ഖുർആനിന്റെ ഭാഷാത്ഭുതങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് അതിലെ വാക്യഘടനയും പദക്രമീകരണവും. സന്ദർഭവും സാഹചര്യവും മാറുന്നതനുസരിച്ച് ആയത്തുകളുടെ ഭാഷാ ശൈലിയിലും രൂപത്തിലും മാറ്റങ്ങൾ വരുന്നതു പോലെ, അവയുടെ വാക്യഘടനയിലും ക്രമത്തിലും ചിലപ്പോൾ മാറ്റങ്ങൾ കാണാൻ കഴിയും. ആലങ്കാരിക പ്രയോഗമോ മറ്റു ലക്ഷ്യങ്ങളോ മുൻനിർത്തി അടിസ്ഥാന വാക്യഘടനയിൽ മാറ്റം വരുത്തുന്ന രീതി മിക്ക ഭാഷകളിലുമുണ്ട്. എന്നാൽ, ഇത്തരം ഭാഷാപരമായ ലക്ഷ്യങ്ങൾക്കപ്പുറം, അർഥതലങ്ങളെ സ്വാധീനിക്കുകയും സന്ദർഭത്തോട് നീതി പുലർത്തുകയും ചെയ്യാൻ ഖുർആൻ അതിന്റെ പദപ്രയോഗങ്ങളിൽ വരുത്താറുള്ള ചില സൂക്ഷ്മമായ ക്രമമാറ്റങ്ങൾ വളരെ ആകർഷകവും പഠനാർഹവുമാണ്.
ചില ഉദാഹരണങ്ങൾ നോക്കാം:
وَجَاۤءَ مِنۡ أَقۡصَا ٱلۡمَدِینَةِ رَجُل یَسۡعَىٰ قَالَ یَـٰقَوۡمِ ٱتَّبِعُوا۟ ٱلۡمُرۡسَلِینَ
(യാസീൻ 20)
وَجَاۤءَ رَجُل مِّنۡ أَقۡصَا ٱلۡمَدِینَةِ یَسۡعَىٰ قَالَ یَـٰمُوسَىٰۤ إِنَّ ٱلۡمَلَأَ یَأۡتَمِرُونَ بِكَ لِیَقۡتُلُوك
(അൽ ഖസ്വസ്വ്് 20)
സൂറഃ യാസീനിലെയും ഖസ്വസ്വിലെയും ഇരുപതാമത്തെ വചനങ്ങളാണിവ. ഈ രണ്ട് ആയത്തുകളുടെയും ആദ്യഭാഗത്തുള്ള 7 പദങ്ങളും ഒരേ പദങ്ങളാണ്. അവയുടെ ക്രമത്തിൽ മാത്രമാണ് ചെറിയ വ്യത്യാസമുള്ളത്. സൂറഃ ഖസ്വസ്വിൽ رجل എന്ന പദം തുടക്കത്തിൽ തന്നെ വന്നു, സൂറഃ യാസീനിൽ ആ പദം പിന്തിക്കപ്പെടുകയും ചെയ്തു. ബാഹ്യമായി നോക്കുമ്പോൾ ഈ രണ്ട് ആയത്തുകളുടെയും അർഥം ഒന്നാണെന്ന് തോന്നുമെങ്കിലും അവ തമ്മിൽ അർഥതലങ്ങളിൽ സൂക്ഷ്മമായ വ്യത്യാസമുണ്ട്. രണ്ട് ആയത്തുകളും രണ്ട് വ്യത്യസ്ത സന്ദർഭങ്ങളെയാണ് വിവരിക്കുന്നത്. ആ രണ്ട് സന്ദർഭങ്ങൾക്കും അനുയോജ്യമായ അർഥ വ്യതിയാനങ്ങൾ ചെറിയ ഒരു ക്രമമാറ്റത്തിലൂടെ ഈ ആയത്തുകൾക്ക് കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.
