മുസ്ലിം ഉമ്മത്തിനെ സംബന്ധിച്ചേടത്തോളം ഖിലാഫത്ത് ഒരു ചരിത്രസ്മരണയല്ല, അതെപ്പോഴും മുസ്ലിം ഉമ്മത്തിനെ സംഭവലോകത്ത് രാഷ്ട്രീയമായും സാമൂഹികമായും അടയാളപ്പെടുത്തുന്ന ചാലക ശക്തിയാണ്. ഖിലാഫത്തിന്റെ പതന ശേഷം ഇസ്ലാമിക പ്രസ്ഥാനങ്ങൾ ഉദയം ചെയ്തപ്പോൾ അവ മുന്നോട്ടുവെച്ച ആശയങ്ങൾ ഇസ്ലാമിന്റെ സമഗ്രമായ ലോക വീക്ഷണത്തെയും ഖിലാഫത്തിലൂടെയുള്ള ഇസ്ലാമിന്റെ സാധ്യതകളെയും മുൻനിർത്തിയുള്ളതായിരുന്നു. ഈ രീതിയിൽ ഖിലാഫത്തിന്റെ വിഭാവനകളെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ മുസ്ലിം സമൂഹത്തിൽ പല രീതിയിൽ ഉണ്ടായിട്ടുണ്ട്.
ഖിലാഫത്തിനെ കുറിച്ച് അടുത്ത കാലത്ത് അക്കാദമികതലത്തിൽ ധാരാളം പഠനങ്ങൾ വന്നിട്ടുണ്ട്. അവ മതേതരത്വം നിർമിച്ച സാമാന്യ കാഴ്ചപ്പാടുകളെ വിമർശിക്കുകയും പ്രശ്നവൽക്കരിക്കുകയും ചെയ്യുന്നു. അക്കാദമിക ലോകത്ത് പോസ്റ്റ് സെക്യുലർ പഠനങ്ങൾ എന്നാണ് ഇത്തരം പഠനങ്ങളെ വിശേഷിപ്പിക്കുന്നത്. ഇസ്ലാമിന്റെ ആശയ പരിസരത്ത് നിന്നുകൊണ്ട് പാശ്ചാത്യ മതേതര വിമർശനങ്ങൾ സാധ്യമാക്കിയ രണ്ടു പ്രമുഖ ഗവേഷകരാണ് അമേരിക്കൻ ചിന്തകനായ ഡോ. ഒവാമിർ അൻജുമും, ലീഡ്സ് സർവകലാശാലയിലെ സാമൂഹിക ശാസ്ത്ര വിഭാഗം പ്രഫസറായ സൽമാൻ സയ്യിദും. ഇരുവരും പാശ്ചാത്യ മതേതര ചിന്താ പദ്ധതിയെ വിമർശിക്കുകയും ഇസ്ലാമിലെ ഖിലാഫത്ത് എന്ന കേന്ദ്ര ആശയത്തെ മുൻനിർത്തി പുതിയൊരു ലോക വീക്ഷണത്തെ മുന്നോട്ടു വെക്കുകയും ചെയ്യുന്നു. പ്രഫസർ സൽമാൻ സയ്യിദ് തന്റെ Recalling the Caliphate (ഇസ്ലാം, ഇസ്ലാമിസം: ഖിലാഫത്തിനെ പുനർ വായിക്കുമ്പോൾ എന്ന തലക്കെട്ടിൽ ഇതിന്റെ മലയാള വിവർത്തനം IPH പ്രസിദ്ധീകരിച്ചിട്ടുണ്ട്) എന്ന പുസ്തകത്തിൽ ഖിലാഫത്തിന്റെ പതനാനന്തരമുള്ള ആഗോള മുസ്ലിം സ്വത്വമെന്ന ആശയത്തെ വിശദീകരിക്കുന്നുണ്ട്. പരമാധികാരത്തെ ദേശ രാഷ്ട്രത്തിന് വകവെച്ച് നൽകുന്ന ആധുനിക മതേതരത്വ സങ്കൽപ്പത്തോട് വഴങ്ങാത്ത മുസ്ലിം ഖിലാഫത്തിനെ മുൻനിർത്തിയുള്ള രാഷ്ട്രീയ ആവിഷ്കാരങ്ങൾ പ്രകടിപ്പിക്കുന്നതോടെ അവർ ആധുനിക ലോകത്ത് ഹോംലെസ് (അഭയമില്ലാത്തവർ) ആയി മാറുമെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്. കാരണം, മുസ്ലിനെ സംബന്ധിച്ചേടത്തോളം രാഷ്ട്രീയമുൾപ്പെടെയുള്ള അവന്റെ ജീവിതത്തിലെ സകല വ്യവഹാരങ്ങളും പരമാധികാരിയായ അല്ലാഹുവിനെ / ദൈവത്തെ മുൻനിർത്തിയുള്ളതാണ്. ഇവിടെ ഖിലാഫത്തിനെ മുൻനിർത്തിയുള്ള മുസ്ലിം ആലോചനകൾ മതേതര സങ്കൽപ്പത്തെ മുൻനിർത്തിയുള്ള ആധുനിക ലോകക്രമത്തിൽ മുസ്ലിമിനെ അപരനും 'പുറന്തള്ളപ്പെടേണ്ട' വിഷയിയുമാക്കുന്നു. ആഗോള മുസ്ലിം സമൂഹത്തിന്റെ രാഷ്ട്രീയ- സാമൂഹിക കർതൃത്വത്തെ നിർണയിക്കുന്ന ഒരാശയമായി/ രൂപകമായാണ് ഖിലാഫത്തിനെ സയ്യിദ് അവതരിപ്പിക്കുന്നത്.
പടിഞ്ഞാറിന്റെ രാഷ്ട്രീയവും വൈജ്ഞാനികവുമായ അധികാരം സ്ഥാപിക്കുകയും ഇസ്ലാമിക സമൂഹത്തിന്റെ പൊതു ഇടം ഇല്ലാതാക്കുകയും ചെയ്ത മതേതരത്വം, ജനാധിപത്യം, ലിബറലിസം തുടങ്ങിയ മുഴുവൻ ആധുനിക ആശയങ്ങളെയും പ്രശ്നവൽക്കരിക്കുകയും അതിലെ ആന്തരിക വൈരുധ്യങ്ങളെ തുറന്നു കാണിച്ച് സംഭവലോകത്ത് ഇസ്ലാമിന്റെ ആഗോള കർതൃത്വം സ്ഥാപിക്കുകയുമാണ് അദ്ദേഹം തന്റെ കൃതിയിലൂടെ.
പാശ്ചാത്യ കൊളോണിയൽ ചിന്തയുടെ അടിസ്ഥാനങ്ങളെ വിമർശനവിധേയമാക്കുന്ന ചിന്തകളിലൂടെ സയ്യിദ് ഒരു അപകോളനീകരണ ലോകവീക്ഷണമാണ് മുന്നോട്ടുവെക്കുന്നത്. ഈ അടിസ്ഥാനത്തിൽ നിന്നുകൊണ്ട് ഖിലാഫത്തിനെ കുറിച്ചുള്ള തന്റെ ചർച്ചകൾ ഒരു അപകോളനീകരണ (കോളനിവത്കൃത ലോകബോധത്തിന്റെ അപ്രമാദിത്വത്തെ ഇല്ലാതാക്കുന്ന പ്രക്രിയ) പ്രക്രിയയായി അദ്ദേഹം കണക്കാക്കുന്നു. ഖിലാഫത്ത് ആഗോള മുസ്‌ലിം കർതൃത്വത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു രാഷ്ട്രീയ ക്രമമായി നിർവചിക്കാൻ കഴിയണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഖിലാഫത്തിനെ മുൻനിർത്തി ലോകത്ത് ഇസ്ലാമിന്റെ രാഷ്ട്രീയ സാന്നിധ്യത്തെ അടയാളപ്പെടുത്താനും, യൂറോ കേന്ദ്രീകൃത ലോകത്തിന് ബദലായി അതിനെ അവതരിപ്പിക്കാനും സാധിക്കണം. ഖിലാഫത്ത് കേവലം അധികാര രൂപമല്ല, മറിച്ച് ഒരു സംസ്കാരത്തിന്റെ നിർമാണവും സ്വന്തം ചരിത്രത്തെ തന്നെ രചിക്കാനുള്ള മുസ്ലിം ഉമ്മത്തിന്റെ ശേഷിയുമാണ് അതിലൂടെ പ്രതിഫലിക്കേണ്ടത്. ഖിലാഫത്തിന്റെ പതനത്തോടെ പൂർത്തിയായ പാശ്ചാത്യ സെക്യുലർ മാതൃകയിലുള്ള ആധുനിക ലോക സാഹചര്യത്തിൽ, മുസ്ലിംകൾ ഒരു സമൂഹമെന്ന നിലയിൽ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വെല്ലുവിളി രാഷ്ട്രീയമാണെന്ന തിരിച്ചറിവാണ് ഖിലാഫത്തിനെ ഓർമിക്കുക എന്നതിന്റെ ഉദ്ദേശ്യമായി സയ്യിദ് വിശദീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വെല്ലുവിളിയെ മറികടക്കാൻ ഇസ്ലാമിക അധ്യാപനങ്ങളെ മുൻനിർത്തിയുള്ള പദ്ധതിയിലൂടെ മാത്രമേ സാധിക്കു. അതിനായി ഖിലാഫത്തിനെ സമകാലികതയിലേക്ക് ചേർത്തുവെക്കാൻ സാധിക്കണം.
നബി(സ)യുടെ കാലം മുതൽ ഇസ്‌ലാമിക സമൂഹത്തിൽ നിലനിന്നിരുന്ന രാഷ്ട്രീയ പദ്ധതിയായിരുന്നു ഖിലാഫത്ത് . അത് ഇസ്ലാമിന്റെ രാഷ്ട്രീയ പദ്ധതിയുടെ ആവിഷ്കാരമാണ്. ആ നിലക്ക് സമകാലിക മുസ്ലിം രാഷ്ട്രീയ ആവിഷ്കാരങ്ങളിലും ഖിലാഫത്തിനെ മുൻനിർത്തിയുള്ള ആലോചനകൾ അനിവാര്യമാണെന്നാണ് സൽമാൻ സയ്യിദിന്റെ വാക്കുകളിൽനിന്ന് മനസ്സിലാക്കാൻ കഴിയുക. ഇസ്ലാമികമായ ഉന്നതാധികാര സംവിധാനത്തെ കുറിച്ച് അദ്ദേഹം ആലോചിക്കുന്നുണ്ട്. എന്നാൽ അത്തരം ഒരു ഇടം സാധ്യമാക്കാൻ കഴിയാത്തത് ഖിലാഫത്തിന്റെ അസാന്നിധ്യമാണെന്നും, അതിനെ മുൻനിർത്തിയുള്ള ആവിഷ്കാരങ്ങൾ മുസ്ലിം പക്ഷത്തുനിന്നുണ്ടാകുന്നില്ലെന്നും അദ്ദേഹം പറയുന്നു. മുസ്ലിം രാഷ്ട്രങ്ങളുടെ രാഷ്ട്രീയമായ ദുർബലതയും തീർച്ചയുമാണ് അതിന് വെല്ലുവിളിയാവുന്നത്. ഇസ്ലാമികമായ ഉന്നതാധികാര സങ്കൽപ്പത്തെ ചോദ്യം ചെയ്യുന്നത് മുസ്ലിം രാഷ്ട്രീയ ആവിഷ്കാരങ്ങളിൽ കണ്ടുവരുന്ന കോളനിവത്കൃത രാഷ്ട്ര സങ്കൽപ്പന രീതിയാണെന്നും അദ്ദേഹം സമർഥിക്കുന്നു.
