റിപ്പോർട്ട്

'യുവശാക്തീകരണത്തിലൂടെ സുസ്ഥിര വികസനം' എന്ന ആശയത്തെ ആസ്പദമാക്കി പീപ്പ്ൾസ് ഫൗണ്ടേഷൻ നടത്തുന്ന കാമ്പയിന് തുടക്കമായി. കാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് മലപ്പുറത്ത് നിർവഹിച്ചു. ഉത്തരവാദിത്വമുള്ള യുവത, നേതൃപാടവം, ഉന്നത വിദ്യാഭ്യാസം, പ്രീമിയർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ മേഖലകളിലെ തൊഴിൽ അവസരങ്ങൾ, സംരംഭകത്വം, നിർമിത ബുദ്ധി എന്നീ വിഷയങ്ങളാണ് കാമ്പയിനിൽ ചർച്ച ചെയ്യുന്നത്.

മഹത്തായ ലക്ഷ്യം മുന്നിൽ കണ്ട് അറിവും കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ യുവതയെ പ്രേരിപ്പിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. നേതൃ ഗുണങ്ങൾ യുവാക്കളിൽ വളർത്തിയെടുക്കുക എന്നതും കാമ്പയിൻ ലക്ഷ്യമിടുന്നു. തങ്ങൾ ഇടപെടുന്ന മുഴുവന്‍ മേഖലകളിലും മികവ് ഒരു ശീലമാക്കാൻ യുവാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.

വികസനവും നേതൃത്വവും തമ്മിൽ വലിയ ബന്ധമുണ്ട്. തങ്ങളുടെ മേഖലകളിൽ വളരെ വേഗത്തില്‍ മുന്നേറാന്‍ ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കഴിവാണ് നേതൃ ശേഷി. സ്ഥാപനങ്ങളുടെ നിലനില്‍പ്പിനും വ്യക്തികളുടെ വളര്‍ച്ചയ്ക്കും ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണിത്.

ഉന്നത വിദ്യാഭ്യാസമാണ് ഈ കാമ്പയിനിൽ ഫോക്കസ് ചെയ്യുന്ന ഒരു പ്രധാന വിഷയം. ഉന്നത വിദ്യാഭ്യാസത്തിന്റെ അപാര സാധ്യതകൾ വിദ്യാർഥികളെ പരിചയപ്പെടുത്തുകയും ഉയർന്ന റാങ്കുകളുള്ള വിദ്യാലയങ്ങളിൽ പഠിക്കാൻ അവർക്ക് അവസരം ഒരുക്കുകയും വേണം. പാർലമെന്റിന്റെ വിവിധ നിയമങ്ങൾക്ക് കീഴിൽ (2023 ജൂലൈ വരെ) ഇന്ത്യയിൽ ദേശീയ പ്രാധാന്യമുള്ള 167 സ്ഥാപനങ്ങൾ ഉണ്ട് (ഐ.എൻ.ഐ). 23 IIT-കൾ, 20 AIIMS-കൾ, 21 IIM-കൾ, 31 NIT-കൾ, 25 IIIT-കൾ, 7 IISER-കൾ, 7 NIPER-കൾ, 5 NID-കൾ, 3 SPA-കൾ, 2 NIFTEM-കൾ, 7 കേന്ദ്ര സർവകലാശാലകൾ, 4 മെഡിക്കൽ സ്ഥാപനങ്ങളും മറ്റു 12 പ്രത്യേക സ്ഥാപനങ്ങളും. പ്ലസ്ടുവിന് ശേഷം എഴുതാവുന്ന 37 -ൽ അധികം പ്രവേശന പരീക്ഷകൾ ഉണ്ട്. ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് ചേരാവുന്ന വ്യത്യസ്തങ്ങളായ കോഴ്സുകൾ. ഉയർന്ന റാങ്കുകളുള്ള ഇത്തരം സ്ഥാപനങ്ങളിൽ പഠിക്കാൻ അവസരം ലഭിക്കുമ്പോൾ ഉയർന്ന ജോലികൾ കരസ്ഥമാക്കാനും അവർക്ക് കഴിയും. സിവിൽ സർവീസ് പരീക്ഷാ ഫലങ്ങൾ പരിശോധിക്കുമ്പോൾ വിജയികളിൽ നല്ലൊരു ശതമാനം ഉയർന്ന റാങ്കുകളുള്ള സ്ഥാപനങ്ങളിൽ പഠിച്ചവരാണ് എന്നു കാണാം. ഈ സ്ഥാപനങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം ഇവ തങ്ങൾക്കു കൂടി പ്രാപ്യമായ സ്ഥാപനങ്ങളാണെന്ന് വിദ്യാർഥികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തുക എന്നത് ഈ കാമ്പയിനിന്റെ ലക്ഷ്യമാണ്.

