ലേഖനം

ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും സുദിനമാണ് ഈദുൽ ഫിത്വ്്ർ. ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ വിശുദ്ധ റമദാനിലെ വ്രതം പൂർത്തിയാക്കിയാണ് ഈ സുദിനത്തിലേക്ക് പ്രവേശിക്കുന്നത്. മുസ്‌ലിം ഉമ്മത്തിന്റെ ചരിത്രത്തിലെ പ്രഥമ ഈദുൽ ഫിത്വ്്ർ ഹിജ്റ രണ്ടാം വർഷത്തിലെ ശവ്വാലിലായിരുന്നു. അതിന് രണ്ട് പ്രത്യേകതകൾ ഉണ്ടായിരുന്നു. ഒന്ന്, പ്രഥമ റമദാൻ വ്രതം പൂർത്തിയാക്കിയ ശേഷമാണ് ആ ഈദ്. രണ്ട്, ഇസ്‌ലാമിക സമൂഹം ആദ്യമായി അഭിമുഖീകരിച്ച ബദ്്ർ യുദ്ധത്തിൽ ശത്രുക്കൾക്കെതിരെ അവർ നേടിയ അനിഷേധ്യവും നിർണായകവുമായ വിജയത്തിനു ശേഷമായിരുന്നു ആ ഈദ്. ഒന്നാമത്തേത് ഇസ്‌ലാമിന്റെ ആത്മീയവും ആധ്യാത്മികവുമായ സ്വാധീനം ഒരു സമൂഹത്തിൽ സൃഷ്ടിക്കുന്ന പരിവർത്തനത്തിന്റെ പൂർണതയെ പ്രതീകവൽക്കരിക്കുന്നു. രണ്ടാമത്തേത് പ്രസ്തുത ആധ്യാത്മിക ദർശനം മനുഷ്യരിൽ സൃഷ്ടിക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ പരിവർത്തനത്തിന്റെയും മുന്നേറ്റത്തിന്റെയും പൂർണതയെ അടയാളപ്പെടുത്തുന്നു.
മുസ്‌ലിം ഉമ്മത്ത് ഈ രണ്ട് അടിത്തറകളിൽ തങ്ങളുടെ വൈയക്തികവും സാമൂഹികവുമായ ജീവിതം കെട്ടിപ്പടുക്കണം എന്നതാണ് പെരുന്നാൾ നൽകുന്ന ഏറ്റവും മൗലികമായ സന്ദേശം. ശുഭ്രവും സ്ഫടിക സമാനവുമായ വ്യക്തിത്വത്തിന്റെ ഉടമകളായി മുസ്‌ലിംകൾ മാറണം. തങ്ങളും ലോകവും അഭിമുഖീകരിക്കുന്ന അധർമങ്ങളോടും അനീതികളോടും സന്ധിയില്ലാ സമരമാർഗത്തിൽ അവർ നിലയുറപ്പിക്കണം. ഈ രണ്ട് രംഗത്തും ഒരേപോലെ വിജയം വരിക്കാനാകുമ്പോഴാണ് ഒരു ജനത ആത്മാഭിമാനമുള്ള, പ്രതാപമുള്ള സമൂഹമായി മാറുന്നത്. അതിന് സാധ്യമാകുന്ന വിശ്വാസ, ആദർശ, നിയമ സംഹിതകളാൽ സമ്പന്നമാണ് ഈ സമുദായം. പക്ഷേ, കാലാന്തരത്തിൽ ഈ നന്മകൾ കൈമോശം വന്നു മുസ്‌ലിംകൾക്ക്. റമദാനിലൂടെ കൈവരിച്ച ആത്മീയ വിശുദ്ധി മുസ്‌ലിം സമൂഹം തങ്ങളുടെ വ്യാവഹാരിക ജീവിതത്തിന്റെ സകല തുറകളിലും പ്രതിഫലിപ്പിക്കുകയും പ്രതിനിധാനം ചെയ്യുകയുമാണ് വേണ്ടിയിരുന്നത്.

