അഭിമുഖം

മതനിരപേക്ഷ ഇന്ത്യയെ മുൾമുനയിൽ നിർത്തിയ തെരഞ്ഞെടുപ്പിന് ശേഷം, പതിനെട്ടാം ലോക്സഭയിലെ എം.പിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ താങ്കളുടെ വിചാര, വികാരങ്ങൾ എന്തായിരുന്നു?

പതിനെട്ടാം ലോക്സഭയിൽ എം.പിയായി സത്യപ്രതിജ്ഞ ചെയ്യാൻ യാത്ര പുറപ്പെടുമ്പോൾ ആശ്വാസവും ആത്മവിശ്വാസവുമായിരുന്നു മനസ്സ് നിറയെ. പാർലമെന്റിൽ എത്തിയപ്പോൾ പ്രതിപക്ഷ എം.പിമാരുടെ മുഖത്ത് പുതിയൊരു പ്രസരിപ്പ് കാണാൻ സാധിച്ചു. സമാശ്വാസത്തിന്റെതായ അന്തരീക്ഷമാണ്, ഈ തെരഞ്ഞെടുപ്പ് ഫലം പാർലമെന്റിനകത്തും, രാജ്യം മുഴുക്കെയും സൃഷ്ടിച്ചത്.

മതേതര വിരുദ്ധവും, ന്യൂനപക്ഷ ദ്രോഹത്തിൽ ഊന്നിയതുമായ അജണ്ട പരസ്യപ്പെടുത്തിയ ആർ.എസ്.എസ് - ബി.ജെ.പി ഭരണം പലതരം ഭീതികൾ സൃഷ്ടിച്ച രണ്ട് പാർലമെന്റ് കാലം കടന്നാണ് നാം ലോക്സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. മോദി ഭരണം അവസാനിച്ച്, പുതിയ ഗവൺമെന്റ് വരണം എന്നതായിരുന്നു നമ്മുടെ ആഗ്രഹം. അത് സംഭവിച്ചില്ല. പക്ഷേ, ബി.ജെ.പിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷമോ കേവല ഭൂരിപക്ഷം പോലുമോ ലഭിച്ചില്ല. ശക്തമായ പ്രതിപക്ഷവുമുണ്ടായി. ബി.ജെ.പിയുടെ പല പ്രമുഖരും പരാജയപ്പെട്ടു. അവരുടെ ശൗര്യവും നഷ്ടപ്പെട്ടു തുടങ്ങി. ഇങ്ങനെ പല ഘടകങ്ങളും രാജ്യത്തിന് പ്രതീക്ഷയും തുടർ പ്രവർത്തനങ്ങൾക്ക് പ്രചോദനവും നൽകുന്നതാണ്.

400 എം.പിമാരെ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയ ബി.ജെ.പിക്കും എൻ.ഡി.എക്കും തിരിച്ചടികൾ നേരിട്ടു എന്നത് ശരിയാണ്. പക്ഷേ, മറ്റു കക്ഷികളുടെ പിന്തുണയോടെയാണെങ്കിലും അധികാരത്തിൽ വന്ന ബി.ജെ.പി ഗവൺമെന്റിന്റെ അജണ്ടകൾ പഴയത് തന്നെയായിരിക്കുമോ? എന്താണ് താങ്കൾ പ്രതീക്ഷിക്കുന്നത്? ഹിന്ദു രാഷ്ട്രം എന്ന ലക്ഷ്യം നേടിയെടുക്കാൻ അവർ എന്തൊക്കെ തന്ത്രങ്ങൾ പയറ്റിയേക്കാം?

