ലേഖനം

റോഡിലൂടെ പോകുന്ന ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഞാനൊന്ന് ശ്രദ്ധിച്ചു നോക്കി. പതിവായി വൈകുന്നേരങ്ങളില്‍ എന്നും അവരാ വഴിക്ക് പോകാറുണ്ട്. ആണ്‍കുട്ടിയുടെ വേഷം ബര്‍മുഡ, ടീഷര്‍ട്ട്. പെണ്‍കുട്ടിയുടേത് ഇടുങ്ങിയ ജീന്‍സ് പാന്റ്സ്. അതിന് മുകളില്‍ അര വരെ മാത്രം ഇറങ്ങി നില്‍ക്കുന്ന ഒരു ടീഷര്‍ട്ട്. ഇറക്കി വെട്ടിയ മുടി. പെണ്ണാണെന്ന് തിരിച്ചറിയാനാവാം തോളില്‍ ഒരു ഷാള്‍ മടക്കിയിട്ടിട്ടുണ്ട്. സംസാരവും പെരുമാറ്റവുമെല്ലാം കണ്ടാല്‍ ദമ്പതികള്‍ ആണെന്നേ തോന്നൂ. മുസ്‌ലിമാണോ അല്ലേയെന്ന് വേഷംകൊണ്ട് വ്യക്തമല്ല. പക്ഷേ, പിന്നീട് അറിഞ്ഞു; അവര്‍ രണ്ടു പേരും മുസ് ലിംകളാണ്. ദമ്പതികളൊന്നുമല്ലതാനും. വെറും ഫ്രന്റ്ഷിപ്പ്. ഒരുമിച്ച് പഠിക്കുന്ന കൂട്ടുകാര്‍.

തങ്ങളുടെ വേഷഭൂഷാദികളെക്കുറിച്ചോ ഹാവഭാവങ്ങളെക്കുറിച്ചോ അവര്‍ക്ക് യാതൊരു പരാതിയുമില്ല. കാണുന്നവര്‍ക്കും അതിലൊരു പരിഭവവുമില്ല. കാരണം, ഇത്തരക്കാര്‍ ഇക്കാലത്ത് ഒന്നോ രണ്ടോ പേരൊന്നുമല്ലല്ലോ. ആരെ അധിക്ഷേപിക്കും, ആരെ കുറ്റപ്പെടുത്തും, ആര്‍ക്കുണ്ടതിനവകാശം? ഇസ്‌ലാമിക മൂല്യബോധമുള്ളവര്‍ക്ക് അവരുടെ മട്ടും ഭാവവും കണ്ട് മനസ്സിൽ നീരസമുണ്ടാവുന്നു എന്നു മാത്രം. ഒരു പക്ഷേ, ആ കുട്ടികളും പരലോകത്തില്‍ വിശ്വസിക്കുന്നവരായിരിക്കാം. തങ്ങളുടെ രീതി, ഒരു ഫാഷന്‍, പുതിയ കാലത്തെ ജീവിത ശൈലി എന്നൊക്കെയായിരിക്കാം അവരുടെ അഭിപ്രായം. പക്ഷേ, ഒരു യഥാര്‍ഥ മുസ്‌ലിമിന് ഇതില്‍ പ്രയാസമുണ്ടാകും. നബി (സ) പറഞ്ഞിട്ടുണ്ടല്ലോ: ''നിങ്ങളില്‍ ആരെങ്കിലും ഒരു തെറ്റ് ചെയ്യുന്നത് കണ്ടാല്‍ ആദ്യം തന്റെ കൈകൊണ്ട് തടുക്കട്ടെ. അല്ലെങ്കില്‍ നാവ് കൊണ്ട് പറഞ്ഞ് തടുക്കട്ടെ. അതിനും കഴിയില്ലെങ്കില്‍ മനസ്സുകൊണ്ട് വെറുക്കുകയെങ്കിലും ചെയ്യട്ടെ.''

ഇസ്‌ലാമില്‍ സ്ത്രീയുടെയും പുരുഷന്റെയും വേഷത്തിനും പെരുമാറ്റത്തിനുമെല്ലാം ചില നിബന്ധനകളുണ്ട്. വിശുദ്ധ ഖുർആൻ അൽ അഹ്സാബ് അധ്യായത്തിലെ 59-ാം വചനത്തില്‍ പറയുന്നു:
"അല്ലയോ ദൈവദൂതരേ, താങ്കളുടെ പത്നിമാരോടും പെണ്‍മക്കളോടും വിശ്വാസിനികളായ സ്ത്രീകളോടൊക്കെയും പറയുക. തങ്ങളുടെ മേലാടകള്‍ അവരുടെ മേല്‍ താഴ്ത്തിയിടട്ടെ. അത് അവര്‍ തിരിച്ചറിയപ്പെടുന്നതിനും പീഡിപ്പിക്കപ്പെടാതിരിക്കുന്നതിനും ഏറ്റം ഉചിതമായ ഉപാധിയാകുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ.''തെമ്മാടികളുടെ ശല്യത്തില്‍നിന്ന് രക്ഷപ്പെടാന്‍ മുസ്‌ലിം സ്ത്രീകള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചാണ് ഈ സൂക്തം പറയുന്നത്.

സ്ത്രീപീഡനം ഇന്നത്തെക്കാലത്ത് സ്ഥിരം വാര്‍ത്തയാണല്ലോ. മോഷണവും പിടിച്ചു പറിയും കുറ്റാര്‍ഹമായതുകൊണ്ട് മാത്രം ആളുകളുടെ മുതലുകള്‍ സുരക്ഷിതമാകുന്നില്ല. ഉടമകള്‍ അവരുടെ മുതലുകള്‍ ഭദ്രമായി സൂക്ഷിക്കുകയും വേണം. പിടിച്ചു പറിക്കാനും അത് കൈക്കലാക്കാനും മനഃപൂര്‍വമല്ലെങ്കിലും മോഷ്ടാക്കള്‍ക്ക് പ്രചോദനമുണ്ടാകുന്ന വിധത്തില്‍ സ്വത്തിന്റെ അവകാശി അവന്റെ മുതല്‍ കൈകാര്യം ചെയ്യരുത്. നബി(സ)യുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും നേരെ മദീനയിലെ കപടവിശ്വാസികളുടെ ശല്യം വര്‍ധിച്ചപ്പോഴാണ് ഈ സൂക്തം അവതരിച്ചത്. സ്ത്രീകള്‍ അന്യ പുരുഷന്മാര്‍ക്ക് മുമ്പില്‍ നഗ്നതയും ശരീരവും പുറത്ത് കാണിക്കാതിരിക്കുക എന്നത് അവര്‍ പീഡിപ്പിക്കപ്പെടാതിരിക്കാനും സുരക്ഷിതരാവാനും ആവശ്യമാണ്. മാന്യമായ വസ്ത്രധാരണം ചെയ്ത് മറയ്ക്കേണ്ട ഭാഗങ്ങള്‍ മറച്ചുവെച്ചു കൊണ്ട് മാത്രമേ അവര്‍ പുറത്തിറങ്ങാവൂ. ഇതാണ് സ്ത്രീയുടെ സംരക്ഷണത്തിന് വേഷവിധാനത്തില്‍ ഇസ്‌ലാം നല്‍കുന്ന മര്യാദ. ഇതേ വിഷയം സൂറത്തുന്നൂര്‍ 31-ാം വചനത്തിലും സത്യവിശ്വാസിനികളായ സ്ത്രീകളെ അല്ലാഹു ഉപദേശിക്കുന്നുണ്ട്.

