അന്താരാഷ്ട്രീയം

ഇറാനിയൻ പ്രസിഡന്റ് ഇബ്റാഹീം റഈസി ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടതിന് ശേഷമുള്ള രാഷ്ട്രീയ സ്ഥിതിവിശേഷത്തെ രണ്ട് അറബ് മാധ്യമപ്രവർത്തകർ വിലയിരുത്തുന്നു.

ഇറാൻ പ്രസിഡന്റ് പദവിയെക്കുറിച്ചുള്ള പലരുടെയും ധാരണ അതത്ര പ്രധാന പദവിയൊന്നുമല്ല എന്നാണ്. വിപ്ലവാനന്തര ഇറാന്ന് സമുന്നത കാര്യദർശി / പരമോന്നത ആത്മീയ നേതാവ് ഉള്ളതിനാൽ പ്രസിഡന്റിന് കാര്യമായൊന്നും ചെയ്യാനില്ല. ഇപ്പോൾ സമുന്നത കാര്യദർശി സ്ഥാനത്തിരിക്കുന്നത് അലി ഖാംനഈ ആണ്. പക്ഷേ, യഥാർഥ ചിത്രം മറ്റൊന്നാണ്. ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട ഇബ്റാഹീം റഈസി തന്റെ മുൻഗാമികളെപ്പോലെ ഒരു സാദാ പ്രസിഡന്റായിരുന്നില്ല. വിപ്ലവാനന്തര ഇറാന്റെ ചരിത്രത്തിൽ റഈസി വഹിച്ച പദവികൾ പരിശോധിച്ചാൽ അക്കാര്യം ബോധ്യപ്പെടും. അവിടത്തെ ഭരണവ്യവസ്ഥയുടെ നട്ടെല്ലിന്റെ ഭാഗം തന്നെയായിരുന്നു അദ്ദേഹം. ആ വ്യവസ്ഥയുടെ തന്നെ സന്തതിയാണ് അദ്ദേഹം. സുപ്രധാന തീരുമാനങ്ങളുടെ അണിയറകളിൽ എന്നും അദ്ദേഹം ഉണ്ടായിരുന്നു. അതിനാൽ, അടുത്ത സമുന്നത കാര്യദർശിയായി തെരഞ്ഞെടുക്കപ്പെടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളവരിൽ ഒരാളുമായിരുന്നു. നിലവിലുള്ള സമുന്നത കാര്യദർശി ഖാംനഈ എൺപത്തിയഞ്ച് പിന്നിട്ടിരിക്കുന്നു; രോഗങ്ങളാൽ പ്രയാസപ്പെടുകയുമാണ്.
റഈസിയുടെ ജീവിതത്തിലേക്ക് ഒരെത്തി നോട്ടം നടത്തിയാൽ, ആ വേർപാട് എത്ര വിധിനിർണായകമായിരുന്നെന്നും ഇനിയുള്ള ഇറാനിൽ അത് എങ്ങനെയൊക്കെ പ്രതിഫലിക്കുമെന്നും വ്യക്തമാവും. ഇബ്റാഹീം റഈസിക്ക് 63 വയസ്സായിരുന്നു. 2021- ലാണ് ഇറാൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. യഥാർഥത്തിൽ അദ്ദേഹത്തെ തെരഞ്ഞെടുത്തത് ജനങ്ങളല്ല, പരമോന്നത ആത്മീയ നേതാവ് തന്നെയായിരുന്നു. തന്റെ കാലശേഷമുള്ള പരമോന്നത ആത്മീയ നേതാവായി ഖാംനഈ അദ്ദേഹത്തെ കണ്ടിരിക്കാം. പക്ഷേ, ഖാംനഇക്ക് മുമ്പേ റഈസി ഇഹലോകത്തോട് വിട പറഞ്ഞതിനാൽ, ഖാംനഇയുടെ മകൻ തന്നെയായ മുജ്തബാ ഖാംനഇക്ക് ആ പദവിയിലേക്കുള്ള വഴിയൊരുങ്ങി എന്നാണ് മനസ്സിലാവുന്നത്.
റഈസി പ്രസിഡന്റ് പദവിയിലിരുന്ന കഴിഞ്ഞ മൂന്ന് വർഷത്തെ വിശകലനം ചെയ്താൽ, അണ്വായുധ നിർമാണത്തിലേക്ക് ഇറാൻ കൂടുതൽ അടുത്തതായി വ്യക്തമാവും. ഒപ്പം ഇസ്രയേലിന്റെ ശത്രുതയും വർധിച്ചു. മേഖലയിൽ ആധിപത്യമുറപ്പിക്കാൻ മിലീഷ്യകളെ ഉപയോഗിച്ച് അതിർത്തി കടന്നുള്ള നീക്കങ്ങളും ശക്തമായി. എന്നാൽ, ആഭ്യന്തര രംഗത്ത് കനത്ത ജനകീയ പ്രതിഷേധങ്ങളെയാണ് റഈസിക്ക് നേരിടേണ്ടി വന്നത്. അനുദിനം വഷളായിക്കൊണ്ടിരുന്ന സാമ്പത്തിക സ്ഥിതിയിൽ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങി. വിവിധ രാജ്യങ്ങൾ ഇറാന് മേൽ ഏർപ്പെടുത്തിയ ഉപരോധമാണ് സാമ്പത്തിക നില വഷളാവാൻ പ്രധാന കാരണം.

