ആൾ ഇന്ത്യാ മുസ്്ലിം പേഴ്സണൽ ലോ ബോർഡിന്റെ ഔദ്യോഗിക വക്താവായ എസ്.ക്യു.ആർ ഇൽയാസ് ദൽഹി കേന്ദ്രമായി സാമൂഹിക പ്രവർത്തന രംഗത്ത് സജീവമാണ്. 1953-ൽ മഹാരാഷ്ട്രയിലെ അമരാവതിൽ ജനിച്ച അദ്ദേഹം എം.എസ്.ഇ പൂർത്തിയാക്കി, നാഗ്പൂർ യൂനിവേഴ്സിറ്റിയിൽനിന്ന് കെമിസ്ട്രിയിൽ പി.എച്ച്.ഡി കരസ്ഥമാക്കിയിട്ടുണ്ട്. ബാബരി മസ്ജിദ് കോഡിനേഷൻ കമ്മിറ്റിയുടെ കൺവീനറും ആൾ ഇന്ത്യാ മജ്്ലിസെ മുശാവറയുടെ ജനറൽ സെക്രട്ടറിയും ആയിരുന്നു. ജമാഅത്തെ ഇസ്്ലാമി അഖിലേന്ത്യാ കൂടിയാലോചനാ സമിതി അംഗമായ അദ്ദേഹം പ്രബോധനത്തിന് നൽകിയ പ്രത്യേക അഭിമുഖം.
ഏക സിവിൽ കോഡ് വീണ്ടും സജീവ ചർച്ചാ വിഷയമായി ഉയർന്നുവന്നിട്ടുണ്ടെങ്കിലും, എന്താണ് ഏക സിവിൽ കോഡ് എന്നത് സംബന്ധിച്ച വളരെയധികം അവ്യക്തതകൾ നിലനിൽക്കുകയാണ്. അതിനാൽ, അക്കാര്യത്തിൽ ആദ്യം ഒരു വ്യക്തത വരുത്തേണ്ടതുണ്ട് എന്ന് തോന്നുന്നു. എന്താണ് ഏക സിവിൽ കോഡ് കൊണ്ട് ശരിക്കും അർഥമാക്കുന്നത്?
വളരെ സങ്കീർണമായ ഒരു ചോദ്യമാണിത്. താങ്കൾ ഒരു അഭിഭാഷകനാണ്. ഞാൻ ഈ വിഷയത്തിൽ പതിറ്റാണ്ടുകളായി ഇടപെടുകയും എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്യുന്ന ഒരാളും. പക്ഷേ, ഈ ചോദ്യം നമ്മൾ രണ്ടു പേരെയും ഒരു പോലെ വിഷമാവസ്ഥയിലാക്കും. താങ്കൾക്കറിയാവുന്നതു പോലെ ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്ക്ൾ 44-ാം വകുപ്പ് ഇന്ത്യയിൽ ഒരു ഏക സിവിൽ കോഡ് വേണം എന്ന നിർദേശക തത്ത്വം മുന്നോട്ടു വെക്കുന്നുണ്ട്. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നിട്ട് 70 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഇത്രയും കാലത്തിനിടക്ക് ഏക സിവിൽ കോഡിനെ സംബന്ധിച്ച ഒരു ഔദ്യോഗിക കരടു രേഖ പോലും നമ്മുടെ മുന്നിലില്ല. ഇപ്പോൾ ഏക സിവിൽ കോഡ് നടപ്പിൽ വരുത്തും എന്ന് അവകാശപ്പെടുന്ന ബി.ജെ.പിക്കോ, പതിറ്റാണ്ടുകളായി ഏക സിവിൽ കോഡ് വേണം എന്നാവശ്യപ്പെടുന്ന സംഘ് പരിവാറിനോ, ആർ.എസ്.എസ്സിനു പോലുമോ ഏക സിവിൽ കോഡിനെ സംബന്ധിച്ച് വ്യക്തമായ ധാരണയൊന്നുമില്ല. ഉയർന്നു കേൾക്കുന്ന ഒച്ചപ്പാടുകൾക്കപ്പുറത്ത്, ഏക സിവിൽ കോഡ് ഇപ്പോഴും യാതൊരു വ്യക്തതയുമില്ലാത്ത ഒരു വിഷയമായി തന്നെ തുടരുകയാണ്. ഏക സിവിൽ കോഡിനെ കുറിച്ച് വ്യക്തതയോടെ പറയാൻ സാധിക്കുന്ന ഏക കാര്യം, അത് നിലവിൽ വരുന്നതോടു കൂടി ഇന്ത്യയിൽ നിലനിൽക്കുന്ന വ്യക്തിനിയമങ്ങളെല്ലാം തന്നെ റദ്ദുചെയ്യപ്പെടും എന്നതു മാത്രമാണ്.
