അന്താരാഷ്ട്രീയം

ഹമാസിന്റെ ഉപാധ്യക്ഷൻ സ്വാലിഹ് അൽ ആറൂറിയെ സയണിസ്റ്റുകൾ ലബനാനിൽ വെച്ച് ഡ്രോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയത് ആ ഇനത്തിലെ അവസാന സംഭവമല്ല. സ്വാഭാവികമായും അത് ആദ്യത്തേതുമല്ല. ഇതിന് മുമ്പ് അഹ്്മദ് യാസീനും അബ്ദുൽ അസീസ് റൻതീസിയും യഹ് യാ അയ്യാശും ഇമാദ് മുഗ്നിയും അബ്ബാസ് മൂസവിയും അവരെപ്പോലെ നേതൃനിരയിലുള്ള പലരും ഇതു പോലെ കൊല ചെയ്യപ്പെട്ടിട്ടുണ്ടല്ലോ. ഇവരൊക്കെയും രക്തസാക്ഷ്യം ജീവിതാഭിലാഷമായി കൊണ്ടു നടന്നവരാണ്. ആ പവിത്ര ലക്ഷ്യം അവർക്ക് നേടാനായി എന്നേ മനസ്സിലാക്കേണ്ടതുള്ളൂ. ഇവർ ജീവിതത്തോട് വിടപറഞ്ഞു പോയത് ഫലസ്ത്വീൻ വിമോചന പോരാട്ടത്തെ ഒരു നിലക്കും തളർത്തുകയില്ല. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ആ പോരാട്ടം വളരെ ശക്തവുമാണ്. സമാധാനത്തിന്റെ പേരിൽ ഉണ്ടാക്കിയ അപമാനകരമായ കരാറുകളെയും, അടുത്ത കാലത്ത് സയണിസ്റ്റുകളുമായി ബന്ധം നോർമലൈസ് ചെയ്യാനുള്ള നീക്കങ്ങളെയും ആ പോരാട്ടം വെല്ലുവിളിച്ചിട്ടുണ്ട്.

വിധേയപ്പെടലല്ല, ചെറുത്തുനിൽപ്പും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടവുമാണ് മൗലിക സ്ട്രാറ്റജി എന്ന് ഊന്നിപ്പറയുക കൂടിയാണ് ഫലസ്ത്വീനി മുഖാവമയും ഇൻതിഫാദയും. രക്തം വാളിനെ തോൽപ്പിക്കും എന്നതാണ് ആ സ്ട്രാറ്റജിയുടെ പ്രമാണം. രക്ത സാക്ഷ്യമെന്നത് ഏറ്റവും ഉയർന്ന മാനുഷിക മൂല്യമായി ഉയർത്തപ്പെടുകയാണ്. ശത്രുവിന്റെയും കൂട്ടാളികളായ അമേരിക്കയുടെയും ഏറ്റവും നവീനമായ സായുധ ടെക്നോളജിയോടാണ് അത് എതിരിടുന്നത്. ലബനാനിലെയും ഫലസ്ത്വീനിലെയും സംഭവ വികാസങ്ങൾ പരിശോധിക്കുമ്പോൾ വ്യക്തമാവുന്നത്, ശത്രുക്കളുടെ മിലിട്ടറി ടെക്നോളജിക്ക് രക്തസാക്ഷ്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പോരാട്ടവീര്യത്തെ തടുക്കാനാവുന്നില്ല എന്നു തന്നെയാണ്. ലബനാനിലോ ഫലസ്ത്വീനിൽ തന്നെയോ നടന്ന ഒരു പോരാട്ടത്തിലും ഇസ്രായേലിന് നിർണായക വിജയം നേടാനാവാത്തത് ഇതുകൊണ്ടാണ്. സയണിസ്റ്റുകൾ അടിക്കടി പരാജയപ്പെടുന്നതും ഇസ്തിശ്ഹാദീ സ്ട്രാറ്റജിയുടെ മുമ്പിലാണ്. കഴിഞ്ഞ ഒക്ടോബർ ഏഴ് മുതൽ നാമത് കണ്ടുകൊണ്ടിരിക്കുകയാണ്.

