കുറിപ്പ്

സൃഷ്ടികര്‍ത്താവിന്റെ നിയമസംഹിതകള്‍ ജനകോടികളിലേക്ക് എത്തിച്ചുകൊടുക്കാനായി ദൈവം തമ്പുരാന്‍ ഭൂമിയിലേക്ക് നിയോഗിച്ചിരുന്ന വിശുദ്ധ വ്യക്തികളാണ് പ്രവാചകന്മാര്‍. അവരിലെ അവസാനത്തെ പ്രവാചകനും കാരുണ്യത്തിന്റെ കേദാരവുമായിരുന്നു മുഹമ്മദ് നബി. എല്ലാം തികഞ്ഞ മനുഷ്യനായിരുന്നു അദ്ദേഹം. തന്റെ അനുയായികള്‍ നിരവധി രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ, ആ മനുഷ്യ സ്‌നേഹി രോഗങ്ങള്‍ മാറ്റാനും ആരോഗ്യം നിലനിര്‍ത്താനും ഏറെ ഉപകരിക്കുന്നതും ചെലവു കുറഞ്ഞതുമായ ഒട്ടേറെ നിര്‍ദേശങ്ങൾ അനുയായികള്‍ക്ക് നല്‍കുകയുണ്ടായി. പ്രവാചകന്റെ ഉപദേശങ്ങള്‍ ജീവിതത്തിൽ പ്രാവർത്തികമാക്കി അവർ രോഗമുക്തി നേടുകയും ചെയ്തിരുന്നു.
പലവിധ രോഗങ്ങളുടെയും പിടിയിലമർന്നിരിക്കുന്നു വര്‍ത്തമാന കാലം. ഒരു പൈസ ചെലവില്ലാത്തതും ഏറെ ഉപകരിക്കുന്നതുമാണ് അന്ത്യപ്രവാചകന്റെ ആരോഗ്യ ചികിത്സാവിധികള്‍ എന്ന് നാം മനസ്സിലാക്കണം. രോഗങ്ങള്‍ കൂടുതലും ഉണ്ടാകുന്നത് ഭക്ഷണത്തിലൂടെയാണ്. കൊഴുപ്പ് കൂടിയതും കൃത്രിമത്വം നിറഞ്ഞതുമായ ഭക്ഷണസാധനങ്ങള്‍ കഴിച്ചാല്‍ അത് കുടലുകളില്‍ കെട്ടിക്കിടക്കും. അവ ദഹിപ്പിക്കാൻ കുടല്‍ നന്നേ പാടുപെടും. ചിലപ്പോള്‍ ദഹിപ്പിക്കാന്‍ കുടലിന് കഴിയാതെ വരും. ദഹനം പൂര്‍ത്തിയാവുന്നതോടെ ഭക്ഷണത്തിലെ വിഷാംശങ്ങള്‍ രക്തത്തില്‍ കലരുകയും അയാൾ രോഗിയായി മാറുകയും ചെയ്യുന്നു. രക്തക്കുഴലുകളിലൂടെ ഒഴുകുന്ന രക്തം അതിന്റെ പാര്‍ശ്വഭിത്തികളില്‍ ചെലുത്തുന്ന സമ്മര്‍ദം മൂലം രക്തസമ്മര്‍ദം ഉണ്ടാകുന്നു. വഴിവിട്ടുള്ള ഭക്ഷണ ക്രമമാണ് അതിന് കാരണം.

