'വിവാഹം സ്വര്‍ഗത്തില്‍ നടന്നാലും ജീവിതം ഭൂമിയില്‍ വിതുമ്പി നില്‍ക്കും' എന്ന് കവി പാടിയത് എത്രയോ ശരി. മനുഷ്യ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഒന്നാണ് വിവാഹം. ജീവിതാന്ത്യം നിലനില്‍ക്കേണ്ടത്. പരസ്പരം പ്രതിബന്ധങ്ങളെ തരണം ചെയ്യുക എന്നതാണ് വിവാഹത്തിലൂടെ രൂപപ്പെടുന്ന കുടുംബത്തിന്റെ കാതലായ ദൗത്യം.
വിവാഹ ആര്‍ഭാടങ്ങള്‍ അതിരുകടന്നാല്‍ ജീവിത മൂല്യങ്ങള്‍ക്ക് അത് വലിയ തോതില്‍ പ്രഹരമേല്‍പ്പിക്കും. സ്വയം പ്രതിരോധം തീര്‍ക്കുന്ന ഒരു സാമൂഹിക വീക്ഷണം സമൂഹത്തില്‍നിന്ന് ഉയര്‍ന്നുവരേണ്ടതുണ്ട്.
പവിത്രമായ ഒരു ചടങ്ങിനെ ഇത്രയേറെ കളങ്കപ്പെടുത്തുകയും മലീമസമാക്കുകയും ചെയ്യുന്ന സംസ്‌കാരത്തെ നഖശിഖാന്തം എതിര്‍ത്തു തോല്‍പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
തമാശകളിലൂടെ 'വിവാഹം' എന്ന മൂന്നക്ഷരത്തെ ലേഖകന്‍ ബശീര്‍ ഉളിയില്‍ (ലക്കം 3340) പറഞ്ഞതുപോലെ ഒരു റാഗിങ്ങിന് വിധേയമാക്കരുത്. വിവാഹം കളര്‍ഫുള്‍ ആക്കുന്നവര്‍ ഗൗരവമായി ചിന്തിക്കണം- കല്യാണം ഒരിക്കലേ ഉള്ളൂ. ഒരു ഇന്ദ്രജാല പ്രകടനമായി ഒരിക്കലും വിവാഹത്തെ കാണരുത്.
ന്യൂജെന്‍ തലമുറയാണ് ഇക്കാര്യത്തില്‍ സൂക്ഷ്മത കാണിക്കേണ്ടത്. സാധാരണക്കാരുടെ ജീവിതത്തെ പോലും ബാധിക്കുന്ന ഇത്തരം പ്രവണതകള്‍ അതിരു കവിയാതിരിക്കട്ടെ.
ആചാരി തിരുവത്ര 8281123655
ഫെമിനിസത്തിന്റെ അപകടങ്ങൾ സമുദായം തിരിച്ചറിയണം
വർദ അൻവർ കുവൈത്ത് എഴുതിയ ലേഖനം ( ലക്കം 3341) ഏറെ ചിന്തനീയവും പ്രസക്തവുമാണ്. ലേഖനത്തിന് അനുബന്ധമായി ചില കാര്യങ്ങൾ എഴുതുകയാണ്. 