പ്രതിരോധത്തിന്റെയും പോരാട്ടത്തിന്റെയും ഈ പുതിയ ഭാഷ്യമനുസരിച്ച് ദക്ഷിണ ബൈറൂത്തിലെ പ്രാന്തത്തിൽ വെച്ച് ആറൂറിയെയും ഒപ്പമുള്ള പ്രമുഖരെയും വധിച്ചതു കൊണ്ട് അധിനിവേശകരായ ഇസ്രായേലിന് ഒരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ല. തെക്കൻ ലബനാനിലെയോ വെസ്റ്റ് ബാങ്കിലെ തന്നെയോ ഹമാസിന്റെയും ഖസ്സാം ബ്രിഗേഡ്സിന്റെയും ആത്മവീര്യം ഒട്ടുമത് ചോർത്തിക്കളയുന്നുമില്ല. ഇസ്രായേലും അമേരിക്കയും മൊത്തം പാശ്ചാത്യർ തന്നെയും മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്; നേതാക്കളുടെ രക്തസാക്ഷ്യം അവരുടെ അണികളുടെ വീറ് വർധിപ്പിക്കുകയേ ഉള്ളൂ എന്നതാണത്. അതവരെ തളർത്തുകയല്ല ചെയ്യുക. നേതൃത്വത്തിലൊരാൾ ഉന്മൂലനം ചെയ്യപ്പെട്ടാൽ പ്രാപ്തിയും അനുഭവ പരിചയവുമുള്ള മറ്റൊരാൾ ആ വിടവ് നികത്തും എന്നതാണ് ഇത്തരം പ്രതിരോധ പ്രസ്ഥാനങ്ങളുടെ പ്രത്യേകത. ഒരു പക്ഷേ, ആദ്യത്തെയാളെക്കാൾ പ്രാപ്തി ഉണ്ടാവണമെന്നില്ല. ഓരോ നേതാവിനും പകരക്കാരനായി ഏറ്റവും ചുരുങ്ങിയത് അഞ്ച് പേരെയെങ്കിലും ഒരുക്കിനിർത്തിയിട്ടുണ്ടാവും എന്നാണ് പറയപ്പെടുന്നത്. മുമ്പ് നടന്ന വധങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാവും.

ഹമാസ് സ്ഥാപകൻ ശൈഖ് അഹ്്മദ് യാസീന്റെ വധത്തോടെ ആ സംഘടന ഇല്ലാതായില്ല. ആയുധനിർമാണത്തിൽ അസാധാരണ വൈഭവമുണ്ടായിരുന്ന യഹ് യാ അയ്യാശിന്റെ വധത്തോടെ ഏറ്റവും നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കുന്നതിലും ഹമാസിന് തിരിച്ചടി നേരിട്ടില്ല. അതുപോലെ ശൈഖ് ആറൂറിയുടെ വധത്തോടെ ലബനാനിലെയോ വെസ്റ്റ് ബാങ്കിലെയോ ഹമാസിന്റെ ദൗത്യത്തിന് തിരശ്ശീല വീഴാൻ പോകുന്നില്ല. വെസ്റ്റ് ബാങ്കിലും അധിനിവിഷ്ട ഖുദ്സിലും ഹമാസിന്റെ നേതൃത്വം ആറൂറിക്കായിരുന്നു. വെസ്റ്റ് ബാങ്കിൽ ഹമാസിനെ ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിൽ അദ്ദേഹത്തിന് ശ്രദ്ധേയമായ പങ്കുണ്ട്. പ്രതിരോധത്തിനും പോരാട്ടത്തിനുമുള്ള ആയുധങ്ങൾ പ്രാദേശികമായി നിർമിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. പക്ഷേ, വെസ്റ്റ് ബാങ്ക് വിട്ടുപോകാൻ അദ്ദേഹം നിർബന്ധിതനാവുകയായിരുന്നു. പല നാടുകളിലായി കഴിഞ്ഞ് ഒടുവിലാണ് ബൈറൂത്തിൽ എത്തുന്നത്. അതിനു മുമ്പ് പല തവണ സയണിസ്റ്റ് ഭരണകൂടം അദ്ദേഹത്തെ പിടികൂടി ജയിലിലടച്ചിട്ടുണ്ട്.