ബി.ജെ.പി അടങ്ങിയിരിക്കാൻ സാധ്യതയില്ല എന്നത് ശരിയാണ്. പക്ഷേ, പഴയതുപോലെ അപകടകരമായ രീതിയിൽ പ്രവർത്തിക്കാൻ ത്രാണിയില്ലാത്ത ഗവൺമെന്റാണ് ഇപ്പോൾ കേന്ദ്രത്തിൽ അധികാരത്തിലുള്ളത്. ബി.ജെ.പി ദുർബലമായിട്ടുണ്ട്. അതുകൊണ്ട്, സംഘ് പരിവാർ ഉദ്ദേശിച്ച തരത്തിലുള്ള ദ്രോഹങ്ങൾ ചെയ്യാൻ കഴിയില്ല. കൈയും കാലും കെട്ടിയിട്ട അവസ്ഥയിലാണ് എൻ.ഡി.എയിൽ ബി.ജെ.പി നിൽക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
എൻ.ഡി.എയുടെ പൊളിറ്റിക്കൽ കെമിസ്ട്രിയും വ്യത്യസ്തമാണ്. ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും അധികാരത്തിനു വേണ്ടി എൻ.ഡി.എയിൽ ചേർന്നെങ്കിലും ഇവരുടെ ആശയങ്ങൾ, ബി.ജെ.പിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രവുമായി ചേരുന്നതല്ല. ബിഹാറിനെയും ആന്ധ്രയെയും നമുക്കറിയാം. നേതാക്കൾ അധികാരത്തിനായി ആശയങ്ങളിൽ വിട്ടുവീഴ്ചകൾ ചെയ്താലും അനുയായികൾ അത് ചെയ്യില്ല. കാരണം, സാമൂഹിക നീതിയുടെ പക്ഷത്ത് നിൽക്കുന്നവരാണ് ഇവരുടെ അണികൾ. സംവരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബി.ജെ.പിയുടേതിൽ നിന്ന് ഭിന്നമാണ് ഇവരുടെ നിലപാട്. ഇതിൽ വിട്ടുവീഴ്ച ചെയ്താൽ അണികൾ കൂടെ നിൽക്കില്ല. ഉദാഹരണമായി, ബി.ജെ.പി ജാതി സെൻസസിന് എതിരാണ്. എന്നാൽ, ജാതി സെൻസസ് പറഞ്ഞ് വോട്ട് വാങ്ങിയിരുന്നവരാണ് നിതീഷ് കുമാറിന്റെ പാർട്ടി. ബിഹാറാകട്ടെ വലിയ ജാതി രാഷ്ട്രീയമുള്ള സംസ്ഥാനവുമാണ്.
അധികാരത്തിനു വേണ്ടി ബി.ജെ.പിയോട് ചേർന്ന ശേഷം തിരിച്ചുപോയവരുടെ രാഷ്ട്രീയ പരാജയം ഇതിന്റെ തെളിവാണ്. ഒരു ഘട്ടത്തിൽ അധികാരം വാണിരുന്ന മായാവതി, യു.പി രാഷ്ട്രീയത്തിൽനിന്ന് തുടച്ചു മാറ്റപ്പെട്ട അവസ്ഥയിലല്ലേ! ജമ്മു- കശ്മീരിലെ പി.ഡി.പി മറ്റൊരു ഉദാഹരണമാണ്. ബി.ജെ.പിയോടൊപ്പം പോയവർ, എല്ലാ ദ്രോഹവും ചെയ്യാൻ മോദി ഗവൺമെന്റിന് വഴിയൊരുക്കിക്കൊടുത്തവർ എന്ന നിലക്ക് ജനം പിന്നീട് പി.ഡി.പിയെ വിശ്വസിക്കുകയുണ്ടായില്ല. ബി.ജെ.പിയോടൊപ്പം ചേർന്നവരെ ജനങ്ങൾ പിന്നീട് സംശയത്തോടെയാണ് കാണുക. മെഹ്ബൂബ മുഫ്തിക്ക് ഏറ്റ തിരിച്ചടി ഇതിന്റെ അനുഭവപാഠമാണ്.