മശ്ഹദ് നഗരത്തിൽ ശീഈ മത പശ്ചാത്തലമുള്ള കുടുംബത്തിലാണ് റഈസിയുടെ ജനനം. ഖുമൈനിയുടെ വരവോടെ വിവിധ നഗരങ്ങളിൽ പബ്ലിക് പ്രോസിക്യൂട്ടറായി റഈസി നിയമിക്കപ്പെടുന്നുണ്ട്. ആയത്തുല്ലമാരുടെ ഭരണത്തെ അംഗീകരിക്കാൻ വിസമ്മതിച്ച ആയിരങ്ങളെ നിർദയം വകവരുത്താൻ ഉത്തരവിട്ട സമിതിയിലും ഇദ്ദേഹം അംഗമായിരുന്നു. ഇറാനിയൻ പ്രതിപക്ഷമായ മുജാഹിദീനെ ഖൽഖിലെ മുപ്പതിനായിരത്തിലധികം പേരാണ് ഇങ്ങനെ ഉന്മൂലനം ചെയ്യപ്പെട്ടതെന്ന് ചില ഇറാനികൾ പറയുന്നു. ഇത് നടക്കുമ്പോൾ റഈസിക്ക് 28 വയസ്സ് മാത്രമാണ് പ്രായം.
റഈസി പ്രസിഡന്റായിരിക്കെയാണ് മഹ്സ അമീനി എന്ന കുർദ് യുവതി വധിക്കപ്പെടുന്നതും അത് വമ്പിച്ച ജനകീയ പ്രക്ഷോഭത്തിന് വഴിവെക്കുന്നതും. ഇസ്രയേലുമായി സംഘർഷം രൂക്ഷമായെങ്കിലും സുഊദി അറേബ്യയുമായി ചില ധാരണകളിലെത്താൻ അദ്ദേഹത്തിന് സാധിച്ചു. റഷ്യയുമായുള്ള ബന്ധവും വളരെയേറെ മെച്ചപ്പെടുകയുണ്ടായി. ഇറാനിയൻ ഭരണനേതൃത്വത്തിൽ തലയെടുപ്പുള്ള നേതാക്കളുടെ നിര ഇല്ലാതായതോടെയാണ് റഈസിയെപ്പോലുള്ളവർക്ക് ആത്മീയ നേതൃപദവി ലഭിക്കാനുള്ള സാധ്യത തെളിഞ്ഞത്. അദ്ദേഹം വിടപറഞ്ഞതോടെ ആ സ്ഥാനത്തേക്കുള്ള മത്സരം മുറുകുകയാണ് ചെയ്തത്. ആഭ്യന്തരമായും വൈദേശികമായും ഇറാൻ നേരിടുന്ന വെല്ലുവിളികൾ പിൻഗാമി ആരാകണമെന്ന തർക്കത്തിന് ഇന്ധനം പകരുകയും ചെയ്യുന്നു. ഇറാനിയൻ കറൻസിയുടെ മൂല്യം അതിന്റെ ഏറ്റവും മോശമായ നിലയിലേക്ക് ഇടിഞ്ഞത് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നുണ്ട്. ജലപ്രതിസന്ധിയും രൂക്ഷമാണ്. കാലാവസ്ഥാ വ്യതിയാനം കാരണം ചില തടാകങ്ങൾ തന്നെ വറ്റിപ്പോയി. ബലൂഷി - കുർദ് മിലീഷ്യകളുടെ നീക്കങ്ങൾ ഇറാനിയൻ ഭരണകൂടത്തിന് ഭീഷണിയായി തുടരുകയും ചെയ്യുന്നു.
ഈ വെല്ലുവിളികൾ നിലനിൽക്കെ തന്നെ, ശക്തമായ നയതന്ത്ര നീക്കങ്ങൾ നടത്താൻ റഈസിക്ക് സാധിച്ചു. പാശ്ചാത്യ രാഷ്ട്രങ്ങളെ നേരിടാൻ റഷ്യയുമായും ചൈനയുമായും ബന്ധം ശക്തിപ്പെടുത്തി. പല അറബ് മേഖലയിലും ഇറാന്റെ മേധാവിത്വത്തിന് അടിവരയിടാനും സാധ്യമായി. പരമോന്നത ആത്മീയ നേതാവ് ഖാംനഇയുമായി ഏറ്റവും അടുപ്പമുള്ളയാൾ എന്നതായിരുന്നു റഈസിയുടെ വിശേഷണം. അദ്ദേഹത്തിന് വേണ്ടി എന്തും ബലി നൽകാൻ തയാറായി. ഖാംനഇക്കെതിരെയുള്ള വിമർശനങ്ങളെ തടുത്തു കൊണ്ടേയിരുന്നു; തന്റെ മുൻഗാമി റൂഹാനി ചെയ്തതു പോലെ തന്നെ.

