പഠനം

ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം: സിദ്ധാന്തവും പ്രയോഗവും - 2

എതിര്‍വര്‍ഗ ലൈംഗികതയാണ്  സ്വാഭാവികമെന്ന പൊതുബോധത്തെ തകര്‍ത്ത് സ്വവര്‍ഗ ലൈംഗികത മുതല്‍ മൃഗരതി വരെയുള്ള ഏത് തരം ലൈംഗികതകളും സ്വാഭാവികമാണെന്ന പൊതുബോധത്തെ നിര്‍മിക്കാനായി നടത്തുന്ന എല്ലാ വിധത്തിലുള്ള പരിശ്രമങ്ങളെയും ചേര്‍ത്ത് വിളിക്കുന്നതാണ് ജെന്‍ഡര്‍ പൊളിറ്റിക്‌സ് അഥവാ എല്‍ജിബിറ്റി ആക്ടിവിസം. സ്ത്രീയോട് ലൈംഗികാകര്‍ഷണം തോന്നുന്ന പുരുഷന്‍, പുരുഷനോട് ലൈംഗികാകര്‍ഷണം തോന്നുന്ന സ്ത്രീ എന്നിങ്ങനെ പരമ്പരാഗതമായി വ്യവഹരിക്കപ്പെടുന്ന ദ്വന്ദ്വങ്ങളാണ്  പ്രകൃതിപരമെന്നും അതല്ലാത്തതെല്ലാം പ്രകൃതിവിരുദ്ധമോ ചികിത്സയാവശ്യപ്പെടുന്ന വൈകല്യങ്ങളോ ആണെന്നുമുള്ള  ധാരണകള്‍ തെറ്റാണെന്ന് പ്രചരിപ്പിക്കുകയും പുരുഷനോട് ആകര്‍ഷണം തോന്നുന്ന പുരുഷന്‍ (Gay), സ്ത്രീയോട് ആകര്‍ഷണം തോന്നുന്ന സ്ത്രീ(Lesbian), സ്ത്രീയോടും പുരുഷനോടും ഒരേപോലെ ആകര്‍ഷണം തോന്നുന്ന സ്ത്രീ-പുരുഷന്മാര്‍ (Bisexual), പൊതുവ്യവഹാരങ്ങളില്‍ വിചിത്രമെന്ന് തോന്നിക്കുന്ന ലൈംഗികാഭിരുചികള്‍ പ്രകടിപ്പിക്കുന്നവര്‍(Queer) എന്നീ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നതാണ്  ജെന്‍ഡര്‍ പൊളിറ്റിക്‌സ് എന്നാണ് അതിന്റെ വക്താക്കളുടെ നിര്‍വചനം.
എന്നാല്‍, ആണ്‍-പെണ്‍ സ്വവര്‍ഗാനുരാഗങ്ങളും ഉഭയലൈംഗികതയും മുതല്‍ ക്വിയര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ശിശുരതി, മൃഗരതി, ശവരതി, അഗമ്യഗമനം എന്നിവ വരെയുള്ള വൈകൃതങ്ങളായി ഇത്രയും കാലം മനുഷ്യരാശി കരുതിപ്പോന്ന സകലവിധ ലൈംഗികാഭിനിവേശങ്ങളും സ്വാഭാവികവും പ്രകൃതിപരവും ജനിതകവുമാണെന്ന് സമര്‍ത്ഥിക്കുകയും, അതിനാല്‍ അവയെ ചികില്‍സിക്കുകയോ മാറ്റാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള ആക്രമണമാണെന്ന് സിദ്ധാന്തിക്കുകയും, അത് മാറ്റാനുള്ള പരിശ്രമങ്ങളെയും അങ്ങനെ മാറ്റാന്‍ കഴിയുമോയെന്ന പഠനങ്ങളെയും അത് പ്രകൃതിപരവും ജനിതകവും തന്നെയാണോയെന്ന് വിമര്‍ശനാത്മകമായി പരിശോധിക്കുന്ന ഗവേഷണങ്ങളെയുമെല്ലാം അധികാരവും ശക്തിയും നിയമവും പ്രചാരണ മാധ്യമങ്ങളുമുപയോഗിച്ച് തകര്‍ക്കുകയും ചെയ്യുന്ന അന്താരാഷ്ട്രതലത്തില്‍ നിലനില്‍ക്കുന്ന ലോബിയിങ്ങാണ് യഥാര്‍ഥത്തില്‍  ജെന്‍ഡര്‍ പൊളിറ്റിക്‌സ്. തങ്ങളുടെ ചെയ്തികളെല്ലാം ശാസ്ത്രീയവും മനുഷ്യാവകാശസംരക്ഷണത്തിനുവേണ്ടിയുള്ളതുമാണ് എന്ന് സമര്‍ത്ഥിക്കാന്‍ അവരുപയോഗിക്കുന്ന  ജെന്‍ഡര്‍ തിയറി (Gender Theory) യുടെയും ക്വിയര്‍ തിയറി(Queer Theory)യുടെയും  അവസ്ഥയെന്താണെന്ന് നാം നേരത്തെ മനസ്സിലാക്കിയിട്ടുണ്ട്.
ഹെറ്ററോ നോര്‍മേറ്റിവിറ്റി തകര്‍ക്കുകയാണ്  ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ ലക്ഷ്യമെന്ന് പറഞ്ഞല്ലോ. അങ്ങനെ തകര്‍ക്കുന്നതെന്തിന് എന്നും തകര്‍ക്കാന്‍ ശ്രമിക്കുന്നത് എന്തൊക്കെയാണെന്നും എല്‍ജിബിറ്റി ആക്ടിവിസത്തിന്റെ ആദ്യകാല വക്താക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 1987 ഫെബ്രുവരി 15-21-ന്റെ ഗേ കമ്മ്യൂണിറ്റി ന്യൂസില്‍ (Gay Community News) മിക്കായേല്‍ സ്വിഫ്റ്റ് എഴുതിയ 'സ്വവര്‍ഗാനുരാഗിയായ വിപ്ലവകാരി' (Gay Revolutionary) എന്ന ലേഖനം 1980-കളുടെ അവസാനത്തില്‍ ആരംഭിച്ച ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ ലക്ഷ്യമെന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. ലേഖനത്തിന്റെ പരിഭാഷ  വായിക്കുക:
''നിങ്ങളുടെ ആണ്‍കുട്ടികളെയും ദുര്‍ബലമായ പൗരുഷമുദ്രകളെയും സഭ്യമല്ലാത്ത നുണകളെയും പൊള്ളയായ സ്വപ്‌നങ്ങളെയും ഞങ്ങള്‍ സ്വവര്‍ഗാനുരാഗികളാക്കിത്തീര്‍ക്കും. നിങ്ങളുടെ സ്‌കൂളുകളിലും പൊതുശയനമുറികളിലും കളരികളിലും സൂക്ഷിപ്പുപുരകളിലും കളിക്കളങ്ങളിലും മതപാഠശാലകളിലും യുവജനകൂട്ടായ്മകളിലും സിനിമാശാലകളിലെ കുളിപ്പുരകളിലും സൈനികനിലവറകളിലും ചരക്കുവണ്ടികള്‍ നിറുത്തുന്നിടങ്ങളിലും ആണ്‍ക്ലബുകളിലും പ്രതിനിധിസഭാമന്ദിരങ്ങളിലും, എവിടങ്ങളിലെല്ലാം പുരുഷനും പുരുഷനും ഒരുമിച്ചാവുന്നുണ്ടോ അവിടങ്ങളിലെല്ലാം ഞങ്ങള്‍ അവരെ മോഹിപ്പിക്കും. നിങ്ങളുടെ ആണ്‍മക്കള്‍ ഞങ്ങളുടെ വിനീതസേവകരാവുകയും ഞങ്ങള്‍ക്കായി വിലപേശുകയും ചെയ്യും. ഞങ്ങളുടെ പ്രതിച്ഛായക്കനുസരിച്ച് അവരെ ഞങ്ങള്‍ ഉടച്ചുവാര്‍ക്കും. ഞങ്ങള്‍ക്കടുത്തെത്തി അവര്‍ കെഞ്ചുകയും ഞങ്ങളെ അവര്‍ പൂജിക്കുകയും ചെയ്യും.
സ്ത്രീകളേ, സ്വാതന്ത്ര്യത്തിനായി നിങ്ങള്‍ മുറവിളി കൂട്ടുക. പുരുഷന്മാരില്‍ നിങ്ങള്‍ സംതൃപ്തരല്ലെന്ന് പറയുക; അവര്‍ നിങ്ങളെ സന്തോഷിപ്പിക്കുന്നില്ലല്ലോ. പൗരുഷമുള്ള മുഖത്തെയും പൗരുഷമുള്ള ശരീരത്തെയും വിലയിരുത്തുന്നതില്‍ വിദഗ്ധരായ ഞങ്ങള്‍ അപ്പോള്‍ നിങ്ങളുടെ  ആണുങ്ങളെ നിങ്ങളില്‍ നിന്ന് കൊണ്ടുപോകും. അവരെ ഞങ്ങള്‍ ആനന്ദിപ്പിക്കും; അവരോട് ഞങ്ങള്‍ നിഷ്‌കര്‍ഷിക്കും; അവര്‍ തേങ്ങുമ്പോള്‍ ഞങ്ങള്‍ അവരെ ആലിംഗനം ചെയ്യും. പെണ്ണുങ്ങളേ, ആണുങ്ങളോടൊപ്പം ജീവിക്കുന്നതിനേക്കാള്‍ നിങ്ങള്‍ക്കിഷ്ടം നിങ്ങള്‍ക്ക് പരസ്പരം ഒന്നിച്ച് ജീവിക്കുവാനാണെന്ന് നിങ്ങള്‍ പറയൂ. അങ്ങനെ നിങ്ങള്‍ ഒന്നിച്ച് കഴിയൂ. നിങ്ങളുടെ ആണുങ്ങള്‍ക്ക് അവര്‍ ഇന്നോളം അറിഞ്ഞിട്ടില്ലാത്ത ആനന്ദം ഞങ്ങള്‍ നല്‍കും; കാരണം ഞങ്ങളാണ് ആണുങ്ങളില്‍ അഗ്രഗണ്യര്‍; പുരുഷനെ യഥാരൂപത്തില്‍ എങ്ങനെ ആനന്ദിപ്പിക്കാമെന്ന് മറ്റൊരു പുരുഷന് മാത്രമേ അറിയാനാകൂ; അയാളുടെ തീവ്രതയും വൈകാരികാനുഭവവും, ശരീരവും മനസ്സുമെല്ലാം അറിയാന്‍ മറ്റൊരു പുരുഷന് മാത്രമേ കഴിയൂ. 
സ്വവര്‍ഗാനുരാഗവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ വിലക്കുന്ന നിയമങ്ങളെല്ലാം പിന്‍വലിക്കപ്പെടും. ആണുങ്ങള്‍ തമ്മില്‍ അനുരാഗമുണ്ടാക്കുന്നതിനാവശ്യമായ രൂപത്തിലുള്ള നിയമനിര്‍മ്മാണങ്ങള്‍ നടക്കും. സ്വവര്‍ഗാനുരാഗികളെല്ലാം സഹോദങ്ങളെപ്പോലെ  ഒറ്റക്കെട്ടായി നിലകൊള്ളണം. കലാപരമായും ദാര്‍ശനികമായും സാമൂഹികമായും രാഷ്ട്രീയമായും സാമ്പത്തികമായും നാം ഐക്യപ്പെട്ടേ മതിയാകൂ. നീചരായ നമ്മുടെ എതിര്‍വര്‍ഗാനുരാഗീശത്രുക്കളുടെ (Heterosexual Enemy) മുന്നില്‍ ഒരു പൊതുമുഖം പ്രദര്‍ശിപ്പിക്കുമ്പോള്‍ മാത്രമേ നമുക്ക് വിജയിക്കാനാവൂ. കുഴ(Faggot), യക്ഷി(Fairy), വിചിത്രം (Queer) എന്നിങ്ങനെ ഞങ്ങളോട് അലറാന്‍ നിങ്ങള്‍ ധൈര്യം കാണിക്കുകയാണെങ്കില്‍ നിങ്ങളുടെ ഭീരുത്വമുള്‍ക്കൊള്ളുന്ന ഹൃദയം ഞങ്ങള്‍ കുത്തിപ്പിളര്‍ത്തുകയും ദുര്‍ബലമായ നിങ്ങളുടെ ശവശരീരത്തെ വികൃതമാക്കുകയും ചെയ്യും.
ആണുങ്ങള്‍ തമ്മിലുള്ള അനുരാഗത്തെക്കുറിച്ച് ഞങ്ങള്‍ കവിതകളെഴുതും; പുരുഷന്‍ പുരുഷനെ പരസ്യമായി ലാളിക്കുന്നത് അവതരിപ്പിച്ചുകൊണ്ടുള്ള നാടകങ്ങള്‍ സ്റ്റേജുകളില്‍ ഞങ്ങള്‍ അവതരിപ്പിക്കും. ആണ്‍നായകര്‍ തമ്മിലുള്ള പ്രണയം ചിത്രീകരിച്ചുകൊണ്ടുള്ള സിനിമകള്‍ ഞങ്ങള്‍ എടുക്കും. സിനിമാസ്‌ക്രീനുകളില്‍ ഇപ്പോള്‍ അധീശത്വമുള്ളതാണതും. ഉപരിപ്ലവവും വിരസവും കാല്‍പനികവും അപക്വവുമായ എതിര്‍വര്‍ഗാനുരാഗമതിഭ്രമത്തെ ചിത്രീകരിക്കുന്ന സിനിമകള്‍ക്ക് പകരം അത്തരം സിനിമകള്‍ പ്രചാരത്തിലാവും. സുന്ദരന്മാരായ ആണുങ്ങളുടെയും ധീരരായ കായികാഭ്യാസികളുടെയും പ്രതിമകള്‍  കൊത്തിയുണ്ടാക്കി നിങ്ങളുടെ ഉദ്യാനങ്ങളിലും പൊതുചതുരങ്ങളിലും നഗരചത്വരങ്ങളിലും ഞങ്ങള്‍ സ്ഥാപിക്കും. ലോകത്തെങ്ങുമുള്ള മ്യൂസിയങ്ങള്‍ ആകര്‍ഷകങ്ങളായ നഗ്‌നബാലന്മാരുടെ ഛായച്ചിത്രങ്ങളാല്‍ നിറയും. ഞങ്ങളുടെ എഴുത്തുകാരും കലാകാരന്മാരും പുരുഷന്മാര്‍ തമ്മിലുള്ള പ്രണയം പരിഷ്‌കൃതവും ധാര്‍മ്മികവുമാണെന്ന് വരുത്തിത്തീര്‍ക്കും. ഫാഷന്‍ നിര്‍മ്മിക്കുന്നതില്‍ നിപുണരാണ് ഞങ്ങളെന്നതിനാല്‍ അതില്‍ ഞങ്ങള്‍ വിജയിക്കുക തന്നെ ചെയ്യും. പരിഹാസം, അവഹേളനം, വെറുപ്പുല്‍പാദനം തുടങ്ങി ഞങ്ങള്‍ക്ക് നല്ല നൈപുണ്യമുള്ള തന്ത്രങ്ങളിലൂടെ എതിര്‍വര്‍ഗ ലൈംഗികതയുടെ എല്ലാ കെട്ടുപാടുകളെയും ഞങ്ങള്‍ ഇല്ലാതെയാക്കും.
