ചിന്താവിഷയം

ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ കുതിച്ചുചാട്ടം നടത്തി നാം വന്‍ പുരോഗതി നേടിയിരിക്കുന്നു. എന്നാല്‍, ധാരാളമാളുകള്‍ മനഃസമാധാനം ലഭിക്കാത്തതു മൂലം ഇന്നും വ ിഷമിക്കുകയാണ്. ശാന്തിക്കായി പരക്കം പായുന്നു. ആരെ കണ്ടാല്‍ ശാന്തി ലഭിക്കും എന്ന് കരുതി വിദഗ്ധ ഡോക്ടര്‍മാരുടെയും എന്തിനേറെ, ജ്യോത്സ്യന്മാരുടെയും മുന്നില്‍ നിത്യവും കയറിയിറങ്ങുന്നു. ശാന്തിക്കായി എവിടെ പോകണം, ആരെ കാണണം, എന്താണ് പ്രതിവിധി എന്നറിയാനായി വിഷമിക്കുകയാണ്. നിരവധി ചിന്തകളാല്‍ ഉറക്കം പോലും നഷ്ടപ്പെടുത്തി ജീവിതം വെറുതെ ഹോമിക്കപ്പെടുന്നു. ഉറച്ച ഈശ്വര വിശ്വാസം ഇല്ലാത്തതാണ് ഇത്രയേറെ പ്രതിസന്ധികള്‍ക്ക് കാരണം. നല്ല മനുഷ്യനാകണമെങ്കില്‍ സല്‍ക്കര്‍മങ്ങള്‍, സല്‍പ്രവൃത്തികള്‍ ചെയ്യണം. അഗതികളെയും അനാഥരെയും സഹായിക്കാനും അവരുടെ ദുഃഖങ്ങളില്‍ പങ്കുചേരാനും ദാനം നല്‍കാനും ഈശ്വര ചിന്തകളോടെ ജീവിക്കാനും പ്രവാചകന്മാരും ഉപദേശിച്ചിട്ടുണ്ട്. ഏകനും സര്‍വശക്തനും കരുണാമയനും പ്രപഞ്ച ശില്‍പിയും ആരാധനക്കര്‍ഹനുമായ ഈശ്വരനെ മറന്ന് ജീവിക്കുന്നതാണ് ഇങ്ങനെയൊക്കെ സംഭവിക്കാന്‍ ഒരു പരിധിവരെ കാരണം.

ദൈവം ധാരാളം കഴിവുകള്‍ തന്നിട്ടുണ്ട്. അത് മനസ്സിലാക്കിത്തരാനായി കാലാകാലങ്ങളില്‍ നിരവധി പ്രവാചകന്മാരെയും നിയോഗിച്ചിട്ടുണ്ട്. അവരെല്ലാം തന്നെ മാനവരാശിയുടെ പുരോഗതിക്കു വേണ്ടിയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. അതൊക്കെ അറിയാനായി പുണ്യ ഗ്രന്ഥങ്ങളോ മഹാന്മാരുടെ ജീവിത ചര്യകളോ വായിക്കാനോ മനസ്സിലാക്കാനോ ശ്രമിക്കാറില്ല. അതിനായി സമയം കണ്ടെത്താറുമില്ല. വിശ്വാസത്തിന്റേതായ പ്രബോധനങ്ങളിലൂടെ ധാരാളം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താം.

ഈ ലോകത്തിന് ഒരു നാഥന്‍ ഉണ്ട്. ജീവന്‍ നല്‍കി, വായുവും വെള്ളവും നല്‍കി ഭൂമിയെ വാസയോഗ്യമാക്കിയ തമ്പുരാന്‍ പല പേരുകളില്‍ അറിയപ്പെടുന്നു. ജീവിതത്തിന്റെ പരമ ലക്ഷ്യം എന്താണെന്ന് പ്രവാചകന്മാര്‍ മനുഷ്യരെ അറിയിച്ചിട്ടുണ്ട്. ഇന്ദ്രിയങ്ങള്‍ക്കെല്ലാം അതീതനും സൂക്ഷ്മ ജ്ഞാനിയുമാണവൻ. പ്രപഞ്ചത്തെ മുഴുവന്‍ സൃഷ്ടിച്ച്, സംരക്ഷിച്ച്, പരിപാലിക്കുന്ന സര്‍വശക്തനും ഏകനുമാണ് ദൈവം. അരൂപിയായ ആ മഹാശക്തിയെ നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാനുമാകില്ല. ഏറ്റവും കൂടുതല്‍ അനുഗ്രഹം ചൊരിയുന്ന, എല്ലാം നിയന്ത്രിക്കുന്ന പരമകാരുണികനും കരുണാനിധിയുമായ തമ്പുരാനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് അവന്റെ വിധിവിലക്കുകള്‍ മാനിച്ചുകൊണ്ട് സല്‍ക്കര്‍മങ്ങളും സല്‍പ്രവൃത്തികളും ചെയ്താല്‍ കുറെയൊക്കെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റാന്‍ കഴിയുമെന്ന് മഹാത്മാക്കള്‍ പറഞ്ഞിട്ടുണ്ട്.

