അനുസ്മരണം

കഴിഞ്ഞ ജൂലൈ 13-ന് അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി യാത്രതിരിച്ച ഉമ്മർ കുട്ടി സാഹിബ് മലയോര മേഖലയായ ഇടുക്കി ജില്ലയിൽ ഇസ്ലാമിക പ്രസ്ഥാനത്തിന് വിത്തു വിതച്ച വിപ്ലവകാരിയായ പ്രബോധകനായിരുന്നു. അടിമാലിയുടെ പ്രബോധന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച കെ. അബ്ദുസ്സലാം മൗലവിയുടെ ശിഷ്യഗണത്തിൽ പെട്ട സായിപ്പ് എന്നറിയപ്പെടുന്ന മൊയ്തീൻ കുട്ടി സാഹിബിന്റെ സഹോദരനാണ് ഉമ്മർ കുട്ടി കൊണ്ടോട്ടി. ജമാഅത്തെ ഇസ്ലാമി മുൻ കേരള സെക്രട്ടറി മർഹൂം കെ. അബ്ദുർ റഹ്മാൻ സാഹിബിന്റെ ഉറ്റ തോഴനായിരുന്നു കെ. ഉമ്മർ കുട്ടി. അബ്ദുസ്സലാം മൗലവിയുടെ പ്രബോധന രംഗത്തെ മികച്ച മാതൃക പിന്തുടർന്നുകൊണ്ടാണ് ഉമ്മർ കുട്ടി സാഹിബ് അടിമാലിയിലേക്ക് കടന്നുവരുന്നത്.

ഉമ്മർ കുട്ടി

ഒരു നല്ല പിൻഗാമിയെ അമാനത്ത് ഏൽപ്പിച്ചുകൊണ്ടാണ് അടിമാലിയിൽനിന്ന് അടുത്ത സ്ഥലത്തേക്ക് അബ്ദുസ്സലാം മൗലവി പോകുന്നത്. അദ്ദേഹം തുടങ്ങിവെച്ച തന്റെ മകളുടെ പേരുള്ള സഫിയ സ്റ്റോഴ്സ്, ഉമ്മർ കുട്ടി സാഹിബ് ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോയി. പ്രബോധനരംഗത്ത് ഹൈറേഞ്ചിലുള്ള ജമാഅത്തിന്റെ ഒരു കേന്ദ്രം സഫിയ സ്റ്റോർ ആയി മാറുകയായിരുന്നു. അടിമാലിയിലെ പ്രമുഖ വ്യാപാരസ്ഥാപനമായി അത് മാറുകയും ഇന്നും നിലനിൽക്കുകയും ചെയ്യുന്നു.
സഫിയ സ്റ്റോഴ്സിൽ ഇരിക്കുമ്പോൾ ഐ.പി.എച്ച് പ്രസിദ്ധീകരിച്ച എല്ലാ സാഹിത്യങ്ങളും അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരിക്കും. ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് നൽകും. ഓരോ പുസ്തകത്തിന്റെയും മൊത്തം ഉള്ളടക്കം ഉമ്മർ കുട്ടി സാഹിബ് മനസ്സിലാക്കിവെക്കും. എന്നിട്ട് ഓരോരുത്തരുടെയും അഭിരുചി നോക്കി പുസ്തകങ്ങൾ നൽകും. പ്രബോധനം വാരികയുമായി വൈകാരികമായ ബന്ധം തന്നെയാണ് ഉണ്ടായിരുന്നത്. കിട്ടുമ്പോൾ തന്നെ പൂർണമായും വായിച്ചു തീർക്കും. അദ്ദേഹത്തിന്റെ ചിരകാല സ്വപ്നമായിരുന്നു അടിമാലിയിൽ, മൊത്തം മലയോര മേഖലയിൽ സത്യപ്രകാശം പ്രസരിപ്പിക്കുന്ന ഒരു മസ്ജിദ് എന്നത്. അതിന് അനുയോജ്യമായ ഒരു സ്ഥലം കണ്ടപ്പോൾ മൂത്ത മകളുടെ വിവാഹത്തിനായി കരുതിവെച്ച തുക നൽകി രജിസ്ട്രേഷൻ നടത്തിയ ശേഷം (കൂട്ടിന് ഈ ലേഖകനും ഉണ്ടായിരുന്നു) മേഖലാ നാസിം സി.ടി സാദിഖ് മൗലവി സന്ദർശത്തിനായി വന്നപ്പോൾ വിവരം ധരിപ്പിച്ചു. ഹിറാ മസ്ജിദ് ഉദ്ഘാടന ശേഷം അടിമാലിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ ഇസ്ലാമിക ഉണർവ്, മസ്ജിദ് ഒരു അനിവാര്യതയായിരുന്നു എന്ന് തെളിയിക്കുന്നു.

