മുസ്ലിം വിരുദ്ധ ബില്ലുകൾ പാർലമെന്റിൽ പാസ്സാക്കിയെടുക്കാനുള്ള തിരക്കിൽ തന്നെയാണ്, വീര്യം അല്പം ചോർന്നെങ്കിലും ഹിന്ദുത്വയിൽ നിന്ന് ഒരിഞ്ചും പിറകോട്ട് പോകാൻ കൂട്ടാക്കാത്ത മോദി സർക്കാർ. ഏതാണ്ട് നാല്പത്തി നാല് ഭേദഗതികൾ വരുത്തി വഖ്ഫ് നിയമത്തെ അപ്പാടെ മാറ്റിമറിക്കാനായിരുന്നു ഇത്തവണത്തെ ശ്രമം. രാജ്യത്തൊട്ടാകെ 30 വഖ്ഫ് ബോർഡുകളുണ്ട്. ദർഗകളും പള്ളികളും ഖബർസ്ഥാനുകളുമുൾപ്പെടെ ഏകദേശം 9 ലക്ഷത്തോളം വസ്തുക്കളാണ് ഈ ബോർഡുകൾ നിയന്ത്രിക്കുന്നത്. വഖ്ഫ് ബോർഡുകളുടെ അധികാരം നിയന്ത്രിക്കുക, വഖ്ഫ് ബോർഡിന് മേൽ ഗവൺമെന്റിനും ബ്യൂറോക്രസിക്കും കൂടുതൽ നിയന്ത്രണം നൽകുക, അമുസ്ലിംകളെ ബോർഡുകളിൽ അംഗങ്ങളാക്കാൻ അനുവദിക്കുക, വഖ്ഫ് ബോർഡിലേക്ക് സ്വത്തുക്കൾ സംഭാവന ചെയ്യുന്നത് നിയന്ത്രിക്കുക, വഖ്ഫ് ട്രിബ്യൂണലുകളുടെ പ്രവർത്തനരീതി മാറ്റുക തുടങ്ങിയവയാണ് നിർദേശിക്കപ്പെട്ട പ്രധാന ഭേദഗതികൾ. പാർലമെന്റിൽ പ്രതിപക്ഷം ബില്ലിനെ ശക്തമായി എതിർത്തതിനെ തുടർന്ന്, ബില്ല് വിശദമായി പഠിക്കാൻ 31 അംഗ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. ബില്ലിൽ നിർദേശിക്കുന്ന ഭേദഗതികളെക്കുറിച്ച് സംസാരിക്കുകയാണ് ഓൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡ് വക്താവായ (സ്പോക്സ് പേഴ്സൺ) എസ്.ക്യു.ആർ ഇല്യാസ്. പ്രബോധനത്തിന് അനുവദിച്ച പ്രത്യേക അഭിമുഖം.
വഖ്ഫ് നിയമത്തിൽ സർക്കാർ ഭേദഗതി വരുത്തി എന്ന വാർത്ത നിങ്ങൾ എപ്പോഴാണ് അറിഞ്ഞത്? അറിഞ്ഞപ്പോൾ എന്തായിരുന്നു നിങ്ങളുടെ പ്രതികരണം?
വഖ്ഫ് നിയമത്തിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്താൻ പോകുന്നുണ്ടെന്ന് പത്രങ്ങളിൽ നിന്ന് ഒരു ദിവസം മുന്നേ ഞങ്ങൾ അറിഞ്ഞിരുന്നു. അറിഞ്ഞയുടൻ ഞങ്ങൾ അഖിലേന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡിന്റെയും മുസ്ലിം സംഘടനാ പ്രതിനിധികളുടെയും ഒരു യോഗം വിളിച്ചു. ഒരു പത്രക്കുറിപ്പിലൂടെ പുതിയ ഭേദഗതികളോടുള്ള ഞങ്ങളുടെ ശക്തമായ എതിർപ്പ് അറിയിക്കാൻ തീരുമാനിച്ചു. നിലവിലെ വഖ്ഫ് നിയമത്തിൽ വെള്ളം ചേർക്കാനുള്ള സർക്കാർ ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടാനും തീരുമാനമായി. ഒരുപാട് ഭേദഗതികൾക്ക് വിധേയമായിട്ടുണ്ട് ഇന്ത്യയിലെ വഖ്ഫ് നിയമം. 1923-ൽ ബ്രിട്ടീഷ് ഭരണകാലത്താണ് ആദ്യ വഖ്ഫ് നിയമം പ്രഖ്യാപിക്കപ്പെടുന്നത്. ഇന്ത്യ സ്വതന്ത്രമായ ശേഷം 1954-ലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. അതിനു ശേഷം പല തവണകളായി വഖ്ഫ് നിയമത്തിൽ ഒരുപാട് ഭേദഗതികൾ വന്നിട്ടുണ്ട്. പക്ഷേ, അവയെല്ലാം ഈ നിയമത്തെ കൂടുതൽ കരുത്തുറ്റതും സുതാര്യവും ആക്കിത്തീർക്കാൻ വേണ്ടിയായിരുന്നു. ഈ സന്ദർഭങ്ങളിലെല്ലാം സർക്കാർ മുസ്ലിം സമുദായത്തിലെ ഉത്തരവാദപ്പെട്ട പ്രതിനിധികളുമായി ബന്ധപ്പെട്ടതിനു ശേഷം മാത്രമാണ് സുപ്രധാനമായ തീരുമാനങ്ങൾ എടുത്തിരുന്നത്. 2013-ൽ മൻമോഹൻ സിംഗിന്റെ ഭരണകാലത്ത് വഖ്ഫ് നിയമത്തെ കൂടുതൽ കരുത്തുറ്റതാക്കാനും കാര്യക്ഷമമാക്കാനും വഖ്ഫ് സ്വത്തുക്കൾക്ക് കൂടുതൽ സംരക്ഷണം നൽകാനും ഒരുപാട് ഭേദഗതികൾ വരുത്തിയിട്ടുണ്ട്.
