പുതിയ കാലം കുടുംബ സംവിധാനത്തെ തകിടം മറിച്ചുകൊണ്ടാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. നാടെങ്ങും വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരിയെന്ന വിപത്ത് കുടുംബത്തിന്റെ അടിക്കല്ല് ഇളക്കി സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചുകഴിഞ്ഞിരിക്കുന്നു. സ്‌നേഹശൂന്യമായ ഗൃഹാന്തരീക്ഷത്തില്‍നിന്ന് മോചനം തേടി കുട്ടികള്‍ ഒളിച്ചോടുന്നു. കുട്ടിക്കുറ്റവാളികളെയും ക്രിമിനലുകളെയും പാലൂട്ടി വളര്‍ത്തുന്ന സംവിധാനമായി കുടുംബം അതിവേഗം മാറിയിരിക്കുന്നു. ഈയൊരു പശ്ചാത്തലത്തില്‍ കുടുംബത്തിന്റെ പുനര്‍നിര്‍മിതി എങ്ങനെ സാധ്യമാകും എന്ന് വിശദീകരിക്കുകയാണ് 'നമ്മുടെ കുട്ടികള്‍ നമ്മുടെ കുടുംബം' എന്ന പുസ്തകത്തിലൂടെ റഹ്്മാന്‍ മധുരക്കുഴി. ഐ.പി.എച്ച് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സമൂഹത്തിന് ഉപകാരപ്രദമായ രീതിയില്‍ നമ്മുടെ കുട്ടികള്‍ വളര്‍ന്നുവരുന്നതിന് സഹായകമായ നിര്‍ദേശങ്ങളാണ് ഉള്ളടക്കം. ചെറിയ കുട്ടികളെപ്പോലും വഴികേടിലാക്കുന്ന ലഹരി പോലുള്ള സാമൂഹിക വിപത്തുകളെക്കുറിച്ചുള്ള ഉണര്‍ത്തലുകളുമുണ്ട്.
ലാളിത്യമാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. മുതിര്‍ന്നവര്‍ക്കും കൗമാരപ്രായക്കാര്‍ക്കും ഒരുപോലെ വായിച്ചു മനസ്സിലാക്കാവുന്ന ഭാഷയായതിനാല്‍ വായന കല്ലുകടിയാകുന്നില്ല. 'വഴിതെറ്റുന്ന കുട്ടികള്‍ക്ക് വഴികാട്ടികളാവുക' എന്ന അധ്യായം കുട്ടികള്‍ക്ക് വിജയപാതയൊരുക്കാന്‍ രക്ഷിതാക്കളോട് ആഹ്വാനം ചെയ്യുന്നു. കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ഊഷ്മള ബന്ധം നിലനിര്‍ത്തുന്നത് എങ്ങനെ സാധ്യമാകും? യൗവനാരംഭം- പ്രശ്‌നങ്ങളും പ്രതിവിധികളും, പഠനം പാല്‍പ്പായസമാക്കാന്‍, കല്ലെടുക്കുന്ന തുമ്പികള്‍ തുടങ്ങിയ അധ്യായങ്ങള്‍ ചിന്തോദ്ദീപകമാണ്.
കുടുംബത്തില്‍ ചര്‍ച്ച ചെയ്യേണ്ടതും പരിഹാരം കണ്ടെത്തേണ്ടതുമായ വിഷയങ്ങള്‍ അവഗണിക്കുന്നത് ഒരു നിലക്കും നല്ലതിനാകില്ലെന്ന് പുസ്തകം നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്. ആത്മഹത്യയിലേക്കും ഒളിച്ചോട്ടത്തിലേക്കും നയിക്കുന്ന ചിന്തകളുടെ ആദ്യ സ്ഫുലിംഗം ഉരുത്തിരിയുന്നത് കുടുംബത്തിന്റെ താളപ്പിഴകളില്‍നിന്നാകാം, ശ്രദ്ധക്കുറവില്‍നിന്നാകാം. ഈ തിരിച്ചറിവുകള്‍ ഉണ്ടാക്കാന്‍ മതിയായ ചിന്തകളാണ് പുസ്തകത്തില്‍ പങ്കുവെക്കുന്നത്. l
ഉത്തരേന്ത്യൻ ഗ്രാമങ്ങളിലൂടെ…
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൂടെ ഒരു പറ്റം കേരളീയർ നടത്തിയ അസാധാരണ യാത്രകളുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന പുസ്തകമാണ് 'ഉത്തരേന്ത്യൻ ഗ്രാമങ്ങളിലൂടെ…'
യാത്രാവിവരണങ്ങൾ, വിശേഷിച്ചും ഇന്ത്യൻ സംസ്ഥാനങ്ങളെ കുറിച്ച് ഏറെ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും ഈ പുസ്തകം സവിശേഷമാകുന്നത് രണ്ട് കാരണങ്ങളാലാണ്: ഒന്ന്, സാധാരണക്കാരായ വ്യക്തികൾ നടത്തിയ യാത്രകളിലെ അനുഭവങ്ങളാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട്, യാത്ര ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒരിക്കൽ മാത്രം സന്ദർശിച്ച് മടങ്ങിയവരല്ല, സാമൂഹിക സേവനം ലക്ഷ്യം വെച്ച് പലതവണകളായി ഒരേ സ്ഥലങ്ങളിലേക്ക് യാത്ര നടത്തി അനുഭവങ്ങൾ ഏറെയുള്ളവരാണ് ഇതിലെ എഴുത്തുകാർ.
ബംഗാൾ, ബിഹാർ, അസം, ഝാർഖണ്ഡ്, രാജസ്ഥാൻ, ദൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനജീവിതങ്ങളുടെ വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് 200 പേജുകളുള്ള ഈ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നത്. മനസ്സിനെ ആഴത്തിൽ സ്വാധീനിക്കുന്നതാണ് പല ലേഖനങ്ങളുടെയും അവതരണം. ഹൃദയം തൊട്ട് എഴുതിയ കുറിപ്പുകളാണവ എന്നതു തന്നെ കാരണം. പാനൂരിലെ ഹ്യൂമൺ കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തുന്ന സേവന സംരംഭങ്ങളും ഈ പുസ്തകത്തിൽ വായിക്കാം. കെ. അബു എഡിറ്റ് ചെയ്ത്, പാനൂർ എലാങ്കോട് ബി.എസ്.എം ട്രസ്റ്റ് പ്രസിദ്ധീകരിച്ച പുസ്തകം, ഹ്യൂമൺ കെയർ ഫൗണ്ടേഷനാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. l
കോപ്പികൾക്ക്: ബി.എസ്.എം.ട്രസ്റ്റ്, എലാങ്കോട്, പാനൂർ, തലശ്ശേരി, കണ്ണൂർ ജില്ല
Pin: 670692. ഫോൺ: +91 90720 91543