അനുസ്മരണം

മലപ്പുറം കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് അംഗവും മുഞ്ഞക്കുളം എ.എം. എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപികയുമായിരുന്നു കെ.വി മെഹറുന്നിസ ടീച്ചർ (61). ജമാഅത്തെ ഇസ്ലാമി പ്രവർത്തകയും വെൽഫെയർ പാർട്ടി അംഗവുമായിരുന്നു.
മാതൃകാധ്യാപിക എന്ന നിലയിലും കാര്യക്ഷമതയുള്ള പ്രധാന അധ്യാപിക എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിരുന്ന അവർ ജനപ്രതിനിധി എന്ന നിലയ്ക്ക് പ്രശംസനീയമായ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്. സദാ പുഞ്ചിരിച്ചുകൊണ്ട് മാത്രം കാണപ്പെട്ടിരുന്ന അവർ തന്റെ പുഞ്ചിരിയിലൂടെ ഒരു നാടിനെ തന്നെ കീഴടക്കിയെന്നാണ് ഖബറടക്കത്തിന് ശേഷം നടന്ന അനുസ്മരണ യോഗത്തിൽ പങ്കെടുത്തവർ ഊന്നിപ്പറഞ്ഞ കാര്യം. നാട്ടുകാർക്ക് അവർ നല്കിയ പോസിറ്റീവ് എനർജി വളരെ വലുതായിരുന്നു. സഹജീവികളെ അതിരറ്റ് സ്നേഹിച്ച പൊതു പ്രവർത്തകയായിരുന്നു മെഹറുന്നിസ ടീച്ചർ. ജനങ്ങളെ കേൾക്കാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും പരമാവധി പരിഹരിക്കാനും അവർ ശ്രമിച്ചു.
ജനങ്ങൾ അവരെ എന്തു മാത്രം സ്നേഹിച്ചു എന്നതിന് തെളിവായിരുന്നു ജനാസ നമസ്കാരത്തിന് എത്തിച്ചേർന്ന ആളുകളുടെ ബാഹുല്യം. ഒരു മയ്യിത്ത് സന്ദർശിക്കാൻ ഇത്രയധികം സ്ത്രീകൾ വരുന്നത് തങ്ങളുടെ നാടിന്റെ ചരിത്രത്തിൽ ആദ്യമായാണെന്ന് വയോധികനായ ഒരു നാട്ടുകാരൻ പറഞ്ഞു. രാത്രി നടന്ന അനുസ്മരണ യോഗത്തിലും വൻ ജന പങ്കാളിത്തമായിരുന്നു.