അന്യ പുരുഷന്മാരുടെ അനാവശ്യമായ ലൈംഗിക ചോദനയുള്ള നോട്ടമാണ് ഖുര്‍ആന്‍ നിരോധിക്കുന്നത്. ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി സ്ത്രീ-പുരുഷന്മാര്‍ പരസ്പരം കാണുന്നതും നോക്കുന്നതുമൊന്നും തെറ്റല്ല. പ്രവാചകന്റെ മുന്നില്‍ വന്ന് ദീനീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന എത്രയോ സ്ത്രീ-പുരുഷന്മാരുണ്ടായിരുന്നു. ആവശ്യ സന്ദര്‍ഭങ്ങളില്‍ നബി (സ) സ്ത്രീകളുടെ സഭയില്‍ അങ്ങോട്ട് കയറിച്ചെന്ന് ഉപദേശിക്കാറുണ്ടായിരുന്നു. മസ്ജിദുന്നബവിയിലെ നമസ്‌കാരങ്ങളില്‍ പുരുഷന്മാര്‍ക്ക് പിന്നില്‍ നിന്ന് സ്ത്രീകളും നമസ്‌കരിക്കാറുണ്ടായിരുന്നു. യുദ്ധങ്ങളില്‍ വരെ സ്ത്രീകളുടെ സാന്നിധ്യമുണ്ടായിരുന്നു. പെരുന്നാള്‍ ദിവസങ്ങളില്‍ പ്രവാചക ഭവനങ്ങളില്‍ വരെ സ്ത്രീകള്‍ പാട്ടുകള്‍ പാടി ആസ്വദിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ അബൂബക്്ര്‍ (റ) അത് തടയാന്‍ ശ്രമിച്ചപ്പോള്‍ പ്രവാചകന്‍ വിലക്കുകയാണുണ്ടായത്. കല്യാണാഘോഷങ്ങളില്‍ സ്ത്രീകളുടെ ഗാനാലാപനത്തെ നബി (സ) പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. കല്യാണാഘോഷങ്ങളില്‍ ഇതിനെല്ലാം നബി (സ) ഇളവ് നൽകിയിരുന്നു.

കാമചോദനകളില്ലാതെ സ്ത്രീകള്‍ക്ക് അന്യ പുരുഷന്മാരെ നോക്കുന്നതിന് വിരോധമില്ല. ഹിജ്റ ഏഴാം നൂറ്റാണ്ടില്‍ ഒരു കൂട്ടം അബിസീനിയക്കാര്‍ മദീനയില്‍ വന്നു. അവര്‍ മസ്ജിദുന്നബവിയുടെ പൂമുഖത്ത് ഒരു കലാപരിപാടി അവതരിപ്പിച്ചു. പ്രവാചക പത്നി ആഇശ (റ) പ്രവാചകന്റെ പിന്നില്‍ നിന്നുകൊണ്ട് മതിവരുവോളം അതു കണ്ട് ആസ്വദിക്കുകയുണ്ടായി (ബുഖാരി, മുസ്‌ലിം).
സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ മാന്യമായി വസ്ത്രം ധരിച്ചിരിക്കണം. ആണുങ്ങളെ തങ്ങളുടെ മേനിയഴകിലേക്ക് ആകര്‍ഷിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളുണ്ടായിക്കൂടാ. ശിരോവസ്ത്രം മാറിടത്തിലേക്ക് താഴ്ത്തിയിടണമെന്നാണ് മേൽ സൂക്തം പറയുന്നത്.

സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കുന്നത് പ്രാകൃതമായും അധഃസ്ഥിതിയുടെ അടയാളമായും കാണുന്നവരുണ്ട്. ചില യൂറോപ്യന്‍ രാജ്യങ്ങള്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് ശിരോവസ്ത്രം നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ആധുനിക സമൂഹം സൃഷ്ടിച്ച അധമ സംസ്‌കാരമാണിത്. യഥാര്‍ഥത്തില്‍ പുരുഷന്മാര്‍ വരെ ശരീരം മുഴുവന്‍ വസ്ത്രംകൊണ്ട് അലങ്കരിക്കുന്നതാണ് ഉന്നതമായ സംസ്‌കാരം. സ്ത്രീ കേവലം ഭോഗവസ്തുവാകാതിരിക്കുകയും അവളുടെ നഗ്‌നത ആഘോഷിക്കപ്പെടാതിരിക്കുകയും ചെയ്യേണ്ടതിനു വേണ്ടിയാണ് ഇസ്‌ലാം ഈ വക നിയമങ്ങള്‍ കൊണ്ടുവന്നത്.