ഇ.ടി മുഹമ്മദ് ബഷീർ

പ്രതിപക്ഷം ശക്തവും ജനം ഫാഷിസത്തെ അനുകൂലിക്കാത്തവരുമാണെങ്കിലും ഇന്ത്യയിലെ എക്സിക്യൂട്ടീവും ജുഡീഷ്യറിയും മീഡിയയും വലിയ തോതിൽ കാവിവൽക്കരിക്കപ്പെട്ടതാണ്. 100 വർഷത്തെ പരിശ്രമത്തിലൂടെ രാജ്യത്തിന്റെ വിവിധ മേഖലകളെ കൈപ്പിടിയിൽ ഒതുക്കിയ സംഘ് പരിവാറിന് ആഴമുള്ള സ്വാധീനമുണ്ട് രാജ്യത്ത്. അതിന്റെ അപകടങ്ങളെ നമുക്ക് എങ്ങനെ മറികടക്കാൻ കഴിയും?
ചോദ്യം വളരെ പ്രസക്തമാണ്. സംഘ് പരിവാർ ഉയർത്തുന്നത് വലിയ വെല്ലുവിളി തന്നെയാണ്. നൂറ് വർഷമായി മൂർച്ച കൂട്ടിക്കൊണ്ടിരിക്കുന്ന അജണ്ടകളൊന്നും അവർ ഉപേക്ഷിക്കുകയില്ല. ഹിന്ദു രാജ്യത്തെക്കുറിച്ച പല പദ്ധതികളും അവരുടെ മനസ്സിലുണ്ട്, പലതും അവർ നടപ്പാക്കിയിട്ടുമുണ്ട്. മതേതരത്വത്തിനും മതന്യൂനപക്ഷങ്ങൾക്കും ഇതൊരു വലിയ ചലഞ്ചാണ്. ഉദാഹരണമായി, വിദ്യാഭ്യാസ മേഖലയെ അടിമുടി കാവിവൽക്കരിച്ചിട്ടുണ്ട് സംഘ് പരിവാർ. ചരിത്രം മാറ്റിയെഴുതി, പാഠപുസ്തകങ്ങൾ തങ്ങൾക്കനുകൂലമായി തിരുത്തി, സ്മാരകങ്ങളും പേരുകളും മാറ്റി, വൈസ് ചാൻസലർമാർ ഉൾപ്പെടെ ഉദ്യോഗസ്ഥരെ അടിമകളാക്കി… ഇങ്ങനെ നിരവധി കാര്യങ്ങൾ അവർ ചെയ്തുവെച്ചിട്ടുണ്ട്. ഇത് ഇന്ത്യയുടെ രാഷ്ട്രീയ ശരീരത്തിൽ അർബുദം പോലെ കിടക്കുന്നുണ്ട്. തലമുറകളിലേക്ക് വംശവെറിയുടെ മഹാരോഗം പടർത്തുന്നുണ്ട്. ഇത് നീക്കിക്കളയുകയെന്നത് വളരെ അത്യാവശ്യമാണ്. ഇത് നിലനിർത്തിക്കൊണ്ട് നമുക്ക് മുന്നോട്ടു പോവാനാകില്ല. വളരെ ദുഷ്കരമായ ദൗത്യമാണിത്.

മായാവതി

അധികാരത്തിലിരുന്നുകൊണ്ട് വാജ്പേയ് ഗവൺമെന്റ് പാഠപുസ്തകങ്ങളെ കാവിവൽക്കരിച്ചു. തുടർന്നു വന്ന കോൺഗ്രസ് ഗവൺമെന്റിൽ അർജുൻ സിങ്ങായിരുന്നു വിദ്യാഭ്യാസ മന്ത്രി. വിദ്യാഭ്യാസ രംഗം ശുദ്ധീകരിക്കാൻ വളരെ ശ്രമകരമായ ദൗത്യമാണ് അന്നദ്ദേഹം ഏറ്റെടുത്തത്. ഞാനും ആ ചർച്ചകളിൽ പങ്കാളിയായിരുന്നു. പക്ഷേ, അന്നത്തേതിൽ നിന്നെല്ലാം ഗുരുതരമാണ് ഇപ്പോഴത്തെ അവസ്ഥ. ആഴത്തിലുള്ള പരിക്കാണ് ഇന്ത്യൻ മതനിരപേക്ഷതക്ക് എല്ലാ മേഖലയിലും രണ്ട് ടേമുകളിലെ മോദി ഭരണം ഏൽപ്പിച്ചിട്ടുള്ളത്. എല്ലാറ്റിന്റെയും തലപ്പത്ത് ആർ.എസ്.എസുകാരെയാണ് കുടിയിരുത്തിയിരിക്കുന്നത്. ഇതെല്ലാം പരിഹരിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. ബഹളം വെക്കുന്ന പ്രവർത്തനങ്ങളെക്കാൾ, സൂക്ഷ്മവും ക്രിയാത്മകവുമായ കർമ പദ്ധതികളാണ് നാം ആസൂത്രണം ചെയ്ത് നടപ്പാക്കേണ്ടത്. കള്ളം നിറച്ചെഴുതിയ ചരിത്രത്തെ സത്യസന്ധമായി മാറ്റിയെഴുതണം. എൻ.സി.ആർ.ടി, യു.ജി.സി, ഐ.സി.എച്ച്.ആർ.ഒ ഉൾപ്പെടെ അനേകം വേദികളെ ശുദ്ധീകരിക്കേണ്ടതുണ്ട്. അവിടെ കുടിയിരുത്തപ്പെട്ടവരെ വെച്ചുകൊണ്ട് മുന്നോട്ടു പോകാനാവില്ല. എക്സിക്യൂട്ടീവ് മാറാതെ മതനിരപേക്ഷ ഇന്ത്യയെ വീണ്ടെടുക്കാനാവില്ല. ഉദ്യോഗസ്ഥരെ മുഴുവൻ മാറ്റുക എന്നതല്ല, മറിച്ച് മതേതര മൂല്യങ്ങൾക്കനുസൃതമായി സമൂലമായൊരു പരിഷ്കരണം നടക്കേണ്ടതുണ്ട്. ഇൻഡ്യ മുന്നണിയുടെ യോഗത്തിൽ പ്രധാനമായും ഉന്നയിക്കാൻ ഉദ്ദേശിക്കുന്ന വിഷയമാണിത്. ഒരുപാട് മാലിന്യങ്ങൾ ഇന്ത്യൻ സമൂഹ ശരീരത്തിൽനിന്ന് കഴുകിക്കളയേണ്ടതുണ്ട്, എങ്കിലേ നമുക്ക് പുതിയ അധ്യായങ്ങൾ എഴുതിച്ചേർക്കാൻ കഴിയൂ.

