കവര്‍സ്‌റ്റോറി

അന്താരാഷ്ട്ര നിയമങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതികളും മനുഷ്യാവകാശ ലംഘനങ്ങളും ഉപരോധവും ലോക രാഷ്ട്രീയത്തിൽ എന്തെല്ലാം പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും?

ലോകം പ്രതികരിക്കുന്നു

ഗസ്സക്കെതിരെയുള്ള യുദ്ധം
അനാവശ്യം; പാശ്ചാത്യർ ഇസ്രായേലിന്റെ പക്ഷം പിടിക്കുന്നു

അവി ഷലൈം

അവി ഷലൈം

(ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയുടെ അനുബന്ധ സ്ഥാപനമായ സെയ് ന്റ് ആന്റണി കോളേജിൽ ഇന്റർനാഷ്നൽ റിലേഷൻസ് ഡിപാർട്ട്മെന്റിൽ അധ്യാപകനായിരുന്നു അവി ഷലൈം(Avi Shlaim). ഇസ്രായേലിനെയും സയണിസത്തെയും വിമർശനാത്മകമായി വിലയിരുത്തുന്ന 'നവ ജൂത ചരിത്രകാരൻമാരി'ൽ ഒരാളാണ് അദ്ദേഹം. ഇറാഖിലാണ് ജനിച്ചത്. പിന്നീട് ഇസ്രായേലിലേക്ക് കുടിയേറി. 1966- മുതൽ ഇംഗ്ലണ്ടിലാണ് താമസം. Three Worlds : Memoirs of an Arab - Jew എന്ന തന്റെ ആത്മകഥയിൽ, 1950 - 51 കാലത്ത് ഇറാഖിലെ ജൂത കേന്ദ്രങ്ങളിൽ ഉണ്ടായ സ്ഫോടനങ്ങളുടെ പിന്നിൽ ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗമായ മൊസ്സാദ് ആയിരുന്നുവെന്നും, ഇറാഖിലെ ഒരു ലക്ഷത്തി പതിനായിരം വരുന്ന ജൂതൻമാരെ പുതുതായി രൂപം കൊണ്ട ഇസ്രായേലിൽ പെട്ടെന്ന് എത്തിക്കാനുള്ള നീക്കമായിരുന്നു അതെന്നും എഴുതിയിട്ടുണ്ട്. The Politics of Partition, War and Peace in the Middle East, The Iron Wall : Israel and the Arab World തുടങ്ങിയ അദ്ദേഹത്തിന്റെ പുസ്തകങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി).

ഞാൻ ആദ്യമേ ഒരു കാര്യം ഊന്നിപ്പറയാൻ ആഗ്രഹിക്കുന്നു: കഴിഞ്ഞ ഒക്ടോബർ ഏഴിനല്ല ഈ പ്രശ്നം തുടങ്ങിയത്. ഹമാസ് എന്തിന് ഇങ്ങനെയൊരു അക്രമത്തിന് തുനിഞ്ഞു എന്ന് ജനം ചോദിക്കുന്നു. അതിന്റെ ഉത്തരം ചരിത്രത്തിൽ തെളിഞ്ഞു കാണാം. എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളും ചരിത്രത്തിൽ ഉണ്ട്. 1967-ൽ ഇസ്രായേൽ ഫലസ്ത്വീൻ ഭൂമി കൈയേറിയത് മുതൽക്കുള്ള ചരിത്രം പഠിച്ചാൽ ഇത് വ്യക്തമാകും. പശ്ചിമേഷ്യയിലെ സിംഗപ്പൂർ ആകാനുള്ള എല്ലാ അവസരവും ഗസ്സക്ക് കൊടുത്തു എന്നാണ് ഇസ്രായേൽ പറയുന്നത്. പക്ഷേ, ഒന്നും കൊടുത്തിട്ടില്ല. ഗസ്സയെ തുറന്ന ജയിലാക്കി മാറ്റുകയായിരുന്നു ഇസ്രായേൽ.

