عَنْ أَبِي صَلاح الزيات أَنه سَمِع أَبا هُرَيْرَة رَضِي الله عَنْه يَقُول: قَالَ رَسُول الله صلّى الله عَلَيْه وَسلّم: قَالَ الله: كُلُّ عَمَلِ ابْنِ آدَمَ له إلَّا الصِّيَامَ، فإنَّه لي وأَنَا أجْزِي به، والصِّيَامُ جُنَّةٌ، وإذَا كانَ يَوْمُ صَوْمِ أحَدِكُمْ فلا يَرْفُثْ ولَا يَصْخَبْ، فإنْ سَابَّهُ أحَدٌ أوْ قَاتَلَهُ، فَلْيَقُلْ إنِّي امْرُؤٌ صَائِمٌ والذي نَفْسُ مُحَمَّدٍ بيَدِهِ، لَخُلُوفُ فَمِ الصَّائِمِ أطْيَبُ عِنْدَ اللَّهِ مِن رِيحِ المِسْكِ. لِلصَّائِمِ فَرْحَتَانِ يَفْرَحُهُمَا: إذَا أفْطَرَ فَرِحَ، وإذَا لَقِيَ رَبَّهُ فَرِحَ بصَوْمِهِ.
(صحيح البخاري 1904)
അബൂഹുറയ്റ (റ) പറയുന്നത് കേട്ടതായി അബൂസ്വലാഹ് അസ്സയ്യാത് ഉദ്ധരിക്കുന്നു. നബി (സ) അരുൾ ചെയ്തു: "അല്ലാഹു പറഞ്ഞിട്ടുണ്ട്: മനുഷ്യന്റെ സകല കർമങ്ങളും അവന്റേത് തന്നെയാകുന്നു, നോമ്പ് ഒഴികെ. അത് എനിക്കുള്ളതാണ്. അതിന് പ്രതിഫലം നൽകുന്നതും ഞാൻ തന്നെ. ഈ വ്രതം ഒരു പരിചയാകുന്നു. നിങ്ങളിൽ ഒരാളുടെ നോമ്പു ദിനം അയാൾ സഭ്യേതര വാക്കുകൾ ഉപയോഗിച്ചു കൂടാ. തർക്കവും അട്ടഹാസവും പാടില്ല. ഒരാൾ അദ്ദേഹത്തോട് ശണ്ഠക്കോ, അധിക്ഷേപം ചൊരിയാനോ മുതിർന്നാൽ അയാൾ പറയട്ടെ: 'ഞാൻ നോമ്പുകാരനാകുന്നു'. മുഹമ്മദിന്റെ ജീവൻ ആരുടെ കൈയിലാണോ അവനാണേ, ഉറപ്പ്! നോമ്പുകാരന്റെ വായിനുണ്ടാവുന്ന പകർച്ച അല്ലാഹുവിന്റെ അടുത്ത് കസ്തൂരിയുടെ സുഗന്ധത്തെക്കാൾ വിശിഷ്ടമാകുന്നു. നോമ്പുകാരന് സന്തോഷിക്കാൻ രണ്ട് അവസരങ്ങളുണ്ട്. നോമ്പ് തുറന്നാൽ അവന് സന്തോഷമായി. തന്റെ നാഥനെ കണ്ടുമുട്ടിയാൽ നോമ്പ് മൂലം അവൻ ആനന്ദം കൊള്ളുകയായി" (സ്വഹീഹുൽ ബുഖാരി 1904).
അനുഗ്രഹപ്പെരുമഴയുമായി റമദാൻ വരികയാണ്. പ്രപഞ്ചത്തിന്റെ യാഥാർഥ്യം വിളംബരം ചെയ്ത, മനുഷ്യന്റെ ജീവിത ലക്ഷ്യം വരച്ചിട്ട വിശുദ്ധ ഖുർആന്റെ വാർഷിക ആഘോഷമായി. ഭക്തിയുടെ ചട്ടക്കൂടും മുക്തിയുടെ രഹസ്യവും ആ ദിവ്യാജ്ഞകളുടെ അതിരെതിരുകളുടെ സ്വീകാര-തിരസ്കാരങ്ങളിലാണെന്ന വിളംബരമായി. പകലിൽ നിശ്വാസത്തിൽ പോലും വ്രതശുദ്ധി ആവാഹിച്ചും ഇരവിൽ ഖുർആൻ ആശയങ്ങളുടെ നിലാപ്രഭ കൊണ്ട് മനവും തനുവും ദീപ്തമാക്കിയും വിശ്വാസി റമദാനെ വരവേൽക്കുന്നു.