ഭരണഘടനയുടെ നിർദേശക തത്ത്വങ്ങൾ പ്രതിപാദിക്കുന്ന ഭാഗത്ത്, അനുച്ഛേദം 44 പ്രകാരം, മുഴുവൻ ഇന്ത്യക്കും ബാധകമായ, മുഴുവൻ പൗരന്മാർക്കും ബാധകമായ ഒരു ഏക സിവിൽ കോഡ് വേണം എന്ന് അനുശാസിക്കുന്നുണ്ട്. പലപ്പോഴും ഏക സിവിൽ കോഡ് വേണം എന്ന് ആവശ്യപ്പെടുന്നവർ ചൂണ്ടിക്കാണിക്കാറുള്ളത് ഭരണഘടനയിലെ ഈ അനുഛേദം ആണ്. യഥാർഥത്തിൽ എങ്ങനെയാണ് ഭരണഘടന ഏക സിവിൽ കോഡിനെ നോക്കിക്കാണുന്നത്?
1947 മുതൽക്കു തന്നെ വളരെ സജീവമായി നിലനിൽക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന വിഷയമാണിത്. ഇന്ത്യൻ ഭരണഘടനയിൽ, രാഷ്ട്രത്തോടുള്ള അനവധിയായ നിർദേശക തത്ത്വങ്ങൾ പ്രതിപാദിക്കുന്ന ഭാഗത്ത്, 44-ാം അനുഛേദം, ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും, ഇന്ത്യൻ യൂനിയന്റെ ഭാഗമായ മുഴുവൻ പ്രദേശങ്ങൾക്കും ബാധകമായ ഒരു പൊതു സിവിൽ നിയമം, ഒരു ഏക സിവിൽ കോഡ് എന്ന നിർദേശം മുന്നോട്ടു വെക്കുന്നുണ്ട്. താങ്കൾ സൂചിപ്പിച്ചതു പോലെ, ഏക സിവിൽ കോഡിനു കാരണമായി പലപ്പോഴും മുന്നോട്ടു വെക്കപ്പെടുന്ന കാരണങ്ങളിൽ ഒന്ന്, ഭരണഘടന അത് അനുശാസിക്കുന്നുണ്ട് എന്നതു തന്നെയാണ്. പക്ഷേ, ഇവിടെ പ്രധാനമായി മനസ്സിലാക്കേണ്ട കാര്യം, ഇന്ത്യൻ ഭരണഘടനയുടെ നിർദേശക തത്ത്വങ്ങൾ ഒന്നും തന്നെ നിർവഹിക്കാനോ, നടപ്പാക്കാനോ ആവശ്യമായ നിയമ നിർമാണങ്ങൾ നടത്തണമെന്ന് സർക്കാരുകളോട് നിർദേശിക്കാൻ ജ്യുഡീഷ്യറിക്ക് അധികാരമില്ല എന്നതാണ്. ഭരണഘടനയിലെ നിർദേശക തത്ത്വങ്ങൾ നിർബന്ധമായും നടപ്പാക്കപ്പെടേണ്ടവയല്ല; മറിച്ച്, അവ ഐഛികമാണ് എന്നർഥം. എന്നു മാത്രമല്ല, വളരെയധികം ഗൗരവ പ്രാധാന്യമുള്ള ഒട്ടനവധി മറ്റു വിഷയങ്ങളും ഭരണഘടനയുടെ നിർദേശക തത്ത്വങ്ങൾ മുന്നോട്ടു വെക്കുന്നുണ്ട്. ഉദാഹരണമായി, സമ്പൂർണ മദ്യ നിരോധം, കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം, സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം കുറക്കുക തുടങ്ങിയവയെല്ലാം തന്നെ ഭരണഘടനയിലെ നിർദേശക തത്ത്വങ്ങളാണ്. എന്നാൽ 1947 മുതൽ 2023 വരെയുള്ള ചരിത്രം പരിശോധിച്ചാൽ, മാറി മാറി