തർബിയത്ത്

നിങ്ങള്‍ക്ക് ഒരാളെ പരിഗണിക്കാനാവണമെങ്കില്‍ ആദ്യം നിങ്ങളുടെ മനസ്സ് നിര്‍മലമാകണം. ആ നിര്‍മലതയാണ് അപരനെ യഥാവിധം മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് സഹായകമാവുന്ന ആദ്യ ഘടകം. തുടര്‍ന്ന് നിങ്ങള്‍ അകലെ നിന്ന് അയാളെ നിരീക്ഷിക്കുന്നു. അയാളെക്കുറിച്ച് അറിവുള്ളവരോട് അന്വേഷിക്കുന്നു. ഈ അന്വേഷണം നിങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനനുസരിച്ചാണ് നിങ്ങള്‍ ആ വ്യക്തിയുമായി അടുക്കുന്നത്; അകലുന്നതും. രണ്ടില്‍ ഏതിനായാലും കിട്ടുന്ന വിവരം യാഥാര്‍ഥ്യനിഷ്ഠമാവണം. സത്യസന്ധമാവണം. അപ്പോള്‍ പരിഗണനയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ മൂന്നാണ്. ഒന്ന്: മനസ്സിന്റെ നിര്‍മലത. രണ്ട്: അന്വേഷണ ത്വര. മൂന്ന്: കിട്ടുന്ന വിവരത്തിന്റെ സുതാര്യത.

സൃഷ്ടിയെ സംബന്ധിച്ച് മാത്രമല്ല, സ്രഷ്ടാവിനെക്കുറിച്ചും ഇപ്പറഞ്ഞത് അത്രതന്നെ ശരിയാണ്. എന്തുകൊണ്ടാണ് മനുഷ്യന്‍ സ്രഷ്ടാവില്‍നിന്ന് അകലുന്നത്? അവനെ വേണ്ടവിധം പരിഗണിക്കാത്തതുകൊണ്ട്. പരിഗണിക്കാതിരിക്കാന്‍ കാരണം? നിര്‍മല മനസ്സോടെ അവനെ അറിയാനാഗ്രഹിക്കാത്തതിനാല്‍. ആഗ്രഹിക്കാതിരിക്കാന്‍ കാരണം? ആലസ്യം, അവിവേകം മുറ്റിത്തഴച്ചു നില്‍ക്കുന്ന അജ്ഞത, അഹന്ത. പിന്നെ കിട്ടുന്ന വിവരത്തിന്റെ അതാര്യതയും. ഖുര്‍ആന്‍ ഇങ്ങനെ കുറ്റപ്പെടുത്തുന്നുണ്ടല്ലോ: ''അവര്‍ അല്ലാഹുവിനെ വേണ്ടവിധം പരിഗണിച്ചില്ല'' (6:91, 22:74, 39:67).

നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നുണ്ടാവും. പക്ഷേ, ആ വിശ്വാസം വിശ്വസിക്കേണ്ടവണ്ണമല്ല. നിങ്ങള്‍ പ്രവാചകത്വത്തില്‍ വിശ്വസിക്കുന്നുണ്ടാവും. അതും വേണ്ടവിധത്തിലല്ല. പരലോകത്തിലും നിങ്ങള്‍ വിശ്വസിക്കുന്നുണ്ടാവും. അതും ശരിയായ രീതിയിലല്ല. ഇവിടെയെല്ലാം നിങ്ങള്‍ അല്ലാഹുവിനെ അവഗണിക്കുകയാണ്. ഈ അവഗണന അല്ലാഹുവില്‍നിന്ന് നിങ്ങളെ അകറ്റിക്കളയുന്നു.