എന്തൊക്കെ സംഭവിച്ചാലും തന്റെ മാർഗത്തിൽ അക്ഷോഭ്യനായി നിൽക്കാനുള്ള കഴിവ് - ഇതാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ വേറിട്ട് നിർത്തിയത്. ഫലസ്ത്വീനിയൻ പോരാട്ടത്തിലെ എല്ലാ ധാരകളെയും ഉൾക്കൊള്ളാൻ അദ്ദേഹത്തിന് കഴിഞ്ഞു. വിവിധ ഗ്രൂപ്പുകളെ ഐക്യപ്പെടുത്താനും അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. ആറൂറി രക്തസാക്ഷിയായ വാർത്ത പുറത്തുവന്ന ഉടനെ അതിനെ ശക്തമായി അപലപിച്ച് ആദ്യമായി പ്രസ്താവനയിറക്കിയത്, വെസ്റ്റ് ബാങ്കിൽ ഹമാസിന്റെ പാരമ്പര്യ പ്രതിയോഗിയായ ഫത്ഹ് ആയിരുന്നു എന്നത് ഒട്ടും യാദൃഛികമല്ല. ആറൂറി തന്നെയും വർഷങ്ങളായി രക്തസാക്ഷിത്വം പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. വധിക്കപ്പെടേണ്ടവരുടെ ലിസ്റ്റ് ഇസ്രായേൽ ഔദ്യോഗികമായി പുറത്തു വിട്ടപ്പോൾ അതിൽ ആദ്യ പേരുകാരിലൊരാൾ ആറൂറിയായിരുന്നു. പോരാട്ടത്തിന് നേതൃത്വം നൽകുന്നവരിൽ ഒരാളെ ഇല്ലാതാക്കാനായതിൽ സയണിസ്റ്റുകൾ സന്തോഷിക്കുന്നുണ്ടാവും. ശഹീദാവണമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപിത ലക്ഷ്യമാണ് തങ്ങൾ സാക്ഷാൽക്കരിച്ചു കൊടുത്തതെന്ന സത്യം വിവരം കെട്ട ശത്രുവിന് മനസ്സിലാകണമെന്നില്ല. ശഹാദത്തിന് ശേഷം അദ്ദേഹത്തിന്റെ മാതാവും സഹോദരിയും നടത്തിയ പ്രതികരണങ്ങളിലും ഹമാസ് നേതാവിന്റെ ചിരകാലാഭിലാഷത്തെക്കുറിച്ച സൂചനകൾ കാണാം. പ്രായാധിക്യത്താൽ നടക്കാൻ വയ്യാതായ അദ്ദേഹത്തിന് മകന്റെ ആഗ്രഹം നിറവേറിയല്ലോ എന്ന സംതൃപതി പ്രകടിപ്പിക്കുകയാണ് മാതാവ് ചെയ്തത്. അവർ ഒരിക്കൽ പോലും കരഞ്ഞില്ല. സഹോദരന്റെ രക്തസാക്ഷ്യത്തിൽ അദ്ദേഹത്തിന്റെ സഹോദരി കുടുംബത്തെയും ഫലസ്ത്വീൻ ജനതയെയും അഭിനന്ദിക്കുകയാണ് ചെയ്തത്. ക്ഷമാപൂർവം ഈ മാർഗത്തിൽ ഉറച്ചുനിന്നാൽ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹത്തിന്റെ സഹോദരി പറഞ്ഞു. ഫലസ്ത്വീനികളും അവരുടെ ശത്രുക്കളും തമ്മിൽ ധാർമികമായും സാംസ്കാരികമായും ഭീമമായ അന്തരമാണുള്ളത് എന്നർഥം.

