സമ്മാനങ്ങൾ ഒരു സമൂഹത്തിലെ ഇടപാടുകളിലെ ഏറ്റവും അടിസ്ഥാനമായ ഒന്നാണ്. ഒരു സമൂഹത്തെ രൂപവത്കരിക്കുന്നതിലും നിലനിർത്തുന്നതിലും അത് വലിയ പങ്കുവഹിക്കുന്നു. കുടുംബം, സമുദായം എന്നിവയൊക്കെ നിലനിർത്തുന്നതിലും രൂപപ്പെടുത്തുന്നതിലും വ്യത്യസ്‍ത നാട്ടുരീതികളിലൂടെയും മറ്റും രൂപപ്പെട്ടുവരുന്ന അനേകം സമ്മാനരീതികൾ ലോകത്ത് എല്ലാ സമൂഹങ്ങളിലും നിലനിൽക്കുന്നുണ്ട്. സ്ത്രീധനം ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന ഒരു സമ്മാന രീതിയാണ്. അത് മേൽജാതി ഹിന്ദു കുടുംബ വിവാഹ സങ്കല്പങ്ങളുമായി ഒത്തുപോകുന്നതും അതിന്റെ ഭാഗവുമാണ്. വിവാഹ വേളയിൽ സ്ത്രീയോടൊപ്പം വധുവീട്ടുകാർ കൊടുത്തയക്കുന്ന സമ്മാനമായാണ് സ്ത്രീധനത്തെ മനസ്സിലാക്കുന്നത്. ഹിന്ദു വിവാഹ സങ്കൽപം അനുസരിച്ച് വിവാഹം ഒരു സ്ത്രീയുടെ ആണിലേക്കുള്ള പവിത്രമായ ലയനവും സ്വഗൃഹത്തിൽനിന്ന് വേർപ്പെട്ട് ഭർത്താവിന്റെ വീട്ടിലേക്കുള്ള പറിച്ചുനടലുമാണ്. വിവാഹം പവിത്രമായ സംയോജനം ആയതിനാൽ തന്നെ വിവാഹത്തോടു കൂടി സ്ത്രീ പുരുഷന്റെ ഭാഗമായിത്തീരുന്നു. ഈ സംയോജനം കാരണം സ്ത്രീയുടെ സ്വകാര്യ സ്വത്തുക്കളുടെ കൈകാര്യം പുരുഷനിലേക്കാണ് മാറ്റപ്പെടുന്നത്.
സ്ത്രീകളുടെ സ്വകാര്യ സ്വത്തുക്കൾ വിവാഹത്തോടു കൂടി ഭർത്താവിന്റെയും കുടുംബത്തിന്റെയും കീഴിലേക്ക് മാറ്റപ്പെടുന്നു.
ഈയൊരു വിവാഹ സങ്കല്പത്തിൽ വധുവിന്റെ വീട്ടുകാരിൽനിന്ന് ഭർത്താവിലേക്കും വീട്ടുകാരിലേക്കും വന്നുചേരുന്ന സമ്മാനമാണ് സ്ത്രീധനം. സ്ത്രീ വിവാഹം വരെ അച്ഛന്റെ സംരക്ഷണത്തിലും വിവാഹ ശേഷം ഭർത്താവിന്റെ കീഴിലുമാണ് ഈ വിവാഹ സങ്കൽപം അനുസരിച്ചു ജീവിക്കേണ്ടത്. സ്ത്രീധനം നൽകുന്നതിനാൽ ഹിന്ദു ആചാരമനുസരിച്ചു പണ്ടു കാലങ്ങളിൽ സ്ത്രീക്ക് അനന്തര സ്വത്തിന് അവകാശം ഉണ്ടായിരുന്നില്ല. വിവാഹത്തോടു കൂടി ഭർത്താവിലേക്ക് ചേരുന്നതിനാൽ ഹിന്ദുസ്ത്രീക്ക് വിവാഹ മോചനവും പുനർ വിവാഹവും പോലും അനുവദിക്കപ്പെട്ടിരുന്നില്ല. ഈയൊരു കുടുംബ സങ്കല്പത്തിൽ, ഭർത്താവ് മരണപ്പെടുമ്പോൾ അനുഷ്ഠിക്കാവുന്ന ഏറ്റവും മഹത്തായ പുണ്യകർമമായി ആചരിച്ചിരുന്നത് വിധവ ഭർത്താവിന്റെ അഗ്നിയിലേക്ക് ചാടി മരിക്കുന്ന സതിയായിരുന്നു. സതി ഏതൊരു കുടുംബ നിയമത്തിന്റെ ഉല്പന്നമാണോ അതിന്റെ തന്നെ ഉല്പന്നമാണ് സ്ത്രീധനവും.
