കോഡൂർ പ്രദേശത്ത് ഇസ്്ലാമിക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ച ആദ്യകാല ഇസ്ലാമിക പ്രവത്തകരിലെ അവസാന കണ്ണിയായിരുന്ന വടക്കേമണ്ണ അബൂബക്കർ മൗലവി (80). മുപ്പത് വർഷത്തോളം സ്കൂളിൽ അറബി അധ്യാപകനായിരുന്നു. പുരാതന സുന്നീ കുടുംബത്തിൽ ജനിച്ച മൗലവി സഹോദരീ ഭർത്താവ് മർഹൂം ഒതുക്കുങ്ങൽ അബ്ദുല്ല മൗലവിയിലൂടെയാണ് ഇസ്്ലാമിക പ്രസ്ഥാനവുമായി അടുക്കുന്നത്. പരേതരായ സി.എച്ച് ഹംസ മാസ്റ്ററും വി.ടി മുഹമ്മദ് മാഷും കുഞ്ഞാലി മാഷും കെ.ടി ഫദൽ സാഹിബും ഒപ്പം ചേർന്നു. അവരുടെ നിരന്തര പരിശ്രമങ്ങളുടെ ഫലമായി കോഡൂരിൽ ഇസ്്ലാമിക പ്രസ്ഥാനത്തിന് കെട്ടുറപ്പുള്ള ഘടകം നിലവിൽ വന്നു. ഇന്നത് ഒമ്പത് പുരുഷ ഘടകങ്ങളും ഏഴ് വനിതാ ഘടകങ്ങളും ധാരാളം ഖുർആൻ സ്റ്റഡി സെന്ററുകളും മറ്റുമായി വളർന്നു.
കോഡൂർ ഹൽഖക്ക് കീഴിൽ 1968-ൽ നിലവിൽ വന്ന കോഡൂർ മുസ്്ലിം സാംസ്കാരിക സമിതി (KMSS) യുടെ രൂപവത്കരണത്തിലും വളർച്ചയിലും മൗലവിയുടെ പങ്ക് വലുതാണ്. സംഘടിത സകാത്ത്, പലിശരഹിത സംവിധാനങ്ങൾ തുടങ്ങി പ്രദേശത്തെ എല്ലാ സാമൂഹിക സംരംഭങ്ങൾക്കും മൗലവി മുന്നിൽ നിന്നു.
ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ സമിതി അംഗം, മങ്കട-കൊണ്ടോട്ടി-മലപ്പുറം ഏരിയകളുടെ ഓർഗനൈസർ, ചെമ്മങ്കടവ് പ്രാദേശിക ഹൽഖാ അമീർ എന്നീ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലൊക്കെ ധാരാളം പുതിയ ഹൽഖകൾ രൂപവത്കരിക്കുന്നതിന് മുൻകൈയെടുത്തു. മികച്ച സംഘാടകനായിരുന്നു മൗലവി. ഏത് കാര്യവും വൃത്തിയിലും ഭംഗിയിലും ആവണമെന്ന് മൗലവിക്ക് നിർബന്ധമായിരുന്നു. ഏരിയാ സമിതി അറിയിപ്പ് മുതൽ റിപ്പോർട്ട് തയാറാക്കി ഹൽഖാ കേന്ദ്രത്തിലേക്ക് അയക്കുന്നതിൽ വരെ അദ്ദേഹം വളരെയേറെ ശ്രദ്ധയും സൂക്ഷ്മതയും പുലർത്തി. പൊതു ക്ലാസ്സുകളും മറ്റു പരിപാടികളും സംഘടിപ്പിക്കുമ്പോൾ അതിനു വേണ്ട കൃത്യമായ ആസൂത്രണങ്ങൾ നടത്തി.
