കഥ

സുഹയ്ക്ക് കുഞ്ഞു പറവകളുണ്ടാക്കാൻ ഇഷ്ടമാണ്. അവളുടെ ഇത്ത, അമാനയാണ് അത് പഠിപ്പിച്ചുകൊടുത്തത്. നേർത്ത കമ്പികൾ ചുരുളുകളായി വളച്ചെടുത്ത് വെളുത്ത പഞ്ഞികൾകൊണ്ട് പൊതിയണം. പിന്നെ കുഞ്ഞു ബട്ടനുകൾ കൊണ്ട് ചുവന്ന കണ്ണുകൾ. കറുത്ത ചുണ്ടുകൾ …..

അമാന ഉണ്ടാക്കിയ പക്ഷികൾ ജീവൻ തുടിക്കുന്നവയാണ്. അവയിൽ ചെറിയ മോട്ടോർ ഘടിപ്പിച്ച് ചലിക്കുന്ന പക്ഷികളാക്കാമെന്നത് ഖാലിദിന്റെ ഐഡിയയാണ്. വീട്ടിലെ കേടുവന്ന ഉപകരണങ്ങളൊക്കെ തനിക്കുള്ളതാണെന്നാണ് ഖാലിദിന്റെ വിചാരം. അവനത് പൊളിച്ചെടുത്ത് മനോഹരമായി അടുക്കിവെച്ചിട്ടുണ്ടായിരുന്നു.
പറവകളെ ചലിപ്പിക്കാൻ കുട്ടികൾ ഉപേക്ഷിച്ചതും തകർന്നതുമായ കളിപ്പാട്ടങ്ങൾ അവൻ പെറുക്കിയെടുത്തു. തകർന്ന സ്വപ്നങ്ങളുടെ പ്രതീകം പോലെ.. ഖാലിദിന്റെ മുറിയിൽ അവ കുന്നുകൂടി.
അമാനയുടെ നിരവധി പറവകൾക്ക് ജീവൻവെച്ചു.

ഖാൻ യൂനിസിലെ സ്കൂളിലേക്ക് പോകുമ്പോൾ അമാനയും ഖാലിദും സന്തോഷത്തിലായിരുന്നു. പറവകൾക്ക് എങ്ങനെ കാലുണ്ടാക്കുമെന്ന് ക്രാഫ്റ്റ് ടീച്ചറുമായി സംസാരിക്കണം.
സുഖമില്ലാത്തതുകൊണ്ട് സുഹ സ്കൂളിലേക്ക് പോയില്ല.
പിഞ്ഞിപ്പോയ കിടക്കയിൽനിന്ന് പുറത്തെടുത്ത് കഴുകി വെച്ച പഞ്ഞിക്കെട്ടുകൾ ഉണക്കാൻ വെക്കണമെന്ന് സുഹയെ ഓർമിപ്പിക്കാനും അമാന മറന്നില്ല. ചുവന്ന കണ്ണുകളും കറുത്ത ചുണ്ടുകളും നിറച്ചുവെച്ച ഡബ്ബകൾ അവൾ തിരിച്ചും മറിച്ചും നോക്കിയതെന്തിനാണ്? ഇനിയും ധാരാളം പറവകളുണ്ടാക്കണം. അമാന ആഗ്രഹം പറഞ്ഞതാണോ?
സുഹക്ക് തോന്നിയത്, അമാന വസിയ്യത് ചെയ്യുകയാണെന്നാണ്.

ഖാലിദിന്റെ വലിയ ബാഗ് തോളിൽ തൂക്കിയിരുന്നു. അത് പുസ്തകങ്ങൾ വെയ്ക്കാൻ മാത്രമായിരുന്നില്ല. വഴിയിൽനിന്ന് കിട്ടുന്ന ഉപയോഗ ശൂന്യമായ പലതും അവന് ഉപകാരമുള്ളതായിരുന്നല്ലോ.