ഇത്തരം കൊളോണിയൽ രാഷ്ട്ര സങ്കൽപ്പം മുസ്ലിം ഭൂമികയിൽ നിലനിൽക്കുവോളം ഖിലാഫത്തിനു വേണ്ടിയുള്ള അന്വേഷണങ്ങൾ എവിടെയുമെത്താതെ അവശേഷിക്കും. ഇസ്ലാമിസ്റ്റുകൾക്ക് രാഷ്ട്രീയ അധികാരം ലഭിച്ചാലും രാഷ്ട്ര ഘടനയിൽ ആ സങ്കൽപ്പം ആഴത്തിൽ വേരൂന്നിയതിനാൽ നയങ്ങൾ സ്വതന്ത്രമായി നടപ്പാക്കാൻ അവർക്ക് വലിയ തടസ്സങ്ങൾ നേരിടേണ്ടിവരും. പശ്ചാത്യേതരമായ ഒരു രാഷ്ട്രീയ ഭൂപടം നിർമിക്കുന്നതിലുള്ള പ്രതിബന്ധങ്ങളെ കുറിച്ചാണ് സയ്യിദ് വിശദീകരിക്കുന്നത്. ഖിലാഫത്തിനെ കുറിച്ച് ആലോചിക്കുമ്പോൾ സമകാലിക ലോകത്ത് മുസ്ലിം രാഷ്ട്രീയത്തിന്റെ ഇത്തരം പ്രതിസന്ധികൾ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണെന്നർഥം.
അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യഖീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് റിസർച്ചിൽ ഗവേഷകനായ ഡോ. ഒവാമിർ അൻജും എഴുതിയ Who Wants Caliphate എന്ന പ്രബന്ധത്തിൽ, നാമിപ്പോൾ എന്തു കൊണ്ട് ഖിലാഫത്തിനെ കുറിച്ച് ചിന്തിക്കുന്നു എന്ന് വിശദീകരിക്കുന്നുണ്ട്. മുസ്ലിം ചരിത്രത്തിലെ ഖിലാഫത്ത്, ഖിലാഫത്തിന്റെ സിദ്ധാന്തം, ഖിലാഫത്തിന്റെ പതനം എന്നിവയെല്ലാം വിശദമായി പ്രബന്ധത്തിൽ ചർച്ച ചെയ്യുന്നു. മുതലാളിത്ത മേൽക്കോയ്മയാൽ രാഷ്ട്രീയമായും സാമ്പത്തികമായും പാരിസ്ഥിതികമായും മനുഷ്യൻ അനുഭവിക്കുന്ന പ്രതിസന്ധികളോട് പൊരുതാനുള്ള ശേഷിയാണ് ഖിലാഫത്തിനെ മുൻനിർത്തിയുള്ള രാഷ്ട്രീയ ആവിഷ്കാരങ്ങളിൽ കാണാൻ കഴിയേണ്ടതെന്ന് അൻജും അഭിപ്രായപ്പെടുന്നു. ദേശരാഷ്ട്രത്താൽ മുസ്ലിംകൾ അനുഭവിക്കുന്ന വിവേചനങ്ങളെ മറികടക്കാൻ കഴിയുന്ന രാഷ്ട്രീയമായ ശേഷിയാണ് ഖിലാഫത്തിനെ കുറിച്ച ആലോചനകളിൽ സമകാലിക ലോകത്തെ മുസ്ലിം സമൂഹം ആർജിച്ചെടുക്കേണ്ടത്.