രാഹുൽ ഗാന്ധി ശിവന്റെ ചിത്രം ഉയർത്തിക്കാട്ടി പാർലമെ ന്റിൽ പ്രസംഗിക്കുന്നു

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ മുന്നണി നടത്തിയ കഠിന പരിശ്രമങ്ങളോടൊപ്പം, മുസ്ലിം സമൂഹത്തിന്റെ വോട്ട് വിനിയോഗവും ബി.ജെ.പിക്ക് തിരിച്ചടിയായിട്ടുണ്ട്. അതുകൊണ്ടുതന്നെ മുസ്ലിം ന്യൂനപക്ഷത്തോട് കടുത്ത പ്രതികാര നടപടികളിലേക്കാണ് ബി.ജെ.പി കടന്നിട്ടുള്ളത് എന്ന് തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ വർധിച്ച ബുൾഡോസിങ്ങിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും. ഇത്തരം പ്രതികാര നടപടികൾ ഇനിയും ശക്തിപ്പെടാൻ സാധ്യതയില്ലേ? അതിനെ പ്രായോഗികമായി ചെറുക്കാൻ എന്തൊക്കെയാണ് നമ്മുടെ മുന്നിലുള്ള വഴികൾ?

ഇപ്പോഴത്തെ ചില ലക്ഷണങ്ങളിൽ ഇത് ശരിയാണ്. മോബ് ലിഞ്ചിങ്ങൊക്കെ സംഭവിക്കുന്നുണ്ട്. പക്ഷേ, ഞാൻ മനസ്സിലാക്കുന്നത്, ബി.ജെ.പി പ്രതികാര നടപടികളിൽനിന്ന് പിന്തിരിയേണ്ടി വരുമെന്നാണ്. അധിക നാൾ അവർക്കിത് തുടരാനാവില്ല. അവരുടെ കൈയിലുള്ള അക്രമത്തിന്റെ എല്ലാ ആയുധങ്ങളും അവർ പുറത്തെടുത്തിട്ടുണ്ട്. മത ന്യൂനപക്ഷങ്ങൾക്കെതിരെ അവർ ഇനിയൊന്നും ചെയ്യാൻ ബാക്കിയില്ലല്ലോ. എന്നിട്ടല്ലേ അവർക്ക് ഈ വിധം തിരിച്ചടിയേറ്റത്? ഇത് ഞാൻ പാർലമെന്റിലെ പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. ഫൈസാബാദ് മണ്ഡലത്തിലെ പരാജയം തന്നെയാണ് മികച്ച ഉദാഹരണം. രാമക്ഷേത്രം പണിത മണ്ണിൽ ബി.ജെ.പിക്ക് രക്ഷ കിട്ടിയിട്ടില്ല. ഇനിയും വർഗീയ കാർഡ് കളിച്ചാൽ ബി.ജെ.പിക്ക് തിരിച്ചടികൾ കൂടും. യു.പിയിലും മറ്റും ചില പ്രശ്നങ്ങൾ ഇനിയും മുസ്ലിംകൾക്ക് നേരിടേണ്ടി വരാം. പക്ഷേ, അത് നിലനിൽക്കില്ല.