കൃത്യതയും വ്യക്തതയും ഉള്ളതായിരുന്നു അദ്ദേഹത്തിന്റെ സംസാരം. കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ സാധിക്കാത്ത സംസാര ശൈലി കേൾക്കാൻ തന്നെ രസകരമായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രസ്ഥാന പ്രവർത്തനങ്ങൾ താൻ നേതൃത്വം നൽകിയ പ്രദേശത്തെ മുഴുവൻ പ്രവർത്തകർക്കും നേതാക്കൾക്കും മനോഹരമായ ഓർമകളും വിലപ്പെട്ട അനുഭവങ്ങളുമാണ് സമ്മാനിച്ചത്.
പ്രസ്ഥാനം അദ്ദേഹത്തിന് ഒരു വികാരമായിരുന്നു. പ്രസ്ഥാനത്തിന്റെ എല്ലാ ഊന്നലുകളും കൃത്യമായി മനസ്സിലാക്കി താൻ നേതൃത്വം നൽകുന്ന പ്രദേശങ്ങളിൽ അതിനനുസരിച്ച പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.
പ്രസ്ഥാന പ്രവർത്തനത്തിൽ മതിവരാത്ത പ്രകൃതമായിരുന്നു മൗലവിയുടേത്. അല്ലാഹുവിന്റെ മാർഗത്തിൽ പ്രവർത്തിച്ചു തീരാൻ ഇനിയും ഒരുപാടുണ്ട് എന്ന കാരണത്താൽ ആയുസ്സ് നീട്ടിക്കിട്ടിയാൽ ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് തന്റെ തലയിണക്ക് അടിയിൽ വിട്ടേച്ചുകൊണ്ടാണ് കർമനിരതമായ ജീവിതത്തിൽനിന്ന് അദ്ദേഹം വിടവാങ്ങിയത്.
ആളുകളോട് ഏറെ നേരം സംവദിക്കാൻ ഇഷ്ടപ്പെട്ടിരുന്ന മൗലവിയുടെ വാക്കുകളിൽ ഇസ്്ലാമിക മൂല്യങ്ങളും പ്രസ്ഥാന വിഷയങ്ങളും നാടിന്റെ ചരിത്രവും, വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും നിറഞ്ഞുനിന്നു. ഓരോരുത്തരുടെയും കഴിവുകൾ കണ്ടെത്തി അവരെ വളർത്തിയെടുക്കുന്നതിൽ പ്രത്യേകം ശ്രദ്ധ ചെലുത്തി. ഒരാളെ പരിചയപ്പെട്ടാൽ നാടും വീടും കുടുംബവും കൂട്ടക്കാരെയും ചോദിച്ചറിഞ്ഞ്, പിന്നീട് കാണുമ്പോൾ അതോർത്തെടുത്ത് പരിചയം പുതുക്കുമായിരുന്നു. മലർവാടി ബാലസംഘം, ടീൻ ഇന്ത്യ മത്സര പരിപാടികൾ സംഘടിപ്പിക്കുമ്പോൾ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സമ്മാനം നൽകാൻ സംഘാടകരെ നിർബന്ധിക്കുമായിരുന്നു.
ഈ ലോകത്തോട് വിടപറയുന്നതിന്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് അവസാനമായി മക്കളെ മുഴുവൻ ചുറ്റും ഇരുത്തി, ഖുർആൻ വിഭാവനം ചെയ്യുന്ന സ്വർഗം സ്വപ്നം കാണാനും ആ സ്വർഗത്തിൽ നമ്മൾ എല്ലാവരും ഉണ്ടാവാനുമായിരിക്കണം നമ്മുടെ പ്രവർത്തനം എന്നാണ് മൗലവി അവരെ ഉപദേശിച്ചത്. രണ്ട് പേർ അംഗത്വ അപേക്ഷകരടക്കം ഭാര്യയും മക്കളും മരുമക്കളും എല്ലാവരും സജീവ ഇസ്ലാമിക പ്രവർത്തകരാണ്.