മുസ്ലിംകളെ ഇരകളായും, ഒപ്പം ഭീകരതയുടെ വക്താക്കളായും ചിത്രീകരിക്കുന്ന കാലത്ത് അതിനെ പ്രതിരോധിക്കാനും അത്തരം വാർപ്പ് മാതൃകകളെ ഇല്ലാതാക്കാനുമുള്ള പ്രത്യയശാസ്ത്ര പിൻബലം ഖിലാഫത്തിനെ മുൻനിർത്തിയുള്ള ആവിഷ്കാരങ്ങളിൽ സുപ്രധാനമാണ്. ചരിത്രത്തിലുടനീളം അനീതി ഇല്ലായ്മ ചെയ്യാനും, സുസ്ഥിരതയും സമാധാനവും സാക്ഷാത്കരിക്കാനും ഖിലാഫത്തിലൂടെ ഇസ്ലാമിക ലോകത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഖിലാഫത്തിനെ മുൻനിർത്തി സംഭവലോകത്തെ അനീതികളോട് പൊരുതാനും, വിവേചന ഭീകരതയെ വിമർശന വിധേയമാക്കാനും ഇതുവഴി മുസ്ലിം ഉമ്മത്തിന് സാധിക്കണം. ഖിലാഫത്ത് മുസ്ലിം സമൂഹത്തിന്റെ രാഷ്ട്രീയ ഐക്യത്തെ കുറിക്കുന്നതാണെന്നും അത് പുനരുദ്ധരിക്കൽ ഉമ്മത്തിന്റെ ബാധ്യതയാണെന്നും അൻജും വിശദീകരിക്കുന്നു. ഖിലാഫത്തിലൂടെ ചരിത്രത്തിലുടനീളം മുസ്ലിംകൾ രാഷ്ട്രീയ വിഭാവനയിൽ ഏകോപിതരായിട്ടുണ്ട് എന്നും അദ്ദേഹം സ്ഥാപിക്കുന്നു. ഖലീഫമാർ ചിലർ നീതിമാന്മാരായിരുന്നില്ല എന്നത് ഖിലാഫത്തിനെ അപ്പാടെ തള്ളിക്കളയാൻ ന്യായമാവുന്നില്ല. മുസ്ലിംകളുടെ രാഷ്ട്രീയ ഐക്യവും പ്രവാചക ഭരണത്തിന്റെ തുടർച്ചയും, എന്തൊക്കെ ന്യൂനതകളുണ്ടെങ്കിലും ഖിലാഫത്തിലൂടെ ചരിത്രത്തിലുടനീളം മുസ്ലിം സ്വത്വത്തിന്റെ ഭാഗമായി നിലനിന്നിട്ടുണ്ട്. സമകാലിക ലോകത്ത് ഇസ്ലാമിന്റെ കർതൃത്വ രൂപവത്കരണം സാധ്യമാക്കുന്നതിന് ഇസ്ലാമിക വ്യാവഹാരിക പാരമ്പര്യത്തിൽനിന്ന് കണ്ടെടുക്കാൻ കഴിയുന്ന ഒരു സുപ്രധാന ആശയമായി ഖിലാഫത്തിനെ മനസ്സിലാക്കണം. സമകാലികതയിലേക്ക് അതിനെ ചേർത്തുവെക്കാനും കഴിയണം. ഇതാണ് ഡോ. അൻജും ഖിലാഫത്തിനെ കുറിച്ച ആലോചനകളിൽ മുന്നോട്ടുവെക്കുന്ന പ്രധാന ആശയം.
ദേശരാഷ്ട്ര പരിസരത്തുനിന്ന് ഖിലാഫത്തിനെ കുറിച്ച് ചിന്തിക്കുമ്പോൾ, ദേശരാഷ്ട്രവും ഇസ്ലാമിക രാഷ്ട്രീയ സങ്കല്പവും തമ്മിൽ ഇടയുന്ന ചില സുപ്രധാന മേഖലകളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ഒന്നാമതായി, ദേശരാഷ്ട്ര പരിസരത്തുനിന്ന് ഇസ്ലാമിക് സ്റ്റേറ്റ് എന്ന സങ്കല്പത്തെ ആലോചിക്കുമ്പോൾ ചില പരിമിതികളുണ്ട്. ആധുനിക സ്റ്റേറ്റ് സംവിധാനത്തിൽ മതാഭിപ്രായങ്ങളും സ്ഥാപനങ്ങളും സ്റ്റേറ്റിനാൽ നിയന്ത്രിക്കപ്പെടുകയാണ് ചെയ്യുക. മറിച്ചൊരു സാധ്യത നിലനിൽക്കുകയില്ല. അവിടെ സ്റ്റേറ്റ് മതേതരവും നിരന്തരമായി മതേതരവൽക്കരിക്കപ്പെടുകയും ചെയ്യുന്ന സംവിധാനമാണ്.
