കവര്‍സ്‌റ്റോറി

രാത്രികാലങ്ങളില്‍ പാമ്പ് കയറുന്ന വീട്ടില്‍ താമസിച്ച യുവതിയുടെ ചിത്രം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുകയാണ്. രോഗിയായ ഭര്‍ത്താവ്, ചെറിയ കുഞ്ഞുങ്ങള്‍. താല്‍ക്കാലികമായി കെട്ടി ഉണ്ടാക്കിയ ഷെഡ്ഡിലാണ് ഈ കുടുംബത്തിന്റെ താമസം. പല ദിവസവും രാത്രി ഈ ഷെഡ്ഡിനകത്ത് പാമ്പ് കയറുന്നു. ഭീതിയൊഴിയാത്ത രാത്രികളാണ് എന്നും. ഷെഡ്ഡിനകത്തെ അനക്കം കേട്ട് വിളക്ക് കൊളുത്തിയാല്‍ കണ്‍മുന്നില്‍ പാമ്പുകളിഴയുന്നുണ്ടാവും. കുഞ്ഞുങ്ങളെയോര്‍ത്ത് പ്രാർഥനയോടെ പുലരുവോളം ഉറക്കമൊഴിക്കുകയല്ലാതെ വേറെ വഴിയില്ല. ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ വിവരിച്ച് ആ നാട്ടില്‍നിന്ന് ഒരു സുഹൃത്താണ് ബൈത്തുസ്സകാത്ത് ഓഫീസിലേക്ക് കത്തെഴുതിയത്.

പ്രശ്‌നം പഠിച്ചശേഷം ആ കുടുംബത്തിന്റെ വീട് നിർമാണം ബൈത്തുസ്സകാത്ത് കേരള ഏറ്റെടുത്തു. വീട് നിർമാണത്തിന് മൂന്നു ലക്ഷം രൂപയേ ബൈത്തുസ്സകാത്തില്‍നിന്ന് നല്‍കേണ്ടി വന്നുള്ളൂ. ബാക്കി സംഖ്യ അന്നാട്ടുകാര്‍ തന്നെ സമാഹരിച്ചു, വീട് നിർമാണം പൂർത്തിയാക്കി ആ കുടുംബം സുരക്ഷിതത്വമുള്ള വീട്ടിൽ സമാധാനത്തോടെ അന്തിയുറങ്ങാൻ തുടങ്ങി. സുമനസ്സുകളുടെ സഹകരണം ഉറപ്പുവരുത്തി ഒരു കൈത്താങ്ങ് നല്‍കിയാല്‍ ധാരാളം മനുഷ്യരുടെ നിത്യദുഃഖങ്ങൾക്ക് പരിഹാരമാകും എന്നതിന്റെ ചെറിയ ഉദാഹരണം മാത്രമാണിത്.

