കോഴിക്കോട് ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ കഴിഞ്ഞ ഫെബ്രുവരി 14-ന് ജമാഅത്തെ ഇസ് ലാമി കേരള ഘടകം സംഘടിപ്പിച്ച സാഹോദര്യ സമ്മേളനം വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഗ്യാന്‍വാപി മസ്ജിദ് ഇമാം അബ്ദുല്‍ ബാത്വിന്‍ നുഅ്മാനി മുഖ്യാഥിതിയായിരുന്നു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അമീര്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ ഫാറൂഖ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുർറഹ്മാന്‍, പെഴ്സണൽ ലോ ബോർഡ് എക്സിക്യൂട്ടീവ് അംഗം ഹാഫിള് അബ്ദുശ്ശുക്കൂര്‍ ഖാസിമി, ടെലഗ്രാഫ് ദിനപത്രം മുൻ എഡിറ്റർ ആര്‍. രാജഗോപാല്‍, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് സംസ്ഥാന ജനറൽ സെക്രട്ടറി വി. എച്ച് അലിയാര്‍ ഖാസിമി, സാഹിത്യകാരൻ പി. സുരേന്ദ്രന്‍, മാധ്യമ പ്രവർത്തകൻ എന്‍.പി. ചെക്കുട്ടി, എഴുത്തുകാരൻ കെ.കെ ബാബുരാജ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീർ വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, മറുവാക്ക് എഡിറ്റർ അംബിക, മാധ്യമപ്രവർത്തകൻ ബാബുരാജ് ഭഗവതി, വനിതാ വിഭാഗം പ്രസിഡന്റ് പി.ടി.പി സാജിദ സംസാരിച്ചു. എം.കെ മുഹമ്മദലി, ടി. മുഹമ്മദ് വേളം എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ സ്വാഗതവും ജില്ലാ പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി നന്ദിയും പറഞ്ഞു.
പ്രകടനത്തിന് എം.ഐ അബ്ദുൽ അസീസ്, ടി.കെ ഫാറുഖ്, ശിഹാബ് പൂക്കോട്ടൂർ, അബ്ദുസ്സലാം വാണിയമ്പലം, വി.ടി അബ്ദുല്ലക്കോയ തങ്ങൾ, എം.കെ മുഹമ്മദലി, ടി. മുഹമ്മദ് വേളം, സി.ടി സുഹൈബ്, അബ്ദുൽ ഹക്കീം നദ്‌വി, ടി. ശാക്കിർ, ആർ. യൂസുഫ്, എച്ച്. ശഹീർ മൗലവി, പി.ടി.പി സാജിദ, ടി.കെ മുഹമ്മദ് സഈദ്, അഡ്വ. തമന്ന സുൽത്താന എന്നിവർ നേതൃത്വം നൽകി. സരോവരം ബയോ പാർക്കിന് സമീപത്തു നിന്നാരംഭിച്ച് ബീച്ചിൽ സമാപിച്ച പ്രകടനത്തിൽ പതിനായിരങ്ങൾ അണിനിരന്നു.
പള്ളികൾ കൈയേറുന്ന തീക്കളി തകർക്കുക മുസ്‌ലിം സമുദായത്തെ മാത്രമല്ല, രാജ്യത്തെ തന്നെയാണെന്ന് സാഹോദര്യ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അമീർ സയ്യിദ് സആദത്തുല്ലാ ഹുസൈനി പറഞ്ഞു. രാജ്യത്തെ ഹിന്ദുത്വത്തിന്റെ മുഖ്യമന്ത്രിമാർ തമ്മിൽ വെറുപ്പ് വമിപ്പിക്കുന്നതിൽ മത്സരിക്കുകയാണ്. നിയമവും കോടതിയും ഒക്കെ അവകാശങ്ങൾ നിഷേധിക്കുകയാണ്. രാജ്യത്ത് കൈയേറി എന്ന് സർക്കാർ തന്നെ പറയുന്ന പതിനായിരക്കണക്കിന് ഹെക്ടർ ഭൂമിയുണ്ട്. പക്ഷേ, നൂറ്റാണ്ടുകൾക്കു മുമ്പേ നിർമിച്ച പള്ളി കൈയേറ്റമെന്നാരോപിച്ച് രാത്രിയുടെ മറവിൽ പൊളിച്ചുനീക്കുന്ന അതിക്രമം അരങ്ങേറുകയാണ്. ഈ രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് യുവത്വമാണ്. അതിനെ ഉപയോഗപ്പെടുത്തി രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയാണ് വേണ്ടിയിരുന്നത്. പകരം എല്ലാം വംശീയതയിൽ തട്ടിത്തകരുകയാണ്. പക്ഷേ, ഒരിക്കലും കീഴടങ്ങില്ലെന്ന പ്രഖ്യാപനമാണ് ഈ റാലി. ഭയമോ ദുഃഖമോ നിരാശയോ പടർത്താൻ ഒരു ശക്തിക്കും ആവില്ലെന്നും അമീർ പറഞ്ഞു.
ഗ്യാൻവാപി മസ്ജിദിനെ കുറിച്ച് സംഘ് പരിവാർ പ്രചരിപ്പിക്കുന്നതെല്ലാം വ്യാജമാണെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ഗ്യാൻവാപി മസ്ജിദ് ഇമാം അബ്ദുൽ ബാത്വിൻ നുഅ്മാനി ചൂണ്ടിക്കാട്ടി. ബനാറസിനെ കുറിച്ച് എഴുതപ്പെട്ട ചരിത്രത്തിലെവിടെയും പള്ളി നിലനിന്ന സ്ഥലത്ത് ക്ഷേത്രം ഉള്ളതായി പരാമർശമില്ല. മുഗൾ കാലഘട്ടത്തിൽ നിർമിച്ചതാണെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. പള്ളിയുടെ നിലവറയിൽ തൊട്ടടുത്ത ക്ഷേത്രത്തിന്റെ സാധന സാമഗ്രികൾ സൂക്ഷിക്കാൻ അനുവദിച്ചതാണ് പൂജ നടന്നിരുന്നു എന്ന നിലയിൽ പ്രചരിപ്പിക്കുന്നത്. പള്ളിയിലേക്ക് തിരിഞ്ഞുനിൽക്കുന്ന നന്ദി രൂപം ബ്രിട്ടീഷ് കുതന്ത്രത്തിന്റെ ഭാഗമായിരുന്നു. വുദൂ ഖാനയിലെ ഫൗണ്ടയ്്നിൽ ശിവലിംഗമില്ലെന്ന് തെളിയിക്കാൻ ഞങ്ങൾ സന്നദ്ധമായിരുന്നെങ്കിലും കോടതി അത് അനുവദിച്ചില്ല. ആരാധാനാലയ നിയമം മിഥ്യാധാരണയാണെന്ന് തെളിയിക്കുന്നതാണ് കോടതിയുടെ നടപടികളെന്നും അദ്ദേഹം പറഞ്ഞു. l