രണ്ട് ആയത്തുകളുടെയും പശ്ചാത്തലങ്ങൾ പരിശോധിക്കാം:
മൂസാ നബി(അ)യുടെ ചരിത്രം വിവരിക്കവെയാണ് സൂറഃ അൽഖസ്വസ്വിൽ ഈ ആയത്ത് വന്നിട്ടുള്ളത്. അദ്ദേഹത്തെ കൊല്ലാൻ രാജകൊട്ടാരത്തിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ഒരാൾ വന്ന് അദ്ദേഹത്തെ അറിയിക്കുന്നതാണ് പശ്ചാത്തലം.
"പട്ടണത്തിന്റെ അങ്ങേയറ്റത്തു നിന്ന് ഒരാൾ ഓടിവന്നു പറഞ്ഞു: ഹേ മൂസാ, താങ്കളെ കൊല്ലാന്‍ വേണ്ടി പ്രധാനികൾ ആലോചന നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതിനാല്‍ ഒട്ടും വൈകാതെ താങ്കള്‍ ഇവിടെനിന്ന് (ഈജിപ്തില്‍ നിന്ന്) പുറത്തുപോയി രക്ഷപ്പെട്ടു കൊള്ളുക. തീര്‍ച്ചയായും ഞാന്‍ താങ്കളുടെ ഗുണകാംക്ഷികളുടെ കൂട്ടത്തിലാകുന്നു" (അൽ ഖസ്വസ്വ് 20).
ഇനി സൂറഃ യാസീനിലെ പരാമർശം: അക്രമകാരികളായ ഒരു സമുദായത്തിലേക്ക് പട്ടണത്തിന്റെ അങ്ങേയറ്റത്തു നിന്ന് പ്രബോധന ദൗത്യവുമായി വരുന്ന ഒരു വിശ്വാസിയെയാണ് അവിടെ ചിത്രീകരിക്കുന്നത്. തങ്ങളിലേക്ക് അയക്കപ്പെട്ട പ്രവാചകന്മാരോടെല്ലാം വളരെ ക്രൂരമായ നിലപാട് സ്വീകരിച്ച ആ ജനത ഈ പ്രബോധകനെയും വെറുതെ വിട്ടില്ല…
"പട്ടണത്തിന്റെ അങ്ങേയറ്റത്തുനിന്ന് ഒരാള്‍ ഓടിവന്നു പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ ദൂതന്‍മാരെ പിന്തുടരുവിന്‍. നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കാത്തവരും സന്‍മാര്‍ഗം പ്രാപിച്ചവരും ആയിട്ടുള്ളവരെ നിങ്ങള്‍ പിന്തുടരുക.
ഏതൊരുവന്‍ എന്നെ സൃഷ്ടിച്ചുവോ, ഏതൊരുവന്റെ അടുത്തേക്ക് നിങ്ങള്‍ മടക്കപ്പെടുന്നുവോ അവനെ ഞാന്‍ ആരാധിക്കാതിരിക്കാന്‍ എനിക്കെന്തു ന്യായം?
അങ്ങനെ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും ഞാന്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലായിരിക്കും. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ എന്റെ വാക്ക് കേള്‍ക്കുക.
(പിന്നീട് അദ്ദേഹത്തെ അവർ കൊന്നപ്പോൾ) പറയപ്പെട്ടു: സ്വർഗത്തിൽ പ്രവേശിക്കുക.
അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ് എനിക്ക് പൊറുത്തുതരികയും ആദരിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ എന്നെ ഉൾപ്പെടുത്തുകയും ചെയ്തതിനെപ്പറ്റി എന്റെ ആളുകൾ അറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു" (യാസീൻ 20- 27).
അറബി ഭാഷയിലെ വളരെ സ്വാഭാവിക ക്രമമാണ് സൂറഃ ഖസ്വസ്വിലേത്. ആദ്യം ക്രിയയും അതിനു തൊട്ടുടനെ അതിൻെറ കർത്താവും വരുന്ന രീതിയാണത്.