ഒറ്റമുറി വീടിന്റെ ആഹ്ലാദം

കിഡ്‌നി രോഗിയായ അച്ഛനും പ്രായമായ അമ്മയുമുള്ള പെണ്‍കുട്ടിയുടെ ആവശ്യം ഒറ്റമുറി വീടാണ്. അതിനാണ് അവള്‍ ബൈത്തുസ്സകാത്തിനെ സമീപിക്കുന്നത്. വാടകവീട്ടിലാണ് താമസം. 5000 രൂപ വാടക കൊടുക്കണം. അച്ഛന് ഡയാലിസിസ് നടത്തണം. നിത്യജീവിതം മുന്നോട്ടുപോകണം. ഓരോ മാസവും അവസാനമാകുമ്പോള്‍ വാടക വീടിന്റെ ഉടമസ്ഥന്‍ കാശു ചോദിച്ചു വരും. പണം കൊടുക്കാനായില്ലെങ്കില്‍ അയാള്‍ ദേഷ്യപ്പെടും, വഴക്ക് പറയും. പട്ടിണി കിടക്കാം, എന്നാല്‍ വേറൊരാള്‍ കരുണയില്ലാതെ വഴക്കു പറയുന്നത് സഹിക്കാനാവുന്നില്ല എന്നതാണ് ആ പെണ്‍കുട്ടിയുടെ സങ്കടം. വാടക കിട്ടേണ്ടത് ഉടമയുടെ ആവശ്യമാണെന്നും, അയാൾ വഴക്കു പറയുന്നുണ്ടെങ്കിൽ അതിനയാളെ കുറ്റപ്പെടുത്താനാവില്ലെന്നും അവള്‍ തന്നെ പറയുന്നുണ്ട്. എന്നാലും അഭിമാനം വ്രണപ്പെടുന്നല്ലോ എന്ന ദുഃഖം. വാടക ഒഴിഞ്ഞു കിട്ടിയാല്‍ മറ്റു കാര്യങ്ങള്‍ മാനേജ് ചെയ്യാം എന്നാണ് ആ കുട്ടിയുടെ മനസ്സില്‍. അച്ഛനും അമ്മയ്ക്കും വാർധക്യ പെന്‍ഷനുണ്ട്. ഞങ്ങള്‍ക്ക് ഭക്ഷണം കഴിക്കാന്‍ അതു മതി. അഛന്റെ ഡയാലിസിസ് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നടക്കും. വാടക കണ്ടെത്താനാണ് പ്രയാസം. ഒരു ഒറ്റമുറി വീട് കിട്ടിയാല്‍ ഞങ്ങളുടെ പ്രശ്‌നങ്ങളെല്ലാം തീരും. വീട്ടില്‍ ഒരു പഴയ കട്ടിലുണ്ട്. അച്ഛന് കിടക്കാന്‍ അതു മതി. എനിക്കും അമ്മയ്ക്കും തറയില്‍ ഉറങ്ങാമല്ലോ- ആ പെണ്‍കുട്ടി പറഞ്ഞുനിര്‍ത്തി. ബൈത്തുസ്സകാത്ത് നല്‍കുന്ന ഒരു ഒറ്റമുറി വീട് ഒരു കുടുംബത്തിന്റെ ആഹ്ലാദം ആവുന്നതാണ് ഇവിടത്തെ സാഹചര്യം. അപൂര്‍വമല്ല ഇത്തരം അനുഭവങ്ങൾ.
ബൈത്തുസ്സകാത്ത് കേരള ഇന്നൊരു തണല്‍ മരമാണ്. ജീവിതം പ്രതിസന്ധിയിലായിപ്പോയ അനേകം മനുഷ്യര്‍ക്ക് ആത്മവിശ്വാസവും അത്താണിയുമാണ്. അകത്ത് ദുഃഖത്തിന്റെ കടലിരമ്പവുമായി കഴിയുന്ന മനുഷ്യര്‍ക്ക് പ്രതീക്ഷയാണത്. വീടും തൊഴിലും ചികിത്സയും വിദ്യാഭ്യാസവുമെല്ലാം പ്രതിസന്ധിയില്‍ അകപ്പെട്ട അനേക ലക്ഷം മനുഷ്യര്‍ നമുക്ക് ചുറ്റിലുമുണ്ട്. എല്ലാവരുടെയും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനായില്ലെങ്കിലും ആയിരക്കണക്കിന് മനുഷ്യര്‍ക്ക് ആശ്വാസമായിത്തീരാന്‍ ബൈത്തുസ്സകാത്ത് കേരളക്ക് സാധിച്ചിട്ടുണ്ട്. സകാത്ത് ദായകരായ ആളുകള്‍ വിശ്വസിച്ചേല്‍പ്പിക്കുന്ന സമ്പത്ത് ഫലപ്രദമായി വിനിയോഗിക്കാനും ഏറ്റവും അര്‍ഹരായ ആളുകളില്‍ തന്നെ എത്തിക്കാനും സാധിക്കുന്നു എന്നതാണ് ബൈത്തുസ്സകാത്തിന്റെ സവിശേഷത.

ഏറക്കാലം ബൈത്തുസ്സകാത്തുമായി സഹകരിച്ച് പ്രവര്‍ത്തിച്ചതിന്റെ അനുഭവത്തില്‍ ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയുന്ന കാര്യമാണിത്. കേരളീയരെ പൊതുവേ മധ്യവർഗ സമൂഹമെന്ന് പറയാറുണ്ടെങ്കിലും, പ്രാഥമിക ജീവിതാവശ്യങ്ങള്‍ പോലും നിര്‍വഹിക്കപ്പെടാത്ത, ദുഃഖത്തിന്റെ കണ്ണീരുണങ്ങാത്ത കുടുംബങ്ങളുടെ എണ്ണം അത്ര ചെറുതല്ല നമുക്ക് ചുറ്റും. സാമാന്യം ജീവിതസൗകര്യങ്ങളുള്ള ആളുകൾക്ക് ചെറുതായി തോന്നുന്ന കാര്യങ്ങള്‍ വരെ ഇത്തരം മനുഷ്യർക്ക് വലിയ സംഭവങ്ങളാണ്. മനസ്സില്‍നിന്ന് മായാത്ത ഇത്തരം ചിത്രങ്ങൾ വേറെയും ഒരുപാട് ഉണ്ട്.