എങ്ങനെ, ആരില്‍നിന്ന്, എന്തില്‍നിന്ന് ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ അല്ലാഹുവിനെ മനസ്സിലാക്കിയത്? അഥവാ നിങ്ങളുടെ അറിവിന്റെ ഉറവിടം ഏതാണ്? അത് നിര്‍ണയിച്ചുവേണം അല്ലാഹുവിനെ അറിയാന്‍.
നിങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആര്‍ക്കാവും കൂടുതല്‍ അറിയുക? അത് നിങ്ങള്‍ക്ക് തന്നെയാവും. നിങ്ങളെക്കുറിച്ച് നിങ്ങള്‍ നല്‍കിയ സത്യസന്ധവും വസ്തുനിഷ്ഠവുമായ വിവരങ്ങള്‍ക്ക് പകരം, നിങ്ങളെക്കുറിച്ച് തെറ്റായ വിവരം നല്‍കിയ ആളെക്കുറിച്ച് എന്താവും നിങ്ങള്‍ക്ക് പറയാനുണ്ടാവുക? വിഡ്ഢി, വിവരം കെട്ടവന്‍, വിവേകം തൊട്ടുതീണ്ടിയിട്ടില്ലാത്തവന്‍ എന്നൊക്കെയാവും.

ഇനി അല്ലാഹുവിനെക്കുറിച്ച് പുലര്‍ത്തുന്ന ധാരണയോ? ആരോ പടച്ചുണ്ടാക്കിയ കെട്ടുകഥകളും വ്യാജോക്തികളുമൊക്കെ കേട്ട് വീണ്ടുവിചാരമില്ലാതെ, അല്ലാഹുവിനെക്കുറിച്ച തെറ്റായ ധാരണകള്‍ വസ്തുതകളെന്ന രീതിയില്‍ കൈക്കൊള്ളുന്നു. പുരോഹിതന്മാര്‍ മെനഞ്ഞുണ്ടാക്കിയ അബദ്ധ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്നു. അതുകൊണ്ടാണ് അല്ലാഹുവിനെ പരിഗണിക്കേണ്ട വിധം പരിഗണിച്ചില്ല എന്നു പറഞ്ഞത്.

സൃഷ്ടികളെ അല്ലാഹുവിന്റെ സ്ഥാനത്ത് കയറ്റിയിരുത്തുന്നു. അല്ലാഹുവിന്റെ അവകാശങ്ങള്‍ സൃഷ്ടിക്ക് പതിച്ചുനല്‍കുന്നു. അത്തരക്കാര്‍ ചെന്നുപെട്ട പാപ്പരത്തത്തെ അല്ലാഹു വശ്യശൈലിയിലാണ് അനാവരണം ചെയ്യുന്നത്. ഖുര്‍ആന്‍ പറഞ്ഞു:
''മനുഷ്യരേ, ഒരുപമ പറയാം. ശ്രദ്ധിച്ചു കേള്‍ക്കുക. നിങ്ങള്‍ പ്രശ്‌നപരിഹാരം തേടുന്നവര്‍, അവര്‍ എല്ലാവരും കൂടി ഒത്തുചേര്‍ന്നാല്‍ പോലും ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കാന്‍ അവര്‍ക്കാവുകയില്ല. ഈച്ച അവരുടെ വല്ലതും തട്ടിയെടുത്താലോ, അത് രക്ഷിച്ചെടുക്കാനും അവര്‍ക്കാവുകയില്ല. തേടിയവന്‍ ദുര്‍ബലന്‍. ആരോട് തേടിയോ അവനും ദുര്‍ബലന്‍. അവരാകട്ടെ, അല്ലാഹുവിനെ വേണ്ടവിധം പരിഗണിച്ചുമില്ല. നിശ്ചയം, അല്ലാഹു ശക്തനും അജയ്യനും തന്നെ'' (22:73,74).

