ചിന്താവിഷയം

ഹവാ എന്ന അറബി പദത്തിന് ആഗ്രഹം, ഇഷ്ടം, ഇഛ, വീഴ്ച എന്നൊക്കെയാണ് അർഥം. ഖുർആൻ ഈ പദം അതിന്റെ വിവിധ നിഷ്പാദിത രൂപങ്ങളിൽ 36 തവണ പ്രയോഗിച്ചിട്ടുണ്ട്. ഹവാ എന്നത് നാമധാതു രൂപമാണ്. അതിന്റെ ഭൂത -ഭാവികാല ക്രിയകൾ രണ്ടു രൂപത്തിൽ വരും. ഹവാ, യഹ്്വീ എന്നതാണ് ഒരു രൂപം. വീണു, വീഴും എന്നാണതിന്റെ അർഥം. ഹവിയ, യഹ് വാ എന്നതാണ് മറ്റൊരു രൂപം. കൊതിച്ചു, ആഗ്രഹിച്ചു, താൽപര്യം കാണിച്ചു /കാണിക്കും എന്നർഥം. ഹവാ എന്നതിന് വഴിതെറ്റുക എന്നും അർഥം പറയാം. ഇഷ്ടപ്പെടുക, താല്പര്യപ്പെടുക എന്നും അർഥമുണ്ട്. ഇഷ്ടപ്പെടുക, താല്പര്യപ്പെടുക എന്ന അർഥത്തിൽ ഖുർആൻ ഈ പദം പ്രയോഗിച്ചിട്ടുണ്ട്. "അവരുടെ മനസ്സുകൾ ഇഷ്ടപ്പെടാത്ത കാര്യവുമായി ദൂതന്മാർ വന്നപ്പോഴൊക്കെയും അവർ ദൂതന്മാരിൽ ചിലരെ തള്ളിപ്പറയുകയും മറ്റു ചിലരെ കൊന്നു കളയുകയും ചെയ്തിട്ടുണ്ട്" (2:87, 5:70). വശീകരിക്കുക എന്ന അർഥത്തിലും ഖുർആൻ ഈ പദം പ്രയോഗിച്ചിട്ടുണ്ട്. 6 :71-ൽ 'പിശാചുക്കൾ വശീകരിച്ചവനെപ്പോലെ' എന്ന പ്രയോഗമുണ്ട്.

വഴിതെറ്റാൻ കാരണം

സത്യ പാതയിൽനിന്ന് മനുഷ്യൻ തെറ്റിപ്പോവാൻ എന്താവും കാരണം? താല്പര്യത്തെ പിൻപറ്റുന്നതുകൊണ്ട് എന്നതാണ് ഖുർആൻ നൽകുന്ന ഉത്തരം. ഇവിടെ ഒരു ചോദ്യമുണ്ട്: ആരുടെ താല്പര്യം? സ്വന്തം താല്പര്യമാവാം, അല്ലെങ്കിൽ മറ്റുള്ളവരുടെ താൽപര്യമാവാം. രണ്ടായാലും താൽപര്യത്തെ പിൻപറ്റുകയാണ് വഴിതെറ്റാൻ കാരണം. അല്ലാഹു ദാവൂദ് നബിക്ക് നൽകുന്ന നിർദേശം ഖുർആനിൽ ഇങ്ങനെ വായിക്കാം: "ദാവൂദ്, നാം നിന്നെ ഈ നാട്ടിലെ ഖലീഫയായി നിശ്ചയിച്ചിരിക്കുന്നു. അതിനാൽ ജനങ്ങൾക്കിടയിൽ നീതിപൂർവം വിധി കൽപിക്കുക. ഇഛയെ പിൻപറ്റാതിരിക്കുക. അങ്ങനെയായാൽ അത് നിന്നെ അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് തെറ്റിച്ചു കളയും. അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് തെറ്റിയവർക്കുള്ളത് കഠിന ശിക്ഷയാകുന്നു. അവർ വിചാരണാ നാളിനെ വിസ്മരിച്ചു കളഞ്ഞതിനാൽ" (38:26). ദാവൂദ് അല്ലാഹുവിന്റെ പ്രവാചകനാണ്. ആ പ്രവാചകനോട് പോലും അല്ലാഹു പറയുന്നത് ഇഛയെ പിൻപറ്റരുതെന്നാണ്; ഇഛയെ പിൻപറ്റിയാൽ അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് തെറ്റിപ്പോകുമെന്ന്. അതായത്, പ്രവാചകന് പോലും സ്വന്തം താല്പര്യമനുസരിച്ച് പ്രവർത്തിക്കാവതല്ലെന്ന്. അങ്ങനെ പ്രവർത്തിച്ചാൽ അത് ആ പ്രവാചകന്റെ മാർഗഭ്രംശത്തിലാണ് ചെന്നെത്തുക. അതാകട്ടെ കടുത്ത ശിക്ഷയ്ക്ക് കാരണവും. ഇമാം ത്വബരിയുടെ വിശദീകരണം ഇങ്ങനെ: "സത്യത്തിനും നീതിക്കും വിരുദ്ധമായി നിന്റെ താല്പര്യത്തിന് പരിഗണന നൽകിയാവരുത് നീ വിധി പ്രസ്താവിക്കുന്നത്. അങ്ങനെ ചെയ്താൽ നീ സത്യത്തിൽനിന്ന് വ്യതിചലിച്ചു പോവും. നീതിവിരുദ്ധമായും സത്യവിരുദ്ധമായും താല്പര്യത്തെ പിന്തുടർന്ന് നീ നടത്തുന്ന വിധി തീർപ്പ് അല്ലാഹു നിർണയിച്ചുകൊടുത്ത അവന്റെ മാർഗത്തിൽനിന്ന് നിന്നെ വ്യതിചലിപ്പിച്ചു കളയും. അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് വ്യതിചലിക്കുകയാല്‍ നീ നശിച്ച വിഭാഗത്തിൽ പെട്ടുപോകും"(തഫ്്സീറുത്ത്വബരി).

