കേരളത്തിൽ ഈ വർഷം നടന്ന നീറ്റ് പരീക്ഷയിൽ മധ്യകേരളത്തിലെ ഒരു മുസ്‌ലിം പള്ളി വാർത്തകളിൽ ഇടം നേടുകയുണ്ടായി. ആലുവക്കടുത്തുള്ള ശ്രീമൂലനഗരത്തെ ഹിറാ മസ്ജിദാണ് ആ ആരാധനാലയം. പള്ളിക്ക് സമീപമുള്ള ഒരു വിദ്യാലയത്തിൽ നീറ്റ് പരീക്ഷ നടക്കുകയാണ്. പരീക്ഷക്ക് കുട്ടികളുമായി എത്തിയ രക്ഷിതാക്കൾക്ക് വിശ്രമിക്കാൻ ഇടം നൽകിയത് ഈ പള്ളിയിലായിരുന്നു. കനത്ത ചൂടിൽ അവർക്ക് എ.സിയുള്ള അകത്തെ പള്ളി തന്നെ വിശ്രമിക്കാൻ നൽകി. കാലത്ത് മുതൽ വൈകുന്നേരം വരെ പള്ളി ഭാരവാഹികളുടെ അതിഥികളായി അവരവിടെ കഴിച്ചുകൂട്ടി. അവർക്ക് വെള്ളവും ഭക്ഷണവും നൽകി. പിരിഞ്ഞു പോകുമ്പോൾ അവരുടെ ആത്മാർഥമായ വാക്കുകൾ ഏറെ വികാര നിർഭരമായിരുന്നു. യഥാർഥ കേരള സ്റ്റോറി ഇതാണെന്നൊക്കെ അവർ പ്രതികരിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കമ്മിറ്റിക്കാർ ഇത് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അവിടെ അതിഥികളായി എത്തിയ നൂറുകണക്കിന് ഇതര മതസ്ഥർക്ക് ഇസ്‌ലാമിന്റെ സാഹോദര്യ സന്ദേശം നൽകാൻ ഈ ഒറ്റ പ്രവൃത്തികൊണ്ട് സാധ്യമായി. നൂറു കണക്കിന് പ്രഭാഷണങ്ങളെക്കാളും പുസ്തകങ്ങളെക്കാളും ഹൃദയങ്ങളിലേക്ക് ഇസ്‌ലാമിന്റെ സന്ദേശം കൈമാറാൻ ഈ പ്രവൃത്തികൊണ്ട് സാധിച്ചു. കഴിഞ്ഞ പ്രളയ സമയത്തും ഈ പള്ളി ഒരു അഭയ കേന്ദ്രമായി മാറിയിരുന്നു. അന്ന് മേജർ രവിയെപ്പോലെയുള്ള ആളുകൾ, തങ്ങൾ ഇസ്‌ലാമിനെ കുറിച്ചു വെച്ചുപുലർത്തിയിരുന്ന തെറ്റിദ്ധാരണകൾ നീങ്ങാൻ പ്രളയകാലത്തെ ആ ക്യാമ്പ് ഉപകരിച്ചുവെന്ന് പിന്നീട് അനുസ്മരിക്കുകയുണ്ടായി.