എതിര്‍വര്‍ഗാനുരാഗത്തിന്റെ കപടവേഷം ധരിച്ച അധികാരികളായ സ്വവര്‍ഗാനുരാഗികളെ ഞങ്ങള്‍ അനാവരണം ചെയ്യും. നിങ്ങളോട് അടുപ്പമുള്ളവരും യാഥാസ്ഥിതികരും എതിര്‍വര്‍ഗാനുരാഗത്തിന്റെ പ്രതിരൂപങ്ങളാണെന്ന് നിങ്ങള്‍  കരുതിപ്പോരുന്നവരുമായ നിങ്ങളുടെ പ്രസിഡന്റുമാരും അവരുടെ മക്കളും വ്യവസായികളും സെനറ്റര്‍മാരും മേയര്‍മാരും പടത്തലവന്മാരും കായികാഭ്യാസികളും സിനിമാ നടന്മാരും ടെലിവിഷന്‍ വ്യക്തിത്വങ്ങളും നാഗരിക നേതാക്കളും പുരോഹിതന്മാരുമൊന്നും ഇക്കാര്യത്തില്‍ സുരക്ഷിതരല്ലെന്ന സത്യമറിയുമ്പോള്‍ നിങ്ങള്‍ ഞെട്ടുകയും പേടിക്കുകയും ചെയ്യും. ഞങ്ങള്‍ എല്ലായിടങ്ങളിലുമുണ്ട്. നിങ്ങളുടെ അണികളിലേക്കെല്ലാം ഞങ്ങള്‍ നുഴഞ്ഞു കയറിയിട്ടുണ്ട്. സ്വവര്‍ഗാനുരാഗികളെക്കുറിച്ച് സൂക്ഷിച്ച് മാത്രം സംസാരിച്ചാല്‍ മതി. എന്തുകൊണ്ടെന്നാല്‍ ഞങ്ങളെപ്പോഴും നിങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ മേശക്ക് എതിര്‍വശത്തു തന്നെ  ഞങ്ങളുണ്ടാകാം; നിങ്ങളുടെ കിടക്കയില്‍ നിങ്ങളോടൊപ്പം ഞങ്ങള്‍ കിടക്കുന്നുണ്ടാവാം. 
യാതൊരുവിധ ഒത്തുതീര്‍പ്പുകളുമുണ്ടാവുകയില്ല. ദുര്‍ബലരായ മധ്യവര്‍ഗക്കാരല്ല ഞങ്ങള്‍. അതിബുദ്ധിമാന്മാര്‍; മനുഷ്യകുലത്തിന്റെ സാഭാവിക കുലീനര്‍; ഞങ്ങളാവശ്യപ്പെടുന്നതില്‍ നിന്ന് കുറഞ്ഞ യാതൊന്നുമായും അടിയറവ് പറയാത്ത ഉരുക്ക് മനസ്സുകളുള്ള പ്രഭുക്കള്‍. ഞങ്ങളെ എതിര്‍ക്കുന്നവര്‍ നാട് കടത്തപ്പെടും; മിഷിമ ചെയ്തത് പോലെ നിങ്ങളെ അതിജയിക്കുവാന്‍ ഞങ്ങള്‍ വിശാലമായ സ്വകാര്യ സൈന്യം രൂപീകരിക്കും. സ്വവര്‍ഗലൈംഗികതയുടെ അനുരാഗത്താലും ആദരവിനാലും പ്രചോദിപ്പിക്കപ്പെടുകയും കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്ത അജയ്യരായ സൈനികരാണെന്നതിനാല്‍ പൗരാണിക ഗ്രീക്ക് സൈനികരെപ്പോലെ ഞങ്ങള്‍ ലോകത്തെ കീഴടക്കും.    
കള്ളങ്ങളും വഞ്ചനകളും അപൂര്‍ണ്ണതയും കാപട്യവും ബലാല്‍ക്കാരവും വിരിഞ്ഞിറങ്ങുന്ന കുടുംബസംവിധാനം തകര്‍ക്കപ്പെടും. ഭാവനയെ നിയന്ത്രിക്കുകയും സ്വാതന്ത്രേ്യച്ഛയെ നിരോധിക്കുകയും ചെയ്യുന്ന കുടുംബസംവിധാനം ഇല്ലാതെയാവുക നിര്‍ബന്ധമാണ്. ജനിതക ലാബറട്ടറികളില്‍ ദോഷമറ്റവരായ ആണ്‍കുട്ടികള്‍ നിര്‍മ്മിക്കപ്പെടുകയും വളര്‍ത്തപ്പെടുകയും ചെയ്യും. സ്വവര്‍ഗാനുരാഗികളായ വിദ്വാന്മാരുടെ നിയന്ത്രണത്തിനും പരിശീലനത്തിനും കീഴിലുള്ള സാമൂഹിക ചിട്ടയാല്‍ അവര്‍ പരസ്പര ബന്ധിതരായിരിക്കും.
ഞങ്ങളെ എതിര്‍ക്കുന്ന മതസഭകളെല്ലാം അടച്ചുപൂട്ടപ്പെടും. സുമുഖരായ യുവാക്കള്‍ മാത്രമായിരിക്കും ഞങ്ങളുടെ ദൈവങ്ങള്‍. സൗന്ദര്യത്തിന്റെയും സദാചാരത്തിന്റെയും സഹൃദയത്വത്തിന്റെയും ഒരു ഉപാസനാക്രമത്തോട് ഞങ്ങള്‍ ഒട്ടി നില്‍ക്കും. വിരൂപവും അപരിഷ്‌കൃതവും മുഷിപ്പിക്കുന്നതുമായ എല്ലാം നിര്‍മ്മൂലനം ചെയ്യപ്പെടും. മധ്യവര്‍ഗ്ഗ എതിര്‍വര്‍ഗാനുരാഗത്തിന്റെ സമ്പ്രദായങ്ങളില്‍ നിന്നെല്ലാം ഞങ്ങള്‍ അകറ്റി നിര്‍ത്തപ്പെട്ടതിനാല്‍, ശുദ്ധമായ ഭാവനക്ക് അനുസൃതമായ രീതിയില്‍ മാത്രം ഞങ്ങളുടെ ജീവിതം ജീവിക്കാന്‍ ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. കുറെയധികം ഞങ്ങള്‍ക്ക് മതിയാവുകയില്ല; അതിനേക്കാള്‍ കൂടുതല്‍ വേണ്ടിവരും.
അങ്ങനെ രൂപപ്പെടുന്ന മനോഹരമായ സമൂഹം ഭരിക്കുക ആണ്‍സ്വവര്‍ഗഭോഗികളായ കവികള്‍ ഉള്‍ക്കൊള്ളുന്ന ഉപരിവര്‍ഗമായിരിക്കും. സ്വവര്‍ഗഭോഗാസക്തിയില്‍ അധിഷ്ഠിതമായ ഈ പുതിയ സമൂഹത്തിന്റെ അധികാരപദവിയിലെത്താന്‍ അനിവാര്യമായും വേണ്ട കാര്യങ്ങളില്‍ പ്രധാനപ്പെട്ടത് ഗ്രീക്ക് അഭിനിവേശത്തിലുള്ള അമിത താല്‍പര്യമായിരിക്കും. എതിര്‍വര്‍ഗാനുരാഗത്തിലുള്ള ആസക്തിയാല്‍ മലിനപ്പെട്ട ആണുങ്ങള്‍  സ്വാധീനം ചെലുത്താനാകുന്ന സ്ഥാനങ്ങളില്‍ നിന്ന് സ്വാഭാവികമായും നീക്കം ചെയ്യപ്പെടും. എതിര്‍വര്‍ഗാനുരാഗമെന്ന വിഡ്ഢിത്തത്തില്‍ ഉറച്ച് നില്‍ക്കുന്ന പുരുഷന്മാരെ സ്വവര്‍ഗാനുരാഗികളുടെ നീതിന്യായകോടതിയില്‍ വിചാരണചെയ്യുകയും ശിക്ഷിക്കുകയും ചെയ്യും
നിങ്ങള്‍ എതിര്‍വര്‍ഗാനുരാഗത്തിന്റെ നുണകളാലും വക്രീകരണങ്ങളാലും അവഹേളിച്ചെഴുതിയ  ചരിത്രം ഞങ്ങള്‍ തിരുത്തിയെഴുതും. ലോകത്തെ നിര്‍മ്മിച്ച മഹാന്മാരായ ചിന്തകരുടെയും നേതാക്കളുടെയും സ്വവര്‍ഗാനുരാഗത്തെ ഞങ്ങള്‍ ചിത്രീകരിക്കും. സ്വവര്‍ഗാനുരാഗം  ബുദ്ധിയുമായും  ഭാവനയുമായും വേര്‍പ്പെടുത്താനാവാത്ത വിധം ബന്ധിതമാണെന്നും പുരുഷനിലെ യഥാര്‍ത്ഥ കുലീനതക്കും സത്യസന്ധമായ സൗന്ദര്യത്തിനും സ്വവര്‍ഗാനുരാഗം അനിവാര്യമാണെന്നും  ഞങ്ങള്‍ സ്ഥാപിക്കും.
തലമുറകളായുള്ള എതിര്‍വര്‍ഗാനുരാഗത്തിന്റെ പ്രദര്‍ശനങ്ങള്‍ക്ക് നടുവില്‍ സംസാരിക്കാനാകാതെ അടിച്ചമര്‍ത്തപ്പെട്ടവരുടെ അതിഘോരമായ കയ്പ്പിനാല്‍ ഊര്‍ജ്ജം നല്‍കപ്പെടുന്നതായതിനാല്‍ ഞങ്ങള്‍ വിജയിക്കുക തന്നെ ചെയ്യും. ആത്യന്തികമായ വിപ്ലവത്തിന്റെ പ്രതിരോധനിര തീര്‍ക്കുവാനും തോക്കെടുത്ത് വെടിവെക്കാനും വരെ കഴിയുന്നവരാണ് ഞങ്ങള്‍.
വിറയ്ക്കുക, എതിര്‍വര്‍ഗാനുരാഗികളായ പന്നികളേ, മുഖംമൂടികളില്ലാതെ ഞങ്ങള്‍ നിങ്ങളുടെ മുന്നിലെത്തുമ്പോള്‍ നിങ്ങള്‍ വിറ കൊള്ളുക!
('THE HOMOSEXUAL MANIFESTO---as to Congress in 1987 and implemented by the Entropic U. S. Supreme Court in 2015':
Quoted by  Dr. Samuel A Nigro M.D, (Retired, Assistant Clinical Professor Psychiatry, Case Western Reserve University School of Medicine, Ohio 44118, USA) in MedCrave, Journal of Psychology and Clinical Psychiatry, June 02, 2016, Volume 6 Issue 1)
ലക്ഷ്യം വ്യക്തമാണ്. ഹെറ്ററോ നോര്‍മേറ്റിവിറ്റിയില്‍ നിന്ന് പുതിയ തലമുറയെ രക്ഷിക്കുകയാണത്. അതിന്ന് എന്തിനാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം അടിച്ചേല്‍പ്പിക്കുന്നത്? അങ്ങനെ ചെയ്താല്‍ ഹെറ്ററോ നോര്‍മേറ്റിവിറ്റിയില്‍ നിന്ന് ഭാവി പൗരന്മാര്‍ മോചിതരാവുമോ? ഈ ചോദ്യങ്ങള്‍ക്ക് ക്വിയര്‍ തിയറിയുടെ വക്താക്കള്‍ക്ക് കൃത്യവും വ്യക്തവുമായ മറുപടിയുണ്ട്.
ലൈംഗികാഭിനിവേശത്തിന്റെ വര്‍ണ്ണരാജിയില്‍ ഒരറ്റത്തുള്ള ദ്വിവര്‍ഗ്ഗ ലൈംഗികത മാത്രം പ്രകൃതിപരവും മറ്റെല്ലാം പ്രകൃതിവിരുദ്ധവുമായി കരുതപ്പെടുന്നതിനുള്ള കാരണം ചരിത്രത്തിലുടനീളം  നിര്‍ബന്ധിത എതിര്‍വര്‍ഗ ലൈംഗികത (Compulsory Heterosexuality) അടിച്ചേല്‍പിക്കപ്പെട്ടതാണെന്നാണ് ക്വിയര്‍ തിയറി പറയുന്നത്. ആണധികാരം നിലനിര്‍ത്താനുള്ള രാഷ്ട്രീയായുധമായി ആണ്‍കോയ്മാ വ്യവസ്ഥിതികള്‍ എതിര്‍വര്‍ഗ ലൈംഗികതയെ ഉപയോഗിച്ചതുകൊണ്ടാണ് അത് നോര്‍മലും മറ്റെല്ലാം അബ്‌നോര്‍മലുമായി കരുതപ്പെടുന്ന സ്ഥിതിയുണ്ടായത് എന്നാണ് തിയറി. ലൈംഗികാഭിനിവേശത്തിന്റെ വര്‍ണ്ണരാജിയിലെ എല്ലാതരം ആസ്വാദനങ്ങളും അനുഭവിക്കാനാവുന്ന അവസ്ഥയുണ്ടാകണമെങ്കില്‍ എല്ലാ തരം ലൈംഗികാഭിനിവേശങ്ങളെയും സ്വാഭാവികമായി കരുതുന്ന സ്ഥിതിയുണ്ടാകണം. LGBTQIA+ വര്‍ണ്ണരാജിയിലെ എല്ലാതരം ലൈംഗികാഭിനിവേശങ്ങളും നോര്‍മലാണെന്ന ബോധം തലച്ചോറിലേക്ക് സന്നിവേശിക്കപ്പെടണം. എതിര്‍ വര്‍ഗ ലൈംഗിക സ്വാഭാവികതാ പൊതുബോധം തകര്‍ക്കപ്പെടണം. അത് തകര്‍ക്കുന്ന രീതിയില്‍ മാനവസ്ഥാപനങ്ങളെല്ലാം ഉടച്ചുവാര്‍ക്കപ്പെടണം. നിയമവും സമൂഹവും ഹെറ്ററോ നോര്‍മേറ്റിവ് ആയ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. എല്ലാ സാമൂഹികസ്ഥാപനങ്ങളെയും ഹോമോനോര്‍മേറ്റീവും ക്യുയെര്‍ നോര്‍മേറ്റീവുമെല്ലാമാക്കി മാറ്റണം. അങ്ങനെ മാറ്റുന്നതിന് വേണ്ടിയുള്ള വഴിവിട്ട പരിശ്രമത്തിന്റെ പേരാണ് ജെന്‍ഡര്‍ പൊളിറ്റിക്‌സ്.
