കേരളത്തിലെ മുസ് ലിം സംഘടനകളിൽനിന്ന് മുറുമുറുപ്പുകൾ വീണ്ടും കേട്ടുതുടങ്ങിയിരിക്കുന്നു. എൻ.ആർ.സി, സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളിലും വഖ്ഫ് വിഷയത്തിലുമൊക്കെ എല്ലാ വൈരവും മറന്ന് കൂടിയിരുന്നപ്പോൾ ആശ്വാസം കൊണ്ടത് ഇവിടുത്തെ സാധാരണക്കാരായിരുന്നു. ഒരു ഇടവേളക്ക് ശേഷം കലഹങ്ങൾ തിരിച്ചുവന്ന പ്രതീതിയാണുള്ളത്. ഞാൻ, എന്റെ സംഘടന, അതിൽ തന്നെ എന്റെ ആൾക്കാർ എന്നതിലേക്ക് നേതൃത്വങ്ങൾ ചുരുങ്ങുമ്പോൾ എന്ത് പ്രതീക്ഷയാണ് പിന്നെ ബാക്കിയാവുക? ഉലമ-ഉമറ തർക്കത്തിന് പുറമെ, യഥാർഥ പാരമ്പര്യം ആർക്കാണ് എന്ന തർക്കവും നടക്കുന്നു.
പ്രതിസന്ധികളും പ്രതിബന്ധങ്ങളും ഒരുപാട് തരണം ചെയ്യാനുണ്ടായിരിക്കെ ഇനിയും പഴിചാരിയും കുത്തുവാക്കുകൾ പറഞ്ഞും സമയം കളയാനാണ് ഭാവമെങ്കിൽ മുസ് ലിം സംഘടനാ നേതൃത്വങ്ങൾ ഈ ഉമ്മത്തിന്റെ മുന്നിൽ കൂടുതൽ പരിഹാസ്യരാവുകയേ ഉള്ളൂ.
വിയോജിപ്പുകൾക്കിടയിലും യോജിപ്പുകളുടെ ഇടങ്ങൾ കണ്ടെത്തി പരസ്പരം ചേർന്നിരിക്കുമ്പോഴേ ഇഴപിരിയാത്ത കരുത്തുറ്റ സമൂഹമാകാൻ ഈ ഉമ്മത്തിനാകൂ. അതിനാകട്ടെ ഉലാമാക്കളുടേയും ഉമറാക്കളുടേയും പരിശ്രമങ്ങൾ.
കെ.എം ശാഹിദ് അസ്‌ലം 9995945781
പ്രസക്തമായ വിഷയം
പ്രബോധനം വാരികയിൽ പി.കെ ജമാൽ എഴുതിയ 'ഫത് വയുടെ രീതിശാസ്ത്രം' വായിച്ചു, നല്ല ലേഖനം. സംഘടനാ ഭേദങ്ങളില്ലാതെ നമ്മുടെ നടപ്പുകാല മുഫ്തിമാർക്ക് ശീലമില്ലാത്ത, അവരുടെ പരിഗണനയിൽ വരാത്ത തികച്ചും പ്രസക്തമായ വിഷയം ഹൃദ്യമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്നു. ശൈഖ് മുഹമ്മദുൽ ഗസാലിയുടെ ലേഖനം വായിച്ചതു പോലുള്ള കുളിർമയും ഹൃദ്യതയും!
വിഷയാവതരണത്തിലും പ്രതിപാദ്യത്തിലും അനുബന്ധമായി ഖുർആൻ ചേർത്ത് പറയാറുള്ള പ്രയോഗങ്ങളും അവയുടെ സാന്ദർഭികമായ വ്യത്യസ്തതകളും ശൈഖ് ഗസാലിയുടെ ഇഷ്ട വിഷയങ്ങളായിരുന്നല്ലോ.
ശൈഖ് ഗസാലിയുടെ 'تفسير موضوعي للقرآن الكريم' എന്ന ഗ്രന്ഥത്തിലെ സൂറത്തുന്നിസാഇന്റെ തഫ്സീർ വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് പി.കെ ജമാലിന്റെ ലേഖനം ഉൾക്കൊള്ളുന്ന പ്രബോധനം കൈയിൽ കിട്ടിയത്. ഗസാലി തന്റെ ഗ്രന്ഥത്തിൽ പറഞ്ഞു വെക്കുന്ന കാര്യങ്ങളുടെ ചെറു വിവരണം പോലെ തോന്നി ഈ ലേഖനം. ഏറെ സന്തോഷം, അഭിനന്ദനങ്ങൾ!