ആരാധനാലയങ്ങൾ മനുഷ്യന്റെ പ്രശ്നങ്ങൾ കൈയാളുന്ന കേന്ദ്രങ്ങളാകണമെന്ന് നമ്മെ പഠിപ്പിച്ചത് പ്രവാചകനാണ്. എന്നാലിപ്പോൾ വൻ തുകകൾ ചെലവഴിച്ച് നിർമിക്കപ്പെടുന്ന പള്ളികൾ പലതും വിശ്വാസി സൗഹൃദം പോലും ആകുന്നില്ല. കണ്ണഞ്ചിപ്പിക്കുന്ന മിനാരങ്ങളും കൊത്തുപണികളുമുള്ള കെട്ടിടം സൗന്ദര്യം കൊണ്ട് ആരെയും ആകർഷിക്കും. പക്ഷേ, വിശ്വാസികൾക്ക് പോലും അവ അഭയ കേന്ദ്രങ്ങളാകുന്നില്ല. വിശ്വാസികളുടെ വഖ്ഫുകൾ ഉപയോഗപ്പെടുത്തി നിർമിക്കുന്ന ഈ രമ്യഹർമ്യങ്ങൾ ഏതാനും പേരുടെ താൽപര്യങ്ങൾക്കനുസരിച്ചാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
ടൗൺ കേന്ദ്രീകരിച്ചുള്ള പല പള്ളികളും വിശ്വാസികൾക്ക് പോലും പലപ്പോഴും ഉപയോഗപ്പെടാവുന്ന രീതിയിലല്ല സംവിധാനിച്ചിരിക്കുന്നത്. വിശ്വാസികളായ യാത്രക്കാർ ധാരാളം വന്നുപോകുന്ന ടൗണുകളിലുള്ള പള്ളികളിലെ സൗകര്യങ്ങൾ വളരെ പരിമിതമായ രൂപത്തിലാണ് അവർക്ക് ഉപയോഗിക്കാൻ പറ്റുന്നത്.
കഴിഞ്ഞ നോമ്പിന് കോഴിക്കോട് സിറ്റിയിലെ ഒരു പള്ളിയിൽ ളുഹ്ർ നമസ്കാരത്തിന് പോയപ്പോൾ ഉണ്ടായ അനുഭവം ഏറെ അസ്വസ്ഥതയുണ്ടാക്കി. ഉച്ചക്ക് ളുഹ്ർ ജമാഅത്ത് കഴിഞ്ഞതിന് ശേഷമാണ് പള്ളിയിലെത്തിയത്. അകത്തെ മെയിൻ പള്ളിയിൽ ളുഹ്ർ നമസ്കാരം കഴിഞ്ഞ് അല്പം വിശ്രമിക്കാൻ ഇരുന്നതായിരുന്നു. കഠിന ചൂടുള്ള വേനലിലായിരുന്നു അത്. എ.സിയുള്ള ഭാഗമാണെങ്കിലും ളുഹ്ർ ജമാഅത്ത് കഴിഞ്ഞ ഉടനെ അത് ഓഫാക്കിയിരുന്നു. ധാരാളം പേർ നമസ്കാരത്തിന് വന്നുകൊണ്ടിരുന്നു. നമസ്കാരം കഴിഞ്ഞ എല്ലാവരോടും പുറത്തുപോകാൻ ഇമാം വന്ന് പറഞ്ഞു.
എല്ലാവരെയും പുറത്താക്കി അദ്ദേഹം മെയിൻ പള്ളി പൂട്ടി പുറത്തേക്ക് പോയി. പിന്നീട് വന്നവരും അല്പം വിശ്രമിക്കാൻ വന്നവരും വളരെ ഇടുങ്ങിയ പുറത്തെ പള്ളിയിൽ തിക്കിത്തിരക്കി നിന്ന് നമസ്കരിക്കുന്നതു കണ്ട് ഞാൻ ദുഃഖത്തോടെ സ്ഥലം വിട്ടു. വിശാലമായ ഈ പള്ളികളിലെ സൗകര്യങ്ങൾ ഉപയോഗിക്കാൻ വിശ്വാസികളെ പോലും അനുവദിക്കാത്തത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. പള്ളികളിൽ എ.സി സൗകര്യം കൂടി സ്ഥാപിച്ചതോടെ മെയിൻ പള്ളി നമസ്കാരം കഴിഞ്ഞ് ഉടൻ പൂട്ടിയിടുന്ന പ്രവണത കൂടിവരികയാണ്.