ഇറാനിയൻ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെടുമ്പോൾ, സിറിയയിലെ ബശ്ശാറുൽ അസദ് ഭരണകൂടവുമായുള്ള ഇറാന്റെ ബന്ധത്തിൽ വിള്ളലുകൾ വീണിരുന്നു. ദമസ്കസിലെ ഉമവി മസ്ജിദ് സന്ദർശിക്കാൻ വരുന്ന 'വിദേശികൾ' മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്ന സിറിയൻ ഗവൺമെന്റിന്റെ ഉത്തരവാണ് അതിന് നിമിത്തം. ഇറാനിൽ നിന്നെത്തുന്ന ശീഈ തീർഥാടകർ ഉമവി മസ്ജിദിൽ നടത്തിവന്നിരുന്ന 'നെഞ്ചത്തടി' തടയാനാണ് ഈ ഉത്തരവെന്ന് വ്യക്തം. ഈ ശീഈ ആചാരത്തിന് അനുമതി നൽകിയത് ദമസ്കസിലെ സുന്നീ വിഭാഗങ്ങളിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ദമസ്കസിലെ ഇറാനിയൻ കോൺസുലേറ്റിൽ വെച്ച് ഉന്നത ഇറാനിയൻ സൈനികത്തലവൻമാരെ ഇസ്രയേൽ വധിക്കാനിടയായതും സിറിയയോടുള്ള അതൃപ്തിയും കോപവും വർധിക്കാനിടയാക്കി. ബശ്ശാറിന്റെ സുരക്ഷാ - രഹസ്യാന്വേഷണ വിഭാഗങ്ങൾ വഴിയാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ സയണിസ്റ്റുകൾക്ക് ചോർന്നു കിട്ടിയത് എന്നാണ് ആരോപണം. മാത്രമല്ല, സിറിയയുമായുള്ള സാമ്പത്തിക കരാറുകളൊന്നും പാലിക്കാൻ കഴിയുന്ന സ്ഥിതിയിലുമല്ല ഇറാൻ. ഇതിനിടയിലാണ് മേൽപറഞ്ഞ ഉത്തരവ് വരുന്നത്. അതു പ്രകാരം മറ്റു നഗരങ്ങളിലും ഇറാനിൽ നിന്നെത്തുന്നവർക്ക് നിയന്ത്രണങ്ങൾ ഉണ്ടാവും (അറബ് രാജ്യങ്ങളുമായി അടുക്കാനുള്ള ബശ്ശാറിന്റെ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്).

