരുന്ന ഒരാളുടെ ആഗ്രഹത്തെ അല്ലാഹു മുറിച്ചു കളയും' - ഇതാണ് ഹദീസ്. ഈ ഹദീസ് ഓർമ വന്നപ്പോൾ, എന്നിൽനിന്ന് എന്തെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചു വന്ന നായയെ, എനിക്ക് കഴിക്കാൻ വെച്ച ഭക്ഷണം ഞാൻ തീറ്റിക്കുകയാണ്.' അദ്ദേഹം വിശദീകരിച്ചത് കേട്ടപ്പോൾ, ' എനിക്ക് ഈ ഹദീസ് മതി - യക്ഫീനീ ഹാദൽ ഹദീസ്' എന്നു പറഞ്ഞു അഹ്മദുബ്നു ഹമ്പൽ തിരിച്ചുപോന്നു. അറിയുന്ന ഒരു ഹദീസ് നേരിട്ട് കേട്ടെഴുതാൻ വേണ്ടിയാണ് അദ്ദേഹത്തിന്റെ അടുത്ത് യാത്ര ചെയ്ത് എത്തിയത്.
ദയൂബന്ദിൽ ഞങ്ങൾ പഠിക്കുമ്പോൾ, ചില സമയത്ത് അവിടെ ഈച്ചകൾ വർധിക്കും. പളളി മിഹ്റാബിൽ ഉൾപ്പെടെ ഈച്ചകളുണ്ടാകും. ഹോട്ടലുകളിൽ ചെന്നാൽ മേശ കാണാൻ കഴിയാത്തത്ര ഈച്ചയുണ്ടാകും. അഹ്മദ് കുട്ടി ഉസ്താദിനുള്ള കത്തിൽ ഈച്ചക്കാര്യവും എഴുതി. മനോഹരമായ അറബിയിൽ അദ്ദേഹത്തിന്റെ മറുപടി വന്നു;' ജാബിർ എന്ന സ്വഹാബി ഒരു ഹദീസ് കിട്ടാൻ മൂന്ന് മാസം സഞ്ചരിച്ചു. നിങ്ങളാകട്ടെ, ഈച്ചയെ കുറിച്ച് പരാതി പറയുകയാണല്ലോ!' ഇൽമിനു വേണ്ടിയുള്ള ത്യാഗം എന്നെ ഓർമിപ്പിക്കുകയായിരുന്നു ഉസ്താദ്.
നവാബുമാർ ഭരിച്ച ലഖ്നൗവിലും ഹൈദരാബാദിലുമായിരുന്നു ഏറ്റവും നല്ല ഉർദു. എന്നെ ഉർദു ഭാഷ പഠിപ്പിക്കാൻ വേണ്ടി ഗുൻജ ഉൾപ്പെടെയുള്ള ബാലസാഹിത്യ മാസികകൾ അഹ്മദ് കുട്ടി മുസ്ലിയാർ വരുത്തിയിരുന്നു. പിന്നീട്, ദീൻ ദുൻയ മാസികയും വരുത്തി. അതിൽ കുറച്ചു ഭാഗങ്ങൾ രാഷ്ട്രീയ വിഷയങ്ങളായിരിക്കും. അത് വായിച്ചാണ്, അയ്യൂബ് ഖാന്റെ കാലത്തെ പാകിസ്താൻ രാഷ്ട്രീയമൊക്കെ ഞാൻ മനസ്സിലാക്കിയത്. സിയാസത്തിൽ വാസനയുണ്ടാകാൻ അതാണ് നല്ലതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഒരു ദർസ് വിദ്യാർഥിക്ക് ഉസ്താദ് ഇങ്ങനെയൊന്നും പറഞ്ഞുകൊടുക്കുമായിരുന്നില്ല. പക്ഷേ, എ.പി അഹ്മദ് കുട്ടി മുസ്ല്യാർ എന്നെ കണ്ടറിഞ്ഞ് വളർത്താനുള്ള ശ്രമങ്ങളാണ് നടത്തിയത്. 'നാം ആരുടെയും പക്ഷത്തല്ല, എന്നാൽ നമുക്ക് ആരോടും വിരോധവുമില്ല' - ഇതായിരുന്നു എ.പി അഹ്മദ് കുട്ടി മുസ്ല്യാരുടെ നയം. ഈ സമീപനം ഉൾക്കൊണ്ടതുകൊണ്ടാണ്, ആശയ വ്യത്യാസമുള്ളവരുമായി എനിക്ക് സ്നേഹത്തോടെ സംവദിക്കാൻ കഴിയുന്നത്.
