ഹദീസ്‌

عَنْ أَبِي سَعِيدِ الْخُدْرِيّ رَضِيَ اللهُ عَنْه عَنِ النَبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : إنَّ الدُّنْيَا حُلْوَةٌ خَضِرَةٌ، وإنَّ اللَّهَ مُسْتَخْلِفُكُمْ فِيهَا، فَيَنْظُرُ كَيْفَ تَعْمَلُونَ، فَاتَّقُوا الدُّنْيَا وَاتَّقُوا النِّسَاءَ؛ فإنَّ أَوَّلَ فِتْنَةِ بَنِي إِسْرَائِيلَ كَانَتْ في النِّسَاءِ (مسلم)

രുചികളില്‍ മധുരവും കാഴ്ചയില്‍ ഹരിത ഭംഗിയും ഭൗതിക ലോകത്ത് ആസ്വാദ്യകരമായ പ്രതിഭാസങ്ങളാണ്. ഇവ രണ്ടിന്റെയും സമ്മേളിത വേദിയായാണ് ദുനിയാവിനെ ഹദീസ് പരിചയപ്പെടുത്തുന്നത്. അതായത്, കണ്ണഞ്ചിപ്പിക്കുന്നതും മധുരമനോജ്ഞവുമായ വസ്തുക്കളാല്‍ നിര്‍ഭരമായ വിസ്മയ ലോകത്താണ് മനുഷ്യ ജീവിതമാകുന്ന നൗക പായിക്കേണ്ടത്.

പിശാചിന്റെ പ്രലോഭനങ്ങളില്‍ വഞ്ചിതരായി, കാറ്റിലും കോളിലും അകപ്പെടാതെ ജീവിത നൗകയെ മുന്നോട്ടു നയിക്കുകയാണെങ്കില്‍ അതൊരു വല്ലാത്ത അനുഗ്രഹം തന്നെയാണ്; അതല്ലെങ്കില്‍ നാശഹേതുവും. നമ്മുടെ മുന്‍ഗാമികളില്‍നിന്ന് അനന്തരമായി നാം ആര്‍ജിച്ചെടുത്ത അതിന്റെ അന്തസ്സത്ത കെട്ടുപോകാതെ, നമുക്കു ശേഷം വരാനിരിക്കുന്ന തലമുറക്കുവേണ്ടി കരുതിവെക്കേണ്ടതുണ്ട്. 'ഭൂമിയുടെ സംസ്‌കരണം നടന്നുകഴിഞ്ഞിരിക്കെ, ഇനി അതില്‍ നാശം കുത്തിപ്പൊക്കരുത്'' (ഖുര്‍ആന്‍ 7:56).

സ്ത്രീകളെ സംബന്ധിച്ച കാര്യങ്ങളും സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ അത് നാശത്തില്‍ കൊണ്ടെത്തിക്കും എന്നാണ് ഹദീസ് നല്‍കുന്ന രണ്ടാമത്തെ പാഠം. 'കാമിനി മൂലം ദുഃഖം' എന്നത് കേവലം ചലച്ചിത്ര ഗാനശകലം മാത്രമല്ലെന്ന് 'നാല്‍പതാം ദിവസം ഉമ്മറപ്പടിയും വിളിച്ചു പറയും' എന്നത് യാഥാര്‍ഥ്യമായി പുലര്‍ന്ന സാമൂഹിക പരിസരത്താണ് നാമുള്ളത്. മാന്യതയും ചാരിത്ര്യവും കാത്തു സൂക്ഷിക്കുക, വരുമാനത്തിനും സാധ്യതക്കും ഉള്ളില്‍ ഒതുങ്ങിനിന്നുകൊണ്ട് ജീവിതം ചിട്ടപ്പെടുത്തുക തുടങ്ങിയ അവസ്ഥ സംജാതമാകുമ്പോള്‍ മാത്രമേ ഒരു സമൂഹം സാംസ്‌കാരികമായി ഉന്നതി പ്രാപിക്കുകയുള്ളൂ. മറിച്ച്, ചാരിത്രഭ്രംശവും പൊങ്ങച്ചവും പ്രകടനപരതയുമാണ് രംഗം വാഴുന്നതെങ്കില്‍ സമൂഹം എല്ലാ നിലക്കും സാംസ്‌കാരിക അധഃപതനത്തിലേക്ക് കൂപ്പുകുത്തും.

ഇസ്രാഈല്‍ സമൂഹത്തിന്റെ ധാര്‍മികാധഃപതനത്തിന് കാരണക്കാരിയായ ഒരു സ്ത്രീയെക്കുറിച്ചാണ് ഹദീസില്‍ പരാമര്‍ശം. ഇത് അന്നും എന്നും എല്ലാ സമൂഹങ്ങള്‍ക്കും ബാധകമാണ്. മനുഷ്യ സൃഷ്ടിയുടെ രഹസ്യങ്ങളറിയുന്ന സ്രഷ്ടാവായ ദൈവം സ്ത്രീ-പുരുഷന്മാരുടെ ഇടപഴക്കങ്ങളുടെ അതിര്‍വരമ്പുകള്‍ നിര്‍ണയിച്ചു തന്നിട്ടുണ്ട്. വിശ്വാസികളെയും വിശ്വാസിനികളെയും പ്രത്യേകം പ്രത്യേകം അഭിസംബോധന ചെയ്തുകൊണ്ട് ദൃഷ്ടികള്‍ നിയന്ത്രിക്കാനും ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളാനും, സ്ത്രീകള്‍ സ്വയം വെളിവായത് (മുഖവും മുന്‍കൈയും) ഒഴികെ, തങ്ങളുടെ അലങ്കാരങ്ങള്‍ പ്രദര്‍ശിപ്പിക്കാതിരിക്കാനും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. (അന്നൂര്‍ 30,31).

അന്യ സ്ത്രീയും പുരുഷനും മാത്രമുള്ളിടത്ത് മൂന്നാമനായി പിശാചിനെ കരുതിയിരിക്കണമെന്ന് നബി (സ) മുന്നറിയിപ്പ് നല്‍കുകയുണ്ടായി. l

عَنْ أَبِي هُرَيْرَة رَضِيَ اللهُ عَنْه قَالَ : قَالَ رَسُولُ اللهِ صَلّى اللهُ عَلَيْه وَسَلّم : إِنَّ مِمَّا يَلْحَقُ اْلُمؤْمِنَ مِنْ عَمَلِهِ وَحَسَنَاتِه بَعْدَ مَوْتِه : عِلْمًا عَلَّمَهُ وَنَشَرَهُ وَوَلَدًا صَالِحًا تَرَكَه، وَمُصْحَفًا وَرَّثَه، أَوْ مَسْجِدًا بَنَاهُ، أَوْ بَيْتًا لِابْنِ السَّبِيلِ بَنَاهُ، أَوْ نَهْرًا أَجْرَاهُ، أَوْ صَدَقةً أَخْرَجَهَا مِنْ مَالِهِ فِي صِحَّتِه وَحَيَاتِه، يَلْحَقُهُ مِنْ بَعْدِ مَوتِهِ (ابن ماجه والبيهقي)

അബൂ ഹുറയ്‌റ(റ)യില്‍നിന്ന്. അല്ലാഹുവിന്റെ റസൂല്‍ (സ) അരുളി: 'ഒരു വിശ്വാസിയുടെ മരണാനന്തരം അവനോട് ചെന്നുചേരുന്ന സുകൃതങ്ങള്‍ ഇവയാണ്: താന്‍ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വിജ്ഞാനം. പിന്നില്‍ ബാക്കിവെച്ചു പോയ സച്ചരിതനായ സന്താനം, അനന്തരമായി വിട്ടേച്ചുപോകുന്ന ഖുര്‍ആന്‍, അല്ലെങ്കില്‍ താന്‍ നിര്‍മിച്ച പള്ളി, അല്ലെങ്കില്‍ വഴിയാത്രക്കാര്‍ക്കു വേണ്ടി നിര്‍മിച്ച ഭവനം, അല്ലെങ്കില്‍ താന്‍ നിര്‍മിച്ച നീര്‍ച്ചാല്, അല്ലെങ്കില്‍ ജീവിതത്തില്‍ ആരോഗ്യസ്ഥിതിയിലായിരുന്നപ്പോള്‍ തന്റെ സമ്പത്തില്‍നിന്ന് നല്‍കിയ ദാനം ഇതൊക്കെയും മരണാനന്തരം അവനില്‍ ചെന്നുചേരും'' (ഇബ്‌നു മാജ, ബൈഹഖി).

കര്‍മങ്ങളുടെ പ്രതിഫലം ഒരാളുടെ ജീവിതകാലവുമായി മാത്രം ബന്ധപ്പെട്ടതല്ലെന്നും മരണശേഷവും അയാളിലേക്ക് ചെന്നെത്തിക്കൊണ്ടിരിക്കുമെന്നും ഈ ഹദീസ് പഠിപ്പിക്കുന്നു. ആ കര്‍മങ്ങള്‍ ഏതൊക്കെയെന്ന് വിവരിക്കുകയാണ്.
ഒന്നാമത്തേത്, ഉപകാരപ്രദമായ വിജ്ഞാനം. ഓരോരുത്തരുടെയും വ്യക്തിപരമായ ബാധ്യതയാണ് വിജ്ഞാന സമ്പാദനം. വിജ്ഞാനമാര്‍ഗത്തില്‍ ഇറങ്ങിത്തിരിക്കുന്നവന് അല്ലാഹു അനായാസം സ്വര്‍ഗപ്രാപ്തിക്ക് സൗകര്യമൊരുക്കുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. വിജ്ഞാനം സ്വയം ആര്‍ജിക്കുന്നതോടൊപ്പം തന്നെ മറ്റുള്ളവര്‍ക്ക് അത് പകര്‍ന്നുകൊടുക്കണം. അവരത് അടുത്ത തലമുറക്ക് കൈമാറും. വിജ്ഞാനത്തിന്റെ ഈ അനുസ്യൂത കൈമാറ്റത്തിന് ചാലകമായി വര്‍ത്തിച്ച വ്യക്തിക്ക്, അയാളുടെ മരണശേഷവും അതിന്റെ പ്രതിഫലം ലഭിക്കുമെന്നാണ് പഠിപ്പിക്കുന്നത്. വിജ്ഞാനീയങ്ങള്‍ എഴുത്തു രൂപത്തിലോ, പുസ്തക രൂപത്തിലോ, ഗവേഷണ പ്രബന്ധ രൂപത്തിലോ പ്രസിദ്ധീകരിക്കുന്നതും, വിജ്ഞാന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതുമൊക്കെ അതിന്റെ ഭാഗം തന്നെയാണ്. സന്താനങ്ങളാണ് മറ്റൊരു സമ്പാദ്യം. വിശ്വാസിയുടെ മരണത്തിന് ശേഷം അയാളുടെ സച്ചരിതരായ സന്താനങ്ങള്‍ മാതാപിതാക്കള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നതും, അവരുടെ വസ്വിയ്യത്തുകള്‍ നിറവേറ്റുന്നതും, ബാക്കിവെച്ച കര്‍മങ്ങള്‍ പൂരിപ്പിക്കുന്നതും മരണശേഷവും അവര്‍ അനന്തരമെടുക്കുന്ന പ്രതിഫലങ്ങളാണ്.