ഹെറ്ററോ നോര്‍മേറ്റിവിറ്റിയെ തകര്‍ക്കുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിന്റെ ഒന്നാം ഘട്ടം നിയമനിര്‍മ്മാണമായിരുന്നു. ലോകത്തെ ഒരുവിധം എല്ലാ ജനാധിപത്യരാജ്യങ്ങളിലും സ്വവര്‍ഗാനുരാഗവും സ്വവര്‍ഗവിവാഹവുമെല്ലാം നിയമം മൂലം അനുവദിക്കപ്പെടുന്ന സ്ഥിതിയുണ്ടായത്  ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ ലോബിയിങ് വഴിയാണ്. അതിനായി LGBTQIA+ വര്‍ണ്ണരാജിയിലെ ലൈംഗികാഭിനിവേശങ്ങളെല്ലാം പ്രകൃതിപരവും ജനിതകവുമാണെന്ന് വരുത്തിത്തീര്‍ക്കുന്നതിനായുള്ള, ശാസ്ത്രീയമെന്ന പേരിലുള്ള ഗവേഷണങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു; പ്രസ്തുത ഗവേഷണങ്ങളെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള പഠനങ്ങളൊന്നും അനുവദിക്കാത്ത സാമൂഹികാവസ്ഥ സൃഷ്ടിക്കപ്പെട്ടു. അങ്ങനെ ആരെങ്കിലും പഠനങ്ങള്‍ നടത്തിയാല്‍ അവര്‍  ഉപദ്രവിക്കപ്പെടുന്ന സ്ഥിതിവിശേഷമുണ്ടാക്കിത്തീര്‍ത്തു. സ്വവര്‍ഗാനുരാഗിയായ ഒരാളെ അതില്‍ നിന്ന് മാറ്റാന്‍ ശ്രമിക്കുന്നതും അതിന്നായി ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്നതുമെല്ലാം ക്രിമിനല്‍ കുറ്റങ്ങളായി പരിഗണിക്കപ്പെടുന്ന സ്ഥിതിയുണ്ടാക്കുവാന്‍ മാത്രം ശക്തമാണ് ജെന്‍ഡര്‍ പൊളിറ്റിക്‌സ്.
ഹോമോ നോര്‍മേറ്റീവിറ്റിയും ക്യുയെര്‍ നോര്‍മേറ്റീവിറ്റിയും അടിച്ചേല്‍പ്പിക്കുന്നതിന്റെ അടുത്ത ഘട്ടം സാമൂഹികമായ മാറ്റമാണ്. അതിന് സമൂഹത്തില്‍ ആണ്‍-പെണ്‍ വ്യത്യാസങ്ങള്‍ പരിഗണിക്കാത്ത സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെടണം. കുട്ടികളുടെ വ്യക്തിത്വരൂപീകരണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ ഇടപെട്ടാല്‍ അതിന് കഴിയുമെന്ന് പെരുമാറ്റ മനഃശാസ്ത്രം (Behavioral Psychology) അവരെ പഠിപ്പിച്ചിട്ടുണ്ട്. ഓരോ കുട്ടിയെയും താന്‍ ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്ന്  തിരിച്ചറിയാന്‍ കഴിയാത്ത വിധം വളര്‍ത്തിയാല്‍ ആണ്‍- പെണ്‍ വ്യത്യാസങ്ങളറിയാതെ അവര്‍ വളര്‍ന്നു വരും. അങ്ങനെ വളര്‍ന്നുവരുന്നവര്‍ ലൈംഗികത്വരയുണ്ടാകുന്ന കൗമാരത്തിലെത്തിയാല്‍ വികാരശമനത്തിന് തങ്ങള്‍ക്ക് കാമ്യമെന്ന് തോന്നുന്ന രീതികള്‍ സ്വീകരിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടാകും. LGBTQIA+ വര്‍ണ്ണരാജിയിലെ തങ്ങളുടെ സ്ഥാനമെന്താണെന്ന് തീരുമാനിക്കാന്‍ അപ്പോള്‍ അവര്‍ക്ക് കഴിയും. ഹെറ്ററോ നോര്‍മേറ്റിവിറ്റിയെ തകര്‍ത്തുകൊണ്ടല്ലാതെ അതിന്ന് കഴിയില്ലെന്നാണ് ക്വിയര്‍ തിയറിയുടെ വക്താക്കള്‍ കരുതുന്നത്.
ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്ന്  സ്വയം തിരിച്ചറിയാന്‍ കഴിയാതെ ഒരാളെ വളര്‍ത്തണമെങ്കില്‍ ആദ്യം അവരുടെ വസ്ത്രധാരണത്തിലെ വൈവിധ്യങ്ങള്‍ എടുത്ത് കളയണം. ഉപദേശം കൊണ്ട് മാത്രം കഴിയുന്നതല്ല ഇത്; അല്‍പം ശക്തി ഉപയോഗിക്കേണ്ടി വന്നാലും കുഴപ്പമില്ല. എന്നാല്‍ അങ്ങനെ ശക്തി ഉപയോഗിക്കുന്നത് മൂലം ആരുടെയെങ്കിലും സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്ന് തോന്നാനും പാടില്ല. അതിനാണ് സ്‌കൂള്‍ യൂനിഫോമില്‍ നിന്ന് തന്നെ തുടങ്ങുന്നത്. നിര്‍ബന്ധമായും അണിയേണ്ടതായതിനാല്‍ അത് കുട്ടികള്‍ അണിയേണ്ടി വരും. സ്ത്രീ-പുരുഷ സമത്വത്തിന് വേണ്ടിയാണ് അതെന്ന് കൊട്ടിഘോഷിച്ചാല്‍ പൊതുവെ ലിബറല്‍ മൂല്യങ്ങള്‍ പേറുന്ന  സമൂഹം അത് സ്വീകരിക്കാന്‍ വൈമുഖ്യം കാണിക്കുകയില്ല. ആണ്‍-പെണ്‍ സൗഹൃദത്തിന് കൂടുതല്‍ കഴിയുമെന്ന ധാരണയുണ്ടാക്കിയാല്‍ കൗമാരക്കാരായ കുട്ടികളില്‍ നിന്ന് എതിര്‍പ്പുകളൊന്നും ഉണ്ടാവുകയുമില്ല. സ്‌കൂളിനകത്ത് നിന്ന് തുടങ്ങുന്ന ശീലം മെല്ലെ വീടുകളിലേക്കും സമൂഹത്തിലേക്കും വ്യാപിക്കും. ആണും പെണ്ണും തിരിച്ചറിയാത്ത അവസ്ഥയുണ്ടാക്കാന്‍ അതുവഴി കഴിയുമെന്നാണ് എല്‍ജിബിറ്റി ആക്ടിവിസ്റ്റുകള്‍ കരുതുന്നത്. അതുവഴി മെല്ലെ ഹെറ്ററോ നോര്‍മേറ്റിവിറ്റിയെ തകര്‍ക്കുവാന്‍ കഴിയുമെന്ന് അവര്‍ സ്വപ്‌നം കാണുകയും ചെയ്യുന്നു.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമുകള്‍ വഴി ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയുണ്ടായിക്കഴിഞ്ഞാല്‍ അടുത്ത പടിയിലേക്ക് കയറാന്‍ കുട്ടികള്‍ തന്നെ സ്വയം നിര്‍ബന്ധിതരാകും. അതിനനുസൃതമായ രീതിയില്‍ മുടിയും ഉടയാടകളും സ്വീകരിക്കാന്‍ സ്വയം നിര്‍ബന്ധിക്കപ്പെടുന്ന സ്ഥിതിയുണ്ടാവും.  ഒരേ രൂപത്തിലാകുന്നതിനായി മുടി മുറിക്കുകയോ നീട്ടി വളര്‍ത്തുകയോ ചെയ്യാന്‍ എല്ലാവരും സ്വയം നിര്‍ബന്ധിക്കപ്പെടുകയും അതിന് സന്നദ്ധരാവുകയും ചെയ്യും. ആണ്‍- പെണ്‍ വ്യത്യാസങ്ങളില്ലാതെ ഇടപഴകല്‍ അങ്ങനെ സ്വാഭാവികമായിത്തീരും.  ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരേ ബെഞ്ചില്‍ അടുത്തടുത്തിരുത്തിക്കൊണ്ട് തുറന്ന ഇടപെടലുകള്‍ക്കുള്ള അവസരങ്ങള്‍  നേരത്തെ തന്നെ ഉണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്. കൗമാരത്തിന് മുമ്പ് തന്നെ ജെന്‍ഡര്‍ ന്യൂട്രല്‍ ഹോസ്റ്റലുകളില്‍ കഴിയാന്‍ വൈമനസ്യമൊന്നുമില്ലാത്ത സ്ഥിതിവിശേഷമുണ്ടാവുകയും അത്തരം ഹോസ്റ്റലുകള്‍ വ്യാപകമാവുകയും ചെയ്യും. ജെന്‍ഡര്‍ ന്യൂട്രല്‍ ടോയ്ലെറ്റുകളും ഇതോടൊപ്പം വ്യാപകമാവും. ആണും പെണ്ണും ഒരേപോലെ ഇടപഴകുന്ന സ്ഥിതിയുണ്ടായാല്‍ അവര്‍ തമ്മില്‍ കണ്ടാല്‍ പോലും മനസ്സിലാകാത്ത അവസ്ഥയുണ്ടാകും. ഇങ്ങനെയെല്ലാമാണെങ്കിലും കൗമാരത്തിലെത്തുന്നതോടെ ജന്തുസഹജമായ ലൈംഗികതൃഷ്ണ അവരില്‍ രൂപപ്പെടും. അപ്പോള്‍  ലൈംഗികാസ്വാദനത്തിന് ആരെങ്കിലും ഒരാള്‍ മതിയെന്ന മാനസികാവസ്ഥയിലെത്തും.      
ലൈംഗികാഭിനിവേശത്തിന്റെ വര്‍ണ്ണരാജിയിലെ തങ്ങള്‍ക്ക് ആസ്വാദകരമായി തോന്നുന്ന സ്വവര്‍ഗാനുരാഗം മുതല്‍ മൃഗരതി വരെയുള്ള ഏത് നിറവും സ്വീകരിക്കുവാന്‍ അവര്‍ക്ക് കഴിയും. ഒരു നിറത്തില്‍ നിന്ന് അടുത്ത നിറത്തിലേക്ക് ചാടാനും അവര്‍ക്ക് പ്രയാസമൊന്നുമുണ്ടാവില്ല. തങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരാളുമായോ ഒന്നിലധികം പേരുമായോ അവര്‍ രതിസുഖം പങ്കുവെക്കും. ആടോ പന്നിയോ പട്ടിയോ കുരങ്ങോ തന്റെ ഇണയായി വന്നാലും ആ രതിയില്‍ അയാള്‍ക്ക് കുറ്റബോധമൊന്നുമുണ്ടാവുകയില്ല. ഇതാണ് ഹെറ്ററോ നോര്‍മേറ്റിവിറ്റിയുടെ ഭാരത്തില്‍ നിന്ന് രക്ഷപ്പെട്ട ലോകത്തെക്കുറിച്ച ക്യുയെര്‍ സ്വപ്‌നം. ഈ സ്വപ്‌നത്തിലേക്ക് നയിക്കുന്നതിന്റെ ആദ്യപടിയായി നടപ്പാക്കുന്നതാണ് എന്നതിനാലാണ്  ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം അപകടകരമാണെന്ന് പറയുന്നത്, അല്ലാതെ ഏതെങ്കിലും ഒരു വസ്ത്രത്തോട് പ്രത്യേക വിരോധമെന്തെങ്കിലും ഉള്ളതുകൊണ്ടല്ല.  

(തുടരും)

ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം: 
സിദ്ധാന്തവും പ്രയോഗവും - 3


ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമിനെതിരെയുള്ള ഒന്നാമത്തെ വാദം അതിന്റെ ലക്ഷ്യം അപകടകരമാണ് എന്നതാണ്. അത് നടപ്പാക്കുന്നതിന്റെ ലക്ഷ്യം എതിര്‍വര്‍ഗത്തിലുള്ളവര്‍ തമ്മില്‍ നടക്കുന്ന  ലൈംഗികബന്ധമാണ്  സ്വാഭാവികമെന്ന  പൊതുബോധത്തെ തകര്‍ക്കുകയാണെന്ന് മന്ത്രി തന്നെ പ്രസ്താവിച്ചു കഴിഞ്ഞതാണ്. അങ്ങനെ തകര്‍ക്കപ്പെടുന്നത് വഴി ഉണ്ടാകാന്‍ പോകുന്നത് വലിയ സാമൂഹിക ദുരന്തമാണെന്ന് ചരിത്രവും വര്‍ത്തമാനവും നമ്മെ പഠിപ്പിക്കുന്നു. ലക്ഷ്യം അപകടകരമാണ്. വലിയ നാശമാണ് അതുകൊണ്ട് സമൂഹത്തിലുണ്ടാവുക; മാനവരാശിയെ തകര്‍ക്കാന്‍ പോന്ന നാശം.
എതിര്‍വര്‍ഗത്തിലുള്ളവര്‍ തമ്മില്‍ നടക്കുന്ന  ലൈംഗികബന്ധമാണ്  സ്വാഭാവികമെന്ന  പൊതുബോധം തകര്‍ക്കപ്പെട്ട ആദ്യത്തെ സമൂഹം സദോം ഗമോറാ ദേശക്കാരായിരുന്നുവെന്നാണ് വേദഗ്രന്ഥങ്ങള്‍ പറയുന്നത് (ഖുര്‍ആന്‍ 7:80-82; ഉല്‍പത്തി 19:1-26). സ്വവര്‍ഗാനുരാഗത്തെ സ്വാഭാവികമായി കരുതുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്ത അവരെ ദൈവം നശിപ്പിച്ചുവെന്ന വേദങ്ങള്‍ നല്‍കുന്ന പാഠം ഹെറ്ററോ നോര്‍മേറ്റീവ് സൊസൈറ്റിയെ തകര്‍ത്താല്‍  ഉണ്ടാകാന്‍ പോകുന്ന അപകടമെന്താണെന്ന് മനസ്സിലാക്കിത്തരുന്നുണ്ട്.