ഇതു സംബന്ധിച്ച് ഖുര്‍ആനില്‍ വേറെയും പ്രയോഗങ്ങളുണ്ട്; ഉപമകളും. വിഷമസന്ധിയിലകപ്പെടുന്ന, വിശ്വാസദാര്‍ഢ്യം അത്രയൊന്നും കൈവരിച്ചിട്ടില്ലാത്ത ദുര്‍ബല വിശ്വാസിയുടെ വിചാരം അതിലൊന്നാണ്; അല്ലാഹു എന്നെ കൈവിട്ടുകളഞ്ഞു എന്ന വിചാരം. അല്ലെങ്കില്‍ അവന്റെ സഹായം വന്നുകിട്ടുന്നില്ല എന്ന വിചാരം.

മനുഷ്യന്‍ കൊതിക്കും പോലെയാവില്ല അല്ലാഹുവിന്റെ താങ്ങ്; അവന്റെ സഹായവും. അല്ലാഹുവിന് എന്തിനുമുണ്ട് ഒരു നിശ്ചയം. അതനുസരിച്ചേ അവന്‍ എന്തും കൈയാളൂ. മനുഷ്യന്റെ തത്രപ്പാടോ അവന്റെ തിരക്കോ അല്ലാഹുവിനെ സ്വാധീനിക്കുന്നില്ല.
''ഇഹത്തിലാവട്ടെ, പരത്തിലാവട്ടെ അല്ലാഹു തന്നെ സഹായിക്കുകയില്ലെന്ന് ആര്‍ക്കെങ്കിലും തോന്നിപ്പോവുന്നുവെങ്കില്‍ അവന്‍ ഒരു കയറെടുത്ത് വാനത്തിലേക്ക് കയറിപ്പോകട്ടെ, എന്നിട്ട് അത് മുറിച്ചിടട്ടെ. താന്‍ കോപിച്ചത് എന്തിന്റെ നേരെയാണോ അതിനെ തന്റെ ഈ തന്ത്രം പരിഹരിക്കുന്നുവോ എന്നൊന്ന് നോക്കട്ടെ!'' (22: 15).
വീമ്പു പറച്ചിലാണ് മറ്റൊന്ന്. കാര്യത്തിന്റെ കടിഞ്ഞാണ്‍ എന്റെ കൈയിലായില്ലല്ലോ, തീരുമാനമെടുക്കാനുള്ള അധികാരം എന്റെ കൈയിലല്ലല്ലോ, ആയിരുന്നെങ്കില്‍ കാര്യം ഇങ്ങനെയൊന്നുമാവുമായിരുന്നില്ല. അല്ലാഹുവിനെ, അവന്റെ ദൂതനെ, ഇസ് ലാമിക നേതൃത്വത്തെ ഒക്കെ കൊച്ചാക്കിയും തന്‍ പോരിമക്ക് പ്രാമുഖ്യം നല്‍കിയുമുള്ള ഈ മനോഗതത്തെ, ചൊല്ലിനെ ഖുര്‍ആന്‍ എടുത്തിടുന്നുണ്ട്:
''ഒരു പറ്റം, അവര്‍ക്ക് അവരാണ് പ്രശ്‌നം. അല്ലാഹുവിനെക്കുറിച്ച് അവർ സത്യവിരുദ്ധമായ എന്തോ ധാരണ പുലര്‍ത്തുന്നു. തനി ജാഹിലീ ധാരണ. അവര്‍ ചോദിക്കുന്നു: കാര്യം തീരുമാനിക്കാനുള്ള വല്ല അധികാരവും നമുക്ക് ലഭിക്കുമോ? പറഞ്ഞേക്കുക: തീരുമാനം അതത്രയും അല്ലാഹുവില്‍ മാത്രം നിക്ഷിപ്തമാണ്. നിന്റെ മുമ്പില്‍ വെളിപ്പെടുത്താത്ത ചിലത് അവര്‍ മനസ്സില്‍ ഒളിപ്പിക്കുന്നുണ്ട്. അവര്‍ പറഞ്ഞുകളയും: തെല്ലെങ്കിലും തീരുമാനാധികാരം നമുക്ക് ലഭിച്ചിരുന്നുവെങ്കില്‍ ഇവിടെവെച്ച് നമ്മള്‍ കൊല്ലപ്പെടുമായിരുന്നില്ല.

