ഖത്തറിലായിരിക്കെ ഒരിക്കല്‍ സുഹൃത്ത് അൻവർ തിരൂർക്കാട് സംസാരമധ്യേ പറഞ്ഞു: 'ഒരു ഖുര്‍ആന്‍ ക്ലാസ്സുണ്ട്. നീ വരുന്നോ?' ആരുടെ ക്ലാസ്സാണെന്ന് സ്വാഭാവികമായും ആരാഞ്ഞു. സലീം മൗലവിയുടേത് എന്ന് പറഞ്ഞപ്പോള്‍ കൗതുകമായി. അദ്ദേഹത്തോടൊപ്പം ക്ലാസ്സിനു പോയി. അവിടെ ചെന്ന് നോക്കുമ്പോള്‍ ക്ലാസ്സിലിരിക്കുന്ന 'കുട്ടികളെ'ല്ലാം മഹാപണ്ഡിതന്മാര്‍! അപ്പോള്‍ എനിക്ക് തോന്നി, ഇത് സാധാരണ ഖുര്‍ആന്‍ ക്ലാസ്സല്ല. എന്തായാലും വന്നതല്ലേ; ഇരിക്കാം… അതിനിടക്ക് അന്‍വര്‍ എന്നെ പരിചയപ്പെടുത്തി.
പിന്നീട് ഞങ്ങള്‍ പലതവണ കണ്ടു, വ്യക്തിപരമായി വളരെ അടുത്തു. അദ്ദേഹത്തിന്റെ അരുമ ശിഷ്യനായി. അദ്ദേഹത്തിന്റെ വണ്ടിയിലാണ് പലപ്പോഴും ഞാന്‍ വീട്ടിലേക്ക് പോവുക. ഒരു ദിവസം ഇങ്ങനെ പോവുമ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു: “എനിക്ക് ഒന്ന് രണ്ട് ലേഖനങ്ങള്‍ എഴുതാനുണ്ട്. റഫറന്‍സ് ഒക്കെ നോക്കാന്‍ നിങ്ങളുടെ സഹായം കൂടി വേണം…..” അങ്ങനെ ഞാന്‍ പിറ്റേ ദിവസം മുതല്‍ അസ്വ്്റിനു ശേഷം അദ്ദേഹത്തിന്റെ റൂമില്‍ പോകാന്‍ തുടങ്ങി. പല ദിവസങ്ങളിലും പല വിഷയങ്ങളും ചര്‍ച്ച ചെയ്ത് സമയം തീരും. അദ്ദേഹത്തിന്റെ വാക്കുകള്‍ പക്ഷേ, അറിവിന്റെ കുത്തൊഴുക്കായിരിക്കും. ഒരിക്കലും സമയ നഷ്ടമാവുകയില്ല. മഗ്്രിബ് വരെയാണ് ഇരുത്തം. ആ സംസാരത്തില്‍ ഖുര്‍ആനുണ്ടാവും, ഹദീസുണ്ടാവും, ഹദീസ് നിദാന ശാസ്ത്രമുണ്ടാവും, ഖത്തറിലെ പണ്ഡിതന്മാരുമായുള്ള ബന്ധങ്ങളുണ്ടാവും, വൈദ്യം, ശാസ്ത്രം, മലയാള വ്യാകരണം, ബലാഗ, നാടകം, കവിത, കഥ, കുടുംബവിവരങ്ങള്‍ …. അങ്ങനെ വിജ്ഞാനത്തിന്റെയും നാട്ടു വിവരങ്ങളുടെയും നിഖില മേഖലകളും ആ സംസാരത്തിരകളില്‍ ഊറി വരും.
കുറേ ദിവസങ്ങള്‍ സംസാരങ്ങളില്‍ മുങ്ങി. ഒടുവിലാണ് എഴുതിത്തുടങ്ങിയത്. ഒരു ലേഖനം മാത്രം… ഞാനായിരുന്നു എഴുത്തുകാരന്‍. ആ നാവില്‍നിന്ന് നിർഗളിക്കുന്നത് ഞാന്‍ അക്ഷരം തെറ്റാതെ പകര്‍ത്തിയെഴുതും. വളരെ അപൂർവമായേ തിരുത്തുകള്‍ ഉണ്ടാവൂ…. 30 ദിവസം പൂര്‍ത്തിയാക്കി. ഞാന്‍ മൗലവിയുടെ വണ്ടിയില്‍ തന്നെ വീട്ടിലേക്ക് പോന്നു. പോകുന്ന വഴി 500 റിയാല്‍ എന്റെ പോക്കറ്റിലിട്ടു…. ഞാന്‍ പല തവണ നിരസിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. നിങ്ങള്‍ പത്ത്-മുപ്പത് ദിവസം എന്റെ വീട് വരെ വന്നതല്ലേ !