മുഹമ്മദ് ഫൈസി എടപ്പാൾ
പ്രയാസത്തോടൊപ്പം എളുപ്പവുമുണ്ട്
ക്രിസ്മസ് ഒഴിവ് പ്രമാണിച്ചുള്ള വ്യാപാര തിരക്കിനിടയിലാണ് മകൾ ഷിഫയുടെ ഫോൺ കാൾ.
''ബാപ്പാ ഫ്രീയാണോ? എനിക്ക് കുറേ നേരം സംസാരിക്കണം.'' കാര്യമറിയാൻ മാത്രം ഫോൺ അറ്റന്റ് ചെയ്ത എനിക്ക് അപ്പോൾ അതിന് സാധ്യമായിരുന്നില്ല.
“ഫ്രീയാകുമ്പോൾ അങ്ങോട്ട് വിളിക്കാം. അപ്പോൾ വിശദമായി സംസാരിക്കാം.'' അവളുടെ വാക്കുകളിൽ ഒരു പതർച്ചയുണ്ട്.
മിക്കവാറും പഠനവുമായി ബന്ധപ്പെട്ട കാര്യത്തിനേ അവൾ ഇങ്ങോട്ട് വിളിക്കാറുള്ളൂ. അവളുടെ ആശങ്കകൾ തീരാൻ, കാര്യങ്ങളുടെ എല്ലാ വശവും വിശദമാക്കേണ്ടി വരും.
സംഗതി അതുതന്നെയായിരുന്നു. മികച്ച വിജയം മാത്രം നേടിക്കൊണ്ടിരുന്ന അവൾക്ക് ബിരുദാനന്തര ബിരുദ പഠനത്തിൽ വേണ്ടത്ര ഏകാഗ്രത കിട്ടുന്നില്ല. തോൽക്കുമെന്ന പേടി വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു. നമ്മുടെ വിദ്യാഭ്യാസ കരിക്കുലം വിദ്യാർഥികളിൽ തെല്ലൊന്നുമല്ല അസ്വസ്ഥത വിതക്കുന്നത്.
ഉന്നത ബിരുദ രംഗപോലും എത്ര അശാസ്ത്രീയമായ രീതിയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.
തിരക്കൊഴിഞ്ഞ സമയത്ത് അവളെ വീണ്ടും വിളിച്ചു. അവൾക്ക് പറയാനുള്ളത് മുഴുവനും ശ്രദ്ധാപൂർവം കേട്ടു. അവളിലെ ശബ്ദ വ്യതിയാനം എനിക്ക് വായിക്കാനാവും. നഴ്സറി കാലം മുതൽ അവൾ പുലർത്തിയ പഠന ശുഷ്കാന്തി ഓർമിപ്പിച്ചുകൊണ്ടാണ് ഞാൻ സംസാരം ആരംഭിച്ചത്. കൂടെ, ഞങ്ങൾ രണ്ടുപേർക്കും അറിയുന്ന, കുറെ വ്യക്തികളെയും ഉദാഹരിച്ചു. അതിൽ പ്രധാനമായും കടന്നുവന്നത് ഞങ്ങളുടെ സ്ഥിരം കസ്റ്റമർ ആയ ഡോക്ടർ ഡാനിഷിന്റെ അനുഭവമാണ്.
പരിചയപ്പെട്ട നാൾതൊട്ടേ നല്ല സൗഹൃദമാണ് ഡാനിഷുമായി. അച്ഛനും അമ്മയും അറിയപ്പെടുന്ന ഡോക്ടർമാരാണ്. നല്ല റാങ്കോട് കൂടി എൻട്രൻസ് കടന്നു വന്ന യുവാവ്. അഞ്ചു വർഷം കൊണ്ട് ഹൗസ് സർജൻസിയടക്കം പൂർത്തിയാക്കേണ്ട മെഡിക്കൽ കോഴ്സ് ഒമ്പത് വർഷങ്ങൾകൊണ്ടാണ് പൂർത്തിയായത്.
രണ്ട് വയസ്സ് ഇളയതായ സ്വന്തം പെങ്ങൾ പി.ജിക്ക് പഠിക്കുമ്പോൾ ഉണ്ടാകുന്ന സാമൂഹികവും കുടുംബപരവുമായ സമ്മർദം, തന്റെ താഴെയുള്ളവർ ഡോക്ടർമാരായി ഉയർന്നു പോകുമ്പോൾ സ്വാഭാവികമായി തോന്നുന്ന ജാള്യത, ഒന്ന് ഓർത്തു നോക്കൂ.