പുരാതന ഗ്രീസില്‍  ആര്‍ക്കേയിക് കാലം (Archaic Period) എന്നറിയപ്പെടുന്ന, ക്രിസ്തുവിന് 650 വര്‍ഷം മുതല്‍ 480 വര്‍ഷം മുമ്പ്  വരെയുള്ള  കാലത്ത്  വ്യാപകമായ രൂപത്തില്‍ കൗമാരപ്രായത്തിലെത്തിയ ആണ്‍കുട്ടികളുമായി പ്രായമായവര്‍ നടത്തിയിരുന്ന കൗമാര സ്വവര്‍ഗരതി (Pederasty) നിലനിന്നിരുന്നുവെന്ന് ചുമര്‍ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ചില ഗവേഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സഹസ്രാബ്ദങ്ങളായി തലയുയര്‍ത്തി നിന്നിരുന്ന ഗ്രീക്ക് നാഗരികത തകര്‍ന്നതിനുള്ള പല കാരണങ്ങളിലൊന്ന്  എതിര്‍വര്‍ഗത്തിലുള്ളവര്‍ തമ്മില്‍ നടക്കുന്ന ലൈംഗികബന്ധമാണ് സ്വാഭാവികമെന്ന  പൊതുബോധം ഇല്ലാതായതായിരിക്കാം. സ്വവര്‍ഗാനുരാഗവും രതിയുമെല്ലാം പുരാതനമായ പല സംസ്‌കാരങ്ങളിലും നിലനിന്നിരുന്നുവെങ്കിലും അവയിലെല്ലാം അതിന്നെതിരെയുള്ള നിയമങ്ങളും ശക്തമായിരുന്നുവെന്ന് കാണാം. സ്വവര്‍ഗരതി നാശത്തിനുള്ള ഹേതുകമാണെന്ന് പൂര്‍വ്വസമൂഹങ്ങളില്‍ നിന്ന് പകര്‍ന്നുകിട്ടിയ അനുഭവങ്ങള്‍ പഠിപ്പിച്ചതുകൊണ്ടാവണം അതിന്നെതിരെയുള്ള കര്‍ക്കശമായ നിയമങ്ങള്‍ സമൂഹത്തിലുണ്ടായത്. സ്വവര്‍ഗ്ഗരതിക്കാര്‍ക്ക് മരണശിക്ഷയാണ് ബൈബിള്‍ പഴയനിയമവും (ലേവ്യ: 20:13) ക്രിസ്തുവിന് 149 വര്‍ഷങ്ങള്‍ക്ക് മുമ്പ് റോമില്‍ നിലനിന്നിരുന്ന 'ലെക്സ് സ്‌കാന്റിനിയ' നിയമവും ഇസ്‌ലാമിക നിയമവും (തിര്‍മിദി, അബൂദാവൂദ്, ഇബ്നുമാജ) വിധിച്ചിരിക്കുന്നത്. ഇരുന്നൂറ് പണം പിഴയും രണ്ട് വിരലുകള്‍ മുറിച്ച് മാറ്റലും മൊട്ടയടിച്ച് കഴുതപ്പുറത്തിരുത്തി നാട് ചുറ്റിക്കലും ജാതിഭ്രഷ്ടുമെല്ലാമാണ് മനുസ്മൃതി പ്രകാരമുള്ള ശിക്ഷ (മനുസ്മൃതി 8:369,370; 11:68). എതിര്‍ലിംഗത്തിലുള്ളവര്‍ തമ്മിലുള്ള ലൈംഗികതയാണ് സ്വാഭാവികമെന്ന ചിന്ത തകരാതിരിക്കുവാന്‍ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള നിയമദാതാക്കള്‍ ശ്രദ്ധിച്ചിരുന്നുവെന്ന് മനസ്സിലാക്കിത്തരുന്നതാണ് കര്‍ക്കശമായ ഈ നിയമങ്ങള്‍. അത് തകര്‍ന്നാല്‍ സര്‍വ്വനാശമായിരിക്കുമെന്ന വസ്തുത വ്യക്തമാക്കുന്നുണ്ട് സദോം ഗാമോറക്കാരുടെ ചരിത്രം.
വര്‍ത്തമാനകാലത്തേക്ക് വന്നാല്‍, 1969-ലെ സ്റ്റോണ്‍വാള്‍ കലാപങ്ങള്‍ക്ക് (Stonewall Riots) ശേഷമാണ് അമേരിക്കയില്‍ സ്വവര്‍ഗാനുരാഗി സംഘങ്ങള്‍ സജീവമാകുന്നതും അത് അന്താരാഷ്ട്ര തലത്തില്‍ തന്നെയുള്ള ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ പിറവിക്ക് നിമിത്തമാകുന്നതും.
ന്യൂയോര്‍ക്ക് പട്ടണത്തിനടുത്ത ഗ്രീന്‍വിച്ച് വില്ലേജിലെ അറിയപ്പെടുന്ന ഗേ ക്ലബ്ബും റസ്റ്റോറന്റുമായിരുന്നു 'സ്റ്റോണ്‍വാള്‍ ഇന്‍'. അവിടെ 1969 ജൂണ്‍ 28-ന് അതിരാവിലെ പോലീസ് റെയ്ഡ് നടത്തി. അതോടനുബന്ധിച്ചുണ്ടായ കലാപങ്ങളില്‍ നിരവധി നാശനഷ്ടങ്ങളുണ്ടായി. സ്റ്റോണ്‍ വാള്‍ കലാപങ്ങള്‍ വഴി സ്വവര്‍ഗാനുരാഗികള്‍ തങ്ങളെ  തൊട്ടുകളിച്ചാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും നിയമ സംവിധാനങ്ങളുമെല്ലാം ആക്രമിക്കപ്പെടുമെന്ന സന്ദേശം നല്‍കുകയായിരുന്നു. കലാപത്തിന്റെ പരിണിതിയെന്നവണ്ണം, സ്വവര്‍ഗാനുരാഗസംഘങ്ങള്‍ യോജിപ്പിലെത്തി 'ഗേ ലിബറേഷന്‍ ഫ്രണ്ട്' എന്ന ഐക്യവേദി രൂപീകരിക്കുകയുണ്ടായി. പിന്നെ അമേരിക്കയില്‍ സ്വവര്‍ഗാനുരാഗികളുടെ വിളയാട്ടമായിരുന്നു. ഡോ. ക്രിസ്റ്റഫര്‍ 1998 നവംബര്‍ മാസത്തിലെ 'ജേര്‍ണല്‍ ഓഫ് സെക്സ് റിസേര്‍ച്ച്' മാഗസിനില്‍ എഴുതിയ  ലേഖനത്തില്‍ പറയുന്നത് ഇങ്ങനെ: ''1970കളിലെ ഗേ ലിബറേഷന്‍ സ്വവര്‍ഗലൈംഗികതയില്‍ വലിയ പൊട്ടിത്തെറിയാണുണ്ടാക്കിയത്. സ്വവര്‍ഗാനുരാഗികള്‍ കൂടുതലായുള്ള ന്യൂയോര്‍ക്ക് സിറ്റിയിലും സാന്‍ഫ്രാന്‍സിസ്‌കോയിലുമെല്ലാം ഈ പൊട്ടിത്തെറി രൂക്ഷമായിരുന്നു. ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് ഡിപാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഈ സ്ഥിതിവിശേഷത്തെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: അവരുടെ തന്നെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പല പുരുഷന്മാരും ഒരു വര്‍ഷത്തില്‍ നിരവധി പേരുമായി ശാരീരികവേഴ്ചയിലേര്‍പ്പെടുന്നുണ്ടായിരുന്നു. നൂറുകണക്കിനും ആയിരക്കണക്കിനും ലൈംഗിക പങ്കാളികളുള്ളവര്‍ വരെ അവരിലുണ്ടായിരുന്നു. മേല്‍വിലാസമറിയാത്തവരുമായി നടക്കുന്നതും പെട്ടെന്ന് തട്ടിക്കൂട്ടുന്നതുമായ ലൈംഗികബന്ധങ്ങള്‍ വ്യാപകമായി. കുളിമുറികള്‍, ബാറുകളുടെയും ക്ലബ്ബുകളുടെയുമെല്ലാം പിന്‍മുറികള്‍, പുസ്തകശാലകള്‍ മുതല്‍ സിനിമാശാലകള്‍ വരെയുള്ള പൊതുസ്ഥലങ്ങള്‍ തുടങ്ങിയിടങ്ങളെല്ലാം സ്വവര്‍ഗരതിക്കുവേണ്ടി തുറന്നുവെക്കപ്പെട്ട കേന്ദ്രങ്ങള്‍പോലെയായി.... 1970-കളുടെ അവസാനം കാണപ്പെട്ട എയിഡ്സ് വൈറസിന്റെ ധ്രുതഗതിയിലുള്ള വ്യാപനത്തിന് ഇത് നിമിത്തമായി. ആണുങ്ങളില്‍ ഗുദത്തിലും വായിലുമുണ്ടാകുന്ന ഗൊണേറിയ വര്‍ധിച്ചുകൊണ്ടിരുന്നു...''
അമേരിക്കയിലെ 'സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോളി'ന്റെ (CDC) 2003-ലെ കണക്കുകള്‍ പ്രകാരം എയിഡ്സ് രോഗികളില്‍ 63 ശതമാനം പുരുഷന്മാര്‍ക്കും പ്രസ്തുത രോഗമുണ്ടായിട്ടുള്ളത് സ്വവര്‍ഗസംഭോഗം വഴിയാണ്. നിലവിലുള്ള ആന്റിബയോട്ടിക്കുകളെയെല്ലാം നിര്‍വീര്യമാക്കുന്ന തരത്തിലുള്ള സ്റ്റാഫ് ബാക്ടീരിയകള്‍ പരത്തുന്ന പുതിയ ഒരു തരം ത്വക്ക് രോഗം സാന്‍ഫ്രാന്‍സിസ്‌കോ, ബോസ്റ്റണ്‍, ന്യൂയോര്‍ക്ക്, ലോസ് ഏഞ്ചല്‍സ് തുടങ്ങിയ സ്ഥലങ്ങളിലെ സ്വവര്‍ഗപ്രണയികള്‍ക്കിടയില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നതായി 2008 ജനുവരി 15-ന് പുറത്തിറങ്ങിയ 'സാന്‍ഫ്രാന്‍സിസ്‌കോ ക്രോണിക്ക്ള്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്റിബയോട്ടിക്കുകള്‍ക്ക് വഴങ്ങാത്ത ബാക്ടീരിയകളാണ് ഈ അസുഖമുണ്ടാക്കുന്നത് എന്നതുകൊണ്ടുതന്നെ ഇത് ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിയാതെ പ്രയാസപ്പെടുകയാണ് അമേരിക്കന്‍ ആരോഗ്യവകുപ്പ്. അമേരിക്കയില്‍ നിന്ന് നിഷ്‌കാസനം ചെയ്യപ്പെട്ടുവെന്ന് കരുതിയിരുന്ന സിഫിലിസും 2000 മുതല്‍ സ്വവര്‍ഗഭോഗികള്‍ക്കിടയില്‍ വര്‍ധിച്ചുവരികയാണെന്നും ഇന്ന് അവിടെയുള്ള സിഫിലിസ് രോഗികളില്‍ 65 ശതമാനവും സ്വവര്‍ഗഭോഗികളാണെന്നും 2009 ജനുവരി 15-ന് പുറത്തുവന്ന ഒരു പഠനം വ്യക്തമാക്കുന്നു. ഗൊണേറിയ, ലിംഫോഗ്രാനുലോമവെനേറിയം, പ്രോക്ടിറ്റിസ്,  ഹെപ്പറ്റൈറ്റിസ്, ഷിഗില്ലോസിസ്, ഗുദ ക്യാന്‍സര്‍ തുടങ്ങിയ ലൈംഗികരോഗങ്ങളെല്ലാം സ്വവര്‍ഗാനുരാഗികള്‍ക്കിടയില്‍ വളരെ കൂടുതലാണ്. സ്വവര്‍ഗഭോഗികള്‍ക്ക് ഗുദത്തിലും വന്‍കുടലിലുമുണ്ടാവുന്ന രോഗങ്ങളെ മൊത്തത്തില്‍ ഗേ ബവല്‍ സിന്‍ഡ്രോം (Gay bowel Syndrome) എന്നു വിളിക്കുന്നത്  1976 മുതല്‍ ഭിഷഗ്വരന്മാര്‍ക്കിടയില്‍ വ്യാപകമായിരുന്നു. സ്വവര്‍ഗാനുരാഗികളുടെ ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് അമേരിക്കയിലും യൂറോപ്പിലുമുള്ളവര്‍ അങ്ങനെ പ്രയോഗിക്കുന്നതില്‍ നിന്നും മാറിനില്‍ക്കുവാന്‍ നിര്‍ബന്ധിതമാവുകയാണുണ്ടായത്. സ്വവര്‍ഗാനുരാഗികള്‍ക്കുണ്ടാവുന്ന രോഗങ്ങളെക്കുറിച്ച പുതിയ വിവരങ്ങളില്‍ പലതും ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ വക്താക്കള്‍ ബോധപൂര്‍വ്വം മറച്ചുവെക്കുകയും അത്തരം വാര്‍ത്തകളെ തമസ്‌കരിക്കുകയുമാണ് ഇന്ന് ചെയ്യുന്നത്.
