അന്താരാഷ്ട്ര നിരീക്ഷകർ രണ്ടു തെരഞ്ഞെടുപ്പ് ഫലങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്തു കൊണ്ടിരിക്കുകയാണ്. ഫ്രാൻസിൽ ദേശീയ നിയമനിർമാണ സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പാണ് ഒന്ന്. തീവ്ര വലതു കക്ഷിയായ നാഷ്നൽ റാലി, സഭയിൽ ഭൂരിപക്ഷം നേടുമെന്ന് പ്രവചിക്കപ്പെട്ടിരുന്നെങ്കിലും അപ്രതീക്ഷിത കുതിപ്പ് നടത്തിയത് ഇടതു സഖ്യമായ ന്യൂ പോപുലർ ഫ്രണ്ടാണ്. 577 അംഗ അസംബ്ലിയിൽ ഇടതു സഖ്യം 182 സീറ്റ് നേടി. പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ നേതൃത്വത്തിലുള്ള സെന്ററിസ്റ്റ് മുന്നണി 163 സീറ്റുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. തീവ്ര വലതു പക്ഷത്തിന് 143 സീറ്റുകളേ നേടാനായുള്ളൂ. വോട്ടെടുപ്പിന്റെ തൊട്ടു മുമ്പ് ആദ്യം പറഞ്ഞ രണ്ടു മുന്നണികളും ഇരുനൂറോളം സീറ്റുകളിൽ ഉണ്ടാക്കിയ രഹസ്യ സീറ്റ് ധാരണയാണ് തൽക്കാലത്തേക്കെങ്കിലും തീവ്ര വലതു പക്ഷത്തെ അധികാരത്തിലെത്തുന്നതിൽനിന്ന് തടഞ്ഞതെന്ന് വ്യക്തം. ബ്രിട്ടനിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പാണ് രണ്ടാമത്തത്. പതിനാല് വർഷമായി ഭരിച്ചുകൊണ്ടിരുന്ന കൺസർവേറ്റീവ് പാർട്ടിക്ക് ഇതുപോലൊരു തിരിച്ചടി അവരുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. 650 അംഗ പാർലമെന്റിൽ അവർക്ക് നേടാനായത് 121 സീറ്റുകൾ മാത്രം. കഴിഞ്ഞ തവണ അവർക്കുണ്ടായിരുന്ന 250 സീറ്റുകളാണ് നഷ്ടമായത്. ലേബർ പാർട്ടി ഏതാണ്ട് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും ചെയ്തു.
പരമ്പരാഗത പാർട്ടികളുടെ ഊഴം വെച്ചുള്ള വിജയ പരാജയങ്ങൾക്കപ്പുറം ജനാധിപത്യ സംവിധാനങ്ങൾക്കകത്ത് നടക്കുന്ന തെരഞ്ഞെടുപ്പുകളെ ആഴത്തിൽ വിശകലനം ചെയ്യേണ്ട സന്ദർഭമാണിത്. ഫ്രഞ്ച് ഇസ്ലാമിക ചിന്തകനായ റജാ ഗരോഡി കഴിഞ്ഞ നൂറ്റാണ്ടിന്റെ തൊണ്ണൂറുകളിൽ, ഭൂരിപക്ഷത്തിന്റെ പേരിൽ നടക്കുന്ന ന്യൂനപക്ഷത്തിന്റെ കളിയാണ് ഇന്നത്തെ ജനാധിപത്യം എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കേവലം 15 ശതമാനം മാത്രം അമേരിക്കക്കാരുടെ പിന്തുണയോടെയാണ് ബിൽ ക്ലിന്റൺ പ്രസിഡന്റായതെന്നും കണക്കുകൾ വെച്ച് അദ്ദേഹം സമർഥിക്കുകയുണ്ടായി. അമേരിക്കയിൽ വീണ്ടുമൊരു പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. ആര് ജയിച്ചാലും യഥാർഥ ജനപിന്തുണ ഇതിനെക്കാൾ കുറയാനേ സാധ്യതയുള്ളൂ. അമേരിക്കയിൽ ഈയിടെ നടന്ന അഭിപ്രായ സർവെയിൽ സ്ഥാനാർഥികളായി വരാൻ പോകുന്ന ട്രംപിലോ ബൈഡനിലോ തങ്ങൾക്ക് യാതൊരു താൽപ്പര്യവുമില്ല എന്ന് പകുതിയോളം വോട്ടർമാർ തുറന്നുപറഞ്ഞിരിക്കുകയാണ്. വോട്ടിംഗ് ശതമാനം കുത്തനെ കുറയാനാണ് സാധ്യത.
തോൽക്കുന്ന പാർട്ടികളിലോ ജയിക്കുന്ന പാർട്ടികളിലോ ജനങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല എന്നതാണ് വാസ്തവം. വേറൊരു ഓപ്ഷനും ഇല്ലാത്തതുകൊണ്ട് ചിലരെ ജയിപ്പിച്ചും ചിലരെ തോൽപ്പിച്ചും വിടുന്നുവെന്ന് മാത്രം. വോട്ടിംഗ് പാറ്റേൺ നോക്കിയാൽ ഇത് മനസ്സിലാവും. ബ്രിട്ടനിൽ ഗംഭീര വിജയം കുറിച്ച ലേബർ പാർട്ടി 64 ശതമാനം സീറ്റുകൾ പിടിച്ചെങ്കിലും കിട്ടിയ വോട്ട് 34 ശതമാനം മാത്രമാണ്. കഴിഞ്ഞ തവണത്തെക്കാൾ രണ്ട് ശതമാനം മാത്രം വർധന. വളരെ ചെറിയ പാർട്ടിയായ ലിബറൽ ഡമോക്രാറ്റിക് പാർട്ടിക്ക് 71 സീറ്റുകൾ നൽകി നിരാശരായ ജനം മറ്റൊരു പരീക്ഷണം കൂടി നടത്തി നോക്കുകയാണ്. പാശ്ചാത്യ ലോകത്തെ ലിബറൽ ഡമോക്രസിയിൽ പ്രതീക്ഷ നഷ്ടപ്പെട്ട ജനം ഒരു പ്രതീക്ഷക്കും വകയില്ലാത്ത തീവ്ര വലതു പക്ഷത്തെ ഇറ്റലി, സ്ലോവാക്യ, ഫിൻലൻഡ്, ഹംഗറി, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക് എന്നീ ആറ് യൂറോപ്യൻ രാജ്യങ്ങളിൽ അധികാരത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഫ്രാൻസിലും ജർമനിയിലും ഹോളണ്ടിലും സ്വീഡനിലും വൈകാതെ തീവ്ര വലതു പക്ഷം അധികാരം പിടിക്കും. ജനാധിപത്യത്തിന്റെ മറവിൽ കോർപറേറ്റുകൾ അധികാരം കുത്തകയാക്കി വെച്ച എല്ലാ മുതലാളിത്ത ലിബറൽ സംവിധാനങ്ങളും അമ്പേ പരാജയപ്പെട്ടുവെന്നും ജനങ്ങൾക്കവയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നുമാണ് ഈ തെരഞ്ഞെടുപ്പുകളെല്ലാം നമ്മോട് വിളിച്ചു പറയുന്നത്. l