ഹമാസിന്റെ ആക്രമണം മാത്രമേ മീഡിയ ഹൈലൈറ്റ് ചെയ്യുന്നുള്ളൂ. ഞാൻ ഹമാസിന്റെ ആക്രമണത്തെയും എതിർക്കുന്നു. കാരണം, അതിൽ സിവിലിയൻമാരും അകപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇസ്രായേലിന്റെ തിരിച്ചടി യാതൊരു സന്തുലിതവും പാലിക്കാതെയാണ്; അതിക്രൂരമായാണ്. പ്രതികാരം രാഷ്ട്രീയ പ്രവർത്തനമല്ല. അത് ഒന്നിനും പരിഹാരവുമല്ല. ഇസ്രായേലിന്റേത് രാഷ്ട്ര പരിരക്ഷയുള്ള ഭീകരതയാണ്. ഇസ്രായേലിനെതിരെയുള്ള ആക്രമണത്തെക്കാൾ എത്രയോ അപകടം പിടിച്ചതാണത്.
രാഷ്ട്രീയമായി നെതന്യാഹു ഈ പ്രതിസന്ധിയെ അതിജീവിക്കുമെന്ന് തോന്നുന്നില്ല. പാശ്ചാത്യർ ഈ പ്രശ്നത്തിൽ ഇടപെട്ടപ്പോൾ അവരുടെ കാപട്യവും ഇരട്ടത്താപ്പും പുറത്തുവരികയുണ്ടായി. അത് പുറത്തുവന്ന ഒരു സന്ദർഭമായിരുന്നു 2006-ലെ തെരഞ്ഞെടുപ്പ്. സ്വതന്ത്രമായി നടന്ന തെരഞ്ഞെടുപ്പിൽ ഹമാസ് വിജയിച്ചു. പക്ഷേ, ഇസ്രായേൽ ഹമാസ് ഭരണകൂടത്തെ അംഗീകരിക്കാൻ തയാറായില്ല. അമേരിക്കയും യൂറോപ്യൻ യൂനിയനും ഇസ്രായേലിനെ പിന്തുണക്കുകയാണ് ചെയ്തത്. എന്നു മാത്രമല്ല, ഹമാസിനെ ദുർബലമാക്കാൻ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. 2007-ൽ ഇസ്രായേൽ എല്ലാ അർഥത്തിലും ഗസ്സക്ക് ഉപരോധമേർപ്പെടുത്തി. ഇത് തീർത്തും നിയമ വിരുദ്ധമായിരുന്നു. കാരണം, അത് സാധാരണ മനുഷ്യരെ കൂട്ടമായി ശിക്ഷിക്കലാണ്. ഇപ്പോൾ ഇസ്രായേൽ മധ്യ നൂറ്റാണ്ടുകളിലേതിന് സദൃശമായ ഉപരോധമാണ് കൊണ്ടുവന്നിരിക്കുന്നത്. 23 ലക്ഷം ജനങ്ങൾക്ക് വെള്ളവും ഭക്ഷണവും മരുന്നും ഇന്ധനവും തടഞ്ഞുവെച്ചിരിക്കുന്നു.

ഹമാസിനെ പാശ്ചാത്യർ ഭീകര സംഘടനയായി മുദ്രകുത്തുന്നു. ഇസ്രായേൽ തിരിച്ചു ചെയ്യുന്നതൊന്നും അവർ കാണുന്നേയില്ല. അതിനെ വിമർശിക്കുന്നുമില്ല. ഗസ്സാ നിവാസികൾക്കെതിരെയുള്ള ഈ അതിക്രമത്തിൽ അവരും പങ്കാളികളാണ്. വെടിനിർത്താൻ ആവശ്യപ്പെടുന്നതിന് പകരം ഇസ്രായേലിന്റെ കൊടും ക്രൂരതകൾക്ക് പച്ചക്കൊടി കാട്ടുകയാണ് അവർ.