'പ്രൈഡ് പരേഡുകള്‍' എന്നറിയപ്പെട്ട സ്വവര്‍ഗാനുരാഗികളുടെ പ്രകടനങ്ങള്‍ക്ക് തുടക്കം കുറിച്ചത് 1970 ജൂണ്‍ 28-ന് സ്റ്റോണ്‍വാള്‍ കലാപങ്ങളുടെ  വാര്‍ഷികദിനത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ വെച്ച് ഗേ ലിബറേഷന്‍ ഫ്രണ്ട് സംഘടിപ്പിച്ച പരേഡോടു കൂടിയായിരുന്നു. പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം പരേഡുകള്‍ സംഘടിപ്പിക്കപ്പെട്ടു. 2008 സെപ്റ്റംബര്‍ 28-ന് ഞായറാഴ്ച സാന്‍ഫ്രാന്‍സിസ്‌കോയില്‍  നടന്ന പ്രൈഡ് പരേഡിനെപ്പറ്റി അമേരിക്കന്‍ ഫാമിലി അസോസിയേഷന്‍ ഓഫ് പെന്‍സില്‍വാനിയയുടെ വക്താവ് ഡയാന്‍ഗ്രാം ലി സങ്കടത്തോടെ ചോദിക്കുന്നത്, 'ഒരു നഗരം എന്തിനാണ് ഇതെല്ലാം അനുവദിക്കുന്നത്?' എന്നാണ്.  പൂര്‍ണനഗ്‌നരും അര്‍ദ്ധനഗ്‌നരുമായ ആണും പെണ്ണും ലിംഗങ്ങള്‍ സ്വയം പിടിച്ചും മറ്റുള്ളവരുടെ ശരീരത്തില്‍ ഉരസിയും കുടിച്ചും കൂത്താടിയും നടത്തുന്ന പരേഡ്. സ്വവര്‍ഗാനുരാഗ സ്വാതന്ത്ര്യത്തിന്റെ പൂര്‍ണമായ പ്രകടനം! പൊതുസ്ഥലത്തെ ലൈംഗികത കണ്ടും കേട്ടും കണ്ണും കാതും മരവിച്ചുപോയ ശരാശരി അമേരിക്കക്കാരന്‍ പോലും ഈ പരേഡ് കാണുമ്പോള്‍ 'ഇത്രയ്ക്കു വേണോ?' എന്ന് ചോദിച്ചു പോകുന്നു. ഹെറ്ററോ നോര്‍മേറ്റീവിറ്റിയില്‍ നിന്ന് രക്ഷപ്പെട്ട സമൂഹത്തിന്റെ ചിത്രമാണിത്. നമ്മുടെ കേരളത്തിന് ഇത് വേണോ എന്നാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിന്റെ മികവുകളെക്കുറിച്ച് വാചാലരാകുന്നവരോട് ചോദിക്കാനുള്ളത്.
1970-കള്‍ അമേരിക്കയിലും യൂറോപ്പിലുമെല്ലാമുള്ള സ്വവര്‍ഗാനുരാഗികളുടെ വിളയാട്ട കാലമായിരുന്നു. റാലികള്‍ സംഘടിപ്പിച്ചും പ്രസിദ്ധീകരണങ്ങളിലൂടെയും അവര്‍ ഹെറ്ററോ നോര്‍മേറ്റിവിറ്റിക്കെതിരെ ബോധവല്‍ക്കരിച്ചുകൊണ്ടിരുന്നു. അതോടനുബന്ധിച്ച് നിരവധി കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1977 ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബോസ്‌കണിലെ കേസ് ആയിരുന്നു ഇക്കാലത്ത് ഏറെ കോളിളക്കമുണ്ടാക്കിയ കേസുകളിലൊന്ന്. എട്ടിനും പതിനഞ്ചിനുമിടയിലുള്ള നിരവധി ആണ്‍കുട്ടികളെ ഇരുപത്തിനാല് സ്വവര്‍ഗാനുരാഗികള്‍ ചേര്‍ന്ന് നിരവധി തവണ ബലാല്‍സംഗം ചെയ്തുവെന്നതായിരുന്നു കേസ്. ബലാല്‍സംഗമല്ല, പ്രത്യുത കുട്ടികളുടെ ഇഷ്ടപ്രകാരമുള്ള വേഴ്ചയാണ് നടന്നതെന്ന് പ്രചരിപ്പിച്ചുകൊണ്ട് ഈ കുറ്റകൃത്യത്തെ ന്യായീകരിക്കുവാന്‍ സ്വവര്‍ഗാനുരാഗസംഘങ്ങള്‍ ധൃഷ്ടരായി. മുന്‍ മിസ് അമേരിക്കയായിരുന്ന അനിതാ ബ്ര്യാന്റിന്റെ നേതൃത്വത്തില്‍ ''നമ്മുടെ മക്കളെ രക്ഷിക്കുക'' (Save Our Children) എന്ന തലക്കെട്ടോടെ മാതാപിതാക്കള്‍ക്ക് സ്വവര്‍ഗരതിക്കാര്‍ക്കെതിരെ ഒരു കാമ്പയിന്‍ തന്നെ സംഘടിപ്പിക്കേണ്ടിവന്നു. സ്വന്തം മക്കളെ സംരക്ഷിക്കുന്നതിനായി കാമ്പയിനുകള്‍ സംഘടിപ്പിക്കേണ്ടി വന്ന അമേരിക്കന്‍ മാതാപിതാക്കളുടെ ഗതികേടാണ് ഹെറ്ററോ നോര്‍മേറ്റിവിറ്റി തകര്‍ക്കപ്പെടുന്നതോടെ കേരളത്തിലെ മാതാപിതാക്കള്‍ക്കും ഉണ്ടാകാന്‍ പോകുന്നത് എന്ന ഭയമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമിനെതിരെ സംസാരിക്കാന്‍ ഉത്തരവാദിത്തമുള്ള രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നത്.
ഹെറ്ററോ നോര്‍മേറ്റിവിറ്റി തകര്‍ത്തുകൊണ്ട് ഹോമോസെക്ഷ്വാലിറ്റിയെ സ്വാഭാവിക ലൈംഗികതയായി അംഗീകരിക്കുന്ന അമേരിക്കന്‍ സംഘങ്ങളുടെ സ്ഥിതിയെക്കുറിച്ച്  അമേരിക്കന്‍ മനഃശാസ്ത്രജ്ഞനും മാനസികാപഗ്രഥന വിദഗ്ധനും ഭൗതികശാസ്ത്രജ്ഞനുമായ ജെഫ്റി സാറ്റിനൊവേര്‍ തന്റെ 1996-ല്‍ പുറത്തിറങ്ങിയ Homosexuality and the Politics of Truth എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്. സാമൂഹിക വിരുദ്ധമായ സകല തിന്മകളും നടമാടുന്ന ആള്‍ക്കൂട്ടം; മദ്യവും മയക്കുമരുന്നുകളും കുട്ടികളെ പീഡിപ്പിക്കലും കുഴപ്പങ്ങളുണ്ടാക്കലും കലാപങ്ങളുമെല്ലാം  മുഖമുദ്രയാക്കിയ സമൂഹം; എയ്ഡ്‌സിനെയും ഗൊണേറിയയെയും ഹെപ്പറ്റൈറ്റിസിനേയും പോലെയുള്ള രോഗങ്ങളാല്‍ പൊറുതിമുട്ടുന്നവര്‍; കുടുംബങ്ങളില്‍ നിന്നുള്ള അകല്‍ച്ചയും സാമൂഹിക ബന്ധങ്ങളുടെ തകര്‍ച്ചയും സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളാല്‍ മനോരോഗികളായിത്തീരുന്നവരുടെ കൂട്ടായ്മ. ഇത്തരം കൂട്ടായ്മകളിലേക്ക് ഇരുപത് വയസ്സിന് മുമ്പ് എത്തിപ്പെട്ടാല്‍ മുപ്പത് വയസ്സാകുമ്പോഴേക്ക് മരിക്കുകയോ എയ്ഡ്‌സ് രോഗിയാവുകയോ ചെയ്യുമെന്നാണ് കണക്ക്. ഹെറ്ററോ നോര്‍മേറ്റിവിറ്റി തകര്‍ക്കപ്പെട്ട സമൂഹത്തിന്റെ ദാരുണമായ ചിത്രം. കേരളത്തെയും ഈ ചിത്രത്തിലേക്ക് കയറ്റണോ എന്നാണ്  ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമിനുവേണ്ടി വാദിക്കുന്നവരോട് ചോദിക്കാനുള്ളത്.
ഹെറ്ററോ നോര്‍മേറ്റിവിറ്റി തകരുകയും ലൈംഗികതയെ വിലക്കുകളില്‍ നിന്ന് സ്വതന്ത്രമാക്കുകയും ചെയ്ത നാസ്തികരുടെ സ്വര്‍ഗമായ സ്‌കാന്റിനേവിയന്‍ രാജ്യങ്ങളിലാണ് ഏറ്റവുമധികം വിവാഹേതരരതി നടക്കുന്നതെന്നത് അവര്‍ക്ക് അഭിമാനമായിരിക്കാം. നമുക്ക് ആ അഭിമാനം വേണോ എന്ന് ചിന്തിക്കാന്‍ മലയാളികള്‍ സന്നദ്ധരാകണം. നോര്‍വേയില്‍  41 ശതമാനം പേരും ഡെന്‍മാര്‍ക്കില്‍  46 ശതമാനം പേരും ഫിന്‍ലാന്റില്‍ 36 ശതമാനം പേരും വിവാഹബാഹ്യബന്ധങ്ങളില്‍ ഏര്‍പ്പെടുന്നു എന്നാണ് കണക്ക്.  വിവാഹിതരായവര്‍ക്ക് അതിന്ന് പുറത്തുള്ള ലൈംഗിക പങ്കാളികളെ കണ്ടെത്താനായുള്ള  ബെല്‍ജിയത്തിലെ വെബ്സൈറ്റില്‍ പത്ത് ലക്ഷത്തിലധികം പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  വിവാഹത്തിന് പുറത്തെ രതിയും അവിടെ പരസ്യപ്പെടുത്തുന്നുണ്ട് എന്നര്‍ത്ഥം. ഇതിന്റെ ഫലമായി അവിടങ്ങളില്‍ ലൈംഗിക രോഗങ്ങള്‍ വ്യാപകമാകുന്നു. സ്വീഡനില്‍ ഗൊണേറിയയും സിഫിലിസും 15-നും 24-നും ഇടയില്‍ പ്രായമുള്ള യുവതികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 2010-ല്‍ 60 ശതമാനം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. അവിടെ  ഓരോ വര്‍ഷവും 200 മുതല്‍ 300 വരെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈംഗികാതിക്രമങ്ങള്‍ കാരണം പരിക്കേല്‍ക്കേണ്ടി വരുന്നു; കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ പെരുകിയതിനാല്‍ കുട്ടികളുടെ പോര്‍ണോഗ്രാഫി 1970-ല്‍ അവിടെ നിരോധിച്ചിരുന്നു. അത് നിയമ വിധേയമാക്കണമെന്ന മുറവിളി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്  അവിടെ. 2012-ല്‍ പൈറേറ്റ് പാര്‍ട്ടി ഓഫ് സ്വീഡന്‍  കുട്ടികളുടെ അശ്ലീല പ്രദര്‍ശനം വീണ്ടും നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ബെല്‍ജിയം മുതല്‍ സ്‌പെയിന്‍ വരെയുള്ള നാടുകളില്‍ പലതിലും  അഗമ്യഗമനം നിയമവിധേയമാണ്. ആര്‍ക്കും രക്ഷയില്ലാത്ത സ്ഥിതി. കുട്ടികളും മൃഗങ്ങളും അമ്മയും പെങ്ങളുമെല്ലാം ലൈംഗികമായി ഉപയോഗിക്കപ്പെടുന്ന അവസ്ഥ. ഹെറ്ററോ നോര്‍മേറ്റിവിറ്റി തകര്‍ന്നാലുള്ള സമൂഹത്തിന്റെ സ്ഥിതിയാണിത്.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നടപ്പാക്കുന്നത് ഹെറ്ററോ നോര്‍മേറ്റിവിറ്റിയെ തകര്‍ക്കാനാണ്; അത് തകര്‍ക്കുകയെന്നത് ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ ലക്ഷ്യമാണ്. കുടുംബ സംവിധാനത്തെ തകര്‍ക്കുകയും യാതൊരുവിധ വിലക്കുകളുമില്ലാതെ ആര്‍ക്കും എപ്പോഴും എങ്ങനെയും ലൈംഗികത ആസ്വദിക്കാനാവുന്ന അവസ്ഥ സൃഷ്ടിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറയുന്നത് അതിന്റെ വക്താക്കള്‍ തന്നെയാണ്. ഈ ലക്ഷ്യം അപകടകരമാണ്. ഈ അപകടത്തിലേക്കുള്ള ഒന്നാമത്തെ കാല്‍വെപ്പാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം. അതുകൊണ്ടാണ് ധാര്‍മ്മികബോധമുള്ളവര്‍ അതിനെ എതിര്‍ക്കുന്നത്. 
(തുടരും)

ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം: സിദ്ധാന്തവും പ്രയോഗവും - 4

ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നിര്‍ബന്ധിക്കുന്നതെന്തിന് എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്ന സിദ്ധാന്തങ്ങളൊന്നും ശാസ്ത്രീയമായി സ്ഥാപിക്കപ്പെട്ടതല്ലെന്നതാണ് അതിന്നെതിരെയുള്ള രണ്ടാമത്തെ ന്യായം. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തിരിച്ചറിയാന്‍ കഴിയാത്ത വസ്ത്രങ്ങള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ട്  ഹെറ്ററോ നോര്‍മേറ്റിവിറ്റി തകര്‍ക്കപ്പെടുന്നതാണ് മാനവികമെന്ന ആശയത്തിന് ഉപോല്‍ബലകമായി ഉദ്ധരിക്കപ്പെടുന്ന ജെന്‍ഡര്‍ തിയറിക്കോ  ക്വിയര്‍ തിയറിക്കോ യാതൊരുവിധ ശാസ്ത്രീയമായ അടിത്തറകളുമില്ല. അശാസ്ത്രീയമായ പരികല്‍പനകളാല്‍ സ്ഥാപിക്കപ്പെട്ട ഈ ആശയത്തിന് വേണ്ടി അടുത്ത തലമുറയുടെ ധാര്‍മികതയെ തകര്‍ക്കുന്നത് ന്യായീകരിക്കാനാവില്ല.