എന്നാൽ, ഇത്തവണ ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഏകദേശം 44 ഭേദഗതികൾ കൊണ്ടുവന്നിട്ടുള്ളത് . ഉടൻ നിർദിഷ്ട ഭേദഗതികളെ കുറിച്ച് സൂക്ഷ്‌മമായി പഠിക്കാൻ ഞങ്ങൾ ഒരു ലീഗൽ കമ്മിറ്റിയുണ്ടാക്കി. ഈ ഭേദഗതിയെ എതിർക്കണമെന്ന് ആവശ്യപ്പെട്ട് മുഴുവൻ പ്രതിപക്ഷ കക്ഷികളെയും എൻ.ഡി.എ മുന്നണിയുടെ ഘടക കക്ഷികളെയും, വേണ്ടിവന്നാൽ ബി.ജെ.പിയിലെ അംഗങ്ങളെയും കാണാനും തീരുമാനിച്ചു. വഖ്ഫ് നിയമത്തിന്റെ പേര് വരെ അവർ മാറ്റിക്കളഞ്ഞു. waqf act 1995 എന്ന നിയമത്തെ അവർ waqf management efficiency and development act 1995 എന്നാക്കി പുനർനാമകരണം ചെയ്തു. യഥാർഥത്തിലിത് വളരെ വിനാശകരവും വിഭാഗീയവും പിടിപ്പുകെട്ടതുമായ വഖ്ഫ് ആക്ട് ആണ്. പുതിയ ഭേദഗതികളോടുള്ള മുസ്ലിം സമുദായ സംഘടനകളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് പ്രതിപക്ഷ കക്ഷികൾ ബില്ലിനെതിരെ ശക്തമായി രംഗത്ത് വന്നു. അതിനാൽ, ഈ വഖ്ഫ് ആക്ട്, 31 അംഗ ജോയിന്റ് പാർലമെന്റ് കമ്മിറ്റിയിലേക്ക് വിട്ടിരിക്കുകയാണ്.
എന്തുകൊണ്ടാണ് ഇത് വിഭാഗീയവും പിടിപ്പുകെട്ടതും അഴിമതിക്ക് സഹായകരവുമാകുന്ന വഖ്ഫ് ബില്ല് ആണെന്ന് താങ്കൾ ആരോപിക്കുന്നത് ?
ശീഈ, സുന്നീ എന്നിങ്ങനെ രണ്ട് വഖ്ഫ് ബോർഡുകളാണ് നിലവിലുള്ളത്. എന്നാൽ, പുതിയ വഖ്ഫ് നിയമ പ്രകാരം സുന്നീ, ശീഈ, ആഗാ ഖാൻ, ബോഹ്റ എന്നിങ്ങനെ നാല് ബോർഡുകളുണ്ടാവുമെന്നാണ് നിർദേശിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാരിന്റെ കീഴിൽ വരുന്ന സെൻട്രൽ വഖ്ഫ് കൗൺസിലും സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള വഖ്ഫ് ബോർഡുമാണ് നിലവിലുള്ള ഘടന. അഡ്മിനിസ്ട്രേഷൻ, ജുഡീഷ്യറി, പാർലമെന്റ് എന്നിങ്ങനെ വിവിധ മേഖലകളിലുള്ള മുസ്ലിം വ്യക്തികളാണ് ബോർഡിലെ മെമ്പർമാർ. എന്നാൽ, പുതിയ വഖ്ഫ് ബില്ല് പ്രകാരം അമുസ്ലിംകൾ ആയവർക്കും വഖ്ഫ് ബോർഡ് മെമ്പർമാരാകാം. നിലവിലുള്ള വഖ്ഫ് നിയമ പ്രകാരം അമുസ്ലിംകൾ ആയ വ്യക്തികൾക്കും സ്വത്തുക്കൾ വഖ്ഫ് ചെയ്യാൻ പറ്റും. എന്നാൽ, പുതിയ വഖ്ഫ് ഭേദഗതികൾ അനുസരിച്ച് അമുസ്ലിംകൾക്ക് സംഭാവന നൽകാൻ കഴിയില്ല.
ഈ രാജ്യത്ത് ഹിന്ദുക്കൾക്കും സിഖുകാർക്കും ജൈനന്മാർക്കും മറ്റുമൊക്കെയായി ഒരുപാട് ആരാധനാലയങ്ങളും മറ്റു സ്വത്തുക്കളുമുണ്ട്. അവയെല്ലാം പരിപാലനം ചെയ്യുന്നത് ആ മതത്തിൽ പെട്ടവർ തന്നെയാണ്. ഗവൺമെന്റ് ജോലിക്കാർക്ക് ആർ.എസ്.എസ് അംഗത്വം എടുക്കാൻ പറ്റില്ല എന്ന നിയമം ഈയടുത്താണ് എടുത്തുമാറ്റിയത്. താമസിയാതെ ആർ.എസ്.എസ് ചായ്്വുള്ള പല ഉദ്യോഗസ്ഥരെയും അവർ വിവിധ വഖ്ഫ് ബോർഡുകളിൽ മെമ്പർമാർ ആക്കിയേക്കാം. യൂനിവേഴ്സിറ്റികളിലും ജുഡീഷ്യറിയിലും ഏതു വിധത്തിലാണ് അവർ സംഘ് പരിവാർ അംഗങ്ങളെ നിയമിക്കുന്നത് എന്ന് നമ്മൾ കണ്ടറിഞ്ഞതാണ്.