അറബികളോട് ഇസ്രായേലിനുള്ള ശത്രുത മുമ്പത്തെപ്പോലെയല്ല. കഴിഞ്ഞ ഇരുപത് വർഷത്തിനുള്ളിൽ അത് ഗണ്യമായി വർധിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിൽ തീവ്ര വലതുപക്ഷം പിടിമുറുക്കുന്നത് കൊണ്ടാണിത്. ഇപ്പോഴത്തെ ഭരണകൂടത്തിൽ മത സയണിസ്റ്റ് ശക്തികളുണ്ട്. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്രമായി വംശീയത പ്രകടിപ്പിക്കുന്ന ഭരണകൂടമാണിത്. നിലവിലെ പശ്ചാത്തലത്തിൽ ഇസ്രായേലിലെ പൊതുജനം തീവ്ര വലതു പക്ഷത്തോട് കൂടുതൽ ആഭിമുഖ്യമുള്ളവരാവാൻ സാധ്യതയുണ്ട്. അത് അറബ് വിരോധം വർധിപ്പിക്കാൻ ഇടയാക്കും.

സെമിറ്റിക് വിരുദ്ധതയുടെ പേരിൽ ഇസ്രായേലിനെതിരെയുള്ള വിമർശനങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സെമിറ്റിക് വിരുദ്ധതയും സയണിസ്റ്റ് വിരുദ്ധതയും രണ്ടും രണ്ടാണ്. രണ്ടും കൂട്ടിക്കലർത്താനാണ് ശ്രമിക്കുന്നത്. ജൂതരെ ജൂതരായതു കൊണ്ട് വെറുക്കുന്നതിനെയാണ് സെമിറ്റിക് വിരുദ്ധത എന്ന് പറയുന്നത്. ഇതിന് ഇസ്രായേലുമായി ഒരു ബന്ധവുമില്ല. സയണിസ്റ്റ് വിരുദ്ധത തീർത്തും മറ്റൊന്നാണ്. സയണിസ്റ്റ് പ്രത്യയശാസ്ത്രത്തോടുള്ള എതിർപ്പും വിമർശനവുമാണത്. ഇസ്രായേൽ ഔദ്യോഗികമായി അംഗീകരിച്ച പ്രത്യയശാസ്ത്രം. ഫലസ്ത്വീനികളെ കൈകാര്യം ചെയ്യുന്നതിൽ അത് തെളിഞ്ഞു കാണാം. അധിനിവേശവും വംശീയ വിവേചന(അപ്പാർത്തീഡ്)വുമുണ്ടവിടെ; മാരകവും ബീഭത്സവുമായ ശക്തിപ്രയോഗവും - ഇപ്പോൾ ഗസ്സയിൽ കാണുന്നതു പോലെ. l

ഇസ്രായേലിലുള്ളത് വർണവെറിയൻ
ഭരണകൂടം

ഗൊരാൻ ബ്യൂറൻ

ഗൊരാൻ ബ്യൂറൻ തന്റെ പുസ്തകത്തിന്റെ
അറബി പരിഭാഷയുമായി

(സ്വീഡിഷ് എഴുത്തുകാരനാണ് ഗൊരാൻ ബ്യൂറൻ (Goran Buren). നേരത്തെ നോവലുകളാണ് എഴുതിയിരുന്നത്. പിന്നെ ചരിത്ര വിഷയങ്ങളിൽ ശ്രദ്ധ പതിപ്പിച്ചു. യു.എൻ മധ്യസ്ഥനും സ്വീഡൻകാരനുമായ കൗണ്ട് ഫോൾക്ക് ബർനഡോട്ട് ( Count Folke Bernadott) 1948 - ൽ വധിക്കപ്പെട്ടതിനെക്കുറിച്ച് 2022-ൽ അദ്ദേഹം ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിൽക്കാലത്ത് ഇസ്രായേൽ പ്രധാനമന്ത്രിമാരായിത്തീർന്ന മോശെ ദയാൻ, യിസാക് ഷമീർ എന്നിവർ നേതൃത്വം നൽകിയ സംഘങ്ങളായിരുന്നു വധത്തിന്റെ പിന്നിലെന്ന് പുസ്തകം സമർഥിക്കുന്നു. ഇതിന്റെ അറബി പരിഭാഷ പുറത്തിറങ്ങിയിട്ടുണ്ട്. പ്രശ്നത്തിൽ സ്വീഡിഷ് ജനതയുടെ പ്രതികരണത്തെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം).