ജീവിതത്തിൽ തങ്ങൾ എന്തെല്ലാം പ്രതിസന്ധികളും പ്രയാസങ്ങളും അനുഭവിക്കുന്നവരാണെങ്കിലും ഈദാഘോഷം ഒഴിവാക്കാൻ മുസ്‌ലിംകൾക്കു കഴിയില്ല. ജീവിതത്തോടുള്ള ഇസ്‌ലാമിന്റെ ശരിയായ കാഴ്ചപ്പാട് ഉൾക്കൊണ്ടാൽ ഏത് ജീവിതപ്രശ്നങ്ങളും, ആരാധനയ്ക്ക് സമാനമായ ഒരു ആഘോഷം ഉപേക്ഷിക്കാൻ തക്ക ന്യായമല്ല എന്നു മനസ്സിലാക്കാൻ സാധിക്കും. ഭൗതികമായ പരാജയങ്ങളും തിരിച്ചടികളും പരീക്ഷണങ്ങളും ജീവിതത്തിന്റെ അനിവാര്യ ഭാഗമാണ്. ഒരു ജനത എല്ലാ കാലത്തും ഭൗതികമായി അതിജയിച്ചു നിൽക്കും എന്ന് കരുതാവതല്ല. മാനവ ചരിത്രവും ഖുർആനിക അധ്യാപനങ്ങളും ഈ വീക്ഷണം ഉൾക്കൊള്ളാൻ നമ്മെ പ്രാപ്തരാക്കും. ചരിത്രത്തിൽ ഇന്നോളം കടന്നുപോയ നൂറുകണക്കിന് മേധാശക്തികൾ ഒരുകാലത്ത് പ്രതാപത്തിന്റെ കൊടുമുടിയിലായിരുന്നു. പക്ഷേ, ഇന്നവർ സ്മരിക്കപ്പെടുന്നു പോലുമില്ല. പരാജിതർ എന്നും പരാജിതരും ദുർബലരുമായി തുടർന്നിട്ടുമില്ല. അതിനാൽ, വേദനകളും ദുഃഖങ്ങളും ഒരുപാടുണ്ടെങ്കിലും അതെല്ലാം ഇന്നല്ലെങ്കിൽ നാളെ വിട്ടകലുമെന്ന പ്രതീക്ഷയാണ് ആഘോഷങ്ങൾ പകർന്നുനൽകുന്നത്. നല്ലൊരു നാളെയെ പ്രതീക്ഷിക്കാനും സ്വപ്നം കാണാനും അതിനായി കഠിനാധ്വാനം ചെയ്യാനും മുസ്‌ലിം പ്രതിജ്ഞാബദ്ധനാണ്.
രണ്ടുതരം കാരണങ്ങൾകൊണ്ട് സമൂഹങ്ങൾ ഭൗതികമായ തകർച്ചയെ നേരിടും. ഒന്ന്, തങ്ങൾ ചെയ്ത അനീതികളുടെ ഫലമായിട്ട്. രണ്ട്, തങ്ങൾ നിർവഹിക്കേണ്ട രാഷ്ട്രീയവും ധാർമികവുമായ ഉത്തരവാദിത്വങ്ങളിൽ ഗുരുതരമായ വീഴ്ചകൾ വരുത്തിയതുകൊണ്ട്. മുസ്‌ലിംകൾ അഭിമുഖീകരിക്കുന്ന തകർച്ചയുടെ വക്കോളമെത്തിയ പരാജയങ്ങളുടെയും തിരിച്ചടികളുടെയും കാരണമായി ഇതു രണ്ടും വർത്തിച്ചിട്ടുണ്ട്. വിശുദ്ധ വേദഗ്രന്ഥമായ ഖുർആൻ മുസ്‌ലിംകളെ ഏൽപ്പിച്ച ദൗത്യം നിർവഹിക്കുന്നതിൽ അവർ കാണിച്ച അലംഭാവം ചെറുതൊന്നുമല്ല. മുഴുവൻ മാനവരാശിയെയും എല്ലാതരം അനീതികളിൽനിന്നും അതിക്രമങ്ങളിൽനിന്നും സംരക്ഷിക്കേണ്ട ചുമതല നിർവഹിക്കുന്നതിൽ മുസ്‌ലിംകൾക്ക് സംഭവിച്ച അപചയമാണ് ഇന്ന് മുസ്‌ലിം സമുദായം ആഗോള വ്യാപകമായി അഭിമുഖീകരിക്കുന്ന പ്രശ്നത്തിന്റെ കാതലായ കാരണം. നീതിക്കുവേണ്ടി നിലകൊള്ളുന്നവർക്ക് മാത്രമേ നീതി ലഭിക്കുകയുള്ളൂ എന്നത് ഒരു അടിസ്ഥാന തത്ത്വമാണ്. മറ്റുള്ളവർക്കുള്ള നീതിയെ തൃണവൽഗണിച്ച് സ്വന്തത്തിന് ഒരു അവകാശവും നേടിയെടുക്കാൻ ആർക്കും കഴിയുകയില്ല എന്നത് മറ്റൊരു തത്ത്വമാണ്. ഇത് തിരിച്ചറിഞ്ഞ് തിരുത്തി മുന്നോട്ടു പോകാനുള്ള വലിയ ആവേശമാണ് ഈദുൽ ഫിത്വ്്ർ നമുക്കു നൽകുന്നത്.