ദേശരാഷ്ട്രത്തെ ഖിലാഫത്തിനെ മുൻനിർത്തിയാണ് മനസ്സിലാക്കാൻ ശ്രമിക്കേണ്ടത്. അല്ലാതെ, ദേശരാഷ്ട്ര വ്യവസ്ഥയിലേക്ക് ഖിലാഫത്തിനെ സ്വാംശീകരിക്കുകയല്ല വേണ്ടത്. ദേശരാഷ്ട്ര സങ്കൽപ്പത്തിലേക്ക് ഖിലാഫത്തിനെ വിവർത്തനം ചെയ്യുമ്പോൾ ഖിലാഫത്തിന്റെ വിശാലമായ സങ്കൽപ്പം ഇവിടെ പരിമിതപ്പെടുകയാണ് ചെയ്യുക. മറ്റൊന്ന്, മുസ്ലിംകളുടെ ബാധ്യതകളും അവകാശങ്ങളും നിർണയിക്കുമ്പോൾ ദേശരാഷ്ട്രങ്ങളെപ്പോലെ ദേശീയവും പ്രാദേശികവുമായ മാനദണ്ഡങ്ങൾ ഇസ്ലാം മുന്നോട്ടുവെക്കുന്നില്ല എന്നതാണ്. ഇസ്ലാം വിഭാവന ചെയ്യുന്ന ദേശരാഷ്ട്രം പ്രാദേശിക സർവാധിപത്യത്തിൽനിന്ന് തീർത്തും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ദേശാതിർത്തികൾക്കപ്പുറം പ്രയാസങ്ങൾ അനുഭവിക്കുന്ന സഹോദരങ്ങളെ ചേർത്തുപിടിക്കാനുള്ള ബാധ്യത ഇസ്ലാം മുന്നോട്ടുവെക്കാതിരിക്കില്ല. ഇതുകൊണ്ടെല്ലാം തന്നെ മനുഷ്യന്റെ ബാധ്യതകളെയും അവകാശങ്ങളെയും കേവലം ഭൂമിശാസ്ത്രപരമായ അതിർത്തികളിൽ പരിമിതപ്പെടുത്തുന്ന ആധുനിക ദേശരാഷ്ട്ര വ്യവഹാരങ്ങളോട് ഇസ്ലാമിന്റെ രാഷ്ട്രീയ ചിന്ത യോജിക്കുകയുമില്ല. ദേശരാഷ്ട്രത്തെ വിമർശന വിധേയമാക്കുമ്പോൾ, എന്തുകൊണ്ട് മുസ്‌ലിം നാടുകളിൽ ദേശരാഷ്ട്രങ്ങൾ പരാജയപ്പെടുന്നു എന്നതിന്റെ കാരണം അന്വേഷിക്കുകയാണ് അൻജും ചെയ്യുന്നത്.
ആയതിനാൽ ഖിലാഫത്തിനെ ദേശരാഷ്ട്രത്തോട് സാമ്യപ്പെടുത്തുകയോ, നിലവിലുള്ള ഏതെങ്കിലും ഭരണരൂപത്തോട് സമീകരിക്കുകയോ അല്ല വേണ്ടത്. മതേതരവും ദേശീയവുമായ പരിമിത / നിർണിത സൽങ്കപ്പനങ്ങളിൽനിന്ന് വ്യത്യസ്തമായ ഇസ്ലാമിന്റെ സമഗ്രവും ഉൾക്കൊള്ളലിന്റേതുമായ (Inclusive) രാഷ്ട്രീയ ചിന്ത എപ്രകാരമായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്. പ്രയോഗവൽക്കരണം സാധ്യമാവുന്ന ഭാവി ഖിലാഫത്തിന്റെ മാതൃകയും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. ഇസ്‌ലാമിക അടിസ്ഥാനങ്ങളിലൂന്നിയ, എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന, എല്ലാ ഭരണ മേഖലയുടെയും രാഷ്ട്രീയ-സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുന്ന കോൺഫെഡറേഷനായാണ് അൻജും ഖിലാഫത്തിനെ പുനരാലോചിക്കുന്നത്.