തുടക്കത്തിൽ നൂറ് ശതമാനം സ്വീഡൻകാരുടെയും പിന്തുണ ഇസ്രായേലിനായിരുന്നു. 1967-ലെ യുദ്ധത്തോടെയാണ് അതിന് മാറ്റം വന്നത്. ഇപ്പോൾ ഫലസ്ത്വീനികളെ അനുകൂലിക്കുന്ന ഗ്രൂപ്പുകളും ശക്തമാണ്. പക്ഷേ, പിൽക്കാല ഭരണകൂടങ്ങൾ ഇസ്രായേലിനെ ശക്തമായി പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചു കാണുന്നത്. എന്തായാലും ഒരു കാലത്തും യൂറോപ്യൻ നിലപാട് നിഷ്പക്ഷമായിരുന്നില്ല. കാരണം, ഇന്ന് ഫലസ്ത്വീൻ എത്തിനിൽക്കുന്ന അവസ്ഥക്ക് കാരണം ഇസ്രായേലാണെന്ന് യൂറോപ്പ് അംഗീകരിക്കുന്നില്ല. പരോക്ഷമായി അമേരിക്കക്കും യൂറോപ്പിനും അതിൽ പങ്കുണ്ടെന്ന കാര്യവും അംഗീകരിക്കില്ല. ഇവരൊക്കെയാണ് അത്യന്തം നിരാശാജനകമായ ഗസ്സയിലെ സ്ഥിതിവിശേഷത്തിന് കാരണം. അത് ഉടനെയോ പിന്നീടോ പൊട്ടിത്തെറിക്കുമെന്ന് ഉറപ്പായിരുന്നു. അതിനാൽ, ഇസ്രായേൽ സൈന്യത്തിനെതിരെ ഹമാസ് നടത്തുന്നത് അവരുടെ ന്യായമായ അവകാശവും അന്താരാഷ്ട്ര നിയമങ്ങൾക്കനുസരിച്ചുള്ളതുമാണ്. എന്നാൽ, സിവിലിയൻമാരെ കൊല്ലുന്നത് എനിക്ക് അംഗീകരിക്കാനാവില്ല.

മീഡിയ പൊതുവിൽ വിഷയത്തെ സമീപിക്കുന്നതും നിഷ്പക്ഷമായല്ല. ഇസ്രായേലിലെ ജീവൻ ഫലസ്ത്വീനിലെ ജീവനെക്കാൾ വിലപ്പെട്ടതാണ് എന്ന തോന്നലാണ് അത് ഉണ്ടാക്കുന്നത്. ശക്തമായ ഇസ്രായേൽ ലോബിയിംഗും പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്നുണ്ട്. ഇസ്രായേലിനെ വിമർശിക്കുന്നതും സെമിറ്റിക് വിരുദ്ധതയിൽ പെടുമെന്ന് വരുത്തിത്തീർക്കാൻ അവർക്ക് കഴിഞ്ഞിരിക്കുന്നു. സയണിസ്റ്റ് വിരുദ്ധത ആന്റി സെമിറ്റിസത്തിൽ പെടുമെന്ന് അവർ എഴുതിച്ചേർക്കുക വരെ ചെയ്തു.
ഇസ്രായേൽ 'ആധുനിക ജനാധിപത്യ' രാഷ്ട്രം എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. അതൊരു ജനാധിപത്യ രാജ്യമാണോ എന്ന കാര്യത്തിൽ സ്വീഡനിൽ അഭിപ്രായ സർവെയൊന്നും നടന്നിട്ടില്ല. പക്ഷേ, വലിയൊരു വിഭാഗം സ്വീഡൻകാർ അതൊരു ജനാധിപത്യ രാജ്യമാണോ എന്ന കാര്യത്തിൽ സംശയമുള്ളവരാണ്. കാരണം, അധിനിവേശം നടത്തുകയും ഫലസ്ത്വീനികളെ അടിച്ചമർത്തുകയുമാണ് ഇസ്രായേൽ ചെയ്യുന്നത്. വ്യക്തിപരമായി ഞാൻ ഇസ്രായേലിനെ വർണവെറിയൻ രാഷ്ട്രമായിട്ടാണ് കരുതുന്നത്. l