ഫലസ്ത്വീനികൾ മരണത്തെ ഭയക്കുന്നില്ല. രക്തസാക്ഷ്യം ദൈവത്തിൽ നിന്നുള്ള പാരിതോഷികമായി അവർ മനസ്സിലാക്കുന്നു. അതിനാൽ, നേതാക്കളെ വകവരുത്തിയതുകൊണ്ട് ഇസ്രായേൽ ഒന്നും നേടാൻ പോകുന്നില്ല. യഹൂദ് ബറാക്കിനെപ്പോലെ പ്രായം ചെന്ന ചില മുൻ ഇസ്രായേലി ജനറൽമാരും ഇത് മനസ്സിലാക്കിയിട്ടുണ്ട്. ബറാക് ഇസ്രായേൽ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്. അതിന് മുമ്പും ശേഷവും സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫും മന്ത്രിയുമായിരുന്നിട്ടുണ്ട്. പല ഫലസ്ത്വീനി പ്രമുഖരെയും വധിച്ചത് ബറാകിന്റെ നേതൃത്വത്തിലാണ്. 1973-ൽ ബൈറൂത്തിൽ ബറാക് നേതൃത്വം നൽകിയ അൽ ഫർദാൻ ഓപറേഷനിൽ ഫത്ഹിന്റെ നേതൃനിരയിലുണ്ടായിരുന്ന യൂസുഫ് അന്നജ്ജാർ, കമാൽ അദ്്വാൻ, കമാൽ നാസ്വിർ എന്നിവരെ വധിച്ചു. ആളെ തിരിച്ചറിയാതിരിക്കാൻ ബറാക് സ്ത്രീ വേഷത്തിലായിരുന്നു. നേതാക്കളെ കൊലപ്പെടുത്തിയതു കൊണ്ട് ഫത്ഹ് ഇല്ലാതായോ? ഫത്ഹിന്റെ സമുന്നത നേതാക്കളായ അബൂ ഇയാദിനെയും അബൂ ജിഹാദിനെയും പിന്നീട് കൊലപ്പെടുത്തി. യാസർ അറഫാത്തിനെ വരെ വിഷം കൊടുത്തല്ലേ കൊന്നത്? ഇവരുടെയെല്ലാം രക്തം പിൽക്കാല തലമുറയുടെ പോരാട്ടവീര്യത്തെ ജ്വലിപ്പിക്കുകയാണ് ചെയ്തത്. പിന്നെ പോരാട്ടത്തിന്റെ നേതൃത്വം ഫത്‌ഹിൽ നിന്ന് ഹമാസ് ഏറ്റെടുത്തു. അതിപ്പോൾ ത്വൂഫാനുൽ അഖ്സ്വായിൽ എത്തിനിൽക്കുന്നു. വൃദ്ധനായിക്കഴിഞ്ഞ ബറാക് പറയുന്നത്, ഇസ്രായേലിന് മുമ്പിൽ വിജയവഴികളൊന്നും തുറന്നുകിടക്കുന്നില്ല എന്നാണ്. കഴിഞ്ഞ ഒക്ടോബർ ഏഴിന് തന്നെ ഇസ്രായേൽ തോറ്റുകഴിഞ്ഞെന്നും ബറാക് പറയുന്നു. നിരവധി ഫലസ്ത്വീനി നേതാക്കളെ പതിയിരുന്ന് ആക്രമിച്ചു കൊലപ്പെടുത്താൻ നേതൃത്വം നൽകിയ ആളാണിപ്പറയുന്നത്. എന്തൊക്കെയോ നേടി എന്ന് ഇസ്രായേൽ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്. യഥാർഥത്തിൽ ആത്മവീര്യം ചോർന്നുപോയ നിലയിലാണ് ഇപ്പോൾ ഇസ്രായേൽ സൈന്യം.