അവർ സ്കൂളിലെത്തിയില്ല. വഴിയിൽ വെച്ചു തന്നെ സയണിസ്റ്റ് സൈന്യം അവരെ ആക്രമിച്ചിരിക്കണം. ഒരു അടയാളമായി വലിയ ബാഗ് മാത്രം തിരിച്ചു കിട്ടി. മയ്യിത്തുകൾ കിട്ടിയില്ല. അന്ന് സ്കൂളും അവർ ആക്രമിച്ചു. ഖാൻ യൂനിസിലെ സ്കൂൾ ഹമാസിന്റെ കേന്ദ്രമാണെന്നും ക്ലാസിന്റെ ചുവരിൽ പതിച്ചുവെച്ച ടൈം ടേബിളിലെ ദിവസങ്ങൾ ഹമാസ് പോരാളികളുടെ പേരാണെന്നുമുള്ള വീഡിയോ കണ്ട് സങ്കടത്തിനിടയിലും സുഹയ്ക്ക് ചിരി വന്നു.

A donkey drawing a cart moves past the ruins of houses destroyed in Israeli strikes during the conflict, amid a temporary truce between Israel and the Palestinian group Hamas, in Khan Younis in the southern Gaza Strip November 28, 2023. REUTERS/Fadi Shana

അമാനയുടെ ആഗ്രഹം പോലെ സുഹ പഞ്ഞികൊണ്ട് പറവകളുണ്ടാക്കി. കണ്ണുകളും ചുണ്ടുകളും നൽകി. കാലുകൾ ഉണ്ടാക്കിയില്ല. ഖാലിദിന്റെ യന്ത്രങ്ങൾകൊണ്ട് അവയെ ചലിപ്പിച്ചു. അവളെ അത്ഭുതപ്പെടുത്തി അവ ഉയർന്നു പറക്കാൻ തുടങ്ങി. കൈവിട്ട് പോകാതിരിക്കാൻ നീണ്ട നൂൽകൊണ്ട് ജനൽകമ്പികളിൽ കെട്ടിയിട്ടു.
വീണ്ടും വീണ്ടുമുണ്ടാക്കി.
യന്ത്രങ്ങൾക്ക് കീ കൊടുത്തു കെട്ടിയിട്ടു.

ശത്രുസൈന്യത്തിന്റെ വിമാനങ്ങൾ അവർക്ക് മുകളിൽ വട്ടമിട്ടു. കെട്ടിട സമുച്ചയത്തിലേക്ക് ബോംബുകൾ വർഷിച്ചു. കെട്ടിടങ്ങൾ ഭാഗികമായി തകർന്നുവീണു. ഖാലിദിന്റെ ശേഖരം ചിതറിത്തെറിച്ചു. കെട്ടിയിട്ട നൂലുകൾ പൊട്ടി യന്ത്ര പറവകൾ ആകാശത്തേക്ക് പൊന്തി… ഒന്നിനു പിറകെ ഒന്നായി.
ഫൈറ്റർ വിമാനങ്ങൾ പരിഭ്രാന്തിയോടെ വട്ടമിട്ടു.
അപ്പോഴും നിരവധി പറവകൾ ആകാശത്തേക്ക് ഉയർന്നു.
കുഞ്ഞു പറവകളെ കണ്ടു ഭയന്ന് ലക്ഷ്യം തെറ്റിയ ഫൈറ്ററുകൾ കൂട്ടിയിടിച്ച് തീഗോളമായി മാറി.

തകർന്ന കെട്ടിടത്തിന്റെ ജനലഴികളിൽ പിടിച്ച് ദൂരെ മരുഭൂമിയിലെ തീഗോളം സുഹ കണ്ടു. ആ വെളിച്ചത്തിൽ, ആകാശത്ത് പറക്കുന്ന യന്ത്ര പറവയ്ക്ക് സ്വർണ നിറമാണെന്ന് അവൾക്ക് തോന്നി. l

