അകക്കണ്ണ്

ശൈഖ് ഹസീനയുടെ തേര്‍വാഴ്ചക്കെതിരെ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം ഏകാധിപതിയുടെ സ്ഥാനത്യാഗത്തെയും നാട് വിടലിനെയും തുടര്‍ന്നു കെട്ടടങ്ങുകയും ജീവിതം സാധാരണ നില കൈവരിക്കുകയും ചെയ്തതായാണ് ധാക്കയില്‍നിന്നുള്ള വാര്‍ത്തകള്‍. അവാമി ലീഗ് അനുകൂലികളായ ന്യൂനപക്ഷ സമുദായക്കാര്‍ക്കെതിരെ അങ്ങിങ്ങായി അരങ്ങേറിയ ആക്രമണങ്ങള്‍ ഇന്ത്യയില്‍ രണോത്സുക പ്രതികരണങ്ങള്‍ക്ക് വഴിമരുന്നിട്ടെങ്കിലും മോദി സര്‍ക്കാര്‍ നയതന്ത്ര തലത്തില്‍ പ്രശ്‌നപരിഹാരത്തിന് നടത്തിയ ശ്രമം സഫലമായി എന്നാണ് വിലയിരുത്തല്‍. ഉത്തരവാദപ്പെട്ട പല ദേശീയ മാധ്യമങ്ങളും യാഥാര്‍ഥ്യബോധത്തോടെയാണ് ബംഗ്ലാദേശ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നിട്ടും ഈ രാജ്യത്ത് മതന്യൂനപക്ഷങ്ങളുടെ നേരെ കഴിഞ്ഞ പത്തു വര്‍ഷക്കാലമായി നടക്കുന്ന അത്യാചാരങ്ങള്‍ക്ക് മറയിടാനും വിദ്വേഷാഗ്നി വീണ്ടും വീണ്ടും ആളിക്കത്തിക്കാനുമാണ് തീവ്ര ഹിന്ദുത്വവാദികളുടെ ശ്രമം. പക്ഷേ, ഇടക്കാല സര്‍ക്കാറിന്റെ മേധാവി മുഹമ്മദ് യൂനുസിന്റെ സമചിത്തതയോടെയുള്ള ഇടപെടലും, ജനകീയ പ്രക്ഷോഭകരുടെ ന്യായമായ ആവശ്യങ്ങളോടുള്ള ക്രിയാത്മക സമീപനവും, സ്വതന്ത്രവും നീതിപൂര്‍വകവുമായി തെരഞ്ഞെടുപ്പ് നടത്തുമെന്ന വാഗ്ദാനവും ബംഗ്ലാ ജനതയെ ശാന്തരാക്കുന്നുവെന്നാണ് വ്യക്തമാവുന്നത്. അതോടെ ഇന്ത്യയിലെ കാടിളക്കിയുള്ള വിദ്വേഷ പ്രചാരണവും അല്‍പായുസ്സാവാനാണിട.

മുഹമ്മദ് യൂനുസ്

അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാനുള്ള ത്വരയില്‍ ഹസീന രാജ്യത്തെ എല്ലാ ഓരോ സ്ഥാപനത്തെയും തകര്‍ത്തുകളഞ്ഞതായി മുഹമ്മദ് യൂനുസ് കുറ്റപ്പെടുത്തുന്നുണ്ട്. 'ജുഡീഷ്യറിയെ തകര്‍ത്തു. ഒന്നര പതിറ്റാണ്ട് നീണ്ട ആക്രമണത്തിലൂടെ ജനാധിപത്യാവകാശങ്ങള്‍ അടിച്ചമര്‍ത്തി' എന്നാണദ്ദേഹം തുറന്നടിച്ചിരിക്കുന്നത്. എട്ട് കൊലപാതകങ്ങള്‍, ഒരു തട്ടിക്കൊണ്ടുപോവല്‍, മനുഷ്യത്വ വിരുദ്ധമായ കുറ്റകൃത്യങ്ങൾ, വംശീയ ഉന്മൂലനം തുടങ്ങി 11 കേസുകള്‍ ഇപ്പോള്‍ തന്നെ ഹസീനക്കെതിരെ നിലവിലുണ്ട്.

അതേസമയം, അവാമി ലീഗിന്റെ ഏകകക്ഷി ഭരണത്തിനും ഹസീനയുടെ സ്വേഛാവാഴ്ചക്കുമെതിരായി അരങ്ങേറിയ ജനകീയ പ്രതിഷേധത്തിലേക്കും പ്രക്ഷോഭത്തിലേക്കും വഴിതെളിയിച്ച സംഭവവികാസങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന റിപ്പോർട്ടുകളും ഇന്ത്യൻ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നു. ദ ഹിന്ദു ലേഖകന്‍ റബീഉല്‍ ആലമിന്റെ ആഗസ്റ്റ് 10-ലെ പത്രത്തില്‍ The Making of the Bangladesh Revolt എന്ന മുഴുപേജ് റിപ്പോര്‍ട്ടില്‍നിന്നുള്ള ഏതാനും ഭാഗമാണ് ചുവടെ:

ജൂലൈ 20 ശനിയാഴ്ച പുലര്‍ച്ച ധാക്കക്ക് വെളിയിലെ സാവര്‍ ഉപജില്ലയിലെ മന്‍സൂര്‍ നഗര്‍ ഹൗസിംഗ് എസ്റ്റേറ്റിൽ ബംഗ്ലാദേശ് പോലീസിലെ ഡിറ്റക്ടീവ് വിഭാഗത്തില്‍നിന്നാണെന്ന് സ്വയം പരിചയപ്പെടുത്തിയ സാധാരണ വസ്ത്രധാരികളായ 8-10 ആളുകള്‍ വന്ന് 1971-ലെ വിമോചന യുദ്ധത്തില്‍ പങ്കെടുത്ത 70-കാരന്‍ അബുല്‍ ഖൈറിന്റെ ഗേറ്റിന് മുട്ടി. ഗേറ്റ് തുറക്കാനാവശ്യപ്പെട്ട ആഗതർ തുറന്നില്ലെങ്കില്‍ തകര്‍ക്കുമെന്ന് അട്ടഹസിച്ചു. തുടര്‍ന്നവര്‍ ബലം പ്രയോഗിച്ചു അകത്ത് കടന്നു. ഫോണുകള്‍ പിടിച്ചെടുത്തു. അബുല്‍ ഖൈറിന്റെ രണ്ട് മക്കളായ ആരിഫ് സോഹലിനെയും (27) മുഹമ്മദലി ജോവലിനെയും പിടികൂടി. സോഹലിനെ വിട്ടയച്ചു. ജോവലിനെ 36 മണിക്കൂറുകളോളം കാണ്മാനുണ്ടായിരുന്നില്ല. അയാളെ അടിക്കുകയും ഭക്ഷണം നിഷേധിക്കുകയും ചെയ്തു. ബലപ്രയോഗത്തിലൂടെ അപ്രത്യക്ഷനാവുന്ന മറ്റൊരു ഇര മാത്രമാണ് അവനെന്ന് കുടുംബം പറയുന്നു. വിമതരെ അമര്‍ത്താന്‍ മുൻ പ്രധാനമന്ത്രി ഹസീനയുടെ ഗവണ്‍മെന്റ് പ്രയോഗിക്കുന്ന സാമാന്യ രീതിയാണിതെന്ന് ബംഗ്ലാദേശിലെ ജനങ്ങള്‍ പറയുന്നു. ജഹാംഗീര്‍ നഗര്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂനിയന്‍ കണ്‍വീനര്‍ എന്ന നിലയില്‍, ജൂലൈ ഒന്നിന് ആരംഭിച്ച വിവേചനത്തിനെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതാണ് ജുവൈന്‍ ചെയ്ത കുറ്റം. 1971-ലെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരുടെ മക്കള്‍ക്ക് 30 ശതമാനം സംവരണമേര്‍പ്പെടുത്തിയതിനെതിരെയായിരുന്നു പ്രക്ഷോഭം. മൃഗീയമായാണ് ഗവണ്‍മെന്റ് പ്രക്ഷോഭത്തെ നേരിട്ടത്. ആയിരക്കണക്കില്‍ വിദ്യാര്‍ഥികളും പ്രതിപക്ഷ നേതാക്കളും ജനങ്ങളും അറസ്റ്റിലായി. ജൂലൈ 19-ന് രാത്രി കര്‍ഫ്യൂ പ്രഖ്യാപിക്കപ്പെട്ടു. പട്ടാളവും പോലീസും പ്രക്ഷോഭകരുടെ നേരെ വെടിവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭത്തെ ഇന്ത്യാ ഗവണ്‍മെന്റ് വിശേഷിപ്പിച്ച പോലെ ഹസീനയുടെ നടപടി ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യമായാണ് അവര്‍ ചിത്രീകരിച്ചത്. ഇന്റര്‍നെറ്റ് സര്‍ക്കാര്‍ കട്ട് ചെയ്തു. 439 പേര്‍ കൊല്ലപ്പെട്ടതായി ബംഗ്ലാദേശിലെ പ്രമുഖ പത്രമായ പ്രോത്തം ആലോ റിപ്പോര്‍ട്ട് ചെയ്തു.

അവാമി ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ ബംഗ്ലാദേശ് ഛാത്ര ലീഗാണ് കാമ്പസുകളിലെ ജീവിതം കൈയടക്കിവെച്ചിരിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഛാത്ര ലീഗിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് എല്ലാ ആനുകൂല്യങ്ങളും. തൊഴിലിനു വേണ്ടിയുള്ള പരീക്ഷകളുടെ സുതാര്യത ഭയങ്കരമായി കളഞ്ഞു കുളിച്ചിരിക്കുന്നു. പരീക്ഷ പേപ്പര്‍ ചോര്‍ച്ച സാധാരണമാണ്. വൈവാ ബോര്‍ഡുകള്‍ ഛാത്ര ലീഗിലെ അപേക്ഷകരോട് പക്ഷപാതിത്വം കാട്ടുന്നു. തന്മൂലം ഒരു ജോലിക്കും പ്രതീക്ഷ മറ്റു വിദ്യാര്‍ഥികള്‍ക്കില്ല.
വിദ്യാര്‍ഥി രാഷ്ട്രീയം മാത്രമല്ല ഹസീന ഗവണ്‍മെന്റിനെ താഴെ ഇറക്കിയത്. 2001 മുതല്‍ 600 പേരെങ്കിലും കാണാതായതില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സസ്‌പെന്‍ഷനിലായ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ലാഹില്‍ അമാന്‍ അഅ്‌സമി ഐനാ ഘര്‍ തടങ്കല്‍ സെന്ററില്‍നിന്ന് എട്ടു വര്‍ഷമായി തടവില്‍ കഴിഞ്ഞ ശേഷമാണ് ആഗസ്റ്റ് ആറിന് മോചിതനായത്. ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുടെ അമീറായിരുന്ന പ്രഫ. ഗുലാം അഅ്സമിന്റെ മകനാണ് അദ്ദേഹം. 2016 ആഗസ്റ്റ് 23-ന് സ്വവസതിയില്‍നിന്ന് പിടിച്ചുകൊണ്ടുപോവുകയായിരുന്നു ബ്രിഗേഡിയറെ. ഹസീനയാവട്ടെ ഐനാ ഘറോ മറ്റു 23 തടങ്കല്‍ ക്യാമ്പുകളോ ഇല്ലെന്ന് തന്നെ ആവര്‍ത്തിച്ചു നിഷേധിച്ചുകൊണ്ടിരുന്നതാണ്. പ്രസംഗിക്കാനും സമ്മേളിക്കാനുമുള്ള സ്വാതന്ത്ര്യം സര്‍ക്കാര്‍ നിഷേധിക്കുന്നതായി മീഡിയ പരാതിപ്പെട്ടുകൊണ്ടിരുന്നിട്ടുണ്ട്. ഡിജിറ്റല്‍ സെക്യൂരിറ്റി ആക്ട് പ്രകാരം 255 പത്രപ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. 2018 ഒക്ടോബറിനും 2023 സെപ്റ്റംബറിനുമിടയില്‍ 1436 കേസുകള്‍ 4520 പേരില്‍ ചുമത്തപ്പെട്ടിട്ടുണ്ടെന്ന് സി.ജി.എസ് പറയുന്നു. കോടതി വിധിക്ക് പുറത്തുള്ള കൊലകള്‍, ബലം പ്രയോഗിച്ചുള്ള കാണാതാവല്‍, അഴിമതി തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യാന്‍ പത്രപ്രവര്‍ത്തകര്‍ കടുത്ത വെല്ലുവിളിയെ നേരിടുന്നു. സര്‍ക്കാറിനെ അനുകൂലിക്കുന്ന പത്രങ്ങളാവട്ടെ അളവറ്റ ആനുകൂല്യങ്ങളും സൗകര്യങ്ങളും അനുഭവിക്കുകയും ചെയ്യുന്നു (ഇതാണ് ദ ഹിന്ദു ലേഖകന്‍ എടുത്തുകാട്ടിയ ഉദാഹരണങ്ങളില്‍ ചിലത്).

ശൈഖ് ഹസീനയും നരേന്ദ്ര മോദിയും

മുസ് ലിം രാജ്യങ്ങളിലെ ഏകാധിപതികള്‍ക്കും സൈനിക ഭരണാധികാരികള്‍ക്കും, പുറത്ത് സെക്യുലര്‍ ബോര്‍ഡ് തൂക്കിയാല്‍ ആഭ്യന്തര രംഗത്ത് ജനാധിപത്യാവകാശങ്ങളോ പൗരാവകാശങ്ങളോ തെല്ലും പരിഗണിക്കാതെ ഏതത്യാചാരവും ആവാം; മതതീവ്രവാദ മുദ്രകുത്തി ഏത് കൂട്ടായ്മയെയും അടിച്ചമര്‍ത്താം, വ്യക്തികളെ തൂക്കിക്കൊല്ലാം, ആയുഷ്‌ക്കാലം മുഴുവന്‍ ഇരുട്ടറകളില്‍ പാര്‍പ്പിച്ച് മനുഷ്യത്വ രഹിതമായി പീഡിപ്പിക്കാം എന്നതാണിപ്പോഴത്തെ സാമാന്യാനുഭവം. അറബ് വസന്തം അരങ്ങേറിയ നാടുകളും ബംഗ്ലാദേശുമൊക്കെ അതാണ് തെളിയിച്ചു കൊണ്ടിരിക്കുന്നത്. ഈ സാമാന്യാവസ്ഥയില്‍നിന്ന് മാറിച്ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഭരണാധികാരിക്ക് എത്ര ജനപിന്തുണ തെളിയിച്ചാലും ലഭിക്കുന്ന മുഖമുദ്ര ഏകാധിപതിയുടേതായിരിക്കും എന്നും തുര്‍ക്കിയയിലെ ഉര്‍ദുഗാന്റെ അനുഭവം തെളിയിക്കുന്നു. l

പിറവിയുടെ 160-ാം വാര്‍ഷികം ആഘോഷിക്കാന്‍ തയാറെടുക്കുന്ന കോഴിക്കോട് നഗരത്തെ ഇന്ത്യയുടെ പ്രഥമ സാഹിത്യ നഗരമായി യുനെസ്‌കോ അംഗീകരിച്ചതിന്റെ ആഹ്ലാദത്തിമര്‍പ്പിലാണ് നഗരവാസികളിപ്പോള്‍. സംഗീത നഗരമായി മധ്യപ്രദേശിലെ ഗ്വാളിയോറിനെ കൂടി യുനെസ്‌കോ അംഗീകരിച്ചിട്ടുണ്ടെങ്കിലും സാഹിത്യ നഗരമായി കോഴിക്കോട് മാത്രമാണ് രാജ്യത്തെ 4000 നഗരങ്ങളില്‍ യു.എന്‍ വിദ്യാഭ്യാസ സാംസ്‌കാരിക സംഘടനയുടെ കടാക്ഷത്തിന് അര്‍ഹമായിരിക്കുന്നത്. അഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വാസ്‌കോ ഡ ഗാമയുടെ നേതൃത്വത്തിലെ കപ്പല്‍ പടയുടെ അധിനിവേശ ശ്രമത്തെ കുഞ്ഞാലി മരക്കാര്‍മാരുടെ ധീരോദാത്തമായ ചെറുത്തുനിൽപ്പിലൂടെ അതിജീവിച്ച അഭിമാനാര്‍ഹമായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന നഗരമാണ് കോഴിക്കോട്. ഇപ്പോള്‍ വിദ്യാഭ്യാസ സാംസ്‌കാരിക സാഹിത്യ പൈതൃകങ്ങളുടെ പിന്‍ബലത്തില്‍ നേടിയെടുക്കാന്‍ കഴിഞ്ഞ സാര്‍വദേശീയാംഗീകാരം, ഗാമയുടെത്തന്നെ പോര്‍ച്ചുഗീസിലെ ബ്രാഗ നഗരത്തില്‍ നടന്ന യു.എൻ സര്‍ഗാത്മക നഗരങ്ങളുടെ വാര്‍ഷിക സംഗമവേദിയില്‍ വെച്ച് മേയര്‍ ബീനാ ഫിലിപ്പ് നയിച്ച പ്രതിനിധി സംഘത്തിന് ബ്രാഗ മാനിഫെസ്റ്റോയില്‍ ഒപ്പിടാന്‍ ലഭിച്ച അസുലഭ സൗഭാഗ്യം ചരിത്രത്തിന്റെ മധുരമായ പ്രതികാരം കൂടിയാണെന്ന് വേണം കരുതാന്‍.

കോഴിക്കോട് ചരിത്രത്തിലുടനീളം പുലര്‍ത്തിയ മത സാമുദായിക സൗഹൃദത്തിന്റെയും ഒപ്പം വൈവിധ്യപൂര്‍ണമായ സാംസ്‌കാരിക തനിമയുടെയും വിളംബരം കൂടിയായി അന്തരാഷ്ട്ര സാഹിത്യ നഗര പദവി. മണ്‍മറഞ്ഞ എഴുത്തുകാരനും മുന്‍നിര മാധ്യമ പ്രവര്‍ത്തകനുമായിരുന്ന ഖുശ് വന്ത് സിംഗ് ഇല്ലസ്‌ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യയുടെ എഡിറ്ററായിരുന്നപ്പോള്‍ എഴുതിയ അസ്വാസ്ഥ്യജനകമായ ഒരു എഡിറ്റോറിയല്‍ കുറിപ്പിന്റെ തലക്കെട്ട് ഓര്‍മ വരുന്നു: 'ലേര്‍ണിംഗ് ജ്യോഗ്രഫി ത്രൂ മര്‍ഡര്‍.' കല്‍ക്കത്ത, ജബൽപൂര്‍, അഹ്്മദാബാദ്, മീറത്ത്, ഭീവണ്ടി തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളെക്കുറിച്ചൊക്കെ തലമുറകള്‍ക്ക് പഠിക്കാന്‍ അവസരമുണ്ടാകുന്നത് അവിടെ നടക്കുന്ന വര്‍ഗീയ കലാപങ്ങളിലൂടെയാണെന്ന ദുഃഖ സത്യമാണ് ഖുശ് വന്ത് അനാവരണം ചെയ്തത്. തികച്ചും വ്യത്യസ്തമായി ജാതിയും മതവും സമുദായവും സമ്പത്തും രക്തച്ചൊരിച്ചിലുകളുമല്ല, 545 ലൈബ്രറികളും 62 പൊതു ഗ്രന്ഥാലയങ്ങളും പ്രതിഭാധനരായ സാഹിത്യകാരന്മാരുടെയും എഴുത്തുകാരുടെയും പാരമ്പര്യവും മനുഷ്യ സ്‌നേഹികളായ സന്നദ്ധ സേവകരുടെ ശക്തമായ സാന്നിധ്യവുമാണ് കോഴിക്കോടിനെ ഇന്ത്യന്‍ നഗരങ്ങളില്‍ വേറിട്ട് അടയാളപ്പെടുത്തിയിരിക്കുന്നത്.

കെ. ബാബു രാജ്, യു.എ ഖാദർ

കോഴിക്കോടിന്റെ സാഹിത്യ സാംസ്‌കാരിക ജീവിതത്തില്‍ എക്കാലത്തും സജീവവും ശക്തവുമായി ഇടപെട്ടുവന്ന വിഭാഗമാണ് മുസ്ലിംകള്‍. സാമൂതിരിമാരുടെ കാലം തൊട്ടേ നഗര ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മുസ്ലിംകള്‍ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 1921-ലെ മലബാര്‍ കലാപം ഹിന്ദു-മുസ്ലിം ബന്ധങ്ങളെ കാര്യമായി പരിക്കേല്‍പിച്ചപ്പോഴും കോഴിക്കോട് നഗരത്തെ അത് സാരമായി ബാധിച്ചതായി കലാപത്തിന് സാക്ഷികളായ നേതാക്കളോ ചരിത്രകാരന്മാരോ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ ഇടപെട്ടവരോ രേഖപ്പെടുത്തിയതായി കണ്ടിട്ടില്ല. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭിന്നിപ്പിച്ചു ഭരിക്കല്‍ കുതന്ത്രം പോലും കോഴിക്കോടിനെ സാമുദായിക ധ്രുവീകരണത്തിലേക്ക് നയിച്ച അനുഭവങ്ങളില്ല. ഈ അനുകൂല സാഹചര്യം സാഹിത്യ സാംസ്‌കാരിക ജീവിതത്തിന് പ്രസ്താവ്യമായ സംഭാവനകളര്‍പ്പിക്കാന്‍ മുസ്ലിംകള്‍ക്ക് അവസരമൊരുക്കി. മാത്രമല്ല, മുസ്ലിം പ്രതിഭകൾക്ക് സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളില്‍നിന്ന് കോഴിക്കോട്ടേക്ക് കുടിയേറിപ്പാര്‍ക്കാനും അത് പ്രചോദനമായി.