ഈദുൽ ഫിത്വ്്ർ സുദിനത്തിൽ ലോകത്ത് മുഴങ്ങിക്കേൾക്കുന്ന ഏറ്റവും ഉൽകൃഷ്ടമായ പ്രഖ്യാപനമാണ് 'അല്ലാഹു അക്ബർ'- അല്ലാഹുവാണ് ഏറ്റവും വലിയവൻ. ബാക്കി യെല്ലാം ചെറുതാണ്. നാം എല്ലാവരും എത്രയോ ചെറുതാണ്. ഇതാണ് ഈ മുദ്രാവാക്യത്തിന്റെ അർഥം. ആരും ആരുടെയും മുകളിലോ താഴെയോ അല്ല. അതുകൊണ്ട് നമ്മുടെ മുന്നിൽ വെല്ലുവിളി ഉയർത്തുന്ന ഭയാനകവും ബീഭത്സവുമായ ശക്തികൾ ഏതുമാകട്ടെ, ദൈവ ശക്തിയുടെ മുമ്പിൽ അവയെല്ലാം നിസ്സാരമാണെന്ന തിരിച്ചറിവ് മർദിത വിഭാഗങ്ങൾക്ക് പകർന്നുകൊടുക്കുകയാണ് തക്ബീർ. അത് നൽകുന്ന പ്രതീക്ഷ വിവരണാതീതമാണ്. ലോകത്ത് മനുഷ്യരുടെ സന്മാർഗത്തിനും വിമോചനത്തിനും വേണ്ടി അല്ലാഹു നിയോഗിച്ച എല്ലാ പ്രവാചകന്മാരും ചരിത്രത്തിന്റെ എല്ലാ ഘട്ടങ്ങളിലും മുഴക്കിയ ആദർശവും മുദ്രാവാക്യവും ആയിരുന്നല്ലോ അല്ലാഹു അക്ബർ. അതിന്റെ പ്രതിധ്വനിക്ക് മുന്നിൽ ചൂഷണത്തിന്റെയും അക്രമത്തിന്റെയും അനീതിയുടെയും എല്ലാ ദുശ്ശക്തികളും പത്തി മടക്കിയിട്ടുണ്ട്. വർത്തമാനകാലത്തെ തിന്മകളുടെ എല്ലാ അച്ചുതണ്ട് ശക്തികൾക്കും തക്ബീർ നൽകുന്ന മുന്നറിയിപ്പ്, ചരിത്രം ആവർത്തിക്കും എന്നു തന്നെയാണ്.

ഫലസ്ത്വീനെ ഇല്ലാതാക്കാൻ സർവ സന്നാഹങ്ങളുമായി യുദ്ധത്തിന് ഇറങ്ങിയിരിക്കുന്ന ഇസ്രയേൽ സയണിസ്റ്റ് ഭീകരതയും, ഇന്ത്യയിൽ തങ്ങളുടെ വംശീയ മേൽക്കോയ്മ സ്ഥാപിച്ചെടുക്കാൻ ന്യൂനപക്ഷ വിഭാഗങ്ങളെ, വിശേഷിച്ചും മുസ്‌ലിംകളെ ഇല്ലായ്മ ചെയ്യാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാഷിസവും ചരിത്രത്തിന്റെ ഈ കാവ്യനീതിയിൽ നിന്ന് രക്ഷപ്പെടുകയില്ല. അക്രമവും അനീതിയും ഏതൊരു വിഭാഗത്തിന്റെയും നാശത്തിന് മാത്രമേ നിമിത്തമായിട്ടുള്ളൂ. കൈയൂക്ക് കൊണ്ടും, സമ്പത്തും അധികാരവും കൊണ്ടും ഒരു വിഭാഗത്തിനും ലോകത്തിനുമേൽ തങ്ങളുടെ ആധിപത്യം അനന്തകാലം നീട്ടിക്കൊണ്ടു പോകാൻ കഴിയില്ല. അതേസമയം, മർദിച്ചൊതുക്കപ്പെടുന്ന ജനത മർദകരെ ചരിത്രത്തിന്റെ കാവ്യ നീതിക്കും ദൈവവിധിക്കും വിട്ടുകൊടുത്ത് നിഷ്ക്രിയരായി ഇരിക്കുകയല്ല വേണ്ടത്. തങ്ങളുടെയും ലോകത്തിന്റെയും വിമോചനത്തിനും വീണ്ടെടുപ്പിനും വേണ്ടിയുള്ള ത്യാഗ പരിശ്രമങ്ങളിൽ സ്വയം സമർപ്പിക്കാൻ അവർ സന്നദ്ധരാകണം.