{ وَجَاۤءَ رَجُل مِّنۡ أَقۡصَا ٱلۡمَدِینَةِ یَسۡعَىٰ }
സൂറഃ യാസീനിൽ ഇതിൽനിന്ന് വ്യത്യസ്തമായി കർത്താവിനെ (رجل) ക്രിയയിൽ (جاء) നിന്ന് പിന്തിപ്പിച്ചാണ് കൊണ്ടുവന്നിട്ടുള്ളത്.
{ وَجَاۤءَ مِنۡ أَقۡصَا ٱلۡمَدِینَةِ رَجُل یَسۡعَىٰ}
യാസീനിലെ ഈ മാറ്റത്തിന് മുഫസ്സിറുകൾ വ്യത്യസ്തമായ വിശദീകരണങ്ങൾ നൽകിയതായി കാണാം.
വിഷയത്തിന്റെ ഗൗരവവും മഹത്വവും പരിഗണിച്ച് ഭാഷയിൽ ഇത്തരം ഘടനാ മാറ്റങ്ങൾ കൊണ്ടുവരാറുണ്ട്. ഇവിടെ മൂസാ നബിയുടെ ചരിത്രത്തിലെ വ്യക്തിയെക്കാൾ യാസീനിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ള വ്യക്തിക്ക് കൂടുതൽ മഹത്വവും കൂടുതൽ പ്രാധാന്യവുമുണ്ട്. അതിൻെറ കാരണങ്ങൾ ആയത്തുകളിൽനിന്ന് തന്നെ വ്യക്തമാണ്:
ഒന്ന്: അദ്ദേഹം പ്രവാചകന്മാരുടെ മാർഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നതിന് വേണ്ടിയാണ് ദൂരെനിന്ന് വന്നത്. ദീനിന്റെ ദഅ്വത്ത് ആയിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
രണ്ട്: സ്വന്തം ജീവന് പോലും ഭീഷണി ആയേക്കാവുന്ന പ്രതികൂല സാഹചര്യത്തിലും പ്രവാചകന്മാരോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും വിശ്വാസവും പരസ്യപ്പെടുത്തി ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിച്ചു.
മൂന്ന്: സത്യമാർഗത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചതിന്റെ പേരിൽ ക്രൂരമായി കൊല്ലപ്പെടുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു.
നാല്: മരണശേഷം സ്വർഗംകൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ടപ്പോഴും നേർമാർഗം സ്വീകരിക്കാത്ത തന്റെ ജനതയെ കുറിച്ചുള്ള വ്യാകുലതയും അവരോടുള്ള ഗുണകാംക്ഷയുമായിരുന്നു അദ്ദേഹത്തിൽ അപ്പോഴും നിറഞ്ഞുനിന്നിരുന്നത്. ഇതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ മഹത്വവും. ഓരോ പ്രബോധകനും ജീവിതാഭിലാഷമായി കൊണ്ടുനടക്കുന്ന സ്വർഗം കൺമുന്നിൽ ലഭിച്ചപ്പോഴും, തന്നെ ക്രൂരമായി കൊലപ്പെടുത്തിയ ജനതയുടെ സന്മാർഗം ആശിക്കുന്ന ഒരു യഥാർഥ പ്രബോധക മനസ്സിന്റെ പ്രതീകം!!
എന്നാൽ, മൂസാ നബിയുടെ കഥയിലെ വ്യക്തിക്ക് ഇത്തരം പ്രത്യേകതകൾ നമുക്ക് കാണാൻ കഴിയില്ല. മൂസാ (അ) പ്രവാചകനാകുന്നതിനു മുമ്പാണ് ഈ സംഭവം നടന്നത് എന്നതിനാൽ ഇതൊരു 'പ്രവാചക' സേവനമായി കണക്കാക്കാൻ കഴിയില്ല. മൂസാ(അ)ക്ക് സന്ദേശം നൽകിയതിന്റെ പേരിൽ അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധി നേരിട്ടതായും ഖുർആനിൽ സൂചനയില്ല.