ഇമാം നവവി പറയുന്നു: ''സന്താനങ്ങള്‍ ഒരാളുടെ സമ്പാദ്യമാണ്. വിജ്ഞാനം വിദ്യാഭ്യാസമായും രചനകളായും അയാളെ അനുഗമിക്കും. സ്വദഖത്തുന്‍ ജാരിയ- അത് വഖ്ഫ് ആയും കണക്കാക്കപ്പെടും.''

മരിച്ച വ്യക്തി വിട്ടേച്ചുപോയ വിശുദ്ധ വേദത്തിന്റെ ഗ്രന്ഥരൂപത്തെക്കുറിച്ചാണ് പിന്നീട് പറയുന്നത്. അത് ഖുര്‍ആനിന്റെ പരിഭാഷയും വ്യാഖ്യാനവുമൊക്കെ ഉള്‍പ്പെടുന്ന ടെക്സ്റ്റുമാകാം. ഈജിപ്ഷ്യന്‍ പണ്ഡിതനായ മുഹമ്മദ് അബ്ദുര്‍റഊഫ് അല്‍ മുനാവി നല്‍കിയ ഫത് വയില്‍, മരിച്ച വ്യക്തി ബാക്കിവെച്ച മുസ്വ്്ഹഫ് അനന്തര സ്വത്തില്‍ പെടുമെന്നും, അത് പള്ളിയിലേക്കോ മറ്റോ വഖ്ഫായി നല്‍കാമെന്നും പറയുന്നുണ്ട്. പിന്നെ പറയുന്ന പള്ളിനിര്‍മാണം, വഴിയാത്രക്കാര്‍ക്ക് ഉപകാരപ്പെടുന്ന അതിഥി മന്ദിരങ്ങള്‍, കുടിവെള്ളത്തിനും ജലസേചനത്തിനും മറ്റുമായി കിണര്‍, കുളം, തോട്, കനാല്‍ തുടങ്ങിയ ജലപദ്ധതികള്‍ എന്നിവ വഖ്ഫിന്റെ ഇനത്തില്‍ അഥവാ 'സ്വദഖത്തുന്‍ ജാരിയ' (സ്ഥിരമായി നിലനില്‍ക്കുന്ന ദാനധര്‍മങ്ങള്‍) ഇനത്തിലാണ് പെടുന്നത്.

ഉമറുബ്‌നുല്‍ ഖത്താബ് (റ) തനിക്ക് ഖൈബറില്‍ പതിച്ചു കിട്ടിയ ഫലഭൂയിഷ്ഠമായ ഭൂമി പ്രവാചകനു മുന്നില്‍ സമര്‍പ്പിച്ചുകൊണ്ട് എന്തു ചെയ്യണമെന്ന് ആരാഞ്ഞപ്പോള്‍ അവിടുന്നു കല്‍പിക്കുകയുണ്ടായി: 'ഭൂമിയുടെ ഉടമസ്ഥാവകാശം താങ്കള്‍ നിലനിര്‍ത്തുകയും അതില്‍നിന്ന് ലഭിക്കുന്ന വരുമാനം (വിഭവങ്ങള്‍) സാധുക്കള്‍, അടുത്ത ബന്ധുക്കള്‍, അടിമ മോചനാവശ്യാര്‍ഥം, ദൈവമാര്‍ഗത്തില്‍, വഴിയാത്രക്കാര്‍, അതിഥികള്‍ തുടങ്ങി ആവശ്യക്കാര്‍ക്ക് ദാനമായി നല്‍കുകയും ചെയ്യുക. അതിന്റെ നോക്കിനടത്തിപ്പുകാരന് മര്യാദ പ്രകാരം അതില്‍നിന്ന് ഭക്ഷിക്കാം. മുതല്‍ വില്‍ക്കാനോ ദാനം നല്‍കാനോ അനന്തരാവകാശമായി നല്‍കാനോ പാടില്ല. അഥവാ വഖ്ഫ് ഭൂമിയായി നിലനിര്‍ത്തുക.

ജീവിത കാലത്തും ആരോഗ്യാവസ്ഥയിലും തന്റെ സമ്പത്തില്‍നിന്ന് നല്‍കിയ ദാനധര്‍മങ്ങളുടെ പുണ്യവും മരണാനന്തരം തുടര്‍ന്നും ലഭിച്ചുകൊണ്ടിരിക്കുമെന്നും റസൂല്‍ (സ) അറിയിക്കുന്നു. l

عَنْ عَبْدِالله بْن عَمْرو رَضِيَ اللهُ عَنْه قَالَ : قَالَ رَسُولُ اللهِ صَلّى اللهُ عَلَيْه وَسَلّم : الرَّاحِمُونَ يَرْحَمُهُمُ الرَّحْمنُ . ارْحَمُوا مَنْ فِي الأَرْضِ يَرْحَمْكُمْ مَنْ فِي السَّماءِ ، الرَّحِمُ شُجْنةٌ مِنَ الرَّحْمَنِ فَمَنْ وَصَلَهَا وَصَلَهُ اللَّهُ وَمَنْ قَطَعَهَا قَطَعَهُ اللَّهُ (أبو داود، ترمذي، أحمد)

അബ്ദുല്ലാഹിബ്‌നു അംറി(റ)ല്‍നിന്ന്. അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:
'കരുണാമയരായിട്ടുള്ളവര്‍; പരമ കാരുണികന്‍ അവരോട് കരുണ ചെയ്യും. ഭൂമിയിലുള്ളവരോട് നിങ്ങള്‍ കാരുണ്യം കാണിക്കുക, ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ ചെയ്യും. രക്തബന്ധം പരമ കാരുണികനുമായി ബന്ധിക്കപ്പെട്ടതാണ്. ആര്‍ അത് ചേര്‍ക്കുന്നുവോ അവനോട് അല്ലാഹു ബന്ധം ചേര്‍ക്കും, ആര്‍ അത് വിച്ഛേദിക്കുന്നുവോ അല്ലാഹു അവനോടും ബന്ധം വിച്ഛേദിക്കും'' (അബൂ ദാവൂദ്, തിര്‍മിദി, അഹ് മദ്).

മനുഷ്യനാകട്ടെ, മറ്റു ജീവജാലങ്ങളാവട്ടെ സകലതിനോടും ദയയും കാരുണ്യവും സഹാനുഭൂതിയും പ്രകടിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ഹദീസ്. പ്രപഞ്ച നിയന്താവായ ഏകദൈവത്തിന്റെ സവിശേഷ ഗുണമായാണ് 'റഹ് മാന്‍' എന്ന പദത്തെ വേദഗ്രന്ഥം പരിചയപ്പെടുത്തുന്നത്. അനന്തവിശാലമായ ഈ അണ്ഡകടാഹത്തില്‍ വസിക്കുന്ന അനേകകോടി ചരാചരങ്ങള്‍ ബോധപൂര്‍വമായും അല്ലാതെയും അനുഭവിച്ചാസ്വദിക്കുന്ന എണ്ണിക്കണക്കാക്കാനാവാത്ത ഭൗതിക വിഭവങ്ങള്‍ പരമകാരുണികനില്‍നിന്നുള്ള അനുഗ്രഹങ്ങളാണെന്ന ചിന്ത മനുഷ്യനെ സദാ മഥിക്കേണ്ടതുണ്ട്. പ്രകൃതി ദുരന്തങ്ങളും ദുരിതങ്ങളും അല്ലാഹുവിന്റെ സുന്നത്തി(നടപടിക്രമം)ന്റെ ഭാഗം തന്നെയായാണ് ഇസ് ലാം കണക്കാക്കുന്നത്. എന്നാല്‍, അത്തരം സന്ദര്‍ഭങ്ങളില്‍ അതിനിരകളാകുന്നവര്‍ക്ക് മനുഷ്യന്റെ കാരുണ്യവും അനുകമ്പയും സഹാനുഭൂതിയും കവിഞ്ഞൊഴുകേണ്ടതുണ്ട്. അത് ദൈവ വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്. സഹജീവികളോട് എല്ലാ അര്‍ഥത്തിലും കരുണാര്‍ദ്രതയോടെ വര്‍ത്തിക്കുമ്പോള്‍ ദൈവകാരുണ്യം അവനെയും തഴുകിയെത്തുമെന്നാണ് ഹദീസ് സൂചിപ്പിക്കുന്നത്.

മാതാവില്‍ നിക്ഷിപ്തമായ കാരുണ്യം ദൈവകാരുണ്യത്തിന്റെ നൂറില്‍ ഒരംശമാണെന്ന് ഒരിക്കല്‍ നബി (സ) പറയുകയുണ്ടായി. അന്ത്യപ്രവാചകന്‍ മുഹമ്മദ് (സ) മറ്റു സകലരെക്കാളും കാരുണ്യവാനായിരുന്നുവെന്നതിന് നിരവധി ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. വലിയവരോടും ചെറിയവരോടും അടുത്തവരോടും അകന്നവരോടും തന്റെ മക്കളോടും പേരമക്കളോടും അങ്ങേയറ്റം കാരുണ്യവാനായിരുന്നു അദ്ദേഹം. തന്റെ നിയോഗത്തെപ്പോലും വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്: ''ലോകര്‍ക്ക് കാരുണ്യമായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല'' (21:107). തന്റെ അനുയായികളെയും ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്: ''അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ സത്യനിഷേധികളോട് കാര്‍ക്കശ്യം പുലര്‍ത്തുന്നവരും പരസ്പരം കരുണ കടാക്ഷിക്കുന്നവരുമാണ്'' (48:29).