നിലവിലുള്ള വഖ്ഫ് നിയമ പ്രകാരം സ്റ്റേറ്റ് വഖ്ഫ് ബോർഡുകൾക്ക് ട്രൈബ്യൂണലുകൾ വെക്കാൻ സാധിക്കും. വഖ്ഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട എല്ലാ വിധ തർക്കങ്ങൾക്കും അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ഈ ട്രൈബ്യൂണലുകൾക്കാണ്. വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടായാൽ ഒരു വർഷത്തെ കാലാവധിക്കുള്ളിൽ ട്രൈബ്യൂണലുകളെ സമീപിക്കണം. എന്നാൽ, പുതിയ ബില്ല് പ്രകാരം ഒരു ഭൂമി വഖ്ഫാണോ അല്ലയോ എന്ന് അന്വേഷിച്ചു തീരുമാനമെടുക്കാനുള്ള അധികാരം കലക്ടർക്കോ ജില്ലാ മജിസ്‌ട്രേറ്റിനോ ആണ്. മുസ്ലിം വ്യക്തികളുടെയും സംഘടനകളുടെയും വീടുകളും സ്വത്തുക്കളും രാജ്യത്തിന്റെ പല ഭാഗങ്ങളിൽ കലക്ടർമാർ മജിസ്‌ട്രേറ്റുമാരുടെ അനുവാദത്തോടെ ജെ.സി.ബി ഉപയോഗിച്ച് അടിച്ചു നിരത്തുന്നത് നമ്മൾ കണ്ടതാണ് . ഇത്തരം ഉദ്യോഗസ്ഥർ വഖ്ഫ് സ്വത്തുക്കൾ എങ്ങനെ കൈകാര്യം ചെയ്യും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. വഖ്ഫ് സ്വത്തുക്കൾ സംഭാവന ചെയ്യുന്ന വ്യക്തി ചുരുങ്ങിയത് ഒരു അഞ്ച് കൊല്ലമെങ്കിലും പ്രാക്ടീസ് ചെയ്യുന്ന മുസ്ലിം ആയിരിക്കണം എന്നതാണ് മറ്റൊരു വിചിത്രമായ നിയമം. ഒരാൾ യഥാർഥ മുസ്ലിമാണോ അല്ലേ എന്ന് എന്തടിസ്ഥാനത്തിലാണ് നമുക്ക് തീരുമാനിക്കാൻ കഴിയുക! നിലവിലുള്ള വഖ്ഫ് നിയമ പ്രകാരം നിയമസഭയിലെയും പാർലമെന്റിലെയും ബാർ കൗൺസിലിലെയും ബോർഡ് പ്രതിനിധികളെ അവിടെയുള്ള മുസ്ലിം അംഗങ്ങൾ വോട്ട് ചെയ്താണ് തീരുമാനിക്കുന്നത്. എന്നാൽ, പുതുക്കിയ ബില്ല് പ്രകാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രതിനിധികളെ നോമിനേറ്റ് ചെയ്യുകയാണുണ്ടാവുക. സ്വാഭാവികമായും തങ്ങൾക്ക് താല്പര്യമുള്ള ആളുകളെയായിരിക്കും ഇവർ നോമിനേറ്റ് ചെയ്യുക. 'വഖ്ഫ് ബൈ യൂസർ' എന്ന പ്രധാനപ്പെട്ട ഒരു ക്ളോസ് അവർ എടുത്തുകളഞ്ഞിട്ടുണ്ട്. ഇതു പ്രകാരം, വർഷങ്ങളായി പള്ളികളായും ഖബ്ർസ്ഥാനുകളായും ദർഗകളായും ഉപയോഗിച്ചു വരുന്ന സ്ഥാപനങ്ങൾ വഖ്ഫ് ബോർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ പോലും വഖ്ഫ് സ്വത്തുക്കൾ തന്നെയായാണ് കണക്കാക്കപ്പെടുക. എന്നാൽ, പുതിയ ഭേദഗതി പ്രകാരം ഒരു വസ്തു എത്ര വർഷങ്ങളായി ആരാധനാലയമായി ഉപയോഗിച്ചാലും അത് വഖ്ഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ വഖ്ഫ് സ്വത്തായി കണക്കാക്കപ്പെടുകയില്ല. ഇങ്ങനെയുള്ള ഏതാനും ഭേദഗതികൾ പരിശോധിച്ചാൽ തന്നെ പുതിയ ബില്ല് എത്രത്തോളം അപകടകരമാണെ ന്ന് മനസ്സിലാവും.
പുതിയ ബില്ലിനെ പാർലമെന്റിൽ ശക്തമായി എതിർത്ത പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞത് ഇത് ഭരണഘടന ഉറപ്പുനൽകുന്ന മതപരമായ അവകാശങ്ങളുടെ ലംഘനമാണ് എന്നാണല്ലോ. വിശദീകരിക്കാമോ?