ദഅ് വത്ത് നഗർ സമ്മേളനത്തിന് സ്വന്തം നിലയ്ക്ക് ഒരു ബസ് അദ്ദേഹം ഏർപ്പാടാക്കിയിരുന്നു. ഇസ്ലാമിയാ കോളേജുകളിൽ പ്രവേശനം നടക്കുമ്പോൾ, ഹൈറേഞ്ചിന്റെ മലമടക്കുകളിൽ പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് അഡ്മിഷൻ തരപ്പെടുത്തി അവരുടെ മുന്നോട്ടുള്ള പഠനത്തിന് എല്ലാ സഹായവും ചെയ്യുമായിരുന്നു. ഇന്ന് പ്രബോധന രംഗത്തുള്ള പണ്ഡിതന്മാരും നേതാക്കളുമൊക്കെ അക്കൂട്ടത്തിലുണ്ട്. അടിമാലിയിലെ ചുറ്റു പ്രദേശങ്ങളായ പത്താം മൈൽ, ഇരുമ്പുപാലം, വെള്ളത്തൂവൽ, ആനച്ചാൽ, രാജകുമാരി, ശാന്തമ്പാറ, മാങ്കുളം ഇവിടെയൊക്കെ ഇസ്ലാമിക പ്രസ്ഥാനത്തിന് വിത്തുകൾ നട്ട പ്രബോധകനായിരുന്നു.
ഭാര്യ നഫീസ. മാധ്യമം ഏരിയാ കോർഡിനേറ്റർ അബ്ദുറഹീം, അനസ്, മറിയം, നജിയ, നിസ എന്നിവർ മക്കളാണ്.
അബ്ദുറബ്ബ് ബാഫഖി തങ്ങൾ അടിമാലി

കെ.വി കാദർ കുട്ടി

ചേന്ദമംഗല്ലൂർ ദേശത്തിന്റെ നവോത്ഥാന പ്രക്രിയയിലും ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പ്രചാരണത്തിലും നിരന്തരമായി പ്രവർത്തിക്കുകയും ഇടറാത്ത ഊർജസ്വലതയോടെ മുക്കാൽ നൂറ്റാണ്ട് ഇതിനൊക്കെയും കാവലിരിക്കുകയും ചെയ്ത കെ.വി കാദർ കുട്ടി സാഹിബ് തന്റെ തൊണ്ണൂറ്റി എട്ടാമത്തെ വയസ്സിൽ പ്രതിഫല ലോകത്തേക്ക് തിരിച്ചുപോയി. ആയിരത്തി തൊള്ളായിരത്തി അമ്പതുകളിൽ തന്നെ കെ.സി അബ്ദുല്ല മൗലവിയിൽ ആകൃഷ്ടനായി ഇസ്ലാമിക പ്രസ്ഥാനത്തിലേക്ക് വന്ന കാദർ കുട്ടി ശാരീരിക വൈവശ്യം തടവിലാക്കും വരെയും പ്രസ്ഥാന പ്രവർത്തനത്തിൽ സമ്പൂർണമായും നിരതനായി. കടുത്ത ദാരിദ്ര്യത്തിലാണ് ഇദ്ദേഹം ജനിച്ചതും ബാല്യ-കൗമാരം പിന്നിട്ടതും. അതുകൊണ്ടുതന്നെ നാലാം തരത്തിൽ പഠനം ഉപേക്ഷിച്ച് കാദർ കുട്ടി കായികാധ്വാനത്തിലേക്കിറങ്ങി.