മലബാറിലെ ഒരു ഇസ്‌ലാമിക സ്ഥാപനത്തിൽ ഒരു ക്യാമ്പ് നടന്നപ്പോൾ ക്യാമ്പംഗങ്ങൾക്ക് താമസിക്കാൻ പള്ളിയാണ് സൗകര്യപ്പെടുത്തിയിരുന്നത്. സാധാരണ പള്ളിയുടെ ഗ്രൗണ്ട് ഭാഗം അടക്കം 3 നിലകളാണ് സൗകര്യം ചെയ്തുവന്നിരുന്നത്. എന്നാൽ, ഇപ്രാവശ്യം താഴ്ഭാഗം അടച്ചിട്ട് മുകൾ ഭാഗം മാത്രമാണ് താമസക്കാർക്ക് നൽകിയത്. അതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ താഴത്തെ പള്ളിയിൽ എ.സി സ്ഥാപിച്ചത് കാരണമാണ് ആ ഭാഗം താമസിക്കാൻ വിട്ടു നൽകാതിരുന്നത് എന്നാണ് മറുപടി. വാസ്തവത്തിൽ ആ സൗകര്യം കൂടി ക്യാമ്പംഗങ്ങൾക്ക് നൽകുകയായിരുന്നു വേണ്ടിയിരുന്നത്.
പള്ളിയോട് അനുബന്ധിച്ചുള്ള ശൗചാലയങ്ങൾ വിശ്വാസികൾക്ക് പോലും മതിയായ രീതിയിൽ ഉപയോഗിക്കാൻ കൊടുക്കാതെ പൂട്ടിയിട്ടിരിക്കുന്നത് മിക്ക പള്ളികളിലും കാണാം. യാത്രക്കാർ കൂടുതൽ വരുന്ന ടൗൺ പള്ളികളിലും റോഡുകളുടെ അരികിലുള്ള പള്ളികളിലും ഈ സൗകര്യം വളരെ പരിമിതമായി മാത്രം തുറന്നുകൊടുക്കുന്ന അവസ്ഥയാണുള്ളത്. ആരെങ്കിലും ഒക്കെ അത് ദുരുപയോഗം ചെയ്യും എന്നാണ് കാരണം പറയുക. അങ്ങനെ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ വൃത്തിയാക്കാൻ നിശ്ചയിക്കപ്പെട്ടവർ അത് വൃത്തിയാക്കുകയാണ് വേണ്ടത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഉണ്ടാക്കിയ സൗകര്യങ്ങൾ പൊതുജനത്തിന് ഉപയോഗിക്കാൻ പറ്റുന്നില്ലെങ്കിൽ ഇത് വഖ്ഫ് പണത്തിന്റെ ദുരുപയോഗമാണ്. പള്ളിയിലെത്തുന്ന ആർക്കെങ്കിലും അടിയന്തരമായി ടോയ്ലറ്റിൽ പോകേണ്ടി വന്നാൽ താക്കോൽ കൈവശം വെച്ച ഇമാമിനെ തേടി നടക്കേണ്ട അവസ്ഥ പല പള്ളികളിലും കാണാം.
രാത്രികളിൽ പള്ളികൾ അടച്ചു പോകുമ്പോൾ മൂത്രമൊഴിക്കാനുള്ള ഒരു സൗകര്യമെങ്കിലും പുറത്ത് സജ്ജീകരിക്കാത്ത നിരവധി പള്ളികൾ കേരളത്തിലുണ്ട്. പ്രത്യേകിച്ച്, യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്ന ടൗൺ പള്ളികൾ വരെ ഇശാ നമസ്കാരം കഴിഞ്ഞാൽ താഴിട്ട് പൂട്ടി പോകുന്നത് പതിവാണ്. തിരക്കുള്ള ബസ് സ്റ്റാന്റുകൾ, റെയിൽവെ സ്റ്റേഷനുകൾ എന്നിവക്ക് അടുത്തുള്ള പള്ളികൾ വരെ 9 മണിക്ക് ശേഷം ഉപയോഗിക്കാൻ പറ്റാത്ത രൂപത്തിൽ അടച്ചിടുന്നത് കാണാം. മനുഷ്യ സൗഹൃദം പോയിട്ട് വിശ്വാസി സൗഹൃദം പോലും ആകുന്നില്ല ഇവിടത്തെ ആരാധനാലയങ്ങൾ.