പറഞ്ഞേക്കുക: നിങ്ങള്‍ നിങ്ങളുടെ സ്വകാര്യ മുറികള്‍ക്കുള്ളിലാണുള്ളതെങ്കില്‍ പോലും, വധം തീരുമാനിക്കപ്പെട്ടവരാരോ അവര്‍ തങ്ങള്‍ വീണുകിടക്കേണ്ട ഇടങ്ങളില്‍ എത്തിപ്പെട്ടിരിക്കും, തീര്‍ച്ച. നിങ്ങളുടെ നെഞ്ചകത്തുള്ളത് പരീക്ഷിക്കുകയും നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് സ്ഫുടം ചെയ്യുകയും ഇവിടെ ഉദ്ദേശ്യമാണ്. നെഞ്ചകത്തുള്ളത് അറിയുന്നവനാണ് അല്ലാഹു'' (3:154).

അല്ലാഹുവിന് വിധേയപ്പെടാനുള്ള മനസ്സില്ലായ്മ, അവന്റെ തീരുമാനത്തില്‍ തൃപ്തിയടയാന്‍ കഴിയായ്ക, എന്തും അവന്റെ മുമ്പില്‍ സമര്‍പ്പിക്കാനുള്ള കരുത്തും തയാറെടുപ്പുമില്ലായ്മ, എല്ലാറ്റിന്റെ നേരെയും ഒരുതരം നിഷേധ ഭാവം പുലര്‍ത്താനുള്ള ത്വര ഇതൊക്കെയാണ് ഈ വാചാടോപത്തിനും ഔദ്ധത്യബോധത്തിനും കാരണം. അതിനാല്‍ തന്നെ അതത്രയും അല്ലാഹുവിന്റെ നേരെ പുലര്‍ത്തുന്ന നീരസമായും സന്ദേഹമായുമാണ് പരിഗണിക്കുക.

അതായത്, അല്ലാഹു സ്വന്തത്തെ എങ്ങനെ പരിചയപ്പെടുത്തിയോ അത് അതേ പടി അംഗീകരിക്കുകയും, അവന് സര്‍വാത്മനാ വിധേയപ്പെടുകയും അവന്റെ തീരുമാനം അതെന്തുമാകട്ടെ പൂര്‍ണ സംതൃപ്തിയോടെ അംഗീകരിക്കുകയും, എല്ലാം അവനില്‍ അര്‍പ്പിക്കുകയും, അവനെ മാത്രം ജീവിതത്തിന്റെ എല്ലാ രംഗത്തും ആശ്രയിക്കുകയും ചെയ്യുമ്പോഴാണ് അവനെ യഥാര്‍ഹം പരിഗണിച്ചവനാകുന്നത്.

അല്ലാഹുവിന്റെ ദൂതന്മാരുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. ഞങ്ങള്‍ അറിവുള്ളവരാണ്. പണ്ഡിതരാണ്. ലോക കാര്യങ്ങള്‍ തിരിയുന്നവരാണ്. ശരി-തെറ്റുകള്‍ നന്മ-തിന്മകള്‍ വിവേചിച്ചറിയാന്‍ കെല്‍പുള്ളവരാണ്. അതിനാല്‍, ഞങ്ങള്‍ക്ക് ദൂതന്റെയും പ്രവാചകന്റെയുമൊന്നും ആവശ്യമില്ല. ഞങ്ങളുടെ കൈയില്‍ ശാസ്ത്രജ്ഞാനമുണ്ട്. ഞങ്ങൾക്ക് അതു മതി. അതിലാണ് ശരിയുള്ളത്. പ്രവാചകാധ്യാപനം; അതിന് ആധുനിക കാലത്ത് യാതൊരു പ്രസക്തിയുമില്ല. പ്രവാചകനെ അനുസരിക്കുക, അനുധാവനം ചെയ്യുക എന്നൊക്കെ പറയുന്നത് ഞങ്ങള്‍ക്ക് കുറച്ചിലാണ് എന്നിങ്ങനെയാണ് ചിന്തിക്കുന്നതെങ്കില്‍ അല്ലാഹുവിനെ മനസ്സിലാക്കാത്തതിന്റെ, അവനെ യഥാര്‍ഹം പരിഗണിക്കാത്തതിന്റെ ഫലമാണത്.
''അല്ലാഹു ഒരു മനുഷ്യന്നും യാതൊന്നും ഇറക്കിക്കൊടുത്തിട്ടില്ല എന്ന് പറഞ്ഞപ്പോള്‍ അവര്‍ അല്ലാഹുവിനെ വേണ്ടവിധം പരിഗണിച്ചില്ല'' (6:91).