അവയവങ്ങള്‍ ലിംഗത്തെ മാത്രമാണ് വെളിപ്പെടുത്തുന്നതെന്നും ലിംഗത്വം ഓരോരുത്തരുടെയും മനസ്സാണ് തീരുമാനിക്കുന്നത് എന്നും പറയുന്ന ജെന്‍ഡര്‍ തിയറിക്ക് എന്ത് ശാസ്ത്രീയമായ അടിത്തറയാണുള്ളത്? സെക്‌സും ജെന്‍ഡറും രണ്ടാണെന്നും സെക്‌സ് തീരുമാനിക്കുന്നത് ജീവശാസ്ത്രമാണെങ്കില്‍ ജെന്‍ഡര്‍ ഒരു സാമൂഹികനിര്‍മിതിയാണെന്നുമുള്ള സിദ്ധാന്തമുണ്ടാകുന്നത് തന്നെ തികച്ചും അശാസ്ത്രീയമായ പരികല്‍പനകളില്‍ നിന്നാണ്. ഫെമിനിസ്റ്റ് ദാര്‍ശനികയായ സിമോണ്‍ ഡി ബുവ്വെയുടെ 1949-ല്‍ പുറത്തിറങ്ങിയ ഠവല ടലരീിറ ടലഃ ലെ 'ഒരാളും സ്ത്രീയായി ജനിക്കുകയല്ല, അങ്ങനെ ആയിത്തീരുകയാണ് ചെയ്യുന്നത്' (One is not born, but rather becomes a woman) എന്ന ആശയത്തില്‍ ആകൃഷ്ടനാവുകയും, അത് സ്ഥാപിക്കാനായി ഗവേഷണങ്ങള്‍ നടത്തുകയും ചെയ്ത  സൈക്കോളജിസ്റ്റും സെക്സോളജിസ്റ്റുമായ ന്യൂസിലാന്‍ഡുകാരന്‍ ഡോ: ജോണ്‍ വില്യം മണിയാണ് ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. കുട്ടികള്‍ ജനിക്കുന്നത് ലിംഗത്വമില്ലാതെയാണെന്നും (Gender-Neutral) പരിസ്ഥിതിയും സാഹചര്യങ്ങളും വളര്‍ത്തുരീതികളുമാണ് അവരുടെ ലിംഗത്വം നിര്‍ണയിക്കുന്നത് എന്നും കരുതുകയും അതിന്നായി ഗവേഷണങ്ങള്‍ നടത്തുകയും ചെയ്തയാളാണ് ഡോ. ജോണ്‍ മണി. തന്റെ വാദം സ്ഥാപിക്കാനായി തന്റെയടുത്തെത്തുന്ന രോഗികളില്‍ തെറ്റായ പരീക്ഷണങ്ങളും അവക്ക് തെറ്റായ വ്യാഖ്യാനങ്ങളും  നടത്തി കുപ്രസിദ്ധനായിത്തീര്‍ന്ന വ്യക്തി. സെക്‌സ് ഒരാളുടെ ജീവശാസ്ത്രം മാത്രമാണ് തീരുമാനിക്കുന്നത് എന്നും,  അയാളുടെ സമൂഹവും ചുറ്റുപാടുകളുമാണ്  ജെന്‍ഡര്‍ നിര്‍മിക്കുന്നതെന്നുമുള്ള തന്റെ സിദ്ധാന്തം സ്ഥാപിക്കാനായി തന്റെ പഠനങ്ങളില്‍ അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നത് ഡേവിഡ് റീമറുടെ കഥയാണ്. സാമൂഹികനിര്‍മിതിയാണ് ജെന്‍ഡര്‍ എന്ന് സ്ഥാപിക്കാനായി അദ്ദേഹം മെനഞ്ഞ ആ കഥയുടെ പരിസമാപ്തിയെന്ത് എന്നറിഞ്ഞാല്‍ തന്നെ ജെന്‍ഡര്‍ പൊളിറ്റിക്‌സ് അടുത്ത തലമുറയെ കൊണ്ടുചെന്നെത്തിക്കുക എത്ര വലിയ ദുരന്തത്തിലേക്കാണ് എന്ന് മനസ്സിലാവും.
1965 ആഗസ്റ്റ് 22-ന് ഒന്റാരിയോയിലെ വിന്നിപെഗില്‍ റോണ്‍ റീമര്‍- ജാനെറ്റ് ദമ്പതികള്‍ക്ക് ജനിച്ച ഇരട്ടക്കുട്ടികളിലൊരാളായിരുന്നു ബ്രൂസ് പീറ്റര്‍ റീമര്‍. ജനിച്ച് ആറ് മാസമായപ്പോള്‍ ബ്രൂസിനും ഇരട്ടസഹോദരന്‍ ബ്രിയാനിനും ലിംഗത്തിന്റെ അഗ്രചര്‍മ്മം പിന്നോട്ട് വലിയാത്ത പ്രയാസമുണ്ടായി (Phimosis). ഇതിന്ന് പരിഹാരമായി 1966 ഏപ്രില്‍ 27-ന് രണ്ട് പേരെയും പരിച്ഛേദന ചെയ്തു.  ബ്രൂസിന്റെ അഗ്രചര്‍മം ഛേദിച്ചപ്പോള്‍ അബദ്ധത്തില്‍ ലിംഗത്തിന്റെ സിംഹഭാഗവും മുറിഞ്ഞുപോയി. 1967-ല്‍ ഇതിന് ചികിത്സ തേടി റീമറുടെ മാതാപിതാക്കള്‍  മേരിലാന്റിലെ ജോണ്‍സ് ഹോപ്‌സ്‌കിന്‍സ് ഹോസ്പിറ്റലില്‍ മനഃശാസ്ത്രജ്ഞനും ലൈംഗികശാസ്ത്രജ്ഞനുമായി സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുകയായിരുന്ന ഡോ. ജോണ്‍ മണിയെ സമീപിച്ചു. പരിസ്ഥിതിയും സാഹചര്യങ്ങളും വളര്‍ത്തുരീതികളുമാണ് ഒരാളുടെ ലിംഗത്വം നിര്‍ണയിക്കുന്നതെന്ന തന്റെ സിദ്ധാന്തം തെളിയിക്കാന്‍ പറ്റിയ അവസരമായി ജോണ്‍ മണി ഇതിനെ കണ്ടു. റീമറെ ഒരു പെണ്‍കുട്ടിയാക്കി വളര്‍ത്തിയാല്‍ അതായിരിക്കും നല്ലത് എന്ന് അദ്ദേഹം ആ മാതാപിതാക്കളെ പറഞ്ഞു വിശ്വസിപ്പിച്ചു. മാതാപിതാക്കളുടെ അനുമതിയോടെ ജോണ്‍സ് ഹോപ്‌സ്‌കിന്‍സ് ഹോസ്പിറ്റലിലെ വിദഗ്ധര്‍ റീമറുടെ ലിംഗവും വൃഷണവുമെല്ലാം സര്‍ജറിയിലൂടെ നീക്കം ചെയ്തു. പിന്നെയവര്‍ ചെയ്തത് ആ ശരീരത്തില്‍  ഒരു യോനീ നാളവും അപൂര്‍ണയോനിയുമെല്ലാം വെച്ചുപിടിപ്പിക്കുകയും മൂത്രമൊഴിക്കാനായി അടിവയറ്റില്‍ ഒരു ദ്വാരമുണ്ടാക്കുകയുമായിരുന്നു. അങ്ങനെ ആണ്‍ശരീരവുമായി ജനിച്ച റീമര്‍ ശിശുവായിരിക്കുമ്പോള്‍ തന്നെ പെണ്ണായി പരിഗണിക്കപ്പെടാനാരംഭിച്ചു.
ഡോ. ജോണ്‍ മണിയുടെ നിര്‍ദേശപ്രകാരം  മാതാപിതാക്കള്‍ റീമറിന് ബ്രെന്‍ഡ എന്ന പേര് നല്‍കുകയും അദ്ദേഹത്തെ പെണ്‍കുട്ടിയെപ്പോലെ വളര്‍ത്താനാരംഭിക്കുകയും ചെയ്തു. കൗമാരത്തിലെത്തിയപ്പോള്‍ അദ്ദേഹത്തില്‍ ഈസ്ട്രജന്‍ കുത്തി വെക്കുകയും കൃത്രിമമായി മുല വളര്‍ത്തുകയും ചെയ്തു. താനൊരു ആണ്‍കുട്ടിയാണെന്ന സത്യം റീമറെ അറിയിക്കാതെയാണ് വളര്‍ത്തിയത്. അദ്ദേഹത്തെയും ഇരട്ടസഹോദരനെയും ഇടയ്ക്കിടക്ക് ഡോ. ജോണ്‍ മണി പരിശോധിക്കുകയും ജീവശാസ്ത്രപരമായി പൂര്‍ണമായ പെണ്ണാകുവാന്‍ എന്തൊക്കെ ആവശ്യമുണ്ടോ അതെല്ലാം നല്‍കിക്കൊണ്ട് തന്നെ റീമറെ വളര്‍ത്തിക്കൊണ്ടുവരികയും ചെയ്തു. ഒരേ രൂപത്തിലുള്ള ഇരട്ടകളായതിനാല്‍ (Identical Twins) രണ്ട് പേരുടെയും ജനിതകം ഒന്ന് തന്നെയാണെങ്കിലും വ്യത്യസ്ത ബോധത്തോടെ വളര്‍ത്തിയാല്‍ ഒരാള്‍ ആണും മറ്റെയാള്‍ പെണ്ണുമായിത്തീരുമെന്ന് തെളിയിച്ച് ജെന്‍ഡര്‍ സാമൂഹികനിര്‍മിതിയാണെന്ന തന്റെ സിദ്ധാന്തം തെളിയിക്കാമെന്നാണ് ജോണ്‍ മണി കരുതിയത്.
റീമര്‍ സഹോദരങ്ങളിലേക്ക് വ്യത്യസ്തമായ ലൈംഗികാഭിനിവേശങ്ങളും കുത്തി വെക്കാന്‍ ജോണ്‍ മണി ശ്രമിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് തന്റെ ക്ലിനിക്കിലെത്തുന്ന കൗമാരക്കാരായ ഇരട്ട സഹോദരന്മാരോട് അവരുടെ ലിംഗങ്ങള്‍ പരസ്പരം പരിശോധിക്കുവാനും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് പോലെയുള്ള ചില വ്യായാമങ്ങള്‍ ചെയ്യുവാനും അദ്ദേഹം  ആവശ്യപ്പെട്ടു. കൃത്രിമയോനിയുമായി ജീവിക്കുന്ന റീമര്‍ക്ക് യഥാരൂപത്തിലുള്ള സുരതക്രിയക്ക്  കഴിയില്ലെങ്കിലും ഒരാള്‍ മറ്റൊരാളുടെ മുകളില്‍ കിടന്ന് അതേപോലെയെല്ലാം ചെയ്യാന്‍ മണി അവരെ നിര്‍ബന്ധിച്ചു. ചെയ്യാന്‍ മടി കാണിക്കുമ്പോള്‍  അവരെ മാനസികമായി പീഡിപ്പിച്ചു. രതിക്രീഡകളെന്ന് തോന്നിപ്പിക്കുന്ന സഹോദരങ്ങളുടെ ചെയ്തികള്‍ അദ്ദേഹം ഫോട്ടോയെടുത്ത് സൂക്ഷിച്ചു. ഇവയെല്ലാം വെച്ചുകൊണ്ട് ജോണ്‍- ജോയാന്‍ കേസ് (John/Joan Case) എന്ന പേരില്‍ മണി തന്റെ ഗവേഷണങ്ങള്‍ പ്രസിദ്ധീകരിച്ചു. ജെന്‍ഡര്‍ സാമൂഹികനിര്‍മിതിയാണെന്നും ഒരു ജെന്‍ഡറില്‍ നിന്ന് മറ്റൊരു ജെന്‍ഡറിലേക്ക് മാറുക സ്വാഭാവികമാണെന്നുമുള്ള(Gender Fluidity) തന്റെ സിദ്ധാന്തത്തിന് (Gender Theory) ഉപോല്‍ബലകമായി അദ്ദേഹം വ്യാഖ്യാനിച്ചത് റീമര്‍ സഹോദരങ്ങളുടെ അനുഭവവിവരണങ്ങളുടെ അടിസ്ഥാനത്തില്‍ ജോണ്‍ മണിയുണ്ടാക്കിയ ജോണ്‍- ജോയാന്‍ കേസിനെയാണ്.
ജെന്‍ഡര്‍ തിയറിയിലേക്ക് നയിച്ച ഡോ. മണിയുടെ ഗവേഷണങ്ങളുടെ  വസ്തുതയെന്തായിരുന്നുവെന്നറിഞ്ഞാല്‍ എത്രമാത്രം മനുഷ്യത്വവിരുദ്ധമാണ് ഈ സിദ്ധാന്തമെന്ന വസ്തുത ബോധ്യപ്പെടും. എത്ര വലിയ ദുരന്തത്തിലേക്കാണ് യുവതലമുറയെ ഇവര്‍ കൊണ്ടുപോകുന്നതെന്ന് മനസ്സിലാക്കാന്‍ തന്റെ സ്വത്വമെന്താണെന്ന് ബോധ്യപ്പെട്ട ശേഷം ഡോ. മണിയുടെ ഗവേഷണാഭാസങ്ങളെക്കുറിച്ച് റീമര്‍ തന്നെ വെളിപ്പെടുത്തിയ വസ്തുതകള്‍ തന്നെ മതിയാകും. പെണ്ണാണെന്ന് കരുതി ജീവിച്ചിരുന്ന കുട്ടിക്കാലത്ത് താന്‍ വല്ലാത്ത ലിംഗത്വ അസ്വാസ്ഥ്യം (Gender Dysphoria) അനുഭവിച്ചിരുന്നതായി റീമര്‍ പിന്നീട് വെളിപ്പെടുത്തി. പെണ്ണാണെന്ന് വീട്ടുകാരും സമൂഹവും വിളിച്ചിട്ടും തനിക്കുള്ളില്‍ സ്വയം പുരുഷനാണെന്ന ബോധമാണുണ്ടായിരുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ശാരീരിക ലിംഗത്തിന് വിരുദ്ധമായി  മനസ്സ് പ്രവര്‍ത്തിക്കുന്ന അസുഖമാണ് ജെന്‍ഡര്‍ ഡിസ്ഫോറിയ. താന്‍ പുരുഷനായിരുന്നിട്ടും തന്നെ പെണ്ണാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന ഡോ. മണിയുടെ അടുക്കല്‍ ഇനി തന്നെ  കൊണ്ടുപോയാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് വരെ തന്റെ പതിമൂന്നാമത്തെ വയസ്സില്‍ അദ്ദേഹം ഭീഷണിപ്പെടുത്തി. നിരന്തരമായി പെണ്‍ഹോര്‍മോണുകള്‍ കുത്തിക്കയറ്റുകയും ദിവസേന സ്ത്രീവസ്ത്രങ്ങള്‍ ഉടുപ്പിക്കുകയും വനിതയാണ് നീയെന്ന് സമൂഹവും വീട്ടുകാരുമെല്ലാം ആവര്‍ത്തിക്കുകയും ചെയ്തിട്ടും താന്‍ ഒരു പെണ്ണാണെന്ന് തനിക്ക് ചെറുപ്പത്തിലൊന്നും തോന്നിയിട്ടേയില്ലെന്ന് പറയുന്നത് റീമര്‍ തന്നെയാണ്; ആണവയവങ്ങളൊന്നുമില്ലെങ്കിലും ആണ്‍കുട്ടിയാണ് താന്‍ എന്ന് തന്നെ അദ്ദേഹം കരുതി. പെണ്‍ഹോര്‍മോണുകളൊന്നും അദ്ദേഹത്തില്‍ പെണ്മനസ്സുണ്ടാക്കിയില്ല. ശരീരം പെണ്ണിന്റേതായിട്ടു പോലും അദ്ദേഹത്തിനൊരിക്കലും താനൊരു പെണ്ണാണെന്ന് തോന്നിയില്ല.