വൈറ്റ് ഹൗസ് ക്ഷണം തള്ളുന്നു
രൂപി കൗർ

രൂപി കൗർ

(ഇന്ത്യൻ വംശജയായ കനേഡിയൻ കവിയാണ് രൂപി കൗർ. 'ഇൻസ്റ്റഗ്രാമിന്റെ കവി' എന്ന വിശേഷണമുണ്ടവർക്ക്. അമേരിക്കയിലെ വൈറ്റ് ഹൗസിൽ വൈസ് പ്രസിഡന്റ് കമല ഹാരിസ് സംഘടിപ്പിച്ച ദീപാവലി ആഘോഷ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചുകൊണ്ട് രൂപി കൗർ എഴുതിയ തുറന്ന കത്ത് വൈറലാവുകയുണ്ടായി. കത്തിൽനിന്നുള്ള പ്രസക്ത ഭാഗങ്ങൾ):

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങളെ പിന്തുണക്കുന്ന അമേരിക്കൻ പ്രസിഡന്റ് ബൈഡന്റെ നിലപാടിൽ പ്രതിഷേധിച്ച് ഞാൻ ഈ ക്ഷണം തള്ളുന്നു. കൂട്ട ഉന്മൂലനത്തിന് തുല്യമാണ് ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾ. എത്രയും പെട്ടെന്ന് വെടിനിർത്തണമെന്ന ആവശ്യത്തെ പോലും ബൈഡൻ നിരാകരിക്കുകയാണ്. കൂട്ടക്കൊലക്കിരയാവുന്നവരിൽ പകുതിയും കുഞ്ഞുങ്ങളാണ്.

തിൻമക്കെതിരെ നൻമ നേടിയ വിജയത്തിന്റെ ആഘോഷമാണ് ദീപാവലി. അത് അതിക്രമത്തിനെതിരെ മനുഷ്യന്റെ സ്വാതന്ത്ര്യ ബോധം നേടിയ വിജയത്തിന്റെ ഓർമ പുതുക്കലാണ്. ആയതിനാൽ, മനുഷ്യത്വത്തിനെതിരെ അതിക്രമങ്ങൾ അരങ്ങേറുമ്പോൾ ഈ ക്ഷണം സ്വീകരിക്കുന്നത് ഉചിതമല്ല. ഇസ്രായേലിന്റെ അതിക്രമങ്ങൾക്ക് സഹായം ചെയ്യുക മാത്രമല്ല, അതിന് ന്യായീകരണം ചമക്കുകയുമാണ് ബൈഡൻ ഭരണകൂടം. സിക്ക് വനിത എന്ന നിലക്ക്, തെക്കനേഷ്യൻ സമൂഹത്തോട് ബൈഡൻ ഭരണകൂടത്തെ വിചാരണ ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്. ഊൺ മേശയിലേക്ക് ക്ഷണം കിട്ടുന്നതിന്റെ പേരിൽ നമുക്ക് നിശ്ശബ്ദരായിരിക്കാൻ കഴിയില്ല. പല സുഹൃത്തുക്കളും എന്നോട് സ്വകാര്യമായി, ഗസ്സയിൽ നടക്കുന്നത് അതിഭീകരമാണെന്ന് പറയുന്നുണ്ട്. പക്ഷേ, ജീവിതം അപകടപ്പെടുത്താൻ അവർ ഉദ്ദേശിക്കുന്നില്ല. നാം ധീരത കാണിച്ചേ മതിയാവൂ. ഈ ഭരണകൂടത്തിന്റെ മുഖം മിനുക്കാൻ എന്റെ ഫോട്ടോ ഉപയോഗിക്കുന്നത് ഏതായാലും എനിക്ക് സമ്മതമല്ല. l