മുജാഹിദ് സംഘടനയിൽ പിളർപ്പുണ്ടായപ്പോൾ സകരിയ്യാ സ്വലാഹി എന്നെ കാണാൻ വന്നിരുന്നു. ശീഈസത്തെ കുറിച്ച് പഠിക്കാനാണ് വന്നത്. ബഹായിസം, ശീഈസം, ഖാദിയാനിസം തുടങ്ങിയവയൊക്കെ ഞാൻ പഠിച്ചിട്ടുണ്ട്; അവയിൽ പെട്ടുപോകാതിരിക്കാൻ വേണ്ടി.
ശാഫിഈ മദ്ഹബിലെ പ്രസിദ്ധമായ ഇബ്നു ഹജറിൽ ഹൈത്തമിയുടെ തുഹ്ഫത്തുൽ മുഹ്താജ് എന്ന കിതാബ് വായിക്കാൻ എനിക്ക് അവസരം കിട്ടി. അതിന്റെ ഒമ്പതാം വാള്യത്തിൽ മുർത്തദ്ദ് ആകുന്നതിനെ കുറിച്ച്, അഥവാ ദീനിൽ നിന്ന് പുറത്തുപോകുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. ഈ വിഷയം നാലു മദ്ഹബുകളിലും എങ്ങനെ വിശദീകരിക്കുന്ന തന്റെ പുസ്തകം, അൽ ഇഅ്ലാം ബിഖവാത്വിഇൽ ഇസ്ലാം വായിക്കണം' എന്ന് ഇബ്നു ഹജറിൽ ഹൈത്തമി അതിൽ നിർദേശിക്കുന്നുണ്ട്.
ആ പുസ്തകം ഞാൻ അന്വേഷിച്ചു. എന്റെ ഗുരു കണ്ണിയത്ത് അഹമ്മദ് മുസ്ലിയാരോട് ചോദിച്ചു. പക്ഷേ, അദ്ദേഹം അത് കണ്ടിട്ടുണ്ടായിരുന്നില്ല. ഞാൻ അന്വേഷണം തുടർന്നു. എല്ലാ വിഭാഗത്തിൽപെട്ട പണ്ഡിതന്മാരോടും ഞാൻ വ്യക്തിബന്ധം പുലർത്താറുണ്ട്. അതിൽ കക്ഷിവ്യത്യാസം പ്രശ്നമാക്കാറില്ല. സി.എൻ അഹമ്മദ് മൗലവി, അബുസ്സബാഹ് മൗലവി, കെ.സി അബ്ദുല്ല മൗലവി തുടങ്ങിയവരുമൊക്കെയായി എനിക്ക് വ്യക്തിബന്ധം ഉണ്ടായിരുന്നു. പല വിഷയങ്ങളും അവരുമായി ചർച്ച ചെയ്തിട്ടുണ്ട്. ഒരു യാത്രയ്ക്കിടയിൽ ബസ്സിൽ വെച്ച് മുജാഹിദ് പണ്ഡിതനായ എ.പി അബ്ദുൽ ഖാദർ മൗലവിയെ കണ്ടു ഞാൻ ആ പുസ്തകത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു, സവാജിറിന്റെ 'ഹാശിയ'യിൽ അതുണ്ട്. അങ്ങനെ ഞാൻ അത് തേടിപ്പിടിച്ചു വായിച്ചു, വീട്ടിൽ കൊണ്ടുവന്നു കുറിപ്പ് എടുക്കുകയും ചെയ്തു. പിന്നീട് മക്കയിലെ യാത്രയിൽ ഞാൻ ആ കിത്താബ് സംഘടിപ്പിക്കുകയുണ്ടായി. ഇബ്നു ഹജറിൽ ഹൈത്തമിയുടെ ഗ്രന്ഥങ്ങൾ ഒരുമിച്ചു പ്രസിദ്ധീകരിച്ച സമാഹാരത്തിൽ ഈ പുസ്തകവും ഉൾപ്പെട്ടിട്ടുണ്ട്.
മുസ്ലിം സമുദായത്തിലെ ആഭ്യന്തര ശൈഥിലത്തെ താങ്കൾ എങ്ങനെ കാണുന്നു?
