കത്ത്‌

'ആരോഗ്യമുള്ള ജീവിതത്തിന് ജാഗ്രതയുള്ളവരാകാം' എന്ന തലക്കെട്ടില്‍ വി.പി റഷാദിന്റെ ലേഖനം (ലക്കം 01) വായിച്ചു. ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വളരെ കുറച്ച് മാത്രമേ പൊതുവേ വാരികയില്‍ കാണാറുള്ളൂ. എന്റെ പ്രബോധനം വായനയെ ഒന്നുകൂടി പരിപോഷിപ്പിക്കാന്‍ ഈ ലേഖനം പ്രേരണ നല്‍കുന്നു. ഈയുള്ളവന്‍ രോഗികളെയും കൂട്ടി ആശുപത്രികളില്‍ പോകാറുണ്ട്. രോഗിയുടെ രോഗ വിവരങ്ങള്‍ അന്വേഷിച്ചറിയാറുമുണ്ട്. വളരെ അടുത്തറിയുന്ന രോഗികളോട് ഈ രോഗം വരാനുള്ള കാരണം അന്വേഷിച്ചാല്‍, നിശ്ശബ്ദതയായിരിക്കും മറുപടി. കാരണം, ഇങ്ങനെയൊരു ചോദ്യം ആരും ചോദിക്കാറില്ല. രോഗം വന്ന് ചികിത്സിക്കുന്നു. ചിലര്‍ക്ക് ഭേദമാകുന്നു. ചിലര്‍ ആജീവനാന്തം രോഗികളായിത്തന്നെ അവസാനിക്കുന്നു. ചിലരെങ്കിലും വിധിയെ പഴിച്ചും പടച്ചവനില്‍ ചാരിയും രക്ഷപ്പെടുന്നു. ചില കേസുകളിലെങ്കിലും, ജീവിത ശൈലിയില്‍ മാറ്റം വരുത്തിക്കൊണ്ട് രോഗങ്ങളെ വലിയ അളവില്‍ തടുത്തു നിര്‍ത്താന്‍ കഴിയും.

എം. അബ്ദുല്‍ ഹഖ് തിരുവനന്തപുരം 9656681434

വിവേക ബുദ്ധി

മെയ് 31 ലക്കം രണ്ടിലെ പ്രബോധനം വായിച്ചു. നമുക്കൊരിക്കലും മറക്കാനാവാത്ത ഒരു വിമര്‍ശകനും നിരൂപകനുമുണ്ടായിരുന്നു- എം.പി പോള്‍. അദ്ദേഹത്തെ പോലെ സത്യാനന്തര രാഷ്ട്രീയം (Post Truth Politics) പറഞ്ഞുതരാന്‍ ഇന്ന് ആരാണുള്ളത്‍്? നല്ലതിനെ നല്ലതായി കാണാനും ചീത്തയെ ചീത്തയായി കാണാനുമുള്ള വിവേക ബുദ്ധിയാണ് സാംസ്‌കാരിക രംഗത്തും കലാ രംഗത്തുമൊക്കെ ഉണ്ടാവേണ്ടത്.

ആചാരി തിരുവത്ര, ചാവക്കാട് 8281123655

ശ്രദ്ധേയമായ ലേഖനം

പി.കെ ജമാല്‍ എഴുതിയ (ജൂൺ 7) 'ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള മനസ്സ്' എന്ന ലേഖനം വേറിട്ടൊരു വായനാനുഭവം നല്‍കി. നമ്മുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടനവധി സംഗതികള്‍ പ്രമാണങ്ങളുടെ പിന്‍ബലത്തില്‍ അദ്ദേഹം നമുക്ക് പറഞ്ഞുതരുന്നു.

ദുര്‍ബലനായ സത്യവിശ്വാസിയെയല്ല, ശക്തനായ സത്യവിശ്വാസിയെയാണ് നമുക്ക് വേണ്ടതെന്ന് പ്രവാചകന്‍ നമ്മെ ഉണര്‍ത്തുന്നുണ്ട്. നമ്മുടെ ഭക്ഷണ രീതികളില്‍ നാം കാണിക്കുന്ന അശ്രദ്ധ എത്രമാത്രം ശാരീരിക പ്രശ്‌നങ്ങളാണ് നമ്മളിലുണ്ടാക്കിത്തീര്‍ക്കുന്നത്.

ഒരു ആശുപത്രിയില്‍ രണ്ട് രോഗികളെ കൊണ്ടുവന്ന് കിടത്തിയ ഒരു കഥ കേട്ടിട്ടുണ്ട്. മൃഷ്ടാന്നഭോജനം കൊണ്ട് ചീഞ്ഞു വീര്‍ത്ത്, ഇരിക്കാനും കിടക്കാനും വയ്യാത്തൊരവസ്ഥയിലുള്ള ഒരു തടിമാടന്‍. രണ്ടാമത്തെ ആള്‍ മെലിഞ്ഞൊട്ടിയ ശരീരവും, ഭക്ഷണം കിട്ടാതെ പട്ടിണി കിടന്ന് ശരീരം ക്ഷീണിച്ച് എല്ലും തൊലിയും മാത്രമായിത്തീര്‍ന്നവന്‍. ഇവരെ രണ്ടു പേരെയും ചികിത്സിക്കുന്ന ഡോക്ടര്‍ അവരെ നോക്കി പറഞ്ഞു: നിങ്ങള്‍ ഭക്ഷിക്കുന്നതില്‍നിന്ന് ഒരല്‍പം ഇയാള്‍ക്ക് കൊടുത്തിരുന്നെങ്കില്‍ നിങ്ങള്‍ രണ്ടു പേരും ആശുപത്രിയില്‍ വരേണ്ടിവരുമായിരുന്നില്ല എന്ന്.