പള്ളികൾ ആരോഗ്യ സൗഹൃദങ്ങളാകണം
ആരോഗ്യ സംരക്ഷണത്തിന് വളരെ പ്രാധാന്യം ലഭിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ എന്നതാണല്ലോ പ്രമാണം. വിദ്യാർഥികളും യുവാക്കളും പ്രായമായവരും വ്യായാമത്തിന് വലിയ മുൻഗണന നൽകിവരുന്നുണ്ട്. സർക്കാരും അതിന് പ്രോത്സാഹനം നൽകിക്കൊണ്ടിരിക്കുന്നു. നമ്മുടെ പള്ളികളിൽ തന്നെ ഇതിനുള്ള സംവിധാനം ഒരുക്കിയാൽ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം പള്ളികളും സജീവമാകും. സ്ഥലമുള്ള പള്ളികളിൽ പ്രത്യേകം ഷെഡ് കെട്ടി ഫിറ്റ്നസ് സെന്റർ സ്ഥാപിക്കാം. സ്ഥലമില്ലാത്ത പള്ളികളിലെ മുകൾ ഭാഗങ്ങൾ ഇതിനായി ഉപയോഗിക്കാം. സ്പോൺസർഷിപ്പിലൂടെയോ പ്രത്യേക ഫണ്ട് ശേഖരിച്ചോ മികച്ച ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങിക്കുക. അതിന് അത്യാവശ്യ ട്രെയ്്നിംഗ് നൽകുന്നതിന് പള്ളിയിലെ ജീവനക്കാരെ സജ്ജരാക്കാം. നല്ല നിലയിൽ കൊണ്ടുപോവുകയാണെങ്കിൽ പള്ളിക്ക് ഒരു വരുമാന മാർഗവും ആകും.
സമയക്രമീകരണമുണ്ടായാൽ വളരെയധികം പേരെ ഇത് ആകർഷിക്കും. പ്രായഭേദമന്യേ എല്ലാവർക്കും പരിശീലനം നേടാൻ പറ്റണം. സ്വുബ്ഹിക്ക് മുമ്പും, ശേഷവും മറ്റു നമസ്കാരങ്ങളോട് അനുബന്ധിച്ചും ഓരോരുത്തർക്ക് വേണ്ട സമയം നിശ്ചയിച്ചു കൊടുക്കാം. സ്ത്രീകൾക്കും പ്രത്യേകം സമയം നിശ്ചയിച്ച് നൽകാം. ഈ സംവിധാനം വരുന്നതോടെ പള്ളികൾ എല്ലാ സമയവും സജീവമാകും. യുവാക്കളെയും വിദ്യാർഥികളെയും പള്ളിയുമായി അടുപ്പിക്കാനും ഇത് ഉപകരിക്കും. ഒരു മിനിമം ഫീസ് ഈടാക്കണം. അതിൽ ചിലർക്ക് ഇളവ് നൽകുകയും ചെയ്യാം. ഇൻസ്ട്രക്ടറായി നിയമിക്കുന്നവർ പള്ളിയുടെ കാര്യം കൂടി നോക്കിനടത്താൻ പറ്റുന്നവരാണെങ്കിൽ മോശമല്ലാത്ത വേതനം നൽകാനും പറ്റും. അങ്ങനെ എല്ലാ നല്ല കാര്യങ്ങൾക്കും നേതൃത്വം നൽകാൻ ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഇതു വഴി സാധിക്കും.
സ്ഥലമുള്ള പള്ളികളാണെങ്കിൽ വിവിധ തരത്തിലുള്ള കോർട്ടുകൾ സജ്ജീകരിക്കാം. ബാഡ്മിന്റൺ കോർട്ടുകൾ, വോളിബോളും ബാസ്ക്കറ്റ് ബോൾ കോർട്ടുകളും ശാസ്ത്രീയമായി തന്നെ സംവിധാനിക്കാവുന്നതാണ്. (മദ്റസകളുള്ളവർ അതിലെ ഗ്രൗണ്ടുകൾ ഇതിനായി ഉപയോഗിച്ചാൽ മദ്റസാ വിദ്യാർഥികൾക്കും അതുപയോഗിക്കാൻ പറ്റും).