January 1, 2024
അബാബീൽ
by | 2 min read

യാഗിൽ അല്പം തുറന്നുകിടന്ന ജനൽ പാളിയിലൂടെ ആകാശത്തേക്ക് നോക്കി. അരണ്ട വെളിച്ചമുള്ള ആകാശത്ത് ചീറിപ്പാഞ്ഞു പോയ മിസൈലുകളുടെ പുകപടലങ്ങൾ വളരെ പതുക്കെ പടരുന്നു. പാത്തും പതുങ്ങിയും നീങ്ങുന്ന സൈനികരെ പോലെ. ഗസ്സയിൽ ഓരോ ബോംബ് പൊട്ടുമ്പോഴും അവൻ ഞെട്ടുന്നുണ്ടായിരുന്നു. പുതപ്പ് മുഖത്തേക്ക് വലിച്ചിട്ട് അവൻ കണ്ണുകൾ ഇറുകെ അടച്ചു. എത്ര ദിവസമായി ബോംബിംഗ് തുടങ്ങിയിട്ട്. മമ്മ ഇനിയും ഉറങ്ങാൻ വന്നിട്ടില്ല. മുറിയിൽ എവിടെയോ ദുഃഖിച്ചിരിക്കുന്നുണ്ടാവും. അല്ലെങ്കിൽ പപ്പയോട് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയാവും.

പപ്പ ഇപ്രാവശ്യത്തെ സക്കൂത്തിനുണ്ടായില്ല. ജർമനിയിലേക്ക് പോയതാണ്. പപ്പക്ക് ജർമൻ പാസ്്പോർട്ടുമുണ്ടല്ലോ. ഏഴു ദിവസത്തെ ആഘോഷത്തിന് ബന്ധുക്കളൊക്കെയുണ്ടായിരുന്നെങ്കിലും പപ്പയില്ലാത്തത് ഒരു കുറവായിരുന്നു. രാത്രി വൈകിയാണ് ഉറങ്ങിയത്. വളരെ രാവിലെയാണ് കാതടപ്പിക്കുന്ന ശബ്ദത്തിൽ മിസൈലുകൾ പതിക്കാൻ തുടങ്ങിയത്. ജറുസലേമിൽ അങ്ങനെയൊന്ന് സംഭവിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ലയെന്നാണ് മമ്മ പറഞ്ഞത്. പാട്ടും കളിയും ചിരിയുമായി നടന്ന മമ്മയല്ല ഇപ്പോഴുള്ളത്. കരഞ്ഞു വീർത്ത മുഖം.
വീട്ടു പരിസരത്ത് ബഹളങ്ങൾ കേട്ടെങ്കിലും മമ്മ വാതിൽ തുറന്നിരുന്നില്ല. ആരോ വാതിലിൽ മുട്ടി. അയൽക്കാരോ ബന്ധുക്കളോ ആണെന്ന് തോന്നി. കറുത്ത വേഷത്തിൽ മുഖം മറച്ച, തോക്കേന്തിയ രണ്ട് പേർ വീട്ടിനകത്തേക്ക് കയറി. മമ്മയും ഞാനും പേടിയോടെ മുറിയുടെ ഓരത്ത് ചുവര് ചാരിയിരുന്നു. പേടിക്കേണ്ട, സ്ത്രീകളെയും കുട്ടികളെയും ഞങ്ങൾ അക്രമിക്കില്ല. സംസാരത്തിൽനിന്ന് അവർ അറബികളാണെന്ന് മനസ്സിലായി. വീടു മുഴുവൻ പരിശോധിച്ചു. പപ്പ ഇല്ലാത്തത് നന്നായി. മമ്മയുടെ മുഖമാകെ വിവർണമായിരുന്നു. ഫലസ്ത്വീനികൾക്ക് ഇവിടെ ഒരിക്കലും എത്താനാവില്ലെന്നാണ് മമ്മ വിശ്വസിച്ചിരുന്നത്.