നാം തിന്ന് തിന്ന് രോഗികളാവുകയാണ്. ഒരു കൂട്ടര്‍ തിന്നാനില്ലാതെ രോഗികളാവുന്നു. നമ്മുടെ ഭക്ഷണ ധൂര്‍ത്തിനെതിരെ ഒരുപാട് എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, എല്ലാറ്റിനെയും പോലെ വിപരീതമാണ് ഫലം.

സി.കെ ഹംസ ചൊക്ലി

തെരഞ്ഞെടുപ്പിനെ കുറിച്ച വസ്തുനിഷ്ഠ വിലയിരുത്തൽ

എ. റശീദുദ്ദീന്റെ 'മോദി പ്രഭാവം കരിന്തിരി കത്തിയ തെരഞ്ഞെടുപ്പ്'‌ എന്ന ലേഖനം (ലക്കം 3356) പാർലമെന്റ്‌ തെരഞ്ഞെടുപ്പിനെ കുറിച്ച വസ്തുനിഷ്ഠ വിലയിരുത്തലായി. ഇന്ത്യൻ ജനത കൊട്ടും പാട്ടും നടക്കുന്നിടത്തേക്ക്‌ ഒഴുകുന്ന മന്ദബുദ്ധികളല്ലെന്ന് ഈ തെരഞ്ഞെടുപ്പ്‌ സാക്ഷ്യപ്പെടുത്തി. ഇൻഡ്യ സഖ്യം ഒന്നുകൂടി ആഞ്ഞുപിടിക്കുകയും തെരഞ്ഞെടുപ്പ്‌ കമീഷൻ നിഷ്പക്ഷമായി പ്രവർത്തിക്കുകയും ചെയ്തിരുന്നെങ്കിൽ എൻ.ഡി.എയുടെ കക്ഷിനില 200-ൽ ഒതുങ്ങുമായിരുന്നു. 'രണ്ട്‌ ദിനോസറുകളുടെ ജുറാസിക്‌ പാർക്ക്‌' ആയി മാറിയ എൻ.ഡി.എ മുന്നണി, പുകയുന്ന അഗ്നിപർവതമാണെന്നും മോദി-ഷാ കൂട്ടുകെട്ട്‌ ബി.ജെ.പിയുടെ എം.പിമാർക്ക്‌ പോലും അസഹ്യമായി മാറിയിരിക്കുന്നുവെന്നും വിലയിരുത്തപ്പെടുന്നു. ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും എത്രകണ്ട് ആർ.എസ്.എസ്സിന്റെ അജണ്ടകൾക്കൊപ്പം നിൽക്കുമെന്ന് കാത്തിരുന്ന് കാണാം.

ഈ തെരഞ്ഞെടുപ്പ് യുദ്ധത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ ഭരണകക്ഷിയുടെ പരാജയങ്ങൾ അക്കമിട്ട്‌ നിരത്തി അവർക്ക്‌ തലവേദന സൃഷ്ടിച്ച ധ്രുവ്‌ റാഠി വലിയ തോതിൽ ജനങ്ങളിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം. മണിക്കൂറുകൾക്കകം കോടിക്കണക്കിന്‌ ജനങ്ങളാണ്‌ അദ്ദേഹത്തിന്റെ വീഡിയോകൾ കണ്ടിരുന്നത്‌. ഇൻഡ്യ സഖ്യത്തിൽ ശക്തനായ ഒരു നേതാവ്‌ ഉണ്ടായിരുന്നുവെങ്കിൽ ഒന്നുകൂടി കെട്ടുറപ്പോടെ മുന്നോട്ടുപോകാൻ കഴിഞ്ഞേനെ.