മെഹ്ബൂബ മുഫ്തി

ഇപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിക്കുണ്ടായ വിജയം നാം കാണണം; കാർമേഘങ്ങൾക്കിടയിലെ രജതരേഖകളായിത്തന്നെ. മനുസ്മൃതി കരിക്കുലത്തിന്റെ ഭാഗമാക്കണമെന്ന് ശാസന വന്നപ്പോൾ അത് പറ്റില്ലെന്ന് ഒരു വൈസ് ചാൻസലർ പറഞ്ഞില്ലേ? ബി.ജെ.പിയുടെ തിട്ടൂരങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള ധൈര്യം ഇപ്പോൾ പലർക്കും കൈവന്നു തുടങ്ങിയിരിക്കുന്നു എന്നാണതിനർഥം. മുമ്പ് ഭയമായിരുന്നു പലർക്കും. കുനിയാൻ പറഞ്ഞാൽ, കിടന്നിഴയുന്ന ഉദ്യോഗസ്ഥ വൃന്ദമാണ് ബി.ജെ.പി ഇവിടെ സൃഷ്ടിച്ചുവെച്ചത്. പ്രതിപക്ഷം ശക്തമായത് ഇങ്ങനെ പലർക്കും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ, വർത്തമാനം പറയാൻ ധൈര്യം കൊടുത്തിരിക്കുന്നു. അതാണ്, ഈ തെരഞ്ഞെടുപ്പിന്റെ ഗുണഫലം.

നേരിയ ആശ്വാസം പകരുന്ന തെരഞ്ഞെടുപ്പ് വിജയത്തോടെ, നാം സുഷുപ്തിയിലേക്ക് പോകാൻ വലിയ സാധ്യയുണ്ട്. ഫാഷിസ്റ്റ് ഭീഷണിയെ ഗൗരവത്തിൽ കാണാത്ത മാനസികാവസ്ഥ പതിയെ രൂപപ്പെടാം. ഇതിന് എന്താണ് പരിഹാരം? ജാതി ഫാഷിസത്തിന് എതിരായ പോരാട്ടത്തിൽ അടുത്ത അഞ്ച് വർഷത്തേക്കെങ്കിലും കൃത്യമായ അജണ്ടകൾ നാം രൂപപ്പെടുത്തിയിട്ടുണ്ടോ? അത്തരം നീക്കങ്ങൾ ദൽഹിയിൽ എത്രത്തോളം നടക്കുന്നുണ്ട്?

നരേന്ദ്ര മോദി, ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ

ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയിലെ മുസ്ലിം സമൂഹം ഇത്രയും നല്ല രാഷ്ട്രീയ ബോധത്തോടെ വോട്ട് വിനിയോഗിച്ചത്. ഇതിന് മികച്ച തുടർച്ചകൾ ഉണ്ടാകണം. ഈ തെരഞ്ഞെടുപ്പിൽ സംഭവിച്ച മുസ്ലിം കൺസോളിഡേഷൻ, ആരെങ്കിലും പ്രത്യേകമായി ആസൂത്രണം ചെയ്ത് പ്രവർത്തിച്ചതിന്റെ ഫലമല്ല. രാഷ്ട്രീയ അന്തരീക്ഷത്തിന്റെ അപകടാവസ്ഥയിൽ സ്വാഭാവികമായി സംഭവിച്ചതാണ്.
മുസ്ലിം മനസ്സിൽ രൂപപ്പെട്ട ആശങ്കകളും വേദനകളും, ഇനിയെന്താണ് സംഭവിക്കാൻ പോകുന്നത് എന്ന ആപഛങ്ക, ബി.ജെ.പി ഇനിയും അധികാരത്തിൽ വന്നാൽ തങ്ങൾക്ക് നിലനിൽപ്പില്ല എന്ന തിരിച്ചറിവ് തുടങ്ങിയവയെല്ലാം ഇതിൽ പ്രതിഫലിച്ചിട്ടുണ്ട്. മുസ്ലിം സമുദായത്തിന്റെ ഉള്ളിന്റെയുള്ളിൽനിന്ന് വന്ന ഒരു വിളിയാളമാണ് ഈ രാഷ്ട്രീയ ബോധവും ആക് ഷനും രൂപപ്പെടുത്തിയത്. പഠനപ്രക്രിയകളിൽനിന്ന് ആസൂത്രിതമായി രൂപപ്പെട്ടതല്ല, അനുഭവങ്ങളിൽനിന്നും അവസ്ഥകളിൽനിന്നും സ്വയമേവ രൂപാന്തരപ്പെട്ടതാണ് ഈ നിലപാട്. അതുകൊണ്ട്, സ്വയമേവ മറ്റവസ്ഥകളിലേക്കും ഇത് പോകാം. അഥവാ, ഈ ഏകീകരണം സ്ഥായിയായി നിൽക്കുന്നതല്ല, താൽക്കാലികമാണ്. കുറച്ചു കഴിയുമ്പോൾ ആളുകൾ മറ്റു ചിന്തകളിലേക്ക് മാറാം. എന്നാൽ, ഇപ്പോൾ ഉണ്ടായിട്ടുള്ള ഈ ജാഗ്രതയും ഏകീകരണവും സ്ഥായിയായി നിലനിർത്താൻ നല്ല പദ്ധതികൾ ഉണ്ടാകണം. പ്രായോഗിക രംഗത്ത് രൂപപ്പെട്ട ഈ ബോധത്തെയും മുന്നേറ്റത്തെയും ആദർശാടിത്തറകളിൽ ശക്തിപ്പെടുത്തുകയാണ് നാം ചെയ്യേണ്ടത്. അതിനാവശ്യമായ ചർച്ചകൾ നടക്കേണ്ടതുണ്ട്. സമാന ചിന്താഗതിക്കാരുമായി ആശയവിനിമയം നടന്നുകൊണ്ടിരിക്കണം. മുസ്ലിം ലീഗ് ഈ രംഗത്ത് ക്രിയാത്മകമായി ഇടപെടും. പലരും ലീഗിനെയും വിളിക്കാറുണ്ട്. അത്തരം യോജിച്ച വേദികൾ ഇനി രൂപപ്പെടും.