പ്രിയപുത്രന്‍ ഇബ്‌റാഹീമിന്റെ വിയോഗത്തിന്റെ ആഘാതത്തില്‍ നബി (സ) പറഞ്ഞുപോയി: ''ഇബ്‌റാഹീം, നീ നമ്മെ ദുഃഖിതനാക്കിക്കളഞ്ഞല്ലോ.'' മകള്‍ സൈനബിന്റെ പുത്രി ഉമാമയെ അവിടുന്ന് നമസ്‌കാരത്തില്‍ എടുത്തിരുന്നതായി ചരിത്രത്തില്‍ കാണാം. ഒരു കുഞ്ഞ് മരണപ്പെട്ടപ്പോള്‍ ദുഃഖം കാരണം നബിയുടെ കണ്ണ് നിറഞ്ഞതുകണ്ട് സഅ്ദ് (റ) ചോദിച്ചു: 'ഓ പ്രവാചകരേ, ഇതെന്താണ്?' അപ്പോള്‍ നബിയുടെ മറുപടി: 'ഇത് അല്ലാഹു അവന്റെ അടിമകളുടെ ഹൃദയത്തില്‍ നിക്ഷേപിച്ച കാരുണ്യമാണ്. കരുണയുള്ളവരോട് അല്ലാഹു കരുണ ചെയ്യും.' ആഇശ(റ)യില്‍നിന്ന്: 'പ്രവാചകന്‍ ഒരു കുട്ടിയുമായി വന്നു. കുട്ടി റസൂലിന്റെ വസ്ത്രത്തില്‍ മൂത്രമൊഴിച്ചപ്പോള്‍ അവരോട് വെള്ളം കൊണ്ടുവരാന്‍ പറയുകയും വസ്ത്രം കഴുകുകയും ചെയ്തു.' പ്രവാചകന്‍ മനുഷ്യരോട് മാത്രമല്ല, മറ്റു ജീവജാലങ്ങളോടും കാരുണ്യം കാണിച്ചിരുന്നു. ദുരന്തങ്ങള്‍ മൂലം ദുരിതക്കയത്തില്‍ അകപ്പെട്ടവര്‍ക്ക് കാരുണ്യത്തിന്റെ വാതില്‍ തുറന്നുകൊടുക്കാന്‍ തയാറാകുമ്പോള്‍ പരമകാരുണികനായ ദൈവത്തിന്റെ കരുണാകവാടത്തില്‍ അവന്‍ പ്രവേശിപ്പിക്കും; ഇഹത്തിലും പരത്തിലും.

കുടുംബ ബന്ധം വിളക്കിച്ചേര്‍ക്കുന്നതിനെക്കുറിച്ചാണ് പിന്നീട് പറയുന്നത്. رَحِم-ന് ഗര്‍ഭപാത്രം എന്നും രക്തബന്ധം (കുടുംബ ബന്ധം) എന്നും അര്‍ഥമുണ്ട്. ഇവിടെ സൂചിപ്പിച്ച കുടുംബ ബന്ധം (رَحِم) അല്ലാഹുവുമായി സദാ ബന്ധിതമാണ്; വൃക്ഷത്തിന് അതിന്റെ വേരുപടലങ്ങളുമായുള്ള ബന്ധം പോലെ. അത്തരം അടുത്ത ബന്ധത്തെക്കുറിക്കുന്ന വാക്കാണ് شِجْنَة. കുടുംബ ബന്ധം ചേര്‍ക്കല്‍ അല്ലാഹുവുമായി ബന്ധം ചേര്‍ക്കുന്നതിനോടും, കുടുംബ ബന്ധം മുറിക്കല്‍ അല്ലാഹുവിനോടുള്ള ബന്ധം മുറിക്കുന്നതിനോടും ഹദീസ് താരതമ്യപ്പെടുത്തുകയാണ്. ഗര്‍ഭാശയവും കുടുംബ ബന്ധവും കാരുണ്യവും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നതായും ഹദീസ് സൂചന നല്‍കുന്നുണ്ട്. l

عَنْ عَبْدِالله بْنِ عُمَر رَضِي اللهُ عَنهُمَا قَالَ : قَالَ رَسُولُ الله صَلَّى اللهُ عَلَيْهِ وَسَلَّم: إِنّ أَبَرَّ الْبِرِّ صِلَةُ الْمَرْءِ أَهْلَ وُدِّ أَبِيهِ بَعْدَ أَن يُوَلِّيَ (مسلم ،أبو داود)

അബ്ദുല്ലാഹിബ്‌നു ഉമറി(റ)ല്‍നിന്ന്. അല്ലാഹുവിന്റെ റസൂല്‍ (സ) അരുളി: ''പുണ്യങ്ങളില്‍ മഹത്തായതാണ്, ഒരാള്‍ തന്റെ പിതാവിന്റെ വിയോഗ ശേഷം അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുമായി ബന്ധം ചേര്‍ക്കുന്നത്'' (മുസ് ലിം, അബൂ ദാവൂദ്).

വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുവിനോടുള്ള ബാധ്യതക്കുശേഷം തൊട്ടുടനെ പ്രാധാന്യപൂര്‍വം ഊന്നിപ്പറയുന്നത് മാതാപിതാക്കളോടുള്ള ബാധ്യതയാണ്. ''നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു: അവനു മാത്രമല്ലാതെ വഴിപ്പെടരുതെന്നും മാതാപിതാക്കള്‍ക്ക് സുകൃതം ചെയ്തുകൊടുക്കണമെന്നും'' (17:23) ''നാഥന്റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലാണ്. നാഥന്റെ കോപം മാതാപിതാക്കളുടെ കോപത്തിലാണ്'' (നബിവചനം).

ഈ പുണ്യകര്‍മം മാതാപിതാക്കളില്‍ പരിമിതമല്ലെന്നും, അവരുടെ ജീവിതകാലത്ത് അവര്‍ ഇഷ്ടപ്പെടുകയും സ്‌നേഹിക്കുകയും ചെയ്തിരുന്ന ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും അത് വ്യാപിപ്പിക്കണമെന്നുമാണ് ഹദീസ് വ്യക്തമാക്കുന്നത്.
അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) ഒരിക്കല്‍ മദീനയില്‍നിന്ന് മക്കയിലേക്ക് തന്റെ കഴുതപ്പുറത്ത് യാത്ര പുറപ്പെട്ടു. മക്കയിലെത്തിയപ്പോള്‍ ഒരു ഗ്രാമീണനെ കണ്ടുമുട്ടി. അബ്ദുല്ല അദ്ദേഹത്തെ തന്റെ കഴുതപ്പുറത്ത് കയറ്റിയിരുത്തി. അണിഞ്ഞിരുന്ന തന്റെ മുന്തിയ തലപ്പാവ് അദ്ദേഹത്തെ അണിയിക്കുകയും ചെയ്തു. അപ്പോള്‍ കൂടെ യാത്ര ചെയ്തിരുന്ന അബ്ദുദ്ദീനാര്‍ ചോദിച്ചു: 'താങ്കള്‍ ചെറിയ സമ്മാനമെന്തെങ്കിലും കൊടുത്താല്‍ തന്നെ ഗ്രാമീണന്‍ തൃപ്തിപ്പെടുമായിരുന്നല്ലോ. ഇത്രയും വലിയത് കൊടുക്കേണ്ടിയിരുന്നോ?' ഇബ്‌നു ഉമര്‍ പറഞ്ഞു: 'ഇന്നയാളുടെ പുത്രനായ ഇയാളുടെ പിതാവ് എന്റെ പിതാവ് ഉമറിന്റെ അടുപ്പക്കാരില്‍ ഒരാളായിരുന്നു.' എന്നിട്ട് അബ്ദുദ്ദീനാറിനെ നബി(സ)യില്‍നിന്ന് കേട്ട ഈ ഹദീസ് അദ്ദേഹം ചൊല്ലിക്കേള്‍പ്പിക്കുകയും ചെയ്തു. പിതാവ് ആരെയാണോ ഇഷ്ടപ്പെട്ടിരുന്നത് അയാളുടെ മക്കള്‍ക്ക് പോലും പരിഗണന നല്‍കുന്നത് പിതാവിനോടുള്ള നന്മയില്‍ പെടുമെന്നാണ് ഈ സംഭവം പഠിപ്പിക്കുന്നത്. അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ), അബൂ ബുര്‍ദ(റ)യുടെ അടുത്ത് ചെന്നപ്പോള്‍ അബൂ ബുര്‍ദ ചോദിച്ചു: 'താങ്കള്‍ എന്തിനാണ് വന്നത്?' 'നിങ്ങള്‍ എന്റെ പിതാവിന്റെ സ്‌നേഹിതനായിരുന്നു എന്ന നിലക്കാണ് ഞാന്‍ വന്നത്. റസൂല്‍ പറഞ്ഞിട്ടുണ്ട്: മാതാപിതാക്കള്‍ ഖബ്‌റില്‍ ബര്‍സഖിയായ ജീവിതത്തിലായിരിക്കുമ്പോള്‍ അവരുമായി ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവരുടെ സഹോദരങ്ങളുമായോ സുഹൃത്തുക്കളുമായോ അവരുടെ മരണശേഷവും നിങ്ങള്‍ ബന്ധം പുലര്‍ത്തുക.'

ഒരിക്കല്‍ ബനൂസലമയില്‍ പെട്ട ഒരാള്‍ നബി(സ) യുടെ അടുത്തു വന്ന് ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, എന്റെ മാതാപിതാക്കള്‍ മരിച്ചതിനു ശേഷവും അവര്‍ക്ക് പുണ്യം ചെയ്യാന്‍ എനിക്ക് കഴിയുമോ?' റസൂല്‍ (സ) പറഞ്ഞു: ''അതെ, അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക, അവര്‍ക്കു വേണ്ടി ഇസ്തിഗ്ഫാര്‍ (പാപമോചനം തേടൽ) നടത്തുക, അവര്‍ക്കു ശേഷം അവരുടെ വസ്വിയ്യത്ത് പൂര്‍ത്തീകരിക്കുക, അവരിലൂടെയല്ലാതെ ചേര്‍ക്കാന്‍ കഴിയാത്ത കുടുംബബന്ധങ്ങള്‍ ചേര്‍ക്കുക, അവരുടെ ഇഷ്ടസുഹൃത്തുക്കളെയും സ്‌നേഹിതന്മാരെയും ആദരിക്കുക.''