ഇന്ത്യയിലെ എല്ലാ ജാതി-മത സമൂഹങ്ങൾക്കിടയിലും ഇന്ന് സ്ത്രീധനം നിലനിൽക്കുന്നു. ശ്രദ്ധേയമായ കാര്യം, ആധുനിക കാലത്താണ് സ്ത്രീധനം ഇന്ത്യയിൽ ഇത്രത്തോളം വ്യാപകമായത് എന്നതാണ്. കേരളത്തിൽ മുസ്്ലിംകൾക്കിടയിലോ ഹിന്ദു മാതൃദായക കുടുംബങ്ങൾക്കിടയിലോ സ്ത്രീധനം ഇരുപതാം നൂറ്റാണ്ടിനു മുമ്പ് അന്യമായിരുന്നു. ലോകത്തിലെ ഏത് സമ്മാനവും പോലെ തന്നെ സ്ത്രീധനവും, അത് കൈമാറുന്നവർക്കും കൈപറ്റുന്നവർക്കും പലതരം ലക്ഷ്യങ്ങൾ കാണും. ഏറ്റവും അടിസ്ഥാനമായി സ്ത്രീധനം മുന്നോട്ട് വെക്കുന്ന ആശയം സ്ത്രീയെ സ്വഗൃഹത്തിൽനിന്ന് വേർപ്പെടുത്തി ഭർത്താവിലേക്കും അവരുടെ കുടുംബത്തിലേക്കും ചേർക്കുന്നു എന്നതാണ്. സമ്മാനത്തിന്റെ ഫലമായി ഭർത്താവും കുടുംബവും ആ സ്ത്രീയോടുള്ള ഉത്തരവാദിത്വം പൂർണമായി പാലിക്കണമെന്ന ഒരു അലിഖിത കരാർ സ്ത്രീധനത്താൽ രൂപപ്പെടുന്നുണ്ട്. അതിനു പുറമെ സ്ത്രീയുടെ സ്വഗൃഹത്തിലുള്ള സ്വത്തിനു മേലുള്ള അവളുടെ അവകാശം ഭാഗികമായോ പൂർണമായോ റദ്ദ് ചെയ്യപ്പെടുകയും ചെയ്യുന്നു. സ്ത്രീധനം നൽകുന്ന കുടുംബങ്ങൾ അനന്തരാവകാശത്തിൽ ഓഹരി ചോദിക്കുന്നത് ഇന്ത്യയിൽ പലയിടങ്ങളിലും ഇക്കാലത്തും മോശമായാണ് മനസ്സിലാക്കപ്പെടുന്നത്. സുറിയാനി ക്രിസ്ത്യാനികൾ പിന്തുടർന്ന ട്രാവൻകൂർ ക്രിസ്ത്യൻ അനന്തരാവകാശ നിയമമനുസരിച്ചു തന്നെ സ്ത്രീധനം ലഭിച്ച സ്ത്രീക്ക് അനന്തരാവകാശത്തിന് അർഹത ഈയടുത്തു വരെ ഉണ്ടായിരുന്നില്ല. നിയമം മൂലം സ്ത്രീധനം നിരോധിച്ചിട്ടുണ്ടെങ്കിലും കോടതികളും നിയമ പാലകരുമെല്ലാം ഈ ഇന്ത്യൻ ആചാരത്തെ പല തരത്തിൽ ഉൾക്കൊള്ളുന്നുണ്ട്.