ഡോ. ഫാദിൽ സാമുറായ് മറ്റൊരു വീക്ഷണവും മുന്നോട്ടു വെക്കുന്നുണ്ട്. وجاء من أقْصَا المدينة എന്നാൽ പട്ടണത്തിലെ അങ്ങേയറ്റത്തുനിന്ന് ഒരാൾ വന്നു എന്നാണെങ്കിൽ وجاء رجل من أقْصَا المدينة കൊണ്ട് അർഥമാക്കുന്നത് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് താമസക്കാരനായ ആൾ വന്നു എന്നാണ്. അയാൾ മൂസായുടെ അടുക്കലേക്ക് വന്നത് നിലവിൽ അവിടെ നിന്നാകണമെന്നില്ല. ഉദാഹരണത്തിന് ഗ്രാമത്തിൽ നിന്ന് ഒരാൾ വന്നു എന്ന് അറബിയിൽ جاء من القرية رجل എന്നും, ഗ്രാമവാസിയായ ഒരാൾ വന്നു എന്നതിന് جاء رجل من القرية എന്നും പറയുന്നതു പോലെ. ഗ്രാമവാസിയായ ഒരാൾ വന്നു എന്നതിന് അയാൾ ഗ്രാമത്തിൽനിന്നാണ് ഇപ്പോൾ വന്നത് എന്ന് അർഥമില്ലല്ലോ.
യാസീനിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ള വ്യക്തി വാസ്തവത്തിൽ പട്ടണത്തിന്റെ അങ്ങേയറ്റത്തുനിന്ന് തന്നെയാണ് വന്നത്. അതങ്ങനെ എടുത്തുപറയാൻ രണ്ട് കാരണങ്ങളുണ്ട്:
ഒന്ന് : അയാളുടെ മഹത്വത്തെ കുറിക്കാൻ. കാരണം, വളരെ ത്യാഗം സഹിച്ചാണ് ദൂരെനിന്ന് പ്രബോധന പ്രവർത്തനങ്ങൾക്കായി അയാൾ വരുന്നത്.
രണ്ട്: ആ ജനതയിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരുടെ പ്രവർത്തനങ്ങൾ വിഫലമല്ലെന്ന് അറിയിക്കാൻ. പ്രവാചകന്മാരുടെ നാട്ടിലുള്ള ആളുകൾ അവരെ എതിർക്കുകയായിരുന്നെങ്കിലും അവരുടെ ത്യാഗത്തിന്റെ പ്രതിഫലനങ്ങൾ ആ സന്ദേശം എത്തിയിട്ടില്ലാത്ത നാടുകളിലും ആളുകളിലും കാണാമായിരുന്നു. ഇത് മുഹമ്മദ് നബി(സ)ക്കും അദ്ദേഹത്തിന് ശേഷം വരുന്ന മുഴുവൻ പ്രബോധകർക്കും പ്രചോദനവുമാണ്.
മൂസാ നബിക്ക് രഹസ്യ സന്ദേശം നൽകിയ വ്യക്തിയുടെ കാര്യം അങ്ങനെ ആകണമെന്നില്ല. സ്വദേശം പട്ടണത്തിന്റെ അങ്ങേയറ്റത്ത് സ്ഥിതി ചെയ്യുന്ന നാടാണെങ്കിലും അദ്ദേഹം അപ്പോൾ വന്നത് നഗരത്തിൽനിന്ന് തന്നെയായിരിക്കാം. അതുകൊണ്ടാണല്ലോ നഗരത്തിൽ നടന്ന കാര്യങ്ങളെപ്പറ്റി അദ്ദേഹത്തിന് വ്യക്തമായ ധാരണ ഉണ്ടായത്. പക്ഷേ, നഗരവാസി അല്ലാത്തതുകൊണ്ട് തന്നെ അവിടത്തെ പ്രമാണിമാരോടോ ഭരണവർഗത്തോടോ അദ്ദേഹത്തിന് അമിതമായ ചായ്്വോ പ്രതിബദ്ധതയോ ഉണ്ടായില്ല. പട്ടണവാസികളിൽ പ്രചാരത്തിലുണ്ടായിരുന്ന മ്ലേച്ഛതകളിൽനിന്നെല്ലാം സുരക്ഷിതനുമായിരുന്നു അദ്ദേഹം. മൂസാ നബിയുടെ ഗുണകാംക്ഷിയാകാൻ അയാളെ യോഗ്യനാക്കിയതും അതു തന്നെയാവാം.