സർക്കാർ ജോലി എന്നത് യുവാക്കൾക്കിടയിൽ ഏറ്റവും കൂടുതൽ താല്പര്യമുണ്ടാവേണ്ട ഒരു തൊഴിൽ ഓപ്ഷനാണ്. രാജ്യത്തെയും ജനങ്ങളെയും സേവിക്കാൻ അവസരം ലഭിക്കുന്നതോടൊപ്പം ജോലി സ്ഥിരത ലഭിക്കുകയും ചെയ്യുന്നു. സേവന കാലത്തും വിരമിച്ച ശേഷവും ആരോഗ്യകരവും ആശങ്കകളില്ലാത്തതുമായ ജീവിതം നയിക്കാൻ ഈ ജോലികൾ സഹായിക്കുന്നു. മത്സര പരീക്ഷകളിലൂടെയും പരിശീലനത്തിലൂടെയും കരിയർ നേടാൻ ആർക്കും സാധിക്കും. ലാസ്റ്റ് ഗ്രേഡ് മുതൽ സിവിൽ സർവീസ് വരെയുള്ള തസ്തികകളിൽ ഉദ്ദേശ്യപൂർവം ശ്രമിച്ചാൽ ശരാശരി കഴിവുള്ള ആർക്കും പ്രവേശനം ലഭിക്കും എന്നതാണ് വസ്തുത. എന്നാൽ, സിവിൽ സർവീസിൽ ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ ഉണ്ടാവേണ്ട പ്രാതിനിധ്യത്തിന്റെ അഞ്ചിൽ ഒന്ന് മാത്രമാണ് മുസ്ലിംകൾക്കുള്ളത്. അതിനു താഴെയുള്ള സർവീസിലും വലിയ വ്യത്യാസം ഒന്നുമില്ല. ഇത്തരം തൊഴിലുകൾക്കായി അപേക്ഷ നൽകുകയോ അതിനായി കാര്യമായി പരിശീലിക്കുകയോ ചെയ്യുന്നില്ല എന്നതാണ് പ്രശ്നം. വിപുലമായ ബോധൽക്കരണത്തിലൂടെയും പരിശീലന പരിപാടികളിലൂടെയും ഇത് മറികടക്കണം.
സംരംഭകത്വമാണ് ഈ കാമ്പയിനിൽ പീപ്പ്ൾസ് ഫൗണ്ടേഷൻ ഉൾപ്പെടുത്തിയിട്ടുള്ള മറ്റൊരു വിഷയം. ഒരു സമൂഹത്തിന്റെ സാമ്പത്തിക ഭദ്രത സംരംഭകത്വവുമായി ബന്ധപ്പെട്ടു കിടക്കുന്നു. നല്ല സംരംഭങ്ങൾ വരുമ്പോൾ തൊഴിൽ അവസരങ്ങൾ കൂടുന്നു. ഉൽപാദനം വർധിക്കുന്നു, സാമ്പത്തിക വളർച്ചയുണ്ടാവുന്നു.
നിർമിത ബുദ്ധിയാണ് മറ്റൊരു മേഖല. കാലത്തിനനുസരിച്ച വളർച്ച നമുക്ക് ലഭിക്കുന്നത് ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമ്പോഴാണ്. സാങ്കേതിക രംഗത്തെ വളർച്ചക്കൊപ്പം സഞ്ചരിക്കാൻ കഴിയണം.

വ്യക്തമായ ദിശാബോധം നൽകി ആസൂത്രിതമായ പ്രവർത്തനങ്ങൾ നടത്തുമ്പോൾ അതിനനുസൃതമായ നേട്ടങ്ങൾ ഉണ്ടാവും. ആ അർഥത്തിലുള്ള ബോധവൽക്കരണ പരിപാടിയാണ് 'യുവശാക്തീകരണത്തിലൂടെ സുസ്ഥിര വികസനം' എന്ന കാമ്പയിൻ. സംസ്ഥാനത്ത് 15,000 വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്. മഹല്ല് സംവിധാനങ്ങൾ, പ്രാദേശിക സന്നദ്ധ സംഘടനകൾ, യുവജന സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ നടത്തുക. താൽപര്യമുള്ള അത്തരം സംവിധാനങ്ങൾക്ക് തങ്ങൾ ഉദ്ദേശിക്കുന്ന സ്ഥലത്ത് പരിപാടി നടത്താൻ പീപ്പ്ൾസ് ഫൗണ്ടേഷൻ സൗകര്യം ചെയ്തുകൊടുക്കും. പ്രാദേശിക സംഘാടനവും അതിനുള്ള ചെലവുകളും അവർ കണ്ടെത്തണം. ഫാക്കൽറ്റി സൗകര്യങ്ങൾ പീപ്പ്ൾസ് ഫൗണ്ടേഷൻ നല്കും.
മലപ്പുറം മലബാർ ഹൗസിൽ നടന്ന സംസ്ഥാന തല ലോഞ്ചിങ് ചടങ്ങിൽ പീപ്പ്ൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. കൂട്ടിലങ്ങാടി ടൗൺ മഹല്ല് കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. മഹല്ല് കമ്മിറ്റി പ്രസിഡന്റ് സി. മുസ്തഫ ഹുസൈൻ സ്വാഗതവും, പീപ്പ്ൾസ് ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്ടർ റമീം നന്ദിയും പറഞ്ഞു. ജലാൽ അഹമ്മദ് (മൈന്റ് പവർ ട്രെയിനർ), കെ.പി ലുഖ്മാൻ, പി.കെ അനീസ് (അസി. പ്രഫസർ, ലോ കോളേജ്, കോഴിക്കോട്), ഷബീൻ വി. ഉസ്മാൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു. പിപ്പ്ൾസ് ഫൗണ്ടേഷൻ മലപ്പുറം ജില്ലാ കോർഡിനേറ്റർ അബ്ദുർറഹീം സമാപന പ്രസംഗം നടത്തി.
പരിപാടികൾ നടത്താൻ താല്പര്യമുള്ള മഹല്ല് കമ്മിറ്റികൾ, മറ്റു ഏജൻസികൾ പ്രോജക്ട് ഡയറക്ടർ റമീമുമായി 9746140520 നമ്പറിൽ ബന്ധപ്പെടണം. l