വന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നും തന്നെ, മനുഷ്യരുടെ ഏറ്റവും പ്രാഥമികമായ, അവരുടെ മൗലികാവശ്യങ്ങളോട് വളരെ അടുത്തുനിൽക്കുന്ന ഇത്തരം നിർദേശക തത്ത്വങ്ങൾ നടപ്പാക്കിയിട്ടില്ലെന്നു മാത്രമല്ല, അതിനുള്ള കാര്യമായ ശ്രമങ്ങൾ പോലും അധികം ഉണ്ടായിട്ടില്ല. ഒരു ഭാഗത്ത് ഈ രാജ്യത്തെ മനുഷ്യരുടെ നന്മക്കും ക്ഷേമത്തിനും അനിവാര്യമായ ഇത്തരം ഭരണഘടനാ നിർദേശങ്ങൾക്കു നേരെ കുറ്റകരമായ നിസ്സംഗത പുലർത്തുകയും, മറു ഭാഗത്ത് ഇന്ത്യയിലെ അനവധിയായ സാംസ്കാരിക പാരമ്പര്യങ്ങൾ പിന്തുടരുന്ന മനുഷ്യരുടെ വ്യക്തിനിയമങ്ങളെ ഒന്നാകെ റദ്ദുചെയ്ത് അവരെ ഒരു ഏക സിവിൽ നിയമ പരിധിക്കുള്ളിൽ കൊണ്ടു വരികയെന്ന, അങ്ങേയറ്റം അബദ്ധ ജടിലമായ ഒരു ആശയത്തിനു വേണ്ടി നിരന്തരം മുറവിളി കൂട്ടുകയും ചെയ്യുന്നതിൽനിന്നു തന്നെ ഒരു കാര്യം വ്യക്തമാണ്: ഭരണഘടനയോടോ, ഈ രാജ്യത്തെ മനുഷ്യരോടോ ഉള്ള ആത്മാർഥത കൊണ്ടോ സ്നേഹം കൊണ്ടോ ഒന്നുമല്ല ഇക്കൂട്ടർ ഏക സിവിൽ കോഡിനു വേണ്ടി വാദിക്കുന്നത്. ഏക സിവിൽ നിയമത്തിനു വേണ്ടി വാദിക്കുന്നതിനു പിന്നിലെ ഉദ്ദേശ്യം തികച്ചും രാഷ്ട്രീയമാണ്.
ഏക സിവിൽ കോഡിനു വേണ്ടി ഇപ്പോൾ നടക്കുന്ന നീക്കങ്ങൾ തികച്ചും രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രം മുന്നിൽ കണ്ടുള്ള നാടകം മാത്രമാണ് എന്നാണോ താങ്കളുടെ നിഗമനം?
തീർച്ചയായും. നോക്കൂ, 2014-ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നോട്ടുവെച്ച പ്രധാനപ്പെട്ട മൂന്ന് വാഗ്ദാനങ്ങൾ പരിശോധിച്ചാൽ നമുക്കത് വ്യക്തമാകും. അതിൽ ആദ്യത്തേത്, ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമ ക്ഷേത്രം നിർമിക്കും എന്നതായിരുന്നു. സുപ്രീം കോടതി വിധിയിലൂടെ അവരത് സാധിച്ചു. രണ്ടാമത്തേത്, ഇന്ത്യൻ ഭരണഘടനയിൽ ജമ്മു-കശ്മീർ സംസ്ഥാനവുമായി ബന്ധപ്പെട്ട പ്രത്യേക അവകാശങ്ങളെയും അധികാരങ്ങളെയും സംരക്ഷിക്കുന്ന ആർട്ടിക്ക്ൾ 370 റദ്ദുചെയ്യും എന്നതായിരുന്നു. പ്രസ്തുത വകുപ്പ് അവർ ഭരണഘടനാ ഭേദഗതിയിലൂടെ നീക്കം ചെയ്തു. ശേഷിക്കുന്ന വാഗ്ദാനം; രാജ്യത്ത് ഒരു ഏക സിവിൽ നിയമം കൊണ്ടുവരും എന്നതാണ്.
