ഹമാസിനെ ഉന്മൂലനം ചെയ്ത് ഗസ്സയെ മോചിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച ഇസ്രായേലി ഭീകരര്‍, തങ്ങളുടെ സൈനികരും പൗരന്മാരും ഉള്‍പ്പെടെയുള്ള ബന്ദികളില്‍ ഒരാളെപ്പോലും മോചിപ്പിക്കാന്‍ കഴിയാതെ ദയനീയമായി കീഴടങ്ങുന്ന ദൃശ്യമാണ് താല്‍ക്കാലിക വെടിനിര്‍ത്തലിലൂടെ ലോകം കണ്ടത്. നാലു ദിവസത്തെ പ്രാരംഭ വെടിനിര്‍ത്തലിനു ശേഷം രണ്ടു ദിവസം കൂടി അത് നീട്ടാന്‍ ഇസ്രായേൽ നിര്‍ബന്ധിതമായത് ഫലസ്ത്വീന്‍ പോരാളികളുടെ ധീരമായ ചെറുത്തുനില്‍പ് കാരണമാണ് എന്നതില്‍ സംശയമില്ല.
ഓരോ ബന്ദിയെയും മോചിപ്പിക്കുന്നതിനു പകരമായി അതിന്റെ മൂന്നിരട്ടിയോളം ഫലസ്ത്വീന്‍ തടവുകാരെ ഇസ്രായേലി ജയിലുകളില്‍നിന്ന് പുറത്തിറക്കാന്‍ ഹമാസിന്റെ വിലപേശലിന് കഴിഞ്ഞു. 'അല്‍ അഖ്‌സ്വാ പ്രളയം' എന്നു പേരിട്ട് ഹമാസ് നടത്തിയ ഓപറേഷന്റെ ഒരു ലക്ഷ്യം ഇസ്രായേല്‍ തടവിലാക്കിയ ഫലസ്ത്വീനികളുടെ മോചനമായിരുന്നു. 2023 ഏപ്രില്‍ വരെ 5200 ഫലസ്ത്വീനി തടവുകാര്‍ ഇസ്രായേലി ജയിലുകളിലുണ്ടെന്നാണ് കണക്ക്. ഒക്ടോബര്‍ ഏഴിനു ശേഷം വെസ്റ്റ് ബാങ്കില്‍ മാത്രം മൂവായിരത്തിലേറെ ഫലസ്ത്വീനികളെ കസ്റ്റഡിയില്‍ എടുത്തതോടെ ഇസ്രായേല്‍ തടവറകളിലുള്ളവരുടെ എണ്ണം എണ്ണായിരത്തിലേറെയായി. നേരത്തെയുള്ള തടവുകാരില്‍ 1106 പേര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡിറ്റന്‍ഷന്‍ എന്ന പേരിൽ പ്രത്യേക കുറ്റമൊന്നും ചുമത്തപ്പെടാതെ, വിചാരണയില്ലാതെ കഴിയുന്നവരാണ്. അധിനിവേശത്തിനെതിരെ പോരാടിയതിനോ പോരാളികള്‍ക്ക് സഹായം നല്‍കിയതിനോ ഒക്കെയാണ് ഇവരെ ജയിലിലേക്ക് തള്ളിയത്.
2011-ല്‍ ഗിലാത് ശാലിത് എന്ന ഇസ്രായേലി തടവുകാരനെ വിട്ടയക്കുന്നതിന് പകരമായി ജയിലുകളിലുള്ള 1027 ഫലസ്ത്വീനികളുടെ മോചനം ഉറപ്പാക്കാന്‍ ഹമാസിന് കഴിഞ്ഞു. അന്ന് വിട്ടയക്കപ്പെട്ടവരില്‍ ഇരുപതു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ഗസ്സയിലെ ഹമാസ് നേതാവ് യഹ്‌യ സിന്‍വറും ഉണ്ടായിരുന്നു. മാത്രമല്ല, ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട 280 പേരും പ്രസ്തുത കരാറിന്റെ ഭാഗമായി മോചിതരായി.
എന്നാല്‍, ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. ഗസ്സയെ നിലംപരിശാക്കിയ അമ്പതു ദിവസത്തോളം നീണ്ട നിഷ്ഠുരമായ ബോംബിംഗ് പരമ്പര നടത്തിയിട്ടും ഒരൊറ്റ ബന്ദിയെപ്പോലും മോചിപ്പിക്കാന്‍ ഇസ്രായേലിന് കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ ഇത് കീഴടങ്ങലാണ്. കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടെ പതിനയ്യായിരത്തോളം സിവിലിയന്മാരെ വംശഹത്യ നടത്തിയ സയണിസ്റ്റ് ഭീകരതക്കെതിരെ ലോക ജനത രംഗത്തുവന്നതും കണ്ടു.