പിന്നീട് ഞങ്ങള്‍ CIC യുടെ വ്യത്യസ്ത വകുപ്പുകളുടെ സഹ ഭാരവാഹികളായി പ്രവര്‍ത്തിച്ചു. കലാ-കായിക-പൊതുജന സമ്പര്‍ക്ക വകുപ്പ്, തര്‍ബിയത്ത് വകുപ്പ്…. മൗലവി പ്രസിഡന്റും ഞാന്‍ സെക്രട്ടറിയും…. എന്റെ ഫാമിലി ഖത്തറില്‍ എത്തിയതു മുതല്‍ പലപ്പോഴും വീട്ടില്‍ വരികയും ഒരു പാട് സമയം അവിടെ ചെലവഴിക്കുകയും ഞങ്ങള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും എല്ലാം പതിവായിരുന്നു. എന്റെയും മക്കളുടെയും പല തരം അസുഖങ്ങള്‍ക്കും മരുന്നിനു സമീപിക്കുക മൗലവിയെ ആയിരുന്നു (അദ്ദേഹം നല്ലൊരു ഹോമിയോ ചികിത്സകന്‍ കൂടിയായിരുന്നു).
ഒരിക്കല്‍ ഞാന്‍ അതിരാവിലെ കാറോടിച്ച് ഓഫീസിലേക്ക് പോവുകയാണ്. ഫോണടിച്ചു. നോക്കുമ്പോള്‍ സലീം മൗലവി…. എടുത്തു. വിശേഷങ്ങളൊക്കെ ചോദിച്ചു (നല്ല മൂഡിലാണെന്ന് തോന്നുന്നു). പഴയ പല കഥകളും പറയാന്‍ തുടങ്ങി… ചേന്ദമംഗല്ലൂരില്‍ പഠിപ്പിക്കുന്ന കാലം. കെ.സിയാണ് അമീര്‍. സലീം മൗലവി അധ്യാപകനാണ്. അവിടെ ഖത്വീബുമാണ്. കോളേജിന്റെ വാര്‍ഷിക പരിപാടിക്ക് മൂപ്പര്‍ ഒരു കഥാപ്രസംഗം എഴുതി അവതരിപ്പിച്ചു. അതിലെ പാട്ടിന്റെ വരികളൊക്കെ എനിക്ക് ഫോണില്‍ പാടിത്തന്നു. പിറ്റേന്ന് കെ.സി പ്രിന്‍സിപ്പലിനെ വിളിച്ചു പറഞ്ഞു: സലീമിനോട് പറഞ്ഞേക്ക്, ഒന്നുകില്‍ ഖുത്വ്്ബ, അല്ലെങ്കില്‍ പാട്ട്…. രണ്ടും കൂടി ഇവിടെ നടക്കില്ല എന്ന്. അദ്ദേഹം മൗലവിയോട് കാര്യം പറഞ്ഞു. ഒട്ടും അമാന്തിക്കാതെ സലീം മൗലവിയുടെ മറുപടി: പാട്ട് നിര്‍ത്താന്‍ ഏതായാലും ഉദ്ദേശ്യമില്ല. നിർബന്ധമാണെങ്കില്‍ നാളെ മുതല്‍ ഖുത്വ്്ബ നിര്‍ത്തിയേക്കാം……!!
കലയുമായി മൗലവിയുടെ ബന്ധം സൂചിപ്പിക്കുന്ന മറ്റൊരു സംഭവം: ഒരിക്കല്‍ ഈദ് പരിപാടിക്ക് ഒരു ഓട്ടന്‍ തുള്ളല്‍ അവതരിപ്പിക്കണമെന്ന് ചേന്ദമംഗല്ലൂര്‍കാരനായ ഒരാള്‍ക്ക് (പേരോര്‍ക്കുന്നില്ല) മോഹം. പാട്ടൊക്കെ അയാള്‍ തന്നെ എഴുതും. സംവിധാനം ചെയ്യാന്‍ ഒരാള്‍ വേണം. മൗലവിയുടെ ചെവിട്ടില്‍ എത്തേണ്ട താമസം, അദ്ദേഹം റെഡി….! പരിപാടിയൊക്കെ കഴിഞ്ഞു. സൂപ്പര്‍ പ്രോഗ്രാം. എല്ലാവര്‍ക്കും നല്ല അഭിപ്രായം… പക്ഷേ, ചിലര്‍ക്ക് ഒരു ശങ്ക….. പള്ളിയില്‍ പ്രഭാഷണമൊക്കെ നടത്തുന്ന മൗലവി അതിനു മെനക്കെടരുതായിരുന്നു എന്ന്! മൗലവി അതിനു കൊടുത്ത വായടപ്പന്‍ മറുപടി ഇങ്ങനെയായിരുന്നു: നമ്മള്‍ പള്ളി പ്രസംഗം നടത്തുന്നതും, ജനസേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും, നാടകം കളിക്കുന്നതും, പാട്ട് പാടുന്നതും, ഓട്ടം തുള്ളല്‍ നടത്തുന്നതും എല്ലാം ദൈവിക സന്ദേശത്തിന്റെ ഉന്നതി ലക്ഷ്യം വെച്ചാണ്.
ദീനിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും അദ്ദേഹം സന്നദ്ധമല്ലായിരുന്നു. എല്ലാ സുന്നത്തുകളും വളരെ കൃത്യമായി അനുഷ്ഠിക്കുമായിരുന്നു. ഹറാം മാത്രമല്ല, മക്്റൂഹായ കാര്യങ്ങളില്‍നിന്നു പോലും സൂക്ഷ്മതയോടെ വിട്ടുനില്‍ക്കുമായിരുന്നു. നിത്യജീവിതത്തിന്റെ എല്ലാ മേഖലകളിലും (വസ്ത്രം, വാഹനം, ഭക്ഷണം, ഇടപാടുകള്‍, ബന്ധങ്ങള്‍ …..) അതിസൂക്ഷ്മത പുലര്‍ത്തുകയും വളരെ ശ്രദ്ധിച്ചു മാത്രം സമ്പത്ത് ചെലവഴിക്കുകയും, ആഡംബരങ്ങളില്‍നിന്ന് പൂർണമായും വിട്ടുനില്‍ക്കുകയും ചെയ്യുന്ന, ആര്‍ക്കും പിന്‍പറ്റാന്‍ കഴിയുന്ന മാതൃകാ യോഗ്യനായ ദൈവഭക്തന്‍ കൂടിയായിരുന്നു അദ്ദേഹം. നിരന്തരമായ വ്യായാമം, ആയോധനകല, മിതമായ ഭക്ഷണം, കൃത്യസമയത്തുള്ള ഉറക്കം, എല്ലാറ്റിലും മിതത്വം, സൂക്ഷ്മ നിരീക്ഷണം, ആവശ്യത്തിനു മാത്രമുള്ള സംസാരം, പ്രയോജനമില്ലാത്ത വാക്കുകളില്‍നിന്നും പ്രവൃത്തികളില്‍നിന്നുമുള്ള വിട്ടുനില്‍പ്പ്….. ഇതൊക്കെ അദ്ദേഹത്തിന്റെ മാതൃകാ സ്വഭാവങ്ങളായിരുന്നു. ഒരു നല്ല അധ്യാപകന്‍, നല്ല വാഗ്മി, നല്ല ചികിത്സകന്‍, നല്ല കര്‍ഷകന്‍, നല്ല വ്യാപാരി, നല്ല പണ്ഡിതന്‍, നല്ല കലാകാരന്‍, ചതുര്‍ഭാഷാ വിദഗ്ധന്‍ ….. അങ്ങനെ ഒരുപാടുണ്ട് അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്ന വിശേഷണങ്ങള്‍. ചില സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കുന്നത് അൽപം രൂക്ഷമായിട്ടായിരിക്കും എന്നത് മാത്രമായിരുന്നു ചെറിയ പോരായ്മയായി എടുത്തുപറയാന്‍ കഴിയുന്ന ഏക കാര്യം. അതു മാത്രം കണ്ടവര്‍ക്ക് അദ്ദേഹത്തെ കുറിച്ച് അതേ പറയാനുണ്ടാവൂ.
ദോഹയിലെ ‘വലിയ പള്ളി’ എന്നറിയപ്പെടുന്ന 'മസ്ജിദുശ്ശുയൂഖി'ലെ (ഖറദാവി ആദ്യകാലങ്ങളില്‍ തറാവീഹ് നമസ്കാരം നിർവഹിച്ചതും ഇവിടെ ആയിരുന്നു) അദ്ദേഹത്തിന്റെ വെള്ളിയാഴ്ച പ്രസംഗം സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ള നൂറുകണക്കിന് ശ്രോതാക്കളെ ആകര്‍ഷിച്ചിരുന്ന വലിയ സംഭവമായിരുന്നു. ഖുര്‍ആന്റെ സമ്പൂർണ പഠനമായിരുന്നു വിഷയം; അതില്‍ ഏറെയും ഖുര്‍ആന്റെ അമാനുഷികതയിലൂന്നിയുള്ളതും. ഖുര്‍ആനിലെ ശാസ്ത്ര സത്യങ്ങള്‍, സാഹിത്യ ഭംഗി, ഭാവി പ്രവചനങ്ങള്‍, ചമല്‍ക്കാരങ്ങള്‍, ഉപമകള്‍ …. അങ്ങനെ അങ്ങനെ ആ വാഗ്ധോരണിയുടെ പടവുകള്‍ കയറിയിറങ്ങാത്ത ഒരു വിഷയവുമുണ്ടായിരുന്നില്ല (അതൊക്കെ അന്ന് കൃത്യമായി റിക്കാര്‍ഡ് ചെയ്യുകയും കേസറ്റ് കടകളിലൂടെ ധാരാളമായി വിറ്റഴിക്കപ്പെടുകയും ചെയ്തിരുന്നു. അത് സമാഹരിച്ചാല്‍ തന്നെ അദ്ദേഹത്തിന്റെ നല്ലൊരു സാഹിത്യ സംഭാവന കൈരളിക്ക് ലഭിക്കും).