മുഹമ്മദ് നബിയോട് അല്ലാഹു പറയുന്നത് കാണാം: "നമ്മുടെ നിർദേശങ്ങൾ തള്ളിപ്പറഞ്ഞവരുടെ, പരലോകത്തിൽ വിശ്വസിക്കാത്തവരുടെ, തങ്ങളുടെ നാഥന് പങ്കാളികളെ സങ്കൽപ്പിച്ചവരുടെ താല്പര്യങ്ങളെ പിൻപറ്റരുത്"(6:150). ഈ ആയത്തിൽ സ്വന്തം താല്പര്യങ്ങളെയല്ല, മറ്റുള്ളവരുടെ താൽപര്യങ്ങളെ പിൻപറ്റുന്നതിനെക്കുറിച്ചാണ് പറയുന്നത്. ഈ ആയത്തിൽ ശിർക്കിന്റെയും കുഫ്റിന്റെയും മൂന്ന് ഇനങ്ങൾ എടുത്തുപറയുന്നുണ്ട്. ഒന്ന്: അല്ലാഹുവിന്റെ നിർദേശങ്ങളെ (ആയത്തുകളെ) തള്ളിപ്പറയുക. രണ്ട്: പരലോകത്തിൽ വിശ്വസിക്കാതിരിക്കുക. മൂന്ന്: അല്ലാഹുവിന് പങ്കാളിയെ ചമയ്ക്കുക. ഇത്തരക്കാർ കടുത്ത നിഷേധികളാണ്. ഇത്തരം നിഷേധികളുടെ താല്പര്യത്തിനൊത്ത് നീങ്ങരുത്. കാരണം, അവർ അവരുടെ ഇഛക്കൊത്ത് നീങ്ങുന്നവരാണ്.