അല്ലാഹു ഒരു മനുഷ്യന്നും ഒന്നും ഇറക്കിക്കൊടുത്തിട്ടില്ല എന്ന് പറഞ്ഞതിന്റെ താല്‍പര്യമെന്താണ്?
അല്ലാഹുവിന്റെ നിര്‍ദേശം, അവന്റെ ആജ്ഞ, അവന്റെ ഗ്രന്ഥം എന്നൊന്നും പറയുന്നത് ചെവിക്കൊള്ളേണ്ടതില്ല. നമുക്ക് നമ്മുടെ ഹിതവും ഇംഗിതവും, നാം നേടിയ അറിവും വിവരവുമൊക്കെത്തന്നെ ധാരാളമാണ് എന്നുള്ള മനോഭാവമാണത്. ഈ മനോഭാവത്തെയാണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്. മറ്റൊരിടത്ത് ഖുര്‍ആന്‍ അത് ഇങ്ങനെ പറയുന്നുണ്ട്: ''സുവ്യക്ത നിര്‍ദേശങ്ങളുമായി അവര്‍ക്ക് ദൂതന്മാര്‍ വന്നപ്പോള്‍ തങ്ങളുടെ കൈയിലുള്ള ജ്ഞാനത്തില്‍ അഭിരമിച്ചുകളഞ്ഞു അവര്‍. ഫലമോ, അവര്‍ എന്തിനു നേരെ പരിഹാസമുതിര്‍ത്തുവോ അത് അവരെ ബാധിച്ചു എന്നതും'' (40:83).
പ്രവാചക നിരാസത്തിന്റെയും അടിസ്ഥാന കാരണമെന്താണ്? അല്ലാഹുവിനെ തള്ളിപ്പറയല്‍ തന്നെ. അതുകൊണ്ടത്രെ ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞത്:
''നിന്നെയല്ല അവര്‍ തള്ളിപ്പറയുന്നത്. പിന്നെയോ, അല്ലാഹുവിന്റെ നിര്‍ദേശങ്ങളെയത്രെ ഈ അക്രമികള്‍ നിഷേധിക്കുന്നത്'' (6:33).

പ്രവാചകനെ നിയോഗിച്ചത് അല്ലാഹു. പ്രവാചകനിലൂടെ മനുഷ്യര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതും അല്ലാഹു. നിയുക്തനെ തള്ളുന്നു എന്നതിനര്‍ഥം നിയോഗിച്ചവനെ തള്ളുന്നു എന്നുതന്നെ. മരണാനന്തര ജീവിത നിഷേധത്തിലടങ്ങിയിട്ടുള്ളതും സ്രഷ്ടാവിനെ നിഷേധിക്കുന്നു എന്ന കാര്യമാണ്.