മറ്റൊരു ഉദാഹരണം കൂടി നോക്കാം: ഖുർആനിൽ നിരവധി തവണ ആവർത്തിക്കപ്പെട്ടിട്ടുള്ള അല്ലാഹുവിന്റെ രണ്ട് വിശേഷണങ്ങളാണ് 'ഏറെ പൊറുക്കുന്നവൻ' (غفور), 'കാരുണ്യവാൻ' (رحيم) എന്നിവ. 41 അധ്യായങ്ങളിലായി എഴുപതിൽപരം ഇടങ്ങളിൽ غفور رحيم എന്ന് വന്നിട്ടുണ്ട്. എന്നാൽ, ഒരിടത്ത് മാത്രം رحيم എന്ന വിശേഷണത്തെ മുന്തിച്ചുകൊണ്ട് الرحيم الغفور എന്ന് വന്നതായി കാണാം.
یَعۡلَمُ مَا یَلِجُ فِی ٱلۡأَرۡضِ وَمَا یَخۡرُجُ مِنۡهَا وَمَا یَنزِلُ مِنَ ٱلسَّمَاۤءِ وَمَا یَعۡرُجُ فِیهَاۚ وَهُوَ ٱلرَّحِیمُ ٱلۡغَفُورُ
(ഭൂമിയില്‍ പ്രവേശിക്കുന്നതും, അതില്‍നിന്ന് പുറത്തു വരുന്നതും, ആകാശത്തുനിന്നു ഇറങ്ങുന്നതും, അതില്‍ കയറുന്നതുമായതെല്ലാം അവന്‍ അറിയുന്നു. അവന്‍ കരുണ ചൊരിയുന്നവനും ഏറെ പൊറുക്കുന്നവനുമത്രെ - സബഅ് 02).
ഇവിടെ റഹ്്മത്തിനെ മഗ്ഫിറത്തിനെക്കാൾ മുന്തിച്ചത് ഒരിക്കലും അലക്ഷ്യമായോ യാദൃഛികമായോ അല്ല. ഈ രണ്ട് പദങ്ങളും ഒന്നിച്ച് വന്നിട്ടുള്ള മറ്റു ആയത്തുകൾ പരിശോധിച്ചു നോക്കിയാൽ അത് വ്യക്തമാകും. غفور رحيم എന്ന ആയത്തുകളെല്ലാം മനുഷ്യർക്കുള്ള വിധിവിലക്കുകൾ, ഇളവുകൾ, പാപമോചനം, നിഷിദ്ധ കാര്യങ്ങൾ, ശിക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് വന്നിരിക്കുന്നത്. അല്ലാഹുവിന്റെ മഗ്ഫിറത്താണല്ലോ ഇവിടങ്ങളിലെല്ലാം ആവശ്യമായിട്ടുള്ളത്.
قُلۡ إِن كُنتُمۡ تُحِبُّونَ ٱللَّهَ فَٱتَّبِعُونِی یُحۡبِبۡكُمُ ٱللَّهُ وَیَغۡفِرۡ لَكُمۡ ذُنُوبَكُمۡۚ وَٱللَّهُ غَفُور رَّحِیم
"(നബിയേ), പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ" (ആലു ഇംറാൻ 31).