കൊഴുപ്പിലൂടെ ഉണ്ടാകുന്ന രോഗങ്ങള്‍ മാറ്റാന്‍ മരുന്നുകള്‍കൊണ്ട് പലപ്പോഴും കഴിയാതെ വരുന്നു. ഇത് പരിഹരിക്കാനായി, കൊഴുപ്പ് നിറഞ്ഞ ആഹാരസാധനങ്ങള്‍ പരമാവധി കുറക്കുകയോ ഒഴിവാക്കുകയോ ചെയ്താല്‍ രോഗങ്ങള്‍ ഒരു പരിധിവരെ മാറ്റാനാകുമെന്ന് പ്രവാചകൻ കണ്ടിരുന്നു. അത് വൈദ്യശാസ്ത്രവും ഇന്ന് ശരിവെച്ചിട്ടുണ്ട്. രക്തത്തിലെ ഉയര്‍ന്ന നിലയിലുള്ള കൊളസ്‌ട്രോള്‍ കുറക്കാനും വിളര്‍ച്ച തടയാനും ആസ്തമക്ക് ശമനം ഉണ്ടാക്കാനും വന്‍കുടലില്‍ ഉണ്ടാകുന്ന വ്രണങ്ങള്‍ കരിക്കാനും ഏറെ ഉപകരിക്കുന്നതാണ് വെളുത്തുള്ളി. ഏറെ ഔഷധ ഗുണങ്ങളുള്ള തേന്‍ പോലുള്ളവ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തണമെന്നും തിരുമേനി പറഞ്ഞിട്ടുണ്ട്. ആന്തരികാവയവങ്ങളെ ശുദ്ധീകരിക്കുമെന്നതിനാൽ ശുദ്ധജലം ധാരാളമായി കുടിക്കാന്‍ അദ്ദേഹം അനുയായികളെ ഉണർത്തിയിരുന്നു. വെള്ളം കുടിക്കുമ്പോള്‍ ഇരുന്നു വേണം കുടിക്കാനെന്നും, അല്‍പാല്‍പമായും സാവധാനത്തോടു കൂടിയും മാത്രമേ വെള്ളം കുടിക്കാവൂ എന്നും ഈശ്വരസ്മരണ വെള്ളം കുടിക്കുമ്പോള്‍ വേണമെന്നും പറഞ്ഞിരുന്നു. അപ്പോള്‍ ശരീരത്തിനുള്ളില്‍ മടങ്ങിക്കിടക്കുന്ന കുഴുലകളിലൂടെ സാവധാനം വെള്ളം ഒഴുകിയെത്തും.

ഇരുന്നുകൊണ്ട് അല്‍പം വെള്ളം കുടിക്കുകയാണ് നബിയുടെ പതിവ്. ആ വെള്ളം ഇറങ്ങിയതിനുശേഷവും ശ്വാസോഛ്വാസം ചെയ്തതിനുശേഷവും മാത്രമേ ബാക്കി വെള്ളം കുടിച്ചിരുന്നുള്ളൂ. വിശക്കുമ്പോള്‍ വെള്ളം കുടിക്കണമെന്നും അപ്പോള്‍ കൊഴുപ്പ് ശരീരത്തില്‍നിന്ന് അലിഞ്ഞുപോകുമെന്നും അതിലൂടെ ശരീരത്തിന്റെ അമിത ഭാരം കുറഞ്ഞ് മനസ്സ് ശാന്തമാകുമെന്നും ശരീരത്തിന് തിളക്കം ഉണ്ടാകുമെന്നും യുവത്വം നിലനില്‍ക്കുമെന്നും മാനവികതയുടെ മാര്‍ഗദര്‍ശകനായ തിരുമേനി മനസ്സിലാക്കിയിരുന്നു. വെള്ളം കുടിച്ചുകൊണ്ടിരുന്നാൽ ത്വക്കില്‍ ജലാംശം ഉണ്ടാകും. ത്വക്ക് ചുളിയില്ല, ത്വക്കിന് വരള്‍ച്ച ഉണ്ടാകില്ല.

ശരീരം തണുപ്പിക്കാനും വിഷാദ രോഗങ്ങള്‍, മലബന്ധം, പ്രമേഹം എന്നിവ മാറ്റാനും ജലത്തിന്റെ ഉപയോഗം മൂലം കഴിയും.
ദിവസവും അഞ്ച് നേരം മൂന്ന് പ്രാവശ്യം വീതം ചില പ്രധാന ശരീരാവയവങ്ങള്‍ കഴുകുന്നത് ആരോഗ്യത്തിനും ഈശ്വരന്റെ തൃപ്തി സമ്പാദിക്കാനും കണ്ണിന് കൂടുതല്‍ കാഴ്ച ഉണ്ടാകാനും ഉപകരിക്കുമെന്നും സര്‍വ ലോകത്തിനും അനുഗ്രഹമായ നബി മനസ്സിലാക്കിയിരുന്നു. പൊടിപടലങ്ങള്‍ മൂക്കിനുള്ളില്‍ കയറിയാല്‍ അത് കടന്നുപോകുന്നത് ശ്വാസനാളിയിലേക്കാണ്. ഇത് ഭാവിയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകും. അവയവങ്ങൾ വൃത്തിയാക്കുന്നതോടൊപ്പം ദിവസവും 5 നേരം മൂക്കിന്റെ ഉള്‍ഭാഗം കൂടി വൃത്തിയാക്കുന്നതും മൂക്കിനുള്ളില്‍ വെള്ളം കയറ്റിച്ചീറ്റുന്നതും ശ്വാസകോശ സംബന്ധമായ പല അസുഖങ്ങളും വരാതെ നോക്കാൻ ഉപകരിക്കും.