ഇ. യാസിർ
കെ.ബി അബ്ദുല്ലത്തീഫ്
എറണാകുളം ജില്ലയിലെ വെളിയത്തുനാട് പ്രദേശത്ത് ഇസ്്ലാമിക പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായിരുന്നു കഴിഞ്ഞ ആഗസ്റ്റ് നാലിന് നാഥന്റെ വിളിക്കുത്തരം നൽകിയ കെ.ബി അബ്ദുല്ലത്തീഫ് സാഹിബ്. വളരെ ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെടുകയും മാതാവും സഹോദരിമാരും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഭാരമേറ്റെടുക്കാൻ ബാധ്യസ്ഥനാവുകയും ചെയ്ത അദ്ദേഹം കുടുംബത്തെ പോറ്റാൻ നല്ല കായികാധ്വാനമുള്ള നിരവധി ജോലികൾ ചെയ്തു. രണ്ട് സഹോദരിമാരെ വിവാഹം ചെയ്തയച്ചതിനു ശേഷം വളരെ വൈകിയാണ് അദ്ദേഹം വൈവാഹിക ജീവിതത്തിലേക്ക് കടന്നത്. ചെറുപ്പകാലത്ത് കോൺഗ്രസ് പ്രസ്ഥാനത്തോടൊപ്പം സഞ്ചരിച്ച അദ്ദേഹം, എസ്.എസ് അക്ബർ സാഹിബ് അടുവാത്തുരുത്ത് ജുമുഅഃ മസ്ജിദിൽ ഇമാമായി വന്ന കാലത്താണ് ജമാഅത്തെ ഇസ്്ലാമിയെ അടുത്തറിയുന്നത്. പിന്നീട് പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന അദ്ദേഹം രോഗശയ്യയിലാവുന്നത് വരെ പ്രസ്ഥാനത്തിൽ സജീവ സാന്നിധ്യമായിരുന്നു. സൗഹൃദ ചർച്ചകളിലൂടെ ഇസ്്ലാമിക പ്രസ്ഥാനത്തിന്റെ ആശയങ്ങളെയും ആദർശത്തെയും താനുമായി സംവദിക്കുന്നവരിലേക്കെത്തിക്കാൻ നിരന്തരം ശ്രമിച്ചിരുന്നു. രവി എന്ന സുഹൃത്തിനൊപ്പം കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്നു. ലത്തീഫ് സാഹിബിന്റെ അനുസ്മരണ സദസ്സിൽ വിങ്ങിപ്പൊട്ടിക്കൊണ്ടാണ് അദ്ദേഹം തന്റെ സുഹൃത്തിനെ സംബന്ധിച്ച അനുസ്മരണ സംസാരം പൂർത്തിയാക്കിയത്. വെളിയത്തുനാട് പ്രദേശത്ത് ഇസ്്ലാമിക പ്രസ്ഥാനത്തിന്റെ ആദ്യ ഘടകം രൂപവത്കരിക്കപ്പെട്ടപ്പോൾ നാസിമായിരുന്ന എൻ.എ കുഞ്ഞുമുഹമ്മദിന്റെയും തുടർന്ന് നാസിമായ എം.കെ അബ്ദുർറഹ്്്മാന്റെയും വളരെ അടുത്ത സുഹൃത്തും സഹായിയുമായിരുന്നു അദ്ദേഹം. പ്രദേശത്ത് നിലവിൽ വന്ന ഖുർആൻ സ്റ്റഡി സെന്ററിന്റെ കോർഡിനേറ്ററായിരുന്നു. ദാറുസ്സലാം ട്രസ്റ്റിന്റെ തുടക്കം മുതൽ തന്റെ ജീവിതാന്ത്യം വരെ അതിന്റെ ട്രഷററായി പ്രവർത്തിച്ചു. മലർവാടി ബാലസംഘം, ടീൻ ഇന്ത്യ, എസ്.ഐ.ഒ, ജി.ഐ.ഒ എന്നിവയുടെ സംഘാടനം അദ്ദേഹത്തിന് ലഹരിയായിരുന്നു. കുട്ടികളെ വിവിധ പരിപാടികൾക്ക് എത്തിക്കുന്ന ചുമതല സ്വയം ഏറ്റെടുക്കുകയും തന്റെ വാഹനത്തിൽ വളരെ ഉത്തരവാദിത്വത്തോടെ കൃത്യമായി അവരെ യോഗ സ്ഥലങ്ങളിലും, തിരികെ അവരവരുടെ വീടുകളിലും എത്തിക്കുകയും ചെയ്തിരുന്നത് വർഷങ്ങളോളം അദ്ദേഹം തന്നെയായിരുന്നു. സഹധർമിണിയും, പ്ലസ് ടു വിദ്യാർഥിയായ മകനും, 8, 11 ക്ലാസ്സുകളിൽ പഠിക്കുന്ന രണ്ട് പെൺമക്കളുമടങ്ങുന്നതാണ് കുടുംബം.