ഏതായാലും ഇറാനിയൻ പ്രസിഡന്റിന്റെയും വിദേശകാര്യ മന്ത്രിയുടെയും വിയോഗം ഇറാനിൽ പുതിയൊരു ഘട്ടത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. അതിന്റെ അടയാളങ്ങൾ പുറത്തുവരാൻ അൽപ്പം സമയമെടുത്തേക്കും. ആ ഘട്ടത്തിൽ ഇറാന്റെ രാഷ്ട്രീയ നില ദുർബലമാവാനാണ് സാധ്യത. അറേബ്യൻ ഭരണകൂടങ്ങൾക്കൊപ്പം സയണിസ്റ്റുകളും ബശ്ശാർ ഭരണകൂടവും ഒത്തുചേരുന്നതായിരിക്കും അതിന് കൊടുക്കേണ്ടി വരുന്ന വില എന്നാരെങ്കിലും വിലയിരുത്തിയാൽ അത്ഭുതപ്പെടേണ്ടതില്ല. l

റഈസിയുടെ മരണം ഇറാനകത്തും പുറത്തും എങ്ങനെ പ്രതിഫലിക്കും?

യാസിർ അബ്ദുൽ അസീസ്

ഇറാനിയൻ പ്രസിഡന്റ് ഇബ്റാഹീം റഈസി ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ വന്നുകഴിഞ്ഞു. ഇനി അതിലേക്ക് കടക്കേണ്ടതില്ല. അദ്ദേഹത്തോടൊപ്പം വിദേശകാര്യ മന്ത്രി ഹുസൈൻ അബ്ദുല്ലഹിയാൻ, ഇറാന്റെ ഈസ്റ്റ് അസർബൈജാൻ പ്രവിശ്യാ ഗവർണർ മാലിക് റഹ്മത്തി, അലി ഖാംനഇയുടെ പ്രതിനിധി മുഹമ്മദ് അലി ഹാശിം, പ്രസിഡന്റിന്റെ സുരക്ഷാസംഘം മേധാവി സർദാർ സയ്യിദ് മഹ്ദി മൂസവി ഉൾപ്പെടെ ഹെലികോപ്ടറിലുണ്ടായിരുന്ന എട്ടു പേരും മരിച്ചു. ഇവർ ഒന്നാം നേതൃനിരയിൽ പെട്ടവർ തന്നെയാണ്. ഇറാൻ- അസർബൈജാൻ സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ടിന്റെ ഉദ്ഘാടനം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ ഇറാന്റെ വടക്കു പടിഞ്ഞാറുള്ള ദേസ്മാർ വനമേഖലയിലാണ് ഹെലികോപ്ടർ തകർന്നുവീണത്.