ഭരണഘടനയുടെ ആർട്ടിക്ക്ൾ 25 പ്രകാരം, ഈ രാജ്യത്തെ ഓരോ മത വിഭാഗത്തിനും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ആരാധനാരീതികൾ ചെയ്യാനുള്ള അവകാശമുണ്ട്. ആർട്ടിക്ക്ൾ 26 പ്രകാരം ഇവിടെയുള്ള ഓരോ മതവിഭാഗത്തിനും അവരുടെ ആരാധനാലയങ്ങളും മറ്റു മതകാര്യ സ്ഥാപനങ്ങളും സ്വതന്ത്രമായി നോക്കിനടത്താനുമുള്ള അവകാശമുണ്ട്. അതിനാൽ, പുതിയ വഖ്ഫ് ബില്ല് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാനാവകാശങ്ങളുടെ ലംഘനമാണ്. ഇസ്‌ലാമിക ശരീഅത്തിൽ വളരെ പ്രാധാന്യമേറിയതാണ് വഖ്ഫ്. മുസ്ലിം സമുദായത്തിനൊന്നാകെ ഉപകാരപ്പെടണം എന്ന ലക്ഷ്യത്തോടെയാണ് അത് രൂപപ്പെട്ടു വന്നിട്ടുള്ളതും. ഒരു സ്വത്ത് എന്താവശ്യത്തിനു വേണ്ടിയാണോ ഒരാൾ വഖ്ഫ് ചെയ്തത്, ലോകാവസാനം വരെ അത് അതേ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുക എന്നത് വഖ്ഫ് സമ്പ്രദായത്തിന്റെ അടിസ്ഥാന തത്ത്വമാണ്. പുതിയ വഖ്ഫ് ബില്ലിലെ ഭേദഗതികളിൽ പലതും ഇത്തരം അടിസ്ഥാന നിബന്ധനകളുടെ ലംഘനമാണ് .
മുംബൈ ആന്റിലയിൽ അംബാനി വഖ്ഫ് ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട് മുംബൈ വഖ്ഫ് ബോർഡ് ഒരു കേസ് നല്കിയിട്ടുണ്ടല്ലോ. രാജ്യത്താകമാനം വിവിധ ടൗണുകളിലെ കണ്ണായ സ്ഥലത്താണ് പല വഖ്ഫ് സ്വത്തുക്കളുമുള്ളത്. ഇത്തരം ഭൂമികൾ തങ്ങളുടെ ഇഷ്ടക്കാരായ കോർപറേറ്റുകൾക്ക് നൽകുക എന്ന ഒരു ഹിഡൻ അജണ്ട ഈ ബില്ലിന് പിന്നിലുണ്ടെന്ന് നിങ്ങൾ സംശയിക്കുന്നുണ്ടോ?
കോർപറേറ്റുകൾ മാത്രമല്ല വഖ്ഫ് ഭൂമികൾ കൈയേറുക. ഇവിടെയുള്ള സർക്കാരുകളുടെയും ലക്ഷ്യമാണ് വഖ്ഫ് ഭൂമി കൈയേറ്റം. കോടിക്കണക്കിനു രൂപ വില മതിക്കും പല വഖ്ഫ് ഭൂമികളും. നൂറുകണക്കിന് കേസുകളുണ്ട് വിവിധ ബോർഡുകളും സർക്കാരുകളും തമ്മിൽ. ദൽഹിയിൽ മാത്രം ഏതാണ്ട് 123 കേസുകൾ സർക്കാറും വഖ്ഫ് ബോർഡും തമ്മിലുണ്ട്. സർക്കാർ ജോലിക്കാരനായ കലക്‌ടർ സർക്കാറിന് അനുകൂലമായി തീരുമാനങ്ങൾ എടുക്കാനാണ് സാധ്യത കൂടുതൽ. തെലുങ്കാനയിൽ നിരവധി ഏക്കറോളം വഖ്ഫ് ഭൂമിയാണ് അവിടുത്തെ സർക്കാർ ഒരു കോർപറേറ്റിന് ദാനമായി നൽകിയത്. ഇതിനെ ചോദ്യം ചെയ്ത് ആളുകൾ ട്രൈബ്യൂണലിനെ സമീപിച്ചു. ട്രൈബ്യൂണൽ ബോർഡിന് അനുകൂലമായി വിധി നൽകിയപ്പോൾ അതിനെതിരെ അവർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും വഖ്ഫ് ബോർഡിന് അനുകൂലമായ വിധി നൽകിയതിനാൽ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായി. എന്നാൽ, സുപ്രീം കോടതിയിൽ തെലുങ്കാന സർക്കാർ ചില റവന്യൂ രേഖകൾ ഹാജരാക്കിയില്ല. സർക്കാർ അനുകൂലികളായ ചില ബോർഡ് മെമ്പർമാർ അതിനെ എതിർത്തതുമില്ല. ഒടുവിൽ സുപ്രീം കോടതി കോർപറേറ്റിന് അനുകൂലമായി വിധി നൽകി. അതേപോലെ ആന്ധ്രയിലും വഖ്ഫ് ഭൂമി അവിടുത്തെ ഒരു പ്രമുഖ വ്യവസായിക്ക് സർക്കാർ നൽകിയിട്ടുണ്ട്. ചന്ദ്ര ബാബു നായിഡു ആന്ധ്രയിൽ നിർമിച്ച എയർപോർട്ട് നിലനിൽക്കുന്നത് വഖ്ഫ് ഭൂമിയിലാണ്. പുതുക്കിയ വഖ്ഫ് നിയമം പ്രാബല്യത്തിൽ വന്നാൽ ഇവിടെയുള്ള പല വഖ്ഫ് ഭൂമികളുടെയും നിലനിൽപ്പ് ഭീഷണിയിലാവും. താമസിയാതെ ഒരുപാട് വഖ്ഫ് ഭൂമികൾ ഗവൺമെന്റിന്റെയും കോർപറേറ്റുകളുടെയും അധീനത്തിലാകും.