വൈക്കം മുഹമ്മദ് ബഷീർ

കോട്ടയം തലയോലപ്പറമ്പില്‍നിന്ന് വൈക്കം മുഹമ്മദ് ബഷീറിനെയും പരപ്പനങ്ങാടിയില്‍നിന്ന് എന്‍.പി മുഹമ്മദിനെയും കൊടുങ്ങല്ലൂരില്‍നിന്ന് കെ.എ കൊടുങ്ങല്ലൂര്‍ എന്ന അബ്ദുല്ല കൊടുങ്ങല്ലൂരിനെയും എടത്തനാട്ടുകരയില്‍നിന്ന് സി.എന്‍ അഹ്മദ് മൗലവിയെയും കോഴിക്കോട്ടെത്തിച്ച് നഗരത്തെ കര്‍മരംഗമായി തെരഞ്ഞെടുക്കാന്‍ അവരെ പ്രേരിപ്പിച്ചത് മഹത്തായ മാനവിക ബന്ധങ്ങളുടെ ഹൃദ്യത തന്നെയാണ്. ഇപ്പറഞ്ഞ പ്രതിഭാശാലികളൊക്കെ ഇരുപതാം നൂറ്റാണ്ടിലാണ് കോഴിക്കോട് നഗരത്തില്‍ ചേക്കേറിയതെങ്കില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ സാംസ്‌കാരിക ജീവിതത്തില്‍ സ്വയം അടയാളപ്പെടുത്തിയ കവിയായിരുന്നു, സി.ഇ 1607-ല്‍ 'മുഹിയിദ്ദീന്‍ മാല' എന്ന പ്രസിദ്ധ ആത്മീയ- സാഹിത്യ സൃഷ്ടിയുടെ കര്‍ത്താവ് ഖാദി മുഹമ്മദ്. എഴുത്തിലോ വായനയിലോ ഗദ്യ സാഹിത്യത്തിലോ പൊതുവെ തല്‍പരരല്ലാതിരുന്ന പ്രാചീന അറബി പാരമ്പര്യത്തിന്റെ സ്വാധീന ഫലമാണോ എന്നറിയില്ല മാലകളിലും പാട്ടുകളിലും കവിതകളിലുമായിരുന്നു മലബാര്‍ മുസ്ലിംകളുടെ സാമാന്യ അഭിരാമം. ബംഗാളില്‍നിന്ന് മുസ്ലിം പ്രമാണിമാര്‍ കൊണ്ടുവന്ന ദഖ്നി വംശജനായ ജാന്‍ മുഹമ്മദ് കോഴിക്കോട്ടുകാരനായി മാറിയ ശേഷം അദ്ദേഹത്തിന് പിറന്ന സന്തതിയാണ് പില്‍ക്കാലത്ത് ഏറെ പ്രശസ്തനായ ബാബുരാജ് എന്ന സാബിര്‍ മുഹമ്മദ്. ബാബുരാജിന്റെ സംഗീതം ഇന്നും കോഴിക്കോട്ടുകാരുടെ നൊസ്റ്റാള്‍ജിയയാണല്ലോ. കോഴിക്കോട് അബ്ദുല്‍ ഖാദറും തലമുറകളായി കോഴിക്കോട്ടുകാരുടെ ഇഷ്ട ഗായകനാണ്. നാടക-സിനിമാ ലോകത്തും വ്യക്തിമുദ്ര പതിപ്പിച്ചുകടന്നുപോയ ഒട്ടേറെ പേര്‍ കോഴിക്കോട്ടെ മുസ്ലിംകളിലുണ്ട്. കെ.പി ഉമ്മര്‍ മുതല്‍ മാമുക്കോയ വരെ കൂട്ടത്തില്‍ എടുത്തു പറയേണ്ടവരാണ്.

സി.എൻ അഹ്മദ് മൗലവി, ടി. മുഹമ്മദ്

എന്നാല്‍, ഏറെ ഓര്‍മിക്കപ്പെടുന്നവരും പെടേണ്ടവരുമാണ് 'അല്‍ അമീന്‍' പത്രത്തിലൂടെ സമുദായത്തെ ബോധവത്കരിക്കുകയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സമര സജ്ജരാക്കുകയും ചെയ്ത സ്വാതന്ത്ര്യ സമര നായകന്‍ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍, 'ചന്ദ്രിക' ദിനപത്രത്തിലൂടെ പ്രഗത്ഭ പത്രപ്രവര്‍ത്തകരെ മലയാളത്തിന് സംഭാവന ചെയ്ത സി.എച്ച് മുഹമ്മദ് കോയ, കഥാകൃത്തും നോവലിസ്റ്റും സ്‌പോര്‍ട്‌സ് ലേഖകനും 'സുല്‍ത്താന്‍ വീട്' ഉടമയും ജേര്‍ണലിസ്റ്റുമായിരുന്ന പി.എ മുഹമ്മദ് കോയ, തൃക്കോട്ടൂരിന്റെ കഥാകാരന്‍ യു.എ ഖാദര്‍, സംശുദ്ധ രാഷ്ട്രീയത്തിന്റെ മോഡലും പ്രഭാഷകനും പരിഭാഷകനും എഡിറ്ററുമായിരുന്ന പി.പി ഉമ്മര്‍ കോയ തുടങ്ങിയവര്‍. മാധ്യമ രംഗത്ത് സജീവ സാന്നിധ്യമറിയിച്ച ഉബൈദുല്ല, പുത്തൂര്‍ മുഹമ്മദ്, കുഞ്ഞിമൂസ, ഇന്നും സജീവനായ കെ. അബൂബക്കര്‍ തുടങ്ങിയവരെയും കോഴിക്കോടിന് മറക്കാനാവില്ല.

കെ.എ കൊടുങ്ങല്ലൂർ

അറബി ലിപിയില്‍ മലയാളം അക്ഷരങ്ങളെഴുതി അറബി മലയാളം എന്ന പുതിയൊരു ഭാഷക്ക് ജന്മം നല്‍കേണ്ടിവന്ന മുസ്ലിം സമുദായത്തെ സാക്ഷാല്‍ മലയാളത്തിലേക്കും മലയാള സാഹിത്യത്തിലേക്കും കൈപിടിച്ചു നടത്തിയതോടൊപ്പം, ഇസ്ലാമികാദര്‍ശങ്ങളുടെ സമഗ്രതയും കാലിക പ്രസക്തിയും അഗാധമായി പരിചയപ്പെടുത്തിയ ടി. മുഹമ്മദ് സാഹിബിനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള കോഴിക്കോടിന്റെ സാഹിത്യ സാംസ്‌കാരിക ചരിത്രം അപൂര്‍ണമായിരിക്കും. 75 വര്‍ഷം പിന്നിട്ട 'പ്രബോധനം' ആനുകാലികത്തിന്റെ എഡിറ്ററായിരുന്ന ആ ബഹുഭാഷാ പണ്ഡിതന്‍ ഭാരതീയ വേദങ്ങളെയും ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണമായ വിശുദ്ധ ഖുര്‍ആനെയും താരതമ്യം ചെയ്ത് തയാറാക്കിയ 'ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍' എന്ന ഗവേഷണ ഗ്രന്ഥം കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടുകയുണ്ടായി. ഇന്നും തദ്വിഷയകമായുള്ള പഠന ഗവേഷണങ്ങളുടെ ആധികാരിക റഫറന്‍സ് ഗ്രന്ഥമാണത്. എം.എസ്.എസിന്റെ സ്ഥാപകരില്‍ ഒരാള്‍കൂടിയായ പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രഫ. വി. മുഹമ്മദ്, അറബി ഭാഷാ സാഹിത്യകാരനും പണ്ഡിതനുമായിരുന്ന മുഹമ്മദ് അബുസ്സലാഹ്, മാപ്പിള കവി യു.കെ അബൂ സഹ്്‌ല, ഉർദു ഭാഷയുമായി കേരളത്തെ ബന്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച കെ.ടി.സി ബീരാൻ തുടങ്ങിയവരും കോഴിക്കോട് കേന്ദ്രമാക്കി സാഹിത്യ സാംസ്‌കാരിക ജീവിതത്തിന് അവിസ്മരണീയ സംഭാവനകളര്‍പ്പിച്ചവരാണ്. മുസ്ലിം പിന്നാക്കാവസ്ഥയുടെ കാരണങ്ങള്‍ വസ്തുനിഷ്ഠമായി പഠിച്ച് ആധുനിക വിദ്യാഭ്യാസ രംഗത്തേക്ക് സമുദായത്തെ ആനയിക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ച ഡോ. പി.കെ അബ്ദുല്‍ ഗഫൂറിനെയും അദ്ദേഹം ബീജാവാപം നല്‍കിയ എം.ഇ.എസിനെയും കോഴിക്കോടിന് മറക്കാനാവില്ല. സര്‍വോപരി സാമ്പത്തികമായും സാംസ്‌കാരികമായും പശ്ചിമേഷ്യന്‍ രാജ്യങ്ങളോട് ഇന്ത്യയുടെ അഗാധവും ഊഷ്മളവുമായ ബന്ധം സ്ഥാപിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ കാലികൂത്ത് എന്ന കോഴിക്കോടും നഗരത്തിലെ നാനാ മതസ്ഥരായ ജനതയും വഹിച്ചതും വഹിച്ചുകൊണ്ടിരിക്കുന്നതുമായ പങ്ക് ഉദ്ഘോഷിക്കുന്നത് കൂടിയാവണം നഗരത്തിന്റെ സാര്‍വദേശീയാംഗീകാരത്തെ സാര്‍ഥകമാക്കാനുള്ള പരിപാടികള്‍. l

ജൂലൈ രണ്ട് ചൊവ്വാഴ്ച യു.പിയിലെ ഹാഥറസ് ഗ്രാമത്തില്‍ ഉച്ചക്ക് 12.30-ന് സ്വയം പ്രഖ്യാപിത ആള്‍ ദൈവമായ ജഗത് ഗുരു സാകര്‍ വിശ്വഹരി എന്ന ഭോലെ ബാബ സംഘടിപ്പിച്ച പ്രാര്‍ഥനാ യോഗത്തില്‍ സംബന്ധിച്ച ആള്‍ക്കൂട്ടത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴു കുട്ടികളും ഒരു പുരുഷനുമടക്കം 121 പേര്‍ മരിച്ച മഹാ ദുരന്തത്തെക്കുറിച്ച വാര്‍ത്തകള്‍ രാജ്യത്തെത്തന്നെ ഞെട്ടിച്ചു. 80,000 പേര്‍ക്ക് പങ്കെടുക്കാവുന്ന ഹാളില്‍ രണ്ടര ലക്ഷത്തോളം സ്ത്രീകളും കുട്ടികളും തടിച്ചുകൂടിയിരുന്നതായാണ് വാര്‍ത്തകളില്‍ കാണുന്നത്. പ്രാര്‍ഥന കഴിഞ്ഞ് ബാബ കാറില്‍ കയറി പുറത്ത് പോകവെ അയാളുടെ കാലിനടിയിലെ 'പുണ്യ' മണ്ണ് ശേഖരിക്കാനുള്ള തിക്കിലും തിരക്കിലും പെട്ട് ചിലര്‍ നിലത്ത് വീണപ്പോള്‍ വീണവരുടെ മേല്‍ ശതക്കണക്കില്‍ പേര്‍ കൂടി വീണപ്പോഴാണ് ഇടിയും ചവിട്ടുമേറ്റും ശ്വാസം മുട്ടിയും ഇത്രയധികം ജീവഹാനി സംഭവിക്കാന്‍ കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഹാളിനുള്ളിലേക്ക് സര്‍ക്കാറുദ്യോഗസ്ഥര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. പുറത്ത് മതിയായ പോലീസിനെ വിന്യസിച്ചിരുന്നുമില്ല. എല്ലാം നിയന്ത്രിച്ചിരുന്നത് ഭോലെ ബാബയുടെ ശിങ്കിടികളും ആരാധകരുമായിരുന്നു. പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കാനും ഏര്‍പ്പാടുണ്ടായിരുന്നില്ല. ദുരന്തം നടന്ന ശേഷം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥോ പ്രതിപക്ഷ നേതാക്കളോ എല്ലാറ്റിനും കാരണക്കാരനായ ആള്‍ ദൈവത്തെപ്പറ്റി ഒരക്ഷരം ഉരിയാടിയിട്ടില്ല. അയാളുടെ പേരില്‍ കേസെടുത്തിട്ടുമില്ല. ഒരു മുന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ ഇയാള്‍ക്ക് അത്രമേല്‍ ജനസ്വാധീനമുണ്ടത്രെ. ശിങ്കിടികളില്‍ ഏതാനും പേരെ പ്രതിചേര്‍ത്ത് കേസെടുത്തിട്ടുണ്ടെങ്കിലും അതുപോലും നിസ്സാര കുറ്റങ്ങള്‍ ചുമത്തിയാണ്. ഭോലെ ബാബ യു.പി പ്രതിപക്ഷ നേതാവിന്റെ കൂട്ടുകാരനാണെന്ന് ആരോപിക്കുന്ന യോഗി ആദിത്യനാഥ് സംഭവത്തെ രാഷ്ട്രീയവത്കരിച്ച് തടിയൂരുകയാണെന്ന് വ്യക്തം. മിക്കവാറും ആള്‍ദൈവ ഭക്തന്‍ തന്നെയായ ഒരു റിട്ടയേഡ് ന്യായാധിപനെ ജുഡീഷ്യല്‍ അന്വേഷണ കമീഷനായി നിയോഗിച്ചു, റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വേണ്ടതിലധികം സമയം നീട്ടി നല്‍കി ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് ശീതഭരണിയില്‍ സൂക്ഷിക്കും; അല്ലെങ്കില്‍ സംഭവം തന്നെ ജനം മറന്ന ശേഷം വഴിപാട് പോലെ പുറത്ത് വിടും. ഉത്തരവാദികളില്‍ ഒരാളുടെ പേരിലും കേസ്സെടുക്കുന്ന പ്രശ്‌നമേ ഉണ്ടാവില്ല. ഇത് വെറുതെ പറയുന്നതല്ല. ഇതിനെക്കാള്‍ എത്രയോ പ്രമാദമായ ബാബരി മസ്ജിദ് ധ്വംസനത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ടിന് എന്തു സംഭവിച്ചു? 1993-ലെ ബോംബെ കലാപാന്വേഷണം നടത്തിയ ശ്രീകൃഷ്ണ കമീഷൻ റിപ്പോര്‍ട്ടില്‍ പരമാർശിക്കപ്പെട്ട കുറ്റവാളികളില്‍ ആരെയെങ്കിലും പിടികൂടിയോ? ഹാഥറസ് ദുരന്തമാകട്ടെ ആസൂത്രിത കൂട്ടക്കൊലയായിരുന്നുവെന്ന സംശയം പോലും ആരും ഉന്നയിച്ചിട്ടില്ല താനും. മനുഷ്യ ജീവന് പട്ടിക്കുഞ്ഞിന്റെ വില കല്‍പിക്കാത്ത ഭരണകൂടത്തിന്റെയും ഉദ്യോഗസ്ഥരുടെയും നിരുത്തരവാദപരമായ അനാസ്ഥ,

ദുരന്തം നടന്ന ഹാഥറസിലെ പ്രാർഥനാ വേദി

നിയമവാഴ്ചക്കുത്തരവാദപ്പെട്ടവരുടെ കുറ്റകരമായ കൃത്യവിലോപം തുടങ്ങിയ മാരകമായ കുറ്റകൃത്യങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ തുറന്നുകാട്ടുന്നതാണ് ഹാഥറസ് ദുരന്തമെന്നിരിക്കിലും ഇന്നത്തെ സാഹചര്യത്തില്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയില്ലെന്ന് ഉറപ്പ് വരുത്തുന്ന ഒരു നടപടിയും പ്രതീക്ഷിക്കേണ്ടതില്ല. 2005-ൽ മഹാരാഷ്ട്രയിലെ മന്ദര്‍ ദേവി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 340 പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരുന്നത്; 2008-ല്‍ രാജസ്ഥാനിലെ ചാമുണ്ഡാദേവി ക്ഷേത്രത്തിലെ തിരക്കില്‍ 250 പേര്‍ക്കും 2011-ല്‍ ശബരിമലയില്‍ 104 പേര്‍ക്കും ജീവഹാനി സംഭവിച്ചു. ഈ ദുരന്തങ്ങളുടെ പട്ടികയില്‍ കൂടുതല്‍ മാരകമായ ഒന്നുകൂടി എന്നതിലപ്പുറം ഒന്നും പ്രതീക്ഷിക്കാനാവില്ല.

ഹാഥറസിലെ കൂട്ടക്കുരുതി കേവലം തിക്കുതിരക്കിന്റെ കണക്കില്‍ എഴുതിച്ചേര്‍ക്കേണ്ടതല്ല എന്നതാണ് പ്രശ്‌നത്തിന്റെ മര്‍മം. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ഏറ്റവും വളക്കൂറുള്ള മണ്ണാണ് മുപ്പത്തി മുക്കോടി ദൈവങ്ങളുടെ നാടായ നമ്മുടെ ഭാരത ഭൂമി. അതില്‍ ആണാവട്ടെ പെണ്ണാവട്ടെ ആര്‍ക്കും ഏതവസരത്തിലും സിദ്ധനോ പുണ്യാളനോ പ്രവാചകനോ ദൈവം തന്നെയോ ആയി അവതരിക്കാം. അനുയായികളെയും ഭക്തരെയും ആരാധകരെയും സമാഹരിക്കാന്‍ കുസാമര്‍ഥ്യം മാത്രമേ വേണ്ടൂ. മൂഢരും അന്ധവിശ്വാസികളുമായ ജനക്കൂട്ടത്തില്‍നിന്ന് വിദ്യാ സമ്പന്നരെയടക്കം വശത്താക്കാന്‍ പ്രയാസമില്ല. മാധ്യമ ലേഖകരെയും ടാക്‌സി, റിക്ഷ, ബസ് സര്‍വീസുകാരെയും പ്രചാരകരും ഏജന്റുമാരുമാക്കി സിദ്ധ സാമ്രാജ്യം സ്ഥാപിക്കാമെന്നതിന് പ്രബുദ്ധ കേരളം തന്നെ സാക്ഷി. അഴിമതിയും കൈക്കൂലിയും കള്ളക്കടത്തും കള്ളപ്പണവും കൈയേറ്റവും തട്ടിപ്പുകളും വഴി ലക്ഷങ്ങളും കോടികളും സമാഹരിക്കുന്നവരുടെ സ്വര്‍ഗഭൂമിയാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍. അവ്വിധത്തില്‍ സമാഹരിക്കുന്ന ധനത്തിന്റെ കേട് തീര്‍ക്കാന്‍ ആള്‍ദൈവങ്ങള്‍ക്കും സിദ്ധന്മാര്‍ക്കും വിഹിതം നല്‍കിയാല്‍ മതിയെന്ന് വിശ്വസിക്കുന്നവർ എല്ലാ സമുദായക്കാരിലും വേണ്ടത്രയുണ്ട്. നേര്‍ച്ചപ്പെട്ടികളും ദേവാലയ ഭണ്ഡാരങ്ങളുമൊക്കെ ഇത്തരം അവിഹിത സമ്പാദ്യത്തിന്റെ കേദാരങ്ങള്‍ കൂടിയാണ്. എന്നു വെച്ചാല്‍ ദൈവത്തെയും കൈക്കൂലി കൊടുത്ത് പ്രസാദിപ്പിക്കാമെന്ന വിശ്വാസം!

റാം റഹീം സിംഗിന്റെ അനുയായികൾ അഴിച്ചുവിട്ട അക്രമത്തിന്റെ ദൃശ്യം

ആള്‍ദൈവങ്ങളുടെ ആസ്ഥാനങ്ങളും ആശ്രമങ്ങളും കൊടും ക്രിമിനലുകളുടെ കൂടി സുരക്ഷിത താവളങ്ങളാവുന്നത് ഒറ്റപ്പെട്ട സംഭവങ്ങളേ അല്ല. മനസ്സിന്റെ സമനില നഷ്ടപ്പെട്ട ബിഹാറുകാരനായ ഹതഭാഗ്യന്‍, യു.എന്‍ വരെ വരവേറ്റ മലയാളി വനിത ആള്‍ ദൈവത്തിന്റെ ആശ്രമത്തില്‍ എത്തിപ്പെട്ടപ്പോള്‍ കിങ്കരന്മാരുടെ കൊടും ക്രൂര മര്‍ദനങ്ങള്‍ക്കിരയായി അന്ത്യശ്വാസം വലിച്ച ദുരന്തം ഓർക്കുക. ആ ഹതഭാഗ്യന്റെ കുടുംബം എത്ര നിലവിളിച്ചിട്ടും ഒരന്വേഷണവും ഇതുവരെ നടന്നിട്ടില്ല. ഇമ്മാതിരി ദൈവങ്ങളുടെ ഖ്യാതിയും സമ്മതിയും നിലനിര്‍ത്താന്‍ ഏറ്റവും ഫലപ്രദമായ പോംവഴിയാണ് അവരുടെ പേരുകളിലെ ആശുപത്രികള്‍, ചാരിറ്റി ഫണ്ടുകള്‍, അന്നദാനങ്ങള്‍ തുടങ്ങിയ പരിപാടികള്‍. അതോടെ വിശ്വാസപരമായ ചൂഷണത്തെ എതിര്‍ക്കുന്നവരും മൗനികളാവും. രാഷ്ട്രീയ - സാംസ്‌കാരിക നായകരുടെ പിന്തുണയും സഹകരണവും നിര്‍ലോഭം ലഭിക്കുകയും ചെയ്യും.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സംഘ് പരിവാറിന്റെയും പ്രീതി ആവോളം ആര്‍ജിച്ചു ഔഷധങ്ങളുടെയും സൗന്ദര്യ സംവര്‍ധക വസ്തുക്കളുടെയും സാമ്രാജ്യം തന്നെ പണിതുയര്‍ത്തിയ മഹാ സമ്പന്നനായ ആള്‍ദൈവം ബാബ രാംദേവിനെ ഏറ്റവും ഒടുവില്‍ കോടതി പിടികൂടിയതും ദൈവം മാപ്പ് പറയേണ്ടിവന്നതും കൂട്ടത്തില്‍ സ്മരിക്കുക. ഇക്കൂട്ടത്തില്‍ ദേറാ സഛാ സൗദ സ്ഥാപകന്‍ റാം റഹീം സിംഗ് ഇന്‍സാന്‍ മാത്രം കൊലപാതകമടക്കമുള്ള ക്രിമിനല്‍ കുറ്റങ്ങളുടെ പേരില്‍ ജയിലില്‍ അടക്കപ്പെട്ടത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടു കൂടിയാണെന്ന് മറക്കരുത്. ഇപ്പോള്‍ വാര്‍ത്തകളിൽ നിറയുന്ന ഭോലെ ബാബക്ക് ഉത്തരേന്ത്യയിലുടനീളം ലക്ഷക്കണക്കില്‍ ആരാധകരുണ്ട്. അതേസമയം യു.പിയിലെയും രാജസ്ഥാനിലെയും പോലീസ് സ്‌റ്റേഷനുകളില്‍ സ്ത്രീ പീഡനമടക്കമുള്ള നിരവധി കേസുകളിലെ പ്രതി കൂടിയാണയാള്‍.