ഒരിക്കല്‍ ആഇശ(റ)യുടെ സഹോദരി അസ്മ (റ) നബിയുടെ സദസ്സിലേക്ക് കയറിവന്നു. നേരിയ ഒരു വസ്ത്രമണ് അവര്‍ ധരിച്ചിരുന്നത്. നബി (സ) അതു കണ്ട് മുഖം തിരിച്ചു. എന്നിട്ട് ഇപ്രകാരം പറഞ്ഞു: 'ഹേ അസ്മാ, ഒരു സ്ത്രീ അവള്‍ക്ക് പ്രായപൂര്‍ത്തി എത്തിക്കഴിഞ്ഞാല്‍ അവളുടെ ശരീരത്തില്‍നിന്ന് ഇതും ഇതുമൊഴികെ വെളിവാക്കിക്കൂടാ.' എന്നിട്ട് അദ്ദേഹം സ്വന്തം മുഖത്തേക്കും കൈപത്തിയിലേക്കും ചൂണ്ടി. ഒരു സ്ത്രീ പുറത്തേക്കിറങ്ങുമ്പോള്‍ മുന്‍കൈയും മുഖവുമൊഴിച്ച് ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍ മാന്യമായി മറച്ചുപിടിക്കണം എന്ന് പഠിപ്പിക്കുകയാണ്. നരകവാസികളായ സ്ത്രീകളെക്കുറിച്ച് ഒരിക്കല്‍ നബി (സ) ഇപ്രകാരം പറഞ്ഞു: ''ഒരുതരം സ്ത്രീകളുണ്ട്. അവര്‍ വസ്ത്രം ധരിച്ച നഗ്നകളാണ്. അവര്‍ ചാഞ്ഞും ചരിഞ്ഞും നടക്കുന്നവരാണ്. അവരുടെ തല ഒട്ടകത്തിന്റെ പൂഞ്ഞ പോലെയായിരിക്കും. അവരൊരിക്കലും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. സ്വര്‍ഗത്തിന്റെ പരിമളം പോലും അവര്‍ അനുഭവിക്കുകയില്ല.''

ഇവിടെ ഈ ദുനിയാവില്‍ ആണാവട്ടെ, പെണ്ണാവട്ടെ എങ്ങനെയും ജീവിക്കാം. തോന്നിയപോലെ വസ്ത്രം ധരിക്കാം. ഫ്രണ്ട്ഷിപ്പിന്റെ പേര് പറഞ്ഞ് ഇഷ്ടമുള്ളതു പോലെ ആരുടെ കൂടെയും അഴിഞ്ഞാടി നടക്കാം. പക്ഷേ, ജീവിതം ഇതുകൊണ്ടവസാനിക്കുന്നില്ല. പരലോകം എന്ന യഥാര്‍ഥ ലോകം വരാനിരിക്കുന്നുണ്ട്. ഇവിടെ മനുഷ്യന്‍ പരലോകത്തിലേക്കുള്ള യാത്രയില്‍ ഒരു വഴിയമ്പലത്തില്‍ ജീവിക്കുന്നവനെ പോലെയാണ്. ഈ ജീവിതത്തെക്കുറിച്ച് പരലോകത്ത് കണക്ക് പറയേണ്ടി വരും. എന്തു ധരിച്ചു, എന്തു തിന്നു, എങ്ങനെ ജീവിച്ചു എന്നതിനെല്ലാം സ്രഷ്ടാവായ നാഥന്റെ മുന്നില്‍ മറുപടി പറയേണ്ടിവരും. ഇതെപ്പോഴും ഒരു സത്യവിശ്വാസിയുടെ ഓര്‍മയിലുണ്ടായിരിക്കണം. സൂറത്ത് ആലു ഇംറാനിലെ 25-ാം വചനത്തില്‍ പറയുന്നു: ''നിശ്ചയമായും വരാനിരിക്കുന്ന വിചാരണാ നാളില്‍ നാം അവരെ ഒരുമിച്ചു കൂട്ടുകയും ആരോടും യാതൊരു അനീതിയുമില്ലാതെ ഓരോ മനുഷ്യരെ അവന്റെ കര്‍മഫലം കണക്കു തീര്‍ത്ത് കൊടുക്കുകയും ചെയ്യുമ്പോള്‍ എങ്ങനെയായിരിക്കും അവര്‍ രക്ഷപ്പെടുക?''