നിലവിലുള്ള വഖ്ഫ് നിയമത്തിൽ സംഘ് പരിവാറിന് ഏറ്റവുമധികം പ്രശ്നമുള്ളതാണ് സെക്്ഷൻ 40. ഒരു വസ്തു വഖ്ഫ് സ്വത്താണോ അല്ലയോ എന്ന തർക്കമുണ്ടായാൽ അതിൽ തീരുമാനമെടുക്കാനുള്ള അധികാരം വഖ്ഫ് ബോർഡിനാണ് എന്നാണ് ഈ വകുപ്പ് പറയുന്നത്. പല സംഘ് നേതാക്കളും താത്ത്വികാചാര്യന്മാരും ഈ വകുപ്പിനെതിരെ നിരന്തരം പ്രസംഗിക്കുകയും ലേഖനങ്ങൾ എഴുതുകയും ചെയ്തിട്ടുണ്ട്. പുതിയ വഖ്ഫ് ബില്ലിൽ ഈ വകുപ്പ് എടുത്തുകളഞ്ഞിട്ടുണ്ട്. ഇതേ കുറിച്ച് എന്താണ് പറയാനുള്ളത് ?
വഖ്ഫ് നിയമത്തിൽ സംഘ് പരിവാർ അജണ്ട നടപ്പാക്കുക എന്നതാണ് പുതുക്കിയ വഖ്ഫ് നിയമംകൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത് എന്നതിന് ഇതില്പരം വേറെന്ത് തെളിവാണ് വേണ്ടത്?! ഒരധികാരവുമില്ലാത്ത നാമമാത്ര ബോഡിയായി വഖ്ഫ് ബോർഡിനെ ഒതുക്കുക എന്നതാണ് സംഘ് പരിവാറിന്റെയും കേന്ദ്ര സർക്കാരിന്റെയും ഗൂഢോദ്ദേശ്യം. നിലവിലുള്ള വഖ്ഫ് നിയമ പ്രകാരം, എന്തെങ്കിലും തർക്കമുണ്ടായാൽ വഖ്ഫ് ബോർഡ് സർവേ നടത്തി തീരുമാനമെടുക്കാൻ ഒരു സർവേ കമീഷണറെ നിയമിക്കും. അതിനുള്ള അധികാരം വഖ്ഫ് ബോർഡിനുണ്ട്. എന്നാൽ, പുതിയ ഭേദഗതി പ്രകാരം സർവേ കമീഷണർ കലക്ടർക്കാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. യാതൊരു അധികാരവും നൽകാതെ വഖ്ഫ് ബോർഡിനെ ദുർബലപ്പെടുത്തുക എന്ന സംഘ് പരിവാർ തന്ത്രമാണ് 40-ാം വകുപ്പ് എടുത്തുകളയുന്നതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
എൻ.ആർ.സിയിലൂടെ ഒരാളെ വിദേശിയായി പ്രഖ്യാപിച്ചാൽ അയാൾക്ക് യാതൊരു വിധത്തിലുള്ള സ്വത്തവകാശവും ഉണ്ടായിരിക്കുന്നതല്ല. പുതിയ വഖ്ഫ് ബില്ല് മുസ്ലിം സമുദായത്തിന്റെയാകമാനം സ്വത്ത് ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിക്കൂടേ? വ്യക്തിപരമായോ സമുദായപരമായോ ഒരു തരത്തിലുമുള്ള സ്വത്തവകാശങ്ങളുമില്ലാത്ത രണ്ടാം കിട പൗരന്മാരായി മുസ്ലിംകളെ മാറ്റുക എന്നതല്ലേ ഇത്തരത്തിലുള്ള നിയമങ്ങൾകൊണ്ട് ഇവർ ലക്ഷ്യമിടുന്നത്?
ഇതേവരെ അവർ മുസ്ലിംകളുടെ വ്യക്തിഗത സ്വത്തുക്കളെ മാത്രമാണ് ബുൾഡോസ് ചെയ്തുകൊണ്ടിരുന്നത്. എന്നാൽ, പുതിയ വഖ്ഫ് ബില്ലിലൂടെ അവർ മുസ്ലിം സമുദായത്തിന്റെ സ്വത്തുക്കളെയാകമാനം ബുൾഡോസ് ചെയ്യാനൊരുങ്ങുകയാണ്. മുമ്പ് മുസ്ലിം ആരാധനാലയങ്ങൾ തകർക്കാൻ അവർക്ക് കർസേവകരുടെ ആവശ്യമുണ്ടായിരുന്നു. എന്നാൽ, ഇനി മുതൽ ആ കർസേവ നിയമപരമായി സർക്കാർ തന്നെ നിർവഹിക്കും. ഒരു ഖബർസ്ഥാനോ ദർഗയോ പള്ളിയോ പൊളിക്കണമെന്നുണ്ടെങ്കിൽ ഇനിയവർക്കത് നിയമപരമായി ചെയ്യാൻ ഈ ബില്ല് പാസാക്കിയെടുത്താൽ മതിയാവും. തർക്ക വസ്തു വഖ്ഫ് സ്വത്തല്ല എന്ന് നിയമപരമായി പ്രഖ്യാപിച്ചു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ അത് പൊളിച്ചുകളയാം. താരതമ്യേന ശക്തമായ വഖ്ഫ് നിയമം ഉണ്ടായിട്ടുപോലും ഈ അടുത്ത കാലത്ത് ഗതാഗത തടസ്സവും മറ്റു കാരണങ്ങളും പറഞ്ഞ് ഒരുപാട് മുസ്ലിം ആരാധനാലയങ്ങളാണ് അവർ ബുൾഡോസ് ചെയ്യാനൊരുങ്ങിയത്. മുസ്ലിം സമുദായത്തിന് അവരുടെ പൗരത്വം, ഭൂമി, സ്വത്ത്, ആരാധനാലയങ്ങൾ എന്നിവ നിഷേധിച്ചു അവരെ അന്തസ്സും അഭിമാനവും നഷ്ടപ്പെട്ട രണ്ടാംകിട പൗരന്മാരാക്കുക എന്നത് ഒരു ഹിന്ദുത്വ രാഷ്ട്ര പദ്ധതിയാണ്. മുസ്ലിംകളെ ഇന്ത്യയിൽനിന്ന് ഉന്മൂലനം ചെയ്യുക സാധ്യമല്ലാത്ത കാര്യമാണെന്ന് അവർക്കറിയാം. അതിനാൽ, യാതൊരു വിധ അധികാരവും അവകാശങ്ങളുമില്ലാത്തവരായി സമുദായത്തെ മാറ്റാൻ ശ്രമിക്കുകയാണ്.