അവൾ ഒന്ന് മൂളി.
ഞാൻ ചോദിച്ചു: “ഡാനിഷിനെക്കുറിച്ച് അപമാനമാണോ അഭിമാനമാണോ മോൾക്ക് തോന്നുന്നത്?''
“അഭിമാനം.. തോറ്റുകൊടുക്കാതെ അവൻ അത് പൂർത്തിയാക്കിയില്ലേ?!” അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
“അതേ.. നീ പറഞ്ഞതാണ് കാര്യം.''
ഡോ. ഡാനിഷ് പറഞ്ഞ അവന്റെ നാൾവഴികൾ ഓരോന്നായി വിവരിച്ചു. പാഠ്യേതരമായ പല വിഷയങ്ങളും പഠിക്കുന്നതിലായി അവന്റെ ശ്രദ്ധ. യോഗ, ആയുർവേദം, നാച്ചറോപതി തുടങ്ങിയ ഭിന്ന ചികിത്സാ രീതികളെക്കുറിച്ച് നല്ല അറിവാണ്. തന്റെ പാഠ്യ വിഷയങ്ങൾ സമയത്തിന് പഠിച്ചെടുക്കാൻ സമയം തികയാതായി.
അത് ഒരിക്കലും അവനെ നിരാശയിലേക്കല്ല നയിച്ചത്. ആതുര ചികിത്സാരംഗത്ത് പുതിയൊരു രീതി കണ്ടെത്താനുള്ള ഒടുങ്ങാത്ത ആഗ്രഹം.
ചുറ്റുപാടുകൾ എന്ത് ചിന്തിക്കുമെന്നത് അവന് വിഷയമല്ല. പൊതുബോധമനുസരിച്ച്, ഡോക്ടർ ഡാനിഷ് ഒരു പരാജയമാണ്. ഡാനിഷിനാകട്ടെ തന്റെ തീരുമാനങ്ങളെ കുറിച്ച ഉറച്ച നിലപാടുണ്ട്. തികഞ്ഞ ആത്മവിശ്വാസവും..ആ ആത്മ വിശ്വാസത്തിലേക്കുള്ള പാലം, മനോബലം കുട്ടികളിൽ പകരാൻ കെൽപ്പുള്ള അധ്യാപകരോ രക്ഷിതാക്കളോ ഇല്ല എന്നതാണ് പുതിയ കാലത്തിന്റെ ഏറ്റവും വലിയ ദുരന്തം.
ഫോൺ വെക്കുന്നതിനു മുമ്പ് ഷിഫയോട് പറഞ്ഞു: “മോളേ ഖുർആനിൽ 94-ാം അധ്യായം ഒന്ന് അർഥസഹിതം വായിക്കുക. ‘അലം നശ്‌റഹ്’ എന്ന് തുടങ്ങുന്ന ചെറിയ ഒരു അധ്യായമാണത്. ജീവിതത്തിൽ അതുപോലെ ഒരു മോട്ടിവേഷൻ അധ്യായം വേറെയുണ്ടാകാൻ വഴിയില്ല..” ഷിഫ വായിക്കാമെന്ന് പറഞ്ഞു ഫോൺവെച്ചു.
അതെ.. മുഹമ്മദ് നബിയെന്ന കുരുന്നു പ്രായത്തിൽ ബാപ്പയും ഉമ്മയും ഇല്ലാതെ വളർന്ന ഒരു അനാഥൻ വിശ്വപൗരനായി ഉയർന്നതിന്റെ രഹസ്യം. അതിന് ബലമേകിയ സമാനതകളില്ലാത്ത വചനം. കാവ്യാത്മകവും ദൈവികവുമായ മൊഴിമുത്ത്.
തലമുറകൾക്ക് നെഞ്ചിലേറ്റാൻ പകരമൊരു വചനമില്ല. ‘പ്രയാസത്തോടൊപ്പം എളുപ്പവുമുണ്ട്’ (94:6). ജയത്തിലെ മാധുര്യത്തെക്കാൾ മികച്ചതാണ് പരാജയത്തിലെ അതിജീവനം നൽകുന്ന കരുത്ത്..
…ഫഇന്ന മഅൽ ഉസ് രി യുസ്റാ..
ശാഫി മൊയ്തു 94471 89898