ഗുണഭോക്താവ് സകാത്ത് ദായകനാവുന്നു

ദാരിദ്ര്യനിര്‍മാര്‍ജനം സകാത്തിന്റെ ഒരു വലിയ ലക്ഷ്യമാണ്. ഈ ലക്ഷ്യം സാക്ഷാൽക്കരിക്കാനാണ് ബൈത്തുസ്സകാത്ത് തൊഴില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ബൈത്തുസ്സകാത്ത് പ്രവര്‍ത്തനമാരംഭിച്ച് അധികം വൈകാതെ തന്നെ ഈ പ്രോജക്ടിലേക്ക് പണം നീക്കിവെക്കുകയുണ്ടായി. തുടക്കത്തില്‍ ചെറിയ നിലയിലായിരുന്നെങ്കിലും, ഇപ്പോഴത് ശാസ്ത്രീയമായും ഫലപ്രദമായും മുന്നോട്ടുപോകുന്നുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇത്തരം സഹായങ്ങൾ സ്വീകരിച്ച ഗുണഭോക്താക്കളുടെ സംരംഭങ്ങള്‍ വിലയിരുത്താന്‍ പ്രവര്‍ത്തകര്‍ ഒരു സന്ദര്‍ശനം നടത്തിയിരുന്നു. അന്ന് ശ്രദ്ധയില്‍പ്പെട്ട വലിയൊരു കാര്യം, ചെറിയ നിലയില്‍ നമ്മള്‍ നല്‍കുന്ന സഹായങ്ങള്‍ പോലും കുടുംബങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നതാണ്. ഒറ്റപ്പെട്ടതെങ്കിലും സകാത്ത് ഗുണഭോക്താക്കള്‍ സകാത്ത് ദായകരായി മാറിയ അനുഭവവും നമ്മുടെ മുന്നിലുണ്ട്.

ജോലിയില്ലാതെ വിഷമിച്ച ഒരാൾക്ക് രണ്ട് പശുക്കളും, തൊഴുത്ത് പണിയാനുള്ള പണവുമാണ് ബൈത്തുസ്സകാത്ത് നല്‍കിയത്. ഈ ഫണ്ട് നല്‍കി ഏതാണ്ട് നാലു വര്‍ഷം കഴിയുമ്പോഴാണ് ഞങ്ങളുടെ സന്ദര്‍ശനം. അപ്പോള്‍ അദ്ദേഹത്തിന് ഏഴ് പശുക്കളും രണ്ട് ജോലിക്കാരുമുണ്ട്. മൂന്നു കുടുംബങ്ങള്‍ ആ ഫാം വഴി കഷ്ടപ്പാടുകളില്ലാതെ കഴിയുന്നു. ചെറിയ സംഖ്യയാണെങ്കിലും അദ്ദേഹം സകാത്ത് നല്‍കുന്നുമുണ്ട്. സകാത്ത് സംഘടിതമായി നിര്‍വഹിക്കുകയും, വിതരണം ശാസ്ത്രീയമായി സംവിധാനിക്കുകയും ചെയ്താല്‍ അത്ഭുതകരമായ മാറ്റങ്ങള്‍ കൊണ്ടുവരാൻ കഴിയും എന്നതിന്റെ ഉദാഹരണമാണിത്.