മാതാപിതാക്കളുള്ള കാലത്ത് അവരുടെ സ്‌നേഹത്തിനും സൗഹൃദത്തിനും പാത്രമായിരുന്ന ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുക, അവര്‍ക്ക് ചെയ്തുകൊടുത്തിരുന്ന ഉപകാരങ്ങളും സഹായ സഹകരണവും തുടരുക, വിശേഷാവസരങ്ങളിലും വിഷമ ഘട്ടങ്ങളിലും അവര്‍ക്ക് താങ്ങും തണലുമാവുക, സ്വദഖ-സാമ്പത്തിക സഹായങ്ങളില്‍ അവരെയും പരിഗണിക്കുക തുടങ്ങിയവയൊക്കെ ഈ സ്‌നേഹസൗഹൃദത്തിന്റെ ഭാഗം തന്നെയാണ്. l

عَنْ عَبْدِالله بْنِ عَبَّاس رَضِي اللهُ عَنهُمَا : كَانَ النَّبيُّ صَلَّى اللهُ عَلَيْهِ وَسَلَّم يَقُولُ في دُعَائِه : رَبِّ أعِنِّي وَلَا تُعِنْ عَلَيَّ، وَانْصُرْني وَلَا تَنْصُرْ عَلَيَّ، وَامْكُرْ لِي وَلَا تَمْكُر عَلَيَّ، وَاهْدِني وَيَسِّرِ الْهُدَى لِي، وَانْصُرْنِي عَلَى مَنْ بَغَى عَلَيَّ، رَبِّ اجْعَلْني لَكَ شَكَّارًا، لَكَ ذَكَّارًا، لَكَ رَهَّابًا، لَكَ مُطِيعًا، إِلَيْكَ مُخْبِتًا، إلَيْكَ أَوَّاهًا مُنِيبًا، رَبِّ تَقَبَّلْ تَوْبَتي، وَاغْسِلْ حَوْبَتِي، وَأجِبْ دَعْوَتِي، وَاهْدِ قَلْبِي، وَسَدِّدْ لِسَانِي، وَثَبِّتْ حُجَّتِي، وَاسْلُلْ سَخِيمَةَ قَلْبِي (ابن ماجه)

അബ്ദുല്ലാഹിബ്‌നു അബ്ബാസി(റ)ല്‍നിന്ന്. നബി (സ) പ്രാര്‍ഥിക്കുമായിരുന്നു: 'എന്റെ നാഥാ, എന്നെ സഹായിക്കണം, എനിക്കെതിരെ സഹായിക്കരുത്; എന്നെ പിന്തുണക്കണം, എനിക്കെതിരെ പിന്തുണക്കരുത്; എനിക്കായി തന്ത്രങ്ങള്‍ ഒരുക്കണം, എനിക്കെതിരെ തന്ത്രങ്ങള്‍ ഒരുക്കരുത്; എന്നെ സന്മാര്‍ഗത്തില്‍ നയിക്കണം, സന്മാര്‍ഗം എളുപ്പമാക്കിത്തരണം; എന്നോട് അതിക്രമം പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നീയെനിക്ക് പിന്‍ബലമാവണം; നിന്നോട് നന്ദിയുള്ളവരിലും, നിന്നെ സ്മരിക്കുന്നവരിലും, നിന്നെ ഭയപ്പെടുന്നവരിലും, നിന്നെ അനുസരിക്കുന്നവരിലും, നിന്നിലേക്ക്
വിനയാന്വിതരാകുന്നവരിലും, നിന്നിലേക്ക് ഖേദിച്ചു മടങ്ങുന്നവരിലും നീയെന്നെ ഉള്‍പ്പെടുത്തേണമേ! നാഥാ, എന്റെ പശ്ചാത്താപം സ്വീകരിക്കുകയും, എന്റെ അപരാധങ്ങള്‍ കഴുകിക്കളയുകയും, എന്റെ വിളിക്ക് ഉത്തരം നല്‍കുകയും, എന്റെ ഹൃദയത്തെ വഴികാട്ടുകയും, എന്റെ നാവിനെ നേരെയാക്കുകയും, എന്റെ ന്യായങ്ങള്‍ സ്ഥിരപ്പെടുത്തുകയും, ഹൃദയത്തില്‍നിന്ന് വിദ്വേഷം നീക്കിക്കളയുകയും ചെയ്യേണമേ!'' (ഇബ്‌നു മാജ).

മനുഷ്യന്‍ അകപ്പെട്ടുപോകുന്ന പ്രതിസന്ധികളില്‍നിന്ന് മുക്തിനേടാനുള്ള താക്കോലാണ് പ്രാര്‍ഥന. വിളി കേള്‍ക്കാന്‍ ഒരു ശക്തിയുണ്ടെന്ന വിശ്വാസിയുടെ ബോധ്യം, തന്റെ ദൗര്‍ബല്യത്തെയും നിസ്സഹായതയെയും ആ ശക്തിയുടെ മഹത്വത്തെയും ഔന്നത്യത്തെയുമാണ് വെളിപ്പെടുത്തുന്നത്. പ്രാര്‍ഥനയുടെ പ്രാധാന്യം വിശുദ്ധ ഖുര്‍ആന്‍ സൂറഃ അല്‍ ഫുര്‍ഖാന്‍ 77-ാം സൂക്തത്തില്‍ ഇങ്ങനെ വ്യക്തമാക്കുന്നു: ''പറയുക: നിങ്ങളുടെ പ്രാര്‍ഥന ഇല്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ തീരെ പരിഗണിക്കപ്പെടുമായിരുന്നില്ല.''

ചെറുതും വലുതുമായ ഏതേതു കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതിനും അല്ലാഹുവിന്റെ ഉതവിയും സഹായവും അത്യന്താപേക്ഷിതമാണ്. അല്ലാഹു കനിയുന്നില്ലെങ്കില്‍ നേര്‍ വിപരീത ദിശയില്‍ വഴികേടിലാവും മനുഷ്യന്‍ എത്തിപ്പെടുക. പ്രവാചകന്‍ യൂസുഫ് (അ) മ്ലേഛകരമായ കാര്യത്തിന് പ്രലോഭിപ്പിക്കപ്പെട്ട സംഭവത്തെ പറ്റി യൂസുഫി (അ)ന്റെ തന്നെ ഭാഷയില്‍ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്: 'ഞാന്‍ എന്റെ മനസ്സിനെ നിരപരാധിയാക്കുന്നില്ല; മനസ്സ് തിന്മയിലേക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു- എന്റെ റബ്ബിന്റെ കാരുണ്യം ലഭിച്ചവനൊഴികെ'' (യൂസുഫ് 53). മനസ്സ് പിശാചുക്കളുടെയും ദുര്‍വൃത്തികളായ മനുഷ്യരുടെയും ദുഷ്പ്രലോഭനങ്ങള്‍ക്ക് സദാ വിധേയമായിക്കൊണ്ടിരിക്കും. അല്ലാഹുവിന്റെ ഉതവി, അതൊന്നുകൊണ്ട് മാത്രമേ പ്രവാചകന്മാര്‍ക്കു പോലും മനസ്സിന്റെ അനിയന്ത്രിത വ്യാപാരങ്ങളെ കടിഞ്ഞാണിടാന്‍ സാധിക്കൂ എന്നാണിത് വ്യക്തമാക്കുന്നത്.

ജീവിത വിജയത്തെ സംബന്ധിച്ചേടത്തോളം തന്ത്രങ്ങള്‍ ഒരനിവാര്യതയാണ്. തന്ത്രം അല്ലാഹുവിന്റെ സവിശേഷ ഗുണങ്ങളില്‍ പെട്ടതാണ്. 'തന്ത്രശാലികളില്‍ ഉത്തമന്‍ അല്ലാഹുവത്രെ' (അല്‍ അന്‍ഫാല്‍ 30). തിന്മയും നാശവും ആഗ്രഹിക്കുന്ന കുതന്ത്ര ശാലികള്‍ക്കെതിരെ സയുക്തമായ തന്ത്രങ്ങള്‍ വഴി മറികടക്കാന്‍ തൗഫീഖ് അരുളേണമേ എന്ന് അല്ലാഹുവിനോട് ആവശ്യപ്പെടണമെന്നാണ് പിന്നീട് പറയുന്നത്. അറിയാതെ കുതന്ത്ര ശാലികളുടെ വഞ്ചനയില്‍ അകപ്പെടാതിരിക്കാനും ഈ തേട്ടം അനിവാര്യമാണ്. നാഥനെ കണ്ടുമുട്ടുന്നതുവരെ സത്യപന്ഥാവില്‍നിന്ന് വ്യതിചലിക്കാതെ സുഗമവും അനായാസകരവുമായ ദൈവിക അനുസരണത്തിനും, ഇബാദത്തുകളുടെ നിഷ്‌കൃഷ്ടമായ നിർവഹണത്തിന് ഭംഗം വരുന്ന ജോലികളില്‍ വ്യാപൃതരാകാതിരിക്കാനും അല്ലാഹുവിനോട് സഹായം തേടുക എന്നാണ് പിന്നീട് പറയുന്നത്. ശേഷം, അതിക്രമകാരികളുടെ കൈയേറ്റത്തിനെതിരെ അല്ലാഹുവിനോട് സഹായം തേടുകയാണ്. ഒരുവിധ അതിക്രമത്തിനും ഇടവരാതെ ശത്രുക്കള്‍ക്കെതിരെ അല്ലാഹുവിന്റെ സഹായം അര്‍ഥിക്കുകയാണ്.
പ്രയാസത്തിലും സന്തോഷത്തിലും, വാക്കിലും പ്രവൃത്തിയിലും, രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവിനെ ഓര്‍ക്കാനും അവനോട് നന്ദിയുള്ളവനാകാനും തുണക്കേണമേ എന്നാണ് പിന്നീട് പ്രാര്‍ഥിക്കുന്നത്.

