റിപ്പോർട്ട്

യൂറോപ്പിന്റെ അധിനിവേശ പദ്ധതികൾ സൃഷ്ടിച്ച യൂറോ കേന്ദ്രിത ലോകക്രമത്തിലാണ് നാം ജീവിക്കുന്നത്. ഉന്മൂലനങ്ങളിലൂടെയും വംശീയ അടിച്ചമർത്തലുകളിലൂടെയും നിർമിക്കപ്പെട്ട പ്രസ്തുത അധികാര ഘടനയാണ് ഇന്നോളമുള്ള ആധുനിക ലോകത്തെ നിർവചിക്കുന്നത്. 1492-ൽ Reconquista എന്ന പേരിൽ ഐബീരിയയിൽ നടത്തിയ നരനായാട്ട്, ആയിരക്കണക്കിന് ജനങ്ങളെയാണ് കൊന്നൊടുക്കിയത്. രാഷ്ട്രീയ ആധുനികതയുടെ ആരംഭമായി കണക്കാക്കുന്ന പ്രസ്തുത സംഭവം, മുസ്്ലിം ഭരണകൂടത്തെ വികേന്ദ്രീകരിക്കുന്ന രാഷ്ട്രീയ പദ്ധതിയായിരുന്നു. ഒരുതരത്തിൽ കൊളോണിയലിസത്തിന്റെ ആരംഭമായി ഒട്ടുമിക്ക ചിന്തകരും ഇതിനെ കണക്കാക്കുന്നുണ്ട്. അങ്ങനെ വരുമ്പോൾ, Reconquista എന്ന അധിനിവേശ പദ്ധതി സമകാലിക പ്രതിസന്ധികളെ വിമർശനാത്മകമായി സമീപിക്കാനുള്ള വലിയൊരു സാധ്യത തുറന്നുതരുന്നുണ്ട്. അതിൽ ഊന്നിക്കൊണ്ടാണ് എസ്.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തിൽ 'Deconquista: Navigating Muslimness, Relocating knowledge, Power and Resistance' എന്ന പേരിലുള്ള ഇന്റർനാഷണൽ അക്കാദമി കോൺഫറൻസ് കോഴിക്കോട് ആസ്പിൻ കോർട്ട് യാഡ് നഗരിയിൽ കഴിഞ്ഞ ഡിസംബർ 22, 23, 24 ദിവസങ്ങളിൽ അരങ്ങേറിയത്.

മുസ്്ലിമത്വം(Muslimness) എന്ന സംവർഗം വിഭാവനം ചെയ്യുന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സാധ്യതകളെ ഉപയോഗപ്പെടുത്തി ആധുനിക ലോകക്രമത്തിന്റെ അധികാര ഘടനയെ അപകോളനീകരിക്കാൻ ശേഷി സമ്മാനിക്കുന്ന ഇടങ്ങളായിരുന്നു കോൺഫറൻസിന്റെ സെഷനുകൾ. 'മാപ്പിള ഒരു തികഞ്ഞ പൗരനല്ല എന്ന കൊളോണിയൽ നിർവചനത്തിന്റെ പരിണതിയായിരുന്നു ക്ലാസ് മുറികളിൽ അധ്യാപകരുടെ അസ്വാഭാവിക നോട്ടങ്ങൾ.' Nationalism, Hindutwa and the Question of Islam എന്ന സെഷനിൽ തന്റെ ബാല്യകാലത്തെ ഓർത്തെടുത്തുകൊണ്ട് പ്രശസ്ത സാമൂഹിക ചിന്തകൻ എം.ടി അൻസാരി പറഞ്ഞ വാക്കുകളാണിത്. പ്രസ്തുത ദേശരാഷ്ട്ര ചാപ്പ കുത്തലുകളോട് നമ്മൾ വസ്തുനിഷ്ഠമായി പ്രതികരിക്കേണ്ടതുണ്ടെന്ന് ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റി ഗവേഷക വിദ്യാർഥി താഹിർ ജമാൽ പറഞ്ഞു.
മലബാറിന്റെ കോളനിവത്കൃത ചരിത്രത്തെ പുനരന്വേഷിക്കാനും, ലോകത്തിന്റെ അപകോളനീകരണ ശ്രമങ്ങൾക്ക് പുതിയ സങ്കേതങ്ങൾ വികസിപ്പിക്കാനുമുള്ള മലബാർ സാധ്യതകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തിൽ ഊന്നിക്കൊണ്ടുള്ള സെഷനായിരുന്നു പ്രമുഖ ചരിത്രകാരൻ പി.പി സെയ്താലി നേതൃത്വം നൽകിയ 'മലബാർ ഒരു അപകോളനീകരണ ഇടം.'