തന്റെ സാധാരണ പ്രവർത്തനങ്ങളും ഇബാദത്തുകളും കർമരീതി വെച്ച് വിലയിരുത്താനും മാർക്കിടാനും ഒരു വേള മനുഷ്യന്നും സാധിച്ചേക്കും. പിന്നിലെ ചേതോവികാരവും മുന്നിലെ ഫലത്തിന്റെ വണ്ണവും ഊഹിക്കാനായേക്കും. "മനുഷ്യന്റെ സദ്ചെയ്തികളെല്ലാം നന്മയെ അതിന്റെ പത്തിരട്ടിയോ അതിലപ്പുറം എഴുനൂറ് ഇരട്ടിയോ ആക്കി പെരുപ്പിക്കുന്നു" (മുസ്‌ലിം) എന്ന തിരുവചനം അതാണ് സൂചിപ്പിക്കുന്നത്. പക്ഷേ, നോമ്പ് അങ്ങനെയല്ല! അത് അല്ലാഹുവിന്റേതാണ്. അതിന്റെ പ്രതിഫലം എത്രയാണെന്ന അളവും അറിവും അവനു മാത്രമേയുള്ളൂ. മലക്കുകൾക്കു പോലും അതറിയില്ല. അതാണ് അതിന്റെ മഹത്വം. നബി (സ) പറഞ്ഞു: "നീ നിഷ്ഠയോടെ നോമ്പ് അനുഷ്ഠിക്കുക. അതിന് സമാനമായി യാതൊന്നുമില്ല" (അഹ്‌മദ്, നസാഈ).
നോമ്പൊരു പരിചയാണ്. ആക്രമണത്തെ പ്രതിരോധിക്കാൻ യോദ്ധാക്കളുടെ അവലംബമാണ് പരിച. വിശ്വാസിക്ക് തെറ്റുകളിൽനിന്ന് ഈ ലോകത്തും നരകത്തിൽനിന്ന് പരലോകത്തും സംരക്ഷണം നൽകുന്ന രക്ഷാകവചമാണ് നോമ്പ്. തെറ്റു ചെയ്യാൻ തുനിയുന്നതിൽ നിന്ന് നോമ്പോർമ അവനെ തടയുന്നു. ആസക്തികളുടെ ഉൽപന്നമാണ് തെറ്റുകൾ. ആസക്തികൾ വരുതിയിലാവുന്നതോടെ തെറ്റുകളിൽനിന്ന് മനുഷ്യന് മോചനം കിട്ടുന്നു. ഇബ്നുൽ അറബി പറയുന്നു: "ആസക്തികളിൽ നിന്നുള്ള നിയന്ത്രണം ആയതിനാലാണ് നോമ്പ് നരകത്തിൽനിന്നുള്ള കവചമാവുന്നത്. നരകം വലയം ചെയ്യുന്നത് ആസക്തികളെയാണ്." മനുഷ്യ പ്രകൃതിയെ പാപബന്ധിതമാക്കുന്ന ആസക്തികളിൽ പ്രധാനം ഉദരപൂജയും ഭോഗതൃഷ്ണയും തന്നെ. അവയുടെ കൈയടക്കം കിട്ടുന്നതോടെ വ്യക്തിയുടെ ധർമനിഷ്ഠ വളരുന്നു. തെറ്റുകൾക്ക് ഭേദിക്കാനാവാത്ത സുരക്ഷാവലയം അവനെ പൊതിയുന്നു. ഈ പരമാർഥം ഗ്രഹിക്കാത്തവരെ പറ്റിയാണ് 'വിശപ്പ് ഒഴികെ ഒന്നും നേടാത്ത എത്ര നോമ്പുകാരുണ്ട്?' എന്ന് നബി ചോദിച്ചത്.