മർദക വിഭാഗങ്ങളുടെ ഏറ്റവും വലിയ കരുത്ത് മർദിതരുടെ പാളയത്തിലെ അനൈക്യവും ശൈഥില്യവുമാണ്. ഒരു ജനതക്കും അനൈക്യത്തോളം വലിയ ശാപം മറ്റൊന്നില്ല. റമദാൻ മാസവും വിശുദ്ധ ഖുർആനും മാനവരാശിയോട് പൊതുവിലും, മുസ്‌ലിംകളോട് വിശേഷിച്ചും നടത്തുന്ന വിളംബരം ഐക്യപ്പെടുക എന്നാണ്. മുഴുവൻ മനുഷ്യരും തിന്മകൾക്കെതിരെ മനുഷ്യർ എന്ന നിലയിൽ ഒരുമിച്ചു നിൽക്കണം. ഒരൊറ്റ വിശ്വാസവും ആദർശവും ആരാധനാ മുറകളും പിന്തുടരുന്നവർ എന്ന നിലയിൽ മുസ്‌ലിം സമുദായത്തിൽ അനൈക്യം ഒരു കാരണത്താലും ഉണ്ടാവാൻ പാടില്ലാത്തതായിരുന്നു. ഒരു പള്ളിയിൽ ഒരുമിച്ചു നിന്ന് നമസ്കരിച്ചും പ്രാർഥിച്ചും കഴിഞ്ഞവർ ഒറ്റ മനസ്സും ഒറ്റ ശരീരവും പോലെ ആകണം. ഒരു മാസം നീണ്ടുനിന്ന പകലിലെ ഉപവാസവും പാതിരാവോളം നീണ്ട ഉപാസനയും ഭിന്നിക്കാനല്ല, ഒന്നിക്കാനാണ് ആഹ്വാനം ചെയ്തത്. ഒന്നിച്ചു നിൽക്കുന്നവർക്കാണ് അല്ലാഹുവിന്റെ സഹായം. ഭിന്നിക്കരുത് എന്ന പ്രവാചക വചനം ഹൃദയത്തോട് ചേർത്തുവയ്ക്കാൻ വിശ്വാസികൾക്ക് കഴിയണം.

വർത്തമാനകാല ഇന്ത്യൻ പരിതഃസ്ഥിതിയിൽ ഐക്യവും യോജിപ്പും ഏറ്റവും വലിയ രാഷ്ട്രീയ ആയുധമാണ് എന്ന് സ്വയം തിരിച്ചറിയുകയും രാജ്യത്തെ മുഴുവൻ ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് മുസ്‌ലിം സമുദായത്തെ സംബന്ധിച്ചേടത്തോളം വളരെ പ്രധാനപ്പെട്ട ബാധ്യതയാണ്. പ്രപഞ്ച നാഥനായ അല്ലാഹുവിന്റെ അടിമകളായ മനുഷ്യർക്കിടയിൽ വൈരവും അകൽച്ചയും വംശീയ വിവേചനങ്ങളും ഉണ്ടാക്കി സംഘ് പരിവാർ രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുമ്പോൾ, മറ്റെല്ലാം മാറ്റിവെച്ച് രാജ്യനിവാസികൾ ഐക്യത്തിന്റെ ഉറച്ച കോട്ടകൾ തീർക്കേണ്ടത് ഇന്ത്യയെ വീണ്ടെടുക്കാനുള്ള പരിശ്രമത്തിലെ പ്രധാനപ്പെട്ട ചുവടുവെപ്പാണ്. അതിനാൽ, മനുഷ്യസമത്വത്തിന്റെയും ഐക്യത്തിന്റെയും ആഹ്വാനം കൂടിയാണ് പെരുന്നാളിലെ തക്ബീർ. വരും നാളുകളിൽ തിന്മയുടെ എല്ലാ ഭീകര രൂപങ്ങൾക്കും എതിരായ സമരത്തിന്റെ പ്രമേയമാകാൻ ഈ വചനത്തിന് ശേഷിയുണ്ടാകണം.