ശൂറാ പ്രാതിനിധ്യം, കൂടിയാലോചന, വിശ്വാസ്യത എന്നിവ സാധ്യമാക്കുന്ന പ്രാദേശിക ഗവൺമെന്റുകളുടെ ഫെഡറേഷനായാണ് ഖിലാഫത്തിനെ അവതരിപ്പിക്കുന്നത്. അത്തരം ഫെഡറേഷന്റെ ഭരണഘടനാ സംവിധാനത്തിന്റെ പ്രധാന സ്രോതസ്സ് ഇസ്ലാമിക വൈജ്ഞാനിക പാരമ്പര്യങ്ങളും, അതോടൊപ്പം സമകാലിക വൈജ്ഞാനിക സ്ഥാപനങ്ങളുമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഖിലാഫത്ത് അഭൗതികമായ ആശയമാണ്, സംഭവലോകത്ത് അത് പരിപൂർണമായി യാഥാർഥ്യമാവുകയില്ല, അതിനാൽ തന്നെ അതിന്റെ സംസ്ഥാപനത്തിന് പ്രയത്നങ്ങൾ നടത്തേണ്ടതില്ല എന്ന് പറയുന്ന കേവല അഭൗതിക വാദങ്ങൾ സംഭവലോകത്ത് ഇസ്ലാമിന് ഒന്നും ചെയ്യാനില്ലെന്നും, കേവല മതേതരയുക്തിക്ക് വിധേയപ്പെടുന്ന കേവല മതത്തിനപ്പുറം അതൊന്നുമല്ലെന്നും വ്യംഗ്യമായി പറഞ്ഞുവെക്കുകയാണ് ചെയ്യുന്നത്. ഖിലാഫത്തിന്റെ പതനശേഷം കഴിഞ്ഞ നൂറു വർഷമായി സംഭവലോകത്തോടുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ വിവിധ തലങ്ങളിലുള്ള ഇടപെടലുകൾ ഖിലാഫത്തിന് സംഭവലോകത്ത് ഇടപെടാനുള്ള ശേഷിയുണ്ടെന്ന് തന്നെയാണ് അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഖിലാഫത്തിന്റെ പതനത്തോടെ നഷ്ടമായ ഇസ്ലാമിന്റെ സ്വയം നിർണയശേഷിയെയും, ലോക വീക്ഷണത്തെയും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണല്ലോ ഇസ്ലാമിക പ്രസ്ഥാനങ്ങൾ നിലവിൽ വന്നത്. ലോകത്ത് മുസ്ലിം ഉമ്മത്തനുഭവിക്കുന്ന പതിതാവസ്ഥയും നിരന്തരം ഇരകളാക്കപ്പെടുന്ന സ്ഥിതിവിശേഷവും, ഖിലാഫത്തെന്ന ആശയത്തെക്കുറിച്ചും അതിന്റെ പ്രായോഗിക ശേഷിയെ കുറിച്ചുമുള്ള അജ്ഞത മൂലമാണെന്ന് മുസ്ലിം സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് ഖിലാഫത്തിനെ കുറിച്ച ആലോചനകളുടെ മർമം. അതുകൊണ്ടുതന്നെ ഖിലാഫത്തിനെക്കുറിച്ച ഇത്തരം സമകാലിക വായനകൾക്ക് വലിയ പ്രസക്തിയുണ്ട്. l
അവലംബം :
- Who Wants Caliphate?
https://yaqeeninstitute.org/read/paper/who-wants-the-caliphate - (ആരാണ് ഖിലാഫത്ത് ആഗ്രഹിക്കുന്നത്?)
https://campusalive.net/author/ovamir-anjum/ - Recalling the Caliphate -Salman sayyid
( ഇസ്ലാം, ഇസ്ലാമിസം: ഖിലാഫത്തിനെ പുനർ വായിക്കുമ്പോൾ ) - https://ummatics.org/papers/irredeemable-failure-the-modern-nation-state-as-a-nullifier-of-ummatic-unity/