ബന്ദികള്‍ക്ക് പകരമായി ഫലസ്ത്വീന്‍ തടവുകാരെ മോചിപ്പിക്കുമ്പോഴും വെസ്റ്റ് ബാങ്കില്‍ കൂടുതല്‍ പേരെ ഇസ്രായേല്‍ സേന അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുന്നുണ്ടെന്ന യാഥാര്‍ഥ്യവും കാണാതിരുന്നുകൂടാ. കുട്ടികളും സ്ത്രീകളും അടക്കമുള്ളവര്‍ ജയിലില്‍നിന്ന് പുറത്തുവന്നെങ്കിലും പഴയ തടവുകാര്‍ക്ക് പകരം പത്തിരട്ടിയിലേറെ പുതിയ തടവുകാരെ സയണിസ്റ്റ് ഭരണകൂടം ജയിലുകളിലേക്ക് തള്ളിയിട്ടുണ്ട്. കരാറുകളില്‍ അതും വിഷയമാവേണ്ടതുണ്ട്. മോചിപ്പിക്കപ്പെട്ട തടവുകാരില്‍ ബഹു ഭൂരിപക്ഷവും ഹമാസുമായി ബന്ധമില്ലാത്തവരും വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറൂസലം എന്നീ അധിനിവേശ പ്രദേശങ്ങളില്‍നിന്നുള്ളവരുമാണ്. ഫലസ്ത്വീന്‍ അതോറിറ്റിയെ നിയന്ത്രിക്കുന്ന ഫതഹിന് കഴിയാത്ത കാര്യമാണ് തടവുകാരുടെ മോചനത്തിലൂടെ ഹമാസ് സാധ്യമാക്കിയിരിക്കുന്നത്.
മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കുന്നതു വരെ വെടിനിര്‍ത്തല്‍ തുടരണമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ബൈഡന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറീന്‍ കൊളോണ അത് തെളിച്ചു പറഞ്ഞിരിക്കുന്നു. ഫ്രഞ്ചുകാര്‍ ഉള്‍പ്പെടെ മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കുന്നതു വരെ വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കണമെന്നാണ് ബി.എഫ്.എം ടിവിയോട് അവര്‍ പറഞ്ഞത്. ബന്ദി മോചനത്തിനുശേഷം ഗസ്സയിലെ ജനങ്ങളെ വംശഹത്യ നടത്തിയാലും പ്രശ്‌നമില്ലെന്നാണ് പരോക്ഷമായി ഇരുവരും പറയുന്നത്.
വെടിനിര്‍ത്തല്‍ ഫലസ്ത്വീന്‍ പ്രശ്‌നത്തിന് പരിഹാരമാവില്ല. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന പുനരധിനിവേശവും പതിനേഴു കൊല്ലമായി തുടരുന്ന ഉപരോധവും അവസാനിപ്പിക്കാതെയുള്ള ഏത് വെടിനിര്‍ത്തലും താല്‍ക്കാലിക ആശ്വാസം മാത്രമായിരിക്കും. കഴിഞ്ഞ നാലു പ്രധാന യുദ്ധങ്ങളിലും, ഇടക്കിടെയുണ്ടാകുന്ന സംഘര്‍ഷങ്ങളിലും വലിയ ആള്‍നാശത്തിനും നിഷ്ഠുരമായ ബോംബിംഗിനും ശേഷം നിലവില്‍ വന്ന വെടിനിര്‍ത്തലുകള്‍ താല്‍ക്കാലിക ഫലങ്ങള്‍ മാത്രമേ നല്‍കിയിട്ടുള്ളൂ.
സ്വതന്ത്ര ഫലസ്ത്വീന്‍ രാഷ്ട്രം യാഥാര്‍ഥ്യമാകുന്നതോടെ മാത്രമേ പ്രശ്‌നത്തിന് സമ്പൂര്‍ണ പരിഹാരമാവുകയുള്ളൂ. അല്ലാത്ത പക്ഷം, വംശഹത്യയും ഗസ്സയെ സമ്പൂര്‍ണമായി നശിപ്പിക്കുന്ന പ്രക്രിയയും സയണിസ്റ്റ് രാജ്യം തുടര്‍ന്നുകൊണ്ടേയിരിക്കും. സ്വതന്ത്ര ഫലസ്ത്വീന്‍ രാജ്യത്തിനായുള്ള ചര്‍ച്ചകള്‍ ആരംഭിക്കണമെന്നാണ് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറയുന്നത്. ഇസ്രായേലും അമേരിക്കയും മനസ്സുവെക്കാത്തിടത്തോളം സ്വതന്ത്ര ഫലസ്ത്വീന്‍ ഉണ്ടാവില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഇസ്രായേലിന്റെ ധിക്കാരത്തെയും അമേരിക്കയുടെ സൈനിക ഭീഷണിയെയും മറികടന്ന് ലോക രാജ്യങ്ങള്‍ ഒറ്റക്കെട്ടായി സ്വതന്ത്ര ഫലസ്ത്വീന്‍ സമ്മാനിക്കുമെന്ന് ആരും കരുതുകയും വേണ്ട. അമേരിക്കയുടെ ആശീര്‍വാദത്തോടെയാണ് 