സ്ത്രീധനം ഇന്ത്യയിലെ കല്യാണങ്ങളിൽ സ്വാഭാവികമായും നൽകപ്പെടുന്നുണ്ട്. ഈ സമ്മാനത്തിൽ കുറവ് വരുത്തുന്നവർ ഭർത്താവിനോടും കുടുംബത്തോടുമുള്ള വിശ്വാസ്യതയെയും അവരുടെ അഭിമാനത്തെയും ചോദ്യം ചെയ്യുന്നതായി മനസ്സിലാക്കുന്ന ആളുകളാണധികവും. സ്വന്തം മകളോട് തന്നെ അനീതി പ്രവർത്തിച്ചവരായി, സ്ത്രീധനം കൊടുക്കാത്ത മാതാപിതാക്കളെ സമൂഹം കണ്ടുവരുന്നു. അതിനാൽ, പെൺകുട്ടി ജനിക്കുന്നത് മുതൽ സ്ത്രീധനത്തുക സ്വരൂപിക്കാൻ മാതാപിതാക്കൾ നിർബന്ധിതരാകുന്നു. സ്ത്രീധനം വിവാഹത്തിന്റെ ഭാഗമായി കാണുന്ന സമൂഹത്തിൽ, നിർണയിച്ചു വാങ്ങുന്ന സമ്മാനവും നിർണയിക്കാതെ വാങ്ങുന്ന സമ്മാനവും തമ്മിൽ വലിയ വ്യത്യാസങ്ങളില്ല. നിർണയിക്കാതെയാകുമ്പോൾ സ്ത്രീവീട്ടുകാർ ഭർത്താവിന്റെ വീട്ടുകാരുടെ സങ്കല്പങ്ങൾക്കനുസരിച്ച് ഉയരാനുള്ള സമ്മർദം അഭിമുഖീകരിക്കുകയും കൂടുതൽ കൊടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
ഈ സമ്മാനങ്ങൾ സ്ത്രീക്ക് മാത്രം അവകാശമുള്ള സ്വത്തായി മനസ്സിലാക്കുന്നവർ വളരെ അപൂർവമാണ്. അതിന്റെ പൂർണ കൈകാര്യവും ഉടമസ്ഥതയും സ്ത്രീക്ക് നൽകാൻ സഹായകമായ സാഹചര്യവും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നില്ല. ഇത് ഭർത്താവിന് കൈകാര്യം ചെയ്യാനും അന്യാധീനപ്പെടുത്താനും അർഹതയുള്ള മുതലുകളായാണ് മനസ്സിലാക്കുന്നത്. അതിനാൽ, സ്ത്രീധനത്തിന്റെ ഉടമസ്ഥത (ownership) ലഭിക്കുന്നത് പുരുഷന് തന്നെയാണെന്ന് പറയേണ്ടിവരും. സ്ത്രീധന കേന്ദ്രിത വിവാഹം നിലനിൽക്കുന്ന സമൂഹത്തിൽ ആണിന്റെ പദവി തന്നെ നിർണയിക്കുന്നത് അയാൾ എത്രത്തോളം സ്ത്രീധനത്തിന് അർഹനാണ് എന്ന് നോക്കിയാണ്. കുറഞ്ഞ സ്ത്രീധനം സ്വീകരിക്കുന്നവരും കൊടുക്കുന്നവരും സമൂഹത്തിൽ പദവി കുറഞ്ഞവരായി മനസ്സിലാക്കപ്പെടുന്നു. അതിനാൽ, സ്ത്രീധനത്തിലെ ഏറ്റക്കുറച്ചിലുകൾ വീടുകൾ തമ്മിലും വീടുകൾക്കുള്ളിലും നിരന്തരം കലാപം സൃഷ്ടിക്കുന്നു. ഇതിൽ ഏറ്റവും ഇരയാക്കപ്പെടുന്നത് പുതുതായി ഭർത്താവിന്റെ വീട്ടിലേക്ക് കയറിച്ചെല്ലുന്ന പെൺകുട്ടികളാവും. ഭർത്താവിന്റെ കുടുംബത്തിന്റെയും സ്വകുടുംബത്തിന്റെയും മധ്യവർത്തിയായി മാറേണ്ടിവരുന്ന ഗതികേടിലേക്ക് സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവരെ കൊണ്ടെത്തിക്കും. ഇരുകൂട്ടരെയും നഷ്ടപ്പെടുത്താൻ കഴിയാത്ത വിഷമ സന്ധിയിൽ ജീവിതവും മരണവും തമ്മിലുള്ള സംഘർഷം സ്വന്തം കർമഫലമായിട്ടല്ലാതെ, സ്ത്രീധനം കാരണമായിത്തന്നെ ഉടലെടുക്കും. പുതിയ വീട്ടിൽ ഇണങ്ങിച്ചേരാൻ അനുഭവിക്കുന്ന മറ്റനേകം പ്രയാസങ്ങളുടെ കൂടെയാവും പലപ്പോഴുമിത്. വിവാഹത്തെ വലിയ സാമ്പത്തിക കൈമാറ്റവുമായി ബന്ധപ്പെടുത്തിയതിനാൽ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോക്കും അസാധ്യമായിത്തീരും. അത്തരം ഒരു തിരിച്ചുപോക്കിനെ ആരും പിന്തുണക്കാനുണ്ടാവില്ല.