സത്നം സിംഗ്

ന്ധവിശ്വാസങ്ങളുടെ ഇരകളായ യുവതികളെ ലൈംഗികമായി ചൂഷണം ചെയ്യുകയാണ് ആള്‍ ദൈവങ്ങളുടെയും സിദ്ധന്മാരുടെയും ഏറ്റവും ഇഷ്ട വിനോദം. എന്നിട്ടും സ്വന്തം മക്കളെയും സഹോദരിമാരെയും ഈ അധമന്മാരില്‍നിന്ന് രക്ഷിക്കാന്‍ രക്ഷിതാക്കള്‍ക്ക് പോലും സാധിക്കാറില്ല. അന്ധവിശ്വാസം തലക്ക് പിടിച്ചതിനാല്‍ സ്വന്തം മക്കളുടെ പോലും നരബലിക്ക് കേരളം സാക്ഷ്യം വഹിച്ചതാണല്ലോ. ആള്‍ദൈവങ്ങളുടെയും, ദിവ്യത്വം അവകാശപ്പെട്ട് പ്രത്യക്ഷപ്പെടുന്ന സിദ്ധന്മാരുടെയും താണ്ഡവം നിയന്ത്രിക്കാനും ചൂഷണം അവസാനിപ്പിക്കാനുമുള്ള നിയമ നിര്‍മാണം ഉടനെയുണ്ടാവുമെന്ന് ആവർത്തിക്കുന്ന കേരളത്തിലെ ഇടതു മുന്നണി സർക്കാർ പോലും ഇപ്പോഴും അറച്ചുനിൽക്കുന്നതിന്റെ പിന്നിൽ യഥാർഥത്തിൽ പ്രവർത്തിക്കുന്നത് വോട്ടു ബാങ്ക് നഷ്ടത്തെക്കുറിച്ച ആശങ്കയാവണം. ഒരു ഭാഗത്ത് നവോത്ഥാന കേരളത്തെക്കുറിച്ച യമണ്ടന്‍ അവകാശവാദങ്ങള്‍, മറുവശത്ത് വിശ്വാസപരമായ ചൂഷണത്തെ മത സ്വാതന്ത്ര്യവുമായി കൂട്ടിക്കുഴക്കുന്ന പിന്തിരിപ്പന്‍ യാഥാസ്ഥിതികത്വത്തിന്റെ രക്ഷാകര്‍തൃത്വവും. രണ്ടും ഒരുമിച്ചു പോവുകയില്ലെന്ന് ഉറക്കെ പറയാനെങ്കിലും മനുഷ്യ സ്‌നേഹികള്‍ക്ക് സാധിക്കേണ്ടതുണ്ട്.

പിന്‍കുറി:
ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് 50,000 വീതവും അനുവദിക്കാന്‍ യു.പി സര്‍ക്കാര്‍ തീരുമാനിച്ചു. സംഖ്യ വര്‍ധിപ്പിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം. സംഖ്യ വര്‍ധിപ്പിക്കലാണ് നീതി. പക്ഷേ, ഇത്തരം സംഭവങ്ങള്‍ക്കുത്തരവാദികളായവരില്‍ നിന്നാണ് തുക ഈടാക്കേണ്ടത്; പൊതു ഖജനാവില്‍ നിന്നല്ല. l

ഒരേസമയം അമ്പരപ്പിക്കുന്നതും ആവേശകരവുമാണ് പതിനെട്ടാം ലോക്്സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍. മൂന്നാമൂഴത്തില്‍ 400-ല്‍പരം സീറ്റുകള്‍ നേടി ഭാരതത്തെ 'രാമരാജ്യ'മാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അതിന് തടസ്സം സൃഷ്ടിക്കുന്നവരെ യഥോചിതം കൈകാര്യം ചെയ്യുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ അമിത് ഷായും എന്‍.ഡി.എയെ രംഗത്തിറക്കിയത്. ബാബരി മസ്ജിദ് തകര്‍ത്ത അതേ സ്ഥലത്ത് രാമക്ഷേത്രം നിര്‍മാണത്തിന്റെ പ്രഥമ ഘട്ടം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി രാമപ്രതിഷ്ഠ മോദിയുടെ തന്നെ നേതൃത്വത്തില്‍ നടത്തുകയായിരുന്നു ആദ്യ നടപടി. ഇതോടെ ഭാരതം രാമരാജ്യമായി എന്ന പ്രഖ്യാപനവും വന്നു. പിന്നീട് നടന്നത് മുസ് ലിം മുക്ത പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യുകയായിരുന്നു. അതിനിടെ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയെയും ദല്‍ഹി ആപ് സര്‍ക്കാറിന്റെ മന്ത്രിമാരെയും ഇ.ഡിയെ വിട്ട് പിടികൂടി ജയിലിലടക്കലും കോണ്‍ഗ്രസിന്റെ ഫണ്ട് മരവിപ്പിക്കലും, കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികളില്‍നിന്ന് നേതാക്കളെയും ജനപ്രതിനിധികളെയും കൂറ് മാറ്റലും പോലുള്ള പരിപാടികളും മുറക്ക് തുടര്‍ന്നു. അത്യുഷ്ണത്തില്‍ എരിപൊരി കൊള്ളുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏപ്രിൽ 19 മുതല്‍ ജൂണ്‍ ഒന്ന് വരെ നീളുന്ന ഏഴ് ഘട്ടങ്ങളിലായി പോളിംഗ് ഷെഡ്യൂള്‍ ഇലക്്ഷന്‍ കമീഷനെകൊണ്ട് പ്രഖ്യാപനം നടത്തിക്കുകയായിരുന്നു അടുത്ത അജണ്ട. എല്ലാ സംസ്ഥാനങ്ങളിലും താരപ്രചാരകനായി സ്വയം അവരോധിച്ചുകൊണ്ട് എല്ലായിടത്തുമായി 155 റാലികളില്‍ പൊതു പ്രസംഗങ്ങള്‍ നടത്തി. പ്രസംഗങ്ങളിൽ 'മോദി കാ ഗ്യാരണ്ടി' എന്ന് ആവര്‍ത്തിച്ചു ഉദ്‌ഘോഷിക്കാന്‍ മറന്നില്ല. ബി.ജെ.പി പ്രതിനിധിയായി ആര്, എവിടെ മത്സരിച്ചാലും വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി. ജവഹര്‍ലാല്‍ നെഹ്‌റുവിനും അടല്‍ബിഹാരി വാജ്‌പേയിക്കും ശേഷം രാജ്യം കണ്ട ഏറ്റവും സമാദരണീയനായ പ്രധാനമന്ത്രി താന്‍ തന്നെയാണെന്നതില്‍ മോദിജിക്ക് സംശയമേ ഉണ്ടായില്ല. ചെയ്ത പ്രസംഗങ്ങളോ? തന്നത്താന്‍ പൊക്കിപ്പറഞ്ഞത് 2862 തവണ. മുഖ്യ ശത്രു കോണ്‍ഗ്രസ്സിനെ പരാമര്‍ശിച്ചത് 2942 തവണ. നുഴഞ്ഞു കയറ്റക്കാരും സന്താനോല്‍പാദകരുമായ മുസ് ലിംകളെ ടാർഗറ്റ് ചെയ്തത് 288 വട്ടം. ഹിന്ദു സ്ത്രീകളുടെ മംഗല്യസൂത്രം പൊട്ടിച്ച് കോണ്‍ഗ്രസ് മുസ് ലിംകള്‍ക്ക് കൊടുക്കും; പട്ടികജാതി-പട്ടികവര്‍ഗ സംവരണം പിടിച്ചുമാറ്റി മുസ് ലിംകള്‍ക്ക് നല്‍കും എന്ന് തുടങ്ങിയ പച്ചക്കള്ളങ്ങളാണ് ഭൂരിപക്ഷ സമുദായവുമായി മോദിജി പങ്കുവെച്ചത്.

ചന്ദ്രബാബു നായിഡു

വോട്ടെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞപ്പോള്‍ മോദി ഗ്യാരണ്ടി മാത്രം മതിയാവില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഇലക്്ഷന്‍ പെരുമാറ്റച്ചട്ടങ്ങളെയാകെ കാറ്റില്‍ പറത്തി വിദ്വേഷ പ്രചാരണം അഴിച്ചുവിട്ടത്. പലരും പ്രതിഷേധിക്കുകയും ഇലക്്ഷന്‍ കമീഷനില്‍ പരാതിപ്പെടുകയും ചെയ്‌തെങ്കിലും ഫലം നാസ്തി. പ്രധാനമന്ത്രി നേരിട്ട് നിയമിച്ച കമീഷന്‍ അദ്ദേഹത്തെ ശാസിക്കാന്‍ ധൈര്യപ്പെടുമോ? അപ്രകാരം ലക്ഷണമൊത്ത ഒരേകാധിപതിയുടെ റോളില്‍ അദ്ദേഹം അടക്കിഭരിക്കുമ്പോഴാണ് മൂന്നാമൂഴത്തിനുവേണ്ടിയുള്ള ഹിതപരിശോധന അഥവാ ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നത്. ആയിരക്കണക്കില്‍ കിലോമീറ്റര്‍ താണ്ടി ഭാരത് ജോഡോ യാത്ര നടത്തിയ രാഹുല്‍ ഗാന്ധി വെറും പോഴത്തക്കാരനാണെന്നായിരുന്നു ഗോദി മീഡിയയുടെ ഭാഷ്യം. സര്‍ക്കാര്‍ മാധ്യമങ്ങളായ ആകാശവാണിയും ദൂരദര്‍ശനും മുച്ചൂടും കാവിവല്‍ക്കരിച്ചിട്ട് പതിറ്റാണ്ടായി. പുറമെ കോര്‍പറേറ്റ് പിടിയിലുള്ള അച്ചടി-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളെല്ലാം മോദിയുടെ സ്തുതിപാഠകരും. പിടിയില്‍നിന്ന് കുതറാന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ക്ക് വിധിച്ചത് വധശിക്ഷയാണെന്ന് മീഡിയ വണ്‍ ചാനലിന്റെ നിരോധം തെളിയിച്ചു. ഈ ഘനാന്ധകാരത്തിലും വെളിച്ചത്തിന്റെ കീറ് പരമോന്നത കോടതിയുടെ ഇടപെടല്‍ മാത്രമായി.

രാഹുൽ ഗാന്ധി, അഖിേലഷ് യാദവ്

ഇവ്വിധം ഇരുള്‍ മുറ്റിയ പരിസരത്താണ് പ്രതിപക്ഷത്തെ കോണ്‍ഗ്രസും എന്‍.സി.പിയും സമാജ് വാദി പാര്‍ട്ടിയും ഇടതു കക്ഷികളും ആര്‍.ജെ.ഡിയുമെല്ലാം ചേര്‍ന്ന ഇന്‍ഡ്യാ മുന്നണി ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നത്. മതേതര ഇന്ത്യയും മതന്യൂനപക്ഷങ്ങളും ഒറ്റക്കെട്ടായി പണിയെടുത്താല്‍, 37 ശതമാനം മാത്രം വോട്ട് നേടി അധികാരത്തിലേറിയ തീവ്ര ഹിന്ദുത്വ പാര്‍ട്ടിയെ തടയിടാനാവുമെന്ന് കോണ്‍ഗ്രസിനോടൊപ്പം ശരത് പവാറും നിതീഷ് കുമാറും അഖിലേഷ് യാദവും തേജസ്വി യാദവും മമതാ ബാനര്‍ജിയും എം.കെ സ്റ്റാലിനും ഇടത് പാര്‍ട്ടികളും തിരിച്ചറിഞ്ഞതിന്റെ ഫലമായിരുന്നു ഇന്‍ഡ്യാ സഖ്യത്തിന്റെ പിറവി. പക്ഷേ രൂപീകരണത്തിന് മുന്‍കൈയെടുത്ത നിതീഷ് കുമാര്‍ തന്നെ ആദ്യം കളം മാറിച്ചവിട്ടി. ശരത് പവാറിന്റെ എന്‍.സി.പിയെ പിളർക്കാൻ സ്വന്തം സഹോദര പുത്രന്‍ അജിത് പവാറിനെ ഇ.ഡിയെ വിട്ട് വിരട്ടി കൂടെക്കൂട്ടി. മോദിയുടെ നമ്പര്‍ വണ്‍ ശത്രുവായി മാറിയ ആപ് സുപ്രീമോ അരവിന്ദ് കെജ് രിവാളിനെയും സഹമന്ത്രിമാരെയും മദ്യകേസില്‍ പ്രതികളാക്കി ജയിലിലടച്ചു. ഈ വൈതരണികളെയെല്ലാം ഒരുവിധം അതിജീവിച്ച ഇന്‍ഡ്യാ സഖ്യം മോദി വാഴ്ചക്കെതിരെ പോര്‍ക്കളത്തിലിറങ്ങിയപ്പോള്‍, അളമുട്ടിയ ജനം ഒപ്പം നിന്നു എന്ന് തെളിയിക്കുന്നതാണ് ജൂണ്‍ നാലിന് പുറത്തുവന്ന തെരഞ്ഞെടുപ്പു ഫലങ്ങള്‍. നിലവിലെ ലോക് സഭയില്‍ 353 സീറ്റുകളുള്ള എന്‍.ഡി.എ 294 സ്ഥാനങ്ങളിലേക്ക് കുത്തനെ വീണതോടെ 241 സീറ്റുകളുമായി ബി.ജെ.പിക്ക് ഒറ്റക്ക് ഭരിക്കാനാവില്ല എന്ന് തീര്‍ച്ചപ്പെട്ടിരിക്കുന്നു. പ്രധാന അട്ടിമറി നടന്നത് യു.പിയിലാണ്. യോഗി ആദിത്യനാഥ് സ്വകാര്യ സ്വത്തുപോലെ കൊണ്ടുനടക്കുന്ന യു.പിയാണ് കാവിപ്പടയുടെ മുഖ്യ പ്രതീക്ഷാ കേന്ദ്രമെന്നിരിക്കെ 80-ല്‍ 35 സീറ്റുമാത്രം നേടി അങ്കലാപ്പിലായിരിക്കുകയാണ് ബി.ജെ.പി. 17-ാം ലോക്‌സഭയില്‍ 64 സീറ്റുകളുണ്ടായിരുന്ന സ്ഥാനത്താണ് ഈ മഹാ നഷ്ടം. 48 സീറ്റുകളുള്ള മഹാരാഷ്ട്രയിലും അപ്രതീക്ഷിത തിരിച്ചടിയാണ് കാവിസഖ്യം നേരിട്ടിരിക്കുന്നത്. ബി.ജെ.പിക്ക് ഒമ്പത് സീറ്റാണ്. കോണ്‍ഗ്രസ് 13, ശരത് പവാര്‍ എന്‍.സി.പി എട്ട്, ഉദ്ധവ് താക്കറെ ശിവസേന 9 ഉള്‍പ്പെടെയുള്ള ഇന്‍ഡ്യാ മുന്നണിക്ക് 30 സീറ്റാണ് മൊത്തം. ബി.ജെ.പി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അധികാരം പിടിച്ചെടുത്ത രാജസ്ഥാനിലും കോണ്‍ഗ്രസ് നില ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട് 10/25.

പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജി ബി.ജെ.പിയെ ഒറ്റക്ക് നേരിട്ട് 42-ല്‍ 29 സീറ്റുകളും അടിച്ചെടുത്തു. സി.പി.എമ്മുമായി കൂട്ടുകൂടി മത്സരിച്ച കോണ്‍ഗ്രസിന് ഒരു സീറ്റു കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നപ്പോള്‍ മൂന്നര പതിറ്റാണ്ട് ഭരിച്ച സി.പി.എമ്മിന് വട്ടപ്പൂജ്യം. ബിഹാറില്‍ തേജസ്വി യാദവ് നേതൃത്വം നല്‍കുന്ന മഹാ ഘട് ബന്ധന് പ്രതീക്ഷിച്ച സീറ്റുകള്‍ നേടാനായില്ല. അവിടെ കൂടുതല്‍ സീറ്റു നേടിയ നിതീഷ് കുമാറിന്റെ ജെ.ഡി.യുവിനെയും ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയെയും എന്‍.ഡി.എയില്‍നിന്ന് അടര്‍ത്തിയെടുക്കാനുള്ള ഇന്‍ഡ്യയുടെ ശ്രമം വിജയിച്ചാല്‍ ചിത്രമാകെ മാറും. പക്ഷേ, മോദി-അമിത് ഷാ ടീം ആപത് സാധ്യത മണത്തറിഞ്ഞ് എന്ത് വിലകൊടുത്തും നിതീഷ്‌ കുമാര്‍-നായിഡു പ്രഭൃതികളെ പിടിച്ചുനിര്‍ത്താനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് ഇതെഴുതുമ്പോൾ.

നിതീഷ് കുമാർ

ഭരണത്തില്‍ എന്‍.ഡി.എ തന്നെ തുടര്‍ന്നാലും മോദി ഗ്യാരണ്ടിയിലെ മുഖ്യ ഇനങ്ങള്‍ നടപ്പാക്കുക എളുപ്പമാവില്ല. ഭരണഘടനാ ഭേദഗതി അപ്രാപ്യമാവും. ന്യൂനപക്ഷ ധ്വംസനവും അതേപടി തുടരാനാവില്ല. അതേസമയം ഇന്‍ഡ്യാ മുന്നണി അവസരത്തിനൊത്ത് ഉയര്‍ന്നില്ലെങ്കില്‍, നിലപാടുകളെച്ചൊല്ലി തമ്മിലടിച്ചാല്‍, തങ്ങളുടെ പിന്‍ബലം രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷമാണെന്ന അനുഭവ സത്യം വിസ്മരിച്ചാല്‍ തലമറന്ന് എണ്ണ തേക്കലാവും. മോദിപ്പേടിയില്‍ സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് മുസ് ലിം പേരുകാരെ പരമാവധി മാറ്റിനിര്‍ത്തിയതിന്റെ ന്യായീകരണം എന്തായാലും, ഭരണഘടനാദത്തമായ അവകാശങ്ങള്‍ ഏറ്റവും വലിയ മതന്യൂനപക്ഷത്തിന് നിരന്തരം നിഷേധിക്കുന്നത് ഇന്‍ഡ്യ അതിശക്തമായി ഉയര്‍ത്തിയ ഭരണഘടനാ സംരക്ഷണത്തിന്റെ നഗ്നമായ ലംഘനമാവും. l