ഇത്തരത്തിലുള്ള നിയമം നടപ്പാക്കാനൊരുങ്ങുമ്പോൾ സമുദായത്തിലെ ഉത്തരവാദപ്പെട്ട ആളുകളുമായി കൂടിയാലോചിക്കുക എന്നത് സ്വാഭാവിക മര്യാദയാണ്. ഈ ഭേദഗതികൾ നിർദേശിക്കപ്പെടുന്നതിനു മുമ്പ് സമുദായത്തിലെ നേതാക്കളെ ഇവർ ബന്ധപ്പെട്ടിരുന്നോ?
ഒരു സമുദായത്തെ ബാധിക്കുന്ന നിയമനിർമാണം നടത്തുമ്പോൾ ആ സമുദായത്തിന്റെ പ്രതിനിധികളുമായി ബന്ധപ്പെടുക എന്നത് നിയമ നിർമാണത്തിന്റെ അടിസ്ഥാന മര്യാദയാണ്. ദൗർഭാഗ്യവശാൽ ഈ ഭേദഗതികൾ വരുത്തുന്നതിന്റെ ഒരു ഘട്ടത്തിലും ഉത്തരവാദപ്പെട്ട ഒരു മുസ്ലിം സംഘടനയുമായും അവർ ബന്ധപ്പെട്ടിരുന്നില്ല. ഞങ്ങളിൽ പലരും ഈ ഭേദഗതികളെ കുറിച്ച് പത്രമാധ്യമങ്ങളിൽ വന്ന വാർത്തകളിൽ നിന്നാണ് അറിയുന്നത്. മുസ്ലിംകളിൽ അവർക്ക് അനുകൂലമായി നിൽക്കുന്ന ചില ഗ്രൂപ്പുകളെ അവർ ബന്ധപ്പെട്ടിരുന്നു. ഉദാഹരണത്തിന്, ചില സർക്കാർ അനുകൂല സൂഫി സംഘടനകൾ പുതുക്കിയ വഖ്ഫ് നിയമം സമുദായത്തിനുള്ളിൽ പരിഷ്കരണവും സുതാര്യതയും കൊണ്ടുവരും എന്നു പറഞ്ഞ് ഇതിനെ പിന്തുണക്കുന്നുണ്ട്. കുറച്ചു കാലമായി രാജ്യത്തെ പല നിയമനിർമാണങ്ങളും ഇങ്ങനെയാണ് നടന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട ഒരു കർഷക സംഘടനയുമായും കൂടിയാലോചിക്കാതെയാണല്ലോ രണ്ടാം മോദി സർക്കാർ കാർഷിക ബിൽ പാസാക്കിയത്. സ്വേഛാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന ഒരു സർക്കാറാണ് നിലവിലുള്ളത്. അവരുടെ താല്പര്യങ്ങൾക്കനുസരിച്ചാണ് നിയമനിർമാണം നടത്തുന്നത്.
രാജ്യത്തെ നല്ലൊരു ശതമാനം മുസ്ലിംകളും പിന്നാക്കാവസ്ഥയിലാണ് എന്ന് സച്ചാർ കമ്മിറ്റി കണ്ടെത്തിയിരുന്നല്ലോ. അതിന്റെ അടിസ്ഥാനത്തിൽ സമുദായത്തിന്റെ സാമ്പത്തികോന്നമനം ലക്ഷ്യമാക്കി സർക്കാരിന് നിർദേശങ്ങളും നൽകിയിരുന്നു. അതിനു നേർവിപരീതമല്ലേ ഇത്തരത്തിലുള്ള ബി.ജെ.പി സർക്കാർ നയങ്ങൾ?
ദൗർഭാഗ്യവശാൽ ഒരുപാട് മുസ്ലിം വിരുദ്ധ നയങ്ങൾ ബി.ജെ.പി സർക്കാറുകളുടെ കാലത്താണ് നടപ്പാക്കപ്പെട്ടത്. മൗലാനാ ആസാദിന്റെ പേരിലുള്ള ന്യൂനപക്ഷ വിദ്യാർഥി സ്കോളർഷിപ്പുകൾ നിർത്തലാക്കിയതും, ജാമിഅ മില്ലിയ്യ പോലെയുള്ള കേന്ദ്ര സർവകലാശാലകളുടെ ന്യൂനപക്ഷ പദവി എടുത്തുകളയാൻ ശ്രമമുണ്ടായതും കഴിഞ്ഞ മോദി സർക്കാരിന്റെ കാലത്താണ്. മുസ്ലിം വിദ്യാർഥികളുടെ പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകളും അവർ നിർത്തലാക്കി. മുമ്പ് ഭരിച്ചിരുന്ന പല സർക്കാറുകളും മുസ്ലിംകളുടെ സാമുദായികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമിട്ട് തുടങ്ങിയ പല പദ്ധതികളും മോദി സർക്കാർ നിർത്തലാക്കി. മുസ്ലിം ഭൂരിപക്ഷ ജില്ലകളിൽ പ്രത്യേക സാമ്പത്തിക പദ്ധതികൾ നടപ്പാക്കണം എന്ന സച്ചാർ കമ്മിറ്റി നിർദേശം ഇതു വരെ പാലിക്കപ്പെട്ടില്ല.