സ്ത്രീയാക്കുവാന്‍ വേണ്ടിയുള്ള എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ അവസാനം, 1980-ല്‍ അദ്ദേഹത്തിന്റെ പതിനഞ്ചാമത്തെ വയസ്സില്‍, പിതാവ് റീമറോട്  സത്യം തുറന്നു പറഞ്ഞു. ആണ്‍കുട്ടിയായി ജനിച്ചതു മുതല്‍ പെണ്‍കുട്ടിയാക്കാന്‍ ഡോ: ജോണ്‍ മണി ചെയ്ത വിക്രിയകള്‍ വരെയുള്ള കഥകള്‍ കേട്ടപ്പോള്‍ തനിക്ക് തന്റെ ആണ്‍സ്വത്വം തിരിച്ചു പിടിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിന് കഴിയാത്തതില്‍ മനംനൊന്ത് തന്റെ ഇരുപതുകളുടെ തുടക്കത്തില്‍ രണ്ട് തവണ അദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചു. തന്റെ ഇരുപത്തിയൊന്നാം വയസ്സു മുതല്‍ അദ്ദേഹം തിരിച്ച് ആണാകാന്‍ വേണ്ടിയുള്ള തീവ്രമായ പരിശ്രമങ്ങളാരംഭിച്ചു; സ്തനങ്ങള്‍  സര്‍ജറിയിലൂടെ മുറിച്ച് മാറ്റി; പുരുഷലിംഗം വെച്ചുപിടിപ്പിക്കാനുള്ള സര്‍ജറി ചെയ്തു. നിരന്തരമായി ടെസ്റ്റസ്റ്റോറോണ്‍ ഹോര്‍മോണ്‍ കുത്തി വെച്ചു; തന്റെ പെണ്‍പേര് മാറ്റി ഡേവിഡ് റീമെര്‍ എന്ന പേര് സ്വീകരിച്ചു. 1990 സെപ്റ്റംബര്‍ 22-ന്, തന്റെ ഇരുപത്തിയഞ്ചാം വയസ്സില്‍ മൂന്ന് മക്കളുടെ മാതാവായ ജെയിന്‍ ഫോന്റൈനിനെ വിവാഹം ചെയ്തു. പ്രശ്‌നകലുഷിതമായിരുന്നുവെന്ന് ഡേവിഡ് റീമെര്‍ വിശേഷിപ്പിച്ച ആ വൈവാഹികജീവിതം വിജയം കണ്ടില്ല. 2004 മെയ് 2-ന്  ഭാര്യ വിവാഹമോചനമാവശ്യപ്പെട്ടു; രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഒരു തോക്കുപയോഗിച്ച് അദ്ദേഹം ആത്മഹത്യ ചെയ്തു. ഡേവിഡ് റീമറോടൊപ്പം  ഡോ. മണിയുടെ ജെന്‍ഡര്‍ പരീക്ഷണങ്ങള്‍ക്ക്  വിധേയനായ ഇരട്ട സഹോദരനും  വിഷാദരോഗിയാവുകയും മരുന്ന് ഓവര്‍ ഡോസായി രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മരണപ്പെടുകയും ചെയ്തിരുന്നു.
(ഡേവിഡ് റീമറുടെ ചരിത്രമറിയേണ്ടവര്‍ക്ക് ആആഇ 2004-ല്‍ പുറത്തിറക്കിയ Dr. Money and the Boy with No Penis, (written by Sanjida O'Connell), 2000-ത്തില്‍ പുറത്തിറക്കിയ The Boy Who Was Turned Into a Girl (Directed by Andrew Cohen) എന്നീ ഡോക്യുമെന്ററികള്‍ കാണാവുന്നതാണ്; ജോണ്‍ കൊളാപിന്റോ എഴുതിയ As Nature Made Him: The Boy who was Raised as a Girl (New York: HarperCollins Publishers, 2000) എന്ന പുസ്തകവും അദ്ദേഹം സ്ലേറ്റ് മാഗസിനില്‍ 2004 ജൂണ്‍ മൂന്നിന് എഴുതിയ Gender Gap-What were the Real Reasons behind David Reimer's Suicide എന്ന ലേഖനവും വിഷയം പഠിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകും)
ഡേവിഡ് റീമറുടെ അനുഭവങ്ങള്‍ ലോകത്തോട് പറഞ്ഞത് അദ്ദേഹം തന്നെയായിരുന്നു. ഹവായ് സര്‍വകലാശാലയിലെ ലൈംഗികശാസ്ത്രജ്ഞനായ മില്‍ട്ടണ്‍ ഡയമണ്ടിനോട് പ്രയാസങ്ങളും ദുരിതങ്ങളും അപമാനവും മാത്രം നല്‍കിയ തന്റെ അനുഭവങ്ങള്‍ 1997-ല്‍ അദ്ദേഹം തുറന്നു പറഞ്ഞിട്ടില്ലായിരുന്നുവെങ്കില്‍ അതൊന്നും ലോകം അറിയുമായിരുന്നില്ല. അദ്ദേഹം ആത്മഹത്യ ചെയ്തത് തന്റെ പീഡാനുഭവങ്ങള്‍ തുറന്നു പറഞ്ഞ് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ദുരിതപൂര്‍ണവും അപമാനകരവുമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കപ്പെട്ട അദ്ദേഹം അവ തുറന്നു പറയാതെയാണ് മരണപ്പെട്ടതെങ്കില്‍ ജെന്‍ഡര്‍ തിയറിക്ക് അനുകൂലമായ വലിയ തെളിവായി അദ്ദേഹത്തെ നിരന്തരമായി ഉദ്ധരിക്കുകയും അത് സ്ഥാപിക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെടുകയും ചെയ്യുമായിരുന്നു. മില്‍ട്ടണ്‍ ഡയമണ്ടിനോട് നാം കൃതജ്ഞത പ്രകടിപ്പിക്കണം. അദ്ദേഹമാണല്ലോ റീമറുടെ യഥാതഥമായ അനുഭവങ്ങള്‍ തുറന്നു പറയാന്‍ അവസരമുണ്ടാക്കിയത്. അല്ലെങ്കില്‍ ജെന്‍ഡര്‍ തിയറിക്കും ക്വിയര്‍ തിയറിക്കും ജെന്‍ഡര്‍ ഫ്‌ലൂയിഡിറ്റിക്കുമെല്ലാം ഉള്ള തെളിവായി ജോണ്‍- ജോയാന്‍ കേസ് നമ്മുടെ പാഠപുസ്തകങ്ങളില്‍ പരിലസിക്കുമായിരുന്നു. ആര്‍ക്കും എപ്പോഴും ലിംഗമാറ്റം സംഭവിക്കാമെന്നതിന് തെളിവായി നമ്മുടെയെല്ലാം മക്കള്‍ക്ക് സ്‌കൂള്‍ ക്ലാസുകളില്‍ വെച്ച് തന്നെ അതെല്ലാം പഠിക്കേണ്ടി വരുമായിരുന്നു!
അടുത്ത തലമുറക്ക് വിഷാദരോഗം മാത്രം പ്രദാനം ചെയ്യുന്നതാണ് ജെന്‍ഡര്‍ പൊളിറ്റിക്‌സ് എന്ന വസ്തുത വ്യക്തമാക്കുന്നതാണ് ഡോ. ജോണ്‍ മണിയുടെ ഗവേഷണാഭാസങ്ങള്‍. ആ ഗവേഷണങ്ങളുടെ വെളിച്ചത്തില്‍ രൂപം കൊണ്ടതാണ് ജെന്‍ഡര്‍ തിയറി. യഥാര്‍ഥത്തില്‍ ജെന്‍ഡര്‍ തിയറിക്ക് വിരുദ്ധമായ ഫലമല്ലേ ഡോ. ജോണ്‍ മണിയുടെ ഗവേഷണങ്ങള്‍ നല്‍കുന്നത് എന്നൊന്നും ചോദിക്കാന്‍ ലിബറലിസത്തിന്റെ ലഹരി മൂത്തവര്‍ക്ക് കഴിയില്ല. അങ്ങനെ ആരെങ്കിലും ചോദിച്ചാല്‍ അവരെ ഹോമോഫോബിക്കുകള്‍ എന്നും ട്രാന്‍സ് ഫോബിക്കുകള്‍ എന്നും വിളിച്ച് സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തും. പെണ്ണാണെന്ന് കരുതി ജീവിച്ചിരുന്ന കുട്ടിക്കാലത്ത് ഡേവിഡ് റീമെര്‍ അനുഭവിച്ച  ജെന്‍ഡര്‍ ഡിസ്ഫോറിയ;  പെണ്ണാണെന്ന് വീട്ടുകാരും സമൂഹവും വിളിച്ചിട്ടും അദ്ദേഹത്തിനുള്ളിലുണ്ടായിരുന്ന പുരുഷനാണെന്ന ബോധം; പുരുഷനായിരുന്നിട്ടും തന്നെ പെണ്ണാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന ഡോ. മണിയോടുള്ള വെറുപ്പ്; നിരന്തരമായി പെണ്‍ഹോര്‍മോണുകള്‍ കുത്തിക്കയറ്റി മുലയടക്കമുള്ള സ്‌ത്രൈണചിഹ്നങ്ങള്‍ ശരീരത്തിലുണ്ടാക്കിയിട്ടും അദ്ദേഹത്തില്‍ താന്‍ പെണ്ണാണെന്ന ബോധം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്ന പരാജയം; ദിവസേന സ്ത്രീവസ്ത്രങ്ങള്‍ ഉടുപ്പിക്കുമ്പോള്‍ അതിലൊന്നും താല്‍പര്യം തോന്നാത്ത പ്രകൃതം. ഇതെല്ലാം ജെന്‍ഡര്‍ തിയറി തെറ്റാണെന്നതിനുള്ള തെളിവുകളാണ്.
അനുകൂലമായി ഉദ്ധരിക്കപ്പെട്ട 'പരീക്ഷണമൃഗം' സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍,  തന്നെ പീഡിപ്പിച്ചുകൊണ്ട് നിര്‍മിച്ചെടുത്ത സിദ്ധാന്തം തെറ്റാണെന്ന് ഉറക്കെ പറഞ്ഞതാണ് ഡേവിഡ് റീമറുടെ തുറന്നു പറച്ചിലില്‍ നാം കാണുന്നത്. തെളിവ് തന്നെ ജീവനോടെ വന്ന് താന്‍ തെളിവില്ലെന്ന് ഉറക്കെ പറഞ്ഞ സന്ദര്‍ഭങ്ങള്‍ ശാസ്ത്ര ചരിത്രത്തിലെ അപൂര്‍വതകളിലൊന്നാണ്. എന്നിട്ടും ആ സിദ്ധാന്തം ശരിയാണെന്ന്  ശാസ്ത്രത്തിന്റെ ലേബലുമൊട്ടിച്ച് ഇന്നും പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ജെന്‍ഡര്‍ തിയറി തെറ്റാണെന്നതിന് എന്താണ് തെളിവ് എന്ന ചോദ്യത്തിനുള്ള ഉത്തരം അവര്‍ ഉന്നയിച്ച തെളിവ് തന്നെയാണ് അത് തെറ്റാണെന്നതിനുള്ള തെളിവ് എന്നതാണ്. അത് ഉറക്കെ പറയേണ്ടത് ശാസ്ത്രജ്ഞരാണ്. പക്ഷെ അവര്‍ക്കത് പറയാനാകില്ല. പറഞ്ഞാല്‍ അവര്‍ വേട്ടയാടപ്പെട്ടും; അത്രയ്ക്കും ശക്തമാണ് ജെന്‍ഡര്‍ പൊളിറ്റിക്‌സ്. ജെന്‍ഡര്‍ തിയറി തെറ്റാണെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത ക്വിയര്‍ തിയറിയും തെറ്റാണ്. ജെന്‍ഡര്‍ തിയറിക്കോ ക്വിയര്‍ തിയറിക്കോ ശാസ്ത്രീയമായ അടിത്തറകളൊന്നുമില്ലെങ്കിലും അവ ആവര്‍ത്തിച്ചുകൊണ്ട് ശാസ്ത്രീയമാക്കുന്നതിന്റെ പേരാണ് ജെന്‍ഡര്‍ പൊളിറ്റിക്‌സ്.  ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത സിദ്ധാന്തങ്ങളുടെ പരീക്ഷണത്തിന്  നമ്മുടെ അടുത്ത തലമുറയെ ഉപയോഗിക്കുന്നത് അപകടകരമായ സാമൂഹികദുരന്തത്തിന് കാരണമാകും എന്നതാണ്  ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമിനെ  എതിര്‍ക്കുന്നവര്‍ക്കുള്ള രണ്ടാമത്തെ ന്യായം. ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നടപ്പാക്കിക്കൊണ്ട്  ഹെറ്ററോ നോര്‍മേറ്റിവിറ്റി തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുകയെന്നാല്‍ ജെന്‍ഡര്‍ പൊളിറ്റിക്‌സിന് ഓശാന പാട്ടുകയെന്നര്‍ഥം. അടുത്ത തലമുറയെ ആണും പെണ്ണും കെട്ടവരാക്കുകയും വിഷാദരോഗികളാക്കുകയും ലിംഗത്വ അസ്വാസ്ഥ്യമുള്ളവരാക്കുകയും ചെയ്യാന്‍ കൂട്ടുനില്‍ക്കേണമോ എന്ന ചോദ്യത്തിന് നാടിനെയും നാട്ടുകാരെയും സ്‌നേഹിക്കുന്നവര്‍ക്കെല്ലാം 'വേണ്ട' എന്ന ഉത്തരമേ പറയാനാകൂ. 
(തുടരും)

ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം: സിദ്ധാന്തവും പ്രയോഗവും - 5


ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നിര്‍ബന്ധമാക്കുക വഴി അത് ലിംഗത്വ അസ്വാസ്ഥ്യ(Gender Dysphoria)മുള്ളവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായേക്കാം എന്നതാണ് അതിന്നെതിരെ ഉന്നയിക്കപ്പെടുന്ന മൂന്നാമത്തെ വാദം. ആദ്യം സ്‌കൂളിനകത്ത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയുണ്ടാക്കുകയും അത് മെല്ലെ ജീവിതത്തിന്റെ എല്ലാ വ്യവഹാരമണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യുകയെന്ന എല്‍ജിബിറ്റി ആക്ടിവിസത്തിന്റെ അജണ്ട നടപ്പാക്കപ്പെടുമ്പോള്‍  കൗമാരക്കാര്‍ക്കിടയില്‍  ലിംഗത്വ അസ്വാസ്ഥ്യ(Gender Dysphoria)മുള്ളവരുടെ എണ്ണം വര്‍ധിക്കാന്‍ അത് കാരണമായേക്കും. കാര്യമായ ഗുണഫലങ്ങളൊന്നും ഉണ്ടാക്കുകയില്ലെന്ന് മനസ്സിലാക്കുന്നത് കൊണ്ടും, ഒപ്പം തന്നെ ജെന്‍ഡര്‍ ഡിസ്ഫോറിയയെപ്പോലെയുള്ള  ഗുരുതരമായ മനോരോഗങ്ങളിലേക്ക് പുതിയ തലമുറയെ നയിക്കാന്‍ കാരണമായേക്കുമെന്ന് ഭയപ്പെടുന്നതുകൊണ്ടുമാണ്  ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമിനെ എതിര്‍ക്കുന്നത്. 