إِلَّا ٱلَّذِینَ تَابُوا۟ مِنۢ بَعۡدِ ذَلِكَ وَأَصۡلَحُوا۟ فَإِنَّ ٱللَّهَ غَفُور رَّحِیمٌ
"അതിന് (അവിശ്വാസത്തിനു) ശേഷം പശ്ചാത്തപിക്കുകയും, ജീവിതം നന്നാക്കിത്തീര്‍ക്കുകയും ചെയ്തവരൊഴികെ. അപ്പോള്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും അത്യധികം കരുണ കാണിക്കുന്നവനുമാകുന്നു" (ആലു ഇംറാൻ 89).
ٱعۡلَمُوۤا۟ أَنَّ ٱللَّهَ شَدِیدُ ٱلۡعِقَابِ وَأَنَّ ٱللَّهَ غَفُور رَّحِیم "അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും, അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണെന്നും നിങ്ങള്‍ മനസ്സിലാക്കുക "( അൽമാഇദ 98).
എന്നാൽ, സൂറഃ സബഇലെ ആയത്ത് കൈകാര്യം ചെയ്യുന്നത് മേൽ സൂചിപ്പിച്ച ഏതെങ്കിലും വിഷയമല്ല. മറിച്ച്, അല്ലാഹുവിന്റെ കാരുണ്യത്തെ പ്രതിനിധാനം ചെയ്യുന്ന അനുഗ്രഹങ്ങളാണ് അതിലെ പ്രധാന വിഷയം. ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്ന മഴവെള്ളവും വിത്തുകളും, അതിൽനിന്ന് പുറത്തേക്കുൽഭവിക്കുന്ന ശുദ്ധജലസ്രോതസ്സുകളും വൃക്ഷങ്ങളും, ആകാശത്തുനിന്ന് ഭൂമിയിലേക്ക് പതിക്കുന്ന മഴയും വെളിച്ചവും തുടങ്ങി മനുഷ്യർക്ക് അനുഗ്രഹമായി ഭവിച്ചിട്ടുള്ള മുഴുവൻ പ്രപഞ്ച പ്രതിഭാസങ്ങളെയും സംബന്ധിച്ച അല്ലാഹുവിന്റെ സൂക്ഷ്മ ജ്ഞാനവും യുക്തിദീക്ഷയുമാണ് ഈ ആയത്തിലെ പ്രതിപാദ്യ വിഷയം. അതിനാൽ, ഇവിടെ എന്തുകൊണ്ടും അല്ലാഹുവിന്റെ റഹ്്മത്ത് തന്നെയാണ് അവന്റെ മഗ്ഫിറത്തിനെക്കാൾ മുന്തിക്കപ്പെടേണ്ടത്.
ഖുർആനിക വചനങ്ങളിലെ വാക്കുകളും പ്രയോഗങ്ങളും മാത്രമല്ല, അവയിലെ ഘടന പോലും എത്ര കൃത്യവും സൂക്ഷ്മവുമാണെന്നതിന്റെ തെളിവാണ് ഇത്തരം സൂക്തങ്ങൾ. വാക്കുകളുടെ കോർവയിലോ ക്രമത്തിലോ അടങ്ങിയിട്ടുള്ള അണു വ്യത്യാസങ്ങൾക്ക്, ആശയതലത്തിൽ എത്ര സ്വാധീനം ചെലുത്താൻ സാധിക്കുമെന്നും, അവയെ സന്ദർഭോചിതവും സാഹചര്യാനുകൂലവുമാക്കാൻ ഈ വക മാറ്റങ്ങൾ എത്രത്തോളം സഹായകമാണെന്നും ഈ ദിശയിലുള്ള പഠനങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു. l
കണ്ണൂർ ഐനുൽ മആരിഫിലും ശാന്തപുരം അൽജാമിഅയിലും ഈജിപ്തിലെ അൽ അസ്ഹർ യുനിവേഴ്സിറ്റിയിലും പഠിച്ച ഉസാമ ഹുസൈൻ അൽ ഐനി കണ്ണൂർ പഴയങ്ങാടി വാദിഹുദയിൽ അധ്യാപകനാണ്.