സ്ഥലം കൂടുതലുള്ള പള്ളികൾക്ക് ഫുട്ബോളിനും ക്രിക്കറ്റിനും നല്ലൊരു ടർഫും നിർമിക്കാവുന്നതാണ്. യുവാക്കൾ കൂടുതലും വഴിതെറ്റുന്നത് പുറത്തു പോയി കളിക്കാൻ കൂട്ടുകൂടുമ്പോഴാണ്. കളിക്കാനും കൂട്ടുകൂടാനും പള്ളികൾ കേന്ദ്രീകരിച്ച് അവസരം ഉണ്ടാകുമ്പോൾ അവരെ നന്മയുടെ മാർഗത്തിലേക്ക് കൊണ്ടുവരാൻ പറ്റും.
പള്ളികൾ പരിസ്ഥിതി സൗഹൃദങ്ങളാവുക
പരിസ്ഥിതി സംരക്ഷണത്തിന് ഏറ്റവും അധികം പ്രാധാന്യം കൊടുക്കുന്ന മതമാണ് ഇസ്‌ലാം. ഹരിത വത്കരണം അതിൽ പ്രധാനപ്പെട്ട ഒന്നാണ്. പള്ളികളോടനുബന്ധിച്ച് നല്ല പൂന്തോട്ടവും കൃഷിത്തോട്ടവും ഉണ്ടാവുക എന്നത് കൺകുളിർമ നൽകുന്ന അനുഭവമായിരിക്കും. സ്ഥലമുള്ള പള്ളികളാണെങ്കിൽ പള്ളിയുടെ മുൻഭാഗവും മറ്റു ഭാഗങ്ങളും ശാസ്ത്രീയമായി തന്നെ ചെടികൾ വെച്ചു പിടിപ്പിക്കുക. പച്ചക്കറി വളർത്തുന്നതിന് പ്രത്യേക മേഖല ഉപയോഗപ്പെടുത്താം. സ്ഥലമില്ലാത്തവർ പള്ളിയുടെ മട്ടുപ്പാവ് കൃഷിക്കായി ഉപയോഗിക്കാം. എത്ര ചെറിയ ചെറിയ വീടുകളിലാണ് മട്ടുപ്പാവ് കൃഷി വളരെ ഭംഗിയായി ചെയ്തുവരുന്നത്. നല്ല ഇനം വിത്തുകൾ ഉപയോഗപ്പെടുത്തി കൃഷി നടത്തിയാൽ അതിന്റെ വിളവുകൾ ഓരോ വെള്ളിയാഴ്ചയും ലേലം ചെയ്താൽ നല്ലൊരു വരുമാനവുമായി. വാങ്ങുന്നവർക്ക് വിഷമടിക്കാത്ത ജൈവ പച്ചക്കറി ലഭിക്കുകയും ചെയ്യും. ദിവസേന വുദൂവിനും മറ്റും ഉപയോഗിക്കുന്ന ആയിരക്കണക്കിന് ലിറ്റർ വെള്ളം ശേഖരിച്ച് കൃഷിക്ക് ഉപയോഗിക്കാം. വെറുതെ കളയുന്ന വെള്ളം പ്രത്യേക ടാങ്കിൽ നിക്ഷേപിച്ച് ഡ്രിപ്പ് ഇറിഗേഷൻ വഴി ചെടികളിലെത്തിക്കാൻ അധികം മുതൽമുടക്കൊന്നും ആവശ്യമില്ല. സ്വുബ്ഹിക്ക് പള്ളിയിൽ വരുന്നവരെക്കൊണ്ട് അൽപ നേരം തോട്ട പരിചരണം നടത്തിയാൽ അവർക്കും അതൊരു റിലാക്സാകും.