അതുപോലെ എല്ലാ അവസ്ഥയിലും അവനെ ഭയപ്പെടുക, അവന് വിധേയപ്പെടുക, അവനു വേണ്ടി വിനയാന്വിതനാവുക, സംഭവിച്ചുപോകുന്ന പാകപ്പിഴവുകളില്‍ ഖേദിച്ചു മടങ്ങുക തുടങ്ങിയ കാര്യങ്ങളും നബി (സ) ഈ പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തുന്നു. മാത്രമല്ല, പശ്ചാത്താപം സ്വീകരിക്കാനും, തെറ്റുകള്‍ കഴുകിക്കളയാനും, വിളിക്ക് ഉത്തരം നല്‍കാനും, ഹൃദയത്തെ നേര്‍വഴിയിലാക്കാനും, അനര്‍ഥങ്ങള്‍ വന്നുപോകുന്നതില്‍നിന്ന് നാവിനെ തടയാനും, ജനങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ വാദങ്ങള്‍ക്ക് പ്രാമാണികത്വം കൈവരാനും, മറ്റുള്ളവരെ പ്രതി യാതൊരു വിദ്വേഷവും അസൂയയും മനസ്സില്‍ വന്നുപോകാതിരിക്കാനും, ദൈവിക സഹായം വന്നെത്താനുമുള്ള അര്‍ഥനയാണ് ഒടുവില്‍. ജീവിതത്തിന്റെ എല്ലാ തുറകളിലും ദൈവ സഹായം തേടിക്കൊണ്ടിരിക്കണമെന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്. l

عَنْ جَابِر بْن سُلَيم الهُجَيْمي رَضِيَ اللهُ عَنْه قَالَ : قَالَ رَسُول اللهِ صَلّى اللهُ عَلَيْه وَسَلّم : لَا تَحْقِرَنَّ شَيئًا مِنَ المعْرُوفِ أنْ تَأْتِيَهُ ؛ ولَوْ أنْ تَهِبَ صِلَةَ الحَبْلِ ، ولَوْ أنْ تُفْرِغَ مِن دَلْوِكَ في إِناءِ المُسْتَسْقِي ، ولَوْ أنْ تَلْقَى أَخَاكَ المُسْلِمَ ووَجْهُكَ بَسْطٌ إلَيهِ ، وَلَوْ أنْ تُؤْنِسَ الوَحْشَانَ بِنَفْسِكَ ، ولَوْ أنْ تَهِبَ الشَّسْعَ (أبو داود)

ജാബിറുബ്‌നു സുലൈം അല്‍ ഹുജൈമി(റ)യില്‍നിന്ന്. അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു: 'നീ നല്‍കുന്ന ഒരു നന്മയെയും നീ നിസ്സാരമായി കാണരുത്; ആ നന്മ, ചേര്‍ത്തു കെട്ടാന്‍ നീയൊരു കയര്‍ നല്‍കുന്നതാകട്ടെ; വെള്ളം ആവശ്യപ്പെടുന്നവന്റെ പാത്രത്തിലേക്ക് നിന്റെ ബക്കറ്റില്‍നിന്ന് വെള്ളം പകര്‍ന്നുകൊടുക്കുന്നതാകട്ടെ; നിന്റെ മുസ് ലിം സഹോദരനെ പ്രസന്നവദനനായി കണ്ടുമുട്ടുന്നതാവട്ടെ; ഭീതിയില്‍ അകപ്പെട്ട ഒരാള്‍ക്ക് നീ സമാശ്വാസമരുളുന്നതാകട്ടെ; ചെരിപ്പിന്റെ വാര്‍ നീ ദാനമായി നല്‍കുന്നതാകട്ടെ'' (അബൂ ദാവൂദ്).

ജീവിതത്തില്‍ അനുശീലിക്കേണ്ട ഉത്തമ സ്വഭാവങ്ങള്‍ ഏതൊക്കെയെന്നും വര്‍ജിക്കേണ്ട ദുഃസ്വഭാവങ്ങളും ദുഷ്പ്രവൃത്തികളും ഏതൊക്കെയെന്നും അല്ലാഹുവിന്റെ റസൂല്‍ വ്യക്തമാക്കിത്തന്നിട്ടുണ്ട്. എത്ര ചെറുതാവട്ടെ, വലുതാവട്ടെ, ആളുകള്‍ സ്വീകരിക്കുന്നതും വെറുക്കപ്പെടാത്തതുമായ എല്ലാ നല്ല കാര്യങ്ങളും പ്രതിഫലാര്‍ഹമായതാണ്. ''നന്മ, അത് അണുത്തൂക്കമാണെങ്കിലും (അതിന്റെ ഫലം) അവൻ കാണും'' (ഖുര്‍ആന്‍ 99:7). കൈവശമുള്ള ഒരു കയര്‍, ആവശ്യത്തിന് നീളം തികയാതെ സ്‌നേഹിതന്‍ വിഷമിക്കുമ്പോള്‍ മറ്റൊരു കഷ്ണം കയര്‍ (അതെത്ര ചെറുതാണെങ്കിലും) നല്‍കി സഹായിക്കുന്നത് നിസ്സാരമായി കരുതേണ്ട ഒന്നല്ല എന്നാണ് ഈ ഹദീസ് ഒന്നാമതായി പഠിപ്പിക്കുന്നത്. അല്ലാഹുവിങ്കല്‍ അത് പ്രതിഫലാര്‍ഹമായ സല്‍പ്രവൃത്തിയായി രേഖപ്പെടുത്തും. കിണറ്റില്‍നിന്ന് വെള്ളം കോരിക്കൊണ്ടിരിക്കെ അതിനടുത്തേക്ക് മറ്റൊരാള്‍ കുടിവെള്ളപ്പാത്രവുമായി കടന്നുവരികയാണെങ്കില്‍, തനിക്കുവേണ്ടി ശേഖരിച്ച വെള്ളം അയാളുടെ പാത്രത്തിലേക്ക് ഒഴിച്ചുകൊടുക്കുന്നതും ലാഘവത്തോടെ കാണേണ്ടതില്ല. തന്റെ സഹോദരനെ കണ്ടുമുട്ടുമ്പോള്‍ നീരസത്തോടെ സമീപിക്കുന്നതിനു പകരം അവന് പരിഗണന നല്‍കിയും പുഞ്ചിരിച്ചും സന്തോഷത്തോടെ അഭിമുഖീകരിക്കുന്നതും നിസ്സാരമായ പ്രവൃത്തിയല്ല. വിശ്വാസികള്‍ക്കിടയിലെ പരസ്പര സാഹോദര്യമാണ് ഇവിടെ ഊന്നിപ്പറയുന്നത്. അതായത്, ഇസ് ലാമിക സാഹോദര്യം വംശീയ സ്‌നേഹ ബന്ധത്തെക്കാള്‍ മൂല്യവത്താണെന്നര്‍ഥം.

പല കാരണങ്ങളാല്‍ മനുഷ്യന്‍ ചകിതനായിത്തീരുന്ന സന്ദര്‍ഭങ്ങളുണ്ട്. കേവലം നിസ്സാരമെന്ന് തോന്നാവുന്ന സാന്ത്വന വചനങ്ങള്‍ മതിയാവും 'മുങ്ങുന്നവന് പുൽക്കൊടിയും ആയുധം' എന്ന ചൊല്ല് പോലെ, ഒരു പക്ഷേ അവനെ സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍. അതും അല്ലാഹുവിങ്കല്‍ പ്രതിഫലാര്‍ഹമാണെന്ന് ഹദീസ് പഠിപ്പിക്കുന്നു. അണിയുന്ന ചെരിപ്പിന്റെ വാര്‍ അപ്രതീക്ഷിതമായി അറ്റു പോവാറുണ്ടല്ലോ. നിസ്സാരമെന്ന് തോന്നാമെങ്കിലും, അതുമൂലം അയാളുടെ തുടര്‍ യാത്ര പ്രയാസത്തിലാവും. ഒരു വാര്‍ ആരെങ്കിലും ദാനമായി നല്‍കിയാല്‍ തെല്ലൊന്നുമല്ല അത് യാത്രക്കാരനെ സന്തോഷിപ്പിക്കുക.
ഏതൊരു നല്ല കാര്യവും, അതെത്ര നിസ്സാരമെന്ന് നമുക്ക് തോന്നിയാലും, അല്ലാഹുവിന്റെ സമക്ഷം അതൊന്നും വൃഥാവിലാവുകയില്ലെന്ന് ഉണര്‍ത്തി, അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പ്രചോദനം നല്‍കുകയാണ് ഈ ഹദീസ്. അഗതിക്ക് അന്നം നല്‍കാന്‍ പ്രേരകമായി വര്‍ത്തിക്കാത്തതും, കൊച്ചു കൊച്ചു വീട്ടുസാധനങ്ങള്‍ നല്‍കി സഹായിക്കാത്തതും മതനിഷേധത്തിന്റെ പോലും അടയാളമായി വിശുദ്ധ ഖുര്‍ആന്‍ ഒരിടത്ത് പരിചയപ്പെടുത്തുന്നുണ്ട് (അധ്യായം 107). l

عَنْ عَائِشَة أُمّ المُؤْمِنِين رضيَ اللهُ عَنْها -قَالَتْ: يَا رَسُولَ اللهِ، هَلْ عَلَى النِّساءِ مِنْ جِهادٍ؟ قَالَ: نَعَمْ، عَلَيهِنَّ جِهادٌ، لَا قِتالَ فِيهِ؛ الْحَجُّ والْعُمْرَةُ (أحمد ، ابن ماجه)

ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ)യില്‍നിന്ന്. അവര്‍ ചോദിച്ചു: പ്രവാചകരേ, സ്ത്രീകള്‍ക്ക് ജിഹാദിന് ബാധ്യതയുണ്ടോ? അവിടുന്ന് പറഞ്ഞു: അതെ, അവര്‍ക്ക് ജിഹാദിന് ബാധ്യതയുണ്ട്. എന്നാല്‍ അതില്‍ യുദ്ധമില്ല; ഹജ്ജും ഉംറയുമാണത് (അഹ്്മദ്, ഇബ്‌നു മാജ).