മനുഷ്യ ശരീരത്തിലെ ഒരു മര്‍മ സ്ഥാനമാണ് മുഖം. അതു കൂടക്കൂടെ വെള്ളംകൊണ്ട് കഴുകണം. കഴുകുന്നതോടെ മുഖം നല്ലതുപോലെ തണുക്കും, പലവിധ അസുഖങ്ങള്‍ക്കും കുറവുവരും. ബോധക്ഷയം വരുമ്പോള്‍ വെള്ളം തളിക്കുന്നതും അതുകൊണ്ടാണ്. രണ്ടു കാലുകളും ദിവസവും 5 നേരം വൃത്തിയാക്കി കഴുകാന്‍ തിരുമേനി പറഞ്ഞിട്ടുണ്ടല്ലോ. വൃത്തികെട്ട സ്ഥലങ്ങളില്‍ കൂടി നമുക്ക് സഞ്ചരിക്കേണ്ടിവരും. ഇതുമൂലം കാലിലും വിരലുകള്‍ക്കിടയിലും നഖത്തിന് താഴെയും നിരവധി രോഗാണുക്കള്‍ പറ്റിപ്പിടിച്ചിരിക്കാനിടയുണ്ട്.

ആഹാരം കുറേശ്ശെ കുറേശ്ശെയായേ കഴിക്കാവൂ എന്നും ചവച്ചരച്ച് വേണം കഴിക്കേണ്ടതെന്നും ഇടവേളകളില്‍ ഒന്നും കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പറഞ്ഞിട്ടുണ്ട്. ഭക്ഷണം കഴിക്കുമ്പോള്‍ ഇരുന്നു വേണം കഴിക്കേണ്ടതെന്നും നടന്നും നിന്നും ഭക്ഷണം കഴിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. വയർ നിറച്ച് ആഹാരം കഴിക്കരുതെന്നാണ് മറ്റൊരു നിർദേശം. വയറിനെ മൂന്നായി തിരിച്ച് അതില്‍ ഒരു ഭാഗം ഭക്ഷണത്തിനും ഒരു ഭാഗം വെള്ളത്തിനും ഒരു ഭാഗം ശ്വാസോഛ്വാസത്തിനുമായി നീക്കിവെക്കണം. അത് ദഹനത്തിന് നല്ലതാണ്.

പ്രപഞ്ചത്തിന്റെ പരമ രഹസ്യം ശാസ്ത്രീയമായി അന്വേഷിച്ചിരുന്നവരാണ് ഋഷിമാര്‍. ഒരു നേരം ഭക്ഷണം കഴിക്കുന്നവരെ മഹാ യോഗി എന്നും രണ്ട് നേരം ഭക്ഷണം കഴിക്കുന്നവരെ മഹാ ഭോഗി എന്നും മൂന്ന് നേരം ഭക്ഷണം കഴിക്കുന്നവരെ മഹാ ദ്രോഹി എന്നും അവര്‍ വിളിച്ചിരുന്നു.

കുറച്ച് ഭക്ഷിക്കുക, കൂടുതല്‍ ജീവിക്കുക - അതായിരുന്നു നബിയുടെ സമീപനം. മാനവരാശിക്ക് ഏറെ ഉപകരിക്കുന്നതും ഏതൊരാളുടെയും ആരോഗ്യം നിലനിര്‍ത്താനായി ഉപകരിക്കുന്നതുമായ നിരവധി ഉപദേശങ്ങളും നിര്‍ദേശങ്ങളും അദ്ദേഹത്തിന്റെ അധ്യാപനങ്ങളിൽ കണ്ടെത്താനാവും. l