വര: സാലിഹ

ആരുമില്ലെന്നറിഞ്ഞപ്പോൾ, അനുവാദത്തോടെ തീൻ മേശയിൽനിന്ന് ബ്രഡും പഴവും കഴിച്ച് അടുത്ത ഫ്ലാറ്റിലേക്ക് അവർ പോയി. കുറച്ച് പേരെ ബന്ദികളാക്കി എന്ന് പിന്നീട് അറിഞ്ഞു.
മമ്മ പപ്പയെ വിളിച്ച് കുറേ കരഞ്ഞു.
യാഗിൽ ജനൽ പാളി പതുക്കെ തുറന്നു. ദൂരെ അയൺ ഡോമിന്റെ റോക്കറ്റ് ലോഞ്ചർ കാണാം. ഒറ്റപ്പെട്ട് നിൽക്കുന്ന ഒരാളെ പോലെ. അതിനുമപ്പുറം മതിൽ. മതിലിനപ്പുറത്ത് കുറച്ചൊഴിഞ്ഞ സ്ഥലം. അതിനപ്പുറം കെട്ടിടങ്ങളുടെ നിര. അതിൽ അവിടവിടെയായി വെളിച്ചത്തിന്റെ പൊട്ടുകൾ. അതിലേതോ റൂമിൽ ഫയാസ് ഉണ്ടാവും.
മതിൽ കെട്ടിനടുത്ത് കാരറ്റ് പാടം നനയ്ക്കാൻ മമ്മയോടൊപ്പം പോയപ്പോഴാണ് ആദ്യമായി ഫയാസിനെ കാണുന്നത്. അവർ ഒഴിഞ്ഞ സ്ഥലത്ത് ഫുട്ബോൾ കളിക്കുകയായിരുന്നു. എത്ര വേഗത്തിലും ചടുലതയിലും ആണ് അവൻ പന്തുമായി നീങ്ങുന്നത്. യാഗിലിന് ഫുട്ബോൾ എന്നാൽ ജീവനാണ്. കുറച്ചുനേരം ഫയാസിന്റെ കളി കണ്ടുനിന്നു. സങ്കടങ്ങൾക്കും പ്രയാസങ്ങൾക്കുമിടയിൽ കളിച്ചു നടക്കുന്ന ഗസ്സയിലെ കുട്ടികളോട് അവന് അസൂയ തോന്നി. ഇടയ്ക്ക് കൈവീശി കാണിച്ചു. ഫയാസ് അവനെ നോക്കി ചിരിച്ചു. ഒരു നിറച്ചിരി. ഞങ്ങൾ പരസ്പരം നോക്കി ചിരിക്കുന്നത് മമ്മ കണ്ടു. മമ്മയ്ക്ക് ദേഷ്യവും സങ്കടവും വന്നു. കുറേ വഴക്ക് പറഞ്ഞു. നമ്മൾ അവരോടൊപ്പം കൂടരുതെന്നൊക്കെ.

പിന്നെയും ഒന്നോ രണ്ടോ പ്രാവശ്യം ഫയാസിനെ കണ്ടു. ഞങ്ങൾ സംസാരിച്ചൊന്നുമില്ല. ചിരിക്കുക മാത്രം. പക്ഷേ, ഞങ്ങൾ കൂട്ടുകാരാണ്. അവന്റെ തിളങ്ങുന്ന കണ്ണുകൾ. അവന്റെ ചിരിക്കുന്ന മുഖം. അതു മനസ്സിൽ നിന്ന് മായുന്നില്ല.
പെട്ടെന്ന് ആകാശത്തു കൂടി ഒരു മിസൈൽ പാഞ്ഞുപോകുന്നത് യാഗിൽ കണ്ടു. വെട്ടിത്തിളങ്ങുന്ന പ്രകാശം കണ്ടു. ആ പ്രകാശത്തിൽ ഫയാസിന്റെ അപ്പാർട്ട്മെൻറ് തിളങ്ങിനിന്നു. പിന്നെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടു. ആകെ ഇരുട്ടായി. ഒന്നും കാണുന്നില്ല. വീണ്ടും മിസൈൽ. മിന്നൽ വെളിച്ചം. വെളിച്ചത്തിൽ തകർന്നു കിടക്കുന്ന ഫ്ലാറ്റ് യാഗിൽ വ്യക്തമായി കണ്ടു. ഫയാസ് ……
കൂരിരുട്ടിൽനിന്ന് അവന്റെ ജനൽ പാളിയിൽ ഒരു കുരുവി വന്നിരുന്നു. യാഗിൽ സൂക്ഷിച്ചു നോക്കി. കുരുവിയുടെ കാലിൽ ഒരു തുള്ളി ചോര. കുരുവിക്ക് ഫയാസിന്റെ മുഖമാണെന്ന് തോന്നി. അതിന്റെ ചുണ്ടിൽ ഉണങ്ങിയ ഒലീവില ഉള്ളതുപോലെയും.
അവനെയൊന്ന് നോക്കി, പിന്നെ കുരുവി ആകാശത്തേക്ക് പറന്നു.
വീണ്ടും ഗസ്സക്ക് മുകളിൽ മിസൈലുകൾ പതിച്ചു കൊണ്ടിരുന്നു.
പഴയ നിയമത്തിൽ ദൈവം ആദമിനോട് ചോദിച്ച ചോദ്യം ….. നീയെവിടെയാണ്? (അയേകാ?), യാഗിലിന്റെ കാതുകളിൽ മുഴങ്ങി. ഫയാസ് ….. നീയെവിടെയാണ്?
ആയിരക്കണക്കിന് ഉമ്മമാരുടെ ശബ്ദം …. നീയെവിടെയാണ്……? l