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തിയുക്തം പോരാടി വന്ന യുക്തിവാദി നേതാവ് ഡോ. നരേന്ദ്ര ദാഭോൽകറെ ഹിന്ദുത്വ ഭീകര സംഘടനയായ സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകര്‍ വെടിവെച്ചുകൊന്നത് മഹാരാഷ്ട്രയെ മാത്രമല്ല രാജ്യത്തെയാകെ ഞെട്ടിച്ച സംഭവമാണ്. 2013 ആഗസ്റ്റ് 20-ന് നടന്ന ഈ ഘോരകൃത്യത്തെ തുടര്‍ന്നാണ് മഹാരാഷ്ട്ര നിയമസഭ അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം പാസ്സാക്കേണ്ടിവന്നത്. പക്ഷേ, ദശാബ്ദത്തിനു ശേഷം കേസില്‍ വിധിപറഞ്ഞ പൂണെ പ്രത്യേക കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.പി ജാദവ് രണ്ടു പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതോടൊപ്പം വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയ ഒരു വസ്തുതയുണ്ട്. കൊലപാതകത്തിന്റെ സൂത്രധാരന്മാരെ കണ്ടെത്തുന്നതില്‍ അന്വേഷണ ഏജന്‍സികള്‍ പരാജയപ്പെട്ടു എന്നതാണത്. ശിക്ഷിക്കപ്പെട്ട രണ്ടുപേരും സൂത്രധാരന്മാരല്ല എന്ന് വ്യക്തമാക്കിക്കൊണ്ട്, ഗൂഢാലോചനക്കാരായ ഡോ. വീരേന്ദ്ര സിംഗ് താവ്‌ഡെ, സഞ്ജീവ് പുനലേക്കര്‍, വിക്രം ഭാവെ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതിക്ക് വിട്ടയക്കേണ്ടിവരികയായിരുന്നു. ഈ കൊലക്കൂട്ടമാവട്ടെ ഉന്നതങ്ങളിലെ സ്വാധീനവും പിടിപാടും ഉപയോഗിച്ച് തങ്ങളുടെ ഉന്മൂലന യത്‌നം നിര്‍ബാധം തുടരുകയായിരുന്നുവെന്ന് വിശ്വസിക്കാന്‍ മതിയായ കാരണങ്ങളുണ്ട് താനും. 2015 ഫെബ്രുവരി 20-ന് സി.പി.ഐ നേതാവും അന്ധവിശ്വാസ വിരുദ്ധ പ്രസ്ഥാന നായകനുമായിരുന്ന ഗോവിന്ദ് പന്‍സാരെ, അതേ വര്‍ഷം ആഗസ്റ്റില്‍ സാഹിത്യകാരന്‍ എം.എ കല്‍ബുർഗി, 2017 സെപ്റ്റംബര്‍ അഞ്ചിന് ധീരയായ പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് എന്നിവര്‍ സമാന രീതിയില്‍ കൊല്ലപ്പെട്ടപ്പോള്‍ സംശയത്തിന്റെ വിരല്‍ നീണ്ടത് സനാതന സന്‍സ്തയുടെ നേരെത്തന്നെയായിരുന്നു. പക്ഷേ, വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും എങ്ങുമെത്താതെ ഉഴലുകയാണ് അന്വേഷണ ഏജന്‍സികള്‍. മഹാരാഷ്ട്രയിലും കര്‍ണാടകയിലും അസമിലും ഝാര്‍ഖണ്ഡിലും ഛത്തീസ് ഗഢിലുമൊക്കെ അന്ധവിശ്വാസ നിര്‍മാര്‍ജന നിയമങ്ങള്‍ നിലവില്‍ വന്നെങ്കിലും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറുകള്‍ പരാജയപ്പെടുകയാണ്. ബഹുമത, ബഹു സംസ്‌കാര, ബഹുജാതി രാജ്യമായ ഇന്ത്യ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും വളക്കൂറുള്ള മണ്ണാണെന്ന് എടുത്തുപറയേണ്ടതില്ല. ജനസമൂഹത്തെ വിശ്വാസപരമായും സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്യാന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കാത്ത അധോലോക ശക്തികള്‍ ജീവിതത്തിന്റെ നാനാ തുറകളില്‍ പിടിമുറുക്കിയതിന്റെ സ്വാഭാവിക ഫലമാണ് അന്ധവിശ്വാസ അനാചാരങ്ങള്‍ ഫലപ്രദമായി തടയാന്‍ നിയമങ്ങള്‍ ഇല്ലാതിരിക്കുന്നതും പാസ്സാക്കിയ നിയമങ്ങള്‍ ഏട്ടിലുറങ്ങുന്നതും. കേസ്സന്വേഷകരും ന്യായാധിപരും തന്നെ അന്ധവിശ്വാസികളും സിദ്ധ ഭക്തരുമായിരുന്നാല്‍ എന്ത് സംഭവിക്കും എന്ന ആലോചനയും പ്രസക്തമാണ്.
മൂഢ വിശ്വാസങ്ങളില്‍നിന്ന് സമൂഹത്തെ മോചിപ്പിക്കാനും മനുഷ്യജീവനും ധനത്തിനും അഭിമാനത്തിനും ഭീഷണിയായ വിശ്വാസാചാരങ്ങളെ കര്‍ശനമായി നിരോധിക്കാനും ചൂഷകരെ നീതിപീഠത്തിന്റെ മുന്നില്‍ ഹാജരാക്കി തക്കതായ ശിക്ഷ നല്‍കാനും ചങ്കൂറ്റമുള്ള പാര്‍ട്ടികളോ ഭരണകൂടമോ രാജ്യത്ത് ഇനിയും പിറന്നിട്ടു വേണം. മതേതരമെന്നും ശാസ്ത്രീയ ചിന്തയില്‍ അടിയുറച്ചവരെന്നുമൊക്കെ അവകാശപ്പെടുന്ന പ്രസ്ഥാനങ്ങളും പാര്‍ട്ടികളും, അധികാരത്തിനു വേണ്ടി സര്‍വവിധ അന്ധവിശ്വാസങ്ങളെയും അവയുടെ സംരക്ഷകരെയും ഭയക്കുകയും പ്രീതിപ്പെടുത്തുകയും കൂട്ടിപ്പിടിക്കുകയും ചെയ്യുന്നതാണ്,

ദാഭോല്‍കര്‍

പ്രബുദ്ധമെന്നവകാശപ്പെടുന്ന കേരളത്തില്‍ പോലും കാണാനാവുന്നത്. അതിക്രൂരമായ നരബലി സംഭവങ്ങള്‍ വരെ അരങ്ങേറിയിട്ടും അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം നിയമസഭയില്‍ അവതരിപ്പിക്കാനോ പാസ്സാക്കിയെടുക്കാനോ പുരോഗമന കുത്തക അവകാശപ്പെടുന്ന ഇടതുപക്ഷ സര്‍ക്കാര്‍ പോലും മടിക്കുകയും പേടിക്കുകയും ചെയ്യുന്നതാണ് കണ്‍മുന്നിലെ കാഴ്ച. ഈ ദിശയില്‍ താമസിയാതെ നിയമ നിര്‍മാണം നടത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ട് വര്‍ഷങ്ങള്‍ കടന്നുപോവുന്നു. നടേ പറഞ്ഞ സംസ്ഥാനങ്ങളിലെ നിയമങ്ങളുടെ മാതൃകയിലെങ്കിലും നിയമ നിര്‍മാണം നടത്താന്‍ സി.പി.എം നിയന്ത്രിത സര്‍ക്കാര്‍ മടിച്ചുനില്‍ക്കുന്നു. ജസ്റ്റിസ് കെ.ടി തോമസ് കമ്മിറ്റി സമര്‍പ്പിച്ച ഭരണ പരിഷ്‌കാര ശിപാര്‍ശകള്‍ ഏട്ടില്‍ കിടക്കുകയാണിപ്പോഴും. കാരണം ദുരൂഹമല്ല. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് സര്‍വാധിപത്യം പുലര്‍ത്തുന്നത്. ഒന്നാം പിണറായി സര്‍ക്കാര്‍ രൂപവത്കരിച്ച നവോത്ഥാന സംരക്ഷണ സമിതി നിഷ്‌ക്രിയമായി കിടക്കുന്നതിന്റെ രഹസ്യവും ഇതുതന്നെ. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തൊട്ടുകളിച്ചാല്‍ അക്കളി തീക്കളി. ശബരിമലയിലെ സ്ത്രീ പ്രവേശന കാര്യത്തില്‍ സുപ്രീം കോടതി പുരോഗമനപരവും കാലോചിതവുമായ വിധി പ്രസ്താവിച്ചപ്പോള്‍ അതിനെ തുടക്കത്തില്‍ സ്വാഗതം ചെയ്ത പിണറായി സര്‍ക്കാര്‍, സംഘ് പരിവാര്‍ അതിനെതിരെ തെരുവിലിറങ്ങിയപ്പോള്‍ വാലും മടക്കി ഓടുന്നതാണ് കണ്ടത്. തുടര്‍ന്ന് വന്ന ഇലക്്ഷനിലാകട്ടെ ലാഭം കൊയ്തത് യു.ഡി.എഫും! 'മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ട് പോയി' എന്ന പഴമൊഴി പോലെയായി കാര്യങ്ങള്‍.

ഗൗരി ലങ്കേഷ്

താരതമ്യേന അന്ധവിശ്വാസ മുക്തമാണെന്ന് കരുതപ്പെടുന്ന സമൂഹമാണ് മുസ്്‌ലിംകള്‍. അവരുടെ പ്രാമാണിക സ്രോതസ്സുകളായ വിശുദ്ധ ഖുർആനും പ്രവാചക ചര്യയും അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും അസന്ദിഗ്ധമായി വിലക്കുന്നു. സര്‍വ ശക്തനും സര്‍വജ്ഞനുമായ ജഗന്നിയന്താവിനല്ലാതെ സൃഷ്ടികളുടെ ഭൂതമോ ഭാവിയോ സംബന്ധിച്ച സൂക്ഷ്മവും ശരിയുമായ ജ്ഞാനമില്ലെന്നും, നന്മ-തിന്മകളെക്കുറിച്ച വിധി അവനു മാത്രം അവകാശപ്പെട്ടതാണെന്നും, സാക്ഷാല്‍ പ്രവാചകന്മാര്‍ക്കു പോലും ദൈവം അറിയിച്ചുകൊടുത്താലല്ലാതെ അദൃശ്യ ജ്ഞാനം അവകാശപ്പെടാനാവില്ലെന്നുമുള്ള വിശ്വാസമാണ് ഇസ്്‌ലാമിന്റെ മൂലശില. അക്കാര്യത്തില്‍ സംശയിക്കുന്നവര്‍ ആരായാലും അവര്‍ വിശ്വാസികള്‍ പോലുമല്ല. എന്നിരിക്കെ, അരക്കിറുക്കന്മാര്‍ക്കും മുഴുക്കിറുക്കന്മാര്‍ക്കും ഔലിയാ പട്ടവും സിദ്ധ പരിവേഷവും പതിച്ചുനല്‍കി ദര്‍ഗകളും ശവകുടീരങ്ങളും സ്മാരകങ്ങളും പണിതുയര്‍ത്തി പൂജാരികളെ കുടിയിരുത്തി ദുര്‍ബല വിശ്വാസികളുടെ പണം പിടുങ്ങുന്ന സംഘടനകളെയും പണ്ഡിത വേഷധാരികളെയും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വരെ കുടിയിരുത്തുന്നവര്‍ക്കെങ്ങനെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നിയമം നിര്‍മിക്കാനും നടപടികളെടുക്കാനും കഴിയും? തിരുകേശം കേരളീയ സമൂഹത്തില്‍ പ്രശ്‌നവത്കരിക്കപ്പെട്ടപ്പോള്‍ അതിനെ ബോഡി വെയ്‌സ്റ്റ് എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീടൊരിക്കലും തദ്വിഷയകമായി കമാ എന്നുച്ചരിക്കാതിരുന്നത് ശ്രദ്ധേയമാണ്.

ഗോവിന്ദ് പൻസാരെ

വലതുപക്ഷത്തിനാവട്ടെ, അന്ധവിശ്വാസ കൂട്ടായ്മയുടെ പിന്തുണ പൂർണമായി തങ്ങള്‍ക്ക് ലഭിക്കാതെ പോവുന്നതിലെ പരിഭവമേയുള്ളൂ. വിനാശകരമായ വിശ്വാസാചാരങ്ങള്‍ സമൂഹത്തിന്റെ ചിന്താശക്തിയെയും കര്‍മശേഷിയെയും കാര്‍ന്നുതിന്നുന്നതില്‍ അവര്‍ക്കുമില്ല പരിഭവമോ പരാതിയോ ഒന്നും.
വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും രാഷ്ട്രീയമായും ഇന്ത്യാ മഹാ രാജ്യത്ത് പ്രഥമസ്ഥാനീയരെന്ന് അഭിമാനിക്കുന്ന കേരളീയരെക്കുറിച്ചാണ് ഇത്രയും കുറിച്ചത്. രാജ്യത്തിന്റെ മൊത്തം സ്ഥിതി കൂടുതല്‍ ഭയാനകവും അതിനാല്‍ തന്നെ വിനാശകരവുമാണ്. സനാതന ധര്‍മം എന്ന ബാനറില്‍ നൂറ്റാണ്ടുകളോ സഹസ്രാബ്ദങ്ങളോ പഴക്കമുള്ള ബുദ്ധിശൂന്യമായ വിശ്വാസാചാരങ്ങളെ സര്‍വ ശക്തിയും വിഭവശേഷിയുമുപയോഗിച്ച് പുനര്‍ജീവിപ്പിക്കാനും പുനഃസ്ഥാപിക്കാനും പ്രതിജ്ഞാബദ്ധമായ കൂട്ടായ്മയാണ് രാജ്യം ഭരിക്കുന്നത്. ഒരു ഇതിഹാസ കഥാപാത്രത്തിന്റെ പേരില്‍ സഹസ്ര കോടികള്‍ മുടക്കി പണിത മന്ദിരമാണ് തന്റെ ഭരണ നേട്ടമെന്ന് അത്യുച്ചത്തില്‍ വിളിച്ചു കൂവുന്ന ദേഹമാണ് രാജ്യത്തെ നയിക്കുന്നത്. ഭരണത്തിന്റെ മൂന്നാമൂഴം തേടുന്നതും അതിന്റെ ബലത്തിലാണ്. അവരുടെ ദൃഷ്ടിയില്‍ മുസ്ലിം-ക്രൈസ്തവ വിശ്വാസാചാരങ്ങള്‍ മാത്രമേ പൊറുക്കാനാവാത്തതായുള്ളൂ; മറ്റുള്ളതൊക്കെ പുരാതനവും ഭാരതീയവും അതിനാല്‍തന്നെ വിശ്വോത്തരവും ചോദ്യം ചെയ്യാന്‍ പാടില്ലാത്തതുമാണ്. കലര്‍പ്പില്ലാത്ത ഈ ഫാഷിസത്തെ നേരിടാന്‍ ജനാധിപത്യ മാര്‍ഗേണ രാഷ്ട്രീയ മാറ്റത്തിന്റെ മാര്‍ഗമന്വേഷിക്കുകയേ പോംവഴിയുള്ളൂ.

എന്നാല്‍, ജനനന്മ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചേടത്തോളം ബോധവത്കരണത്തിന്റെയും സംവാദത്തിന്റെയും ആശയസമരത്തിന്റെയുമായ മാര്‍ഗങ്ങള്‍ തുറന്നുകിടക്കുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മൂലം സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്ന ജീവനഷ്ടവും ധനനഷ്ടവും ചൂഷണങ്ങളും, അനുഭവങ്ങളുടെയും യുക്തിയുടെയും വെളിച്ചത്തില്‍ ചൂണ്ടിക്കാട്ടി വ്യക്തികളെയും കുടുംബങ്ങളെയും നേര്‍വഴിക്ക് കൊണ്ടുവരാന്‍ അത്യാധുനിക മാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തി ആസൂത്രിത ശ്രമങ്ങള്‍ നടക്കണം. പ്രകോപനമോ ഭീഷണിയോ വെല്ലുവിളിയോ മനം മാറ്റത്തിന് സഹായകമല്ല; വാശിയും ശാഠ്യവും വര്‍ധിപ്പിക്കാനേ അതുതകൂ. സമാധാനപരവും എന്നാല്‍ ശക്തവുമായ ബോധവത്കരണ മാര്‍ഗങ്ങളിലൂടെ വ്യക്തികളെയും സമൂഹങ്ങളെയും മാറ്റിമറിച്ച പ്രവാചകന്മാരും പരിഷ്‌കര്‍ത്താക്കളുമാണ് മാതൃക. ഗാന്ധിജിയും ശ്രീനാരായണ ഗുരുവും വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയും പോലുള്ള മാറ്റത്തിന്റെ വിധാതാക്കൾ അതാണ് കാണിച്ചുതന്നത്. ഇവരിലാരും യുക്തിവാദികളോ നിഷേധികളോ ആയിരുന്നില്ല. യഥാര്‍ഥവും സത്യസന്ധവുമായ വിശ്വാസത്തിന്റെ പ്രതലത്തില്‍ നിന്നുകൊണ്ടുതന്നെ അന്ധവിശ്വാസ മുക്തവും അനാചാര രഹിതവുമായ സമൂഹ സൃഷ്ടി സാധ്യമാണെന്ന് ചരിത്രം തെളിയിക്കുന്നു. l

ഏപ്രില്‍ 19 മുതല്‍ ജൂൺ ഒന്ന് വരെ ഷെഡ്യൂള്‍ ചെയ്യപ്പെട്ട പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ദേശ വ്യാപകമായ പ്രചാരണം ഉച്ചസ്ഥായിയിലെത്തിനില്‍ക്കെ നിരവധി സര്‍വേകളും അഭിപ്രായ വോട്ടെടുപ്പുകളും മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നു. പലതും ഇലക്്ഷന്‍ പോരിൽ മുഖ്യ കക്ഷികളായ എന്‍.ഡി.എക്കും ഇന്‍ഡ്യ മുന്നണിക്കും അനുകൂലമായി അവരുടെ തന്നെ പരോക്ഷ പങ്കാളിത്തത്തോടെ സംഘടിപ്പിക്കപ്പെടുന്നതായതുകൊണ്ട് സ്വതന്ത്രമോ നിഷ്പക്ഷമോ, അതിനാല്‍ തന്നെ ആധികാരികമോ അല്ല. ഒട്ടൊക്കെ വിശ്വാസ്യത അവകാശപ്പെടാവുന്ന ഏജന്‍സികളുടെ താരതമ്യേന സ്വതന്ത്രമായ ഗ്യാലപ്പ് പോള്‍ ഫലങ്ങളുമുണ്ട് കൂട്ടത്തില്‍. പക്ഷേ, ഇലക്്ഷന്‍ പ്രചാരണ രംഗത്തെ ചിത്രം മാറി മാറിവരുന്നതിനാല്‍ ഓരോ ഘട്ടത്തിലുള്ള സര്‍വേ ഫലങ്ങളും ഭിന്നമാണെന്ന കാര്യവും ശ്രദ്ധേയമാണ്. ഇന്ത്യയെപ്പോലെ ലോകത്തേറ്റവും വലിയ ജനാധിപത്യ രാജ്യത്ത് 97 കോടി സമ്മതിദായകരില്‍ ലക്ഷം പേരുടെ പോലും അഭിപ്രായമാരായുക അപ്രായോഗികമാണെന്നിരിക്കെ ഒപീനിയന്‍ പോളുകളുടെ ആധികാരികത എന്തുമാത്രം അവലംബാര്‍ഹമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇവ്വിധത്തിലെ എല്ലാ പരിമിതികളും പരിഗണിച്ചുകൊണ്ടുതന്നെ ചില ഒപീനിയന്‍ പോളുകള്‍ സാമാന്യമായി ശ്രദ്ധിക്കപ്പെടാറുണ്ട്. അതിലൊന്നാണ് ദ ഹിന്ദു മൂന്ന് ഘട്ടങ്ങളിലായി പ്രസിദ്ധീകരിച്ച സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപിംഗ് സൊസൈറ്റീസ് (സി.എസ്.ഡി.എസ്- ലോക് നീതി) 19 സംസ്ഥാനങ്ങളിലെ 10,019 പേരില്‍നിന്ന് ശേഖരിച്ച അഭിപ്രായങ്ങള്‍ അടിസ്ഥാനമാക്കി തയാറാക്കിയ സര്‍വേ റിപ്പോര്‍ട്ട്. പോളിംഗ് ആരംഭിക്കുന്നതിന്റെ മൂന്നാഴ്ച മുമ്പ് നടത്തിയ അഭിപ്രായ വോട്ടെടുപ്പ് ഇപ്പോഴും എന്‍.ഡി.എക്ക് തന്നെ ഭരണത്തുടര്‍ച്ച പ്രവചിക്കുന്നു; പ്രധാനമന്ത്രി പദവയില്‍ നരേന്ദ്ര മോദി തന്നെ സ്വീകാര്യനായും തുടരുന്നു. ഇന്‍ഡ്യ മുന്നണിയെക്കാള്‍ 12 പോയിന്റ് മുന്നിലാണ് എന്‍.ഡി.എ. 48 ശതമാനവും മോദി തന്നെ പ്രധാനമന്ത്രിയായി തുടരണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ രാഹുല്‍ ഗാന്ധിയെ പകരക്കാരനായി കാണുന്നവര്‍ 27 ശതമാനമാണ്. അരവിന്ദ് കെജ്രിവാള്‍, മമത ബാനര്‍ജി, അഖിലേഷ് യാദവ് എന്നിവര്‍ക്ക് മൂന്ന് ശതമാനം വീതം പിന്തുണയാണ് അഭിപ്രായ വോട്ടെടുപ്പില്‍. എന്‍.ഡി.എ പൊതുവിലും ബി.ജെ.പി വിശേഷിച്ചും നരേന്ദ്ര മോദിയുടെ ഊതിവീര്‍പ്പിച്ച വ്യക്തിത്വത്തെ മാത്രം ദേശവ്യാപകമായി അവതരിപ്പിക്കുകയും മോദി കാ ഗ്യാരണ്ടി അദ്ദേഹം തന്നെ സാമാന്യ മുദ്രാവാക്യമായി കൊണ്ടുനടക്കുകയും ചെയ്യുമ്പോള്‍ ഈ സര്‍വേ ഫലം മറ്റൊന്നായിരിക്കാന്‍ തരമില്ലല്ലോ. പക്ഷേ, മോദി കാ ഗ്യാരണ്ടി പണ്ടത്തെപ്പോലെ ഫലിക്കുന്ന ലക്ഷണമില്ലെന്ന് ബി.ജെ.പിയുടെ ആഭ്യന്തര സര്‍വേയില്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന സാഹചര്യത്തില്‍ വീണ്ടും പഴയ രാമക്ഷേത്രത്തിലേക്കും ഹിന്ദുത്വ വൈകാരിക സിംബലുകളിലേക്കും ഉന്നത തല നേതൃചര്‍ച്ചകള്‍ വഴിമാറുന്നതായാണ് ഇതെഴുതുമ്പോള്‍ ലഭിക്കുന്ന സൂചനകള്‍. ഏപ്രില്‍ 14-ന് മോദിയും സംഘവും പുറത്തിറക്കിയ പ്രകടന പത്രികയില്‍, കശ്മീരിന്റെ പ്രത്യേക പദവി ഉറപ്പ് നല്‍കുന്ന ഭരണഘടന 370-ാം വകുപ്പ് റദ്ദാക്കിയതും രാമക്ഷേത്രം പണിതതുമാണ് മുഖ്യ ഭരണ നേട്ടങ്ങളില്‍ എടുത്തുപറയുന്നത്. അന്താരാഷ്ട്ര രാമോത്സവം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഏക സിവിൽ കോഡ് തുടങ്ങിയ വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കുന്നുമുണ്ട്. അതേസമയം തൊഴിലില്ലായ്മ, വിലക്കയറ്റം എന്നീ രൂക്ഷതരമായ പ്രശ്‌നങ്ങളെക്കുറിച്ച് മൗനം പാലിക്കുന്ന മാനിഫെസ്റ്റോ എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. യഥാര്‍ഥ ജനകീയ പ്രശ്‌നങ്ങളില്‍നിന്നുള്ള ഭരണപക്ഷത്തിന്റെ ഒളിച്ചോട്ടമായി വലിയ വിഭാഗം ജനങ്ങള്‍ കരുതുന്നു. നടേ സൂചിപ്പിച്ച സി.എസ്.ഡി.എസ് സര്‍വേയില്‍ പങ്കെടുത്തവരിൽ 62 ശതമാനവും, തൊഴിലില്ലായ്മയാണ് രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നമായി എടുത്തുകാട്ടുന്നത്. മുസ്്‌ലിംകളും ദലിതുകളുമാവട്ടെ 67 ശതമാനമാണ് തൊഴിലില്ലായ്മയുടെ ഇരകള്‍. തൊഴിലില്ലായ്മയും വിലക്കയറ്റവും സാധാരണക്കാരന്റെ വരുമാനത്തിലുണ്ടായ ഇടിവുമാണ് ജനപ്രീതി 2019-നെ അപേക്ഷിച്ച് ഗണ്യമായി കുറയാന്‍ കാരണമെന്ന് സർവേ വ്യക്തമാക്കുന്നുണ്ട്. സാമ്പത്തിക ഞെരുക്കത്തിന്റെ സൂചന നല്‍കി ഇന്ത്യയിലെ കുടുംബങ്ങളുടെ കടബാധ്യതയില്‍ വന്‍ വര്‍ധനയെന്ന് പ്രമുഖ ധനകാര്യ സ്ഥാപനമായ മോത്തിലാല്‍ ഓസ്്വാൾ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയതും ഇതോടു ചേര്‍ത്തുവായിക്കണം. 2022-23 സാമ്പത്തിക വര്‍ഷം കുടുംബ സമ്പാദ്യം ജി.ഡി.പിയുടെ 5.1 ശതമാനമായി കുറഞ്ഞതായി കഴിഞ്ഞ സെപ്റ്റംബറില്‍ റിസര്‍വ് ബാങ്ക് കണക്കാക്കിയിരുന്നു. 47 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