കെ.വി മെഹറുന്നിസ ടീച്ചർ

സ്വന്തം ജീവിതത്തിൽ കർശനമായ സാമ്പത്തിക അച്ചടക്കം പാലിച്ച അവർ മറ്റുള്ളവരെ സഹായിക്കുന്നതിൽ വളരെ ഉദാരയായിരുന്നു. സ്കൂളിൽനിന്ന് പിരിഞ്ഞ ശേഷം സ്കൂളിന്റെ മുറ്റം തൂത്തുവാരുക, ശുചിമുറി വൃത്തിയാക്കുക തുടങ്ങിയ ജോലികൾ അവർ വന്നു സ്വയം ചെയ്യുമായിരുന്നു. ഇത് ഞങ്ങളുടെ പണിയല്ലേ, എന്തിന് നിങ്ങൾ ചെയ്യുന്നു എന്നു ഇപ്പോൾ പ്രധാനാധ്യാപകനായ മകൻ ചോദിച്ചപ്പോൾ ഞാൻ സ്കൂളിൽ ജോലി ചെയ്ത സമയത്ത് എന്നിൽനിന്ന് പോരായ്മകൾ വല്ലതും വന്നിട്ടുണ്ടെങ്കിൽ ഇതു വഴി അതൊക്കെയും പരിഹരിക്കപ്പെടട്ടെ എന്നായിരുന്നു വിശദീകരണം.
അധ്യാപിക എന്ന നിലയിൽ താൻ ആർജിച്ച അനുഭവങ്ങൾ പൊതുജീവിതത്തിൽ അവർക്ക് നന്നായി പ്രയോജനപ്പെട്ടു. ഒപ്പമുള്ളവർക്ക് മാർഗ നിർദേശങ്ങൾ നല്കാനും അവരെ പ്രചോദിപ്പിക്കാനും അവർ ശ്രമിച്ചു. തങ്ങളുടെ പൊതുജീവിതം സ്വകാര്യ ജീവിതത്തെയും കുടുംബ ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ ചെറുപ്പക്കാരികളായ ജനപ്രതിനിധികളെ അവർ ഓർമപ്പെടുത്താറുണ്ടായിരുന്നു. പഞ്ചായത്ത് യോഗങ്ങളിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ അനാവശ്യ തർക്കങ്ങളുണ്ടാവുമ്പോൾ അവർ അസ്വസ്ഥയാവും. ആരോഗ്യകരമായ ഭരണ പ്രതിപക്ഷ ബന്ധമാണ് അവർ ആഗ്രഹിച്ചത്.
പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ അവർ സജീവമായിരുന്നു. പഞ്ചായത്ത് ഫണ്ടിന് പുറമെ മറ്റു സ്രോതസ്സുകളിലൂടെയും നാടിന്റെ വികസനത്തിന് ഫണ്ട് കണ്ടെത്താൻ ശ്രമിച്ചു. തന്റെ മുൻഗാമിയായിരുന്ന അംഗം ഇ. സി ഹംസ സ്ഥാപിച്ച കുടിവെള്ള പദ്ധതി കൂടുതൽ ഗുണഭോക്താക്കളിലേയ്ക്ക് എത്തിക്കാൻ ടീച്ചറുടെ കാലത്ത് കഴിഞ്ഞു. ഈ പദ്ധതിയിൽ ഇന്ന് നൂറോളം ഗുണഭോക്താക്കളുണ്ട്. പഞ്ചായത്ത് ഫണ്ട് ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ സ്വന്തമായോ മറ്റു സ്രോതസ്സുകളിലൂടെയോ ഫണ്ട് കണ്ടെത്താൻ അവർ ശ്രമിച്ചു. രോഗംകൊണ്ട് പ്രയാസപ്പെടുന്ന സമയത്തും വാർഡിനെ കുറിച്ചും ജനങ്ങളുടെ പ്രശ്നങ്ങളെ കുറിച്ചും അവർക്ക് നല്കിയ വാഗ്ദാനങ്ങളെ കുറിച്ചുമാണ് അവർ പറഞ്ഞുകൊണ്ടിരുന്നത്. ഒരു നാടിന്റെ ഹൃദയമിടിപ്പുകൾ മനസ്സിലാക്കി അതിനോടൊപ്പം നിന്ന ജനപ്രതിനിധിയായിരുന്നു മെഹറുന്നിസ ടീച്ചർ. നീതി ബോധവും മൂല്യ ബോധവും കാത്തുസൂക്ഷിച്ചു അവർ നാടിനായി പ്രവർത്തിച്ചു. ജനങ്ങളെ അളവറ്റ് സ്നേഹിച്ചു.
റിട്ട. എ.ഇ.ഒ എൻ.കെ കുഞ്ഞി മുഹമ്മദിന്റെ ഭാര്യയും റിട്ട. എ.ഇ.ഒ പരേതനായ കെ.വി മുഹമ്മദലി മാസ്റ്ററുടെ (വടക്കാങ്ങര) പുത്രിയുമാണ് മെഹറുന്നിസ ടീച്ചർ. മാതാവ്: സൈനബ കരുവാട്ടിൽ.
മക്കൾ: റംസി ശബീർ (ഹെഡ് മാസ്റ്റർ, മുഞ്ഞക്കുളം എ.എം. എൽ.പി സ്കൂൾ), റിസ ശഫീഹ് (ദുബായ്), ശാദിയ (യു.എസ്), അൻസിയ.