ഇസ്്ലാമിലെ കുടുംബ
സങ്കൽപം
ആയതിനാൽ ഇസ്്ലാമിക കുടുംബ സങ്കല്പത്തിന് തികച്ചും കടക വിരുദ്ധമായ ആശയമാണ് സ്ത്രീധനം എന്ന് പറയേണ്ടി വരും. ഇസ്്ലാമിൽ നികാഹ് എന്നത് രണ്ടു വ്യക്തികൾ തമ്മിലുള്ള കരാറാണ്. ആ കരാർ പൂർണമാകാൻ ഭർത്താവ് സ്ത്രീക്ക് അവൾ ആവശ്യപ്പെടുന്ന സ്വകാര്യ സ്വത്ത് സമ്മാനമായി നൽകണം. ഇത് സ്ത്രീയുടെ ഉടമസ്ഥതയിൽ മാത്രം വരുന്ന മുതലാണെന്ന് ഖുർആൻ കണിശമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. വിവാഹ മോചനം ചെയ്യപ്പെടുന്ന വേളയിൽ പോലും ഇത് തിരിച്ചുകൊടുക്കേണ്ട ബാധ്യത സ്ത്രീക്കില്ല. പ്രവാചകന്റെ കാലത്ത് വലിയ തോട്ടങ്ങൾ പോലും പുരുഷന്മാർ സ്ത്രീകൾക്ക് മഹ്റായി നൽകിയതായി കാണാം.
വിവാഹ വേളയിൽ സ്ത്രീക്ക് സ്വവീട്ടുകാർ വലിയ സാമ്പത്തിക മൂല്യമുള്ള സമ്മാനം നൽകുന്ന സമ്പ്രദായം ഇസ്്ലാമിക സംസ്കാരത്തിലോ ചരിത്രത്തിലോ കാണാൻ കഴിയില്ല. ഇസ്്ലാം വിവാഹമോചനത്തെ അടിയന്തര ഘട്ടത്തിൽ വിലക്കുകയോ പുനർ വിവാഹം പാപമായി കാണുകയോ ചെയ്യുന്നില്ല. ഇസ്്ലാമിക അനന്തര നിയമം അനുസരിച്ച്, വിവാഹം കാരണം മകൾക്ക് അവളുടെ മാതാപിതാക്കളുടെ സ്വത്തിലുള്ള അവകാശത്തിൽ യാതൊരു കുറവും ഉണ്ടാകുന്നില്ല. വിവാഹം കഴിഞ്ഞാലും ഇല്ലെങ്കിലും സ്വന്തം മകൾക്കെതിരായി വസ്വിയ്യത്ത് എഴുതാനും ഇസ്്ലാം അനുവദിക്കുന്നില്ല. പെൺമക്കളുടെ സ്വമാതാപിതാക്കളോടുള്ള കടമകളും വിവാഹത്തോടു കൂടി അവസാനിക്കുന്നില്ല. സ്വഗൃഹത്തിൽനിന്നോ സ്വകുടുംബത്തിൽനിന്നോ ഉള്ള വേർപ്പെടലായി ഇസ്്ലാം വിവാഹത്തെ കണക്കാക്കുന്നില്ല. വിവാഹമോചനം ചെയ്യപ്പെടുന്ന സ്ത്രീയെ സ്വപിതാവും അവളുടെ സ്വകുടുംബവും സംരക്ഷിക്കുകയും ചെലവിന് നൽകുകയും ചെയ്യണമെന്നാണ് ഇസ്്ലാമിന്റെ ശാസന.