'എന്താണ് സ്ത്രീ ശാക്തീകരണം?' എന്ന് കൃത്യമായി നിര്‍വചിക്കാതെ വെറുതെ വാചാടോപം നടത്തുകയാണ് പലരും. സ്ത്രീയെ അവളുടെ വളരെ മൗലികമായ ദൗത്യം നിര്‍വഹിക്കാന്‍ പ്രാപ്തയാക്കുന്നതിനു പകരം പുരുഷന് സമാന്തരമായും ഒരുവേള പുരുഷനെ വെല്ലുവിളിച്ചും നീങ്ങാനുള്ള പ്രവണത വളര്‍ത്തും വിധമുള്ള ശാക്തീകരണ യത്‌നങ്ങള്‍ അനഭിലഷണീയമായ ഫലങ്ങള്‍ ധാരാളമായി സൃഷ്ടിക്കുന്നുണ്ട്. ‘പുരോഗമനം’ എന്ന പദം അലക്ഷ്യമായി ഉപയോഗിക്കുന്നവരാണ് ഏറെയും. പുരോഗമിക്കുക എന്നാല്‍ മറ്റൊരു വിഭാഗത്തെപോലെയാവലല്ല. 'ലക്ഷ്യത്തിലേക്ക് മുന്നേറുക' എന്നതാണ് ആ പദത്തിന്റെ പൊരുള്‍. പരലോകമെന്ന അനിഷേധ്യ സത്യത്തില്‍ ദൃഢരൂഢമായി വിശ്വസിക്കുന്നവര്‍ക്ക് കേവല ഭൗതികതയിലൂന്നി നില്‍ക്കുന്നവരുടെ പുരോഗതി ഭൂഷണമാവില്ല. പരമാവധി സുഖിച്ചാനന്ദിച്ച് ജീവിതം കഴിച്ചുകൂട്ടാനായാല്‍ പരലോക ചിന്തയില്ലാത്ത ശുദ്ധ ഭൗതിക വാദിക്കത് പുരോഗതിയാണെങ്കില്‍, ശാശ്വതമായ പരലോകത്തിലും വിചാരണയിലും രക്ഷാ-ശിക്ഷകളിലും അടിയുറച്ചു വിശ്വസിക്കുന്നവര്‍ക്ക് അത് വിനാശകരമായ അധോഗതിയാണ്. കോഴിക്കോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട യാത്രികന്‍ മംഗലാപുരത്തേക്കുള്ള ട്രെയിനില്‍ കയറിയാല്‍ ട്രെയിന്‍ ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോഴും നമ്മുടെ അപഥ സഞ്ചാരി അനുനിമിഷം ലക്ഷ്യത്തില്‍നിന്ന് ബഹുദൂരം അകന്നുകൊണ്ടിരിക്കുകയാണ്. ടിക്കറ്റ് തിരുവനന്തപുരത്തേക്കാണെന്ന സമാശ്വാസം തീര്‍ത്തും വ്യര്‍ഥമാണ്. പരലോകത്തെ പരമപ്രധാനമായി ഉള്‍ക്കൊണ്ടവര്‍ക്ക് ഭൗതിക വീക്ഷാഗതിയിലധിഷ്ഠിതമായ പരിപാടികള്‍ പലപ്പോഴും പൂര്‍ണാര്‍ഥത്തില്‍ പ്രയോജനപ്പെടില്ല. പരലോകമെന്ന മഹാ സത്യത്തെ കേവലം ഉപവിഷയമാക്കി ഇടക്ക് വല്ലപ്പോഴും ഓര്‍ക്കുന്നവര്‍ ഒരു മേമ്പൊടി മാത്രമായിട്ടാണ് അതിനെ പരിഗണിക്കുക. അത്തരം ആളുകള്‍ കവിഞ്ഞാല്‍ തങ്ങള്‍ തെറ്റായി കയറിപ്പറ്റിയ വാഹനത്തില്‍ (മംഗലാപുരം വണ്ടി) തിരുവനന്തപുരം ഭാഗത്തേക്ക് മുഖം തിരിച്ച് ഇരുന്നുകൊണ്ടാണ് ആശ്വാസം കൊള്ളാറ്. ഇതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. സ്ത്രീ ശാക്തീകരണത്തിന് സന്താന നിയന്ത്രണം നടത്താന്‍ മഹല്ല് കമ്മിറ്റികള്‍ മുന്‍കൈയെടുക്കണമെന്ന് വരെ ചില പുത്തൻവാദികള്‍ ചിന്തിക്കുന്നുണ്ട്. അപ്രഖ്യാപിതമായി- പരോക്ഷമായി- സന്താന നിയന്ത്രണത്തിനുള്ള പ്രേരണകൾ പല മാര്‍ഗേണ നൽകിക്കൊണ്ടിരിക്കുന്നുമുണ്ട്. പല ഡോക്ടര്‍മാരും ഇങ്ങനെയുള്ള വിക്രിയകള്‍ക്ക് അരു നില്‍ക്കുന്നവരാണ്. ഇങ്ങനെ കുടുംബിനികളുടെ മനസ്സില്‍ അപകര്‍ഷബോധം ഉണ്ടാക്കിയെടുക്കുന്നത് ഭ്രാന്തന്‍ ഫെമിനിസത്തിനും കാടുകയറിയ മോഡേണിസത്തിനുമുള്ള പാദസേവയാണ്. ഫെമിനിസ്റ്റുകള്‍ കുടുംബജീവിതത്തില്‍ വിജയിക്കാറില്ലെന്ന് മാത്രമല്ല, മറ്റുള്ളവരുടെ ജീവിതത്തെ തുലക്കുന്നവരുമാണ്. അകാരണമായും അനാവശ്യമായും നടത്തുന്ന സന്താന നിയന്ത്രണം (വന്ധ്യംകരണം) സന്താപഹേതുകമാണ്. നേരത്തെ ഈ അബദ്ധം ചെയ്തുപോയ പലരും ഇപ്പോള്‍ വിലപിക്കുന്നുണ്ട്.
ഗര്‍ഭാശയം എടുത്തുമാറ്റല്‍ (uterus removal) പണ്ടുകാലത്തേക്കാള്‍ ഇന്ന് വ്യാപകമാണ്. രണ്ട് പ്രസവിച്ച് വന്ധ്യംകരണം നടത്തിയ നാല്‍പത് വയസ്സില്‍ താഴെയുള്ള നാരികള്‍ ഗര്‍ഭാശയം പറിച്ചെടുത്ത് കളയുമ്പോള്‍, എട്ടു മക്കളെ പ്രസവിച്ച ഇപ്പോഴും ഗര്‍ഭാശയത്തിനൊന്നും സംഭവിച്ചിട്ടില്ലാത്ത മാതാക്കളാണ് ആശുപത്രികളില്‍ അവര്‍ക്ക് കൂട്ടിരിക്കുന്നത്. അകാലത്ത് അനാവശ്യമായി ഗര്‍ഭധാരണം ഒഴിവാക്കിയ (വന്ധ്യംകരണം)വര്‍ക്കാണ് ഗര്‍ഭാശയം എടുത്തു മാറ്റേണ്ട ഗതികേട് കൂടുതലായി ഉണ്ടാവുന്നതെന്ന് പല ഡോക്ടര്‍മാരും സൂചിപ്പിക്കുന്നുണ്ട്. ഇങ്ങനെയുള്ളവരുടെ കുടുംബ ജീവിതത്തില്‍ (ദാമ്പത്യം, കിടപ്പറ) പ്രശ്‌ന സങ്കീര്‍ണതകള്‍ ഉണ്ടെന്നും നിരീക്ഷണമുണ്ട്. അനാവശ്യമായി നടത്തുന്ന വന്ധ്യംകരണം മാനസിക ഘടനയെയും സ്വഭാവത്തെയും മറ്റും ബാധിക്കുകയും പലപ്പോഴും അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.