ഇസ്്‌ലാമിലെ പരമപ്രധാനമായ പുണ്യകര്‍മമാണ് ജിഹാദ്. വിശ്വാസിക്ക് ഈ ലോകത്ത് പ്രാപിക്കാന്‍ കഴിയുന്ന ശ്രേഷ്ഠതയുടെ പരമകാഷ്ഠയാണ് അതുവഴിയുണ്ടാകുന്ന ശഹാദത്ത് (രക്തസാക്ഷിത്വം). ധര്‍മസംസ്ഥാപനത്തിന്റെ മാര്‍ഗത്തില്‍ അര്‍പ്പിക്കുന്ന ത്യാഗപരിശ്രമങ്ങളൊക്കെ ഇസ്ലാം ജിഹാദിന്റെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. പ്രതിരോധ മാര്‍ഗമെന്ന നിലയില്‍ ശത്രുക്കളുമായി ഏറ്റുമുട്ടേണ്ടിവരുന്നതും ജിഹാദിന്റെ ഭാഗം തന്നെയാണ്.

മനോദാര്‍ഢ്യവും കായിക കരുത്തും തന്ത്രങ്ങളുമൊക്കെ അത്യന്താപേക്ഷിതമായ മേഖലയാണത്. സ്ത്രീകളെ സംബന്ധിച്ചേടത്തോളം അത്തരം പോരാട്ടങ്ങള്‍ അത്ര എളുപ്പമായിരിക്കില്ല. രണാങ്കണങ്ങളില്‍ (ജിഹാദില്‍) ഭാഗഭാക്കാകുന്നതിന്റെയും രക്തസാക്ഷ്യം വരിക്കുന്നതിന്റെയും പ്രത്യേകതകളും മഹത്വവും പ്രതിഫലവും വേണ്ടവണ്ണം ഉള്‍ക്കൊണ്ടവരായിരിക്കുമല്ലോ നബിപത്‌നി ആഇശ(റ)യും സമകാലിക സ്വഹാബി വനിതകളും. സ്രഷ്ടാവിലേക്ക് അടുപ്പിക്കുകയും സ്വര്‍ഗപ്രവേശം ഉറപ്പാക്കുകയും ചെയ്യുന്ന ശ്രേഷ്ഠ കര്‍മം എന്ന നിലക്ക് ജിഹാദില്‍ തങ്ങള്‍ക്കു കൂടി പങ്കാളിത്തമായിക്കൂടേ എന്ന ഉല്‍ക്കടമായ മോഹം അവരുടെ മനസ്സിനെ മഥിച്ചിട്ടുണ്ടാകും. മാത്രമല്ല, അന്ന് നബി(സ)യുടെ കൂടെ യുദ്ധങ്ങളില്‍ പോരാട്ടമല്ലാത്ത (മുറിവേറ്റവരെ ശുശ്രൂഷിക്കല്‍, ഭക്ഷണ പാനീയങ്ങള്‍ എത്തിച്ചുകൊടുക്കല്‍, പടയാളികളുടെ താവളങ്ങള്‍ക്ക് കാവല്‍ നില്‍ക്കല്‍, സാധന സാമഗ്രികളുടെ സൂക്ഷിപ്പ്) മറ്റു സേവന രംഗങ്ങളില്‍ അവര്‍ ഏര്‍പ്പെട്ടിരുന്നതായും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ജിഹാദിലൂടെ ശ്രേഷ്ഠകരമായ പുണ്യം കരസ്ഥമാക്കാന്‍ പുരുഷന്മാര്‍ക്ക് സൗഭാഗ്യം കൈവരുന്നതു പോലെ തങ്ങള്‍ സ്ത്രീകള്‍ക്കും അവസരം ലഭിക്കുമോ എന്ന് ആരായുകയാണ് നബിപത്‌നി ആഇശ (റ). പുരുഷന്മാര്‍ക്ക് നിര്‍ബന്ധമായതുപോലെ സ്ത്രീകള്‍ക്കും ജിഹാദ് ബാധ്യതയാണോ എന്നുമാകാം അവരുടെ ചോദ്യം. സ്ത്രീകളുടെ സൃഷ്ടിപ്രകൃതവും വ്യതിരിക്തതകളും നന്നായി അറിയുന്ന പ്രവാചകന്റെ മറുപടി ഒരിക്കലും അവരെ നിരാശപ്പെടുത്തുന്നതായില്ല. സ്ത്രീസമൂഹത്തിന് പ്രത്യാശയും പ്രതീക്ഷയും പകരുന്ന മറുപടിയാണ് അവിടുന്ന് നല്‍കുന്നത്. ഹജ്ജിനെയും ഉംറയെയും സ്ത്രീകളുടെ യുദ്ധമില്ലാത്ത ജിഹാദായി അവിടുന്ന് പരിചയപ്പെടുത്തുന്നു. ഹജ്ജ്-ഉംറ കര്‍മങ്ങളിലൂടെ സ്ത്രീകള്‍ മുജാഹിദുകളുടെ മഹോന്നത പദവി പ്രാപിക്കുകയാണ്. പ്രവാചകന്റെ ഈ വചനം ശ്രവിച്ചതിനു ശേഷം ആഇശ (റ) ഹജ്ജ് കര്‍മം ഒഴിവാക്കുകയുണ്ടായിട്ടില്ല. ''ഭാരം കുറഞ്ഞവരായോ കൂടിയവരായോ നിങ്ങള്‍ സമരസജ്ജരാകുവിന്‍. സമ്പത്ത് കൊണ്ടും ശരീരം കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ജിഹാദ് (സമരം) ചെയ്യുവിന്‍'' (9:41) എന്ന ഖുര്‍ആന്‍ വചനം അടിസ്ഥാനമാക്കി, ശൈഖ് ഇബ്‌നു ബാസിനെ പോലുള്ള പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത് സ്ത്രീകളുടെ ഹജ്ജ് കര്‍മം സാമ്പത്തിക ജിഹാദില്‍ ഉള്‍പ്പെടുമെന്നാണ്.

വീടും നാടും സമ്പത്തും കുടുംബവും വിട്ടേച്ചു കൊണ്ടാണ് യുദ്ധക്കളത്തിലേക്ക് പുറപ്പെടുക. വിജയമോ രക്തസാക്ഷിത്വമോ ആവാം അതിന്റെ അന്തിമ ഫലം. ഒരുവേള ഹജ്ജും യുദ്ധവും തമ്മില്‍ താരതമ്യവും സാധ്യമാണ്. എന്നാല്‍, രണാങ്കണത്തില്‍ രക്തസാക്ഷികളാകുന്നവര്‍ക്ക് സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ടതുപോലെ, ഹജ്ജ് കര്‍മത്തിനിടയില്‍ മരണപ്പെടുന്നവര്‍ക്ക് രക്തസാക്ഷികളുടെ സ്ഥാനം ലഭിക്കുമോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. 'ആര്‍ രക്തസാക്ഷിത്വം കൊതിച്ച് ജീവിക്കുന്നുവോ, തന്റെ വിരിപ്പില്‍ കിടന്ന് സ്വാഭാവിക മരണമാണ് അയാള്‍ക്ക് സംഭവിക്കുന്നതെങ്കില്‍ പോലും സ്വര്‍ഗത്തിനവകാശിയാണ്' എന്ന നബിവചനത്തെ അടിസ്ഥാനമാക്കി, ഹജ്ജിനിടയില്‍ മരണപ്പെടുന്നവര്‍ സ്വര്‍ഗാവകാശികളാണെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. l

عَنْ أَبي مُوسَى الْأَشْعَرِي رَضِي الله عَنْهُ عَنِ النَّبِيّ صَلَّى اللَّهُ عَلَيْهِ وَسَلَّم قَالَ: عَلَى كُلِّ مُسْلِمٍ صَدَقَةٌ. قَالُوا: فَإنْ لَمْ يَجِدْ؟ قَالَ: فَيَعْمَلُ بيَدَيْهِ فَيَنْفَعُ نَفْسَهُ ويَتَصَدَّقُ. قَالُوا: فَإنْ لَمْ يَسْتَطِعْ أوْ لَمْ يَفْعَلْ؟ قَالَ: فَيُعِينُ ذَا الْحَاجَةِ المَلْهُوفَ. قَالُوا: فَإِنْ لَمْ يَفْعَلْ؟ قَالَ: فَيَأْمُرُ بِالْخَيْرِ -أوْ قَالَ: بِالْمَعْرُوفِ- قَالَ: فَإنْ لَمْ يَفْعَلْ؟ قَالَ: فَيُمْسِكُ عَنِ الشَّرِّ؛ فَإِنَّهُ لَهُ صَدَقَةٌ (البخاري)

അബൂ മൂസല്‍ അശ്അരി(റ)യില്‍നിന്ന്. നബി (സ) പറഞ്ഞു: ''എല്ലാ മുസ് ലിമിനും സ്വദഖ (ദാനധര്‍മം) ബാധ്യതയാണ്. അവര്‍ (സ്വഹാബികള്‍) ചോദിച്ചു: അതിന് വകയില്ലെങ്കിലോ? നബി (സ) പറഞ്ഞു: തനിക്ക് പ്രയോജനപ്പെടും വിധം അവന്‍ തന്റെ കൈകള്‍കൊണ്ട് തൊഴിലെടുക്കട്ടെ, എന്നിട്ട് ദാനം നല്‍കട്ടെ. അവര്‍ ചോദിച്ചു: അവന്നത് സാധിച്ചില്ല, അല്ലെങ്കില്‍ അങ്ങനെ ചെയ്തില്ല? അവിടുന്ന് പറഞ്ഞു: ആശയറ്റ ആവശ്യക്കാരെ അവന്‍ സഹായിക്കട്ടെ. അവര്‍ ചോദിച്ചു: അതും ചെയ്തില്ലെങ്കില്‍? അവിടുന്ന് പറഞ്ഞു: അപ്പോള്‍ അവന്‍ നല്ലത് അല്ലെങ്കില്‍ നന്മ കല്‍പിക്കട്ടെ. പിന്നെയും ചോദിച്ചു: അതും ചെയ്തില്ലെങ്കില്‍? അപ്പോള്‍ പറഞ്ഞു: അവന്‍ സ്വയം തിന്മയില്‍നിന്ന് വിട്ടുനില്‍ക്കട്ടെ; അതവന് സ്വദഖയാകും'' (ബുഖാരി).