ലോകത്തിലെ പ്രമുഖ ജ്ഞാനോൽപാദന കേന്ദ്രങ്ങളായ ഫ്രാങ്ക്ഫർട്ട് പോലുള്ള സർവകലാശാലകൾ പ്രസിദ്ധീകരിക്കുന്ന വിജ്ഞാനകോശങ്ങളിൽ ഈയടുത്ത കാലം വരെ, 'മുസ്്ലിം', 'ഇസ്്ലാം' പോലുള്ള പദങ്ങൾ ഇല്ലായിരുന്നു. ഈയൊരു സന്ദർഭത്തിലാണ്, 'മുസ്്ലിമത്വം' എന്നൊരു വികാസക്ഷമതയുള്ള സംജ്ഞയെ കേന്ദ്രബിന്ദുവാക്കി 'മുസ്്ലിം വിമർശന പഠനങ്ങൾ' എന്ന വൈജ്ഞാനിക സംരംഭം ശക്തിപ്രാപിക്കുന്നത്. ഈ സംരംഭത്തിന്റെ അനിവാര്യതയെയും സാധ്യതയെയും സംബന്ധിച്ചുള്ള ചർച്ചകളായിരുന്നു പ്രശസ്ത ആഗോള ഇസ്്ലാമിക ചിന്തകരായ ഡോ. അബ്ദുൽ കരീം വകീലും ഡോ. സൽമാൻ സയ്യിദും നേതൃത്വം നൽകിയ 'മുസ്്ലിം വിമർശക പഠനങ്ങൾ' എന്ന വർക്ക്ഷോപ്പ് കൈകാര്യം ചെയ്തത്.
പാരമ്പര്യവും ആധുനികതയും തമ്മിലുള്ള കലുഷിതമായ ബന്ധത്തെ അടിസ്ഥാനമാക്കിയാണ് യു.എസി ലെ വിർജീനിയ ടെക് യൂനിവേഴ്സിറ്റി ഗവേഷക വിദ്യാർഥി ഷാൻ ഷാജഹാൻ സെഷൻ കൈകാര്യം ചെയ്തത്. നിലവിലെ കലുഷിതമായ ഇന്ത്യൻ സാഹചര്യത്തിൽ ഏക ദേശീയ പ്രകടനങ്ങൾ സന്നിവേശിപ്പിക്കപ്പെട്ട ഹിന്ദുത്വ രാഷ്ട്രീയത്തെ തിരിച്ചറിയാൻ സാധിക്കണമെന്ന് ഡോ. വൈ.ടി വിനയരാജ് ഓർമപ്പെടുത്തി. വെറുമൊരു നാഗരികതാ വാദത്തിൽ കേന്ദ്രീകൃതമായ അപകോളനീകരണ പദ്ധതിയാണ് ഹിന്ദുത്വയുടേതെന്ന് എച്ച്. ഷിയാസ് വ്യക്തമാക്കി.
കൊളോണിയൽ വിരുദ്ധ വ്യവഹാരങ്ങൾ എവ്വിധമാണ് ഇന്ത്യൻ സാഹചര്യത്തിൽ വികസിച്ചത് എന്ന് വിശദീകരിക്കുകയായിരുന്നു കെ.കെ ബാബുരാജ്. കൊളോണിയൽ ശക്തികൾ നടത്തുന്ന തുടർച്ചയായ ഹിംസകൾ കൊളോണിയൽ ആധുനികതയുടെ പര്യവസാനത്തെ കുറിച്ച സൂചനകളാണെന്ന് പ്രഫ. ആദിത്യ നിഗം അഭിപ്രായപ്പെട്ടു. ഇസ്ലാമടക്കമുള്ള വ്യത്യസ്ത മത-തത്ത്വ ദാർശനിക ചിന്തകളെ ഉപയോഗപ്പെടുത്തി അപകോളനീകരണ ചിന്തയെ ശക്തിപ്പെടുത്തേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര-സാമ്പത്തിക മേഖലയിൽ നടക്കേണ്ട അപകോളനീകരണത്തെ സംബന്ധിച്ച് സംവദിച്ച സുനന്ദൻ പി.യും ഡോ. ബിക്കും ഗില്ലും കോൺഫറൻസിനെ കൂടുതൽ വൈവിധ്യപൂർണമാക്കി.

മലബാറിന്റെ കടൽത്തീരങ്ങളിലേക്ക് കടന്നുവന്ന അധിനിവേശ ശക്തികളോട് ഉയർത്തിയ വിമതത്വത്തിന്റെയും പ്രതിരോധത്തിന്റെയും പണ്ഡിത ശബ്ദങ്ങൾ സമകാലിക രാഷ്ട്രീയ സാമൂഹിക നിർമിതികളെ പുനഃപരിശോധിക്കുന്നതിന് അഭികാമ്യമായ പരിപ്രേക്ഷ്യങ്ങൾ നമുക്ക് പ്രദാനം ചെയ്യുന്നുണ്ട്. DeConquista എന്ന ഈ വൈജ്ഞാനിക പദ്ധതി അത്തരമൊരു ദീർഘ ചരിത്രത്തോട് വിമർശനാത്മകമായി കണ്ണിചേരുകയാണുണ്ടായത്. ആധുനിക ലോകത്ത് രാഷ്ട്രീയ സാമൂഹിക രൂപവത്കരണങ്ങളെല്ലാം യൂറോ കേന്ദ്രിത അധികാര പദ്ധതിയാൽ ക്രമീകരിക്കപ്പെട്ടതിനാൽ, അവയോടുള്ള വിമർശനാത്മക ഇടപെടലുകളിലൂടെ ഇസ്ലാമിക ജ്ഞാന പാരമ്പര്യത്തെ പുനർവിചിന്തനം ചെയ്തുകൊണ്ട്, പുതിയൊരു ലോക ഭാവനയെ കണ്ടെടുക്കുകയാണ് ഈ കോൺഫറൻസ് ചെയ്തത്. അഥവാ, യൂറോ കേന്ദ്രിതമായതിൽനിന്നുള്ള വിടുതലും ഇസ്്ലാമിക ഭാവുകത്വങ്ങളെ പുനരുജ്ജീവിപ്പിക്കലുമായിരുന്നു Deconquista. l