ഇവിടെ നമ്മൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ ഒന്നാമത്തേത്, ഇന്ത്യൻ ഭരണഘടന, രാജ്യത്തെ മുഴുവൻ പൗരന്മാർക്കും ബാധകമായ, ഇന്ത്യൻ യൂനിയന്റെ ഭാഗമായ മുഴുവൻ പ്രദേശത്തിനും ബാധകമായ ഒരു ഏക സിവിൽ കോഡ് എന്ന നിർദേശം മുന്നോട്ടുവെക്കുമ്പോൾ തന്നെ, അതിന് രണ്ട് മുന്നുപാധികൾ നിശ്ചയിക്കുന്നുണ്ട് എന്നതാണ്. ഏക സിവിൽ കോഡ് കൊണ്ടുവരുന്നതിനു മുമ്പ് രാജ്യത്തെ മുഴുവൻ വിഭാഗങ്ങളുമായി സംവദിച്ച്, അതിന് അനുകൂലമായ പൊതുജനാഭിപ്രായം രൂപപ്പെടുത്തണം എന്നതാണ് ഒന്നാമത്തെ മുന്നുപാധി. രണ്ടാമത്തേത്, പ്രസ്തുത സിവിൽ കോഡ് മുഴുവൻ രാജ്യത്തിനും, രാജ്യത്തെ മുഴുവൻ പൗരന്മാർക്കും ബാധകമായിരിക്കണം എന്നതാണ്. ഇവിടെ പ്രസ്തുത ഉപാധികളുടെ നഗ്നമായ ലംഘനമാണ് നടന്നിട്ടുള്ളത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഭോപാലിൽ നടത്തിയ പ്രസംഗത്തിൽനിന്നു തന്നെ, ഒരു രാഷ്ട്രീയ തന്ത്രം എന്ന നിലയിലാണ് ബി.ജെ.പി ഏക സിവിൽ കോഡിനെ കാണുന്നത് എന്ന് വ്യക്തമാകുന്നുണ്ട്. മോദി പ്രസ്തുത പ്രസംഗം ആരംഭിക്കുന്നത് തന്നെ മുത്തലാഖ് വിഷയം ഉന്നയിച്ചുകൊണ്ടാണ്. ഏക സിവിൽ കോഡിന്റെ ആവശ്യകത അദ്ദേഹം വിശദീകരിക്കുന്നത് മുഴുവനായും മുസ്്ലിം വ്യക്തിനിയമത്തിന്റെ പദാവലികൾ ഉദ്ധരിച്ചുകൊണ്ടാണ്. ബഹുഭാര്യത്വം, നിക്കാഹ് ഹലാല തുടങ്ങിയ മുസ്്ലിം വ്യക്തിനിയമ സംജ്ഞകൾ പ്രസംഗത്തിലുടനീളം അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. ഇത്തരം സംജ്ഞകൾ മാത്രം മോദിയും ബി.ജെ.പിയും ഉപയോഗിക്കുന്നത്, ഏക സിവിൽ കോഡ് എന്നത് മുസ്്ലിംകളുടെ മാത്രം പ്രശ്നമാണ്, മുസ്്ലിംകളെ മാത്രം ബാധിക്കുന്ന നിയമമാണ് എന്ന് പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ്. അതുവഴി ഹിന്ദു-മുസ്്ലിം വിഭാഗീയത കൂടുതൽ രൂക്ഷമാക്കി അതിൽനിന്ന് രാഷ്ട്രീയ ലാഭം കൊയ്യാം എന്നും ബി.ജെ.പി കണക്കുകൂട്ടുന്നു.
മറ്റൊരു പ്രധാന ലക്ഷ്യം കൂടി ഏക സിവിൽ കോഡ് കൊണ്ടുവരുന്നതിനു പിന്നിലുണ്ട് എന്ന് ഞാൻ കരുതുന്നു. മുസ്്ലിം വ്യക്തിനിയമം എന്നത് ഒരു മുസ്്ലിമിന്റെ ഐഡന്റിറ്റിയുടെ അവിഭാജ്യമായ ഘടകമാണല്ലോ. മുസ്്ലിം കുടുംബ വ്യവസ്ഥയുടെ അടിസ്ഥാന ശിലയും മുസ്്ലിം വ്യക്തിനിയമമാണ്. അതിനാൽ തന്നെ മുസ്്ലിം വ്യക്തിനിയമത്തെ ആക്രമിക്കുന്നതിലൂടെ മുസ്്ലിം കുടുംബ വ്യവസ്ഥയെയും അതുവഴി മുസ്്ലിം സാമൂഹികതയെയും തകർക്കാം എന്നവർ കണക്കുകൂട്ടുന്നു. അങ്ങനെ സംഭവിച്ചാൽ മുസ്്ലിം സമൂഹം ഗുരുതരമായ പ്രതിസന്ധിയായിരിക്കും നേരിടേണ്ടി വരിക എന്ന കാര്യത്തിൽ സംശയമില്ല.