പള്ളികൾ ശിശു സൗഹൃദങ്ങളാക്കുക
ഭാവി പൗരൻമാരായ കുട്ടികൾക്ക് കാര്യമായ പരിഗണന നൽകാൻ ഇപ്പോൾ എല്ലായിടത്തും നിഷ്കർഷിക്കാറുണ്ട്. മിക്ക മുസ്‌ലിം രാജ്യങ്ങളിലും രക്ഷിതാക്കളോടൊപ്പം പള്ളിയിൽ വരുന്ന കുട്ടികൾക്ക് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്താറുണ്ട്. കുട്ടികൾക്ക് പള്ളിയിൽ കളിക്കാനും വിശ്രമിക്കാനും പ്രത്യേകം സൗകര്യങ്ങൾ ഉണ്ടാവും. പള്ളിക്ക് പുറത്ത് കുട്ടികളുടെ വിശാലമായ പാർക്ക് വരെ പള്ളികളോടനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ചെറുപ്പം മുതൽ കുട്ടികൾക്ക് പള്ളികളോട് ഒരു അറ്റാച്ച്മെന്റ് വളർന്നുവരും. നമ്മുടെ അധിക പള്ളികളിലും കുട്ടികളെ മെയിൻ പള്ളികളിൽനിന്ന് മാറ്റിനിർത്തുന്നത് പതിവാണ്. വലിയവരുടെ നമസ്കാരത്തെ ശല്യപ്പെടുത്തുന്ന കുട്ടികളെ പള്ളിയിൽ കൊണ്ടു വരരുതെന്ന് രക്ഷിതാക്കളെ ശാസിക്കുന്ന കമ്മിറ്റി ഭാരവാഹികൾ വരെയുണ്ട്. എന്റെയൊക്കെ ചെറുപ്പത്തിൽ, അകത്തെ പള്ളിയിൽ കയറിയാൽ മുഅദ്ദിൻ എല്ലാവരെയും വലിയ വടിയെടുത്ത് അടിച്ച് ഓടിക്കുമായിരുന്നു. ശബ്ദമുണ്ടാക്കുന്ന കുട്ടികളെ പരസ്യമായി ശാസിക്കുന്നത് പല സ്ഥലത്തും പതിവാണ്. കുട്ടികളുടെ മനസ്സിൽ പള്ളികളോടും മത ചിഹ്നങ്ങളോടും വെറുപ്പ് രൂപപ്പെടാൻ ഇതൊക്കെ കാരണമാകുന്നുണ്ട്. കുട്ടികളോട് കാരുണ്യത്തോടെ പെരുമാറണമെന്നും, പ്രവാചകൻ നമസ്കരിക്കുമ്പോൾ പേരക്കുട്ടികൾ കഴുത്തിൽ കയറി കളിച്ചിരുന്നതുമൊക്കെ പ്രസംഗത്തിൽ ഇവർ പറയുമെങ്കിലും പ്രായോഗികമായി അത് നടപ്പാക്കുകയില്ല.
പള്ളികൾ സ്ത്രീ സൗഹൃദങ്ങളാവുക
കേരളത്തിലെ പുരോഗമനപ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള പള്ളികളിലാണ് സ്ത്രീകൾക്ക് ആരാധനകൾക്ക് സൗകര്യമുള്ളത്.
പല പള്ളികളിലും സ്ത്രീകൾക്കായി ഒരുക്കിയ നമസ്കാരത്തിനുള്ള സൗകര്യം, അവരെ ഒരു മൂലയിൽ ഒതുക്കുന്ന തരത്തിലാണ്. വളരെ ഇടുങ്ങിയ വഴികളിലൂടെ ഒരു ഗുഹയിൽ പ്രവേശിക്കുന്നതു പോലെയാണ് സ്ത്രീകൾക്കുള്ള പ്രവേശനം ഒരുക്കിയിരിക്കുന്നത്. അവിടെ ചെന്നാലോ വുദൂ, ശൗചാലയ സൗകര്യങ്ങൾ വളരെ കുറവായിരിക്കും. കൂടുതൽ പേർ വന്നാൽ ക്യൂ നിന്ന് സമയം നഷ്ടമാകും. കൂടുതൽ സ്ത്രീകൾ ഇങ്ങോട്ട് വരേണ്ട എന്ന മനഃസ്ഥിതിയുള്ള പോലെ തോന്നും ഇതിന്റെ നിർമാണം കണ്ടാൽ. പള്ളികളിലേക്ക് വരാൻ പല സ്ത്രീകളും മടിക്കുന്നത് പള്ളികൾ സ്ത്രീ സൗഹൃദങ്ങളല്ലാത്തതുകൊണ്ടാണ്. പുരുഷൻമാർക്ക് വിശാലമായ സൗകര്യമായിരിക്കും ഒരുക്കുക. അതുപോലെ വേണ്ടെങ്കിലും വരുന്നവർക്ക് ആവശ്യത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുക എന്നത് ബന്ധപ്പെട്ടവരുടെ ബാധ്യതയാണ്. വെള്ളിയാഴ്ചയല്ലാത്ത ദിവസം സ്ത്രീകളുടെ ഭാഗം പൂട്ടി താക്കോലുമായി ഇമാം പോയിരിക്കും. പള്ളി തുറന്നുകിട്ടാത്തതിനാൽ സ്ത്രീകൾ നമസ്കരിക്കാതെ തിരിച്ചുപോരേണ്ട അനുഭവം ഉണ്ടായിട്ടുണ്ട്.