നാഗരികതക്ക് പുതിയ തുടക്കം,
ഉമ്മത്തിന് പുത്തനുണർവ്

ത്വാഹാ അബ്ദുർറഹ് മാൻ

ത്വാഹാ അബ്ദുർറഹ് മാൻ

(ജീവിച്ചിരിക്കുന്ന മുൻനിര ഇസ് ലാമിക ചിന്തകരിൽ ഒരാളാണ് മൊറോക്കോക്കാരനായ ത്വാഹാ അബ്ദുർറഹ് മാൻ)

'അൽ അഖ്സ്വാ പ്രളയം' പോലുള്ള സംഭവങ്ങൾ മനുഷ്യന് പുതു ജൻമം നൽകുകയാണ്. അപ്പോഴാണ് മനുഷ്യൻ പുതിയ മൂല്യങ്ങൾ കണ്ടെത്തുന്നതും തന്നെത്തന്നെ അറിയുന്നതും. ഇസ്രായേലിന്റെ ഇഛകൾക്ക് ലോകം അടിപ്പെട്ടു നിൽക്കുമ്പോൾ ഈ പുതിയ മൂല്യങ്ങളിലൂടെ മാത്രമേ ഇന്നത്തെ മനുഷ്യന് തന്റെ സ്വാതന്ത്ര്യം കണ്ടെത്താനാവൂ. അതുകൊണ്ടാണ് ഫലസ്ത്വീൻ ഉയിർപ്പ് മുസ് ലിം ഉമ്മത്തിന്റെ പുതു ചരിത്രമെഴുതുകയാണ് എന്ന് ഞാൻ പറയുന്നത്. അത് മനുഷ്യ കുലത്തിന് തന്നെ പ്രകാശത്തിന്റെ വഴി കാണിച്ചുതരികയാണ്.

പോരാട്ടവും ചെറുത്തു നിൽപ്പും എന്തോ ഭാഗിക പ്രവൃത്തിയാണെന്ന് കരുതരുത്. അതൊരു സാകല്യ പ്രവൃത്തി തന്നെയാണ്. മനുഷ്യന്റെ നിലനിൽപ്പിന്റെ ഭാഗമായിത്തന്നെ അതിനെ കാണണം. ചെറുത്തുനിൽപ്പില്ലെങ്കിൽ മനുഷ്യാസ്തിത്വത്തിന് തന്നെ അർഥമുണ്ടാവില്ല. അസ്തിത്വവും ജീവിതവുമൊക്കെ പോരാട്ടത്തിലൂടെ നേടിയെടുക്കുന്നതാണ്.

