തിരൂരങ്ങാടി, പരപ്പനങ്ങാടി ഏരിയകളിൽ ഇസ്‌ലാമിക പ്രസ്ഥാനത്തെ കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് മുന്നിൽ നിന്ന് നയിച്ച ഇ.എസ് സുലൈമാൻ മാസ്റ്റർ അല്ലാഹുവിലേക്ക് യാത്രയായി. എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിനടുത്ത് വടക്കുംപുറത്ത് ഇറക്കത്തു സൈദ് മുഹമ്മദിന്റെയും ഖദീജയുടെയും രണ്ടാമത്തെ മകനായി 1949-ലായിരുന്നു ജനനം. 1973- ൽ പുല്ലേപടിയിലെ ദാറുൽ ഉലൂം സ്കൂളിൽ താത്കാലികമായി ജോലി ചെയ്യുന്ന കാലത്ത് എറണാകുളത്ത് നടന്ന ഒരു പ്രസ്ഥാന പരിപാടിയിൽ വെച്ചാണ് മലപ്പുറം ദേവതിയാലിലെ എൻ.കെ.എം പൂക്കോയ തങ്ങളെ കണ്ടുമുട്ടുന്നത്. സുലൈമാൻ മാസ്റ്ററുടെ വ്യക്തിത്വത്തിലും യോഗ്യതയിലും ആകൃഷ്ടനായ തങ്ങൾ അദ്ദേഹത്തെ തന്റെ അധീനത്തിലുള്ള മലപ്പുറം ജില്ലയിലെ പുത്തൂർ പള്ളിക്കൽ എൽ.പി സ്കൂളിൽ സ്ഥിരം അധ്യാപകനായി ക്ഷണിക്കുകയായിരുന്നു. ക്ഷണം സ്വീകരിക്കുകയും അന്നു തന്നെ തങ്ങളോടൊപ്പം വണ്ടി കയറുകയും ചെയ്തു. പുത്തൂർ പള്ളിക്കലിൽ എത്തിയതു മുതൽ തങ്ങളോടൊപ്പം ഇസ്‌ലാമിക പ്രസ്ഥാന പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി.
തങ്ങൾ എല്ലാ അർഥത്തിലും അദ്ദേഹത്തിന് വഴികാട്ടിയായിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് വഴിനടത്തുകയും ജോലി നൽകുകയും താമസിക്കാൻ ഇടം നൽകുകയും ഒടുവിൽ 1977-ൽ പരപ്പനങ്ങാടിയിൽ നിന്ന് ഏറ്റവും യോജിച്ച ഒരു ഇണയെ കണ്ടെത്തി കൊടുക്കുകയും ചെയ്തു. വിവാഹ ശേഷം തിരൂരങ്ങാടി ഓറിയന്റൽ യു.പി സ്കൂളിലേക്ക് ജോലി മാറി. പരപ്പനങ്ങാടിയിലായി പിന്നീട് താമസം. പരപ്പനങ്ങാടി, തിരൂരങ്ങാടി പ്രദേശങ്ങൾ തന്റെ പ്രവർത്തന മേഖലയായി.
1987-ൽ മാധ്യമം ദിനപത്രം ആരംഭിച്ചതു മുതൽ ഏറക്കാലം അതിന്റെ തിരൂരങ്ങാടി ഏരിയയിലെ ലേഖകനായി പ്രവർത്തിച്ചു. ആരോഗ്യം തീരെ അനുവദിക്കാതായ സാഹചര്യം വരെ അദ്ദേഹം പ്രസ്ഥാനത്തിന്റെ പല ചുമതലകളും വഹിച്ചിരുന്നു. ജമാത്തെ ഇസ്‌ലാമി പ്രാദേശിക അമീർ, ഹൽഖാ നാസിം, ഏരിയാ സെക്രട്ടറി, മസ്ജിദുൽ അബ്റാർ മഹല്ല് കമ്മിറ്റി പ്രസിഡന്റ്, അബ്റാർ സകാത്ത് സെൽ പ്രസിഡന്റ്, വെൽഫെയർ പാർട്ടി മുനിസിപ്പൽ പ്രസിഡന്റ്, ജനകീയ വികസന മുന്നണി ട്രഷറർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു. 90-കളുടെ തുടക്കത്തിൽ പരപ്പനങ്ങാടിയുടെ ഹൃദയഭാഗത്ത് തന്നെ ഒരു പള്ളി നിർമിക്കാൻ അദ്ദേഹവും സഹപ്രവർത്തകരും മുന്നിട്ടിറങ്ങിയതിന്റെ ഫലമാണ് മസ്ജിദുൽ അബ്റാർ. പിന്നീട് പള്ളി കേന്ദ്രീകരിച്ച് ആരംഭിച്ച പലിശ രഹിത നിധി, അബ്‌റാർ റിലീഫ് വിംഗ് തുടങ്ങിയ സംരംഭങ്ങളിൽ അദ്ദേഹത്തിന്റെ സവിശേഷ ചിന്തകളുടെയും കഠിന പ്രയത്നങ്ങളുടെയും കൈയൊപ്പുണ്ട്. ജാതി-മത ഭേദമന്യേ ഒരുപാട് പാവപ്പെട്ട മനുഷ്യർ ഈ സംരംഭങ്ങളുടെ ഗുണഭോക്താക്കളാണ്.
ഏറക്കാലം പരപ്പനങ്ങാടിയിലെ പ്രബോധനം, ബോധനം, ആരാമം, മലർവാടി പ്രസിദ്ധീകരണങ്ങളുടെ പ്രചാരണ-വിതരണ ചുമതലകൾ സുലൈമാൻ മാസ്റ്റർക്കായിരുന്നു. ആ കാലത്ത് തന്റെ വ്യക്തിബന്ധങ്ങൾ ഉപയോഗപ്പെടുത്തി നാടിന്റെ മുക്കു മൂലകളിലുള്ള ഒരുപാട് ആളുകളുടെ വീടുകളിൽ ഇസ്‌ലാമിന്റെ വെളിച്ചം എത്തിക്കാൻ അദ്ദേഹം കഠിന പ്രയത്നം ചെയ്തിട്ടുണ്ട്. പ്രസിദ്ധീകരണങ്ങൾ കൈയിൽ തൂക്കി ഏറെ ദൂരം നടന്ന് ഓരോ വീടും കയറി വിതരണം ചെയ്യുമ്പോൾ കൈമാറിയിരുന്നത് അക്ഷരങ്ങൾ മാത്രമായിരുന്നില്ല, പുഞ്ചിരിയും സ്നേഹവും കരുതലും ഒക്കെയായിരുന്നു. ശാരീരിക വിഷമതകൾ അലട്ടുമ്പോൾ, അദ്ദേഹത്തിന് പകരം പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യാൻ നിയോഗിക്കപ്പെടുമ്പോൾ ഓരോ കുടുംബത്തിൽനിന്നും ഈയുള്ളവന് കിട്ടിയിരുന്ന പരിഗണന അതിന്റെ സാക്ഷ്യപ്പെടുത്തലാണ്. കണ്ടു മുട്ടുന്ന മനുഷ്യരോടെല്ലാം പുഞ്ചിരിച്ചും അഭിവാദ്യം ചെയ്‌തും അവരുടെ മനസ്സിൽ ഇടം പിടിച്ചു. സ്ത്രീകളും പുരുഷന്മാരുമായ ഒരുപാട് പേർ അദ്ദേഹത്തെ തേടി വീട്ടിലും മസ്ജിദുൽ അബ്റാറിലുമൊക്കെ വരാറുണ്ടായിരുന്നു. ഓരോരുത്തർക്കും എന്തെങ്കിലുമൊക്കെ ആവലാതികൾ പറയാനുണ്ടാവും. പ്രശ്നങ്ങളും ആവലാതികളും കേൾക്കുകയും സാധ്യമാകുന്ന രീതിയിൽ പരിഹാരങ്ങൾ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യും.
സുലൈമാൻ മാസ്റ്റർ വലിയ പണ്ഡിതനോ പ്രഭാഷകനോ എഴുത്തുകാരനോ ഒന്നും ആയിരുന്നില്ല. എന്നാൽ, ഇരവുകളിൽ അല്ലാഹുവുമായുള്ള മുനാജാത്ത് കൊണ്ടും പകലുകളിൽ കർമ നൈരന്തര്യം കൊണ്ടും ദീനിനെ കുറിച്ച വായനകൾ കൊണ്ടും സത്യ വിശ്വാസികളുമായുള്ള സഹവാസം കൊണ്ടും ആത്മാവിനെ സ്ഫുടം ചെയ്തെടുത്ത നല്ല മനുഷ്യനായിരുന്നു. ഭൗതികമായ ഒന്നിനോടും അദ്ദേഹം ഒരു പരിധിയിൽ കവിഞ്ഞ താൽപര്യം കാണിച്ചിരുന്നില്ല.