തൊഴിലില്ലായ്മയും വിലക്കയറ്റവും മൊത്തം രാജ്യം നേരിടുന്ന പ്രശ്‌നങ്ങളാണെങ്കിലും നടേ സൂചിപ്പിച്ച പോലെ ദലിതുകളും മുസ്്‌ലിം ന്യൂനപക്ഷവുമാണ് പ്രശ്‌നത്തിന്റെ ഏറ്റവും മോശപ്പെട്ട ഇരകള്‍. അമ്പത് വര്‍ഷത്തെ മുസ്്‌ലിം സ്ഥിതി സമഗ്രമായി പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് രജീന്ദർ സച്ചാര്‍ സമിതി ചൂണ്ടിക്കാട്ടിയ വസ്തുത തന്നെയാണിത്. എന്നല്ല, പട്ടിക ജാതി-പട്ടിക വര്‍ഗങ്ങളെക്കാള്‍ മോശമായ സാമൂഹിക-സാമ്പത്തിക സ്ഥിതിയാണ് മുസ്്‌ലിംകളിലെ ഏറ്റവും പാവപ്പെട്ട അർദലുകളുടേതെന്ന് സ്ഥിതി വിവരക്കണക്കുകള്‍ ഉദ്ധരിച്ച് സച്ചാര്‍ വെളിപ്പെടുത്തുകയുണ്ടായി. പിന്നെ എങ്ങനെയാണ് ജീവിതമെന്ന വെല്ലുവിളിയെ അവര്‍ നേരിടുന്നതെന്ന് ചോദിച്ചാല്‍ സ്വന്തമായി തൊഴിലുകള്‍ കണ്ടെത്തി ജീവിച്ചുപോരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അത് യു.പി. എ ഭരണകാലത്തെ റിപ്പോര്‍ട്ടും അതേവരെയുള്ള വസ്തുതകളുടെ വെളിച്ചത്തിലെ വിശകലനവുമാണ്. 2014-ല്‍ നരേന്ദ്ര മോദിയുടെ ഹിന്ദുത്വ ബ്രിഗേഡ് അധികാരത്തിലേറിയ ശേഷം സ്ഥിതി പൂര്‍വാധികം ദയനീയമാവുകയാണ് ചെയ്തിട്ടുള്ളത്. വിദ്യാഭ്യാസപരമായ ആനുകൂല്യങ്ങള്‍ ഒന്നൊന്നായി എടുത്തുകളഞ്ഞും സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ നിഷേധിച്ചും പലവിധ നിയമലംഘനങ്ങള്‍ ആരോപിച്ച് പുരയിടങ്ങള്‍ വരെ തകര്‍ത്തെറിഞ്ഞും കുടുംബ നാഥന്മാരെ കരിനിയമങ്ങള്‍ ഉപയോഗിച്ച് ജയിലിലടച്ചും മാംസ വ്യാപാരം പോലുള്ള പരമ്പരാഗത തൊഴില്‍ മേഖലകളില്‍ നിരോധമേര്‍പ്പെടുത്തിയും, ഭൂരിപക്ഷ സമുദായക്കാര്‍ താമസിക്കുന്നിടങ്ങളില്‍നിന്ന് കലാപങ്ങളിലൂടെയും മറ്റു വിധത്തിലും ആട്ടിയോടിച്ചും മുസ്്‌ലിം ന്യൂനപക്ഷത്തിനു നേരെ അരങ്ങേറിക്കൊണ്ടിരിക്കുന്ന അത്യാചാരങ്ങളാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍നിന്ന് നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നിയമസഭകളിലോ പാര്‍ലമെന്റിലോ ഈ ദുഃസ്ഥിതിയിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ മുസ്്‌ലിം എം.എല്‍.എമാരോ എം.പിമാരോ ഉണ്ടാവരുതെന്ന് ഹിന്ദുത്വര്‍ തീരുമാനിച്ചതിനാല്‍ സ്ഥാനാര്‍ഥി പട്ടികയില്‍ പോലും വിരലിലെണ്ണാവുന്ന ഒറ്റുകാരല്ലാതെ മറ്റാരും സ്ഥലം പിടിക്കാറില്ല. ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സാമാന്യമായി തല്‍സ്ഥിതി തുടരുന്നു. ഭരണഘടന അനുവദിക്കുന്ന വിദ്യാഭ്യാസ പരിരക്ഷക്ക് വിധേയമായി മുസ്്‌ലിം സംഘടനകള്‍ സ്ഥാപിച്ച് നടത്തിവരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബഹുഭൂരിപക്ഷത്തിനും എഫ്.സി.ആര്‍.എ നിഷേധിച്ചും, യു.പിയിലേതുപോലെ മദ്‌റസകള്‍ ഒറ്റയടിക്ക് അടച്ചുപൂട്ടിയും മുസ്്‌ലിം മുക്ത ഭാരതം സ്ഥാപിച്ചെടുക്കാനുള്ള നടപടികളാണ് പൂര്‍വാധികം വാശിയോടെ തുടരുന്നത്. എല്ലാറ്റിനും പുറമെ ലൗ ജിഹാദ് പോലുള്ള വ്യാജ പ്രചാരണങ്ങളിലൂടെ മുസ്്‌ലിം ന്യൂനപക്ഷത്തെ മാനസികമായി തളര്‍ത്താനും തകര്‍ക്കാനുമുള്ള നീക്കങ്ങളും മുറക്ക് തുടരുന്നു. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും ഉദാഹരണങ്ങള്‍ മാത്രം. സി.എ.എ പോലുള്ള നിയമ നിര്‍മാണങ്ങളിലൂടെ മുസ്്‌ലിം പൗരത്വം പോലും ചോദ്യചിഹ്നമാക്കുന്ന നടപടികള്‍ സംഘ് പരിവാറിനെ സംബന്ധിച്ചേടത്തോളം വോട്ട് മൊത്തമായി നേടിയെടുക്കാനുള്ള പരിപാടികളാണ്. ഉത്തരേന്ത്യന്‍ ഹൈന്ദവ സമൂഹത്തില്‍ വലിയൊരു വിഭാഗത്തെ ഇതുമൂലം വൈകാരികമായി സ്വാധീനിക്കാനാവുമെന്ന വിശ്വാസത്തെ ബലപ്പെടുത്തുന്നതാണ് ഒപീനിയന്‍ സര്‍വേ ഫലങ്ങള്‍.

അതേസമയം ഇന്‍ഡ്യ മുന്നണിയുടെ രംഗപ്രവേശവും കടുത്ത പ്രയാസങ്ങളും പ്രതിബന്ധങ്ങളും മറികടന്നുള്ള പ്രചാരണവും മതനിരപേക്ഷ ജനാധിപത്യ ശക്തികളെയും ന്യൂനപക്ഷങ്ങളെയും അനുകൂലമായി സ്വാധീനിക്കുന്നതിന്റെ ലക്ഷണങ്ങള്‍ ഒരളവോളം പ്രതീക്ഷക്ക് വക നല്‍കുന്നതാണ്. മുന്‍ സൂചിപ്പിച്ച സര്‍വേ ഫലങ്ങള്‍ അത് സ്ഥിരീകരിക്കുകയും ചെയ്യുന്നു. രാജസ്ഥാന്‍, ഹരിയാന, ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ മോദി- അമിത് ഷാ കൂട്ടുകെട്ട് കിതക്കുന്നതായ റിപ്പോര്‍ട്ടുകള്‍ അവഗണിക്കപ്പെടേണ്ടതല്ല. ദല്‍ഹി മുഖ്യമന്ത്രിയും ആപ് നായകനുമായ കെജ്രിവാളിന്റെയും പ്രധാന സഹപ്രവര്‍ത്തകരുടെയും അറസ്റ്റ്, തിരിച്ചടിയെക്കുറിച്ച ബി.ജെ.പിയുടെ ഭീതിയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ഇ.ഡിയെയും മറ്റു സ്റ്റേറ്റ് ഏജൻസികളെയും വേട്ട മൃഗങ്ങളാക്കിയുള്ള നടപടിക്ക് പിന്നില്‍ അധികാരം എന്തു വില കൊടുത്തും നിലനിര്‍ത്തിയില്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന ഭീതിയാണെന്നേ കരുതാനാവൂ. ചുരുക്കത്തില്‍, ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹിക നീതിയും ഇന്ത്യാ മഹാരാജ്യത്ത് നിലനില്‍ക്കണമെങ്കില്‍ തീവ്ര ഹിന്ദുത്വത്തിന്റെ ആത്യന്തിക പേക്കൂത്തുകള്‍ക്കെതിരെ പ്രബുദ്ധ ജനസമൂഹം ഒറ്റക്കെട്ടായും അതിസാഹസികമായും വിധിയെഴുതിയേ തീരൂ. അല്ലെങ്കില്‍ 140 കോടി വരുന്ന ജനത മോദി ചക്രവര്‍ത്തിയുടെ സമഗ്രാധിപത്യം പുലരുന്ന രാമരാജ്യത്തിലെ പ്രജ കളായി മാറും. അത്തരമൊരു സ്ഥിതിവിശേഷം സഹസ്രാബ്ദങ്ങൾ പിന്നിലേക്ക് രാജ്യത്തെ കൊ ണ്ടുപോവുകയും ചെയ്യും. l

ഏഴാമത്തെ വയസ്സില്‍ അതായത് 1951-ല്‍ ആണെന്നാണോര്‍മ, എന്റെ ജീവിതത്തിലെ ആദ്യത്തെ നോമ്പ്. ഉമ്മയോ ബാപ്പയോ നിര്‍ബന്ധിച്ചതു കൊണ്ടല്ല ബാലസഹജമായ ഔത്സുക്യംകൊണ്ടായിരുന്നു പുലര്‍ച്ച മുതല്‍ സായാഹ്നം വരെ നീണ്ട ഉപവാസം. പാതിരാവ് പിന്നിട്ട് കൃത്യം രണ്ട് മണിക്ക് കൊടിയത്തൂര്‍ പള്ളിയങ്കണത്തില്‍നിന്ന് കതിനയുടെ മഹാ ശബ്ദം മുഴങ്ങുന്നതാണ് അത്താഴത്തിനുള്ള സിഗ്നല്‍. സ്വദേശമായ ചേന്ദമംഗല്ലൂരില്‍ പള്ളിയും മഹല്ലുമൊക്കെ ഉണ്ടെങ്കിലും സ്‌ഫോടനം നടത്താന്‍ ഏര്‍പ്പാടില്ല. നോമ്പ് തുറക്കാനും കൊടിയത്തൂരിലെ കതിന തന്നെ അവലംബം. കനത്ത മഴക്കാലത്ത് കതിന ശബ്ദം കേള്‍ക്കാതെ പോയാല്‍ കൂരിരുട്ട് വ്യാപിക്കുന്നത് വരെ കാത്തിരിക്കണം ജലപാനത്തിന്. റിസ്റ്റ് വാച്ചോ ടൈംപീസോ പതിനൊന്നംഗ കുടുംബത്തില്‍ ഒരാളുടെയും കസ്റ്റഡിയിലില്ലാത്തതാണ് കാരണം. നമസ്‌കാര സമയം കാണിക്കുന്ന കലണ്ടറും ചുമരുകളില്‍ തൂങ്ങാറില്ല. ഒതയമംഗലം മഹല്ലിലെ കുട്ടി ഹസ്സന്‍ മൊല്ലാക്കയുടെ ശബ്ദം ഗ്രാമമാകെ മുഴങ്ങുമെങ്കിലും ഘോരമായ മഴയില്‍ അതും മുങ്ങിപ്പോവും. ആദ്യ നോമ്പ് ഒന്നില്‍ അവസാനിച്ചു. അടുത്ത വര്‍ഷം അഞ്ച്, പിറ്റേ വര്‍ഷം പത്ത്, പിന്നെ പതിനഞ്ച്. പിന്നെ പിന്നെ മുപ്പത് തികക്കാമെന്നായി. റമദാനില്‍ മുസ്്‌ലിം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാറില്ല. മദ്‌റസകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും. ഖുര്‍ആന്‍ തജ്‌വീദായിരുന്നു മുഖ്യ പാഠ്യവിഷയം. ദര്‍സില്‍ കിതാബോതുകയായിരുന്ന ബാപ്പ മോയിന്‍ മുസ്്‌ലിയാരെ ഓത്ത് പഠിപ്പിക്കാന്‍ മാത്രമായി കൗമാര പ്രായത്തിലേ ചേന്ദമംഗല്ലൂരിലേക്ക് കൂട്ടിക്കൊണ്ടുവന്നതായിരുന്നു; അദ്ദേഹം ഉയര്‍ന്ന ശബ്ദത്തില്‍ വൃത്തിയായി ഖുര്‍ആന്‍ ഓതുമായിരുന്നു എന്നതൊക്കെ ശരി. പക്ഷേ, പതിനേഴാം വയസ്സില്‍ അല്ലാഹു തിരിച്ചുവിളിച്ച ഉമര്‍ മാത്രമേ മുസ്്‌ലിയാരുടെ ഒമ്പത് മക്കളില്‍ ഖുര്‍ആന്‍ തജ്്വീദിലും ഹിഫ്‌ളിലും മിടുക്ക് കാണിച്ചിരുന്നുള്ളൂ. ഇന്നും എന്റെ സ്വകാര്യ ദുഃഖങ്ങളിലൊന്ന് വിശുദ്ധ ഖുര്‍ആന്റെ ഗണ്യമായ ഭാഗം ഓര്‍മയില്‍നിന്നെടുത്ത് സ്ഫുടമായും ആകര്‍ഷകമായും പാരായണം ചെയ്യാന്‍ കഴിയാതെ പോയതാണ്. അതേസമയം വിവിധ വിഷയങ്ങളില്‍ ഖുര്‍ആന്‍ റഫര്‍ ചെയ്യാത്ത ദിവസങ്ങള്‍ കുറവാണ് താനും.

കെ.സി അബ്ദുല്ല മൗലവി

1956-58 കാലത്ത് റമദാനിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്ന് ചേന്ദമംഗല്ലൂരിലെ പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കെ.സി അബ്ദുല്ല മൗലവി, വിസ്മൃതിയില്‍ ആണ്ടുപോയ പ്രവാചക ചര്യ പുനരുജ്ജീവിപ്പിച്ചതാണ്. അതോടൊപ്പം ഗ്രാമത്തിന്റെ ആദര്‍ശപരമായ നവജാഗരണത്തില്‍ വഴിത്തിരിവായിത്തീര്‍ന്ന ഒരു മഹല്‍ കീഴ്്വഴക്കത്തിന് തുടക്കം കുറിച്ചു അദ്ദേഹം. റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളില്‍ പള്ളിയില്‍ ഇഅ്തികാഫ് അഥവാ ഭജനമിരിക്കല്‍ എന്ന പ്രവാചക മാതൃക അദ്ദേഹം പുനര്‍ജീവിപ്പിച്ചു. ഇസ്വ് ലാഹി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കത്തിലേ സാക്ഷ്യം വഹിച്ച ചേന്ദമംഗല്ലൂരില്‍ അതേവരെ ഇഅ്തികാഫ് കേട്ടുകേള്‍വി മാത്രമായി തുടരുകയായിരുന്നു. കെ.സിയാവട്ടെ ആ സുവര്‍ണാവസരം ഇസ്്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്‍നിര പണ്ഡിതന്മാരുടെ പഠന-പരിശീലന കളരിയായി മാറ്റിയതോടൊപ്പം പ്രമുഖ മത പ്രഭാഷകരുടെ ഉദ്‌ബോധനങ്ങള്‍ നാട്ടുകാരെ കേള്‍പ്പിക്കാനുള്ള അവസരമായും പ്രയോജനപ്പെടുത്തി. പരേതരായ കെ.കെ ജമാലുദ്ദീന്‍ മൗലവി (വടകര), എം.ടി അബ്ദുര്‍റഹ്്മാന്‍ മൗലവി (വാഴക്കാട്), ഉണ്ണീന്‍ കുട്ടി മൗലവി (പുളിക്കല്‍) തുടങ്ങിയ ഇസ്വ് ലാഹി പ്രസ്ഥാന നായകരെ ക്ഷണിച്ചുവരുത്തി ഓരോ ദിവസവും ളുഹ് ര്‍ നമസ്‌കാരാനന്തരം മതോപദേശ സദസ്സുകള്‍ സംഘടിപ്പിക്കുകയാണ് കെ.സി ആദ്യം ചെയ്തത്. ഈ ശ്രേഷ്ഠ പണ്ഡിതന്മാരാകട്ടെ അത്യാകര്‍ഷക ശൈലിയില്‍ ഖുര്‍ആനും ഹദീസും അറബിക്കവിതകളും കോര്‍ത്തിണക്കി ആണ്‍-പെണ്‍ ശ്രോതാക്കളെ പിടിച്ചിരുത്തുകയും ചെയ്തു. കേരള ജംഇയ്യത്തുല്‍ ഉലമായില്‍ നേരത്തെ തനിക്കുണ്ടായിരുന്ന അംഗത്വവും ഇസ്വ്്ലാഹി പണ്ഡിതന്മാരുമായുള്ള ഉറ്റ സൗഹൃദവുമാണ് ഈ പരിപാടിയുടെ സംഘാടനത്തിന് കെ.സിയെ സഹായിച്ചത്. അവസാനത്തെ പത്താവുമ്പോഴേക്ക് ഇസ്്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്‍നിര പണ്ഡിതന്മാരായിരുന്ന വി.കെ.എം ഇസ്സുദ്ദീന്‍ മൗലവി, എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവി, കെ. മൊയ്തു മൗലവി, കെ. അബ്ദുസ്സലാം മൗലവി എന്നിവരെയും ഒതയമംഗലം പള്ളിയിലേക്ക് ക്ഷണിച്ചുവരുത്തി പഠന പരിശീലന പരിപാടിയും വൈജ്ഞാനിക ചര്‍ച്ചകളും സജീവമായി നടത്തി. ഇതുകൊണ്ടൊക്കെയാണ് ചേന്ദമംഗല്ലൂര്‍ ഗ്രാമത്തെ പ്രസ്ഥാന ഗ്രാമമായി അദ്ദേഹം മാറ്റിയെടുത്തത്. ഖിയാമുല്ലൈല്‍ (രാത്രി നമസ്‌കാരം) പോലുള്ള കെ.സിയുടെ കൃതികള്‍ അദ്ദേഹം ഒതയമംഗലം മിമ്പറില്‍ ചെയ്ത പ്രസംഗങ്ങളുടെ ഉള്ളടക്കമാണ്.