മുസ്്ലിം ലീഗ് എം.പിമാർ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കൊപ്പം

ഇന്ത്യൻ സാഹചര്യത്തിൽ, ദലിത്-മുസ്ലിം രാഷ്ട്രീയത്തിന് വലിയ ഭാവിയുണ്ട്. പിന്നാക്ക, ന്യൂനപക്ഷ രാഷ്ട്രീയം ശക്തിപ്പെടുത്തിയാൽ സംഘ് പരിവാറിന് അനങ്ങാൻ കഴിയില്ല. പക്ഷേ, യോജിച്ച രാഷ്ട്രീയ മുന്നേറ്റത്തിന് നാം തയാറാകണം. എന്നാൽ, ഇത് പെട്ടെന്ന് സാധ്യമല്ല, അതിന് ചില മറുവശങ്ങളുമുണ്ട്. അതുകൊണ്ട്, എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അജണ്ടയിൽ ഇത് കൊണ്ടുവരണം. ഈ തെരഞ്ഞെടുപ്പിൽ, എസ്.സി, എസ്.ടി വിഭാഗങ്ങളെയൊക്കെ ബി.ജെ.പി ഉപയോഗിച്ചിട്ടുണ്ട്. യഥാർഥത്തിൽ ആർ.എസ്.എസ് മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്ത്രത്തിൽ ഇന്ത്യയിലെ പിന്നാക്ക വിഭാഗങ്ങൾക്കും കീഴ്ജാതിക്കാർക്കും യാതൊരു സ്ഥാനവുമില്ല. ഇന്ത്യയിലെ ദലിത്, അവർണ, കീഴ്ജാതി, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളുടെയെല്ലാം ശത്രുവാണ് ബി.ജെ.പി. ഇത് ശരിയായി തിരിച്ചറിയുകയും അതിനനുസരിച്ച പ്രായോഗിക രാഷ്ട്രീയ നീക്കങ്ങൾ തുടരുകയും ചെയ്യണം.

ഇന്ത്യയിലെ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളെ ടെയ്ക്കൻ ഫോർ ഗ്രാന്റഡ് എന്ന സ്വഭാവത്തിൽ എടുത്തിട്ട് കാര്യമില്ലെന്ന് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യയിൽ, പ്രാന്തവൽക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയത്തിന് വലിയ പ്രസക്തിയുണ്ട്. വി.പി സിങ്ങ് അധികാരത്തിൽ വന്നത് ഇതിന്റെ തെളിവായിരുന്നു. രാഹുൽ ഗാന്ധി അത് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനനുസൃതമായി ശക്തമായ നിലപാടുകൾ, ജാതി സെൻസസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൈക്കൊള്ളേണ്ടതുമുണ്ട്.