പുതിയ വഖ്ഫ് ഭേദഗതികൾ വഖ്ഫ് ബോർഡിലെ അഴിമതി നിയന്ത്രിക്കാനും ബോർഡിനെ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാനും സഹായിക്കും എന്ന് ഗവൺമെന്റ് അനുകൂലികളായ ചില വഖ്ഫ് ബോർഡ് മെമ്പർമാർ തന്നെ പറയുന്നുണ്ടല്ലോ?
എന്ത് സുതാര്യതയാണ് അവർ അവകാശപ്പെടുന്നത്? നിലവിലിരിക്കുന്ന നിയമപ്രകാരവും വഖ്ഫ് ഭൂമിയിൽ സർവേ നടത്തുക, വഖ്ഫ് സ്വത്തുക്കളുടെ ഡാറ്റാ ബേസ് ഉണ്ടാക്കുക എന്നിവയൊക്കെ നിർബന്ധമുള്ള കാര്യമായിരുന്നു. സുതാര്യമായ സർവേ ഉറപ്പ് വരുത്താൻ വേണ്ടി സർവേ കമീഷണറെ നിയമിക്കാനുള്ള അധികാരവും ബോർഡിനുണ്ടായിരുന്നു. എന്നാൽ, പുതുക്കിയ ബില്ല് പ്രകാരം വഖ്ഫ് സ്വത്ത് സ്‌ക്രൂട്ടിനി ചെയ്യാനുള്ള അധികാരം ജില്ലാ കലക്ടർക്കോ മജിസ്‌ട്രേറ്റിനോ ആണ്. ഈ തരത്തിലുള്ള പുതിയ ഭേദഗതികൾ സുതാര്യത കുറക്കാനും അതുവഴി വമ്പിച്ച രീതിയിലുള്ള അഴിമതിക്കും കാരണമാകും. നിലവിലുള്ള നിയമപ്രകാരം ബോർഡിലെ ഏതെങ്കിലും അംഗത്തിനെതിരെ, അല്ലെങ്കിൽ ബോർഡിന്റെ ഏതെങ്കിലും ഇടപാടിനെതിരെ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ ട്രൈബ്യൂണലിനെയോ കോടതിയെയോ സമീപിക്കാവുന്നതാണ്. എന്നാൽ, പുതിയ ഭേദഗതി പ്രകാരം വഖ്ഫ് സംബന്ധമായ തർക്കങ്ങൾ അന്വേഷിക്കാനുള്ള അധികാരം കലക്ടർക്കോ ജില്ലാ മജിസ്‌ട്രേറ്റിനോ ആണ്. ഒരു വസ്തു വഖ്ഫ് ഭൂമിയാണോ അല്ലയോ എന്ന് അന്വേഷിക്കാനുള്ള അധികാരം കലക്ടർക്കാണ്. അതിനാൽ, പല രീതിയിൽ കലക്ടർമാർ സ്വാധീനിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. സർവേ കമീഷണർ സമയബന്ധിതമായി സർവേ പൂർത്തീകരിക്കുക, എല്ലാ വഖ്ഫ് സ്വത്തുക്കളും ലിസ്റ്റ് ചെയ്യുക, വഖ്ഫ് ഭൂമി സർക്കാറോ മറ്റു വ്യക്തികളോ കൈയേറിയിട്ടുണ്ടെങ്കിൽ അവരോട് മാർക്കറ്റ് റേറ്റ് അനുസരിച്ച് കെട്ടിട വാടക വാങ്ങുക എന്നിങ്ങനെയുള്ള പരിഷ്കരണങ്ങൾ നടത്തിയാണ് അഴിമതിയെ ഇല്ലാതാക്കേണ്ടത്. അല്ലാതെ വഖ്ഫ് ബോർഡിന്റെ അധികാരം എടുത്തുമാറ്റിയിട്ടാകരുത്.
വഖ്ഫ് പോലെയുള്ള മതപരമായ സ്വത്തുക്കൾ ഒരു ജനാധിപത്യ സർക്കാർ കൈകാര്യം ചെയ്യുമ്പോഴാണ് അഴിമതി കുറക്കാനും കാര്യക്ഷമത വർധിപ്പിക്കാനും കഴിയുക എന്ന ലിബറൽ വാദത്തെ നിങ്ങൾ എങ്ങനെ കാണുന്നു?
രാജ്യത്തിന്റെ ഭരണഘടന പ്രകാരം, മതപരമായ ആചാരങ്ങൾ നടത്താനും മതകാര്യ സ്ഥാപനങ്ങളുടെ നടത്തിപ്പിനുമുള്ള അവകാശം ആ മത സമുദായത്തിൽ പെട്ട ആളുകൾക്കാണ്, അല്ലാതെ സ്റ്റേറ്റിനല്ല. നാളെ ഒരുപക്ഷേ, ഒരു പള്ളിയിലെ ഇമാമിനെ നിയമിക്കാനുള്ള അവകാശവും സ്റ്റേറ്റിനാണെന്ന് അവർ വാദിച്ചേക്കാം. ഒരു അമുസ്ലിമിനും പള്ളിയിലെ ഇമാം ആകാം എന്ന വിചിത്ര വാദവും അവർ മുന്നോട്ടു വെച്ചു കൂടായ്കയില്ല. വഖ്ഫ് സ്വത്ത് എന്നത് അല്ലാഹുവിന്റെ പേരിൽ സമർപ്പിക്കപ്പെടുന്ന സ്വത്താണ്. അത് കൈകാര്യം ചെയ്യേണ്ടത് ശരീഅത്ത് നിയമത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം. മരണം വരെ ഒരു വഖ്ഫ് സ്വത്ത് അങ്ങനെ തന്നെ നിലനിൽക്കണം എന്ന അല്ലാഹുവിന്റെ നിയമത്തെ എന്തായാലും ഇസ്ലാം മത വിശ്വാസിയായ ഒരാൾക്ക് ലംഘിക്കാനാവില്ല. ഇവിടെ അല്ലെങ്കിൽ പരലോകത്ത് അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും എന്ന് അവർക്കു ബോധ്യമുണ്ടാകും. എന്നാൽ, ഒരു അമുസ്ലിമിനോ സെക്യുലർ സർക്കാരിനോ അത്തരത്തിലുള്ള ബോധ്യമുണ്ടാകാൻ സാധ്യതയില്ലല്ലോ.