എന്റെ ജീവിതത്തില്‍ പില്‍ക്കാലത്ത് വഴിത്തിരിവായത് 1972-80 കാലഘട്ടത്തില്‍ തുടര്‍ പഠനാര്‍ഥം ഖത്തറിലെത്തുകയും, പഠനശേഷം ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലെ മതകാര്യ വകുപ്പില്‍ ഡയറക്ടര്‍ ശൈഖ് അബ്ദുല്ലാ ഇബ്‌റാഹീം അല്‍ അന്‍സാരിയുടെ കീഴില്‍ ജോലി ചെയ്തതുമാണ്. വിശ്വ പ്രശസ്ത ഇസ്്‌ലാമിക പണ്ഡിതനും ചിന്തകനുമായ ഡോ. യൂസുഫുല്‍ ഖറദാവിയായിരുന്നു എഴുപതുകളില്‍ ഞങ്ങൾ പഠിച്ച അല്‍ മഅ്ഹദുദ്ദീനി (ഇസ്്‌ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ട്)യുടെ ഡയറക്ടര്‍. അക്കാലത്തെ ഒരു പ്രധാന പള്ളിയില്‍ റമദാനിലെ തറാവീഹ് നമസ്‌കാരത്തിന് ഖറദാവി നേതൃത്വം നല്‍കിയിരുന്നു. ഉദ്‌ബോധനങ്ങള്‍, മുന്നറിയിപ്പുകള്‍, സുവിശേഷങ്ങള്‍, സ്വര്‍ഗ-നരക ജീവിതങ്ങളെക്കുറിച്ച പ്രവചനങ്ങള്‍, ചരിത്ര സംഭവങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളെ സ്പര്‍ശിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ ഖറദാവിയുടെ കണ്ഠത്തിലൂടെ പുറത്തുവരുമ്പോള്‍ അത് പിന്നില്‍ നില്‍ക്കുന്നവരെ പിടിച്ചുലക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. നാല് റക്അത്തുകള്‍ പിന്നിടുമ്പോള്‍ 10-15 മിനിറ്റ് നേരം അതേവരെ കേള്‍പ്പിച്ച ഖുര്‍ആനില്‍നിന്ന് സന്ദര്‍ഭോചിതമായ സൂക്തങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം ശ്രോതാക്കളെ ബോധവത്കരിക്കും. അന്യാദൃശമായ ഈ അനുഭവം പങ്കിടാന്‍ എത്തുന്ന ആയിരങ്ങളെക്കൊണ്ട് പള്ളികള്‍ നിറഞ്ഞുകവിയും. നമസ്കാരത്തിനൊടുവിലെ ഖറദാവിയുടെ ഹൃദയസ്പൃക്കായ പ്രാർഥനകൾ സർവോപരി എടുത്തുപറയേണ്ടതാണ്. അതിന് മുമ്പും പിമ്പും ഒട്ടേറെ ഇമാമുകളുടെ പിന്നില്‍ റമദാനിലെ രാത്രിനമസ്‌കാരം നിര്‍വഹിച്ചിട്ടുണ്ടെങ്കിലും യൂസുഫുല്‍ ഖറദാവിക്ക് സമശീര്‍ഷനായ ഒരു ഇമാമിന്റെ പിന്നിലും കൈകെട്ടി നില്‍ക്കാന്‍ അവസരമുണ്ടായിട്ടില്ല. മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ ഒരു റമദാനില്‍ വെറും രണ്ട് ദിവസം തറാവീഹ് നമസ്‌കാരത്തിന് അവസരം ലഭിച്ചത് മാത്രമാണ് ഇതിനപവാദം.
ഇപ്പറഞ്ഞതിന് തീര്‍ത്തും വിപരീതമായ അനുഭവവും ഖത്തര്‍ ജീവിതത്തിലുണ്ടായി എന്നനുസ്മരിക്കാതെ ചിത്രം പൂര്‍ണമാവില്ല. ശൈഖ് അന്‍സാരിയുടെ മതകാര്യ വകുപ്പിലാണ് നാലഞ്ച് കൊല്ലം ഞാന്‍ ജോലി ചെയ്തുവന്നതെന്ന് നടേ അനുസ്മരിച്ചല്ലോ. ഓരോ റമദാനിലും ഈജിപ്തില്‍നിന്ന് അല്‍ അസ്ഹരി ഖുര്‍ആന്‍ പാരായണ വിദഗ്ധരെ കൊണ്ടുവന്ന് ഖത്തറിലെ പ്രധാന പള്ളികളില്‍ വിന്യസിക്കുന്ന പതിവ് ഡിപ്പാര്‍ട്ട്‌മെന്റിനുണ്ടായിരുന്നു. അതു പ്രകാരം ഒരു മിസ് രി പണ്ഡിതനെയും ഖാരിഇനെയും ചില പള്ളികളിലെത്തിക്കുക എന്റെ ചുമതലയായിരുന്നു. ചെന്നു നോക്കിയപ്പോഴാണ് പലതിന്റെയും ദുരവസ്ഥ ഞെട്ടിച്ചത്. ഇശാ നമസ്‌കാരത്തിനെത്തുന്നവർ വിരലിലെണ്ണാവുന്നവര്‍. അതിഥിയായി വന്ന ഖുര്‍ആന്‍ പാരായണ വിദഗ്ധന്‍ അഞ്ച് മിനിറ്റ് ഓതിക്കൊടുക്കുന്നു. തുടര്‍ന്ന് അസ്ഹരി പണ്ഡിതന്‍ 'വഅള്' പറഞ്ഞ് ദ്രുതഗതിയില്‍ സ്ഥലം വിടുന്നു. നമ്മുടെ മദ്‌റസകളിലെ സാഹിത്യ സമാജം യോഗങ്ങളില്‍, എഴുതിപ്പഠിച്ചു പ്രസംഗിക്കുന്ന കുട്ടികളില്‍നിന്ന് ഒട്ടും ഭേദമല്ലാത്ത അവതരണം! ശരാശരി അറബികളുടെ മതബോധം ഇപ്പറഞ്ഞതിലൊതുങ്ങുമെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. എണ്‍പതുകളുടെ തുടക്കത്തില്‍ ഖത്തറിനോട് വിടചൊല്ലിയതില്‍ പിന്നെ ഗുണകരമായ മാറ്റം സംഭവിച്ചിട്ടുണ്ടെങ്കില്‍ നല്ല കാര്യം.

റമദാനിലെ മറ്റൊരു അനുഭവം കൂടി പങ്കുവെക്കട്ടെ. വീട്ടിലിരിക്കെ ചില തബ്്‌ലീഗ് സുഹൃത്തുക്കള്‍ ഒരതിഥിയുമായെത്തി. മലേഷ്യക്കാരനായ ഒരു എഞ്ചിനീയറാണ് അദ്ദേഹം. തബ്്‌ലീഗ് സംഘാംഗമായി പല നാടുകളില്‍ സഞ്ചരിക്കെ മധേഷ്യന്‍ റിപ്പബ്ലിക്കായ ഉസ്‌ബക്കിസ്താനില്‍ ചെന്നപ്പോഴുണ്ടായ അനുഭവം അദ്ദേഹം പങ്കുവെച്ചു. താഷ്‌ക്കന്റിലെ ഒരു കടയില്‍ റമദാനില്‍ അദ്ദേഹം ചെന്നു കയറിയപ്പോള്‍ കടയുടമ സസന്തോഷം അദ്ദേഹത്തെ സ്വീകരിച്ചിരുത്തി. സമയമായപ്പോള്‍ ഇഫ്ത്വാറിന് വീട്ടിലേക്കും കൂട്ടി. നോമ്പുതുറക്ക് മുന്നില്‍ നിരത്തിയ വിഭവങ്ങളിലൊന്ന് വോദ്കയുടെ ബോട്ടില്‍! നോമ്പ് തുറക്കാന്‍ മദ്യക്കുപ്പി. കടക്കാരനാവട്ടെ നോമ്പെടുത്തിട്ടുമുണ്ട്. നീണ്ട മുക്കാല്‍ നൂറ്റാണ്ട് കമ്യൂണിസ്റ്റ് ആധിപത്യത്തിലമര്‍ന്നതിന്റെ ഫലമായി മതത്തെക്കുറിച്ച് ഒന്നുമറിയാത്ത തലമുറകളാണ് ജന്മമെടുത്തത്. മുൻ തലമുറകള്‍ കൈമാറിയ അന്ധമായ ഭക്തി മാത്രമേ അവര്‍ക്ക് കൊണ്ടുനടക്കാനുള്ളൂ. സോവിയറ്റ് യൂനിയന്റെ തിരോധാനത്തിനു ശേഷം ഈ റിപ്പബ്ലിക്കുകളിലെ മതബോധനത്തിന് മുസ്്‌ലിം വേള്‍ഡ് ലീഗ് പോലുള്ള സംഘടനകള്‍ മിഷ്യനറിമാരെ അയച്ചുകൊടുത്തെങ്കിലും മത നിഷേധികളായ ഏകാധിപതികള്‍ അവരെയെല്ലാം തിരിച്ചോടിച്ചതാണ് പിന്നീട് സംഭവിച്ചത്. അപൂര്‍വം വിദ്യാര്‍ഥികള്‍ പുറംലോകത്തെ ഇസ്്‌ലാമിക കലാലയങ്ങളിലെത്തി മതപഠനം നടത്തിയ അനുഭവങ്ങളുമുണ്ട്. ഒരു തവണ കുവൈത്തില്‍ ചെന്നപ്പോള്‍ അവിടെ അറബിഭാഷയും ഇസ്്‌ലാമിക വിഷയങ്ങളും പഠിക്കുന്ന മിടുക്കരായ ചെചൻ കുട്ടികളെ കാണാനിടയായത് ആഹ്ലാദകരമായ അനുഭവമായിരുന്നു. l

ഭാരതത്തിന്റെ പുതിയ യാത്രയുടെ തുടക്കമാണ് അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിലൂടെ സംഭവിച്ചതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. 'ഭഗവാന്‍ രാമനെ ഒഴിച്ചുനിര്‍ത്തി ഇന്ത്യയെക്കുറിച്ച് സങ്കല്‍പിക്കാനാവില്ല. അങ്ങനെ സങ്കല്‍പിക്കുന്നവര്‍ നമ്മുടെ രാജ്യത്തെ ശരിക്കും മനസ്സിലാക്കാത്തവരാണ്. സ്വന്തം ചരിത്രത്തെ തിരിച്ചറിയാത്തവര്‍ സ്വന്തം അസ്തിത്വത്തെയാണ് നശിപ്പിക്കുന്നത്. ശ്രീരാമ ഭക്തരുടെ ആശകളും അഭിലാഷങ്ങളും സാക്ഷാത്കരിച്ച ദിവസമാണ് ജനുവരി 22' (മാതൃഭൂമി, 2024 ഫെബ്രുവരി 11). പതിനേഴാം ലോക്‌സഭയുടെ അവസാന സമ്മേളനം സമാപിക്കാനിരിക്കെ, അജണ്ടയൊന്നും മുന്‍കൂട്ടി അംഗങ്ങളെ അറിയിക്കാതെ ഒരു ദിവസം കൂടി നീട്ടി, അയോധ്യയിലെ ക്ഷേത്ര നിര്‍മാണത്തിന് നേതൃത്വം നല്‍കിയ നരേന്ദ്ര മോദിയെ അനുമോദിച്ചുകൊണ്ട് സ്പീക്കര്‍ ഓം ബിര്‍ള അവതരിപ്പിച്ച പ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ടാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ഉപര്യുക്ത പ്രസ്താവന നടത്തിയത്. മാസങ്ങള്‍ക്കകം നടക്കാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പില്‍ മുഖ്യ ഇഷ്യൂ ശ്രീരാമനും രാമക്ഷേത്രവുമായിരിക്കുമെന്ന ഹിന്ദുത്വ ബ്രിഗേഡിന്റെ ദൃഢനിശ്ചയത്തിന്റെയും ആസൂത്രിത നീക്കങ്ങളുടെയും ഭാഗം തന്നെയാണ് മതേതര ഇന്ത്യയില്‍ പാര്‍ലമെന്റ് സമ്മേളനത്തിന്റെ മുന്‍ മാതൃകയില്ലാത്ത നീട്ടിവെക്കലും പ്രതിപക്ഷ അന്തക്കേടിനിടയിലെ ഭരണപക്ഷ വിജയഭേരിയുമെല്ലാം. ദശവത്സരക്കാലത്തെ മോദി വാഴ്ചക്ക് രൂക്ഷമായ തൊഴിലില്ലായ്മാ പ്രശ്‌നത്തിന് പരിഹാരം കാണാനോ, സാധാരണ ജനത്തിന്റെ നടുവൊടിക്കുന്ന വിലക്കയറ്റത്തിന് തടയിടാനോ, ആശങ്കാജനകമായി ഉയരുന്ന കുറ്റകൃത്യ ഗ്രാഫിന് ദൈര്‍ഘ്യം കുറക്കാനോ, കോർപ്പറേറ്റുകളുടെ സാമ്പത്തിക തേര്‍വാഴ്ച നിയന്ത്രിക്കാനോ സാധിച്ചിട്ടില്ലെന്നിരിക്കെ 97 കോടി വരുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്മതിദായക സമൂഹത്തെ പോളിംഗ് ബൂത്തുകളിലെത്തിച്ച് താമര വിരിയിക്കാന്‍, വെറും ഇതിഹാസ കഥാപാത്രമായ രാമന്റെ പേരിലെ ആഘോഷ പ്രഘോഷങ്ങള്‍ മതി എന്ന് മോദി-അമിത് ഷാ ടീം തിരിച്ചറിഞ്ഞതിന്റെ പ്രത്യക്ഷോദാഹരണങ്ങളാണ് രാജ്യമിപ്പോള്‍ കാണുന്നതെല്ലാം. പോളിംഗ് തീയതിയായി ഏപ്രില്‍ ഒന്ന് പ്രഖ്യാപിച്ചാല്‍ ചിത്രം പൂര്‍ണമായേനെ. അമ്പേ പാളിപ്പോയ കറന്‍സി റദ്ദാക്കലോ, നടുവൊടിക്കുന്ന ജി.എസ്.ടിയോ, സംസ്ഥാനങ്ങളുടെ സമസ്താധികാരങ്ങളും കവര്‍ന്ന് ഫെഡറലിസത്തിന്റെ അകക്കാമ്പില്‍ കത്തിവെക്കുന്നതോ തെരഞ്ഞെടുപ്പ് വിഷയങ്ങളാക്കാതെ രാമക്ഷേത്ര നിര്‍മിതിയാണ് ചരിത്രത്തിന്റെ ഗതിമാറ്റുന്നതെന്ന് വിശ്വസിപ്പിക്കാന്‍ കാവിപ്പടക്ക് സാധിക്കുന്നുവെന്നാണ് പ്രശ്‌നത്തിന്റെ പരിഹാസ്യ മുഖം. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും ത്രേതാ യുഗത്തില്‍ ജീവിച്ചിരുന്നതായി കഥാകാരന്മാരുടെ ഭാവനയില്‍ വിരിഞ്ഞ ശ്രീരാമന് ജയ് വിളിച്ചും വിളിപ്പിച്ചും ഭരണാധികാരികളും പാര്‍ലമെന്റും നിയമസഭകളും വിദ്യാലയങ്ങളും കലാശാലകളും കൂട്ടയോട്ടം നടത്തുമ്പോള്‍ ബൗദ്ധിക ലോകം മൂക്കത്ത് വിരല്‍ വെക്കുകയല്ലാതെ എന്തു ചെയ്യും?

അയോധ്യയിൽ ഭാഗികമായി തകർക്കപ്പെട്ട
വീടിനു മുന്നിൽ സപ്ന മധൂഖർ

ശ്രീരാമന്റെ കാലം ത്രേതാ യുഗത്തിന്റെ അവസാനമായിരുന്നു. (ത്രേതാ യുഗം 3600 ദിവ്യ വര്‍ഷം [12,96000 മനുഷ്യവര്‍ഷം] - ആര്യ ഭാരതം, പേജ് 29, by എം. രാമകൃഷ്ണന്‍ നായര്‍). 13 ലക്ഷം സംവത്സരങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ മനുഷ്യവാസം ഉണ്ടായിരുന്നോ എന്ന് ചോദിക്കരുത്. കഥയില്‍ ചോദ്യമില്ല. 'രാമ-രാവണ യുദ്ധത്തെക്കുറിച്ച് രേഖകളുടെയോ പൗരാണികാവശിഷ്ടങ്ങളുടെയോ രൂപത്തിലുള്ള യാതൊരു തെളിവും ഇന്ന് നമുക്ക് ലഭ്യമല്ല. അതുകൊണ്ടുതന്നെ രാമന്‍ ഒരു കല്‍പിത കഥാപാത്രമാണെന്നും, രാമ-രാവണ യുദ്ധം ഭാവനാസൃഷ്ടിയാണെന്നും വിശ്വസിക്കുന്ന ചരിത്രകാരന്മാര്‍ ധാരാളമുണ്ട്. എന്നാല്‍, ചില ചരിത്രകാരന്മാര്‍ രാമന്‍ ഒരു യാഥാര്‍ഥ്യമായിരുന്നു എന്നുതന്നെ വിശ്വസിക്കുന്നവരാണ്. അവരുടെ അഭിപ്രായത്തില്‍, ബി.സി 2500-നടുത്ത കാലഘട്ടത്തിലാണ് രാമന്‍ ജീവിച്ചിരുന്നത്. ഈ അഭിപ്രായം നാം സ്വീകരിക്കുകയാണെങ്കില്‍ ബ ി.സി 2500 കാലഘട്ടത്തിലുള്ള മനുഷ്യവാസത്തിന്റെ അവശിഷ്ടങ്ങള്‍ രാമന്റെ കര്‍മഭൂമിയായി കരുതപ്പെട്ടുവരുന്ന ഭൂപ്രദേശങ്ങളില്‍നിന്നും കണ്ടെത്താന്‍ കഴിയേണ്ടതാണ്. ഈ ലക്ഷ്യത്തോടു കൂടി മൂന്ന് പ്രദേശങ്ങളില്‍ ഭൂഗര്‍ഭ പരിശോധനകള്‍ നടത്തപ്പെടുകയുണ്ടായി. ഫൈസാബാദ് ജില്ലയിലെ അയോധ്യ, ഹൈദരാബാദില്‍നിന്ന് 35 കി.മീ വടക്ക് സ്ഥിതിചെയ്യുന്ന ശ്രാംഗ് വാര്‍പൂര്‍, അലഹബാദ് പട്ടണത്തിലെ ഭരദ്വാജ് ആശ്രമം പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ലഭിച്ച മനുഷ്യവാസത്തിന്റെ അവശിഷ്ടങ്ങളൊന്നും തന്നെ ബി.സി 600-ലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ളതായിരുന്നില്ല. പത്തു വര്‍ഷം മുമ്പ് അയോധ്യയില്‍ വീണ്ടും നടത്തിയ ഭൂഗര്‍ഭ പരിശോധനയും ആദ്യ നിഗമനത്തെ ശരിവെക്കുകയാണ് ചെയ്തത്. ബി.സി ഏഴാം നൂറ്റാണ്ടിനിപ്പുറമുള്ള മനുഷ്യവാസത്തിന്റെ ഒരു സൂചന പോലും അവിടെ നിന്നും ലഭിക്കുകയുണ്ടായില്ല (ഡോ. ആര്‍.എന്‍ ശുക്ല- ദല്‍ഹി യൂനിവേഴ്‌സിറ്റി/ Indian Archiology 1976-77).