എല്ലാവർക്കുമറിയുന്ന പോലെ, മത-വംശീയ ന്യൂനപക്ഷങ്ങളുമായുള്ള ഇറാനിയൻ ഭരണകൂടത്തിന്റെ ബന്ധം ഒട്ടും സുഖകരമായിരുന്നില്ല. ഭരണകൂടവും ന്യൂനപക്ഷങ്ങളും തമ്മിൽ ശത്രുത നിലനിന്നു. ഇവരിൽ ഏതെങ്കിലും വിഭാഗം നടത്തിയ പ്രതികാര നടപടിയാണോ ഹെലികോപ്ടറിന്റെ തകർച്ചക്ക് കാരണം എന്ന സംശയം ഉയരുക സ്വാഭാവികമാണ്; ഇറാനിൽ അസ്‌രി ന്യൂനപക്ഷം തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് ഹെലികോപ്ടർ തകർന്നു വീഴുമ്പോൾ പ്രത്യേകിച്ചും. പക്ഷേ, ഇങ്ങനെയൊരു സാധ്യതയെക്കുറിച്ച് റിപ്പോർട്ടുകളിലെവിടെയും സൂചനകളില്ല. കാരണം വ്യക്തം. ഖുമൈനിയുടെ കാലം മുതൽ ഇറാനിലെ അസ്‌രി വംശീയ ന്യൂനപക്ഷം അടിച്ചമർത്തലിനും അരിക് വൽക്കരണത്തിനും വിധേയമാവുന്നുണ്ടെങ്കിലും അവർ ഒരിക്കലും ആയുധം കൈയിലെടുത്തിട്ടില്ല. അപൂർവം സന്ദർഭങ്ങളിൽ അവർ സായുധമായി പ്രതികരിച്ചിട്ടുണ്ടെങ്കിലും അതൊരിക്കലും വ്യവസ്ഥാപിതമായ സായുധ ചെറുത്തുനിൽപ്പായിരുന്നില്ല. എന്നാൽ അഹ് വാസ് അറബികൾ, കുർദുകൾ പോലുള്ള ന്യൂനപക്ഷങ്ങൾ പലപ്പോഴും സായുധമായിത്തന്നെയാണ് ഇറാനിയൻ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളെ നേരിട്ടത്.

മേഖലയിലെ ഏതെങ്കിലും ചാരസംഘങ്ങൾ നടത്തിയ അട്ടിമറിയാകാനും സാധ്യത ഉണ്ടാകുമായിരുന്നു. കാരണം, അത്തരത്തിലുള്ള ഇടപെടലുകളാണ് ഇറാഖിലും സിറിയയിലും യമനിലും ലബനാനിലും ഇറാൻ നടത്തിക്കൊണ്ടിരുന്നത്. ചിലത് രാഷ്ട്രീയ ഇടപെടലുകളാണെങ്കിൽ, ചിലത് ആശയപരമായ ഇടപെടലുകൾ. ഇതൊക്കെ ആ നാടുകളുടെ ശത്രുത ക്ഷണിച്ചു വരുത്തുമെന്ന് ഉറപ്പാണ്. ഗൾഫ് നാടുകളും ഇസ്രയേലുമൊക്കെ ഇറാൻ തങ്ങളുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്ന് കരുതുന്നുണ്ട്. പക്ഷേ, ഈയൊരു ഘട്ടത്തിൽ ഇത്തരമൊരു ഓപറേഷന് ഈ രാജ്യങ്ങൾ മുതിരുമെന്ന് ആരും കരുതുന്നില്ല. കാരണം, പശ്ചിമേഷ്യ ഇപ്പോൾ തന്നെ ആ മേഖലക്ക് താങ്ങാനാവുന്നതിലുമധികം സംഘർഷഭരിതമാണ്. ഈയൊരു തലത്തിൽ നോക്കിയാൽ, സംശയത്തിന്റെ ചൂണ്ടുവിരൽ ആദ്യമായി ഉയരേണ്ടിയിരുന്നത് ഇസ്രയേലിനെതിരെ ആയിരുന്നല്ലോ.