മുസ്ലിംകൾക്കിടയിൽ ഭിന്നതകൾ ഉണ്ടാക്കിയാണ് സ്പെയിൻ തകർത്തത്. ഇന്ത്യയിലും അതുതന്നെയാണ് ചെയ്യുക. ഭിന്നിപ്പിക്കുക, ഭിന്നിപ്പിച്ച് ഭരിക്കുക. ഇരകൾ ഇത് അറിയില്ല. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ചെയ്തത് അതാണ്. സംഘടനകൾ രൂപീകരിക്കാൻ നിയമങ്ങൾ ഉണ്ടാക്കി. അതോടെ ഭിന്നതക്ക് വഴിതുറന്നു. മാവൂർ ഗ്വാളിയോർ റയോൺസിൽ പത്തിലധികം യൂനിയനുകൾ ഉണ്ടായിരുന്നു. പിന്നീട് ഉണ്ടാക്കിയവർക്കെല്ലാം കമ്പനിയുടെ അംഗീകാരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, എല്ലാവർക്കും കിട്ടി. യൂനിയനുകൾ ഉണ്ടെങ്കിലേ കമ്പനിക്ക് മുന്നോട്ട് പോകാൻ കഴിയൂ എന്ന് അപ്പോഴാണ് മനസ്സിലായത്. എല്ലാവരും ഒരുമിച്ച് നിൽക്കുന്ന ആക്്ഷൻ കമ്മിറ്റി ഉണ്ടാക്കിയപ്പോഴാണ് പിന്നീട് കമ്പനി പരാജയപ്പെടുന്നത്. കേരളത്തിൽ, ഈ ചെറിയ സ്ഥലത്ത് എന്തിനാണ് ഇത്രയേറെ മുസ്ലിം സംഘടനകൾ? ആവശ്യമില്ലാത്തത് ഉണ്ടായി, പിന്നെയത് വികസിച്ചു. ജംഇയ്യത്തുൽ ഉലമായേ ഹിന്ദാണ് ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം സംഘടന. ബാക്കിയെല്ലാം പിന്നീട് അതിൽനിന്ന് ഉണ്ടായതാണ്. ഇതിന്റെ ശാഖയാണ് കേരളത്തിൽ ആദ്യം ഉണ്ടായ സംഘടന, കേരള ജംഇയ്യത്തുൽ ഉലമാ. അതിൽനിന്നാണ് പിന്നീട് സംഘടനകൾ ഉണ്ടാകുന്നത്. ശാഹ് വലിയ്യുല്ലാഹിദ്ദഹ് ലവിയുടെ മാർഗത്തിൽ നിന്നുകൊണ്ട്, ബിദ്അത്തുകൾക്കെതിരെ പ്രവർത്തിക്കുകയായിരുന്നു ജംഇയ്യത്തുൽ ഉലമായേ ഹിന്ദ്. ബിദ്അത്തുകൾ അധികവും ശീഈകളിൽ നിന്നായിരുന്നു. അവയെ ആ രീതിയിൽ എതിർക്കേണ്ടി വന്നു. ഇവിടെയും അതിനെ എതിർത്തു. അപ്പോൾ, ശീഈസത്തിൽ വേരൂന്നിയ പലർക്കും ഇഷ്ടപ്പെട്ടില്ല. കൊണ്ടോട്ടി കൈക്കാരും പൊന്നാനി കൈക്കാരും തമ്മിൽ വിട്ടുവീഴ്ചയില്ലാത്ത വിരോധവും അകൽച്ചയുമായിരുന്നു. കൈ പിടിച്ച് ബൈഅത്ത് ചെയ്യുന്നതിൽ നിന്നാണ് 'കൊണ്ടോട്ടി കൈ, പൊന്നാനി കൈ' എന്ന പ്രയോഗമുണ്ടാകുന്നത്. ബോംബെയിലെ കല്യാണിൽ നിന്ന് ബ്രിട്ടീഷുകാർ കൊണ്ടുവന്നതാണ് കൊണ്ടോട്ടി തങ്ങളെ. അഹ്മദ് ഷാ വലിയ്യുല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.
ക്രൈസ്തവർ സ്പെയിൻ കീഴടക്കിയപ്പോൾ മുസ്ലിംകളുടെ വളർച്ച കണ്ടു. വലിയ പള്ളികളും വീടുകളും ബംഗ്ലാവുകളുമൊക്കെ അവരെ അൽഭുതപ്പെടുത്തി. അൽ ബൈത്തുൽ ഹംറാ അതിലൊന്നാണ്. ഇതെല്ലാം കൈയിൽ വന്നപ്പോൾ, സ്പെയിനിലെ ഏറ്റവും വലിയ ശക്തിയെ നാം പിടിച്ചല്ലോ, ഇനി ലോകം മുഴുവൻ കൈയിലാക്കാം എന്നവർ ചിന്തിച്ചു. അതുകൊണ്ട്, അഭിപ്രായ ഭിന്നതകൾ മാറ്റിവെച്ച് ഇനിയും ഒരുമിച്ച് നിൽക്കണം എന്നവർ തീരുമാനിച്ചു.
അങ്ങനെയാണവർ ലോകം കീഴടക്കിയത്. വിജയിക്കാൻ മുസ്ലിം സമൂഹത്തിന്റെ മുമ്പിലുള്ളതും ഒരുമയുടെ വഴി തന്നെയാണ്. l