ഒരാള്‍ താന്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പത്തില്‍നിന്ന് മനഃസംതൃപ്തിയോടെ ആവശ്യക്കാര്‍ക്ക് നല്‍കുന്നതാണ് സ്വദഖ. സ്വദഖയെ ഇസ് ലാം ധനം മിച്ചമുള്ളവരിലും പണക്കാരിലും വിഭവശേഷിയുള്ളവരിലും മാത്രമായി പരിമിതപ്പെടുത്തുന്നില്ല. വളരെ വിപുലവും വിശാലവുമായ അര്‍ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് അതെന്ന് ഹദീസ് വ്യക്തമാക്കുന്നുണ്ട്.
കുറഞ്ഞോ കൂടിയോ അളവില്‍ ജീവിത വിഭവങ്ങളാല്‍ അനുഗ്രഹിക്കപ്പെട്ടവരൊക്കെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ദാനധര്‍മങ്ങളില്‍ നിരതരായിരിക്കണം എന്നാണ് ഒന്നാമതായി ഈ ഹദീസ് ഓര്‍മപ്പെടുത്തുന്നത്. അധ്വാനമായിരിക്കണം ഏതൊരാളുടെയും ജീവിതോപാധി. ഏറ്റവും ശ്രേഷ്ഠമായ സമ്പാദ്യം ഏതെന്ന് ചോദിച്ചപ്പോള്‍, സ്വന്തം കൈകൊണ്ട് അധ്വാനിച്ചു നേടുന്നതാണെന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ ബറക്കത്തും അധ്വാനിച്ച് നേടുന്ന സമ്പാദ്യത്തിലായിരിക്കും. തന്റെയും ആശ്രിതരുടെയും അത്യാവശ്യങ്ങള്‍ കഴിച്ച് മിച്ചമുള്ളതില്‍നിന്ന് ദാനം ചെയ്യുമ്പോള്‍ ലഭിക്കുന്ന ആത്മനിര്‍വൃതി പറഞ്ഞറിയിക്കാനാവില്ല.

തൊഴിലെടുക്കാനും സമ്പാദിക്കാനുമുള്ള ബുദ്ധിസാമര്‍ഥ്യവും കായിക ശേഷിയും അല്ലാഹു മനുഷ്യര്‍ക്കു നല്‍കുന്ന ഔദാര്യമാണ്. അതിനൊന്നും കഴിവില്ലാത്ത ദരിദ്രരും ദുരിതബാധിതരും പരാശ്രിതരുമായവരും ധാരാളമുണ്ടാവും. അവരെക്കൂടി സ്വദഖയുടെ അനുഗ്രഹത്തില്‍ പങ്കാളിയാക്കുകയാണ് ഇസ്്ലാം. അധ്വാനിക്കാന്‍ വേണ്ടത്ര പ്രാപ്തിയില്ലാത്തവര്‍ക്കും, ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്കും മറ്റു രൂപേണ സ്വദഖയില്‍ പങ്കാളികളാവാം എന്നാണ് പിന്നീട് പറയുന്നത്. സാധുക്കളായ അനുചരന്മാര്‍ ഒരിക്കല്‍ പ്രവാചകനോട് പരിഭവം പറയുകയുണ്ടായി: ''പ്രവാചകരേ, പ്രതിഫലങ്ങളെല്ലാം പണക്കാര്‍ കൊണ്ടുപോയി.'' അതെങ്ങനെ എന്ന് നബി ആരാഞ്ഞപ്പോള്‍, 'അവര്‍ ഞങ്ങളെപ്പോലെ നമസ്‌കരിക്കുന്നു, നോമ്പെടുക്കുന്നു. പുറമേ, സകാത്തും സ്വദഖയും നിര്‍വഹിക്കുകയും ചെയ്യുന്നു' എന്നവര്‍ മറുപടി പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍: ''നന്മയായ എല്ലാ കാര്യങ്ങളിലും സ്വദഖയുണ്ട്. നിങ്ങള്‍ തസ്ബീഹ് (സുബ്ഹാനല്ലാഹ്), തഹ്്മീദ് (അല്‍ഹംദു ലില്ലാഹ്), തക് ബീര്‍ (അല്ലാഹു അക്ബര്‍), തഹ്്ലീല്‍ (ലാഇലാഹ ഇല്ലല്ലാഹ്) എന്നീ ദിക്‌റുകള്‍ വര്‍ധിപ്പിക്കുക; അതും സ്വദഖയാണ്.''

സ്വദഖയുടെ നിരവധി മാര്‍ഗങ്ങള്‍ റസൂല്‍ പരിചയപ്പെടുത്തുന്നുണ്ട്. പുഞ്ചിരിക്കുന്ന മുഖവുമായി തന്റെ സഹോദരനെ അഭിമുഖീകരിക്കുക, വഴിയില്‍നിന്ന് തടസ്സങ്ങള്‍ നീക്കം ചെയ്യുക, അന്ധനെ കൈപിടിച്ച് ലക്ഷ്യസ്ഥാനത്തെത്തിക്കുക, യാത്രാ വേളയില്‍ വൃദ്ധരെയും അവശരെയും പരിഗണിക്കുക, രോഗികളെ സന്ദര്‍ശിച്ച് സാന്ത്വനപ്പെടുത്തുക, ജനാസ സംസ്‌കരണത്തില്‍ പങ്കാളിയാവുക തുടങ്ങി സ്വദഖയുടെ കൈവഴികള്‍ ധാരാളമുണ്ട്. തിന്മയില്‍നിന്ന് സ്വയം വിട്ടുനില്‍ക്കുന്നതും മറ്റുള്ളവരെ തിന്മയില്‍നിന്ന് തടയുന്നതും സ്വദഖയുടെ ഗണത്തില്‍ പെടും. l

عَنْ أَبِي أُمَامَةَ البَاهِلِي عَنِ النَّبِيّ صَلَّى اللَّهُ عَلَيْهِ وَسَلَّم قَال: لَيْسَ شَيْءٌ أَحَبَّ إِلَى اللهِ مِنْ قَطْرَتَيْنِ وَأَثَرَيْن : قَطْرَةُ دُمُوعٍ مِن خَشْيَةِ اللهِ ، وَقَطْرَةُ دَمٍ تُهْرَاقُ فِي سَبِيلِ اللهِ ، وَأَمَّا الْأَثَرَانِ فَأَثَرٌ فِي سَبِيلِ اللهِ ، وَأَثَرٌ فِي فَرِيضَةٍ مِنْ فَرَائِضِ اللهِ عَزَّ وَجَلَّ (ترمذي)

അബൂ ഉമാമ അല്‍ ബാഹിലിയില്‍നിന്ന്. നബി(സ) പറഞ്ഞു: ''രണ്ടു തുള്ളികളെക്കാളും രണ്ട് അടയാളങ്ങളെക്കാളും അല്ലാഹുവിന് ഇഷ്ടപ്പെട്ട ഒന്നുമില്ല. അല്ലാഹുവിനെ ഭയന്നുകൊണ്ടുള്ള ഒരു തുള്ളി കണ്ണുനീര്‍, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചിന്തപ്പെടുന്ന ഒരു തുള്ളി രക്തം. അടയാളങ്ങളാവട്ടെ, അല്ലാഹുവിന്റെ മാര്‍ഗത്തിലെ ഒരടയാളം. മറ്റൊന്ന് അല്ലാഹുവിന്റെ ഫര്‍ദുകളില്‍ ഒരു ഫര്‍ദ് നിര്‍വഹിച്ചതിന്റെ അടയാളം'' (തിര്‍മിദി).