ഇറാന്റെ പരമോന്നത ആത്മീയ നേതാവ് അലി ഖാംനഇയുടെ ആരോഗ്യ നില തൃപ്തികരമല്ലാതെ തുടരുകയാണ്. അതുകൊണ്ടുതന്നെ പിന്തുടർച്ചയെക്കുറിച്ച ചർച്ചകളും പ്രവചനങ്ങളും സജീവമാണ്. ഇറാന്റെ രാഷ്ട്രീയ, സൈനിക, മതകീയ പരമാധികാരം കൈവശം വെക്കുന്ന ആളെന്ന നിലക്ക് അദ്ദേഹത്തിന്റെ പിൻഗാമി ആരെന്നത് വളരെ നിർണായകമാണ്. റഈസിയുടെ വിയോഗശേഷം ഖാംനഇയുടെ തന്നെ മകനായ മുജ്തബാ ഖാംനഈ, മുൻ മുഖ്യ ന്യായാധിപനും ഇപ്പോഴത്തെ ഭരണഘടനാ സംരക്ഷണ സമിതിയുടെ അധ്യക്ഷനുമായ സാദിഖ് ലാരീജാനി, വിദഗ്ധ സമിതി അംഗം അഹ്മദ് ഖാത്തമി എന്നിവരാണ് സമുന്നത പദവിയിലേക്ക് പരിഗണിക്കപ്പെടാൻ സാധ്യത കൂടുതലുള്ളവർ. 2021 ജനുവരി ഒന്നിന് മരണപ്പെട്ട പ്രമുഖ ശീഈ പണ്ഡിതൻ മിസ്ബാഹ് യസ്ദിയുടെ അനുയായികളും അവകാശവാദവുമായി രംഗത്തുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യൻമാരിൽ ഒരാളെ തൽസ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് അവരുടെ ആവശ്യം.

യഥാർഥത്തിൽ ഏറ്റവും കൂടുതൽ സാധ്യതയുണ്ടായിരുന്നത് ഇബ്റാഹീം റഈസിക്ക് തന്നെയായിരുന്നു. യാഥാസ്ഥിതിക ഭരണ സിരാകേന്ദ്രവുമായി അത്രയധികം അടുപ്പമായിരുന്നു റഈസിക്ക്. സുപ്രീം കോടതി അംഗങ്ങൾക്കിടയിൽ മാത്രമല്ല, ഖുമ്മിലെ മതവൃത്തങ്ങളിലും കൂടുതൽ സ്വീകാര്യതയും ജനകീയതയും ഉണ്ടായിരുന്നത് റഈസിക്കായിരുന്നു. വിദഗ്ധ സമിതിയിലും അദ്ദേഹം ഉയർന്ന പദവികൾ വഹിക്കുകയുണ്ടായി. 'ആസ്താൻ ഖുദ്സ് റസവി'യുടെ സാരഥിയുമായിരുന്നു. ഇറാനിലെ വലിയൊരു മതസ്ഥാപനമാണിത്. റവലൂഷനറി ഗാർഡിന്റെ പിന്തുണയും റഈസിക്കായിരുന്നു. പരമോന്നത ആത്മീയ നേതാവിന്റെ സ്ഥാനത്തേക്ക് റഈസിയോളം സാധ്യത കൽപ്പിക്കപ്പെട്ട മറ്റൊരാളില്ലായിരുന്നു എന്നർഥം. മറ്റൊരു വാക്കിൽ പറഞ്ഞാൽ, ശൂന്യമായത് പ്രസിഡന്റിന്റെ കസേര മാത്രമല്ല, പരമോന്നത ആത്മീയ നേതാവിന്റെ കസേര കൂടിയാണ്. അദ്ദേഹത്തിന്റെ അഭാവത്തിൽ പല ധാരയിൽ പെട്ടവരും ആ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് കളമൊരുങ്ങും.
കർക്കശക്കാരനായിരുന്നു റഈസി. അമേരിക്കയുടെ കരിമ്പട്ടികയിലും അദ്ദേഹം ഇടം പിടിച്ചിരുന്നു. 1988-ൽ ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരെ വധിച്ചതിലെ പങ്കാളിത്തം ആരോപിച്ചാണ് അമേരിക്ക റഈസിക്കെതിരെ ശിക്ഷകൾ പ്രഖ്യാപിച്ചത്. അദ്ദേഹം പ്രസിഡന്റായിരിക്കെ രാഷ്ട്രീയ എതിരാളികൾക്കും മാധ്യമപ്രവർത്തകർക്കും മനുഷ്യാവകാശ പോരാളികൾക്കുമെതിരെ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു. ഇങ്ങനെയൊക്കെ വിമർശന വിധേയനായിട്ടും ഇറാനകത്ത് പരമോന്നത മത നേതാവിന് ശേഷം ഏറ്റവും ശക്തൻ റഈസി തന്നെയായിരുന്നു. l