തീർച്ചയായും രക്ഷിതാക്കൾക്ക് അവരുടെ മകൾക്ക് ഏത് സന്ദർഭത്തിലും മകന് നൽകുന്ന പോലെ തന്നെ സമ്മാനം നല്കാൻ ഇസ്്ലാമിൽ സ്വാതന്ത്ര്യമുണ്ട്. അതിൽ കൂടുതൽ പരിഗണന മകൾക്ക് നൽകാൻ തന്നെയാണ് റസൂൽ പഠിപ്പിച്ചിരിക്കുന്നത്. എന്നാൽ, സ്ത്രീധനത്തെ ആ ഗണത്തിൽ ഉൾപ്പെടുത്താൻ പറ്റില്ല. സ്ത്രീധനം ആചാരമായി കൊണ്ടുനടന്നാൽ അത് ഇസ്്ലാമിക സങ്കല്പമായ മഹ്റിനെയും ഫറായിദിനെയും, പുരുഷന് സ്വകുടുംബത്തോടുള്ള നിർബന്ധിത സാമ്പത്തിക ഉത്തരവാദിത്വത്തെയും നിസ്സാരവത്കരിക്കും. മകൾക്ക് മാതാപിതാക്കളും മറ്റു രക്തബന്ധുക്കളും നൽകുന്ന സ്വദഖയും സമ്മാനങ്ങളും വിവാഹത്തിന് മുമ്പായും, അല്ലെങ്കിൽ അവൾക്ക് ഭർത്താവിന്റെ വീട്ടിൽ അത്തരം സമ്മാനങ്ങളിൽ പൂർണ കർതൃത്വവും ഉടമസ്ഥതയും സാധ്യമാകുന്ന സന്ദർഭങ്ങളിലും നൽകുന്നതാവും അനുയോജ്യം. വീട് നിർമാണം, സംരംഭകത്വം, വിദ്യാഭ്യാസം തുടങ്ങിയ സ്ത്രീയുടെ അഭിമാനകരമായ ജീവിതത്തിനു തകുന്ന സഹായങ്ങൾ വിവാഹത്തിന് മുമ്പും വിവാഹ ശേഷവുമുള്ള ഗുണഫലം കൃത്യമായി അനുഭവിക്കാവുന്ന സന്ദർഭങ്ങളിലേക്ക് മാറ്റിവെക്കണം. അത്തരം സഹായങ്ങൾ, ആൺമക്കളിലേക്ക് മാത്രമായി മാതാപിതാക്കളുടെ സ്വത്ത് പരിമിതപ്പെടുത്തുന്നത് തടയുകയും മകളോടുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ സഹായിക്കുകയും ചെയ്യും.
വലിയ അളവിലുള്ള സമ്മാനങ്ങൾ നൽകി ‘കെട്ടിച്ചയക്കുന്ന’ വിവാഹങ്ങൾ ഇല്ലാതാക്കാൻ മുസ്്ലിംകൾ ഒറ്റക്കെട്ടായി തീരുമാനിക്കണം. ഒറ്റയ്ക്കുള്ള ശ്രമങ്ങൾ സമൂഹത്തിൽ പ്രചാരം നേടിയ ഒരു ആചാരത്തെ നിർമാർജനം ചെയ്യാൻ പര്യാപ്തമല്ല. കൂടാതെ, വിവാഹം ഇസ്്ലാമിൽ മുറിക്കാൻ പറ്റാത്ത കെട്ടായി മാറിയാൽ അത് ഇസ്്ലാമിക കുടുംബ വ്യവസ്ഥയെയും വിവാഹ സങ്കല്പത്തെയും അട്ടിമറിക്കും. അതിന്റെ ഇരകൾ സ്ത്രീകൾ തന്നെ ആയിരിക്കുകയും ചെയ്യും. "എന്ത് കുറ്റത്തിന് ആ പെൺകുട്ടി കൊല്ലപ്പെട്ടു" എന്ന പരലോക വിചാരണ അഭിമുഖീകരിക്കുന്നതിൽനിന്ന് ഒരു സമുദായമെന്ന നിലയിൽ ഒഴിവാകാൻ മഹ്ർ കേന്ദ്രിത ഇസ്്ലാമിക വിവാഹം മുസ്്ലിംകൾ ഉയർത്തിപ്പിടിക്കുകയും, സ്ത്രീധന കേന്ദ്രിത വിവാഹം അവർ ഉപേക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. l