ഇനി വേദക്കാരുമായി ബന്ധപ്പെടുത്തി പറയുന്നത് കാണുക: "അവർക്കിടയിൽ തീർപ്പ് കൽപ്പിക്കുന്നത് അല്ലാഹു അവതരിപ്പിച്ചതിനനുസരിച്ചാവണം. അവരുടെ ഇഛയെ പിൻപറ്റിയാവരുത്. അല്ലാഹു നിനക്ക് അവതരിപ്പിച്ച വല്ലതിൽ നിന്നെങ്കിലും അവർ നിന്നെ വ്യതിചലിപ്പിക്കുന്നത് കരുതിയിരിക്കുക"(5:49). ഇതിന്റെ വിശദീകരണത്തിൽ ഇമാം ത്വബരി എഴുതി: "തങ്ങളുടെ വധിക്കപ്പെട്ട ആളുകളെ സംബന്ധിച്ചും അധർമികളെ സംബന്ധിച്ചുമൊക്കെ വിധി തേടി വരുന്ന യഹൂദരുടെ താൽപര്യത്തെ പിൻപറ്റരുതെന്ന നബിക്കുള്ള നിരോധന ഉത്തരവാണിത്. തനിക്ക് അവതരിച്ചു കിട്ടിയ ഗ്രന്ഥത്തിനൊത്ത് കർമമനുഷ്ഠിക്കണമെന്ന നിർദേശവും. ഇതേ കാര്യം വേദക്കാരോടും ഖുർആൻ പറയുന്നുണ്ട്: ''പറയുക: വേദക്കാരേ, നിങ്ങൾ മതകാര്യത്തിൽ തീവ്ര നിലപാട് കൈക്കൊള്ളരുത്. നേരത്തെ വഴിതെറ്റിയ, ധാരാളം പേരെ വഴിതെറ്റിച്ച, സത്യപാതയിൽനിന്ന് തെറ്റിപ്പോയ ആളുകളുടെ താൽപര്യത്തെ പിൻപറ്റുകയും അരുത്" (5:77). ഇവിടെ പുരോഹിതരെ, വിശേഷിച്ചും ക്രൈസ്തവ പുരോഹിതരെയാണ് വിവക്ഷിക്കുന്നത്. അവരാണ് യേശുവിന് ദിവ്യത്വം നൽകി അദ്ദേഹത്തെ അവമതിച്ചുകളഞ്ഞത്. അതായത്, വ്യക്തിയായാലും സമൂഹമായാലും ആരുടെയും താൽപര്യത്തിനും ഇഛയ്ക്കുമൊത്താവരുത് പ്രവർത്തിക്കുന്നത്. എന്തുകൊണ്ടെന്നാൽ, താല്പര്യങ്ങളും ഇഛകളും സത്യത്തിലേക്കാവില്ല വഴിനടത്തുന്നത്. താൽപര്യം ആരുടേതായാലും മാർഗഭ്രംശത്തിന് അത് കാരണമാകും. ദൈവദത്തമായ അറിവല്ല അവരുടെ അവലംബം. അവർ മെനഞ്ഞെടുത്ത ധാരണകളുമായും തട്ടിക്കൂട്ടിയുണ്ടാക്കിയ വിശ്വാസങ്ങളുമായും നിയമനിർദേശങ്ങളുമായുമാണ് അവർ മുന്നോട്ടു നീങ്ങുക. അത് നായകനെയും അനുധാവകനെയും വഴിതെറ്റിക്കുകയേയുള്ളൂ. കാരണം, അല്ലാഹു അവതരിപ്പിച്ച ജ്ഞാന സുധയിൽനിന്ന് പാനം ചെയ്യാൻ കൂട്ടാക്കാത്തവർ താൽപര്യങ്ങളുടെ ഉപാസകരായിരിക്കും. ഈ താല്പര്യങ്ങളാണ് അവർ വഴിതെറ്റാൻ കാരണം. ഖുർആൻ പറയുന്നു: "പറയുക: നിങ്ങൾ സത്യസന്ധരെങ്കിൽ അത് രണ്ടിനെക്കാളും ഏറെ മാർഗദർശകമായ മറ്റൊരു ഗ്രന്ഥം കൊണ്ടുവരിക. ഞാൻ അത് പിൻപറ്റാം. ഇനി അവർ നിനക്ക് മറുപടി നൽകാൻ തയാറല്ലെങ്കിലോ, അറിഞ്ഞിരിക്കുക, അവർ താൽപര്യത്തെ മാത്രമാണ് പിന്തുടരുന്നത്. അല്ലാഹുവിങ്കൽ നിന്നുള്ള മാർഗദർശനത്തെ അടിസ്ഥാനമാക്കാൻ കൂട്ടാക്കാതെ താല്പര്യത്തെ പിന്തുടരുന്നവനെക്കാൾ വഴിതെറ്റിയവനായി ആരുണ്ട് ? അല്ലാഹു അക്രമിസമൂഹത്തെ സത്യത്തിലേക്ക് വഴിനടത്തുകയില്ല" (28:50). "എന്നാൽ, അക്രമികളായിത്തീർന്നവർ താൽപര്യങ്ങളെ പിൻപറ്റുകയത്രെ ചെയ്യുന്നത്. അല്ലാഹു ദുർമാർഗത്തിൽ ഉപേക്ഷിച്ചിട്ടവനെ സൻമാർഗത്തിലേക്ക് നയിക്കാൻ ആർക്കാണാവുക. അവർക്ക് യാതൊരു വിധ സഹായിയും ഇല്ലതാനും"(30:29).