ദുനിയാവിൽ ചെയ്യുന്ന എന്ത് കാര്യങ്ങൾക്കും റബ്ബിന്റെ മുന്നിൽ ന്യായീകരണമുള്ള ഒരു ലക്ഷ്യം വേണമെന്ന നിർബന്ധം ഉണ്ടായിരുന്നു. അതിനുദാഹരണമാണ് അദ്ദേഹത്തിന്റെ യാത്രകൾ. ഏറെ ദൂരം അദ്ദേഹം യാത്രകൾ ചെയ്തിട്ടുണ്ട്. എന്നാൽ കളി തമാശകൾക്കു വേണ്ടിയുള്ള യാത്രകളോട് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. പ്രസ്ഥാനം നിയോഗിച്ച ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ, രോഗികളായ മനുഷ്യരെ ആശ്വസിപ്പിക്കാൻ, മരണ വീടുകൾ സന്ദർശിക്കാൻ, കുടുംബ ബന്ധങ്ങൾ കൂട്ടിച്ചേർക്കാൻ ഒക്കെയായിരുന്നു അദ്ദേഹത്തിന്റെ യാത്രകൾ അധികവും. തിരൂരങ്ങാടി യതീം ഖാന നടത്തിപ്പിനുള്ള പണം സ്വരൂപിക്കാൻ ഏറക്കാലം എല്ലാ റമദാനിലും ഇടുക്കി മുതൽ തിരുവനന്തപുരം വരെയുള്ള തെക്കൻ ജില്ലകളിൽ യാത്ര ചെയ്യാറുണ്ടായിരുന്നു.
ഈയുള്ളവന്റെ പിതാവ് കൂടി ആയതുകൊണ്ട് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ സൂക്ഷ്്മമായ തലങ്ങളെ കൂടി അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. വീട്ടിലായാലും പുറത്തായാലും അനാവശ്യമായ സംസാരങ്ങളിൽ ഏർപ്പെടാതിരിക്കാൻ അങ്ങേയറ്റത്തെ സൂക്ഷ്മത പുലർത്തിയിരുന്നു. വീട്ടിൽ അത്തരത്തിലുള്ള സൊറ പറച്ചിലുകളെ നിരുത്സാഹപ്പെടുത്തുകയും ചെയ്തിരുന്നു. കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും പരമാവധി വിട്ടുവീഴ്ചകൾ ചെയ്യുകയും, എന്നാൽ തിന്മയെയും അനീതികളെയും എതിർക്കാനുള്ള കാർക്കശ്യം കാണിക്കുകയും ചെയ്തിരുന്നു. രോഗങ്ങൾ ശരീരത്തെ കീഴടക്കിയ അവസ്ഥയിലും നിറഞ്ഞ പുഞ്ചിരിയോടെ പടച്ചവനോട് നന്ദിയോതി ഭംഗിയായി ക്ഷമിച്ചു. ഒടുക്കം ദുനിയാവിന്റെ എല്ലാ പിരിമുറുക്കങ്ങളിൽനിന്നും അനന്തമായ ആത്മ നിർവൃതിയുടെ ലോകത്തേക്ക് അദ്ദേഹം പതിയെ നടന്നടുത്തിരിക്കുന്നു. ഭാര്യ: സി. ഹൂർ ബാനു. മക്കൾ: ഹാസിബ, നുസൈബ (അധ്യാപിക), ലുബൈബ, മുഹമ്മദ് അസ്‌ലം (അസി.പ്രഫ. ന്യൂ കോളേജ്, ചെന്നൈ), അഫ്സൽ (അസി. പ്രഫ. സദഖത്തുല്ലാഹ് അപ്പാ കോളേജ് തിരുനെൽവേലി).
മരുമക്കൾ: സൈഫുദ്ദീൻ (ഖത്തർ), മുഹമ്മദ് (ബിസിനസ്സ്, മലപ്പുറം), മുഹമ്മദ് സാലിഹ് (സ്പെഷൽ വില്ലേജ് ഓഫീസർ), നസ്മ (അസി. പ്രഫ. താനൂർ ഗവൺമെന്റ് കോളേജ്), ഹിബ.