എം.കെ അബ്ദുർറഹ്മാൻ
പി. കുഞ്ഞിമൊയ്തീൻ മാസ്റ്റർ
ചെറുവാടി ജമാഅത്തെ ഇസ്ലാമി ഘടകത്തിലെ പ്രവർത്തകൻ പാണക്കാടൻ കുഞ്ഞിമൊയ്തീൻ മാസ്റ്റർ (84) അല്ലാഹുവിലേക്ക് യാത്രയായി. ദീർഘകാലം ഗവ. പ്രൈമറി സ്കൂളിൽ അധ്യാപകനായും ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് വിവിധ പ്രദേശങ്ങളിൽ ധാരാളം ശിഷ്യഗണങ്ങളുണ്ട്. സൗത്ത് കൊടിയത്തൂരിലാണ് അദ്ദേഹത്തിന്റെ സ്കൂൾ അധ്യാപന ജീവിതം ആരംഭിക്കുന്നത്. പിണങ്ങോട്, താഴെക്കോട്, ചെറുവാടി എന്നിവിടങ്ങളിലും അധ്യാപകനായിരുന്നു. പിന്നീട് പൂവാറൻ തോട് ഹെഡ്മാസ്റ്ററായി നിയമിതനായി. ചുള്ളിക്കാപറമ്പിൽനിന്നാണ് ഹെഡ്മാസ്റ്ററായി വിരമിക്കുന്നത്. വിരമിച്ചതിന് ശേഷം ചേന്ദമംഗല്ലൂർ ഇസ്വ്്ലാഹിയാ കോളേജിൽ അക്കൗണ്ടന്റായും പ്രവർത്തിച്ചിരുന്നു. ചെറുവാടി - ചുള്ളിക്കാപറമ്പിലെ അന്നദ്്വത്തുൽ ഇസ്വ്്ലാഹിയാ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു; സ്ഥാപനങ്ങളുടെ അക്കൗണ്ട് ശരിപ്പെടുത്തുന്നതിൽ സൂക്ഷ്മമതയും കണിശതയും പുലർത്തി. ജീവിതത്തിലുടനീളം ഇസ്്ലാമിക അധ്യാപനങ്ങളെ സ്വാംശീകരിച്ച മാതൃകാ വ്യക്തിത്വമായിരുന്നു.
അസ്്ലം, യൂനുസ് (ഖത്തർ), ആരിഫ (പൂവാട്ടുപറമ്പ്), നസീറ (പടനിലം) മക്കളാണ്. മരുമക്കൾ: കോയട്ടി (പൂവാട്ടുപറമ്പ്), ജമീല (പെരുമണ്ണ), അഷ്റഫ് (പടനിലം), ആരിഫ (പത്തിരിയാൽ, എടവണ്ണ).
കെ.സി അൻവർ