വിശപ്പിന്റെയും ദാഹത്തിന്റെയും രുചി വേണ്ടുവോളം തിരിച്ചറിഞ്ഞ വിശ്വാസിക്ക് ദരിദ്രന്റെ വേദനകളും പ്രയാസങ്ങളും അറിയാനും അവന്റെ കണ്ണുനീരൊപ്പാനും സാധിക്കണം. ദൈവവുമായുള്ള നമ്മുടെ ബന്ധം എത്രമാത്രം സുദൃഢമാണോ അത്രയും സുദൃഢവും സുന്ദരവുമായിരിക്കണം ദൈവദാസന്മാരിലേക്കുള്ള നമ്മുടെ ബന്ധത്തിന്റെ പാലം. ദുരിതമനുഭവിക്കുന്നവന്റെയും വിശക്കുന്നവന്റെയും പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തവർക്ക് ആത്മീയമായ ഔന്നത്യം പ്രാപിക്കാൻ കഴിയുകയില്ല എന്ന ഇസ്‌ലാമിന്റെ വീക്ഷണം വ്രതം നമ്മിൽ ശക്തിയായി സ്ഥാപിച്ചെടുത്ത മൂല്യമാണ്. ഈ മൂല്യം നഷ്ടപ്പെട്ടുപോകാതിരിക്കാൻ ജാഗ്രത പുലർത്താനും മുസ്‌ലിംകൾക്ക് കഴിയേണ്ടതുണ്ട്.

റമദാൻ വ്രതം അവസാനിക്കുകയും ഈദ് ആഘോഷിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ, കഴിഞ്ഞ ഒരു മാസക്കാലം വിശ്വാസികൾ ആർജിച്ച ആത്മീയമായ കരുത്ത് ജീവിതത്തിൽ തുടർന്നും നിലനിർത്താൻ കഴിയുമോ എന്ന പരീക്ഷണത്തിലേക്കുള്ള പ്രവേശിക കൂടിയാവുകയാണ് ഈദുൽ ഫിത്വ്്ർ. പൈശാചികമായ പ്രലോഭനങ്ങൾക്കും ദേഹേഛകൾക്കും മേൽ, ഇനിയുള്ള ജീവിതത്തിൽ അല്ലാഹുവിന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും വിജയക്കൊടി നാട്ടണം എന്ന ദൃഢപ്രതിജ്ഞയോടെ ആവണം വിശ്വാസികൾ ഈദിലേക്ക് പ്രവേശിക്കാൻ. ദൈവാഭിലാഷത്തിന്റെ അടിത്തറയിൽ പുതു ലോക നിർമിതി സാധ്യമാക്കാൻ എല്ലാവർക്കും കരുത്ത് പകരട്ടെ ഈദുൽ ഫിത്വ്്ർ. l

ചരിത്രത്തിന്റെ പ്രയാണഗതിയെ നിയന്ത്രിച്ച സംഭവങ്ങള്‍ പില്‍ക്കാലക്കാര്‍ക്ക് പകര്‍ന്നുകൊടുക്കുന്ന ആവേശം ചെറുതല്ല. ഈ ആവേശാഗ്‌നിയെ ആളിക്കത്തിച്ച ബഹുലമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം കുറിച്ച മാസമാണ് ഹിജ്‌റ വര്‍ഷാരംഭത്തിലെ പ്രഥമ മാസമായ മുഹര്‍റം.
ആദര്‍ശരാഹിത്യവും, മതപരവും രാഷ്ട്രീയവുമായ ശൈഥില്യങ്ങളും, ഇസ്്ലാമിക ധാര്‍മികതയില്‍നിന്നും ആത്മീയ മൂല്യങ്ങളില്‍നിന്നുമുള്ള വ്യതിചലനവുമാണ് മുസ്്ലിം ഉമ്മത്ത് ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളില്‍ മുഖ്യം. പരിഷ്‌കരണ പ്രസ്ഥാനങ്ങളില്‍ വരെ ഏറിയോ കുറഞ്ഞോ അളവില്‍ ഈ പ്രവണതകള്‍ കാണാനാകും. മുഹര്‍റമിന്റെ ചരിത്രം ഇത്തരം പ്രവണതകള്‍ക്കെതിരായ സമരത്തിന്റേതാണ്. ആ ചരിത്രമുഹൂര്‍ത്തങ്ങളെ വര്‍ത്തമാന പരിസരത്തേക്ക് പുനർവിന്യസിക്കാന്‍ നമുക്കാകുമോ എന്ന ചോദ്യമാണ് മുഹര്‍റം ഉന്നയിക്കുന്നത്.