ഞാൻ യൂനിവേഴ്സിറ്റി വിദ്യാർഥിയായിരിക്കുമ്പോഴാണ് 1967-ലെ അറബ്-ഇസ്രായേൽ യുദ്ധം. അതിലെ അറബ് രാജ്യങ്ങളുടെ പരാജയം ജീവിതത്തിലുടനീളം എന്നെ വേട്ടയാടി. അത് വലിയൊരു ഷോക്ക് തന്നെയായിരുന്നു. മുഴുവൻ അറബികളെയും തോൽപ്പിച്ചു കളയുന്ന ഈ ചിന്ത ഏതാണ്? ചരിത്രത്തിലുടനീളം വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച ഒരു സമൂഹത്തിന് എങ്ങനെയാണ് ഇങ്ങനെ തോൽക്കാൻ കഴിയുന്നത്? സയണിസ്റ്റ് ധിഷണയെ തോൽപ്പിക്കുന്ന ഒരു ധിഷണ എപ്പോഴാണ് നമുക്ക് സ്വായത്തമാക്കാനാവുക? ഈ ചോദ്യങ്ങൾ ഞാൻ പേറിനടക്കുകയായിരുന്നു. അത് കാലത്തിന്റെ ചോദ്യങ്ങളാണ്, ഉമ്മത്തിന്റെ ചോദ്യങ്ങളാണ്. ഞാൻ പഠന മേഖലയായി തത്ത്വശാസ്ത്രവും ഭാഷയുമൊക്കെ തെരഞ്ഞെടുത്തത് ഈ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്താൻ കൂടിയാണ്. എവിടെയാണ് നമുക്ക് പിഴച്ചത്?

അൽ അഖ്സ്വാ പ്രളയത്തിലെ പടയാളികൾക്ക് മുമ്പിൽ സയണിസ്റ്റ് ധിഷണ അടിയറവ് പറയുന്നത് ഞാൻ കാണുന്നു. അതെന്റെ മനസ്സിന് വല്ലാത്ത ആശ്വാസം നൽകുന്നു. സമീപകാല ചരിത്രത്തിലെ ഏറ്റവും മഹത്തായ അറബ്- ഇസ് ലാമിക ധിഷണയുടെ പ്രകാശനമായി ഞാനതിനെ കാണുന്നു.

എനിക്കിപ്പോൾ വയസ്സ് എഴുപത്തിയൊമ്പത്. അവരോടൊത്ത് പോരാടാനുള്ള ചെറുപ്പം എനിക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു. ജീവിച്ചിരിക്കാൻ അർഹതയുള്ള ഒരു കാലത്തെ അവർ സമ്മാനിച്ചിരിക്കുകയാണ്. ഈ നിമിഷങ്ങളെ പ്രയോജനപ്പെടുത്താതെ വയ്യ. l

യൂറോപ്പിന്റെ അവസാനത്തെ അവസരം
ഇഗ്നേഷ്യസ് ഗുത്റേസ് പിനെറ്റ

ഇഗ്നേഷ്യസ് ഗുത്റേസ് പിനെറ്റ

(സ്‌പെയ്നിലെ മാഡ്രിഡ് ഓട്ടോണമസ് യൂനിവേഴ്സിറ്റിയിൽ അറബി ഭാഷയും ആധുനിക ഇസ് ലാമിക ചരിത്രവും പഠിപ്പിക്കുന്ന അധ്യാപകനാണ് പിനെറ്റ).

ഗസ്സ പ്രശ്നത്തിൽ സ്പെയ്നിലെ കൂട്ടുകക്ഷി മന്ത്രിസഭയിൽ ഭിന്നാഭിപ്രായമുണ്ട്. ഇടതു ചേരി അതിനെ യുദ്ധക്കുറ്റമായാണ് കാണുന്നത്. ഭൂരിപക്ഷം വരുന്ന സോഷ്യലിസ്റ്റുകൾ ഒരു പക്ഷവും ചേരാത്ത വിധത്തിലാണ് പ്രസ്താവനയിറക്കുന്നതെങ്കിലും അവരുടെ അനുഭാവം ഫലസ്ത്വീനികളോടാണ്. കടുത്ത ഇസ്രായേൽ പക്ഷ നിലപാട് സ്വീകരിച്ചുവന്നിരുന്ന പല യൂറോപ്യൻ ഭരണകൂടങ്ങൾക്കും നിലപാട് മാറ്റേണ്ടിവന്നു. സാധാരണക്കാരായ ഫലസ്ത്വീനികളോട് കാണിക്കുന്ന ക്രൂരതകളാണ് അതിന് നിമിത്തമായത്.