November 27, 2023
അയേകാ?
by | 2 min read

സൽവ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയാണ്. അവളുടെ കൈയിലുള്ള കുഞ്ഞു പാവയുടെ രണ്ട് കൈകളും മുറിഞ്ഞു പോയതാണ്. വെളുത്ത മുടിയുള്ള, തിളങ്ങുന്ന കണ്ണുള്ള പെൺപാവ. തകർന്നുപോയ വീടിന്റെ സമീപത്തു നിന്നാണ് അവള്‍ക്ക് ആ പാവ കിട്ടിയത്. ആരുടേതാണെന്ന് അറിയില്ല. എങ്കിലും എടുത്തു. അതിന്റെ നീല കണ്ണുകൾ ചലിക്കുന്നതായിരുന്നു. ഉമ്മയുടെ മയ്യത്തിന് അടുത്ത് ഇരിക്കുമ്പോൾ അവൾ അതിനെ ചേർത്തുപിടിച്ച് മുത്തം കൊടുത്തു.

ചുറ്റും പുകപടലം നിറഞ്ഞിരുന്നു. അന്തരീക്ഷത്തിന് നല്ല ചൂടുണ്ടായിരുന്നു. പരിസരം ആകെ ശബ്ദമുഖരിതമായിരുന്നു.

അവർക്ക് ചുറ്റും യുദ്ധമായിരുന്നു. അതിനിടയിൽ വീണു കിട്ടുന്ന ഇത്തിരി സമയത്ത് ഓടിക്കളിക്കുകയാണ് കുട്ടികൾ. ആരും അവരെ ശാസിക്കുന്നില്ല.

ഒരു യുദ്ധവിമാനത്തിന്റെ ശബ്ദം അങ്ങ് ദൂരെനിന്ന് കേൾക്കുന്നുണ്ട്. ഒരു മൂളൽ പോലെ. എത്ര പെട്ടെന്നാണ് അത് അടുത്തേക്കെത്തിയത്. എല്ലാവരും വീട്ടിനകത്തേക്ക് ഓടി. ഷെൽട്ടറുകൾക്കുള്ളിൽ ഒളിക്കാൻ കഴിയുന്നവർ അതിനകത്തേക്ക് …കളിപ്പാട്ടങ്ങൾ അവിടെ ഉപേക്ഷിച്ച് വീടിനകത്തേക്ക് പാഞ്ഞു വന്ന കുട്ടികളെ ഉമ്മമാർ വാരിയെടുത്തു. സൽവയെ കോരിയെടുക്കാൻ ഉമ്മയുണ്ടായിരുന്നില്ല. ഉമ്മുമ്മ അവളെ അണച്ചുപിടിച്ചു.