അപരലിംഗത്വം (Transgenderism) പ്രകൃതിപരവും സ്വാഭാവികവുമാണെന്ന് വാദിക്കുന്നവര്‍ പോലും  ലിംഗത്വ അസ്വാസ്ഥ്യ(Gender Dysphoria)ത്തെ ഒരു അസുഖമായാണ് മനസ്സിലാക്കുന്നത്. 2013-ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ സൈക്ക്യാട്രിക്ക് അസോസിയേഷന്റെ മാനസികരോഗങ്ങളെയും മനോവ്യതിയാനങ്ങളെയും കുറിച്ച പത്രികയുടെ അഞ്ചാം പതിപ്പില്‍ (The Fifth Edition of the Diagnostic and Statistical Manual of Mental Disorders: DSM-5) മാനസിക അസുഖങ്ങളുടെ പട്ടികയില്‍ ജെന്‍ഡര്‍ ഡിസ്ഫോറിയയുമുണ്ട്. ജന്മനാ ലഭിക്കുന്ന ജീവശാസ്ത്രപരമായ ലിംഗവും വ്യക്തി അനുഭവിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന ലിംഗത്വവും തമ്മില്‍ പൊരുത്തപ്പെടാത്ത അവസ്ഥ എന്നാണ് അവര്‍ അതിനെ നിര്‍വചിച്ചിരിക്കുന്നത്. തുടര്‍ച്ചയായി  ആറു മാസമെങ്കിലും താഴെ പറയുന്നതില്‍ ഏതെങ്കിലും രണ്ട് ലക്ഷണങ്ങള്‍  ഒരാള്‍ പ്രകടിപ്പിക്കുന്നുവെങ്കില്‍ അയാള്‍ക്ക് ജെന്‍ഡര്‍ ഡിസ്ഫോറിയയുണ്ടെന്നാണ് അര്‍ത്ഥമെന്നും DSM-5 പറയുന്നുണ്ട്.
1) ഒരാള്‍  അനുഭവിക്കുന്നതോ പ്രകടിപ്പിക്കുന്നതോ ആയ ലിംഗത്വ(Gender)വും അയാളുടെ പ്രാഥമികമോ ദ്വിതീയമോ ആയ  ലൈംഗിക സവിശേഷതകളും തമ്മിലുള്ള പ്രകടമായ പൊരുത്തക്കേട്.  
2) ഒരാള്‍  അനുഭവിക്കുന്നതോ പ്രകടിപ്പിക്കുന്നതോ ആയ ലിംഗത്വവുമായുള്ള  പ്രകടമായ പൊരുത്തക്കേട് കാരണം അയാളുടെ പ്രാഥമികമോ ദ്വിതീയമോ ആയ  ലൈംഗിക സ്വഭാവങ്ങളില്‍ നിന്ന് മുക്തി നേടാനുള്ള ശക്തമായ ആഗ്രഹം.
3) എതിര്‍ലിംഗത്വമുള്ളവരുടെ പ്രാഥമികമോ  ദ്വിതീയമോ ആയ ലൈംഗിക സ്വഭാവങ്ങളോടുള്ള ശക്തമായ ആഗ്രഹം.
4) എതിര്‍ ലിംഗത്വത്തില്‍ പെട്ടവരാകാനുള്ള ശക്തമായ ആഗ്രഹം.
5) എതിര്‍ ലിംഗത്വത്തിലുള്ളയാളായി പരിഗണിക്കപ്പെടാനുള്ള ശക്തമായ ആഗ്രഹം.
6) എതിര്‍ ലിംഗത്വത്തിലുള്ളയാള്‍ക്കുണ്ടാവുന്ന സാധാരണ വികാരങ്ങളും പ്രതികരണങ്ങളും തനിക്കുണ്ടെന്ന  ശക്തമായ ബോധ്യം.
ആണിന് പെണ്ണാകുവാനോ തിരിച്ചോ ശക്തമായ ആഗ്രഹമുണ്ടാകുന്നതില്‍ നിന്ന് തുടങ്ങുന്നതാണ് ജെന്‍ഡര്‍ ഡിസ്ഫോറിയ. എതിര്‍ലിംഗത്തിലുള്ളവരുടെ വസ്ത്രങ്ങള്‍ ധരിക്കുക, അവര്‍ പെരുമാറുന്നത് പോലെ പെരുമാറുക, അവരുടെ കളിപ്പാട്ടങ്ങളോടും കളികളോടും ശക്തമായ താല്‍പര്യമുണ്ടാവുക, കളിക്കൂട്ടുകാരായി എതിര്‍ലിംഗത്തിലുള്ളവര്‍ തന്നെ വേണമെന്ന് വാശി പിടിക്കുക, സ്വന്തം ലിംഗത്തിലുള്ളയാളായാണെന്ന് അറിയപ്പെടുന്നതിനെ വെറുക്കുക, സ്വന്തം ലിംഗമുള്ളവര്‍ക്ക് വേണ്ടിയുള്ള കളിപ്പാട്ടങ്ങളോടും കളികളോടും ശക്തമായ എതിര്‍പ്പ് തോന്നുക, എതിര്‍ലിംഗത്തിലുള്ളവരുടെ  ലൈംഗിക സവിശേഷതകളോട് ശക്തമായ ആഭിമുഖ്യം അനുഭവപ്പെടുക തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് എതിര്‍ലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുവാനുള്ള അഭിനിവേശം. എതിര്‍ലിംഗ വസ്‌ത്രേച്ഛ (Transvestism) എന്ന മനോവ്യതിയാനത്തില്‍ നിന്നാണ് ജെന്‍ഡര്‍ ഡിസ്ഫോറിയയുടെ തുടക്കമെന്ന് പറയാം.
രണ്ട് തരം എതിര്‍ലിംഗ വസ്‌ത്രേച്ഛകളുണ്ട്. എതിര്‍ലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുന്നതില്‍ ഭ്രമം തോന്നുകയോ അതിന്ന് വേണ്ടിയുള്ള ഉള്‍പ്രേരണയുണ്ടാവുകയോ അങ്ങനെയൊരു ശീലം വളര്‍ത്തിയെടുക്കുകയോ ചെയ്യുന്നതിനെ ട്രാന്‍സ്വെസ്റ്റിസം (Transvestism) എന്നാണ് പറയുക. ചെറുപ്പം മുതല്‍ എതിര്‍ലിംഗക്കാരുടെ വസ്ത്രം ധരിക്കാന്‍ താല്‍പര്യം കാണിക്കുന്നവരായിരിക്കും ഇവരെങ്കിലും കൗമാരത്തിലെത്തുന്നതോടെയാണ് ഇത് തീവ്രതരമാവുക. കൗമാരക്കാര്‍ക്ക് എതിര്‍ലിംഗക്കാരുടെ വസ്ത്രം ധരിക്കുമ്പോള്‍ ശക്തമായ ലൈംഗിക ഉത്തേജനമുണ്ടാവുമ്പോള്‍ അതിനെ ട്രാന്‍സ്വെസ്റ്റിക് ഡിസോര്‍ഡര്‍ (Transvestic Disorder) എന്നു വിളിക്കും. ഇതാണ് രണ്ടാമത്തെ തരം.  ഈ അസുഖമുള്ളത്  പുരുഷന്മാര്‍ക്കാണെങ്കില്‍ താന്‍ പെണ്ണാണെന്ന് കരുതിക്കൊണ്ട് അവരുടെ വസ്ത്രം ധരിക്കുമ്പോള്‍ തന്നെ അവര്‍ക്ക് ഉത്തേജനവും ലിംഗോദ്ധാരണവും സംഭവിക്കും. പെണ്ണാണെങ്കിലും അവള്‍ക്ക് ഉത്തേജനമുണ്ടാകും.
ട്രാന്‍സ്വെസ്റ്റിസം ഒരു ലൈംഗിക പ്രശ്‌നം മാത്രമായി ഒതുങ്ങുമ്പോള്‍ ചികിത്സ വേണ്ടതില്ലെന്നാണ് DSM-5 പറയുന്നത്.  ഇത് മനസ്സിനെ പ്രതികൂലമായി ബാധിക്കുമ്പോഴാണ് ട്രാന്‍സ്വെസ്റ്റിക് ഡിസോര്‍ഡര്‍ അപകടകരമായിത്തീരുക. അത് തീവ്രമായ ദുഃഖത്തിന് നിമിത്തമാവുകയും ഉപാപചയപ്രവര്‍ത്തനങ്ങളെ ബാധിക്കുകയും പരിക്ക്, ജോലിനഷ്ടം, കാരാഗൃഹവാസം എന്നിവയിലേക്ക് നയിക്കുന്ന സ്വഭാവങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.  ട്രാന്‍സ്വെസ്റ്റിസം  ട്രാന്‍സ്വെസ്റ്റിക് ഡിസോര്‍ഡറിലേക്ക് നയിക്കുന്നു; ട്രാന്‍സ്വെസ്റ്റിക് ഡിസോര്‍ഡറില്‍ നിന്ന് ജെന്‍ഡര്‍ ഡിസ്ഫോറിയയും മറ്റ് മനോവൈകല്യങ്ങളുമുണ്ടാവുന്നു. ആണ്‍വസ്ത്രം പെണ്ണും പെണ്‍വസ്ത്രം ആണും ധരിക്കുന്നതില്‍ നിന്ന് തുടങ്ങുന്നതാണ് ഈ മനോവൈകല്യങ്ങളെല്ലാം എന്ന സത്യം മറച്ചുവെക്കുകയാണ് ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ വക്താക്കള്‍. കുട്ടികള്‍ക്കാര്‍ക്കെങ്കിലും അത്തരം വൈകല്യങ്ങളുണ്ടെങ്കില്‍ ചെറുപ്പത്തില്‍ തന്നെ ചികില്‍സിച്ച് ഭേദമാക്കുകയാണ് വേണ്ടത്. അല്ലാതെ അതെല്ലാം സ്വാഭാവികമാണെന്ന് വാഴ്ത്തി അത്തരക്കാരുടെ വൈകൃതങ്ങള്‍ക്കെല്ലാം വിളയാടാന്‍ സ്വാതന്ത്ര്യമുണ്ടാക്കുകയല്ല.
ജെന്‍ഡര്‍ ഡിസ്ഫോറിയയുടെ കാരണങ്ങളെന്തൊക്കെയാണെന്ന്  വിശദീകരിക്കാന്‍ ഇതേവരെ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. ജനിതക സ്വാധീനങ്ങളും (Genetic Influences) ഹോര്‍മോണ്‍ ഘടകങ്ങളും (Hormonal Factors) പാരിസ്ഥിതിക ഭാവങ്ങളു(Environmental Features)മെല്ലാം ഇതിനെ സ്വാധീനിക്കുന്നുവെന്ന് പറഞ്ഞുപോകാനല്ലാതെ എന്തുകൊണ്ടാണിത് ഉണ്ടാകുന്നതെന്ന് കൃത്യമായി വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. വിശദീകരിക്കാനാകാത്തതിനാല്‍ അത് ഇല്ലാതാക്കാനുള്ള പരിശ്രമങ്ങളൊന്നും ഉണ്ടാകുന്നുമില്ല. ആ രംഗത്ത് നടക്കുന്ന ആത്മാര്‍ത്ഥമായ ഗവേഷണങ്ങള്‍ അപരലിംഗത്വവും വൈകല്യമാണെന്ന വസ്തുത പുറത്തുകൊണ്ടുവരുമോയെന്ന് ഭയക്കുന്നത് കൊണ്ടുതന്നെ ട്രാന്‍സ്ഫോബിക് എന്ന് ചാപ്പ കുത്തി അനുവദിക്കാതിരിക്കുകയാണ് ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ വക്താക്കള്‍ ചെയ്യുന്നത്. 
ജെന്‍ഡര്‍ ഡിസ്ഫോറിയയുമായി ജനിക്കുന്നവര്‍ ശരാശരി 0.005 ശതമാനം പേരാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. എന്നാല്‍ അമേരിക്കയിലെ കണക്കുകള്‍ പ്രകാരം പ്രായപൂര്‍ത്തിയെത്തിയ ആയിരം പേരില്‍ ആറു പേരും ട്രാന്‍സ്‌ജെന്‍ഡറുകളാണെന്ന് വെളിപ്പെടുത്തുന്നവരാണ്. ഇത് കാണിക്കുന്നത് ആയിരം ട്രാന്‍സ്ജെന്‍ഡറുകളില്‍ ഒരാള്‍ മാത്രമാണ് ജനിതകമായ കാരണങ്ങളാല്‍ അങ്ങനെ ആയിത്തീരുന്നത് എന്നാണ്. ബാക്കിയുള്ള മിക്കവരും പാരിസ്ഥിതിക പ്രശ്‌നങ്ങളാല്‍ അങ്ങനെ ആകുന്നവരാണെന്നര്‍ഥം. കുട്ടികള്‍ ജെന്‍ഡര്‍ ഡിസ്ഫോറിയ പ്രകടിപ്പിക്കാനാരംഭിക്കുന്നത് നാലര വയസ്സിനും 6.7 വയസ്സിനുമിടയിലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. കഴിഞ്ഞ ദശകത്തിലുള്ളതിനേക്കാള്‍ ഇരട്ടിയിലധികം ഇത്തരം കേസുകള്‍ ഈ ദശകത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ജെന്‍ഡര്‍ ഡിസ്ഫോറിയ സാധാരണമാകുന്ന നാളെയിലേക്കുള്ള ഈ പോക്ക് ഭയാനകമാണ്. ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ വക്താക്കളുടെ മീഡിയാ കാംപയിനിംഗ് മുതല്‍ ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രങ്ങള്‍ വരെയാണ് ഇവിടെ പ്രതിക്കൂട്ടിലാകുന്നത്. അതുകൊണ്ടാണ്  ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കുന്നതിനെ ധാര്‍മികതയുടെ വക്താക്കള്‍ എതിര്‍ക്കുന്നത്. ആണിനെയും പെണ്ണിനെയും തിരിച്ചറിയാത്ത വസ്ത്രങ്ങള്‍ അപകടകരമാണെന്ന് പറയാനുള്ള മൂന്നാമത്തെ കാരണം അത് ജെന്‍ഡര്‍ ഡിസ്ഫോറിയയിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട് എന്നതാണ്. 
(തുടരും)