സ്ത്രീകൾക്ക് നമസ്കരിക്കാൻ സൗകര്യമൊരുക്കുമ്പോൾ അവരെ മാന്യമായി പരിഗണിക്കുന്ന രീതിയിലായിരിക്കണം ചെയ്യേണ്ടത്. മെയിൻ ഗെയ്റ്റിലൂടെ തന്നെ സ്ത്രീകൾക്ക് പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കുകയും പള്ളിയുടെ ഒരു സൈഡ് അവർക്കായി പ്രത്യേകം മാറ്റിവെക്കുന്ന തരത്തിൽ ക്രമീകരിക്കുകയുമാണെങ്കിൽ അതായിരിക്കും കൂടുതൽ നല്ലത്.ആവശ്യമായ ടോയ്ലറ്റ് സൗകര്യങ്ങളും വുദൂ ചെയ്യാനുള്ള സ്ഥലങ്ങളും സ്ത്രീകൾക്കും ഏർപ്പെടുത്തണം.
അവരുടെ കൈക്കുഞ്ഞുങ്ങൾക്ക് വിശ്രമിക്കാനും അവരെ മുലയൂട്ടുന്നതിനുമുള്ള പ്രത്യേക കോർണറുകളും സ്ത്രീകളുടെ നമസ്കാരസ്ഥലത്ത് ഒരുക്കണം. കുട്ടികളെ ഉറക്കുന്നതിന് തൊട്ടിൽ പോലുള്ള സൗകര്യങ്ങളും ഉണ്ടാകണം.
അങ്ങനെ പള്ളികൾ സ്ത്രീ സൗഹൃദങ്ങളായി മാറിയാൽ കൂടുതൽ പേർ പള്ളിയിൽ വരാൻ തയാറാകും.
കേരളത്തിലെ മിക്ക പള്ളികൾക്കും വിവിധ സംഘടനകൾക്ക് കീഴിലെ കൗൺസിലുകളാണ് മാർഗനിർദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത്. ഇമാമുകൾക്കും ഖത്വീബുമാർക്കും നടത്തിപ്പുകാർക്കും ആവശ്യമായ പരിശീലനങ്ങൾ നൽകിക്കൊണ്ടിരിക്കുന്നുണ്ട്. അതനുസരിച്ചാണ് അവ പ്രവർത്തിക്കുക. എന്നാൽ, ആരാധനാലയങ്ങൾ മനുഷ്യ സൗഹൃദങ്ങളാകാൻ വേണ്ട നിർദേശങ്ങൾ പലപ്പോഴും ഇവർ നൽകുന്നില്ല. ആരെങ്കിലും എന്തെങ്കിലും ഒറ്റപ്പെട്ട് ചെയ്യുന്നുണ്ടെങ്കിൽ പ്രാദേശികമായ ചിലരുടെ ശ്രമഫലമായാണ് അവ നടക്കുക. ഏതായാലും സംഘടനകളുടെ ഒരു ഇടപെടൽ ഈ വിഷയത്തിലുണ്ടായാൽ അത് വലിയൊരു മാറ്റത്തിന് കാരണമാകും. l