''സ്വഗൃഹങ്ങളിലൊതുങ്ങി വര്‍ത്തിക്കുവിന്‍. പഴയ ജാഹിലിയ്യാ കാലത്തെപ്പോലെ വെളിയില്‍ ചന്തംകാട്ടി വിലസാതിരിക്കുവിന്‍. നമസ്‌കാരം നിലനിര്‍ത്തുവിന്‍. സകാത്ത് കൊടുക്കുവിന്‍. അല്ലാഹുവിനും അവന്റെ ദൂതനും വഴിപ്പെട്ട് വാഴുവിന്‍. അല്ലാഹു ഉദ്ദേശിക്കുന്നത് നിങ്ങളില്‍നിന്ന് മാലിന്യമകറ്റാനും നിങ്ങളെ പൂര്‍ണമായി ശുദ്ധീകരിക്കാനും തന്നെയാണ്'' (അൽ അഹ്സാബ് 33) എന്ന് ഖുർആൻ പറയുന്നുണ്ട്. ന്യായമായ കാര്യങ്ങള്‍ക്ക് സ്ത്രീക്ക് പുറത്തിറങ്ങിക്കൂടാ എന്ന് ഇതിനര്‍ഥമില്ല. അതിനേറ്റവും നല്ല ഉദാഹരണമാണ് ബീവി ആഇശ(റ)യെ പറ്റി വന്നിട്ടുള്ള വിവരണങ്ങൾ. ഹജ്ജ്കാലങ്ങളില്‍ സൗര്‍ മലയുടെ അടിവാരത്തില്‍ ആഇശ (റ) തമ്പടിച്ച് താമസിക്കും. സ്ത്രീകളും കുട്ടികളും അവരുടെ മുമ്പിലിരിക്കും. പര്‍ദ നിര്‍ബന്ധമായ പുരുഷന്മാര്‍ മറയ്ക്ക് പിന്നിലിരിക്കും. ആഇശ (റ) ഇവര്‍ക്കെല്ലാം ഖുര്‍ആനും ഹദീസും പഠിപ്പിച്ചുകൊടുക്കും. ഇങ്ങനെ ആഇശ(റ)യില്‍നിന്ന് അറിവ് നേടിയ ഒരുപാട് പണ്ഡിതന്മാര്‍ അക്കാലത്തുണ്ടായിരുന്നു. യഥാര്‍ഥ മുസ്‌ലിമത്തായി ജീവിച്ചാല്‍ ഏത് മുസ്‌ലിം സ്ത്രീക്കും ദുനിയാവിലും പരലോകത്തും ഉന്നതിയിലെത്തിച്ചേരാം.

വേഷവിധാനങ്ങള്‍ പോലെ പുതിയ കാലത്ത് കാണുന്ന ഒരു ദുഷിച്ച പ്രതിഭാസമുണ്ട്; സൗന്ദര്യ വര്‍ധക വസ്തുക്കളുടെ അമിതമായ ഉപയോഗം. പ്രത്യേകിച്ചും പെണ്‍കുട്ടികളില്‍, ലിപ്സ്റ്റിക് അടക്കമുള്ള സൗന്ദര്യവസ്തുക്കളുടെ ഉപയോഗം വ്യാപകമാണ്. ഒരു കുട്ടിയെ കണ്ടാല്‍ ആരെന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ ഇവയുടെ ഉപയോഗം വര്‍ധിച്ചിരിക്കുകയാണ്. ഇതിലധികവും മാരകമായ വിഷം തന്നെയാണ്. പല തരത്തിലുള്ള രോഗത്തിനും അത് കാരണമാകും. ഒത്തിരി പണവും അതിനവര്‍ ചെലവഴിക്കുന്നുണ്ട്. പെണ്‍കുട്ടികളുടെ ബാഗില്‍ അധികവും ലിപ്സ്റ്റിക്, കണ്‍മഷി, പലതരം ക്രീമുകള്‍ മുതലായവയായിരിക്കും.

ഇസ്‌ലാമിന് ഒരു സൗന്ദര്യസങ്കല്‍പമുണ്ട്. അത് ലിപ്സ്റ്റിക്കും പൗഡറും ക്രീമുകളും ഇട്ട് അലങ്കരിച്ച് ഉണ്ടാക്കുന്നതല്ല. വിനയം, താഴ്മ, പെരുമാറ്റ മര്യാദ ഇതൊക്കെയാണ് ഒരാളുടെ വ്യക്തിത്വത്തെ ആകര്‍ഷണീയമാക്കുന്നത്. മറ്റു കാട്ടിക്കൂട്ടലുകളൊക്കെയും ആണിന്റെതായാലും പെണ്ണിന്റെതായാലും അവരുടെ വ്യക്തിത്വത്തെ കൂടുതല്‍ ഇകഴ്ത്തുകയേ ഉള്ളൂ. l