കെ.വി കാദർ

പിതാവിനോടൊത്ത് കണ്ടം കൊയ്യാനിറങ്ങിയാണ് ബാല്യത്തിന്റെ അധ്വാന ജീവിതം തുടങ്ങിയത്. കാലം കൊണ്ട് നിരവധി വിതാനങ്ങളിലേക്കാ തൊഴിൽ ജീവിതം ഒഴുകിപ്പരന്നു. കർഷകത്തൊഴിലാളിയായും വഴിവാണിഭക്കാരനായും പെയിന്ററായും കാളവണ്ടിക്കാരനായും അത് മുന്നോട്ടു പോയി. അപ്പോഴും സിരകളിൽ ഇസ്ലാമിക പ്രസ്ഥാനം ഒരാലക്തിക ചൈതന്യമായി തുടി കൊട്ടിക്കൊണ്ടിരുന്നു. തന്റെ നറു യൗവനത്തിലാണ് കെ.സി അബ്ദുല്ല മൗലവിയുടെ കാർമികത്വത്തിൽ ചേന്ദമംഗല്ലൂർ ഗ്രാമത്തിൽ നാനാതരം വൈജ്ഞാനിക സ്ഥാപനങ്ങൾ ഒന്നൊന്നായി ഉയർന്നുവന്നത്. വെറും ഗ്രാമീണ തൊഴിലാളി മാത്രമായിരുന്ന ഈ യുവാവ് വളരെ പെട്ടെന്ന് ഇതിന്റെയൊക്കെയും പ്രവർത്തകനായി. പ്രസ്ഥാന പ്രചാരണം അദ്ദേഹത്തിന്റെ വലിയ അഭിലാഷമായിരുന്നു. അദ്ദേഹമതിൽ ആണ്ടു മുഴുകി നിന്നു. പ്രബോധനം പ്രതിപക്ഷ പത്രവും ഇസ്ലാമിക സാഹിത്യങ്ങളുമായി വിദൂര ഗ്രാമ പ്രാന്തങ്ങളിലേക്കദ്ദേഹം നിരന്തരം പ്രസ്ഥാനയാത്രകൾ നടത്തി. അതു മുഖേന നിരവധി പേർ അക്കാലത്ത് ഇസ്ലാമിക പ്രസ്ഥാനത്തിലേക്കാകർഷിക്കപ്പെടുകയും ചെയ്തു.
പ്രസ്ഥാനത്തിന്റെ ആദ്യകാല സാരഥികളിൽനിന്ന് കേട്ടും പിന്നെ സ്വയം പാരായണത്തിൽനിന്ന് സമാഹരിച്ചുമാണീ കൃഷീവലൻ തന്റെ ഇസ്ലാമിക പഠനവും ലോക ബോധവും സമകാലികമാക്കിയത്. തന്റെ ബോധ്യങ്ങളിൽ അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. ചേന്ദമംഗല്ലൂർ ഗ്രാമത്തിന്റെ സർവ നവോത്ഥാന പരിവർത്തനങ്ങളെയും സമർപ്പണംകൊണ്ട് ആദ്യാവസാനം പരിചരിച്ച പൂർവിക സാക്ഷിയായിരുന്നു കെ.വി കാദർ കുട്ടി. വ്യക്തിജീവിതത്തിൽ നിരവധി പ്രതിസന്ധികൾ അദ്ദേഹം നേരിട്ടിട്ടുണ്ട്. ഭാര്യയുടെ മരണം, മകന്റെയും മരുമകന്റെയും അകാല മരണം. അപ്പോഴൊക്കെയും ഉലയാത്ത ആത്മബോധത്തോടെ ജീവിതത്തോട് സമരസപ്പെടാൻ അദ്ദേഹം കാണിച്ച മനോബലം വിസ്മയകരമായിരുന്നു. പ്രസ്ഥാന കുടുംബത്തിലെ ഏറ്റവും മുതിർന്ന പ്രവർത്തകനാണ് തന്റെ ദീർഘമായ സഫല ജീവിതം തീർത്ത് തിരിച്ചുപോയത്. ചില ജീവിതങ്ങൾ പ്രലോഭനങ്ങൾ തന്നെയാണ്. മാഞ്ഞുപോയാലും അത് കാന്തശക്തിയോടെ നമ്മെ ആകർഷിച്ചുകൊണ്ടിരിക്കും.
ഭാര്യ പരേതയായ ഫാത്തിമ. കെ.വി ഹബീബ, കെ.വി ജമീല, കെ.വി അബ്ദുന്നാസർ, കെ.വി റഫീഖ്, മർഹൂം കെ.വി ഇസ്മാഈൽ എന്നിവർ മക്കൾ.
പി.ടി കുഞ്ഞാലി