മുസ്ലിം പേഴ്സണൽ ലോ ബോർഡ് ഉൾപ്പെടെ നിരവധി വേദികളുണ്ട്. എത്രമാത്രം ജാഗ്രതയും വേഗതയും കൃത്യതയും ഈ സംഘടനകളിൽ താങ്കൾക്ക് കാണാനായിട്ടുണ്ട്? ഇവയെ എങ്ങനെ ശക്തിപ്പെടുത്താം?

നിരവധി മുസ്ലിം സംഘടനകളുണ്ട്. ഇവയെയെല്ലാം ഏകോപിപ്പിക്കാൻ സാധിക്കണം. ഈ പാർലമെന്റ് സമ്മേളനം കഴിഞ്ഞാൽ, അതിനെക്കുറിച്ച് ആലോചിക്കണം. ഇതിനാവശ്യമായ ചർച്ചകളും നടക്കേണ്ടതുണ്ട്.

ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ മുസ്ലിം സമൂഹത്തിന്റെ ദൗർബല്യങ്ങൾ എന്തൊക്കെയാണ്? മുസ്ലിം സംഘടനകൾ ഈ രംഗത്ത് ഇനിയും സ്വീകരിക്കേണ്ട സമീപനങ്ങൾ എന്തൊക്കെയാണ്?

അനൈക്യമാണ് മുസ്ലിം സമൂഹത്തിന് ഈ രംഗത്തുള്ള ഏറ്റവും വലിയ ദൗർബല്യം. കേരളത്തിന്റെ കാര്യമെടുക്കാം. ഇവിടെ മുസ്ലിംകൾ പ്രബുദ്ധരാണ്. പക്ഷേ, കേരളത്തിൽ ഈ നിർണായക തെരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടുകളെ ദുരുപയോഗപ്പെടുത്താൻ പലരും ശ്രമിച്ചിട്ടുണ്ട്. ഇടതുപക്ഷ ഗവൺമെന്റ് ഭരിക്കുമ്പോഴും ന്യൂനപക്ഷങ്ങൾക്ക് ഇവിടെ പലതും അനുഭവിക്കേണ്ടി വന്നു. ഇടതുപക്ഷ ഗവൺമെന്റിന്റെ കാലത്ത് വന്ന ന്യൂനപക്ഷ വിരുദ്ധ നടപടികൾ ചർച്ചക്ക് എടുത്തതേയില്ല. മുസ്ലിംകൾക്ക് ലഭിച്ചിരുന്ന പല ആനുകൂല്യങ്ങളും പല പേരും പറഞ്ഞ് വീതിച്ചുകൊടുത്തു. ഇതിനൊക്കെ ചട്ടുകമായി നിൽക്കുകയാണ് ചിലർ ചെയ്തത്. ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടുമ്പോഴും, മാർക്സിസ്റ്റ് പാർട്ടിക്ക് പാദസേവ ചെയ്യുന്ന സമീപന രീതികൾ ചിലരിൽനിന്ന് ഉണ്ടായിട്ടുണ്ട്. ഇതൊക്കെ തിരിച്ചറിയേണ്ടതായിട്ടുണ്ട്.

വടക്കേ ഇന്ത്യയിലെ മുസ്ലിം നേതാക്കൾ ഒന്നും മനസ്സിലാക്കാത്തവരാണെന്ന് നാം ചിലപ്പോൾ പറയാറുണ്ട്. എന്നാൽ, ഫാഷിസ്റ്റ് ഭീഷണിയെക്കുറിച്ച തിരിച്ചറിവിൽ അവർ ഏറെ മുന്നിലാണ്. ഇത് കേരള മുസ്ലിംകൾക്ക് ഒരു പാഠമാണ്. അവർ, വലിയ ഡിഗ്രികൾ കൈയിലുള്ളവരാകണമെന്നില്ല. പക്ഷേ, വംശവെറിയുടെ വേദന അവർ അനുഭവിച്ചു. ഇത് അവർക്ക് വലിയ തിരിച്ചറിവ് നൽകി. ബി.ജെ.പിയെ തോൽപ്പിക്കാൻ നാം ഒരുമിച്ചുനിൽക്കണം, അതിന് ഉപയുക്തമാം വിധം വോട്ട് വിനിയോഗിക്കണം എന്ന ബോധം അവർക്കുണ്ടായി. അതിലവർ വിജയിക്കുകയും ചെയ്തു.