ഫലസ്ത്വീൻ വിഷയം സ്പാനിഷ് സമൂഹത്തിൽ വിപുലമായി ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. അതിന്റെ പല തലങ്ങളിലേക്ക് ചർച്ച വികസിക്കുന്നുണ്ടെങ്കിലും, അറബ് ലോകത്ത് സംഭവിച്ചതു പോലെ അതിന് പ്രാമുഖ്യം ലഭിക്കാത്ത സ്ഥിതിവിശേഷമുണ്ടായിരുന്നു. ഗസ്സയിലെ നിലവിലെ സംഭവ വികാസങ്ങൾ യൂറോപ്യർക്ക് വലിയ ആഘാതമാണുണ്ടാക്കിയത്. പ്രശ്നം ഇത്രത്തോളം വഷളാകാനുള്ള ചരിത്രപരവും മറ്റുമായ കാരണങ്ങൾ അവർ അന്വേഷിച്ചു തുടങ്ങിയിരിക്കുന്നു. അതേസമയം, ജനാധിപത്യം പുലരുന്ന 'സിവിലൈസ്ഡ്' ഇസ്രായേലിനെ നശിപ്പിക്കാൻ ശ്രമിക്കുന്ന 'പ്രാകൃത' ഹമാസ് എന്ന നരേറ്റീവ് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. മാത്രമല്ല, ഇസ്രായേലിന് ഒരു യൂറോപ്യൻ രാഷ്ട്രം എന്ന പരിഗണനയും ലഭിച്ചുപോരുന്നുണ്ട്. യൂറോപ്യൻ സംഗീത പരിപാടികൾക്ക് ഇസ്രായേലിന് ക്ഷണമുണ്ടാകാറുണ്ട്. തുർക്കിയയുടെ ഒരു ഭാഗം യൂറോപ്പിൽ പെട്ടതാണെങ്കിലും ഈ പരിഗണന അവർക്ക് കിട്ടാറില്ല. ഇസ്രായേൽ യൂറോപ്പിന്റെ തന്നെ ഭാഗം എന്ന തോന്നലാണ് അതിന് അനുകൂലമായ വികാരം അവിടെ രൂപപ്പെടാൻ കാരണം.

നൂറ് വർഷത്തോളമായി തുടരുന്ന ഈ പ്രശ്നത്തിൽ യൂറോപ്പിന് എന്ത് ചെയ്യാൻ കഴിയുമെന്ന ചോദ്യം പ്രസക്തമാണ്. സത്യം പറയാമല്ലോ, അതിന്റെ റോൾ ദിവസം ചെല്ലുംതോറും ദുർബലമായി വരികയാണ്. യൂറോപ്പിന്റെ വിശ്വാസ്യത വളരെ താഴോട്ട് പോയിരിക്കുന്നു. സമാധാനത്തിന് എന്ന പേരിൽ യൂറോപ്പ് നടത്തുന്ന പ്രസ്താവനകളെ മിക്കയാളുകളും മുഖവിലക്കെടുക്കുന്നില്ല. അവരിൽ വിശ്വാസമർപ്പിക്കുന്നുമില്ല. ഗസ്സ പ്രശ്നത്തിൽ ആർജവമുള്ള നിലപാട് സ്വീകരിക്കാൻ യൂറോപ്പ് സന്നദ്ധമായാൽ, ഇതവരുടെ നഷ്ടപ്പെട്ട പ്രതിഛായ തിരിച്ചുപിടിക്കാൻ ഒന്നാന്തരം അവസരമാണ്. ഇനി, മുമ്പത്തെപ്പോലെ ഇസ്രായേലിന്റെ അന്താരാഷ്ട്ര നിയമ ലംഘനങ്ങളെ കണ്ണുമടച്ച് പിന്താങ്ങാനാണ് ഭാവമെങ്കിൽ ശവപ്പെട്ടിയിൽ അവസാന ആണിയും വീണുകഴിഞ്ഞു എന്ന് കരുതിയാൽ മതി. l