മനുഷ്യൻ ഉന്നതനും ഉത്കൃഷ്ടനുമാകുന്നത് മറ്റൊന്നിനെയും നിസ്സാരനായി കാണാതിരിക്കുമ്പോഴാണ്. 'അന ഖൈറുൻ മിൻഹു' അഥവാ ഞാൻ അവനെക്കാൾ ഉന്നതനാണെന്ന ചിന്തയാണ് വ്യക്തികളുടെയും സമൂഹങ്ങളുടെയും സർവനാശത്തിന്റെ മുഖ്യ ഹേതു. ഞാൻ അവനെക്കാൾ ഉത്തമനാണ്, ഞാനാണ് അൽപം മുന്നിൽ, അവരാരും എന്നോളം വരില്ല, ഞാൻ എന്തുകൊണ്ടും മുന്നിൽ നിൽക്കേണ്ടവനും പരിഗണിക്കപ്പെടേണ്ടവനുമാണ് തുടങ്ങിയ 'സ്വയം ബോധ്യങ്ങളെ' അഹംഭാവം, അഹങ്കാരം, തൻപോരിമ എന്നെല്ലാമാണ് വിശേഷിപ്പിക്കാനാവുക. വ്യക്തികളെ പിടികൂടുന്ന മാരകരായ ഇത്തരം മഹാ രോഗങ്ങൾ തക്ക സമയത്ത് നിയന്ത്രിച്ചില്ലെങ്കിൽ അവ അവരെയും കൊണ്ടേ പോകൂ.
അഭിശപ്തനായ ഇബ് ലീസ് അല്ലാഹുവിനോട് തന്റെ മേന്മ പറയുകയും തർക്കിക്കാൻ മുതിരുകയും തന്റെ വർണ- വംശ പാരമ്പര്യത്തിൽ ഊറ്റം കൊള്ളുകയും ചെയ്തു. തീയിനാൽ സൃഷ്ടിക്കപ്പെട്ട ഞാൻ വെറും മണ്ണിനാൽ സൃഷ്ടിക്കപ്പെട്ട അവനെക്കാൾ ഉയർന്നവനും ഉത്തമനുമാണ് എന്നായിരുന്നു അവന്റെ വാദം. അഹങ്കാരം അജ്ഞതയിൽനിന്നും അവിവേകത്തിൽനിന്നും ഉണ്ടാകുന്നതാണ്. സ്വന്തം നിലയിൽ നിലനിൽപു പോലുമില്ലാത്ത തീയുടെ യാഥാർഥ്യം ഇബ് ലീസ് അറിയാതെ പോയി. മണ്ണ് തീയിനെ കെടുത്താൻ കെൽപുള്ളതാണെന്ന തിരിച്ചറിവും അവനില്ലായിരുന്നു. അതിലുമുപരി സകലത്തിന്റെയും നിലനിൽപ് മണ്ണിലാണെന്നും, എല്ലാറ്റിനും വെള്ളവും വളവും നൽകുന്നത് മണ്ണിന്റെ നെഞ്ച് പിളർത്തിയാണെന്നും, മണ്ണിന്റെ മുകളിലുള്ളതെല്ലാം മണ്ണാണെന്നും അവൻ മനസ്സിലാക്കാതെ പോയി.
ആൽബർട്ട് ഐൻസ്റ്റീൻ പറയുന്നു: " The only thing more dangerous than ignorance is arrogance" (അജ്ഞതയെക്കാൾ അപകടകാരിയായ ഒരേയൊരു കാര്യം അഹങ്കാരം മാത്രമാണ്). ലോകമെമ്പാടും കാണുന്ന വർണ വെറിയും ആര്യൻ ശ്രേഷ്ഠരക്ത വാദവുമെല്ലാം ഇബ് ലീസിയൻ അഹങ്കാരത്തിന്റെ പാരമ്പര്യമാണുയർത്തിപ്പിടിക്കുന്നത്. സത്യത്തെ ഭർത്സിക്കലും ജനങ്ങളെ അവമതിക്കലുമാണ് അഹങ്കാരമെന്ന് നബി തിരുമേനി നമ്മെ പഠിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവരിലെ നന്മകളും കഴിവുകളും അംഗീകരിക്കുകയും ആദരിക്കുകയും വിലമതിക്കുകയും ചെയ്യുമ്പോഴാണ് നമുക്കും നല്ല മനുഷ്യരാവാൻ സാധിക്കുക.
അവനവനെ തിരിച്ചറിയുക, തങ്ങളുടെ പോരായ്മകളും കഴിവുകേടുകളും കണ്ടെത്തുക എന്നത് ശ്രമകരമാണെങ്കിലും അസാധ്യമായ ഒന്നല്ല. അഹങ്കാരിക്കത് അസാധ്യമാണ് താനും. അതുകൊണ്ടുതന്നെ അവൻ മറ്റുള്ളവരെ കണ്ടു പഠിക്കാൻ കൂട്ടാക്കുന്നില്ല. തന്റെ വഴിയിലൂടെ തന്നെ അവൻ സഞ്ചരിച്ചുകൊണ്ടിരിക്കും. അഹങ്കാരിയായ ഫിർഔന്റെ പതനത്തിന് നിമിത്തമായതും ഇതേ മനോഭാവമായിരുന്നു : "അല്ല, നന്നെ നിസ്സാരനും വ്യക്തമായി സംസാരിക്കാന്‍ പോലും കഴിയാത്തവനുമായ ഇവനെക്കാളുത്തമന്‍ ഞാന്‍ തന്നെയല്ലേ?" (ഖുർആൻ 43:52). മനസ്സുകൊണ്ട് നിലം തൊടുക, കാലുകൾകൊണ്ട് ഒച്ച വെച്ച് നടക്കാതിരിക്കുക, ഭൂമിയോളം താഴുക, ആഹ്ലാദ പ്രമത്തതയോടെ തുള്ളി നടക്കാതിരിക്കുക, തൊള്ളപൊട്ടുമാറുച്ചത്തിൽ സംസാരിക്കാതിരിക്കുക തുടങ്ങി ഒട്ടേറെ ശീലങ്ങൾ വിശ്വാസികൾ പതിവാക്കേണ്ടതുണ്ടെന്ന് ഖുർആൻ വിവിധയിടങ്ങളിൽ സൂചിപ്പിക്കുന്നുണ്ട്.
പണം, പദവി, സന്താനങ്ങൾ, സൗഭാഗ്യം, അധികാരം, വർണം, വംശം, സൗന്ദര്യം, ബൗദ്ധിക കഴിവുകൾ തുടങ്ങി അനേകം കാര്യങ്ങളാലാണ് മനുഷ്യൻ അഹങ്കാരികളാവുന്നത്. സൂറഃ അത്തക്കാസുർ ഉൾപ്പെടെ അനേകം സ്ഥലങ്ങളിൽ ഈ മാരക വിപത്തിനെതിരെ ഖുർആൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കവി ചോദിക്കുന്നുണ്ട്:
على ماذا التكبر والغرور - وهذي الأرض تملؤها القبور
على ماذا التعالي يا صديقي- أأنت البحر أم أنت الصخور؟
(ഈ ഭൂഗോളം ഖബ്റുകളാൽ നിറയുമ്പോൾ എന്തിനീ അഹങ്കാരം, സുഹൃത്തേ? നീ ആഴിയോ പാറക്കെട്ടുകളോ ആണോ?)
l