അവൾ ഒരു പേപ്പറും പെൻസിലുമെടുത്ത് ഹൻളലയെ വരച്ചു.
യുദ്ധ വിമാനത്തിൽനിന്ന് നിരനിരയായി വീണ ബോംബുകൾ തൊട്ടടുത്തുള്ള കെട്ടിടം അപ്പാടെ തകർത്തു. സൽവ രണ്ട് ചെവിയും പൊത്തി. നിലവിളികളും ഞരക്കങ്ങളും അന്തരീക്ഷത്തിൽ ഉയർന്നു. വിമാനം തിരിച്ചുപോകുന്ന ഒച്ച കുറഞ്ഞ് കുറഞ്ഞ് ഇല്ലാതായി. അവൾ ഹൻളലയുടെ ചിത്രം പൂർത്തിയാക്കി.

അൽപം കഴിഞ്ഞ് വീടുകളുടെ വാതിൽ തുറന്നു. ആണുങ്ങളൊക്കെ കെട്ടിടം തകർന്നിടത്തേക്ക് ഓടിപ്പോയി. പരിക്കേറ്റവരെ പുറത്തെടുക്കാനും ഹോസ്പിറ്റലിൽ എത്തിക്കാനും അവർ ധൃതിപിടിച്ചു. പെണ്ണുങ്ങൾ പരിസരത്ത് പാറി വീണ പൊടിതട്ടി. കുഞ്ഞുങ്ങൾ അവരുടെ കളിപ്പാട്ടങ്ങൾ വീണ്ടും പെറുക്കിയെടുത്ത് കളിക്കാൻ മുറ്റത്തിറങ്ങി. സൽവ കൈകളില്ലാത്ത തന്റെ പാവയെ പരതി. തകർന്ന കെട്ടിടത്തിന്റെ ഓരത്ത് ഉരുകിയ മുടിയും അടഞ്ഞ കണ്ണുമായി പാവ. അതിന് സമീപത്ത് രണ്ടായി പിളർന്ന ബോംബിന്റെ കവചങ്ങൾ. സൽവ അതെടുത്തു. ഇസ്രായേല്യർ വിക്ഷേപിച്ച, ഉപയോഗശൂന്യമായ ബോംബുകൾകൊണ്ട് സൽവയുടെ ഉമ്മ ഒരു പൂന്തോട്ടം തന്നെ ഉണ്ടാക്കിയിരുന്നു. അവൾ ഒഴിഞ്ഞ ഷെല്ലുകൾ ചേർത്തു വെച്ചു. തകർന്ന കെട്ടിടത്തിൽ പാറി വീണ കീറത്തുണി നീളത്തിൽ ചീന്തി അവയെ ചേർത്തു കെട്ടി. ഇത്തിരി മണ്ണും പൊടിയും നിറച്ചു. അരികിൽ കുത്തിവെച്ചിരുന്ന കടലാസുചെടി, കുഞ്ഞു ചെടി, അതിനുള്ളിൽ നട്ടുപിടിപ്പിച്ചു. ആരോ വലിച്ചെറിഞ്ഞ കുപ്പിയിൽ ബാക്കി വന്ന വെള്ളത്തുള്ളികൾ അതിന് മുകളിൽ കുടഞ്ഞു.

ചെടിയുമെടുത്ത് അവൾ വീടിന്റെ പിന്നാമ്പുറത്തേക്ക് ഓടി. അവിടെയാണ് ഖബറിസ്ഥാൻ. അവളുടെ ഉമ്മയുടെ ഖബറിനരികിൽ അവൾ വെച്ചൊരു അടയാളമുണ്ട്… പെട്ടെന്ന് തിരിച്ചറിയാൻ. ബോംബിന് മുകളിൽ നട്ട പൂച്ചെടി അവൾ തലഭാഗത്ത് തന്നെ വെച്ചു. ഒരു നിമിഷം കണ്ണടച്ചു പ്രാർഥിച്ചു. കാറ്റിൽ കടലാസു പൂക്കൾ ഇളകിയാടി. ദൂരെനിന്ന് വീണ്ടും യുദ്ധവിമാനത്തിന്റെ ഇരമ്പം. അത് മുഴക്കമായി മുകളിലെത്തുമ്പോഴും അവൾ കണ്ണടച്ചു പ്രാർഥിച്ചുകൊണ്ടേയിരുന്നു. l

October 23, 2023
ശഹാദത്ത്
by | 2 min read