'വിശാല ഇസ്രായേല്‍' പദ്ധതി സജീവമായി മുന്നോട്ടു പോകുന്നത്. വെസ്റ്റ് ബാങ്കില്‍ കുടിയേറ്റം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ഫണ്ട് വകയിരുത്തുമെന്ന് ഇസ്രായേല്‍ ധനമന്ത്രി ബെസാലില്‍ സ്‌മോട്രിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഓസ്‌ലോ കരാര്‍ ഒപ്പുവെച്ച് മുപ്പതു വര്‍ഷം കഴിഞ്ഞു. രണ്ടാം ഇന്‍തിഫാദയില്‍ ഇസ്രായേല്‍ ഞെട്ടിയപ്പോഴാണ്, ഫലസ്ത്വീന്‍ രാജ്യം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി യു.എന്നും യു.എസും യൂറോപ്യന്‍ യൂനിയനും റഷ്യയും ചേര്‍ന്ന് 2002-ല്‍ മിഡിലീസ്റ്റ് ക്വാര്‍ട്ടറ്റ് ഉണ്ടാക്കുന്നത്. ലോക ബാങ്ക് മുന്‍ പ്രസിഡന്റ് ജെയിംസ് വൂള്‍ഫെന്‍സനും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറുമൊക്കെ അതിന്റെ നേതൃസ്ഥാനത്തിരുന്നു. വൂള്‍ഫെന്‍സന് കുറച്ചെങ്കിലും ആത്മാര്‍ഥത ഉണ്ടായിരുന്നു. ഫലസ്ത്വീന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഹമാസുമായി ബന്ധപ്പെടുന്നതിന് തന്നെ വിലക്കിയതിലും, ഫലസ്ത്വീന്‍ അതോറിറ്റിയില്‍നിന്ന് ലഭിക്കേണ്ട പണം നിഷേധിച്ച് ഗസ്സയെ തകര്‍ക്കാന്‍ കൂട്ടുനിന്നതിലും പ്രതിഷേധിച്ച് അദ്ദേഹം രാജിവെച്ചു.
പ്രധാനമന്ത്രി പദവി ഒഴിഞ്ഞ ദിവസം തന്നെ ക്വാര്‍ട്ടറ്റിന്റെ നേതൃത്വം ഏറ്റെടുത്ത ടോണി ബ്ലെയര്‍ സയണിസ്റ്റുകളുടെ ഏജന്റായാണ് തുടക്കം മുതല്‍ പ്രവര്‍ത്തിച്ചത്. ഫലസ്ത്വീന്‍ സമാധാനത്തിന് തുരങ്കം വെക്കുന്ന പണി മാത്രമാണ് ബ്ലെയര്‍ ചെയ്തത്. മിഡിലീസ്റ്റ് ക്വാര്‍ട്ടറ്റ് നോക്കുകുത്തിയായി തുടരുന്നു. അമേരിക്കയുടെ കാര്‍മികത്വത്തില്‍ ഇസ്രായേലും പി.എയും തമ്മില്‍ നേരിട്ട് നടത്തിയ 'സമാധാന ചർച്ചകള്‍' 2014-ല്‍ അവസാനിച്ചു. ഫതഹും ഹമാസും തമ്മില്‍ ഐക്യ കരാറില്‍ എത്തിയതില്‍ പ്രതിഷേധിച്ച് നെതന്യാഹുവാണ് പിന്‍മാറിയത്. ഫലസ്ത്വീനികള്‍ക്ക് രാജ്യം നല്‍കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള നെതന്യാഹു ചര്‍ച്ചകളില്‍നിന്ന് പിന്മാറാന്‍ കാരണം കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ ഒമ്പതു വര്‍ഷമായി ഇസ്രായേലും ഫലസ്ത്വീന്‍ അതോറിറ്റിയും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകളേ നടന്നിട്ടില്ല.
ഒക്ടോബര്‍ ഏഴു മുതല്‍ നാല്‍പതിനായിരം ടണ്‍ സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ചിട്ടും, അമേരിക്ക ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സഹായങ്ങളുണ്ടായിട്ടും ഫലസ്ത്വീനികളുടെ ചെറുത്തുനില്‍പ് പോരാട്ടങ്ങള്‍ക്ക് ഒരു പോറലുമേല്‍പിക്കാന്‍ ഇസ്രായേലിന് കഴിഞ്ഞിട്ടില്ല എന്നതാണ് ഗസ്സ നല്‍കുന്ന സന്ദേശം. ഹമാസിനെയും അതുവഴി ഫലസ്ത്വീനെയും ഇല്ലാതാക്കി നെതന്യാഹുവിന്റെ വിശാല ഇസ്രായേല്‍ സ്വപ്‌നം പൂവണിയിക്കാനാണ് ഉദ്ദേശ്യമെങ്കില്‍ അത് നടക്കില്ലെന്ന സന്ദേശമാണ് ഫലസ്ത്വീനികളുടെ ജീവന്മരണ പോരാട്ടത്തെ ഗ്യാലറിയിലിരുന്ന് വീക്ഷിക്കുന്നവരോടും അവരെ ഒറ്റുകൊടുക്കുന്നവരോടും ഗസ്സക്ക് പറയാനുള്ളത്. l