ഏക സിവിൽ കോഡ് വന്നാൽ, അത് മുസ്്ലിം സമൂഹത്തെ മാത്രമല്ലല്ലോ ബാധിക്കുക. ഇന്ത്യയിലെ എല്ലാ പ്രദേശത്തുമുള്ള, എല്ലാ സംസ്കാരങ്ങളിലുമുള്ള മനുഷ്യരെയും അത് ബാധിക്കില്ലേ?
ഇന്ത്യൻ സമൂഹം വളരെ ബഹുസ്വരമാണ്. വ്യത്യസ്ത മത സമൂഹങ്ങൾ, സംസ്കാരങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ തുടങ്ങിയവ ഇന്ത്യൻ സമൂഹത്തിന്റെ സവിശേഷതകളാണ്. ഈ വിഭാഗങ്ങൾക്കെല്ലാം തന്നെ അവരുടെതായ വ്യക്തിനിയമങ്ങൾ നിലവിലുണ്ട്. അതിനാൽ തന്നെ ഇന്ത്യയിൽ എല്ലാവർക്കും ബാധകമായ ഒരു ഏക സിവിൽ കോഡ് കേന്ദ്രം അടിച്ചേൽപിക്കുമെന്ന് പറയുമ്പോൾ, തീർച്ചയായും അത് ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളെയും ബാധിക്കും. ഇന്ത്യയുടെ വൈവിധ്യത്തെ സംഘ് പരിവാർ അംഗീകരിക്കുന്നില്ലെങ്കിലും ഇന്ത്യൻ ഭരണഘടന അംഗീകരിക്കാൻ അവർ ബാധ്യസ്ഥരാണ്. ന്യൂനപക്ഷങ്ങൾക്ക് തങ്ങളുടെ സാംസ്കാരിക ജീവിതവും വ്യക്തിനിയമങ്ങളും പിന്തുടരാനുള്ള അനുവാദം ഭരണഘടന നൽകുന്നുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ 371(A), 371(G) എന്നീ അനുഛേദങ്ങൾ പ്രകാരം ഇന്ത്യയിലെ ആദിവാസി വിഭാഗങ്ങൾക്ക് അവരുടെ വിശ്വാസമനുസരിച്ചുള്ള വ്യക്തിനിയമങ്ങളും ആചാരങ്ങളും പിന്തുടരാം. അവരുടെ സമ്മതമില്ലാതെ പ്രസ്തുത ആചാരാനുഷ്ഠാന രീതികളെ മറികടക്കുന്ന വിധത്തിൽ നിയമ നിർമാണം നടത്തരുതെന്ന് പാർലമെന്റിനെ ഓർമിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ, കണക്കുകൂട്ടാൻ സാധിക്കാത്തത്രയും വൈവിധ്യങ്ങളും ആചാര - അനുഷ്ഠാന - വിശ്വാസരീതികളും സങ്കീർണമായ വ്യക്തിനിയമങ്ങളും ഉള്ള ഈ രാജ്യത്ത് ഏകശിലാത്മകമായ സിവിൽ നിയമം അടിച്ചേൽപിക്കാൻ ശ്രമിക്കുന്നത് ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളെയും എല്ലാ പ്രദേശങ്ങളെയും പ്രക്ഷുബ്ധമാക്കാനേ ഉപകരിക്കൂ.
ഭോപാലിൽ വെച്ച് നടത്തിയ പ്രസംഗത്തിൽ മോദി ഉന്നയിച്ച ഒരു ചോദ്യം, എങ്ങനെയാണ് ഒരു രാജ്യത്ത് രണ്ട് തരത്തിലുള്ള നിയമങ്ങൾ ഉണ്ടാവുക എന്നാണ്. വ്യത്യസ്ത വിഭാഗങ്ങൾക്ക് വ്യത്യസ്ത വ്യക്തിനിയമങ്ങൾ ഉണ്ടാവുന്നത് രാജ്യത്തെ ഐക്യപ്പെടുന്നതിൽനിന്ന് തടയുമെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. ഇതിനെ എങ്ങനെയാണ് കാണുന്നത്?