പാർലമെന്ററി ജനാധിപത്യത്തിലെ ഏറ്റവും ശക്തമായ ആയുധം വോട്ടാണ്. അത് ബുദ്ധിപൂർവം വിനിയോഗിക്കാൻ കഴിഞ്ഞില്ല എന്നതാണ് ഇന്ത്യൻ മുസ്ലിംകൾ ഇതുവരെ അനുഭവിച്ച പരാജയങ്ങളുടെയും പ്രയാസങ്ങളുടെയും കാരണം. ഈ തിരിച്ചറിവ് മുസ്ലിം നേത്യത്വങ്ങൾക്ക് ഉണ്ടാകണം.

ഇന്ത്യയിൽ ഇസ്ലാമിന്റെ യഥാർഥ പ്രതിനിധാനം നിർവഹിക്കാൻ മുസ്ലിം സമൂഹത്തിന് എത്രത്തോളം സാധ്യമായിട്ടുണ്ട്?

ഇസ്ലാമിന്റെ പ്രതിനിധാനം നിർവഹിക്കാൻ മുസ്ലിം ഉമ്മത്തിനെ ഗ്രാസ്റൂട്ട് ലവലിൽ തന്നെ സജ്ജമാക്കികൊണ്ടുവരേണ്ടതുണ്ട്. വൈകാരികമായ പ്രതികരണ രീതികളിലൂടെ രാജ്യ നിവാസികൾക്ക് മുന്നിൽ ഇസ്ലാമിനെ അവതരിപ്പിക്കാൻ കഴിയില്ല എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. നല്ല ആദർശ ബോധ്യമുണ്ടായാൽ മാത്രമേ സുചിന്തിതമായ നിലപാടുകൾ കൈക്കൊള്ളാൻ മുസ്ലിം ഉമ്മത്തിന് സാധിക്കുകയുള്ളൂ.

കേരള മുസ്ലിംകളിൽ ഉള്ളതിനെക്കാൾ എത്രയോ വലിയ പണ്ഡിതൻമാർ ഉത്തരേന്ത്യയിൽ ഉണ്ട്. ആത്മീയമായ കരുത്തിൽ അവർ മുന്നിലാണ്. അത് അടിസ്ഥാന വിഷയമാണല്ലോ. അതേസമയം, കാലികമായ പ്രശ്നങ്ങളെ സംബന്ധിച്ച് നല്ല ബോധമുണ്ടാവുകയും അതിനനുസരിച്ച ആക് ഷൻ പ്ലാൻ തയാറാക്കി നടപ്പാക്കുകയും കൂടി വേണം. സമാന ചിന്താഗതിക്കാർക്കിടയിൽ സംഭാഷണങ്ങൾ നടത്തി വേണം ഇതുണ്ടാക്കാൻ. അതുവഴി, ഇന്ത്യൻ ജനതയെ ഇസ്ലാമിന്റെ ഭൂമികയിൽ നിന്നുകൊണ്ട് ശരിയായി അഭിമുഖീകരിക്കാൻ മുസ്ലിംകൾക്ക് സാധിക്കും.

ഇ.ടി മുഹമ്മദ് ബഷീർ എം.പി, സദ്റുദ്ദീൻ വാഴക്കാട്

മുസ്ലിം ഉമ്മത്ത് എന്ന അടിസ്ഥാന ആശയത്തെ നാം തത്ത്വത്തിൽ അംഗീകരിക്കുകയും പ്രയോഗത്തിൽ സാക്ഷാത്കരിക്കുകയും ചെയ്യണം. വിശാലവും യഥാർഥവുമായ മുസ്ലിം ഉമ്മത്ത് എന്ന ആശയം നഷ്ടപ്പെട്ടു പോയിരിക്കുന്നു. സമുദായത്തിലെ ഓരോ വിഭാഗവും അവനവന്റെ സംഘടനാ, കക്ഷി ലോകത്തേക്ക് ചുരുങ്ങിപ്പോയിരിക്കുന്നു. ഈ നിലപാട് തിരുത്തി, എല്ലാവരെയും ഉൾക്കൊള്ളാനുള്ള ആദർശ വിശാലത നാം കൈക്കൊള്ളേണ്ടതുണ്ട്. മുഹമ്മദ് നബി (സ) കാണിച്ചുതന്ന സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും സമീപന രീതി നാം മുറുകെ പിടിക്കണം. അകത്തും പുറത്തും ആരെയും വെറുപ്പിക്കാതെ സ്വയം ശാക്തീകരിക്കണം; രാഷ്ട്രീയമായും സാമൂഹികമായും. l