സര്‍വശക്തനായ അല്ലാഹുവിനെ ഭയന്ന് അടിമയുടെ കണ്ണുകളില്‍നിന്ന് ഉതിര്‍ന്നുവരുന്ന ബാഷ്പകണങ്ങളെ കുറിച്ചാണ് ഈ ഹദീസില്‍ ഒന്നാമതായി പറയുന്നത്. ഹൃദയധമനികളില്‍നിന്ന് നിര്‍ഗമിക്കുന്നതാണത്. ഭയംകൊണ്ട് ഉദ്ദേശിക്കുന്നത്, അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ചും തെറ്റുകുറ്റങ്ങളുടെ അന്തിമ ഫലത്തെക്കുറിച്ചുമുള്ള ഭയം, അല്ലാഹുവിനെ കണ്ടുമുട്ടാനുള്ള ഉല്‍ക്കടമായ ആഗ്രഹം, സ്വര്‍ഗീയാനന്ദത്തെക്കുറിച്ച പ്രതീക്ഷ, നരക ദണ്ഡനത്തിന്റെ കാഠിന്യത്തെക്കുറിച്ച വിഭ്രാന്തി, ഭയഭക്തി എന്നിവയാണ്.
ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുമ്പോള്‍ വചനങ്ങളുടെ സാരാര്‍ഥ ഗാംഭീര്യം ഹൃദയത്തില്‍ ആവാഹിച്ച് കണ്ണുകള്‍ ഈറനണിഞ്ഞ സ്വഹാബാ കിറാമിന്റെ ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. നബി(സ) രോഗം ഗുരുതരമായ സന്ദര്‍ഭത്തില്‍ അബൂബക്‌റി(റ)നെ ഇമാമായി നിശ്ചയിച്ചപ്പോള്‍, സ്വപുത്രിയും നബിയുടെ പത്‌നിയുമായ ആഇശ(റ)യുടെ പ്രതികരണം, നമസ്‌കാരത്തില്‍ അബൂബക്‌റി(റ)ന്റെ ഖുര്‍ആന്‍ പാരായണത്തെ കരച്ചില്‍ അതിജയിക്കും എന്നായിരുന്നു.
സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ട പത്ത് സ്വഹാബികളില്‍ ഒരാളായ അബ്ദുര്‍റഹ്്മാനിബ്‌നു ഔഫ് നോമ്പുകാരനായിരിക്കെ, തന്റെ മുന്നില്‍ കൊണ്ടുവരപ്പെട്ട നോമ്പുതുറ വിഭവങ്ങള്‍ കണ്ടപ്പോള്‍, ഉഹുദില്‍ രക്തസാക്ഷിത്വം വരിച്ച മിസ്വ്അബുബ്‌നു ഉമൈറിന്റെ ജനാസ കഫന്‍ ചെയ്യാന്‍ വസ്ത്രം നീളം തികയാതെ അവസാനം കാലിന്റെ ഭാഗം പുല്ലുകൊണ്ട് മറച്ചതിനെ അനുസ്മരിച്ചുകൊണ്ട് വിതുമ്പുകയുണ്ടായി. ഇതൊക്കെയും ഹദീസില്‍ പരാമര്‍ശിക്കപ്പെട്ട 'അല്ലാഹുവിനെ ഭയന്നതു മൂലമുണ്ടാകുന്ന തുള്ളി'ക്ക് ഉദാഹരണങ്ങളാണ്.
രണ്ടാമത്തേത്, ശത്രുക്കളുമായി ഏറ്റുമുട്ടുമ്പോള്‍ പരിക്കുപറ്റി ശരീരത്തില്‍നിന്നുതിരുന്ന രക്തത്തുള്ളിയാണ്. ദീനിന്റെ ഇസ്സത്ത് ഉയര്‍ത്തിപ്പിടിക്കാന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജീവന്‍ നല്‍കാന്‍ സന്നദ്ധമാവുക എന്നത് മഹത്തായ പുണ്യകര്‍മമാണ്. ദീനീ പ്രബോധന മാര്‍ഗത്തില്‍ ഏല്‍ക്കേണ്ടി വരുന്ന പരിക്കുകളും ഈ ഗണത്തില്‍ ഉള്‍പ്പെടും.
പിന്നീട് പറയുന്ന രണ്ട് അടയാളങ്ങളില്‍ ഒന്നാമത്തേത്, ഇഖാമത്തുദ്ദീനിന്റെ മാര്‍ഗത്തില്‍ ഒരുങ്ങിപ്പുറപ്പെടുമ്പോള്‍ ശരീരത്തിനേല്‍ക്കുന്ന പരിക്കുകളുടെ അടയാളങ്ങളാവാം, അല്ലെങ്കില്‍ ജീവിതാന്ത്യം വരെ നിലനില്‍ക്കുന്ന വൈകല്യത്തിന്റെതാകാം, അതുമല്ലെങ്കില്‍ അവയവങ്ങള്‍ ഛേദിക്കപ്പെട്ടതിന്റെതാകാം.
രണ്ടാമത്തെ അടയാളമായി പറയുന്നത്, ഫര്‍ദ് കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനാല്‍ വന്നുഭവിക്കുന്ന അടയാളങ്ങളാണ്. വുദൂ നിര്‍വഹിച്ചതിനാല്‍ ശരീരാവയവങ്ങളില്‍ ബാക്കിയാവുന്ന അടയാളം, നമസ്‌കാരത്തിനായി പുറപ്പെട്ടതിന്റെയും നമസ്‌കാരം നിര്‍വഹിച്ചതിന്റെയും പേരില്‍ അവയവങ്ങളില്‍ അവശേഷിക്കുന്ന അടയാളങ്ങള്‍, നോമ്പനുഷ്ഠിക്കുക വഴി ഉണ്ടായിത്തീരുന്ന ശാരീരിക പ്രയാസങ്ങള്‍, ദീര്‍ഘനേരം നിന്നു നമസ്‌കരിക്കുന്നത് മൂലം കാലുകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, ഹജ്ജ് നിര്‍വഹണത്തില്‍ അനുഭവിക്കുന്ന ക്ലേശങ്ങള്‍ എന്നിവ മേല്‍ സൂചിപ്പിച്ച അടയാളത്തിന് ഉദാഹരണങ്ങളാണ്. l

عَنْ أَبِي هُرَيْرَة رَضِي اللهُ عَنْه قَالَ : قَالَ رَسُولُ الله صَلَّى اللهُ عَلَيْهِ وَسَلَّمَ : قالَ اللَّهُ عزَّ وجلَّ: يُؤْذِينِي اِبْنُ آدَمَ؛ يقولُ: يا خَيْبَةَ الدَّهْرِ! فلا يَقُولَنَّ أحَدُكُمْ يا خَيْبَةَ الدَّهْرِ ، فإنِّي أنا الدَّهْرُ، أُقَلِّبُ لَيْلَهُ ونَهارَهُ، فَإذَا شِئْتُ قَبَضْتُهُما (مسلم)

അബൂ ഹുറയ്‌റയില്‍നിന്ന്. അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ''അല്ലാഹു പറയുകയാണ്: ആദമിന്റെ പുത്രന്‍ എന്നെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നു. അവന്‍ പറയുന്നു; ഓ, നാശം പിടിച്ച കാലമേ! നിങ്ങളില്‍ ആരും തന്നെ പറയരുത്, 'നാശം പിടിച്ച കാലമേ' എന്ന്. കാരണം, തീര്‍ച്ചയായും ഞാനാണ് കാലം, അതിന്റെ രാവിനെയും പകലിനെയും ഞാനാണ് മാറ്റിമറിക്കുന്നത്. ഞാനുദ്ദേശിച്ചാല്‍ അവ രണ്ടിനെയും പിടിച്ചുവെക്കുകയും ചെയ്യും'' (മുസ് ലിം).

കാലം പ്രപഞ്ചത്തിലെ ഒരു സൃഷ്ടി പ്രതിഭാസമാണ്. അതിന്റെ സ്രഷ്ടാവ് അല്ലാഹുവാണ്. നിമിഷങ്ങള്‍, മിനിറ്റുകള്‍, മണിക്കൂറുകള്‍, രാവ്, പകല്‍ ഇതൊക്കെയാണ് കാലം. ജീവിതം എന്ന് പറയുമ്പോള്‍ ഉദ്ദേശിക്കുന്നതും മറ്റൊന്നല്ല.

ജാഹിലി അറബികള്‍, വിപത്ത് സംഭവിച്ചാലും ഉദ്ദേശിച്ച കാര്യം നടക്കാതിരുന്നാലും, 'നമ്മെ വഴിതെറ്റിച്ച സമയത്തെ ദൈവം ശപിക്കട്ടെ' എന്നു പറയുമായിരുന്നു. ഒരു കവിവാക്യം ഇങ്ങനെ:
يَا دَهْرَ وَيْحَكَ مَا أَبْقَيْتَ لِي أَحَدًا
وَأَنْـتَ وَالِدُ سُـــوءٍ تـَـأْكُــلُ الْوَلدَا
'കാലമേ നിനക്കു നാശം എനിക്കുവേണ്ടി ഒന്നിനെയും നീ ബാക്കിവെച്ചില്ല.
നീയാകട്ടെ കുഞ്ഞിനെ തിന്നുന്ന മോശം പിതാവ്!'
ഭൗതിക പ്രമത്തരായ ആളുകള്‍ കാലത്തെ ആക്ഷേപിച്ചുകൊണ്ട് പറയുന്നതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: وَمَا يُهْلِكُنَا إِلَّا الدَّهْرُ (കാലചക്രമല്ലാതെ നമ്മെ നശിപ്പിക്കുന്നില്ല - 45:24).

കാലാവസ്ഥയില്‍ അപ്രതീക്ഷിത മാറ്റമുണ്ടാകുമ്പോള്‍ കാലത്തെ പഴിക്കാറുണ്ട് ചിലര്‍. കാലവര്‍ഷം ചതിച്ചു, എന്തൊരു നാശം പിടിച്ച കാലാവസ്ഥ, കലികാലം എന്നിങ്ങനെ. ഇതു കാരണം കാര്‍ഷികോല്‍പ്പാദനത്തിലും മറ്റും അല്‍പം കുറവോ മറ്റോ വന്നിരിക്കാം. എന്നാല്‍ പോലും കാലത്തെ പഴിക്കാനോ ശപിക്കാനോ അത് ഹേതുവായിക്കൂടാ എന്നാണ് ഹദീസ് പഠിപ്പിക്കുന്നത്. കാരണം, കാലം സ്വതന്ത്രമായൊരു അസ്തിത്വമല്ല. മറ്റേതൊരു പ്രപഞ്ച പ്രതിഭാസത്തെയും പോലെ കാലചക്രത്തിന്റെ വളയവും സ്രഷ്ടാവായ അല്ലാഹുവിന്റെ കരങ്ങളിലാണ്. അതിന്റെ ഗതിവിഗതികളും അവന്റെ തീരുമാനമനുസരിച്ചാണ്.

കാലത്തെ ആക്ഷേപിക്കുന്നവര്‍ യഥാര്‍ഥത്തില്‍ അതിന്റെ ഉടമസ്ഥനായ അല്ലാഹുവിനെയാണ് ആക്ഷേപിക്കുന്നത്. കാലത്തിന് തെറ്റ് പറ്റുന്നില്ല. തെറ്റ് സംഭവിക്കുന്നത് നമ്മുടെ ധാരണകള്‍ക്കാണ്. ഒരു വസ്തുവിനെ/പ്രതിഭാസത്തെ ദൈവത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ച് അതിന് സ്വയം ശക്തിയുണ്ടെന്ന് തെറ്റിദ്ധരിക്കുകയാണ് അതിനെ ആക്ഷേപിക്കുന്നതിലൂടെ നാം ചെയ്യുന്നത്. അതാകട്ടെ ശിര്‍ക്ക് (ദൈവത്തില്‍ പങ്കാളിത്തം) വരെ ആയിത്തീരും.

ഒരാള്‍ കാലത്തെ ശപിക്കുമ്പോള്‍ അതിന്റെ യജമാനനായ അല്ലാഹുവിന്റെ മഹത്വത്തിനും ഗാംഭീര്യത്തിനും നിരക്കാത്ത പ്രവൃത്തിയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് 'മനുഷ്യ പുത്രന്‍ എന്നെ ദ്രോഹിക്കുന്നു' എന്ന് അല്ലാഹു ആലങ്കാരികമായി പറഞ്ഞത്. പ്രപഞ്ച പ്രതിഭാസങ്ങളോടുള്ള മനുഷ്യന്റെ സമീപനം എങ്ങനെയായിരിക്കണം എന്ന് പഠിപ്പിക്കുകയാണ് ഹദീസ്. l