വ്യത്യസ്ത വ്യക്തിനിയമങ്ങളുടെ സാന്നിധ്യം ഇന്ത്യയുടെ ഐക്യത്തിന് ഭീഷണിയാണെന്നത് നിരർഥകമായ പ്രസ്താവന മാത്രമാണ്. യാഥാർഥ്യം നേരെ തിരിച്ചാണ്. വിവിധ ജനവിഭാഗങ്ങളെ ഉൾക്കൊള്ളുന്നതിലൂടെ, അവരുടെ ജീവിത രീതികളെ തടസ്സപ്പെടുത്താതിരിക്കുന്നതിലൂടെയാണ് യഥാർഥത്തിൽ ഇന്ത്യയുടെ ഐക്യബോധം ദൃഢപ്പെടുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്. ഏതെങ്കിലും ഒരു ഭാഷയെയോ മതത്തെയോ നിയമത്തെയോ മുഴുവൻ ഇന്ത്യക്കാരുടെ മേലും അടിച്ചേൽപിക്കാനുള്ള ശ്രമങ്ങൾ രാജ്യത്തെ ആന്തരികമായി വിഭജിക്കുകയാണ് ചെയ്തിട്ടുള്ളത് എന്ന് ചരിത്രം പരിശോധിച്ചാൽ കാണാൻ സാധിക്കും. ഹിന്ദി ഭാഷയെ ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ അടിച്ചേൽപിക്കാനുള്ള ശ്രമങ്ങളുടെ ചരിത്രം മാത്രം പരിശോധിച്ചാൽ തന്നെ അതു വ്യക്തമാകും.
താങ്കളുടെ ഈ നിരീക്ഷണത്തോട് ചേർത്തുവെച്ചുകൊണ്ട് തന്നെ ചോദിക്കട്ടെ, 2018-ൽ നിയമ കമീഷൻ കേന്ദ്ര സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ, ഒരു ഏക സിവിൽ കോഡ് സമീപ ഭാവിയിലൊന്നും തന്നെ അഭികാമ്യമായ ഒരു ചുവടുവെപ്പായിരിക്കില്ല എന്നും, ഏക സിവിൽ കോഡല്ല, മറിച്ച് ചില പരിഷ്കരണങ്ങൾ മാത്രമേ ആവശ്യമുള്ളൂവെന്നും അഭിപ്രായപ്പെട്ടിരുന്നു. ഏക സിവിൽ കോഡ് ബില്ല് ഇപ്പോൾ കൊണ്ടുവരുന്നത് വലിയ അപകടം ക്ഷണിച്ചുവരുത്തും എന്നും നിയമ കമീഷൻ അഭിപ്രായപ്പെട്ടിരുന്നു. അപ്പോൾ ഇത്രയും അപകടകരമായ ഒരു ബില്ല് പാസാക്കാൻ കേന്ദ്രം സന്നദ്ധമാവുമോ?
2018-ൽ നിയമ കമീഷനു മുമ്പാകെ ഏക സിവിൽ കോഡ് എന്ന വിഷയം വന്നപ്പോൾ ആൾ ഇന്ത്യാ മുസ്്ലിം പേഴ്സനൽ ലോ ബോർഡ് ഒരു പ്രതിനിധി സംഘത്തെ നിയമ കമീഷനുമായി ചർച്ച ചെയ്യാൻ നിയോഗിച്ചിരുന്നു. ഞാനും പ്രസ്തുത സംഘത്തിൽ അംഗമായിരുന്നു. അന്ന് ഞങ്ങൾ നിയമ കമീഷനു മുമ്പാകെ, ഏക സിവിൽ കോഡ് ഉണ്ടാക്കാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ സംബന്ധിച്ചും വ്യക്തിനിയമങ്ങളുടെ അനിവാര്യതയെ സംബന്ധിച്ചും വളരെ ഗഹനമായ ഒരു റിപ്പോർട്ട് കമീഷനു സമർപ്പിച്ചിരുന്നു. മാത്രമല്ല, കമീഷൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് വളരെ വിശദവും യുക്തിയുക്തവുമായ വിശദീകരണങ്ങളും ഞങ്ങൾ നൽകിയിരുന്നു. അതിന്റെ ഫലമായിട്ടു കൂടിയാണ്, താങ്കൾ ചോദ്യത്തിൽ സൂചിപ്പിച്ച നിഗമനങ്ങളിലേക്കും അഭിപ്രായത്തിലേക്കും കമീഷൻ എത്തിയത്.