വെളിയില്‍ തൊഴിലെടുക്കുക എന്നതൊന്നും വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യമായി ഗണിച്ചുകൂടാ. അങ്ങനെ ചിന്തിച്ചവര്‍ പല പ്രദേശങ്ങളിലും ചാക്രിക ലേഖനമിറക്കി മാതൃത്വത്തിന്റെ മഹനീയതയിലേക്ക് മടങ്ങിവരാന്‍ സ്ത്രീകളെ ഇപ്പോൾ ഉദ്‌ബോധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ‘ഇതര സമുദായങ്ങളെപ്പോലെ' എന്ന് താരതമ്യം നടത്തി ബേജാറാവുന്നവര്‍ അവര്‍ക്ക് പിണഞ്ഞ തെറ്റില്‍ നിന്ന് പാഠം പഠിക്കേണ്ടതുണ്ട്. വൃദ്ധജനത്തിന്റെ എണ്ണം പെരുകുകയും യുവാക്കളും കുട്ടികളും കുറയുകയും ചെയ്തതിന്റെ വിനകള്‍ ‘പുരോഗമിച്ചു'വെന്ന് നാം തെറ്റിദ്ധരിച്ച നാടുകളും സമുദായങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ ഗതികേടിലേക്ക് മുസ്‌ലിം സമുദായത്തെ തള്ളിവിടാതിരിക്കാനുള്ള ശരിയായ ബോധവല്‍ക്കരണമാണ് മഹല്ലുകള്‍ നടത്തേണ്ടത്.
പ്രസവവും സന്താന പരിപാലനവും വളരെ മികച്ച വിപ്ലവ പ്രവര്‍ത്തനവും ഫലപ്രദമായ പ്രതിരോധവും നല്ലൊരു രാഷ്ട്രീയ- സാമൂഹിക പ്രവര്‍ത്തനവും സേവനവുമാണെന്നല്ലേ ഫലസ്ത്വീനിലെ, വേദനകളിലും യാതനകളിലും ആണ്ട് കഷ്ട ജീവിതം നയിക്കുന്ന നാരീമണികൾ സധൈര്യം ഉറക്കെ പ്രഖ്യാപിക്കുന്നത്. 'ഗസ്സ പോരാളികളുടെ പറുദീസ' (ഗ്രന്ഥകർത്താവ്: സി. ദാവൂദ്) എന്ന കൃതിയില്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. പ്രസവത്തെ ഭീകരവല്‍ക്കരിച്ച് ആരോഗ്യപ്രശ്‌നമാക്കി മാറ്റുന്ന ആരോഗ്യ മേഖലയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള വിഭാഗം അതൊരു ജൈവ പ്രവര്‍ത്തനമാണെന്നും അത് മനുഷ്യാരംഭം മുതലേ ഉണ്ടെന്നും സസ്തന ജീവികളെല്ലാം പ്രസവിക്കുന്നുണ്ടെന്നും മനസ്സിലാക്കിക്കൊടുത്ത് മനോവീര്യം പകര്‍ന്നുകൊടുക്കുന്നതിനു പകരം മനോവീര്യം തകര്‍ത്ത് ബേജാറിലാക്കുന്നത് ശരിയല്ല.
സന്താന നിയന്ത്രണം സന്താപ ഹേതുകമാണെന്ന് ഇന്ന് പലരും തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തെ തൊഴിലിനുള്ള സൗകര്യത്തിനും മറ്റുമായി സന്താന നിയന്ത്രണം നടത്തിയവർ ഇന്ന് വളരെയേറെ ഖേദത്തിലാണ്. തെക്കൻ കേരളത്തിലെ പല ചർച്ചുകളിൽനിന്നും ഇടവകകളിൽനിന്നും പ്രസവം വർധിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ചാക്രിക ലേഖനം ഇറങ്ങിക്കഴിഞ്ഞു. മാത്രമല്ല, പല ക്രൈസ്തവ സ്കൂളുകളിലും മൂന്നാമത്തെയും നാലാമത്തെയും കുട്ടികൾക്ക് ഫീസ് ഇളവുകൾ നൽകിക്കൊണ്ട് പ്രസവത്തെ അവർ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പലർക്കും പറ്റിയ അബദ്ധം നമുക്ക് പറ്റാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അനുഭവം നല്ലൊരു അധ്യാപകനാണല്ലോ. മറ്റുള്ളവരുടെ അനുഭവങ്ങളിൽനിന്ന് പാഠം പഠിച്ചാൽ ഒരുപാട് കഷ്ടനഷ്ടങ്ങൾ ഒഴിവാക്കാം.
എ. നയീമ ന്യൂ മാഹി 9847916772