ഈ നിര്‍മിതി തന്റേതാണ്, തന്റേത് മാത്രമാണ്. അതിലാര്‍ക്കും യാതൊരു വിധ പങ്കുമില്ല. അതിന്റെ ഉള്ളുകള്ളികള്‍, അതുമായി ബന്ധപ്പെട്ട എല്ലാം അറിയുന്നവന്‍ താന്‍ മാത്രമേയുള്ളൂ. താന്‍ അറിയിച്ചുകൊടുത്തതെന്തോ അതു മാത്രമേ മറ്റാര്‍ക്കും അറിയൂ. ഈ നിര്‍മിതിക്ക് ഒരവധി നിശ്ചയിച്ചിട്ടുണ്ട്. അതിലപ്പുറം അത് ഒരു നിമിഷാര്‍ധത്തേക്ക് പോലും നീണ്ടുനില്‍ക്കുകയില്ല. അതിന്റെ വിനാശശേഷം മറ്റൊരു ഘട്ടത്തില്‍ ഞാന്‍ ഇതിനെ പുനര്‍നിര്‍മിക്കും എന്ന് നിര്‍മാതാവ് കട്ടായം പറയുന്നു.
എന്നാല്‍, നിര്‍മിതിയുടെ ഭാഗമായ ചിലര്‍ പറയുന്നു: 'ങ്ങേ, അങ്ങനെയൊന്നുണ്ടാവില്ല. അതൊക്കെ വെറുതെ പറയുന്നതാണ്. ഞങ്ങള്‍ക്കത് ഉള്‍ക്കൊള്ളാനാവുന്നില്ല.' ഇവിടെ നിര്‍മാതാവ് പറഞ്ഞതാണോ വസ്തുത, അതോ നിര്‍മിതിയുടെ വാദമോ? നിര്‍മാതാവ് പറഞ്ഞതാവും ശരി എന്നേ ബുദ്ധിയുള്ള ആര്‍ക്കും പറയാനാവൂ.

ഇവിടെ നിര്‍മിതി പ്രപഞ്ചമാണ്. നിര്‍മാതാവ് അല്ലാഹുവും. അല്ലാഹു പറയുന്നു: ഈ പ്രപഞ്ചം ആസകലം എന്റെ സൃഷ്ടിയാണ്. അതിന്റെ സൃഷ്ടിപ്പിലോ സ്ഥിതി-സംഹാരങ്ങളിലോ ആര്‍ക്കും യാതൊരു പങ്കുമില്ല. പ്രപഞ്ചം ഒരു ഘട്ടത്തില്‍ നശിക്കും. ഞാന്‍ പിന്നെയും അതിനെ പുനഃസൃഷ്ടിക്കും. അപ്പോള്‍ മനുഷ്യനെയും ഉയിര്‍പ്പിക്കും. അവനെ വിചാരണക്ക് വിധേയമാക്കും. തുടര്‍ന്ന് അവന് രക്ഷയോ ശിക്ഷയോ നല്‍കും. അതിനെ നിഷേധിച്ചുകൊണ്ടാണ് ചില മനുഷ്യര്‍ പറയുന്നത്. അങ്ങനെയൊന്ന് നടപ്പില്ല. തീരുമാനത്തില്‍ യാതൊരു പങ്കാളിത്തവുമില്ലാത്തവരാണ് അങ്ങനെയൊന്ന് നടപ്പില്ല എന്ന് പറയുന്നത്. ഈ വങ്കത്തത്തെ ചൂണ്ടിയാണ് ''അവര്‍ അല്ലാഹുവിനെ യഥാര്‍ഹം പരിഗണിച്ചില്ല'' എന്ന് ഖുര്‍ആന്‍ (39:67) പറഞ്ഞത്.
ഇസ് ലാമിന്റെ ഈ മൗലികാടിത്തറകള്‍ ഖുര്‍ആനും നബിയും വിവരിച്ച പോലെ അംഗീകരിക്കുമ്പോള്‍ മാത്രമേ അല്ലാഹുവിനെ യഥാര്‍ഹം പരിഗണിച്ചു എന്ന് പറയാനാവൂ. l