ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള ജനാധിപത്യ-മതേതര-ബഹുസ്വര രാജ്യം എന്നതാണ് ഇന്ത്യയുടെ പ്രത്യേകത. എന്നാല്‍, ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു. ഇറ്റലിയിലെ ഫാഷിസവും ജര്‍മനിയിലെ നാസിസവും മാതൃകയാക്കി തീവ്രഹിന്ദുത്വ ഫാഷിസ്റ്റ് സംഘങ്ങള്‍ ഇന്ത്യയുടെ ഭരണം കൈയടക്കിക്കഴിഞ്ഞിരിക്കുന്നു. ബഹുമത-ബഹുസ്വര-ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സമാധാനപരമായ ജീവിതം സാധ്യമാവണമെങ്കില്‍ സമകാലിക ഇന്ത്യയിലെ ഏറ്റവും ശക്തവും തീവ്രവുമായ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ചെറുത്തേ തീരൂ. ഹിന്ദുത്വയുടെ രാഷ്ട്രീയ മുന്നേറ്റം തടഞ്ഞാല്‍ മാത്രം മതിയാവുകയില്ല. പ്രത്യയശാസ്ത്ര-സൈദ്ധാന്തിക തലങ്ങളില്‍ ആ ഭീഷണിയെ അഭിമുഖീകരിക്കേണ്ടതുണ്ട്. ഇസ് ലാമിക ആശയാടിത്തറയില്‍ നിന്നുകൊണ്ട് ഹിന്ദുത്വ ചിന്തകളെ സംബന്ധിച്ച വിമര്‍ശനങ്ങളും വിലയിരുത്തലുമാണ്, ജമാഅത്തെ ഇസ് ലാമി ഹിന്ദ് അഖിലേന്ത്യാ അധ്യക്ഷനും പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ സയ്യിദ് സആദത്തുല്ലാ ഹുസൈനി 'ഹിന്ദുത്വ തീവ്രവാദം: സൈദ്ധാന്തിക സംഘര്‍ഷങ്ങളും മുസ് ലിം സമൂഹവും' എന്ന തന്റെ പുസ്തകത്തിലൂടെ നിര്‍വഹിച്ചിട്ടുള്ളത്.
നാല് ഭാഗങ്ങളായി 22 അധ്യായങ്ങളിലാണ് ഈ ഗ്രന്ഥം ക്രമീകരിച്ചിട്ടുള്ളത്. 'ഹിന്ദുത്വം: സിദ്ധാന്തങ്ങളും ചിന്താപദ്ധതികളും' എന്നാണ് ഒന്നാം ഭാഗത്തിന് നല്‍കിയ ശീര്‍ഷകം. ഹിന്ദുത്വയുടെ ദാര്‍ശനികാടിത്തറകളും ചിന്താപദ്ധതികളും സംബന്ധിച്ച വിശകലനങ്ങളും നിരൂപണങ്ങളുമാണ് വിവിധ അധ്യായങ്ങളിലായി ഈ ഭാഗത്ത് ചര്‍ച്ച ചെയ്യുന്നത്. ഹിന്ദുത്വയുടെ ബൗദ്ധികാടിത്തറകള്‍, അവയുടെ ചരിത്രവീക്ഷണങ്ങള്‍, ചരിത്ര രചനാ ശ്രമങ്ങള്‍, സമാന്തര വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനങ്ങള്‍, സാഹിത്യ-സാംസ്‌കാരിക രംഗത്തെ ഇടപെടലുകള്‍, പുസ്തക പ്രസാധനരംഗത്തും പോഷക സംഘടനാ രംഗത്തുമുള്ള അവരുടെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഒന്നാം ഭാഗത്ത് ചര്‍ച്ച ചെയ്യുന്നത്. ആധികാരിക രേഖകളുടെ പിന്‍ബലത്തോടെ ഹിന്ദുത്വയെക്കുറിച്ച വസ്തുനിഷ്ഠവും സൂക്ഷ്മവുമായ വിവരങ്ങള്‍ ഈ ഭാഗത്ത് നല്‍കിയിരിക്കുന്നു.
ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരെ ഇന്ത്യയില്‍ ഉയര്‍ന്നുവന്ന വിവിധ ദര്‍ശനങ്ങളെയും പ്രസ്ഥാനങ്ങളെയും കുറിച്ച വിശകലനമാണ് രണ്ടാം ഭാഗത്ത്. 'പരാജയപ്പെട്ട എതിര്‍ശബ്ദങ്ങള്‍' എന്നാണ് രണ്ടാം ഭാഗത്തിന് നല്‍കിയ തലക്കെട്ട്. കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ്, സമാജ് വാദി, ദലിത്, ദ്രാവിഡ പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയുടെ നാളിതു വരെയുള്ള പ്രവര്‍ത്തനങ്ങളും അവയുടെ ശക്തിദൗര്‍ബല്യങ്ങളും നാല് അധ്യായങ്ങളിലൂടെ അനാവരണം ചെയ്യുന്നു.