ഈ ഖുർആനിക വചനങ്ങളത്രയും വ്യക്തമാക്കുന്ന കാര്യം ഇതാണ്: ലോകത്ത് രണ്ടേ രണ്ട് മാർഗമാണുള്ളത്. ഒന്ന്, അല്ലാഹുവിങ്കൽനിന്ന് ലഭ്യമായ അറിവിന്റെ അടിസ്ഥാനത്തിലുള്ളതാണ്. അതിന് പറയുന്ന പേരാണ് ഇസ്ലാം. താല്പര്യങ്ങളെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയെടുത്തതാണ് രണ്ടാമത്തേത്. ഇസ്ലാമേതര പ്രത്യയശാസ്ത്രങ്ങളും ജീവിത വ്യവസ്ഥകളും അതിലാണ് പെടുക. അത്തരം മാർഗങ്ങളിൽ ചരിക്കുന്നവർക്ക് താൽപര്യമാണ് അവരുടെ ദൈവം. അവർ സന്മാർഗം പ്രാപിച്ചിട്ടില്ലാത്തവരാണ്. സ്വന്തം ഇംഗിതത്തിനൊത്ത് രൂപപ്പെടുത്തിയതായാലും മറ്റാരോ അവരുടെ താൽപര്യത്തിനൊത്ത് രൂപപ്പെടുത്തിയതായാലും ഇസ്ലാമികേതര ആശയങ്ങളെ പിന്തുടരുന്നവർ താല്പര്യത്തെ പിൻതുടരുന്നവരാണ്. അതുകൊണ്ടത്രെ ഖുർആൻ ഇപ്രകാരം പറഞ്ഞത്: "താല്പര്യത്തെ ദൈവമാക്കിയവനെ കണ്ടില്ലേ, അവന്റെ കാര്യം ഏറ്റെടുക്കാൻ നിനക്കാവുമോ?'' (25:43). ''താൽപര്യത്തെ ദൈവമാക്കിയവനെ കണ്ടില്ലേ, ജ്ഞാനം ലഭ്യമായിരിക്കേയാണ് അല്ലാഹു അവനെ ദുർമാർഗത്തിൽ ഉപേക്ഷിച്ചിട്ടുകളഞ്ഞത്. അവന്റെ കാതിനും ഖൽബിനും അവൻ മുദ്രവെക്കുകയും ചെയ്തിരിക്കുന്നു. അവന്റെ കണ്ണിന് അവൻ അടപ്പുമിട്ടിരിക്കുന്നു. അല്ലാഹുവിനുശേഷം അവന് മാർഗം കാണിക്കാൻ ആർക്കാണാവുക! നിങ്ങൾ പാഠം ഉൾക്കൊള്ളുന്നില്ലേ?''(45:23). ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇമാം ഇബ്നു കസീർ എഴുതുന്നു: "വല്ലതും നന്നായി തോന്നിയാൽ, അതാണ് ഉത്തമമെന്ന് തോന്നിയാൽ അതായിരിക്കും അവന്റെ മതവും മാർഗവും." ഇമാം ഖുർത്വുബി എഴുതിയത് ഇങ്ങനെയാണ്: "സ്വന്തം ഇഛയെ അനുസരിച്ചു." പ്രസിദ്ധ താബിഈ പണ്ഡിതൻ ഹസനുൽ ബസ്വരിയിൽനിന്ന് ഉദ്ധരിച്ചുവന്നത് ഇങ്ങനെയാണ്: "എന്ത് ആഗ്രഹിക്കുന്നുവോ അതിനെ പിൻപറ്റുക." തഫ്സീറുൽ മൗസൂർ പറയുന്നത് ഇങ്ങനെയാണ്: "നിഷേധി അല്ലാഹുവിന്റെ മാർഗദർശനമോ പ്രമാണമോ ഇല്ലാതെയാവും തന്റെ മാർഗം തെരഞ്ഞെടുക്കുന്നത്."

ചുരുക്കം ഇതാണ്: അല്ലാഹുവിൽനിന്ന് ലഭ്യമായ മാർഗദർശനത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ലാത്ത ആശയങ്ങളും മാർഗങ്ങളും രീതികളും കൈക്കൊള്ളുന്നവർ, അവർ യഥാർഥത്തിൽ താൽപര്യങ്ങളെ പൂജിക്കുന്നവരും അതിനാൽ തന്നെ അല്ലാഹുവിൽ പങ്കുചേർക്കുന്നവരും ഇസ്ലാമിക വൃത്തത്തിൽനിന്ന് ബഹുദൂരം അകന്നുപോയവരുമാണ്. l