ശരിയാണ്, ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്നത് അതിഭീകരമായ വംശഹത്യയാണ്. കുഞ്ഞുങ്ങളെയും സ്ത്രീകളെയും നിർദയം കൊന്നൊടുക്കുക മാത്രമല്ല, ആശുപത്രികളും ഭക്ഷണ നിർമാണ ശാലകളും യൂനിവേഴ്സിറ്റികളും ആരാധനാലയങ്ങളും വരെ തകർക്കുന്നു. ജീവൻ നിലനിർത്തുന്ന ജല സ്രോതസ്സുകളും കൃഷിത്തോട്ടങ്ങളും നശിപ്പിക്കുന്നു. ഇതൊക്കെ എത്ര കടുത്തതും കൈപ്പുറ്റതുമാണെങ്കിലും അവയൊന്നും നടന്നുവരുന്ന യുദ്ധത്തിന്റെ പരിണതി മാറ്റിമറിക്കുകയില്ല. ഒരു സൈനിക വിജയവും ഇപ്പോഴത്തെ നിലയിൽ ഇസ്രായേലിന് നേടാനും കഴിയില്ല. ഫലസ്ത്വീൻ ചെറുത്തു നിൽപ്പ് പ്രസ്ഥാനങ്ങൾ അത്രക്കും കുറ്റമറ്റ പോരാട്ടമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഒറ്റപ്പെട്ടുപോയെങ്കിലും ഐതിഹാസികമാണ് ഫലസ്ത്വീൻ ജനത കാഴ്ചവെക്കുന്ന ഉറച്ചുനിൽപ്പ്. വിശുദ്ധ ഭൂമിയിൽ ഫലസ്ത്വീനികളെ പുറത്താക്കാനുള്ള സയണിസ്റ്റ് കുതന്ത്രങ്ങളൊന്നും ആ ഉറച്ചുനിൽപ്പിന് മുമ്പിൽ വിലപ്പോയില്ല.

ഹമാസിന്റെ രാഷ്ട്രീയ കാര്യ ഉപാധ്യക്ഷൻ ആറൂറിയുടെ വിടവാങ്ങൽ അദ്ദേഹത്തിന്റെ പോരാട്ട ചരിതത്തെ ഒരിക്കലും വിസ്മൃതിയിലേക്ക് തള്ളുകയില്ല. ആറൂറിയുടെ സഹോദരി പറഞ്ഞതു പോലെ, ഓരോ ഫലസ്ത്വീനി കുഞ്ഞും ഒരിക്കൽ നേതാവാകാനുള്ളവനാണ്. ഹമാസ് അല്ലെങ്കിൽ ഹിസ്ബുല്ല ഈ വധത്തിന് ഉടൻ പ്രതികാരം ചെയ്യും എന്ന മട്ടിലുള്ള വിശകലനങ്ങൾ വരുന്നുണ്ട്. ഹിസ്ബുല്ലയുമായി, പ്രത്യേകിച്ച് അതിന്റെ നേതാവ് ഹസൻ നസ്റുല്ലയുമായി ആറൂറിക്കുണ്ടായിരുന്ന അടുത്ത വ്യക്തിബന്ധം കണക്കിലെടുത്താവണം ഇത്തരം വിശകലനങ്ങൾ. പ്രതികാരം ചെയ്യുമോ ഇല്ലേ എന്നതൊന്നുമല്ല പ്രധാന വിഷയം; ഈ പോരാട്ടം മുന്നോട്ട് കൊണ്ടുപോവുക എന്നതാണ്. സ്ഥാപക നേതാവ് ശൈഖ് അഹ്്മദ് യാസീൻ വധിക്കപ്പെട്ടപ്പോൾ പോലും സമയബന്ധിത പ്രതികാര നടപടികൾക്ക് ഹമാസ് തുനിഞ്ഞിരുന്നില്ല. സ്വാതന്ത്രൃത്തിനു വേണ്ടി തങ്ങൾ നടത്തുന്ന പോരാട്ടത്തെ സാങ്കേതികമായി കൂടുതൽ മികവുറ്റതാക്കാനുള്ള അവസരമായി ഹമാസ് അതിനെ ഉപയോഗപ്പെടുത്തുകയായിരുന്നു. വ്യക്തികൾക്ക് വേണ്ടിയുള്ള പ്രതികാര നടപടികൾക്ക് അവർ അത്ര പ്രാധാന്യം കൊടുക്കാറില്ല. ഇനി ഗസ്സയിൽ ഐതിഹാസിക പോരാട്ടത്തിന് നേതൃത്വം നൽകുന്ന യഹ് യാ സിൻവാർ രക്തസാക്ഷിയായാലും, അതൊരിക്കലും നടന്നുകൊണ്ടിരിക്കുന്ന പോരാട്ടത്തിന് അന്ത്യം കുറിക്കലായിരിക്കില്ല.

(അറബി 21 -ന് വേണ്ടി എഴുതുന്ന ഈജിപ്ഷ്യൻ കോളമിസ്റ്റാണ് ലേഖകൻ)