താങ്കളുടെ ചോദ്യത്തിലേക്ക് മടങ്ങിവരാം. ഇന്ത്യയിലുടനീളം എല്ലാ വിഭാഗങ്ങളുടെയും വ്യക്തിനിയമങ്ങളെ റദ്ദുചെയ്ത് ഒരു ഏക സിവിൽ നിയമം പാസാക്കിയാൽ അത് തങ്ങളുടെ രാഷ്ട്രീയ അടിത്തറയെ സാരമായി ബാധിക്കും എന്ന് ബി.ജെ.പിക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ അത്തരമൊരു നിയമം അവർ കൊണ്ടുവരും എന്ന് ഞാൻ കരുതുന്നില്ല. എന്നു മാത്രമല്ല, എല്ലാ വിഭാഗങ്ങളുടെയും വ്യക്തി നിയമത്തെ റദ്ദുചെയ്യുക എന്നത് അവരുടെ അജണ്ടയുമല്ല. ഏക സിവിൽ കോഡിലൂടെ ബി.ജെ.പിക്ക് പ്രധാനമായും രണ്ടു ലക്ഷ്യങ്ങളാണുള്ളത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഒന്ന്, 2024-ലെ ലോക് സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഹിന്ദു -മുസ്്ലിം വിഭാഗീയത രൂക്ഷമാക്കുക. രണ്ട്, മുസ്്ലിം വ്യക്തിനിയമത്തെ റദ്ദുചെയ്ത് ഇന്ത്യയിലെ മുസ്്ലിംകളുടെ കുടുംബ സംവിധാനത്തെയും സാമൂഹിക സംഘാടനം അടക്കമുള്ള ചലനാത്മകതയെയും നിർവീര്യമാക്കുകയും, അതുവഴി ഇന്ത്യ അവരെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടുകയും ചെയ്യുക.
പക്ഷേ, എങ്ങനെയാണ് മുസ്്ലിംകളെ മാത്രമായി ഏക സിവിൽ കോഡിന്റെ പരിധിയിൽ കൊണ്ടുവരിക? ഏക സിവിൽ കോഡ് എല്ലാ വ്യക്തിനിയമങ്ങളെയും റദ്ദുചെയ്തുകൊണ്ടല്ലേ നടപ്പിൽ വരുത്താൻ സാധിക്കൂ?
ഏക സിവിൽ കോഡ് ഒരു ബില്ലായി അവതരിപ്പിച്ചാൽ അത് എല്ലാ വിഭാഗത്തെയും ബാധിക്കും എന്ന താങ്കളുടെ നിരീക്ഷണം ശരിയാണ്. എന്നാൽ, അവർ അതിനെ മറ്റൊരു രീതിയിൽ മറികടക്കും എന്നു ഞാൻ കരുതുന്നു. അതായത്, ഞാൻ മുമ്പ് സൂചിപ്പിച്ചതു പോലെ, ഇന്ത്യയിലെ മുഴുവൻ പൗരന്മാരെയും ഏകമായ ഒരു സിവിൽ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന അജണ്ട ബി.ജെ.പിക്കില്ല. മറിച്ച്, മുസ്്ലിം വ്യക്തിനിയമത്തെ നിർവീര്യമാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അതിനായി അവർ പാർലമെന്റിനെക്കാൾ അവലംബിക്കുക ജുഡീഷ്യറിയെ ആയിരിക്കും. ഇപ്പോൾ തന്നെ അശ്വിനി ഉപാധ്യായ എന്ന ബി.ജെ.പി നേതാവ് മുസ്്ലിം വ്യക്തിനിയമത്തിലെ പല വകുപ്പുകളെയും ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയെ സമീപിച്ചു കഴിഞ്ഞു. മുമ്പ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി സുപ്രീം കോടതി പ്രഖ്യാപിച്ച പോലെ, മുസ്്ലിം വ്യക്തിനിയമത്തിലെ വകുപ്പുകൾ ജ്യുഡീഷ്യറിയെ കൊണ്ട് റദ്ദുചെയ്യിപ്പിച്ച് മുസ്്ലിം വ്യക്തിനിയമത്തെ തകർക്കുക എന്ന ലക്ഷ്യം അവർ നേടാൻ ശ്രമിക്കും.
ഇലക്്ഷനോടനുബന്ധിച്ച് ഒരു ഏക സിവിൽ കോഡ് ബില്ല് രാജ്യ സഭയിൽ അവതരിപ്പിച്ച് ബി.ജെ.പി അത് പാസാക്കിയെടുക്കും എന്നു ഞാൻ കരുതുന്നു. ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള ലോക് സഭയിൽ അവതരിപ്പിക്കാതെ രാജ്യ സഭയിൽ അവതരിപ്പിക്കാൻ ചില കാരണങ്ങളുണ്ട്.