പുതിയ വഖ്ഫ് ഭേദഗതികളിൽ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുക ഏതൊക്കെയാണ്?
പ്രധാനമായും മൂന്നു ഭേദഗതികളാണ് എനിക്ക് ഏറ്റവും പ്രശ്‌നമുള്ളതായി തോന്നിയിട്ടുള്ളത്. അതിൽ ഒന്നാമത്തേത്, സെക് ഷൻ 40 പൂർണമായും ഒഴിവാക്കിയ ഭേദഗതിയാണ്. രണ്ടാമത്തേത്, വഖ്ഫ് ബോർഡിൽ അമുസ്ലിംകളെ നിയമിക്കാനുള്ള തീരുമാനം. മൂന്നാമത്തേത്, ട്രൈബ്യൂണലിന്റെയും സർവേ കമീഷണറുടെയും അധികാരം എടുത്തുമാറ്റി കലക്ടർക്കോ ജില്ലാ മജിസ്‌ട്രേറ്റിനോ വഖ്ഫ് തർക്കത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം നൽകൽ.
പുതിയ വഖ്ഫ് നിയമം ജെൻഡർ പ്രാതിനിധ്യവും സാമുദായിക പ്രാതിനിധ്യവും ഉറപ്പ് വരുത്തും എന്ന സർക്കാർ അവകാശവാദത്തെ എങ്ങനെ കാണുന്നു?
ഇത് ഞങ്ങളെ ആശയക്കുഴപ്പത്തിലാക്കാനുള്ള അവരുടെ തന്ത്രമാണ്. മുസ്ലിം സ്ത്രീയുടെ വിമോചനമാണ് തങ്ങളുടെ ലക്ഷ്യം എന്ന പതിവ് ആർ.എസ്. എസ് കപടവാദത്തിന്റെ ഒരു ചെറുപതിപ്പ് മാത്രമാണിത്. മുത്തലാഖ് നിയമം നടപ്പാക്കാൻ വേണ്ടി അവർ പ്രധാനമായും ഉന്നയിച്ചത് മുസ്ലിം സ്ത്രീയുടെ വിമോചനം എന്ന വാദമാണ്. പുതിയ വഖ്ഫ് ബില്ലിൽ രണ്ട് മുസ്ലിം സ്ത്രീകളെ സെൻട്രൽ വഖ്ഫ് കൗൺസിലിലും വഖ്ഫ് ബോർഡിലും നോമിനേറ്റ് ചെയ്യണം എന്ന വ്യവസ്ഥയുണ്ട്. എന്നാൽ, നിലനിൽക്കുന്ന വഖ്ഫ് നിയമത്തിൽ എവിടെയും തന്നെ മുസ്ലിം സ്ത്രീകളുടെ വഖ്ഫ് ബോർഡ് നിയമനത്തെ എതിർക്കുന്നില്ല. മുംബൈ വഖ്ഫ് ബോർഡിലും ദൽഹി വഖ്ഫ് ബോർഡിലും സ്ത്രീ പ്രതിനിധികൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, പുതിയ ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് മുസ്ലിം സ്ത്രീ ശാക്തീകരണമാണ് എന്ന നിലയിലാണ് സർക്കാർ അനുകൂലികളുടെ പ്രചാരണം. മുസ്ലിം സ്ത്രീകളെ വഖ്ഫ് ബോർഡ് മെമ്പർമാർ ആക്കുന്നതിന് ഒരിക്കലും ഞങ്ങൾ എതിരല്ല. പുതിയ ബില്ലിൽ പിന്നാക്ക മുസ്ലിം വിഭാഗത്തിനും അവർ പ്രത്യേക സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള വാഗ്ദാനങ്ങൾ സമുദായത്തെ വിഭജിച്ചു ഭരിക്കാനുള്ള തന്ത്രമാണെന്ന് സമുദായത്തിൽ പലരും ഇതിനോടകം തന്നെ മനസ്സിലാക്കിക്കഴിഞ്ഞു. എല്ലാ കാലത്തും മുസ്ലിംകളെ വിഡ്ഢികളാക്കി ഭരിക്കാം എന്ന അവരുടെ തന്ത്രം വിലപ്പോവില്ല. ഈ കഴിഞ്ഞ പാർലമെന്ററി ഇലക്്ഷനിൽ മുസ്ലിം സമുദായം ഒറ്റക്കെട്ടായാണ് ബി.ജെ.പി വിരുദ്ധ നിലപാടെടുത്തത്. ഭാവിയിലും അവർക്ക് മുസ്ലിം സമുദായത്തെ ഭിന്നിപ്പിച്ച് ഭരിക്കൽ അത്ര എളുപ്പമാവില്ല. ഇത്തരത്തിലുള്ള നിയമനിർമാണങ്ങളെ ജനാധിപത്യപരമായ രീതിയിൽ ചെറുക്കുക എന്നത് രാജ്യത്തിലെ ഓരോ മുസ്ലിമിന്റെയും കടമയാണ്. l