ബാബരി ഭൂമി തര്‍ക്കത്തില്‍ 2019-ലെ സുപ്രീം കോടതിവിധിയും മസ്ജിദ് നിര്‍മിച്ചേടത്ത് ഒരു വിധ ക്ഷേത്രാവശിഷ്ടവും കണ്ടെത്താന്‍ ASIക്ക് സാധിച്ചിട്ടില്ലെന്ന് അസന്ദിഗ്ധമായി ചൂണ്ടിക്കാട്ടിയത് ഓര്‍ക്കുക. അല്ലെങ്കിലും ഒരു ഇതിഹാസ കഥാപാത്രത്തിന്റെ ജനനസ്ഥലവും കാലവും അന്വേഷിച്ചുപോകുന്നതില്‍ പരം വൃഥാ വ്യായാമം വേറെയുണ്ടോ? അനേകം കോടി ചെലവിട്ടാണ് പുരാവസ്തു ഗവേഷണ വകുപ്പ് ഈ പണി ചെയ്തതെന്നോര്‍ക്കണം. ഇതിനെല്ലാം ഒറ്റവാക്കില്‍ മറുപടിയുണ്ട്: 'ഇത് ഒരു ജനതയുടെ വിശ്വാസമാണ്.വിശ്വാസത്തിന് വസ്തുതാപരമായ തെളിവുകളോ ന്യായങ്ങളോ വേണ്ട.' ശരി, സമ്മതിച്ചു. കേവലം വിശ്വാസപരം തന്നെയാവട്ടെ. അപ്പോഴും ചോദ്യമുയരുന്നു: മറ്റൊരു വിഭാഗം മതവിശ്വാസികളുടെ അനിഷേധ്യ ആരാധനാലയത്തെ തരിപ്പണമാക്കി അവിടെത്തന്നെ വേണമോ ഈ അയുക്തിക സങ്കല്‍പങ്ങളെ കെട്ടിപ്പൊക്കാന്‍? പ്രസക്തമായ മറ്റൊരു ചോദ്യം കൂടി: 1528-ൽ പണിതതെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ട ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് തന്നെയായിരുന്നു ഇതിഹാസ കഥാപാത്രമായ ശ്രീരാമന്‍ ജനിച്ചതെന്ന് ഭരണകൂടവും ഭരണപക്ഷവും ശഠിക്കുമ്പോള്‍ അതിന് കേവലം വിശ്വാസപരമായ മാനത്തെക്കാള്‍ മറ്റു ചിലതാണ് പ്രേരണയെന്ന് ന്യായമായും കരുതേണ്ടിവരില്ലേ? രണ്ടായിരമോ മൂവായിരമോ കോടി ചെലവിട്ട് അയോധ്യയിലോ, രാമജന്മഭൂമിയെന്ന് വിശ്വസിക്കപ്പെടുന്ന മറ്റിടങ്ങളിലോ ക്ഷേത്രം പണിയുന്നതിന് എന്തായിരുന്നു തടസ്സം? മസ്ജിദ് തകര്‍ത്തത് ക്രിമിനല്‍ കുറ്റമായി പരമോന്നത കോടതിയുടെ വിധിയില്‍ പ്രസ്താവിച്ചിരിക്കെ വിശേഷിച്ചും? അപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ മതവിഭാഗത്തെ പരമാവധി വേദനിപ്പിച്ചും മാനസികമായി തളര്‍ത്തിയും ആ ബലത്തില്‍ ഭൂരിപക്ഷ വോട്ട് നേടാനുള്ള കുത്സിത ലക്ഷ്യത്തില്‍ കുറഞ്ഞ ഒന്നുമല്ല രാമക്ഷേത്ര നിര്‍മിതി എന്ന് കരുതുന്നവരെ കുറ്റപ്പെടുത്താനാവില്ല. പ്രധാനമന്ത്രി മോദി കാര്‍മികത്വം വഹിച്ച ഈ ഇലക്്ഷന്‍ സ്‌പെഷ്യല്‍ തിരക്കഥയുടെ പുതിയ പുതിയ എപ്പിസോഡുകള്‍ പുറത്തുവരുമ്പോഴൊക്കെയും ഇരകളാക്കപ്പെട്ട സമുദായത്തിലെ പ്രമുഖരായ 'സമാധാന പ്രേമികളി'ല്‍നിന്നടക്കം ജയ് ശ്രീരാം ഏറ്റുപാടാന്‍ ആളുകളെ കിട്ടുമ്പോള്‍ കാവിപ്പട ആവേശത്തിമര്‍പ്പില്‍ എന്തിന് ശക്തി കുറക്കണമെന്ന ചോദ്യമുണ്ട്. കര്‍സേവകര്‍ ബാബരി മസ്ജിദിന്റെ ഇഷ്ടികകള്‍ ഒന്നൊന്നായി തകര്‍ക്കുമ്പോള്‍ പൂജാമുറിയില്‍ ധ്യാനനിമഗ്നനായി സമയം കഴിച്ച പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന് ഭാരത രത്‌നം സമ്മാനിക്കുക വഴി ഒരു വെടിക്ക് രണ്ട് പക്ഷികളെയാണ് മോദി വീഴ്ത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ദയനീയമായ കൈയടിയോടൊപ്പം തെലങ്കാനയിലെ വോട്ട് േനട്ടവും. എന്തുകൊണ്ടും ലാഭകരമാണ് രാമരാജ്യ നിര്‍മിതി എന്ന് സമ്മതിക്കാതെ വയ്യ. l

1926-ല്‍ നിലവില്‍വന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ശതാബ്ധി ആഘോഷ സമ്മേളനം 2026-ല്‍ നടക്കുമെന്ന് പണ്ഡിത സംഘത്തിന്റെ ജനറല്‍ സെക്രട്ടറി ജിഫ്രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആഘോഷ ഉദ്ഘാടന സമ്മേളനം ജനുവരി 28-ന് ബംഗളൂരുവിൽ നടക്കും. കാസര്‍കോട് നടന്ന എ.പി അബൂബക്കര്‍ മുസ് ലിയാരുടെ നേതൃത്വത്തിലുള്ള സമസ്തയുടെ 100-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിന് ശേഷമാണ് ഔദ്യോഗിക സമസ്തയുടെ അറിയിപ്പ് വന്നിരിക്കുന്നത്. മാത്രമല്ല, സംഘടനയില്‍നിന്ന് പുറത്തു പോയ എ.പി വിഭാഗത്തിന് 100-ാം വാര്‍ഷികം ആഘോഷിക്കാന്‍ അര്‍ഹതയില്ലെന്നു കൂടി ജിഫ്രി തങ്ങള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. തങ്ങള്‍ക്കതില്‍ വിരോധമുണ്ടെന്ന കാര്യവും അദ്ദേഹം മറച്ചുവെച്ചിട്ടില്ല. അതേസമയം ഐക്യസാധ്യത അദ്ദേഹം തള്ളിക്കളഞ്ഞിട്ടുമില്ല. 1989-ല്‍ കേരളത്തിലെ ഏറ്റവും വലിയ മുസ് ലിം പണ്ഡിത സംഘടനയെ പിളര്‍ത്തിയാണ് സെക്രട്ടറി എ.പി അബൂബക്കര്‍ മുസ് ലിയാര്‍ പുതിയൊരു സമസ്തക്ക് കൂടി രൂപം നല്‍കിയത്. മാതൃസംഘടനയില്‍നിന്ന് നല്ലൊരു വിഭാഗം മുസ് ലിയാക്കളെ തന്റെ കൂടെ കൂട്ടാന്‍ മിടുക്ക് കാട്ടിയ അദ്ദേഹം തന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ ശക്തവും ഭദ്രവുമാക്കുന്നതില്‍ വിജയിച്ചതായാണ് സാമാന്യ വിലയിരുത്തല്‍. പിളര്‍പ്പിന്റെ അടിയൊഴുക്ക് കേവലം മതപരമെന്നതിലേറെ സംസ്ഥാന രാഷ്ട്രീയം കൂടി അതില്‍ നിര്‍ണായകമായിരുന്നു എന്നതാണ് സത്യം. സയ്യിദ് അബ്ദുര്‍റഹ് മാന്‍ ബാഫഖി തങ്ങള്‍ മുസ് ലിം ലീഗിന്റെ പ്രസിഡന്റായ കാലം മുതല്‍ സമസ്തയും മുസ് ലിം ലീഗും തമ്മിലെ ബന്ധം ഇരട്ടക്കുട്ടികളുടേത് പോലെയായിരുന്നു എന്ന് പറയുന്നതാണ് ശരി.

സമസ്തക്ക് അഹിതകരമായ ഒരു തീരുമാനവും ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. കെ.എം സീതി സാഹിബ്, എം.കെ ഹാജി തുടങ്ങിയ മുജാഹിദ് പശ്ചാത്തലമുള്ള നേതാക്കള്‍ മുസ് ലിം ലീഗിന്റെ ഉന്നത ശ്രേണികളില്‍ ഉണ്ടായിരുന്നിട്ടും ലീഗിനെ സമസ്തയുമായും സമസ്തയെ ലീഗുമായും ബന്ധിച്ചു നിര്‍ത്തുന്നതില്‍ ബാഫഖി തങ്ങള്‍ അസാധാരണ മിടുക്ക് കാണിച്ചു. രണ്ട് സംഘടനകളുടെയും നേതൃശ്രേണിയില്‍ അദ്ദേഹം സമചിത്തതയോടെ നിലയുറപ്പിക്കുകയും ചെയ്തു. സമസ്തയും മുജാഹിദ് വിഭാഗവും പരസ്യമായി ഏറ്റുമുട്ടിയ കാലത്തും രണ്ടിന്റെയും രക്ഷാകര്‍തൃത്വം മുസ് ലിം ലീഗിന്റെ കൈകളിലൊതുങ്ങി. 1972-ല്‍ അബ്ദുര്‍റഹ്്മാന്‍ ബാഫഖി തങ്ങളുടെ നിര്യാണത്തെ തുടര്‍ന്ന് പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളെ മുസ് ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റാക്കി സി.എച്ച് മുഹമ്മദ് കോയ പാര്‍ട്ടിയെ പിടിയിലൊതുക്കിയതോടെയാണ് ഉമ്മര്‍ ബാഫഖി തങ്ങള്‍, എം.കെ ഹാജി, പി.എം അബൂബക്കര്‍, ചെറിയ മമ്മുകേയി തുടങ്ങിയ നേതാക്കള്‍ പിണങ്ങിപ്പിരിഞ്ഞു അഖിലേന്ത്യാ മുസ് ലിം ലീഗ് എന്ന പേരില്‍ പുതിയൊരു പാര്‍ട്ടിക്ക് രൂപം നല്‍കിയത്. ആ പാര്‍ട്ടി ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു ഔദ്യോഗിക ലീഗിനെതിരെ പൊരുതാന്‍ തുടങ്ങിയപ്പോള്‍ അതിന്റെ അനുരണനങ്ങള്‍ സമസ്തയിലും പ്രകടമാവാന്‍ തുടങ്ങി. ഇ.കെ അബൂബക്കര്‍ മുസ് ലിയാര്‍ നയിച്ച സുന്നി പണ്ഡിത സംഘടനയുമായി എ.പി അബൂബക്കര്‍ മുസ് ലിയാര്‍ ബന്ധം വിഛേദിച്ചു സ്വന്തമായ പണ്ഡിത സഭക്ക് രൂപം നല്‍കിയതില്‍ ഈ രാഷ്ട്രീയ പശ്ചാത്തലം കൂടി പങ്ക് വഹിച്ചിരുന്നു. മുസ് ലിം ലീഗ് പത്രത്തിന്റെ രൂക്ഷമായ എതിര്‍പ്പും പരിഹാസവും എ.പി വിഭാഗത്തെ സി.പി.എമ്മിനോട് അടുപ്പിച്ചതോടെ 'അരിവാള്‍ സുന്നികള്‍' എന്ന അപരനാമവും അവരുടെ മേല്‍ പതിച്ചു നൽകപ്പെട്ടു.

അഹ് ലുസ്സുന്നത് വൽ ജമാഅ എന്ന് സ്വയം അവകാശപ്പെടുന്ന സമസ്ത വിശ്വാസപരമായി അശ്അരി-മാതുരീദി ധാരയോടും കര്‍മശാസ്ത്രപരമായി ശാഫിഈ-ഹനഫി മദ്ഹബുകളോടും കടുത്ത പ്രതിബദ്ധത പുലര്‍ത്തുന്നു. അക്കാര്യത്തില്‍ രണ്ട് ഗ്രൂപ്പുകള്‍ക്കുമിടയില്‍ ഭിന്നതകളില്ല. ഫറോക്ക് എട്ടാം പ്രമേയം എന്ന പേരില്‍ സമസ്തയുടെ വാർഷിക സമ്മേളനം പച്ചക്കൊടി കാട്ടിയ ഉറുക്ക്, മന്ത്രം, മാല, മൗലിദ്, പരേതാത്മാക്കളെ ഇടയാളന്മാരാക്കിയുള്ള പ്രാര്‍ഥന, ജുമുഅ ഖുതുബയുടെ പരിഭാഷാ വിലക്ക് തുടങ്ങിയ ആചാരങ്ങളിലൊന്നും ഇരു സമസ്തകള്‍ക്കും അഭിപ്രായാന്തരങ്ങളില്ല; ഇപ്പറഞ്ഞതില്‍ പലതും കാലത്തിന് വഴിമാറിയെങ്കിലും. നേതൃതലത്തിലെ വ്യക്തിനിഷ്ഠമായ ഇഷ്ടാനിഷ്ടങ്ങളാണ് പലതവണ നടന്ന പുനരേകീകരണ ശ്രമങ്ങളെ വിഫലമാക്കിയതെന്നാണറിവ്. നേരത്തെ എ.പി വിഭാത്തിനുണ്ടായിരുന്ന കാര്‍ക്കശ്യത്തിന് അയവ് വന്നിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. സുന്നി ഐക്യത്തിന് അനുകൂലമായാണ് സമീപകാലത്തായി എ.പി അബൂബക്കര്‍ മുസ് ലിയാര്‍ പ്രതികരിക്കാറ്. നടേ സൂചിപ്പിച്ച ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഐക്യത്തെക്കുറിച്ച പ്രതികരണവും അയവുള്ള സമീപനത്തെ ദ്യോതിപ്പിക്കുന്നു. എങ്കില്‍ ഇരു വിഭാഗങ്ങളും ഒരുമിച്ചിരുന്ന് അര്‍ഥവത്തായ ചര്‍ച്ചകളിലൂടെ പുനരേകീകരണത്തിന് വഴിതുറക്കുകയും അങ്ങനെ 2026-ല്‍ ശതവാര്‍ഷികം ഒരേ കൊടിക്കീഴില്‍ ഒരേ നേതൃത്വത്തില്‍ ആഘോഷിക്കുന്നതുമാവില്ലേ സന്ദര്‍ഭത്തിന്റെ താല്‍പര്യം? ഒരു വശത്ത് മുസ് ലിം ലീഗും മറുവശത്ത് സി.പി.എമ്മും ഈ പുനരേകീകരണത്തിന്റെ ലാഭനഷ്ടങ്ങളെയും വരുംവരായ്കകളെയും രാഷ്ട്രീയ ലാഭക്കണ്ണിലൂടെ നിരീക്ഷിച്ചു തദടിസ്ഥാനത്തില്‍ നിലപാടുകളെടുക്കുക സ്വാഭാവികമാണ്. പക്ഷേ, ഒരു പാര്‍ട്ടിയോടും അടുപ്പമോ എതിര്‍പ്പോ ഇല്ലാത്തത് എന്നവകാശപ്പെടുന്ന സ്വതന്ത്രാസ്തിത്വമുള്ള മത പണ്ഡിത സഭക്ക് സര്‍വോപരി പരിഗണനാര്‍ഹമായിട്ടുള്ളത് സ്വന്തം ഭൂമികയുടെ നിലനില്‍പും ഭദ്രതയുമാണെന്നത് വിസ്മരിച്ചു കൂടാ.

പിളര്‍ന്ന ഏത് സംഘടനയുടെയും പുനരേകീകരണത്തിന്റെ മുന്നിലെ മുഖ്യ തടസ്സം, പിളര്‍പ്പിനെ തുടര്‍ന്ന് ഇരു കഷ്ണങ്ങളുടെയും ഭാരവാഹികളും വക്താക്കളുമായി ഉയര്‍ന്നുവരുന്നവരുടെ സ്ഥാനനഷ്ടത്തെക്കുറിച്ച ആശങ്കകളാണ്. ഒന്നായിരുന്നപ്പോള്‍ സംഘടനയില്‍ ഒന്നുമല്ലാതിരുന്നവര്‍, രണ്ടോ മൂന്നോ കഷ്ണങ്ങളായി സംഘടന ചിതറുന്നതോടെ അതേവരെ താഴെ തട്ടില്‍ കിടന്നവര്‍ പൊടുന്നനെ മേലോട്ട് വരുന്നു. പിന്നെ അവരാകും ഗ്രൂപ്പിന്റെ ശക്തരായ വക്താക്കളും നേതാക്കളും. അനുരഞ്ജനത്തിന്റെയും ഐക്യത്തിന്റെയും മാര്‍ഗത്തിലെ ഏറ്റവും വലിയ തടസ്സവും അവരായിരിക്കും. അത്തരക്കാരെ ഒതുക്കിയും അനുനയിപ്പിച്ചും മാതൃസംഘടനയെ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരണമെങ്കില്‍ യഥാര്‍ഥ ഗുണകാംക്ഷികളും തന്ത്രജ്ഞരുമായ മൂന്നാം ശക്തി ഇടപെടേണ്ടി വരും. മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പും പിന്നീട് പ്രഖ്യാപിക്കപ്പെട്ട ലയനവും, വൈകാതെ മര്‍കസുദ്ദഅ്‌വയുടെ തിരിച്ചുപോക്കും അതിനിടെ പൊട്ടിമുളച്ച വിസ്ഡം ഗ്രൂപ്പുമെല്ലാം രൂപപ്പെട്ട സാഹചര്യം പരിശോധിച്ചാല്‍ വ്യക്തികളുടെ വാശിയും നടേപറഞ്ഞ നേതൃപ്രശ്‌നങ്ങളും അതില്‍ മുഖ്യ പങ്കുവഹിച്ചതായി കാണാം. പിളര്‍ന്ന ശേഷം ഓരോ ഗ്രൂപ്പും തങ്ങളുടെ വേറിട്ട അസ്തിത്വത്തിന് ന്യായീകരണമൊരുക്കാന്‍ ആദര്‍ശപരവും ആശയപരവുമായ അഭിപ്രായാന്തരങ്ങളെ ഉയര്‍ത്തിപ്പിടിക്കാറുണ്ട്. അതുപക്ഷേ, ജനദൃഷ്ടിയില്‍ സ്വന്തം നിലപാടുകളെ തത്ത്വാധിഷ്ഠിതമെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രത മാത്രമാണ്. പിളര്‍പ്പിന് മുമ്പ് സംഘടനക്കുള്ളില്‍നിന്ന് കൊണ്ടുതന്നെ ഇത്തരം ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കപ്പെട്ടതിന്റെ നിരവധി ഉദാഹരണങ്ങള്‍ കാണാം. മനുഷ്യന്‍ ചിന്തിക്കുന്ന ജീവിയായിരിക്കുന്നേടത്തോളം കാലം എല്ലാ കാര്യങ്ങളിലും ഏകാഭിപ്രായം എന്ന സ്വപ്‌നം പുലരാനുള്ളതല്ല. 'ഇഖ്തിലാഫു ഉമ്മത്തീ റഹ് മതുന്‍' (എന്റെ സമുദായത്തിലെ അഭിപ്രായ ഭിന്നത അനുഗ്രഹമാണ്) എന്ന ഹദീസ് പ്രബലമല്ലെങ്കിലും സഹാബത്തിന്റെ ഭിന്നാഭിപ്രായങ്ങളെ പ്രവാചകന്‍ (സ) തള്ളിപ്പറഞ്ഞിരുന്നില്ലെന്നോര്‍ക്കണം. താന്‍ പറഞ്ഞതല്ല, ഭിന്നാഭിപ്രായമാണ് ശരി എന്ന് ബോധ്യപ്പെട്ടാല്‍ അതംഗീകരിക്കാനുള്ള ഹൃദയ വിശാലതയും സന്മനസ്സുമാണ് പ്രവാചക ശിഷ്യന്മാരില്‍നിന്നും മഹാന്മാരായ അവരുടെ പിന്‍ഗാമികളില്‍നിന്നും പഠിക്കേണ്ട പാഠം.

പറഞ്ഞുവന്നത് ഇരു സമസ്തകളുടെ പുനരേകീകരണ സാധ്യതയെക്കുറിച്ചാണ്. രാജ്യത്തിനകത്തും പുറത്തും ഒരുപോലെ അസ്തിത്വ ഭീഷണി തന്നെ നേരിടുന്ന മുസ് ലിം സമൂഹം കടന്നുപോവുന്ന പ്രതിസന്ധികളുടെ ഗര്‍ഹണീയതയെക്കുറിച്ച് തെല്ലെങ്കിലും ബോധമുള്ളവര്‍ പഴയ മുറിവുകള്‍ ഉണക്കി അസ്തിത്വ ഭീഷണികളെ ഒറ്റക്കെട്ടായി നേരിടുന്നതിനെക്കുറിച്ചാണ് സഗൗരവം ആലോചിക്കേണ്ടത്. മുസ് ലിം വ്യക്തിനിയമത്തിനും ശരീഅത്തിനുമെതിരെ മാര്‍ക്‌സിസ്റ്റ് താത്ത്വികാചാര്യന്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് അതിശക്തമായ ആക്രമണം അഴിച്ചുവിട്ട പശ്ചാത്തലത്തില്‍, എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ് ലിം ലീഗും അഖിലേന്ത്യാ മുസ് ലിം ലീഗും കഴിഞ്ഞതെല്ലാം മറന്ന് ഒന്നായ സംഭവം നമ്മുടെ സ്മൃതിപഥത്തിലുണ്ട്. നേരത്തെ പലരും നടത്തിയ അനുരഞ്ജന ശ്രമങ്ങള്‍ പാളിയ ദുരനുഭവം നിലനില്‍ക്കെ, അടിസ്ഥാനാദര്‍ശത്തിന് നേരെ ഉയര്‍ന്ന ഭീഷണി ഒരേ ഭൂമികയില്‍ നിലയുറപ്പിച്ചുവേണം നേരിടാനെന്ന, ഇരു പക്ഷത്തെയും നേതൃത്വങ്ങള്‍ക്കുണ്ടായ തിരിച്ചറിവാണ് ഉപാധികളില്ലാത്ത ലയനത്തിലേക്ക് നയിച്ചത്. ഔദ്യോഗിക പക്ഷത്ത് നിലയുറപ്പിച്ചിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് മുസ് ലിം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയാണെങ്കില്‍ മറുപക്ഷക്കാരനായിരുന്ന ഇ.ടി മുഹമ്മദ് ബഷീര്‍ അതിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയാണ്. ഒരു അപശബ്ദവും ഇക്കാര്യത്തില്‍ പാര്‍ട്ടിക്കകത്തുനിന്നോ പുറത്തുനിന്നോ ഉയരുന്നില്ല. സമസ്തയുടെ നൂറാം വാര്‍ഷികാഘോഷം തത്തുല്യമായ പരിണതിക്ക് വഴിയൊരുക്കുമെങ്കില്‍, ഇരു കൂട്ടരും പ്രതിനിധാനം ചെയ്യുന്ന സമുദായം ആഹ്ലാദപൂര്‍വം കൈയടിക്കുമെന്ന് തീര്‍ച്ച. l

ഫലസ്ത്വീനിലെ അവസാനത്തെ കുഞ്ഞ് മരിച്ചുവീണാലും, ജൂതന്‍ ഖുദ്‌സില്‍ കയറി കളിച്ചാലും ഖുദ്‌സിന്റെ മിഹ്റാബ് ശിയാക്കളുടെയും ഇറാന്റെയും ഹമാസിന്റെയും കൈയില്‍ വന്നുകൂടാ എന്ന് പ്രസംഗിച്ചിരിക്കുന്നു മുജാഹിദ് പണ്ഡിതന്‍ ചുഴലി അബ്ദുല്ല മൗലവി. ഇതുണ്ടാക്കിയ കോലാഹലം എടുത്തുപറയേണ്ടതില്ല. വെറുപ്പും വിദ്വേഷവും മൂര്‍ഛിച്ചാല്‍ എത്രത്തോളം പോകാമെന്നതിന്റെ നേര്‍ സാക്ഷ്യമാണ് സലഫി പണ്ഡിതന്റെ അലറല്‍. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ ശബ്ദം കേട്ടവര്‍ക്ക് പത്രത്തില്‍നിന്നുദ്ധരിച്ച ഈ വരികള്‍ വെറും പച്ചവെള്ളമായേ തോന്നൂ. സ്വാഭാവികമായും അത് മുജാഹിദ് പ്രവര്‍ത്തകരിലുള്‍പ്പെടെ വന്‍ പ്രതിഷേധത്തിന് വഴിവെച്ചു. അന്നേരമാണ് കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി ഒരു പ്രതികരണ പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്: 'ഇസ്രായേല്‍ അധിനിവേശത്തെയും ഭീകരതയെയും ശക്തമായി എതിര്‍ക്കുകയും ഫലസ്ത്വീനികള്‍ക്കൊപ്പം നില്‍ക്കുകയുമെന്ന കാലങ്ങളായുള്ള സംഘടനയുടെ നിലപാടില്‍ ഒരു മാറ്റവുമില്ല. ഇതിന് വിരുദ്ധമായി ചില പ്രഭാഷകരില്‍നിന്നുണ്ടായ പരാമര്‍ശങ്ങള്‍ സംഘടനയുടെ നിലപാടല്ല. അതിനോട് വിയോജിക്കുന്നു' എന്ന് വ്യക്തമാക്കിയ മദനി, ഔദ്യോഗിക നിലപാടിന് വിരുദ്ധമായ പരാമര്‍ശങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഗൗരവപൂര്‍വം ശ്രദ്ധിക്കണമെന്ന് അനുയായികളെ ഉണര്‍ത്തിയിട്ടുമുണ്ട്. പ്രസിഡന്റിന്റെ വിശദീകരണം കേരളത്തിലെ സലഫി പ്രസ്ഥാനത്തില്‍ ഏറ്റവും പ്രബലമായ വിഭാഗത്തിന്റെ ഔദ്യോഗിക നിലപാട് എന്ന നിലയില്‍ പൊതുവെ സ്വാഗതം ചെയ്യപ്പെടുമെന്നാണ് കരുതേണ്ടത്. അതേസമയം കെ.എന്‍.എമ്മിന്റെ തന്നെ ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ മജീദ് സ്വലാഹിയുടെ വീക്ഷണം സംഘടനയുടെ ഔദ്യോഗിക നിലപാടിനോട് പൊരുത്തപ്പെടുന്നതാണോ എന്ന് ന്യായമായി സംശയിക്കാം. കാരണം, ഹമാസിനെ കടുത്ത തീവ്രവാദികളായും ഭീകരരായും ചിത്രീകരിക്കുന്ന സ്വലാഹി ഇഖ് വാനുല്‍ മുസ് ലിമൂനെയും തള്ളിപ്പറയുന്ന പതിവുകാരനാണ്. 'വിചിന്തന'ത്തിലൂടെ പുറത്ത് വരുന്ന സ്വലാഹിയുടെ നിരീക്ഷണങ്ങള്‍ അള്‍ട്രാ സെക്യുലരിസ്റ്റുകളുടെ വീക്ഷണവും ശൈലിയും സ്വാംശീകരിച്ചുകൊണ്ടുള്ളതുമാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ തീവ്രതയോട് തികഞ്ഞ സഹിഷ്ണുതയും മൃദു സമീപനവും അദ്ദേഹം വെച്ചുപുലര്‍ത്തുകയും ചെയ്യുന്നു. ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായങ്ങള്‍ കേവലം വ്യക്തിപരമാണെന്ന് കരുതാനും വയ്യല്ലോ.