മൂസാ നബി(അ)യുടെ ധീരോദാത്തമായ ജീവിതവും സമരവും മുഹര്‍റം ചിന്തകളില്‍ വളരെ സുപ്രധാനമായതാണ്. അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനമാണ് മൂസാ നബിയുടെ ചരിതം. അദ്ദേഹത്തിന്റെ നിയോഗ സന്ദര്‍ഭവും ജീവിത സമരങ്ങളുടെ വികാസവും എത്ര വിശദമായിട്ടാണ് ഖുര്‍ആന്‍ വിവരിച്ചത്! ഖുര്‍ആനില്‍ ഇത്രയധികം വിശകലനവിധേയമായ മറ്റൊരു പ്രവാചകചരിതവും ഇല്ല എന്നുതന്നെ പറയാം. ഫറോവയുടെ മര്‍ദക ഭരണകൂടവും അതിന്റെ തകര്‍ച്ചയും, അടിമകളാക്കപ്പെട്ട ഇസ്രാഈല്യരും അവരുടെ വിമോചനവും, വിമോചനാനന്തര ഇസ്രാഈല്യരുടെ സാമൂഹികാവസ്ഥകളും എല്ലാം വര്‍ത്തമാനകാലത്തോട് ചേര്‍ത്തുവായിക്കാനാകും.
മുഹമ്മദ് നബി(സ)യുടെയും അനുയായികളുടെയും മദീനാ ഹിജ്റ, ഹിജ്റാനന്തരം മദീനയില്‍ നിലവില്‍വന്ന രാഷ്ട്രം, ഖിലാഫത്തുര്‍റാശിദയുടെ ശേഷം ആ രാഷ്ട്രം പ്രവാചക മാര്‍ഗദര്‍ശനത്തില്‍നിന്ന് വ്യതിചലിച്ചപ്പോള്‍ അതിനെതിരെ ഉയര്‍ന്നുവന്ന പ്രതിരോധങ്ങള്‍ ഇവയെല്ലാം ഇസ്്ലാമിന്റെ തനതു പ്രകൃതം എന്താണെന്ന് അടിവരയിടുന്നുണ്ട്. മുന്നോട്ടുള്ള പ്രയാണത്തിന് ഒരുപാട് തുറസ്സുകള്‍ പകര്‍ന്നുതരാനാകും ആ വായനക്ക്. മൂസാ(അ)യുടെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി സമകാലിക സമൂഹത്തെ എങ്ങനെ പുനര്‍നിര്‍മിക്കാമെന്ന ചിന്ത വളരെ പ്രസക്തമാണ്. മൂസാ(അ)യുടെ നിയോഗ ലക്ഷ്യങ്ങളില്‍ വളരെ പ്രാധാന്യപൂര്‍വം ഖുര്‍ആന്‍ ഉദ്ധരിച്ചത് ഇസ്രാഈല്‍ ജനതയുടെ വിമോചനമാണ് (അല്‍ ഖസ്വസ്വ് 3-6).
മൂസാ നബി(അ)യുടെയും ഇസ്രാഈലീ സമൂഹത്തിന്റെയും ചരിത്രത്തെ ആധാരമാക്കി വര്‍ത്തമാനകാല മുസ്്ലിം സാമൂഹികാവസ്ഥകളെ വിശകലനം ചെയ്യാനാകും. മുസ്്ലിം ഉമ്മത്ത് അഭിമുഖീകരിക്കുന്ന ബാഹ്യവും ആന്തരികവുമായ വെല്ലുവിളികളെ നേരിടാനുതകുന്ന ചില സ്ട്രാറ്റജികള്‍ ആവിഷ്‌കരിക്കാനും അതുവഴി സാധിക്കും.
മൂസായുടെ ജനം, ഫറോവയുടെ ജനം എന്ന രണ്ടു ചേരി അവിടെയുണ്ടായിരുന്നു. ഒന്ന് പ്രബലവും മറ്റൊന്ന് ദുര്‍ബലവുമായിരുന്നു എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. അധികാരമുള്ള ഖിബ്ത്വികള്‍, അടിച്ചമര്‍ത്തപ്പെട്ട ഇസ്രാഈല്യര്‍. തന്റെ കക്ഷിയിൽ പെട്ട ഒരാള്‍, ശത്രുവിഭാഗത്തില്‍പ്പെട്ട മറ്റൊരാള്‍. ഇത്തരം പ്രയോഗങ്ങള്‍ എന്താശയമായിരിക്കാം ഉള്‍ക്കൊള്ളുന്നത്? ഇന്ത്യയിലും ഈ രീതിയില്‍ രണ്ടു ചേരികളിലേക്ക് മനുഷ്യര്‍ വേര്‍തിരിക്കപ്പെടുകയാണ്. മുമ്പത്തെക്കാള്‍ ആഴവും പരപ്പുമുണ്ട് ഈ ധ്രുവീകരണത്തിന്. വര്‍ഗീയമോ സാമുദായികമോ ആയ ധ്രുവീകരണം മാത്രമായി ഇതിനെ ന്യൂനീകരിക്കാന്‍ കഴിയില്ല. വര്‍ഗീയ ധ്രുവീകരണം എന്നതിനപ്പുറം മര്‍ദക ഏകാധിപത്യവും, സ്വാതന്ത്ര്യവും അധികാരാവകാശങ്ങളും നിഷേധിക്കപ്പെട്ട മര്‍ദിത ജനതയും എന്നതിലേക്ക് ഇന്ത്യന്‍ സാമൂഹികഘടന മാറിക്കൊണ്ടിരിക്കുകയാണ്. ഏകശിലാ സംസ്‌കാരവും ഹിന്ദുത്വ വംശീയതയും ഹിംസാത്മക ദേശീയതയും ഒരു ഭാഗത്ത്. ഇതിന്റെ മറുഭാഗത്ത് പ്രതിഷ്ഠിക്കപ്പെട്ടവര്‍ ദേശവിരുദ്ധര്‍ മാത്രമല്ല, ദേശമില്ലാത്തവര്‍ വരെയാകാന്‍ പോകുന്ന അവസ്ഥയാണ് ഇന്നുള്ളത്.