ഒന്നാമതായി, രാജ്യസഭയിൽ പാസാക്കിയാൽ, 'തങ്ങൾ ഏക സിവിൽ കോഡ് രാജ്യസഭയിൽ പാസാക്കിയിരിക്കുന്നു, ഞങ്ങൾക്കൊരവസരം കൂടി തന്നാൽ ഞങ്ങൾ ഇത് ലോക് സഭയിൽ കൂടി
പാസാക്കാം' എന്നവർക്ക് ജനങ്ങളോട് പറയാം.
രണ്ടാമതായി, ലോക് സഭയുടെ കാലാവധി അഞ്ചു വർഷം മാത്രമാണ്. അതു കഴിഞ്ഞാൽ ലോക് സഭ പിരിച്ചുവിടുകയും പുതിയ ലോക് സഭ നിലവിൽ വരികയും ചെയ്യും. അതുകൊണ്ടുതന്നെ ലോക് സഭയിൽ പാസാക്കിയ ബില്ല് എത്രയും വേഗം അവർക്ക് രാജ്യ സഭയിലും പാസാക്കണം. കാരണം, ഒരിക്കൽ ലോക് സഭ പിരിച്ചുവിട്ടാൽ ഈ ബില്ല് അടുത്തതായി വരുന്ന ലോക് സഭയിൽ വീണ്ടും അവതരിപ്പിച്ച് പാസാക്കിയെടുക്കണം. എന്നാൽ, രാജ്യ സഭയാകട്ടെ ഒരിക്കലും പിരിച്ചുവിടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ഒരിക്കൽ രാജ്യ സഭയിൽ അവതരിപ്പിച്ച് പാസാക്കിയാൽ പിന്നീട് എപ്പോൾ വേണമെങ്കിലും അവർക്ക് അത് ലോക് സഭയിൽ കൊണ്ടുവരാവുന്നതേയുള്ളൂ.
വളരെ സമഗ്രമായ പദ്ധതിയാണ് ബി.ജെ.പി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വ്യക്തം. പക്ഷേ, എങ്ങനെയാണ് നമുക്ക് ഈ കുടില പദ്ധതിയെ ചെറുക്കാനും മറികടക്കാനും സാധിക്കുക?
ഒന്നാമതായി, പ്രതിപക്ഷ പാർട്ടികളെ അണിനിരത്തി ഏക സിവിൽ കോഡിനെ പാർലമെന്റിൽ തടയുക എന്നതാണ്. അതിനുള്ള ശ്രമങ്ങൾ ഞങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വിവിധ പ്രതിപക്ഷ പാർട്ടികൾ ഇതിനോടകം ഏക സിവിൽ കോഡിനെതിരെ നിലപാടെടുക്കാം എന്ന് ഉറപ്പു നൽകിയിട്ടുണ്ട്.
രണ്ടാമതായി, വിവിധ മത നേതാക്കളെയും ആദിവാസി-ദലിത് വിഭാഗങ്ങളുടെ പ്രതിനിധികളെയും കണ്ട് ഏക സിവിൽ കോഡിനെതിരെ ജനകീയ അഭിപ്രായ രൂപവത്കരണം നടത്തുക എന്നതാണ്. ഇതിനോടകം തന്നെ വിവിധ മത നേതൃത്വങ്ങളെ ഞങ്ങൾ സമീപിച്ചു കഴിഞ്ഞു. സിഖ് മത നേതാക്കൾ ഉൾപ്പെടെ പൂർണ പിന്തുണയാണ് നമുക്ക് നൽകിയിട്ടുള്ളത്.
അവസാനമായി, വായനക്കാരോടെന്തെങ്കിലും ഉണർത്താനുണ്ടോ?
വളരെ സങ്കീർണമായ ഒരു കാലത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. ഈ ഘട്ടത്തിൽ നമ്മൾ നമ്മുടെ ഈമാനിനെ ദൃഢപ്പെടുത്തേണ്ടതുണ്ട്. അതിന് നമ്മൾ ഖുർആനിലേക്കും സുന്നത്തിലേക്കും മടങ്ങേണ്ടതുണ്ട്. എല്ലാ പ്രതിസന്ധികളെയും മറികടക്കാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ. l