ജീവിതത്തില്‍ ദുരന്തങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കടന്നുവരാം. എന്നാല്‍, അത് മനസ്സിലാക്കാതെ എങ്ങനെയും ധനം നേടണം എന്ന ചിന്തയിലാണ് ചിലര്‍. അതിനു വേണ്ടി സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പെടെയുള്ള എന്തും നടത്താന്‍ അവര്‍ക്ക് മടിയില്ല. പലര്‍ക്കും സ്വന്തം വീട്, സമ്പത്ത്, കുഞ്ഞുങ്ങള്‍ എന്ന ചിന്തയേ ഉള്ളൂ. സമൂഹത്തോടോ ജന്മം നല്‍കിയ മാതാപിതാക്കളോടോ സഹോദരങ്ങളോടോ സ്‌നേഹമോ ബഹുമാനമോ അവര്‍ കാണിക്കാറില്ല. അടുത്തിടെയുണ്ടായ പ്രകൃതി ദുരന്തങ്ങളും പകര്‍ച്ച വ്യാധികളും കാരണം എത്രയോ പേര്‍ മരണപ്പെട്ടു. കൂറ്റന്‍ കെട്ടിടങ്ങളും ഗോപുരങ്ങളും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുന്നതും നാം കണ്ടിട്ടുണ്ട്. എന്നിട്ടും മനസ്സിന് യാതൊരു മാറ്റവും വരുന്നില്ല. ജീവിതത്തിന് മാധുര്യവും പൂര്‍ണതയും കൈവരണമെങ്കില്‍ പ്രയത്‌നത്തോടൊപ്പം ഈശ്വരകൃപയും ഉണ്ടാകണം എന്ന സത്യം നാം ഇനിയെങ്കിലും മനസ്സിലാക്കണം. അഹങ്കാരംകൊണ്ട് മനുഷ്യന്‍ അന്ധനാകുന്നു. അതോടെ ധർമ ബോധവും നഷ്ടപ്പെടുന്നു. എന്തിനേറെ, പ്രകൃതിയെ പോലും അമിതമായി ചൂഷണം ചെയ്യുകയാണ്. അതിന്റെയൊക്കെ ഫലമായി പ്രകൃതിയുടെ താളലയങ്ങള്‍ തന്നെ നഷ്ടപ്പെടുന്നു. അതിന്റെ ലക്ഷണങ്ങളാണ് ദുരന്തങ്ങളായി കണ്ടുവരുന്നത്.

നമ്മുടെ ജീവിതം പരിശോധിച്ചാല്‍ അടുത്ത നിമിഷം നമുക്കുള്ളതാണോ? മരണം ഏതു നിമിഷവും സംഭവിക്കാമെന്ന ബോധം ഉണ്ടാകണം. അടുത്ത ശ്വാസം പോലും നമ്മുടെ കൈകളിലല്ല. ഈ നിമിഷം മാത്രമാണ് നമുക്കുള്ളത്. എത്ര നാള്‍ ജീവിച്ചു എന്നതിലല്ല മഹത്വം. ജീവിച്ചിരുന്നപ്പോള്‍ സമൂഹത്തിന് വേണ്ടി, കുടുംബാംഗങ്ങള്‍ക്കു വേണ്ടി എന്തു ചെയ്തു എന്നതാണ് പ്രധാനം. ഇനിയുള്ള പരിമിതിമായ സമയത്തിനുള്ളില്‍ ഈശ്വര സ്മരണ നിലനിര്‍ത്തി നല്ല മനുഷ്യനാകാന്‍ സഹായിക്കുന്ന സല്‍ക്കര്‍മങ്ങള്‍ ചെയ്യാം. അഗതികളെയും അശരണരെയും സഹായിക്കാം. ഈശ്വരാനുഗ്രഹത്തിനു വേണ്ടി പരിശ്രമിക്കണം. സര്‍വ ശക്തനും കരുണാമയനും ആരാധനക്കര്‍ഹനും ഏകനുമായ ഈശ്വരനെ സ്മരിക്കാന്‍ നാം സമയം കണ്ടെത്തണം. ഈശ്വരനാണ് ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും നിലനിര്‍ത്തുന്നത്. അവന്‍ അറിയാതെ ഒരില പോലും ചലിക്കുന്നില്ല. അത് മനസ്സിലാക്കി സമയം ലഭിക്കുമ്പോഴെല്ലാം ഏറ്റവും കൂടുതല്‍ അനുഗ്രഹം ചൊരിയുന്ന തമ്പുരാനോട് പ്രാര്‍ഥിക്കുന്നതും, മാതാപിതാക്കളെയും സഹോദരങ്ങളെയും ഈ സമൂഹത്തെയും സ്‌നേഹിക്കുന്നതും അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നതും ജീവിത വിജയത്തിന് ഏറെ ഉപകരിക്കും. വാക്കുകള്‍കൊണ്ടോ പ്രകൃത്യാലുള്ള സ്വഭാവംകൊണ്ടോ എന്തു സല്‍ക്കർമങ്ങള്‍ ചെയ്തുവോ അതെല്ലാം പരമകാരുണികനായ തമ്പുരാന്റെ തിരുമുന്നില്‍ സമര്‍പ്പിച്ചു പ്രാര്‍ഥിക്കാം. ഇത്രയും കാലം പരിപാവനത്വം നിറഞ്ഞുനില്‍ക്കുന്ന ഈ പുണ്യഭൂമിയില്‍ പിറക്കാനും വളരാനും ഈ നിലയിലെത്താനും അവസരം നല്‍കിയത് ഈശ്വരനാണ്. എല്ലാ ദോഷങ്ങളും പൊറുത്തുതരുന്ന, ഇഹലോകത്തും പരലോകത്തും നന്മ പ്രദാനം ചെയ്യുന്ന, നരകശിക്ഷയില്‍നിന്ന് കാത്തുസൂക്ഷിക്കുന്ന ഈശ്വരന്റെ അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ഥിക്കാം. l