മര്‍ദകരോടും മര്‍ദിതരോടും ഇസ്്ലാമിന് ഒരു നിലപാടല്ല. രണ്ടിടത്തും ഒറ്റ ദൗത്യവും അല്ല. മര്‍ദകര്‍ക്കും മര്‍ദിതര്‍ക്കും ഇസ്്ലാമില്‍ മോചനമുണ്ട്. പക്ഷേ, രണ്ടിനും ഒരു വഴിയല്ല. ഇസ്്ലാമിന്റെ പൊതുവായ പ്രബോധന ഉള്ളടക്കം ഇരുകൂട്ടര്‍ക്കും ഒന്നാണെങ്കിലും, ശൈലിയും പ്രയോഗവും രണ്ടു വിധമാണ്. അതായത്, മര്‍ദകനായ ഫറോവയോട് പറഞ്ഞതല്ല, മര്‍ദിതരായ ഇസ്രാഈല്‍ സമൂഹത്തോട് മൂസാ (അ) പറയുന്നത്.
മര്‍ദകരും മര്‍ദിതരും എന്ന രണ്ടു പക്ഷം നിലനില്‍ക്കുമ്പോള്‍ വിമോചകന്റെ ദൃഷ്ടി പ്രഥമമായും പതിയേണ്ടത് മര്‍ദിതരിലാവണം. അത് ദയയുടെയും അനുകമ്പയുടെയും നോട്ടമാകണം. ശകാരവും കുറ്റപ്പെടുത്തലും താങ്ങാനവര്‍ക്ക് കഴിയുകയില്ല. പ്രശ്ന പരിഹാരമാണ് അവര്‍ക്കാവശ്യം; പ്രശ്നങ്ങളല്ല. മര്‍ദകരോട് ഒരു വിട്ടുവീഴ്ചയും മൂസാ (അ) കാണിച്ചില്ല. അതേസമയം അവരോട് നയതന്ത്രപരമായ സംഭാഷണം നടത്തിയിട്ടുമുണ്ട്. ഖുര്‍ആന്‍ അത് വ്യത്യസ്ത സന്ദർഭങ്ങളിൽ ഉദ്ധരിക്കുന്നത് കാണാം (അന്നാസിആത് 17-19, ത്വാഹാ 43-48). മൂസായുടെ ദൗത്യത്തെ എതിര്‍വാദങ്ങളുന്നയിച്ച് പരാജയപ്പെടുത്താന്‍ ഫറോവ തുനിയുന്നതും ഖുര്‍ആനിലുണ്ട് (അശ്ശുഅറാഅ് 18). ഇങ്ങനെ തുടരുന്ന സംവാദത്തിന്റെ ഒരു ഘട്ടത്തില്‍ ഫറോവയോട് മൂസാ (അ) വെട്ടിത്തുറന്നു തന്നെ പറയുന്നു: ''എനിക്കു ചെയ്തുതന്നതായി നീ എടുത്തുകാണിച്ച ആ അനുഗ്രഹം ഇസ്രാഈല്‍ മക്കളെ നീ അടിമകളാക്കിവെച്ചതിനാല്‍ സംഭവിച്ചതാണ്'' (അശ്ശുഅറാഅ് 22). പൗരസമൂഹത്തിന്റെ സമസ്ത അവകാശങ്ങളും കവര്‍ന്നെടുത്ത് പാരതന്ത്ര്യത്തിന്റെ നുകം അവരുടെ ചുമലില്‍ ബന്ധിച്ചതിനു ശേഷം അവര്‍ക്ക് നല്‍കിയ ഔദാര്യത്തിന്റെ കണക്കു പറയുന്ന സകല ഏകാധിപതികളോടും ഇസ്്ലാമിന് പറയാന്‍ ഇതില്‍പരം മറ്റൊന്നുമില്ല.