ഇ.എസ് അഫ്സൽ
മുഹമ്മദ് ഹനീഫ
കോട്ടയം കാഞ്ഞിരപ്പള്ളി ഏരിയയില്‍ മുക്കാലി, ഇടക്കുന്നം, പാറത്തോട് മേഖലകളിലെ ആദ്യകാല ഇസ് ലാമിക പ്രസ്ഥാന പ്രവര്‍ത്തകനായിരുന്നു മുഹമ്മദ് ഹനീഫ സാഹിബ്. പാറത്തോട് പുതുവല്‍പുരയിടത്തില്‍ പരീതുകുഞ്ഞ് റാവുത്തരുടെയും സൈനബായുടെയും മൂത്ത പുത്രനാണ്.
സ്വന്തം നാടായ പാറത്തോട്, മുക്കാലി, ഇടക്കുന്നം, കൂടാതെ സമീപ പ്രദേശങ്ങളിലും, ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട് ജോലി ചെയ്തുവന്നിരുന്ന നിലമ്പൂര്‍, അടിമാലി, കുമളി തുടങ്ങിയ പ്രദേശങ്ങളിലും പ്രസ്ഥാന ചലനങ്ങള്‍ ഉണ്ടാക്കുന്നതിലും ഘടകങ്ങള്‍ രൂപവത്കരിക്കുന്നതിലും തന്റെ കഴിവുകള്‍ ഉപയോഗപ്പെടുത്തി. ഒരു വലിയ സുഹൃദ് വലയം അദ്ദേഹത്തിനുണ്ടായിരുന്നു.
കുമളിയിലും പരിസരത്തും വ്യക്തിബന്ധങ്ങള്‍ സ്ഥാപിച്ചും, ദീനീബോധമുള്ളവരെയും സമീപ ജില്ലകളിലെ പ്രസ്ഥാന പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചും കുമളിയില്‍ നടത്തിയ മേഖലാ സമ്മേളനം പ്രത്യേകം എടുത്തുപറയേണ്ടതാണ്. സമ്മേളനാനന്തരം കുമളിയില്‍ (തേക്കടിക്കവല) ജുമുഅ പള്ളിയും പ്രസ്ഥാന ഘടകവും രൂപവത്കരിച്ചു. താന്‍ താമസിക്കുന്ന മുക്കാലി കേന്ദ്രമായുള്ള ജുമുഅത്ത് പള്ളിയുടെ പുനര്‍നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുകയും മദ്‌റസക്കും മയ്യത്താന്‍ കരയ്ക്കുമുള്ള സ്ഥലം വഖ്ഫു ചെയ്യുകയും ചെയ്തു.
ജി.ഐ.ഒ, എസ്.ഐ.ഒ, മലര്‍വാടി, ജമാഅത്ത് യൂനിറ്റുകളുടെ പ്രവര്‍ത്തനത്തിന് തന്റെ സ്വന്തം ബില്‍ഡിംഗ് വിട്ടുകൊടുത്തു. പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും സ്വന്തം വാഹനത്തില്‍ വീടുകളില്‍ എത്തിച്ചിരുന്നു. 1998-ല്‍ ഹിറാ നഗറില്‍ നടന്ന ജമാഅത്തെ ഇസ് ലാമി സംസ്ഥാന സമ്മേളനത്തില്‍ മഹല്ലില്‍നിന്ന് ഒരു ബസ് ആളുകളെ പങ്കെടുപ്പിച്ചത് അദ്ദേഹത്തിന്റെ ജനസമ്മതിക്കുള്ള തെളിവാണ്.
മുക്കാലി മുഹിയിദ്ദീന്‍ മസ്ജിദ് പ്രസിഡന്റ്, കാഞ്ഞിരപ്പള്ളി താലൂക്ക് മഹല്ല് കോര്‍ഡിനേഷന്‍ രക്ഷാധികാരി, ഹല്‍ഖാ നാളിം എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ പാറത്തോട് കണ്ടത്തില്‍ സെയ്തുമുഹമ്മദിന്റെ മകള്‍ നസീമ. മക്കള്‍: നിസാമുദ്ദീന്‍, ആബിദാ റഹ് മാന്‍. മരുമകന്‍ ഷാനവാസ് കരീം (ജോയിന്റ് ആര്‍.ടി.ഒ, തലശ്ശേരി) മുക്കാലി, സുമയ്യ റസാക്ക് കാഞ്ഞിരപ്പള്ളി.
ടി.ഇ സിദ്ദീഖ് കാഞ്ഞിരപ്പള്ളി