നോമ്പുകാരന് വാക്കും നോക്കും ചിരിയും ചിന്തയും നിയന്ത്രിച്ചേ മതിയാകൂ. വാടാ എന്ന് പറയുന്നവനോട് പോടാ എന്ന് പറയാനുള്ള ഗർവ് മനുഷ്യന് സഹചമാണ്. അവന് ഒരാളും തന്നെക്കാൾ വലിയവനല്ല. അതിനാൽ ഒരാൾക്കും വിധേയപ്പെടാൻ ഇഷ്ടവുമല്ല. എന്നാൽ നോമ്പുകാരൻ അങ്ങനെ ആവരുത്. ആ രീതിയല്ല തന്റെ ജീവിത വഴി എന്ന തിരിച്ചറിവുണ്ടാവാനാണ് നോമ്പ്. തർക്കവും അട്ടഹാസവും സ്വയം വെടിഞ്ഞാൽ പോരാ! ശണ്ഠക്കു വരുന്നവനെ, അധിക്ഷേപം ചൊരിയുന്നവനെ നോമ്പുകാരനെന്ന ഉൾവികാരത്താൽ മറികടക്കണം. സ്വയം അസൂയക്കും കുശുമ്പിനും പരദൂഷണത്തിനും താവളമാവാതെ നോക്കണം. പ്രകോപനങ്ങളെ വ്രതശുദ്ധികൊണ്ട് തടുക്കാൻ സദാ ജാഗ്രത വേണം. "…. കോപാവസ്ഥയിലും ആത്മനിയന്ത്രണം സാധിക്കുന്നവനാണ് ശക്തൻ" എന്ന നബിവചനമുണ്ടല്ലോ (ബുഖാരി). "കണക്കു നോക്കാതെ സമ്പൂർണമായാണ് സഹന ശീലർക്ക് അവരുടെ പ്രതിഫലം നൽകപ്പെടുക" എന്ന് ഖുർആൻ (അസ്സുമർ 10).
ആമാശയം ശൂന്യമാകുമ്പോൾ വായ്ക്ക് അരുചിയും ചവർപ്പു മണവും ഉണ്ടാകാൻ സാധ്യതയുണ്ട്. അത് നോമ്പുകാരന് വിഷമകരമായി തോന്നാൻ പാടില്ല. അരുചികരമായ ഗന്ധങ്ങൾ മനുഷ്യന് മടുപ്പും വിമ്മിട്ടവുമുണ്ടാക്കും. മഹാ ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോൾ സുസ്സഹം മാത്രമല്ല ദുസ്സഹമായ അനുഭവങ്ങളും ഉണ്ടാവാം. അതുമൂലം ലക്ഷ്യം മറന്നുകൂടാ. രക്തസാക്ഷിയുടെ രക്തത്തിനെന്ന പോലെ നോമ്പുകാരന്റെ വായ്പ്പകർച്ചക്കും അല്ലാഹുവിന്റെ അടുത്ത് കസ്തൂരിയെക്കാളും മികച്ച സുഗന്ധമാണ്. ക്ഷമയുടെ പ്രതിഫലമാണത്. നോമ്പുകാരൻ ദന്തശുദ്ധി വരുത്തുന്നതും സുഗന്ധം ഉപയോഗിക്കുന്നതും പാടില്ലെന്നല്ല. മധ്യാഹ്നം കഴിഞ്ഞ് അത് ചെയ്യുന്നത് ഇമാം ശാഫിഇയും അനുയായികളും അനഭിലഷണീയമായി കാണുന്നുണ്ടെങ്കിലും ഭൂരിപക്ഷം പണ്ഡിതന്മാർക്കും അങ്ങനെ അഭിപ്രായമില്ല. "ദന്തധാവനം വായക്ക് ശുദ്ധി വരുത്തുന്നതും നാഥന്റെ പ്രീതി നേടിത്തരുന്നതും ആകുന്നു" (അഹ്‌മദ്, നസാഈ). "… ഞാൻ ഉമ്മത്തിനെ ബുദ്ധിമുട്ടിക്കുകയാണോ എന്ന ആശങ്ക ഇല്ലായിരുന്നെങ്കിൽ എല്ലാ നമസ്കാര വേളയിലും ദന്തശുദ്ധി വരുത്താൻ കൽപിക്കുമായിരുന്നു" (ബുഖാരി) എന്നെല്ലാം നബിവചനങ്ങളിൽ കാണാം.
ഓരോ നോമ്പും പൂർത്തിയാകുന്നതോടെ നോമ്പുകാരന് ആനന്ദമുണ്ടാകുന്നു; ഒരു മഹാ കർമം സമാപ്തിയിലെത്താൻ അല്ലാഹു അനുഗ്രഹിച്ചതിൽ. പകലിലെ നിയന്ത്രണങ്ങൾക്ക് രാത്രി അവൻ അവധി നൽകിയതിൽ. അവസാനം വിചാരണാ വേളയിൽ മഹാ പ്രതിഫലത്തിന്റെ പൂർത്തീകരണം കാണേ. അല്ലാഹുവിന്റെ ദർശനം സാധിക്കവേ തന്റെ നോമ്പിനെയോർത്ത് അടിമ ആനന്ദത്തിന്റെ കൊടുമുടി കയറുന്നു. ഈ റമദാനിലൂടെ ആ പരമാനന്ദ പ്രാപ്തിയിലേക്ക് ചെന്നെത്താൻ കഴിഞ്ഞെങ്കിൽ! l