ഫറോവയുടെ പതനത്തിനു മുമ്പ് മൂസാ (അ) ഇസ്രാഈല്യരുടെ വിമോചകന്‍ എന്ന ദൗത്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഫറോവന്‍ ആധിപത്യത്തെ ചോദ്യം ചെയ്യുന്ന ശ്രമകരമായ ദൗത്യമായിരുന്നു അത്. ഫറോവക്ക് ഇത് മനസ്സിലായിരുന്നു. ഇതിനെ രാഷ്ട്രീയമായി നേരിടാതെ മതപരമായി അഭിമുഖീകരിക്കുകയായിരുന്നു ഫറോവ ചെയ്തത് (അല്‍ ഖസ്വസ്വ് 38, ഗാഫിര്‍ 26).
ദുര്‍ബലരും പതിതരുമായ ഇസ്രാഈല്യര്‍ക്ക് ഫറോവയെ കായികമായി നേരിടാനാവില്ലായിരുന്നു. ദൈവികമായ ശക്തിയും അത്ഭുതവുംകൊണ്ട് മാത്രമേ അവരെ പരാജയപ്പെടുത്താനാവുകയുള്ളൂ. ദൈവിക നടപടിയില്‍ അങ്ങനെയും ഒരു വശമുണ്ട്. തന്റെ ജനതയിലെ നെല്ലും പതിരും വേര്‍തിരിക്കുക എന്നതായിരുന്നില്ല ഈ സന്ദര്‍ഭത്തില്‍ മൂസാ (അ)യുടെ ഊന്നല്‍. ഏതു വിധേനയും ഫറോവന്‍ ആധിപത്യത്തില്‍നിന്ന് ഇസ്രാഈല്യരെ മോചിപ്പിക്കുക എന്നതിലായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ ശ്രദ്ധയും.
നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ മര്‍ദിത ജനതയായ ഇസ്രാഈല്യരെ ഫറോവയില്‍നിന്ന് മൂസാ (അ) മോചിപ്പിച്ചു. ചെങ്കടലില്‍ അല്ലാഹു ഒരുക്കിയ രാജപാതയിലൂടെ സീനാ താഴ്വരയില്‍ എത്തിയവരില്‍ സാമിരിയും അയാളുടെ തെറ്റായ രീതികള്‍ പിന്തുടര്‍ന്നവരും ഉണ്ടായിരുന്നു.
സാമിരിക്കും സില്‍ബന്ധികള്‍ക്കും മൂസാ (അ)ക്കൊപ്പം രക്ഷപ്പെടാന്‍ എന്തിനാണ് അവസരം നല്‍കിയത്? അതല്ലേ സാമിരിയുടെ പ്രതിഷ്ഠക്ക് നിലമൊരുക്കിയത്?
ഫറോവയും ഹാമാനും അവരിരുവരുടെ സൈന്യവും ഖാറൂനും ഒരു ഭീകര യാഥാര്‍ഥ്യമായി എതിര്‍വശത്ത് ഇസ്രാഈല്യരെ അടിച്ചമര്‍ത്തുന്ന വലിയ രാഷ്ട്രീയ ശക്തിയായി വളരുന്നു. ആ സമയത്ത് ആഭ്യന്തര അനൈക്യം മര്‍ദക വ്യവസ്ഥയെ മാത്രമേ സഹായിക്കൂ എന്നതിനാലാകാം സാമിരിയുടെ തിന്മകള്‍ സീനാ താഴ്വര വരെ അനുവദിക്കപ്പെടാന്‍ കാരണം. അതിനാല്‍ ഫാഷിസമെന്ന ഫസാദിനെതിരായ പോര്‍മുഖം മൂര്‍ച്ച കൂട്ടപ്പെടേണ്ട സമയത്ത്, ഒരു സീനാ താഴ്വര എത്തുംവരേക്ക് നമുക്ക് സാമിരിമാര്‍ക്ക് സാവകാശം കൊടുക്കാമെന്നാണ് ഇത് നല്‍കുന്ന പാഠം. സമുദായ സംസ്‌കരണത്തിനുള്ള മികച്ച രീതിശാസ്ത്രം ഈ ചരിത്രത്തില്‍നിന്ന് ഉരുത്തിരിച്ചെടുക്കാം. l