സുന്നി മദ്ഹബുകളെപ്പോലെ രാഷ്ട്രാന്തരീയ തലത്തില്‍ പ്രചാരവും സ്വാധീനവും നേടിയ ദൈവശാസ്ത്ര-കര്‍മശാസ്ത്ര ധാരയാണ് സലഫിസവും. വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയുമാണ് ഇസ് ലാമിന്റെ മൂലപ്രമാണങ്ങളെന്നിരിക്കെ പണ്ഡിതന്മാര്‍ എത്ര പ്രഗത്ഭരായാലും അവരുടെ ചിന്തകള്‍ക്ക് പ്രാമാണികതയില്ലെന്നതാണ് സലഫികളുടെ സാമാന്യ നിലപാട്. അതേയവസരത്തില്‍ ശൈഖുല്‍ ഇസ് ലാം അഹ്്മദ് ഇബ്‌നു തൈമിയ്യ(ചരമം ഹി. 728) യെ പോലുള്ള സലഫി വിചാരധാരയുടെ പ്രണേതാക്കള്‍ തങ്ങളുടെ നിലപാടുകളില്‍ പുലര്‍ത്തിയ സൂക്ഷ്മതയും മിതത്വവും പിന്‍ഗാമികളായ പലരിലും ഗ്രൂപ്പുകളിലും കാണ്മാനില്ല എന്നതും വസ്തുതയാണ്. സമുദായത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും വിശ്വാസപരമായ വ്യതിചലനങ്ങള്‍ക്കുമെതിരെ ശക്തിയുക്തം തൂലികയേന്തിയ ഇബ്‌നു തൈമിയ്യ വിധി പുറപ്പെടുവിക്കുന്നതില്‍ പരമാവധി സൂക്ഷ്മത പുലര്‍ത്തുകയുണ്ടായി എന്ന് അദ്ദേഹത്തിന്റെ 300-ല്‍ അധികം ഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഉദാഹരണത്തിന്, അഹ്്ലുസ്സുന്നയോട് മൗലികമായിത്തന്നെ വിയോജിക്കുന്ന ശീഈ വിഭാഗം അഹ് ലുസ്സുന്നക്ക് പുറത്താണെന്ന് വിധിയെഴുതിയ ഇമാം ഇബ്‌നു തൈമിയ്യ അവര്‍ ഇസ് ലാമിന്റെ പുറത്താണെന്ന് ഒരിക്കലും വിധിക്കുകയുണ്ടായില്ല. പ്രത്യേകിച്ച്, ഇമാമിയ്യ വിഭാഗത്തെയും സൈദികളെയും ഇസ് ലാമില്‍നിന്ന് പുറന്തള്ളാവുന്ന ഒരു ന്യായവും മുന്‍ഗാമികളായ സലഫികള്‍ അംഗീകരിച്ചിട്ടില്ല. അലവികള്‍, ഇസ്മാഈലികള്‍ തുടങ്ങിയ വിഭാഗങ്ങളെ മാത്രമാണ് അവര്‍ പുറത്ത് നിര്‍ത്തിയത്. വിപ്ലവാനന്തര ഇറാനും സുഊദി അറേബ്യന്‍ ഭരണാധികാരികളും തമ്മിലിടഞ്ഞപ്പോള്‍ സുഊദിയുടെ മതപരമായ നേതൃത്വം കുത്തകയാക്കിവെച്ചിരുന്ന സലഫി സഭകളും പണ്ഡിതന്മാരും ശീഇസത്തിന് നേരെ ആത്യന്തിക നിലപാട് സ്വീകരിച്ചതാണ് ഒടുവിലത്തെ മാറ്റം. അത് സ്വാഭാവികമായും സുഊദി സലഫികളുടെ വീക്ഷണവും നിലപാടും പങ്കിടുന്ന കേരള സലഫികളിലും പ്രതിഫലിച്ചു. ഒപ്പം തന്നെ കേരളത്തിലെ സലഫി സംഘടനയില്‍ അത് പിളര്‍പ്പിനും വഴിയൊരുക്കി. ഇപ്പോള്‍ ചുരുങ്ങിയത് നാല് ഗ്രൂപ്പുകളെങ്കിലുമുണ്ട് കേരളത്തിലെ മുജാഹിദുകളില്‍. പ്രഥമ കൂട്ടായ്മയായ കെ.എന്‍.എമ്മില്‍ പോലുമുണ്ട് വീക്ഷണ വൈരുധ്യങ്ങള്‍ എന്നാണ് ഒടുവിലത്തെ ചില പ്രസംഗങ്ങളും പ്രസ്താവനകളും തെളിയിക്കുന്നത്. അതേസമയം ശീഈ വംശജനായ മുസ് ലിം ലീഗ് നേതാവ് മുഹമ്മദലി ജിന്നയുടെ ദീര്‍ഘായുസ്സിന് വേണ്ടി ഔദ്യോഗിക പ്രമേയത്തിലൂടെ പ്രാര്‍ഥിച്ച കേരളത്തിലെ ആധികാരിക സലഫി പണ്ഡിത സഭയായ കേരള ജംഇയ്യത്തുല്‍ ഉലമായുടെ പിന്‍ഗാമിത്വം അവകാശപ്പെടുന്നവരാണ് ഇവരെന്നോര്‍ക്കണം.

ഫലസ്ത്വീന്‍ എന്ന അറബി ഭൂമി തീര്‍ത്തും അക്രമപരമായും അന്യായമായും കൈയടക്കി, 1967-ലെ യുദ്ധത്തെ തുടര്‍ന്ന് ജോര്‍ദാന്റെയും ഈജിപ്തിന്റെയും ഭാഗങ്ങളായിരുന്ന പ്രദേശങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു, യു.എന്‍ പ്രമാണങ്ങളെയും പ്രമേയങ്ങളെയും കാറ്റില്‍ പറത്തി ജൂതായിസത്തെ സ്റ്റേറ്റ് മതമായംഗീകരിച്ച ഇസ്രയേലിന്റെ കൊടിയ ധിക്കാരത്തിനെതിരെ, അതിജീവനത്തിനായി ജീവന്‍ പണയപ്പെടുത്തി പൊരുതുന്ന ഒരു പ്രസ്ഥാനത്തെ ജൂതന്മാരെക്കാള്‍ വെറുക്കപ്പെട്ടവരും ശപിക്കപ്പെട്ടവരുമായി മുദ്രകുത്തണമെങ്കില്‍ മതവിഭാഗീയതാ ഭ്രാന്ത് സകല സീമകളും ഉല്ലംഘിക്കണം. ഫലസ്ത്വീന്‍ വിമോചന പ്രസ്ഥാനമായ പി.എല്‍.ഒയും അതിന്റെ നേതാവ് യാസിര്‍ അറഫാത്തും രംഗത്തിറങ്ങിയത് തന്നെ സായുധ പോരാട്ടവുമായാണ്. അയല്‍ അറബ് രാജ്യങ്ങളുടെ നിസ്സഹായ നിലപാടില്‍ മനം നൊന്തു, അവരും അമേരിക്കയും ചേര്‍ന്നൊരുക്കിയ സമാധാനക്കരാറുകളില്‍ അറഫാത്ത് ഒപ്പിടേണ്ടി വരികയായിരുന്നു. അടിയറവ് കരാറുകള്‍ക്ക് പോലും ജൂതരാഷ്ട്രം തരിമ്പും വിലകല്‍പിക്കുന്നില്ലെന്ന് ബോധ്യമായപ്പോഴാണ് ഇഖ്്വാനുല്‍ മുസ് ലിമൂന്റെ തന്നെ വകഭേദമായ ഹമാസ് 1987-ൽ രംഗത്ത് വരേണ്ടിവന്നത്. ഇഖ് വാനുല്‍ മുസ് ലിമൂനെ കൂട്ടുപിടിച്ചാണ് 1952-ല്‍ ഈജിപ്തിനെ ബ്രിട്ടീഷ് പാവ മാത്രമായ ഫാറൂഖ് രാജാവില്‍നിന്ന് ജമാല്‍ അബ്ദുന്നാസിറും സൈന്യവും മോചിപ്പിച്ചതെന്നോര്‍ക്കണം. 1956-ല്‍ അബ്ദുന്നാസിര്‍ സര്‍ക്കാറിന്റെ സൂയസ് കനാല്‍ ദേശസാല്‍ക്കരണത്തെ തുടര്‍ന്ന് ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് ഈജിപ്തിനെ ആക്രമിച്ചപ്പോള്‍ ഒപ്പം നിന്നത് ഇസ്രായേലാണ്; നാസിറിനെ പിന്തുണച്ചത് ഇഖ് വാനും. 1973-ല്‍ ഈജിപ്തിന്റെ പ്രസിഡന്റ് അന്‍വര്‍ സാദത്ത്, ഇസ്രായേലിന്റെ പിടിയില്‍നിന്ന് സീനാ മരുഭൂമിയും ഗസ്സ മുനമ്പും മോചിപ്പിക്കാന്‍ സൈനിക നീക്കം നടത്തിയപ്പോള്‍ സംഘടനയുടെ പേരിലുള്ള നിയന്ത്രണം വകവെക്കാതെ സാദാത്തിന് പൂര്‍ണ സഹകരണം നല്‍കിയ ചരിത്രവും ഇഖ് വാനുണ്ട്. ഏറ്റവുമൊടുവില്‍ അറബ് വസന്തത്തെ തുടര്‍ന്ന് ആജീവനാന്ത പ്രസിഡന്റ് ഹുസ്‌നി മുബാറക് സ്ഥാനമൊഴിയേണ്ടി വന്നപ്പോൾ, ജനാധിപത്യ പുനഃസ്ഥാപനത്തിന് വഴിയൊരുക്കിക്കൊണ്ട് നടന്ന സ്വതന്ത്ര തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഒന്നാമത്തെ കക്ഷിയായി ശക്തിതെളിയിച്ചത് ഇഖ് വാന്റെ രാഷ്ട്രീയ പാര്‍ട്ടിയായിരുന്നു. പ്രസിഡന്റ് സ്ഥാനാര്‍ഥി മുഹമ്മദ് മുര്‍സിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഉറപ്പാക്കിയത് സലഫി പാര്‍ട്ടിയായ അന്നൂറും. മുര്‍സി അധികാരത്തിലേറിയതിനെ തുടര്‍ന്നാണ് ഇസ്രായേല്‍ ബന്ദിയായി പിടിച്ച ഗസ്സയിലേക്ക് റഫാ അതിര്‍ത്തിയിലൂടെ വെള്ളവും വെളിച്ചവും ഭക്ഷണവും മറ്റു അവശ്യ സൗകര്യങ്ങളും സുഗമമായി ലഭിച്ചുതുടങ്ങിയത്. അതോടെ പ്രകോപിതരായ ഇസ്രായേല്‍ ഈജിപ്തിലെ ജനകീയ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമം തുടങ്ങി. ഇതിന് അമേരിക്കയുടെ പൂര്‍ണ പിന്തുണ ലഭിച്ചപ്പോള്‍ പട്ടാള മേധാവി അബ്ദുല്‍ ഫത്താഹ് സീസി മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചെടുത്തു, ബ്രദര്‍ഹുഡ്ഡിനെയും അതിന്റെ രാഷ്ട്രീയ പാര്‍ട്ടിയെയും നിരോധിച്ചു. ഈജിപ്ത് ഒരിക്കല്‍ കൂടി സൈനിക ബൂട്ടുകളില്‍ അമര്‍ന്നു. ഇസ് ലാമിന്റെ ഗന്ധമെങ്കിലുമുള്ള ഏത് പാര്‍ട്ടി, എത്ര ജനപിന്തുണയോടെ അധികാരത്തിലേറിയാലും അത് ജനാധിപത്യപരമല്ല! അവരെ ചവിട്ടി മെതിച്ചു ഭരണം പിടിച്ചെടുത്ത പട്ടാളം എത്ര തേര്‍വാഴ്ച നടത്തിയാലും അത് മതേതരത്വത്തിന്റെ വിജയം!

തീവ്രവാദവും ഭീകരതയും, ആർ, എന്തിന്റെ പേരില്‍ വെച്ചുപുലർത്തിയാലും അതംഗീകരിക്കാനോ ന്യായീകരിക്കാനോ സാധ്യമല്ല. അതുകൊണ്ടാണല്ലോ ഐ.എസ്.ഐ.എസ് എന്ന പേരില്‍ ഭീകര പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന സലഫി ഗ്രൂപ്പിനെ ലോകമാകെ തള്ളിപ്പറയുന്നത്. അതേസമയം ഇപ്പോള്‍ ചിലര്‍ തീവ്രവാദവും ഭീകരതയും പതിച്ചുനല്‍കുന്ന ഹമാസ് ഫലസ്ത്വീന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ചപ്പോള്‍ 132 സീറ്റുകളില്‍ 74-ലും (57.6 ശതമാനം) വിജയിച്ചു മുഖ്യ പ്രതിയോഗി ഫതഹ് പാര്‍ട്ടിയെ തോൽപിച്ചുവിട്ടതാണ് ചരിത്രം. 2004-ല്‍ വെസ്റ്റ് ബാങ്കിലെ ഏറ്റവും വലിയ നഗരമായ നാബുലുസില്‍ പ്രാദേശിക സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഹമാസ് 73 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ മതേതര ലോകം അംഗീകരിക്കുന്ന മഹ് മൂദ് അബ്ബാസിന്റെ ഫതഹിന് ലഭിച്ചത് വെറും 13 ശതമാനമായിരുന്നുവെന്നത് മറക്കരുത്. അതായത്, ഗസ്സയില്‍ മാത്രമല്ല വെസ്റ്റ് ബാങ്കിലും ജനസമ്മതിയും സ്വീകാര്യതയും നേടിയ പ്രസ്ഥാനം ഹമാസാണ്. യുദ്ധം രണ്ട് മാസം പിന്നിട്ടപ്പോള്‍ വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വേകളിലും ഹമാസിനെയാണ് ഫലസ്ത്വീനികളില്‍ ഭൂരിപക്ഷവും പിന്താങ്ങുന്നത് എന്നാണ് വ്യക്തമായത്. ഇതിനര്‍ഥം 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേല്‍ സൈന്യത്തിന് നേരെ നടത്തിയ ആക്രമണത്തെ ഭീകരാക്രമണമായി ഫലസ്ത്വീന്‍ ജനത കാണുന്നില്ല; മറിച്ച് ഒരു സ്വതന്ത്ര രാജ്യമായി നിലനില്‍ക്കാനുള്ള ഫലസ്ത്വീന്റെ ജന്മാവകാശത്തെ സയണിസ്റ്റ് രാഷ്ട്രവും അമേരിക്കയും നിര്‍ദാക്ഷിണ്യം കുഴിച്ചുമൂടാനുള്ള സമസ്ത ഗൂഢാലോചനകളും അതിന്റെ അന്തിമ ഘട്ടത്തിലേക്ക് നീങ്ങവെ നടത്തേണ്ടിവന്ന പ്രതിരോധാക്രമണമായി അവര്‍ കാണുന്നു. ഒന്നുകില്‍ അന്തസ്സോടെയുള്ള ജീവിതം, അല്ലെങ്കില്‍ ധീരമായ രക്തസാക്ഷിത്വം എന്ന് തീരുമാനിച്ചാണ് ഹമാസ് മതിയായ മുന്നൊരുക്കങ്ങളോടെ, വിശ്വോത്തരമെന്ന് ഘോഷിക്കപ്പെടുന്ന യു.എസ്-ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നേരിയ സൂചനപോലും ലഭിക്കാത്തവിധം ആസൂത്രിതമായി ആക്രമണം ആരംഭിച്ചത്. ഫലസ്ത്വീന് സമ്പൂര്‍ണ രാഷ്ട്രപദവി നല്‍കാതെ പ്രശ്‌നപരിഹാരം സാധ്യമല്ലെന്ന് ലോകത്തെ മുഴുവന്‍ അംഗീകരിപ്പിക്കാന്‍ ഇതിലൂടെ അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയിലെ നാലില്‍ മൂന്ന് ഭാഗം അംഗരാഷ്ട്രങ്ങളും യുദ്ധം നിര്‍ത്താന്‍ ആവശ്യപ്പെടുന്ന പ്രമേയത്തിനനുകൂലമായി വോട്ട് ചെയ്തതോടെ, ഹമാസിനെ നിശ്ശേഷം തുടച്ചുനീക്കാതെ യുദ്ധം നിര്‍ത്തില്ലെന്ന് നിരന്തരം ആക്രോശിക്കുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്‍യാമിന്‍ നെതന്യാഹുവിന്റെ പിടിവാശിയോടൊപ്പം നില്‍ക്കാന്‍ ഇന്ത്യക്ക് പോലും സാധ്യമല്ലെന്ന് വ്യക്തമായിരിക്കുന്നു. സ്വന്തം രാജ്യത്താവട്ടെ നെതന്യാഹു രാജിവെക്കണമെന്ന മുറവിളിയും ശക്തിപ്പെടുന്നു. ഇത്തരമൊരു ചരിത്ര സന്ധിയില്‍ മുസ് ലിം ലോകത്തിന്റെ മൂന്നാമത്തെ പുണ്യതീര്‍ഥാടന കേന്ദ്രമായ ഖുദുസില്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ ഇറാനും ശിയാക്കളും കൂടി ഒപ്പിച്ചെടുത്ത ഗൂഢാലോചനയാണീ പോരാട്ടമെന്ന് ഇല്‍ഹാമുണ്ടാവുന്ന സലഫിയോ സുന്നിയോ ആരായാലും അവരെ ചികിത്സിക്കുകയാണ് കരണീയം. ലോകത്ത് ആരുടെയും പിന്തുണയോ സഹായമോ കൂടാതെ പ്രഖ്യാപിത ശത്രുവിനെതിരെ പടക്കളത്തിലിറങ്ങേണ്ടി വന്ന ഹമാസിന് ഇറാനില്‍നിന്നോ ചൈനയില്‍നിന്നോ റഷ്യയില്‍നിന്നോ വെറും പിച്ചാത്തി സഹായമായി ലഭിച്ചാലും സ്വീകരിച്ചെന്നിരിക്കും. അതൊക്കെ ഖുദ്‌സ് ജൂതന്മാരെ ഏല്‍പിച്ചാലും, ശിയാക്കളെയും ഹമാസിനെയും ഏല്‍പിക്കരുതെന്ന് വിളിച്ചുകൂവാന്‍ ന്യായമാക്കുന്നവരെ എന്ത് ചെയ്യണമെന്ന് സ്വന്തം സംഘടനാ നേതൃത്വം തന്നെ തീരുമാനിക്കട്ടെ. l