കഷ്ടപ്പാടിനിടയിലും ഗുണഭോക്താവിന്റെ സത്യസന്ധത

വടക്കന്‍ കേരളത്തില്‍നിന്നുള്ള രോഗി. കോഴിക്കോട് ഹോസ്പിറ്റലിലാണ് ചികിത്സ. രോഗം സങ്കീർണമായത് കാരണം അടിയന്തരമായി ശസ്ത്രക്രിയ വേണം. വലിയ പണച്ചെലവുണ്ട്. ദരിദ്രരായ കുടുംബത്തിന് താങ്ങാവുന്നതായിരുന്നില്ല അത്. അവര്‍ ബൈത്തുസ്സകാത്തിനെ സമീപിച്ചു. പ്രശ്‌നത്തിന്റെ ഗൗരവാവസ്ഥ പരിഗണിച്ചു നടപടിക്രമങ്ങള്‍ വേഗത്തിലാക്കി. കുടുംബത്തിന് ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു. ചെക്ക് കൈമാറി. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ആ കുടുംബത്തിലെ ഉത്തരവാദപ്പെട്ടവര്‍ വീണ്ടും ഓഫീസിലെത്തി. സഹായത്തിന് നന്ദി പറയാന്‍ മാത്രമായിരുന്നില്ല അവര്‍ വന്നത്. അവര്‍ക്ക് നല്‍കിയ ചെക്ക് തിരിച്ചേല്‍പ്പിക്കാനുമായിരുന്നു. സര്‍ജറിക്ക് മുമ്പേ രോഗി മരണപ്പെട്ടതിനാല്‍ ആ ചെക്ക് അവര്‍ ഉപയോഗിച്ചിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും, രോഗിയുടെ ചികിത്സക്ക് വേണ്ടിയല്ലാതെ ആ പണം ഉപയോഗിക്കാന്‍ അവരുടെ മനസ്സ് അനുവദിച്ചില്ല. അങ്ങനെയാണ് അവര്‍ ആ ചെക്കുമായി ഓഫീസില്‍ വന്നത്.
നമ്മെ അത്ഭുതപ്പെടുത്തും വിധം മനുഷ്യരുടെ നന്മ പ്രകടമാകുന്ന സന്ദര്‍ഭങ്ങളാണിതൊക്കെ. കേരളത്തില്‍ ഇനിയും ധാരാളം സകാത്ത് കമ്മിറ്റികള്‍ ഉണ്ടായാലും ബൈത്തുസ്സകാത്തിന്റെ പ്രസക്തി ഒട്ടും കുറയില്ല എന്നാണ് ഞാൻ കരുതുന്നത്. ഒരു സകാത്ത് ദായകന്‍ പോലുമില്ലാത്ത അതിദരിദ്രമേഖലകള്‍ കേരളത്തില്‍ ഏറെയുണ്ട്. മലയോരങ്ങളും നഗരപ്രാന്തങ്ങളും തീരദേശങ്ങളുമെല്ലാം ആ കൂട്ടത്തിലുണ്ട്. ഇങ്ങനെയുള്ള പ്രദേശങ്ങളില്‍നിന്ന് ആളുകള്‍ക്ക് ആശ്രയിക്കാവുന്ന കേരളാടിസ്ഥാനത്തിലുള്ള സകാത്ത് സംവിധാനം എന്നതാണ് ബൈത്തുസ്സകാത്തിനെ പ്രസക്തമാക്കുന്ന പ്രധാന ഘടകം.

ഷീറ്റുകള്‍ വലിച്ചുകെട്ടി വീടാണെന്ന് സങ്കൽപ്പിച്ച് താമസിക്കുന്ന കുടുംബങ്ങള്‍, പലിശയുടെ നീരാളിപ്പിടിത്തത്തിൽ പെട്ട് ഇനിയെന്ത് എന്ന ചോദ്യവുമായി നില്‍ക്കുന്ന കടബാധിതര്‍, പഠിക്കാനാഗ്രഹമുണ്ടെങ്കിലും സാമ്പത്തിക പരാധീനത മൂലം ഇരുളടഞ്ഞ ഭാവിയിലേക്ക് ആശങ്കയോടെ നോക്കിനില്‍ക്കുന്ന വിദ്യാർഥികള്‍ തുടങ്ങി ധാരാളം ആളുകള്‍ക്ക് അത്താണിയാവാന്‍ ഈ സംവിധാനത്തിന് സാധിക്കും. മൊത്തം കേരളത്തെ മുന്നില്‍ കാണുന്ന ഒരു സംവിധാനത്തിനേ അത് സാധ്യമാവുകയുള്ളൂ. ഒരു സകാത്ത് ദായകന്‍ നല്‍കുന്ന ഓരോ രൂപയും ഏറെ വിലപ്പെട്ടതായിത്തീരുന്നു- അത് ബൈത്തുസ്സകാത്തിലെത്തുമ്പോള്‍. l