എൻ. കെ സഫിയ മജീദ്
കുറുവ, കൂട്ടിലങ്ങാടി

നെറ്റിയിൽ വിയർപ്പോടെ നാഥനിലേക്ക്‌ മടങ്ങിയ ഷമീർ

എറണാകുളം ജില്ലയിലെ പെരുമ്പാവൂർ ഏരിയയിൽ അല്ലപ്ര ഘടകത്തിലെ പ്രസ്ഥാന പ്രവർത്തകനായിരുന്നു ഇ.വി ഷമീർ. അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവരുടെ പട്ടികയിൽ റസൂൽ ആദ്യം ഉൾപ്പെടുത്തിയത് ജനങ്ങൾക്ക് ഏറ്റവും ഇഷ്‌ടപ്പെട്ടവരെയാണ്. അങ്ങനെ നോക്കിയാൽ, തന്റെ ചുറ്റുപാടുമുള്ള സഹജീവികളുടെ ജീവൽ പ്രശ്നങ്ങൾക്ക് പിറകെ നിറപുഞ്ചിരിയോടെ രാവും പകലും ഓടി നടന്ന്, ഒരു സായാഹ്നത്തിൽ അതേ പുഞ്ചിരിയോടെ പടച്ചവനിലേക്ക് തിരികെ നടന്ന, സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ ആൾരൂപമായിരുന്നു കുഞ്ഞു എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ഇ.വി ഷമീർ. തന്റെ കർമ വീഥിയിൽ ഒരു പ്രവർത്തകൻ എങ്ങനെയായിരിക്കണം എന്നതിന്റെ ഉദാത്ത മാതൃക. വേണ്ടപ്പെട്ടവരോട് പോലും ഒന്ന് പുഞ്ചിരിക്കാനോ, അൽപ നേരം അവരെ കേൾക്കാനോ പോലും സമയമില്ലാതെ ആളുകൾ പരക്കംപായുന്ന ഇക്കാലത്ത്, മറ്റുള്ളവരെ കാണാനും കേൾക്കാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും അസാധാരണമായ ഉത്സാഹമാണ് അദ്ദേഹം കാണിച്ചിരുന്നത്.

ഷമീർ

നിത്യവും വെളുപ്പിന് മൂന്നുമണിക്ക് ഉണർന്ന്, തഹജ്ജുദ് നമസ്കാരവും കഴിഞ്ഞ്, ഫജ്ർ നമസ്കരിക്കാൻ പ്രദേശത്തുള്ള വേറെ വേറെ പള്ളികളിൽ പോകും. അവിടത്തെ ഇമാമിനെയും മറ്റു ആളുകളെയും പരിചയപ്പെടും. പിന്നീട് അതൊരു നിരന്തര ബന്ധമായി വളരും. സ്വുബ്ഹ് നമസ്കാരം കഴിഞ്ഞാൽ പലയിടങ്ങളിലായി ഒന്നിലധികം ചായക്കടകളിൽ ചായ കുടിക്കാൻ പോകും, അവിടെയുള്ള ജനങ്ങളുമായി പരിചയപ്പെടും, പതിയെ ആളുകളെ ഇസ്ലാമിക പ്രസ്ഥാനത്തെ പരിചയപ്പെടുത്തും, അവരുടെ വിഷയങ്ങളിൽ ഇടപെടും…… അങ്ങനെ അവരുടെ ആരൊക്കെയോ ആയി മാറുന്ന അപൂർവ വ്യക്തിത്വം. അതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ മരണവാർത്തയറിഞ്ഞു ഒഴുകിയെത്തിയ നാനാ ജാതി മനുഷ്യർ. രാത്രി കിടക്കുമ്പോൾ നാളെ ആരെ സഹായിക്കണം, ആരുടെ പ്രശ്നത്തിൽ ഇടപെടണം എന്നായിരുന്നു ആ മനസ്സിൽ. മൂന്നര ലക്ഷം രൂപ ഇല്ലെങ്കിൽ ഒരു പെൺകുട്ടിയുടെ വിവാഹം മുടങ്ങും എന്ന ഘട്ടത്തിൽ, അതറിഞ്ഞ കുഞ്ഞു ഒരു സഹപ്രവർത്തകനോട് കാര്യം പറയുന്നു. അദ്ദേഹത്തിൽനിന്ന് കടമായി പണം വാങ്ങി ആ പെൺകുട്ടിയുടെ കല്യാണം നടത്തുന്നു. പിന്നീട് എവിടെനിന്നോ ആ പണം ഒപ്പിച്ചു തിരികെ നൽകുന്നു- ഇങ്ങനെ എത്രയോ ഉദാഹരണങ്ങൾ.
ഭാര്യ: ഹസീന. മക്കൾ: റിസ്വാൻ ഷാ, റൈഹാൻ ഷാ, റയ്യ മോൾ.