'നീതിയില്‍ അധിഷ്ഠിതമായ ബദല്‍ ആശയങ്ങളും പദ്ധതികളും' എന്നാണ് മൂന്നാം ഭാഗത്തിന്റെ ശീര്‍ഷകം. ഒരു ബദല്‍ ആശയപദ്ധതി എന്ന നിലയില്‍ ഇസ് ലാമിനെ പരിചയപ്പെടുത്തുകയും മുസ് ലിം സമൂഹത്തിന്റെ സമകാലിക ദൗത്യത്തെക്കുറിച്ച് അവരെ ഉണര്‍ത്തുകയുമാണ് ഈ ഭാഗത്ത് ഗ്രന്ഥകാരന്‍. പത്ത് അധ്യായങ്ങളിലായി നിരവധി വിഷയങ്ങള്‍ ഈ ഭാഗത്ത് ചര്‍ച്ച ചെയ്യുന്നുണ്ട്. ഹിന്ദുത്വ സൈദ്ധാന്തികര്‍ ഉയര്‍ത്തിവിട്ട ആശയങ്ങളെയും ആശയക്കുഴപ്പങ്ങളെയും സധൈര്യം നേരിടാനുള്ള കരുത്ത് മുസ് ലിം സമൂഹം ആര്‍ജിക്കണമെന്ന് ഗ്രന്ഥകാരന്‍ ആഗ്രഹിക്കുന്നു. മുസ് ലിം സമൂഹം നീതിയുടെയും സമത്വത്തിന്റെയും വക്താക്കളായി മാറി, അവര്‍ തങ്ങളുടെ ചരിത്രപരമായ ദൗത്യം ഇന്ത്യയില്‍ നിര്‍വഹിക്കണമെന്ന കാര്യത്തിന് അദ്ദേഹം അടിവരയിടുന്നു. ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ക്കനുസൃതമായി നീതിയുടെയും ന്യായത്തിന്റെയും വക്താക്കളായി മാറാന്‍ മുസ് ലിം സമൂഹത്തിന് സാധിക്കുമ്പോഴാണ് അവരുടെ ദൗത്യം പൂര്‍ണമാകുന്നത്. പത്ത് അധ്യായങ്ങളിലായി ഒട്ടേറെ സുപ്രധാന വിഷയങ്ങള്‍ ഈ ഭാഗത്ത് കൈകാര്യം ചെയ്തിട്ടുണ്ട്.
'മുന്നോട്ടുള്ള വഴി' എന്നാണ് നാലാം ഭാഗത്തിന്റെ തലക്കെട്ട്. കഴിഞ്ഞ മൂന്ന് ഭാഗങ്ങളിലായി 20 അധ്യായങ്ങളിലൂടെ പരാമര്‍ശിച്ചുപോയ മുഴുവന്‍ ചര്‍ച്ചകളെയും സമാഹരിച്ചുകൊണ്ട് ഹിന്ദുത്വ ഉയര്‍ത്തുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന്റെ ഭാഗമായി നിര്‍വഹിക്കേണ്ട ചില പ്രായോഗിക രൂപങ്ങളാണ് ഈ ഭാഗത്ത് വിശദീകരിക്കുന്നത്.
വിപുലമായ വായനയും ചര്‍ച്ചയും ആവശ്യപ്പെടുന്നതാണ് ഈ രചന. എല്ലാ ഇസ് ലാമിക പ്രവര്‍ത്തകരും വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥമാണിതെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഉർദുവിലാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. വടക്കേ ഇന്ത്യയിലെ മുസ് ലിംകള്‍ക്കിടയില്‍ പരിമിതമാണ് ഈ ഭാഷ. അതിനാല്‍, ഹിന്ദിയിലും ഇന്ത്യയിലെ മറ്റു പ്രാദേശിക ഭാഷകളിലും ഇംഗ്ലീഷിലും ഇതിന്റെ വിവര്‍ത്തനം ഉണ്ടാകേണ്ടതുണ്ട്. 'ഹിന്ദുത്വ ഇന്‍തിഹാ പസന്‍ദി നള്രിയാതി കശ്മകശ് ഔര്‍ മുസല്‍മാന്‍' എന്ന ഉര്‍ദു ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനമാണ് ഇത്. അബ്ദുല്‍ ഹകീം നദ്്വിയാണ് ഇത് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുള്ളത്. 411 പേജുകളുള്ള ഗ്രന്ഥത്തിന് 499 രൂപയാണ് വില. ഐ.പി.എച്ച് ആണ് പ്രസാധകര്‍. ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണത്തിലൂടെ ഈ കാലഘട്ടത്തില്‍ അനിവാര്യമായ ഒരു ദൗത്യമാണ് പ്രസാധകര്‍ ഏറ്റെടുത്ത് നിര്‍വഹിച്ചിട്ടുള്ളത്. l