ഷംസുദ്ദീൻ മാവേലിൽ, പറവൂർ 98473 45813

വിദ്യ കൊണ്ടൊരു പോരാട്ടം

പ്രബോധനം വാള്യം 81, ലക്കം 02-ൽ സി.കെ.എ ജബ്ബാർ എഴുതിയ 'നന്മയുടെ ഹൃദയ ചാലുകൾ കീറിയ കെ.പി' എന്ന കെ.പി അബ്ദുൽ അസീസ് സാഹിബിനെ കുറിച്ചുള്ള സ്മരണ വായിച്ചു. കെ.പി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ടിരുന്ന അബ്ദുൽ അസീസ് സാഹിബ് കണ്ണൂരിൽ എല്ലാവർക്കും വേണ്ടപ്പെട്ടവനായി മാറുകയായിരുന്നു. എല്ലാ മേഖലകളിലും നിറഞ്ഞുനിന്ന കെ.പി വിദ്യാഭ്യാസ മേഖല പ്രത്യേകം ശ്രദ്ധിച്ചു. കൗസർ സ്കൂൾ, മദ്റസാ പ്രസ്ഥാനം പോലെ വിദ്യാഭ്യാസ മേഖലയിൽ സജീവമായിരുന്നു.. കണ്ണൂരിലെ മർഹൂം കെ.എൽ ഖാലിദ് സാഹിബുമൊന്നിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ചക്കും പുരോഗതിക്കും വേണ്ടി പല വിധ പദ്ധതികളും ആവിഷ്കരിച്ചു. KL-ഉം KP-യും രാത്രി വളരെ പിന്നിട്ടാലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് കണക്കുകൾ വരെ ശരിയാക്കിയിട്ടേ കൗസർ ഓഫീസിൽനിന്ന് പോവൂ… KL കുറച്ച് നേരത്തേ റബ്ബിങ്കലേക്ക് എത്തി; പിറകെ കെ.പിയും.

മദ്റസയുടെ നടത്തിപ്പ് അതിയായ താൽപര്യത്തോടും കണിശ സ്വഭാവത്തിലും ആയിരുന്നു. 2014- 2015-ൽ അവിടെ സേവനമനുഷ്ഠിച്ച കാലത്ത് എനിക്കത് അനുഭവിക്കാനും സാധിച്ചു.. അവസാനം KP പങ്കെടുത്ത യോഗവും മദ്റസാ കമ്മിറ്റിയുടെ യോഗമായിരുന്നു. തന്റെ ദീർഘ വീക്ഷണത്തോടെയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാവി അടുത്ത തലമുറയെ ഏൽപ്പിച്ചാണ് അദ്ദേഹം യാത്രയാവുന്നത്.

ഡോ. അത്തീഖ് റഹ്മാൻ പുലാപ്പറ്റ (മുൻ സംസ്ഥാന ജനറൽ സെക്രട്ടറി USTU (FITU) കേരള) Ph: 9495486131

റാക്കറ്റുകള്‍ക്കെതിരെ ജാഗ്രത വേണം

കലാ വേദികളിലും വിനോദ പരിപാടികളിലും അരങ്ങുതകര്‍ക്കുന്ന പലരും മൂല്യച്യുതിയുടെയും നിയമ ലംഘനത്തിന്റെയും പട്ടികയില്‍ സ്ഥാനം പിടിക്കുന്ന സംഭവങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ലഹരി-മയക്കുമരുന്ന് വാണിഭക്കാര്‍ ഇത്തരം സംഭവങ്ങളുടെ പിന്നിലുണ്ടെന്നാണ് പത്ര റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. എറണാകുളം എളമക്കരയിലെ ലഹരി വേട്ട അന്വേഷണം മോഡലിംഗ് രംഗത്തേക്ക് മാറിയതാണ് ഇതു സംബന്ധമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും പുതിയ സംഭവം. കേസില്‍ അറസ്റ്റിലായ മോഡല്‍ ലഹരിക്കച്ചവടം നടത്തിയെന്നാണ് പോലീസ് നല്‍കുന്ന സൂചന. മോഡലിംഗ് രംഗത്തെ വനിതാ സുഹൃത്തുക്കളും ഇവരുടെ പങ്കാളികളായി പ്രവര്‍ത്തിച്ചുവെന്നും പോലീസ് സൂചന നല്‍കുന്നുണ്ട്. പണം സമ്പാദിക്കാന്‍ ഏത് ഹീന മാര്‍ഗവും അവലംബിക്കാന്‍ മടിക്കാത്ത റാക്കറ്റുകളും ഗുണ്ടാ സംഘങ്ങളും കേരളീയ സമൂഹത്തിന്റെ സ്വസ്ഥത കെടുത്തുകയാണ്.
ആളുകളെ വിദേശത്തേക്ക് കൊണ്ടുപോയി അവയവ വില്‍പന നടത്തുന്ന റാക്കറ്റിലെ പ്രധാന കണ്ണിയായ ഏജന്റിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്ത സംഭവവും ചേര്‍ത്തുവായിക്കുക. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന അവയവ കച്ചവട റാക്കറ്റിന്റെ ഏജന്റാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. സാധാരണക്കാരായ ആളുകളെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി ചതിയില്‍ വിദേശ രാഷ്ട്രങ്ങളിലേക്ക് കടത്തി ശസ്ത്രക്രിയ നടത്തി അവയവങ്ങള്‍ എടുത്തുമാറ്റിയ ശേഷം തുഛമായ തുക നല്‍കി തിരിച്ചയക്കുകയാണത്രെ ചെയ്യുന്നത്.
ഇത്തരം ഗുരുതരമായ നിയമ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ഭരണകൂടങ്ങള്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്്; നിയമപാലകരോടൊപ്പം പൊതു സമൂഹവും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്.

പി.എ.എം അബ്ദുല്‍ ഖാദര്‍ തിരൂര്‍ക്കാട്‌