നിസാർ നാസ്

കെ. കുഞ്ഞബ്ദുല്ല മാസ്റ്റര്‍

ജമാഅത്തെ ഇസ്ലാമി ആലഞ്ചേരി ഏരിയ തോടന്നൂര്‍ പി.ജെയിലെ സജീവ പ്രവര്‍ത്തകനായിരുന്നു കെ. കുഞ്ഞബ്ദുല്ല മാസ്റ്റര്‍(മണന്തല). ഒരു സാധാരണ കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അക്കാലത്തെ ജീവിത സാഹചര്യത്തില്‍ പല മുസ് ലിം ചെറുപ്പക്കാരെയും പോലെ അദ്ദേഹവും തൊഴിലന്വേഷിച്ച് വിജയവാഡയിലേക്ക് വണ്ടികയറി. വടകരക്കടുത്ത നടക്കുതാഴ (മാക്കൂല്‍ പീടിക) സ്വദേശിയും പണ്ഡിതനും ദീനീ പ്രവര്‍ത്തകനും ദീര്‍ഘ ദൃക്കുമായിരുന്ന കെ.ടി മൂസ മാസ്റ്റര്‍ എന്ന മൂസ മൗലവിയാണ് കുഞ്ഞബ്ദുല്ലയെ ആന്ധ്രയില്‍നിന്ന് തിരികെ കൊണ്ടുവന്ന് ശിക്ഷണം നല്‍കി അറബി ഭാഷാ പരിജ്ഞാനിയും അധ്യാപകനും ആക്കി മാറ്റിയത്.

കെ. കുഞ്ഞബ്ദുല്ല മാസ്റ്റര്‍

പ്രസ്ഥാന വേരുകളില്ലാത്ത സ്വന്തം മഹല്ലില്‍ തന്നെ പല സ്ഥാനങ്ങളിലും അദ്ദേഹം നിയോഗിക്കപ്പെട്ടിരുന്നു. ആദര്‍ശപരമോ രാഷ്ട്രീയപരമോ ഒക്കെയായ ഏത് ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊക്കെ വ്യക്തവും യുക്തവുമായ മറുപടി പറയാന്‍ പ്രത്യേക കഴിവുണ്ടായിരുന്നു. വിവിധ കക്ഷികളിലെ ഉന്നത ശ്രേണിയിലുള്ള നേതാക്കളുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു.
പ്രസ്ഥാന രംഗത്തുള്‍പ്പെടെ ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ കണിശതയോടെ നിറവേറ്റാന്‍ നിഷ്‌കര്‍ഷ പുലര്‍ത്തി. സാമ്പത്തിക ഇടപാടുകളില്‍ ഏറെ സൂക്ഷ്മത കാണിച്ചു. ശരിയെന്ന് ബോധ്യപ്പെടുന്നത് ആരുടെ മുന്നിലും തുറന്നുപറയാന്‍ ഒട്ടും ശങ്കിക്കാറില്ല. കുടുംബത്തെ പ്രസ്ഥാന വഴിയില്‍ നയിക്കാന്‍ ഏറെ ബദ്ധശ്രദ്ധനായിരുന്നു. സ്‌കൂള്‍ അധ്യാപനത്തിന് പുറമെ പ്രാസ്ഥാനിക മദ്‌റസകളിലും ക്ലാസുകള്‍ നടത്തി.

ഇടക്കാലത്ത് ബിസിനസ് രംഗത്തും പ്രവര്‍ത്തിച്ചു. ഒരു ചെറിയ കടമുറിയില്‍ തുടങ്ങിയ ഒരു ഭക്ഷ്യ മസാല പൊടി നിര്‍മാണ യൂനിറ്റിന്റെ മാനേജര്‍ എന്ന നിലയില്‍ കഠിന പരിശ്രമത്തിലൂടെയും ആസൂത്രണ മികവിലൂടെയും അതിനെ ഒരു വലിയ സംരംഭമാക്കി മാറ്റി.
ഭാര്യ സുബൈദ തോടന്നൂര്‍ വനിതാ ഹല്‍ഖാ പ്രവര്‍ത്തകയാണ്.
മക്കള്‍: ഹബീബ, നജീബ, മുനീബ.

മൂസ അടിക്കൂല്‍